Wednesday, December 18, 2024

ad

Homeരാജ്യങ്ങളിലൂടെയൂറോപ്പിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

യൂറോപ്പിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

കെ സോഫിയ

യൂറോപ്പിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റുമാർക്ക്‌ നിർണായകമായ പ്രാധാന്യമുണ്ട്‌; എന്നാൽ അവർക്ക്‌ ലഭിക്കുന്ന വേതനമാകട്ടെ, തീരെ തുച്ഛമാണ്‌. യൂറോപ്പിലെ ആരോഗ്യമേഖലയിൽ പണിയെടുക്കുന്നവരിൽ ഏറ്റവും കുറഞ്ഞ വേതനമാണ്‌ ഈ വിഭാഗത്തിന്‌ ലഭിക്കുന്നത്‌.

യൂറോപ്യൻ ഫെഡറേഷൻ ഓഫ്‌ പബ്ലിക്‌ സർവീസ്‌ യൂണിയൻസ്‌ (ഇപിഎസ്‌യു) സമീപകാലത്ത്‌ തയ്യാറാക്കിയ ഒരു റിപ്പോർട്ട്‌ ആരോഗ്യമേഖലയിൽ പണിയെടുക്കുന്നവരുടെ വേതനത്തിലെ ഭീമമായ അസമത്വം വെളിപ്പെടുത്തുന്നു; നിത്യോപയോഗസാധനങ്ങളുടെ വിലകൾ കുതിച്ചുയുരുമ്പോഴും നാണയപ്പെരുപ്പത്തിനാനുപാതികമായി വേതനത്തിൽ വർധന വരുത്തുന്നില്ല. മാത്രമല്ല, കൂലിയിൽ വർധനവില്ലെങ്കിലും ജോലിഭാരം ക്രമാതീതമായി വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ഈ വിഭാഗം തൊഴിലാളികളുടെ ജീവിതാവസ്ഥ ദുരിതമയമാക്കുന്നു.

15 യൂറോപ്യൻ രാജ്യങ്ങളിൽ ഇപിഎസ്‌യു നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌ ഹെൽത്ത്‌ കെയർ അസിസ്റ്റന്റുമാരുടെ വേതനത്തിലെ ഭീമമായ അന്തരമാണ്‌‐ നാലിരട്ടി വരെ വ്യത്യാസം പല രാജ്യങ്ങൾ തമ്മിലുണ്ട്‌. ജർമനിയിൽ ഇവർക്ക്‌ മണിക്കൂറിന്‌ ശരാശരി 20 യുറോ കൂലി ലഭിക്കുമ്പോൾ റൊമാനിയയിൽ 5 യുറോയിലും കുറവാണ്‌. റൊമാനിയയിൽ വേതനത്തിന്റെ കാര്യം എല്ലാ വിഭാഗങ്ങൾക്കും പരിതാപകരമാണ്‌. ബിരുദം നേടിയ ഒരു നേഴ്‌സിന്‌ ലഭിക്കുന്ന വരുമാനം ശരാശരി യൂറോപ്യൻ നിലവാരത്തെ അപേക്ഷിച്ച്‌ 22 ശതമാനത്തിലും കുറവാണ്‌. ഇതുമൂലമാണ്‌ റോമാനിയയിൽനിന്ന്‌ ആരോഗ്യമേഖലയിലുള്ളവർ മറ്റു രാജ്യങ്ങളിലേക്ക്‌ തൊഴിൽതേടി പോകുന്നത്‌.

മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ മാത്രമല്ല, ഈ രാജ്യങ്ങളിലെല്ലാം ആരോഗ്യമേഖലയിലുള്ളവർക്ക്‌ ശരാശരി ദേശീയ വേതനത്തിലും കുറഞ്ഞ വേതനമാണ്‌ ലഭിക്കുന്നത്‌. ഇംഗ്ലണ്ട്‌, അയർലണ്ട്‌, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ ഈ വിഭാഗത്തിലുള്ളവർക്ക്‌ ദേശീയ മിനിമം വേതനമാണ്‌ നൽകുന്നത്‌. അതേസമയം ഉയർന്ന വിദ്യാഭ്യാസയോഗ്യതയും ഭാരിച്ച ഉത്തരവാദിത്വവും ഇവർക്കുണ്ട്‌. രോഗികളുടെ ശുചിത്വം, ഭക്ഷണം നൽകൽ എന്നിവയ്‌ക്ക്‌ പുറമേ നിർണായകമായ പല പരിശോധനാ റിപ്പോർട്ടുകൾ രേഖപ്പെടുത്തലും ഇവരുടെ ജോലിയിൽപെടുന്നു.

തൊഴിലാളിസംഘടനകൾ നിലവിലുള്ള രാജ്യങ്ങളിൽ താരതമ്യേന സ്ഥിതി മെച്ചമാണെന്നും സ്‌കാൻഡിനേവിയൻ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇപിഎസ്‌യു റിപ്പോർട്ട്‌ പറയുന്നു. അതുപോലെതന്നെ സ്വകാര്യമേഖലയും പൊതുമേഖലയും തമ്മിലും വേതനത്തിലും ജോലിഭാരത്തിലും വലിയ അന്തരമുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയെ സംബന്ധിച്ച്‌ ലാഭം കൂടുതൽ ലാഭമാണ്‌ ലക്ഷ്യമെന്നിരിക്കെ തൊഴിലാളികൾക്ക്‌ കൂലി കുറച്ചും അവരെക്കൊണ്ട്‌ അധികജോലി ചെയ്യിച്ചുമാണ്‌ ഇങ്ങനെ കൊള്ളലാഭമുണ്ടാക്കുന്നതെന്നും ഈ റിപ്പോർട്ട്‌ സംശയാതീതമായി വ്യക്തമാക്കുന്നു. അതായത്‌ വാണിജ്യവൽക്കരണമാണ്‌ കൂലിക്കുറവിന്റെ മൂലകാരണമെന്നും വരുന്നു. ഈ അവസ്ഥയ്‌ക്കെതിരെ യൂറോപ്പിലെങ്ങും പ്രതിഷേധവും അമർഷവും ഉയർന്നുപൊങ്ങുന്നുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 8 =

Most Popular