ഉറുഗ്വേയിൽ 2024 നവംബർ 24ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വമ്പിച്ച വിജയം. ഇടതുപക്ഷവും മറ്റു പുരോഗമന‐സെൻട്രിസ്റ്റ് സംഘടനകളും ചേർന്നുള്ള വിശാലമുന്നണിയുടെ സ്ഥാനാർഥിയായ യമാന്തു ഒർസിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കരോലിന കൊസേക്കും 49.84 ശതമാനം (11,96,789 വോട്ടുകൾ) വോട്ട് ലഭിച്ചപ്പോൾ വലതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ അൽവാരോ ഡെൽഗാദോയ്‌ക്ക് ലഭിച്ചത് കേവലം 45.86 ശതമാനം (11,01,296 വോട്ടുകൾ) വോട്ടാണ്. ആകെ 2.7 ദശലക്ഷം വോട്ടർമാരുള്ളതിൽ 89 ശതമാനം പേരും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സവിശേഷ സാഹചര്യത്തിൽ, പ്രത്യേകിച്ചു ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്ന സാഹചര്യത്തിൽ ലാറ്റിനമേരിക്കയിൽ ഒരു രാജ്യംകൂടി ഇടതുപക്ഷ പാതയിലേക്ക് നീങ്ങുന്നു എന്നത് വളരെ ആശ്വാസകരവും സന്തോഷകരവുമാണ്. ഒരു രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്കു കൂടി ഒരു ഇടതുപക്ഷ‐പുരോഗമന കാഴ്‌ചപ്പാടുള്ളയാൾ വരുന്നു എന്നതിനെ അത്രമേൽ ആവേശത്തോടെയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കാണുന്നത്. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ഉടനെതന്നെ ബ്രസീൽ, ക്യൂബ, വെനസ്വേല, ഹോണ്ടുറാസ്, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാർ സാമൂഹ്യമാധ്യമങ്ങളിലടക്കം യമാന്തു ഒർസിയെ അഭിനന്ദച്ചെുകൊണ്ട് പ്രസ്താവനകളിറക്കി. ബ്രസീലിയൻ പ്രസിഡന്റ് ലുല എഴുതിയതുപോലെ ‘‘ഈ വിജയം ലാറ്റിനമേരിക്കയുടെയും കരീബിയയുടെതുമാകെ വിജയമാണ്. മെർക്കോസൂറിലും സുതാര്യവും സുസ്ഥിരവുമായ വികസനത്തെയും സമാധാനത്തെയും പ്രാദേശിക സഹകരണത്തെയും പ്രതിനിധാനം ചെയ്യുന്ന മറ്റ് ഫോറങ്ങളിലും ബ്രസീലും ഉറുഗ്വേയും ഒന്നിച്ചു പ്രവർത്തിക്കും’’.
ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിശാല മുന്നണി വലതുപക്ഷ നാഷണൽ പാർട്ടിയെ പിന്നിലാക്കി മുന്നേറ്റം കൈവരിച്ചപ്പോഴും നിരവധി രാഷ്‌ട്രീയ നിരൂപകരും മാധ്യമങ്ങൾ പറയുന്ന സോ കോൾഡ് തത്വജ്ഞാനികളും പറഞ്ഞിരുന്നത്, 2019ലെ തിരഞ്ഞെടുപ്പിലെപോലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടുമെന്നായിരുന്നു. 2019ൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നേറ്റം കുറിക്കുന്നുവെന്നു കണ്ട വലതുപക്ഷം രാജ്യത്തെ മറ്റ് പാർട്ടികളെയാകെ ഒപ്പം നിർത്തിയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പിനെ നേരിട്ടതും ജയിച്ചതും. അങ്ങനെയാണ് 2019ൽ ലുയി ലക്കാലെ പൗ അധികാരത്തിൽ വന്നത്. എന്നാൽ, ഈ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിശാലമുന്നണി സ്ഥാനാർഥിയും ചരിത്രാധ്യാപകനുമായ ഒർസി 43.9 ശതമാനം വേട്ടു നേടിയപ്പോൾ അൽമാരോ ഡെൽഗാഡോക്ക് 26.8 ശതമാനത്തിൽ ഒതുങ്ങേണ്ടിവന്നു. 2019ലെ അനുഭവമുണ്ടായിരുന്ന ഇടതുപക്ഷം രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചു. കടുത്ത നവലിബറൽ നയപരിഷ്‌കാരങ്ങൾ വലതുപക്ഷം മുന്നോട്ടുവച്ചപ്പോൾ പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതടക്കമുള്ള സാമൂഹ്യ ജനാധിപത്യ ബദൽ പരിപാടിതന്നെ ഇടതുപക്ഷം മുന്നോട്ടുവച്ചു. അതുതന്നെയാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയത്തിലേക്കു നയിച്ചതും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുറോ പറഞ്ഞതുപോലെ, ‘‘നവംബർ 24നു നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉറുഗ്വേൻ ജനതയെ ഞാൻ അഭിനന്ദിക്കുന്നു, കാരണം വന്പിച്ച വിജയത്തോടെ അധികാരത്തിൽ വരണമെന്ന് ഞങ്ങളൊക്കെ ആശിച്ചു. യമാന്തു ഒർസിയെ അവർ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പിന്തുണയുടേതുമായ പരസ്‌പരാദരവു പുലർത്തുന്ന നല്ലൊരു ബന്ധം നമുക്ക് കെട്ടിപ്പടുക്കാം. വിശാല മുന്നണിക്കും ഉറുഗ്വേയിലെ സഹോദരങ്ങൾക്കും ബൊളീവിയുടെ ആലിംഗനങ്ങൾ!’’ l