സാമ്രാജ്യത്വം അതിന്റെ സാന്പത്തിക താൽപര്യങ്ങൾക്കുവേണ്ടി ബോധപൂർവം ചേരിപ്പോരും നിരന്തര കലാപങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തിരിച്ചറിവിന്റേതായ പുതിയൊരു മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. എണ്ണമറ്റ ഗോത്രവിഭാഗങ്ങളുള്ള ആഫ്രിക്കയിൽ ഈ ഗോത്രങ്ങളെ തമ്മിലടിപ്പിച്ചും വിഭിന്ന മതങ്ങൾക്കിടയിൽ വർഗീയവികാരം ജനിപ്പിച്ചും വർണവിവേചനം പടർത്തിയും ആ ഭൂഖണ്ഡത്തിലെ മനുഷ്യരെയാകെ ചേരിതിരിച്ചുകൊണ്ട് അവിടെ ഇടപെടൽ നടത്തുന്നതിനുള്ള അവസരമുണ്ടാക്കി അതുവഴി അവിടെയാകെ ആധിപത്യം സ്ഥാപിക്കുകയാണ് സാമ്രാജ്യത്വവും കൊളോണിയലിസവും ചെയ്‌തിരുന്നത്; ആഫ്രിക്കയിലെ വൈവിധ്യം നിറഞ്ഞ അളവറ്റ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുകയാണ്, ഫലത്തിൽ കൊള്ളയടിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് 1960കളിൽ ഉയർന്ന ജനകീയമുന്നേറ്റത്തെത്തുടർന്ന് ഫ്രാൻസിന്റെ കൊളോണിയൽ ആധിപത്യത്തിൽനിന്ന് ആഫ്രിക്കക്ക് സ്വാതന്ത്ര്യം ലഭ്യമാക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ടും ഫ്രാൻസ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നും പൂർണമായി ഒഴിഞ്ഞുപോകാതിരുന്നത്. ആ സന്പത്തുതന്നെയാണ് അവസരം മുതലെടുത്ത് ആ ഘട്ടത്തിൽ തന്ത്രപൂർവം ആഫ്രിക്കയിലേക്ക് കടന്നുകയറാൻ അമേരിക്കയെ പ്രേരിപ്പിച്ചതും. ഫ്രഞ്ച് സൈന്യം ഇപ്പോഴും അവിടെ തന്പടിച്ചിരിക്കുകയാണ്. 1960കളിൽ സ്വാതന്ത്ര്യം നേടിയെന്നു വിശ്വസിച്ച ആഫ്രിക്കൻ ജനത യഥാർഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു.
അതിനുശേഷവും കോളോണിയൽ ഉടന്പടിയിലൂടെ ഫ്രാൻസ് ആഫ്രിക്കൻ കോളനികളിലെ പ്രകൃതിവിഭവങ്ങൾക്കുമേലുള്ള നിയന്ത്രണം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഔദ്യോഗികമായി സ്വാതന്ത്ര്യം നേടി എന്നു പറയപ്പെടുമ്പോഴും ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ തന്നെ രാജ്യത്തെ പശ്ചാത്തലസൗകര്യമോ വിദ്യാഭ്യാസമോ ആരോഗ്യമേഖലയോ ഒന്നുംതന്നെ വികസിപ്പിക്കാനോ ജനജീവിതം മെച്ചപ്പെടുത്താനോ ശേഷിയില്ലാത്തവയായി മാറി. അതേസമയം യുറേനിയംപോലെയുള്ള ആഫ്രിക്കയിലെ വിലപിടിച്ച, അളവറ്റ ധാതുലവണങ്ങളുടെയെല്ലാം നേട്ടം ഫ്രാൻസ് ഊറ്റുകയും ചെയ്യുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഇരുട്ടിൽ മൂടുമ്പോൾ ഈ യുറേനിയം ഫ്രാൻസിലെ ന്യൂക്ലിയർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാനുപയോഗിച്ചു.
ഇപ്പോൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ സഹേൽ മേഖലയിലുള്ള മാലി, ബുർക്കിനഫാസോ, നൈജർ എന്നീ രാജ്യങ്ങൾ പ്രതീക്ഷയുടെ പുതുവെളിച്ചം പടർത്തുകയാണ്. ഐക്യത്തിന്റേതായ ഒരു പുത്തനുണർവ് കൊണ്ടുവന്നിരിക്കുകയാണ് ഈ രാജ്യങ്ങൾ ചേർന്നു രൂപംകൊടുത്ത Alliance of Sahel States (സഹേൽ രാജ്യങ്ങളുടെ സഖ്യം). ഈ രാജ്യങ്ങളുടെ ഒന്നിച്ചുനിന്നുകൊണ്ടുള്ള പോരാട്ടത്തിന്റെ ഭാഗമായി നൂറ്റാണ്ടിലേറെക്കാലമായി അവിടെ തന്പടിച്ചിരുന്ന, ആഫ്രിക്കയിൽ കൊളോണിയൽ ആധിപത്യം സ്ഥാപിച്ച ഫ്രാൻസിനും അവരുടെ സൈന്യത്തിനും ഈ രാജ്യങ്ങൾ വിട്ട് ഓടിപ്പോകേണ്ടിവന്നു. മാത്രമല്ല, ആഫ്രിക്കയിൽ വെള്ളക്കാരുടെ വരവോടുകൂടി ഉടലെടുത്ത അതിർത്തികൾ ഇല്ലായ്‌മ ചെയ്യുന്നതിനും ഈ രാജ്യങ്ങൾ തുടക്കംകുറിച്ചു. അലയൻസ് ഓഫ് സഹേൽ സ്‌റ്റേറ്റ്‌സിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയെ അഭിസംബോധന ചെയ്‌തുകൊണ്ട് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (WAPO) ഭാരവാഹിയായ നൈജർ നേതാവ് അബൂബക്കർ അൽസാന്നെ പറയുന്നു, ‘‘വെള്ളക്കാർ വരുന്നതിനുമുന്പ് ആഫ്രിക്കയിൽ ഞങ്ങൾക്ക് അതിർത്തികളുണ്ടായിരുന്നില്ല. അതിർത്തികൾ വരച്ചത് കോളനി മേധാവികളാണ്. നമ്മൾ ഈ അതിർത്തികൾ നീക്കംചെയ്യുകയും നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനം വീണ്ടെടുക്കുകയും ചെയ്യണം’’. ആഫ്രിക്കയുടെ വിമോചനപോരാട്ടത്തിൽ ഈ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മാലി, ബുർക്കിനഫാസോ, നൈജർ എന്നീ സഹേൽ രാഷ്‌ട്രങ്ങൾ 2000ത്തിലധികം കിലോമീറ്റർ വരുന്ന അവരുടെ അതിർത്തികൾ നീക്കംചെയ്‌തത്. പാസ്‌പോർട്ടോ വിസയോ ഇല്ലാതെ നമുക്കിപ്പോൾ ഈ രാജ്യങ്ങൾക്കിടയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. തീർച്ചയായും ഇത് ആഫ്രിക്കയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള തുടക്കമാണ്. l