Tuesday, January 7, 2025

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കെ കെ വാര്യർ: തൃശ്ശൂരിൽ ചെങ്കൊടിയുയർത്തിയ ആദ്യ കമ്യൂണിസ്റ്റ്‌‐ 2

കെ കെ വാര്യർ: തൃശ്ശൂരിൽ ചെങ്കൊടിയുയർത്തിയ ആദ്യ കമ്യൂണിസ്റ്റ്‌‐ 2

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 63

തിരുവിതാംകൂറിലെ വ്യവസായനഗരമായ ആലപ്പുഴയിൽ 1922‐ൽ സംഘടിതതൊഴിലാളിപ്രസ്ഥാനം ആരംഭിച്ചതും സമരങ്ങൾ വളർത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കെത്തുന്നതിന് മുമ്പേതന്നെ 1938‐ൽ ആലപ്പുഴയിൽ നടന്ന ഐതിഹാസികമായ സമരത്തിലേക്ക് ഒരെത്തിനോട്ടം അനിവാര്യമാണ്. എന്തെന്നാൽ കെ.കെ.വാര്യർ എന്ന കീരന്റെ വിപ്ലവജീവിതത്തിലെ ഏറ്റവും ഉജ്ജ്വലവും സംഘർഷനിർഭരവുമായ അധ്യായം അതത്രെ. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം നടത്തുന്നതിന് ഗാന്ധിജിയുടെ വിലക്കുകൾ നിലനിൽക്കുന്ന കാലമാണ്. അതിനാൽ തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനം മലബാറിലേതുപോലെ പ്രകടമായി ആദ്യഘട്ടത്തിൽ സമരമുന്നണിയിലുണ്ടായില്ല. ഉത്തരവാദഭരണത്തിനുള്ള ആവശ്യമുയർത്തുന്നതിൽപോലും ഗാന്ധിജിയുടെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവിംതാകൂറിൽ സമരം ശക്തിപ്പെടുത്തിവളർത്താൻ മലബാറിൽനിന്നും പ്രവർത്തകരെ കെ.പി.സി.സി.യും സി.എസ്.പി.യും നിരന്തരം അങ്ങോട്ടേക്കയച്ചത്. എ.കെ.ജി.യുടെ നേതൃത്വത്തിൽ മലബാർ ജാഥ, എൻ.ജി.കമ്മത്തിന്റെ നേതൃത്വത്തിൽ സൗത്ത് കാനറ ജാഥ, പാണ്ഡ്യന്റെ നേതൃത്വത്തിൽ തമിഴ്നാട് ജാഥ എന്നിങ്ങനെ നിരവധി ജാഥകളാണ് തിരുവിതാംകൂറിലേക്ക് മാർച്ച് ചെയ്തത്. ഇതിൽ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ജാഥയെ സർ സി.പി.യടെ സൈന്യം ആക്രമിക്കുകയും പാണ്ഡ്യനെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു. കൊച്ചിയിൽനിന്നുള്ള ജാഥയും തിരുവിതാംകൂർകൂർ സമരത്തെ അഭിവാദ്യംചെയ്യാനായി പോയിരുന്നു. ജാഥ നയിച്ചത് കെ.കെ.വാര്യരാണ്.

ഈ സംഭവങ്ങൾ നടക്കുമ്പോഴാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ ഒരു പ്രത്യക്ഷ സമരത്തിന് തീരുമാനിക്കുന്നത്. തിരുവിതാംകൂർ രാഷ്ട്രീയത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടി കൂടുതൽ ശ്രദ്ധയൂന്നാൻ തുടങ്ങുന്ന കാലമാണല്ലോ. ലേബർ അസോസിയേഷന്റെ യോഗത്തിൽ കൃഷ്ണപിള്ള പങ്കെടുത്തിരുന്നു. സേവന‐വേതനവ്യവസ്ഥകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു പുറമെ, അഥവാ അതിലും പ്രധാനമായി പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദഭരണമടക്കമുള്ള രാഷ്ട്രീയാവശ്യങ്ങളുന്നയിച്ചാണ് സമരം. ഒക്ടോബർ 31‐ന് പണിമുടക്ക്‌ തുടങ്ങാനാണ് തീരുമാനം. സമരത്തിന് രാഷ്ട്രീയമായി നേതൃത്വം നൽകേണ്ടത് സി.എസ്.പി. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.കെ.വാര്യർ എന്ന കീരനാണെന്ന് കൃഷ്ണപിള്ള നിർദേശിച്ചു. അതനുസരിച്ച് കീരൻ സെപ്റ്റംബർ അവസാനം ആലപ്പുഴയിലെത്തി. സമരത്തിന്റെ എല്ലാ ആസൂത്രണവും കൃഷ്ണപിള്ളതന്നെ ചെയ്തിട്ടുണ്ടെന്ന് കീരന് മനസ്സിലായി. സഖാവിന്റെ നിർദേശാനുസരണം കണ്ണൂരിൽനിന്ന് വി.പി.ചിണ്ടൻ ആലപ്പുഴയിലെത്തി പ്രവർത്തനം തുടങ്ങിയിരുന്നു. സമരവോളന്റിയർമാർക്ക് കായികമടക്കമുള്ള പരിശീലനം നൽകാൻ തലശ്ശേരിയിൽനിന്ന് പത്മനാഭനും അസീസും എത്തി പ്രവൃത്തി തുടങ്ങിയിരുന്നു. ചുമതലക്കാരനായ വാര്യരാണ് വൈകിയതെന്നർഥം.

ഓരോ കയർ ഫക്ടറിയിലെയും യോഗം ആദ്യം വിളിച്ചുകൂട്ടി. ആലപ്പുഴയിലെ നേതാക്കൾക്കു പുറമെ കെ.കെ.വാര്യരും വി.പി.ചിണ്ടനുമടക്കമുള്ളവർ പങ്കെടുത്ത് രാഷ്ട്രീയ വിശദീകരണം. മൂന്നു ഘട്ടങ്ങളിലായി ഇത്തരം യോഗങ്ങൾ കഴിഞ്ഞശേഷമാണ് സമരസമിതി രൂപീകരിച്ചത്. വി.പി.പുരുഷോത്തമൻ പ്രസിഡണ്ടും സി.ഒ.മാത്യു സെക്രട്ടറിയും പി.കെ.സൈമൺ ഖജാൻജിയുമായി നൂറ്റൊന്നംഗ സമിതി. ഒക്ടോബർ 21‐ന് തന്നെ പണിമുടക്ക്‌ തുടങ്ങി. എന്നാൽ 24‐ന് പണിമുടക്കം നിരോധിക്കുകയും സമരം അടിച്ചമർത്താൻ ഉത്തരവിടുകയുമായിരുന്നു സർ സി.പി. പണിമുടക്കി പ്രകടനം നടത്തിയ തൊഴിലാളികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പട്ടാളം വെടിയുതിർത്തു. അഞ്ച് തൊഴിലാളികൾ വെടിയേറ്റ് രക്തസാക്ഷികളായി. യൂണിയൻ ഓഫീസും വോളന്റിയർ ഓഫീസും പോലീസ് തകർത്തു. കണ്ണിൽകണ്ടവരെയെല്ലാം പോലീസും പട്ടാളവും അടിച്ചോടിച്ചു. പണിമുടക്കിന്റെ ആറാം ദിവസം സമരസമിതി യോഗം ചേർന്നപ്പോൾ 101‐ൽ പത്തോ പതിനോന്നൊ പേർ മാത്രമാണ് സംബന്ധിച്ചത്. ഇനിയെന്ത് എന്ന പ്രശ്നം കീറാമുട്ടിയായി. അടുത്തതായി പിക്കറ്റിങ്ങ് തുടങ്ങണമെന്നും ആദ്യം പിക്കറ്റ് ചെയ്യേണ്ടത്് നേതാക്കൾതന്നെയായിരിക്കണമെന്നും കൃഷ്ണപിള്ള പറഞ്ഞു. തൊഴിലാളികളിൽ വിശ്വാസമുണ്ടാകണമെങ്കിൽ നേതാക്കൾ ആദ്യമിറങ്ങണം. കീരനും സി.ഒ. മാത്യുവും വേണം ആദ്യം പിക്കറ്റ് ചെയ്യാൻ എന്നായി സഖാവ്. ഇനിയാരൊക്കെ തയ്യാർ എന്ന് ചോദിച്ചപ്പോൾ രണ്ടുപേർ മുന്നോട്ടുവന്നു. നേതാക്കളായ പി.എ.സൈമണും കെ.വി.പത്രോസും. നേതാക്കൾ ഫാക്ടറികൾ പിക്കറ്റ് ചെയ്യാൻ വന്നതോടെ തൊഴിലാളികൾക്ക്് ആവേശമായി. നേരത്തെ പരിശീലനം നൽകിയിരുന്ന നൂറുകണക്കിന് വോളന്റിയർമാർ അതോടെ സടകുടഞ്ഞെഴുന്നേറ്റു.

പട്ടാളമാണ് ഫാക്ടറികൾക്ക് കാവൽനിൽക്കുന്നതെന്നതിനാൽ സമരം ചെയ്താൽ വെടിവെപ്പും കൂട്ടക്കൊലയുമുണ്ടാവുക സ്വാവഭാവികമാണ്, അതുകൊണ്ടാണ് ആദ്യം നേതാക്കൾതന്നെ പോകണമെന്ന് സഖാവ് നിർദേശിച്ചത്. കെ.കെ.വാര്യരും സി.ഒ. മാത്യുവും കെ.വി.പത്രോസും പി.എ.സൈമണും ആദ്യദിവസംതന്നെ അറസ്റ്റിലായി. ക്രൂരമർദനമാണുണ്ടായത്. അമ്മിക്കുട്ടികൊണ്ട്് നെഞ്ചിലടക്കം ഇടിയ്ക്കുകയായിരുന്നു.പൈശാചികമായ മർദനത്തെ തുടർന്ന് കെ.കെ.വാര്യർ ലോക്കപ്പിൽ കൊല്ലപ്പെട്ടുവെന്ന് പുറത്ത് പ്രചരണമുണ്ടായി. അന്നത്തെ ലോക്കപ്പ് മർദനത്തെപ്പറ്റി സൈമണാശാൻ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം ചുവടെ (മർദനത്തിന് മാമോദീസ എന്നാണ് കെ.കെ.വാര്യർ നൽകിയ വിശേഷണം). ‘‘ആദ്യം സി.ഒ.മാത്യുവിനെയാണ് മാമോദീസ മുക്കിയത്. ആലപ്പുഴ പോലീസ്‌ സ്റ്റേഷന്റെ പിന്നിലുള്ള കനത്ത മതിൽക്കെട്ടിനുള്ളിലെ തെക്കുകിഴക്കേ മൂല. പോലീസുകാർ അവിടെ ഏതാണ്ട്‌ അർധചന്ദ്രാകൃതിയിൽ അണിനിരന്നിട്ട് ഒരു ഗോദയുണ്ടാക്കിയിരിക്കുന്നു. ഞങ്ങളെ നാലുപേരെയും ഒന്നിച്ചാണ് ഇരുമ്പഴി തുറന്ന് കൊണ്ടുവന്നത്. ആദ്യം മാത്യുവിനെ പിടിച്ചുവലിച്ച് ആ ഗോദയിലേക്ക് തള്ളുന്നു. ശബ്ദം മാത്രം കേൾക്കാം. ഇടിയുടെയും തെറിയുടെയും തൊഴിയുടെയും. ഏതാണ്ട്് അരമണിക്കൂർ കഴിഞ്ഞപ്പോൾ മാത്യുവിനെ വലിച്ചിഴച്ച് മാറ്റിയിട്ട് കീരനെ കയറ്റുന്നു. വീണ്ടും അരമണിക്കൂർ കഴിഞ്ഞ് പത്രോസിനെ. അതുകഴിഞ്ഞാണ് എന്നെ പിടിച്ചത്. എന്നെ ഗോദക്കുള്ളിൽ കയറ്റിയില്ല. പോലീസുകാർ ക്ഷീണിച്ചതുകൊണ്ടോ ശോഷിച്ച എന്റെ ദേഹം അവരുടെ കൈകൾക്ക് പോരെന്ന് തോന്നിയതുകൊണ്ടോ എന്തോ…’

25 ദിവസത്തിന് ശേഷമാണ് സമരം ഭാഗികമായ വിജയത്തോടെ അവസാനിപ്പിച്ചത്.

ഐതിഹാസികമായ ഈ പണിമുടക്കത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നാം അഖിലകേരള തൊഴിലാളി സമ്മേളനം. സമരഭൂമിയിൽത്തന്നെയാകട്ടെ സമ്മേളനം എന്ന് നിശ്ചയിച്ചത് കൃഷ്ണപിള്ളയാണ്. 1939 ഫെബ്രുവരി 19‐ന് ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന ആ സമ്മേളനമാണ് കേരളാടിസ്ഥാനത്തിൽ ട്രേഡ് യൂണിയൻ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. സമ്മേളനം എൻ.സി.ശേഖർ കൺവീനറായി അഖിലകേരള ട്രേഡ് യൂണിയൻ സംഘടനക്ക് രൂപം നൽകി. കൃഷ്ണപിള്ള, കെ.കെ.വാര്യർ, പി.എൻ.കൃഷ്ണപിള്ള, പി.ഗംഗാധരൻ, ആർ.സുഗതൻ, എ.കെ.ഗോപാലൻ എന്നിവർ അംഗങ്ങളുമായി ഒരു കമ്മിറ്റി രൂപീകരിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രഹസ്യമായി നടക്കുകയായിരുന്നു. തൃശൂർ, കൊച്ചി, ആലപ്പുഴ മേഖലയിൽ ഈ രഹസ്യപ്രവർത്തനത്തിന് സഖാവ് പ്രധാന ചുമതലയേൽപ്പിച്ചത് കീരനെയാണ്. ആ ഘട്ടത്തിൽ ഉത്തരവാദഭരണപ്രക്ഷോഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെ.സി.ജോർജ് എറണാകുളത്ത് ഒരു മുറിയെടുത്ത് സ്റ്റേറ്റ് കോൺഗ്രസ്‌ ഓഫീസ് പ്രവർത്തിപ്പിക്കുകയായിരുന്നു ജോർജ്. കീരനും അക്കൂട്ടത്തിലായി. ആ ഘട്ടത്തിൽ എറണാകുളം മേഖലയിൽ സോഷ്യലിസം എന്ന പുതിയ ആശയത്തെക്കുറിച്ച് ജോർജും കീരനും കുറേ യോഗങ്ങൾ നടത്തി. അതേക്കുറിച്ച് ജോർജ് എന്റെ ജീവിതയാത്ര എന്ന ആത്മകഥയിൽ പറയുന്നതിങ്ങനെ ‘‘അക്കാലത്ത്് ഞാനും കെ.കെ.വാര്യരും ചില യോഗങ്ങൾ അവിടെ നടത്തിയിരുന്നു. തിരുവിതാംകൂറിലെ രാഷ്ട്രീയസ്ഥിതി പശ്ചാത്തലമാക്കിക്കൊണ്ട് സോഷ്യലിസ്റ്റ്‌ രാഷ്ട്രീയപ്രചരണം നടത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. പ്ലാറ്റ്ഫോമില്ല, നോട്ടീസില്ല. കൊടിയില്ല, മൈക്കില്ല. അങ്ങനെ ഒന്നുമില്ലാത്ത യോഗങ്ങൾ. വൈകുന്നേരം ഓഫീസുകൾ വിട്ട് റോഡിലൂടെ പോകുന്നവരെയും തൊട്ടുത്ത പാർക്കിൽ വൈകുന്നേരം വിശ്രമിക്കുന്നവരെയും കേൾവിക്കാരായി കിട്ടുമെന്നുള്ള പ്രതീക്ഷയിൽ മാത്രമായിരുന്നു ആ യോഗങ്ങൾ. പ്രാസംഗികരായി ഞങ്ങൾ രണ്ടാൾ മാത്രം. ഒരാൾ പ്രസംഗം ആരംഭിക്കും. മറ്റേയാൾ കേൾവിക്കാരനായി മുമ്പിൽ ഇരിക്കും. റോഡിൽക്കൂടി പോകുന്നവർ അധികം പേരും ഒന്നുനോക്കിയിട്ട് ചിലപ്പോൾ അല്പം ശ്രദ്ധിച്ചുകൊണ്ട് കടന്നുപോകും. ചുരുക്കം ചിലർ മാത്രം ഒന്നുകേട്ടുകളയാമെന്ന് വിചാരിച്ച് അവിടെ വന്ന് ഇരിക്കും. അതുപോലെ പാർക്കിലുള്ളവരും കുറെയൊക്കെ ശ്രദ്ധിച്ചെന്ന് വരും. ചുരുക്കിപ്പറഞ്ഞാൽ പലപ്പോഴും ഞാൻ പ്രസംഗിക്കുമ്പോൾ കീരനും കീരൻ പ്രസംഗിക്കുമ്പോൾ ഞാനും മാത്രമായിരിക്കും കേൾക്കാൻ ഉണ്ടാവുക. ഇതായിരുന്നു എറണാകുളത്തെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം.’ ’

ഇതെല്ലാം കഴിഞ്ഞശേഷമാണ് കമ്യൂണിസ്റ്റ്‌ പാർട്ടിരൂപീകരണത്തിന്റെ റിഹേഴ്സൽപോലെ സി.എസ്.പി.യുടെ ആറാം സമ്മേളനം തലശ്ശേരിയിൽ നടക്കുന്നത്. പി.നാരായണൻനായരുടെ അധ്യക്ഷതയിൽ 1939 ജൂൺ 16,17, 18 തീയതികളിലായിരുന്നു സമ്മേളനം. കർഷകസംഘടനയെക്കുറിച്ച് കേരളീയനും വോളന്റിയർ സംഘടനയെക്കുറിച്ച് സർദാർ ചന്ദ്രോത്തും നാട്ടുരാജ്യങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് സുബ്രഹ്മണ്യശർമയും ട്രേഡ് യൂണിയൻ മേഖലയെക്കുറിച്ച് എൻ.സി.ശേഖറും സാമുദായിക പ്രശ്നങ്ങൾ സംബന്ധിച്ച് എം.പി.കുഞ്ഞിരാമൻ മാസ്റ്ററും തീസിസ് അവതരിപ്പിച്ചു. അതും കൃഷ്ണപിള്ളയും ഇ.എം.എസും അവതരിപ്പിച്ച സാർവദേശീയ ദേശീയ രാഷ്ട്രീയ തീസിസുകളുമാണ് സമ്മേളനം മൂന്ന് ദിവസം ചർച്ച ചെയ്തത്. മൂന്നുദിവസത്തെ സമ്മേളനം എന്നതുതന്നെ അന്നത്തെ നിലയിൽ പ്രധാനമായിരുന്നു. ആ സമ്മേളനത്തിൽ കെ.കെ. വാര്യരും പ്രധാനമായ പങ്കാളിയായിരുന്നു. സമ്മേളനം തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ കൊച്ചിമേഖലയിൽനിന്ന് പി.എസ്. നമ്പൂതിരിയും കെ.കെ.വാര്യരുമാണ് ഉണ്ടായിരുന്നത്. ആ സമ്മേളനം വിവിധ ഉപസമിതികളും രൂപീകരിച്ചിരുന്നു. സി.എച്ച്.കണാരനും കെ.കെ.വാര്യരും അംഗങ്ങളായാണ് തൊഴിലാളി സബ് കമ്മിറ്റി. പക്ഷേ ആ സമ്മേളനം കഴിഞ്ഞ് മാസങ്ങൾക്കകമാണ് രണ്ടാം ലോകയുദ്ധം പൊട്ടപ്പുറപ്പെട്ടത്. ഒളിച്ചുകളി അസാധ്യമായ സാഹചര്യം. കമ്മ്യൂണിസ്റ്റ് നിലപാട് വ്യക്തമാക്കിയേ തീരൂ എന്ന സാഹചര്യം. സി.എസ്.പി. പോയി സി.പി.ഐ. വരാൻ മുഹൂർത്തമായി. മലബാറിലെ വിവിധ കേന്ദ്രങ്ങളിൽ മാർക്സിസത്തിന്റെ ബാലപാഠങ്ങളെങ്കിലും പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പഠനക്ലാസുകൾ നടന്നു. അതിലെല്ലാം കെ.കെ.വാര്യർ വലിയ പങ്കാളിത്തമാണ് വഹിച്ചത്. 1939 അവസാനം പിണറായി പാറപ്രത്ത് നടന്ന പാർട്ടി രൂപീകരണ സമ്മേളനത്തിൽ കൊച്ചിയിൽനിന്ന് പി.എസ്. നമ്പൂതിരി, കെ.കെ.വാര്യർ, പി.നാരായണൻനായർ എന്നിവരാണ് പങ്കെടുത്തത്.

കെ.കെ.വാര്യരുടെ പ്രധാനപ്പെട്ട ഒരു പ്രവർത്തനരംഗം സാംസ്കാരികമേഖലയായിരുന്നല്ലോ. ജീവൽസാഹിത്യപ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് വാര്യർ വഹിച്ചത്. 1937 മെയ് എട്ടിന് തൃശൂർ ട്യൂട്ടോറിയൽ അക്കാദമിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ജീവൽസാഹിത്യസമ്മേളനത്തിന്റെ പ്രധാനപ്പെട്ട സ്വാഗതസംഘക്കാരൻ കെ.കെ.വാര്യരായിരുന്നു. ജീവൽസാഹിത്യപ്രസ്ഥാനത്തിലെ പ്രശ്നങ്ങൾ പിന്നീട് വിശദമായി പ്രതിപാദിക്കാൻ അവസരമുണ്ടായേക്കുമെന്നതിനാൽ തൽക്കാലം അങ്ങോട്ടേക്ക് കടക്കുന്നില്ല.

1939 സെപ്റ്റംബറിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടല്ലോ. യുദ്ധം സാമ്രാജ്യത്വയുദ്ധമാണെന്നും അതിനെ എതിർക്കണമെന്നുമായിരുന്നു പാർട്ടി തീരുമാനം. വാസ്തവത്തിൽ പാർട്ടി കേരളത്തിൽ രൂപീകരിച്ചതായിപ്പോലും ആരുമറിയാത്ത കാലം. പക്ഷേ പാർട്ടിയുണ്ടായിരുന്നു, സി.എസ്.പി.യെന്ന നിലയിൽ. ഏതായാലും യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ കമ്യൂണിസ്റ്റുകാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവും വലിയ ശത്രുവായിക്കണ്ടു. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ എന്ന നിലയിൽ കെ.കെ.വാര്യരും പി.നാരായണൻനായരും ചടയംമുറിയും പി.എസ്.നമ്പൂതിരിയും അച്യുതമേനോനുമടക്കമുള്ളവർ ജയിലിലായി. വാര്യർക്ക് രണ്ടാണ് ശിക്ഷ. ആലപ്പഴ സമരത്തിന്റെ പേരിൽ രണ്ടര വർഷം തടവ്. അത് തിരുവിതാംകൂറിലാണ്. കൊച്ചിയിൽ ശിക്ഷ ഒരു വർഷത്തേക്കാണ്. അത് യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ. ജയിലിൽ കഴിയുന്നതിനിടയിൽ പലതവണ നിരാഹാരസമരങ്ങൾ. വിയ്യൂർ ജയിലിൽ കഴിയുമ്പോൾ കീരന്റെ അമ്മ കീരന്റെ നാലുവയസ്സുള്ള മകളെയും കൂട്ടി കീരനെ കാണാനെത്തിയ ഒരു സംഭവമുണ്ട്്. കീരന്റെ സഹോദരങ്ങൾ അവരുടെ സ്വന്തം കാറിലാണ് അമ്മയെയും കൂട്ടി ജയിലിലെത്തുന്നത്. അന്ന് സ്വന്തമായി കാറുളള വളരെ കുറച്ച് കുടുംബങ്ങളിലൊന്നാണ് കീരന്റേത്. അമ്പലത്തിലാണ് പോകുന്നതെന്ന് പറഞ്ഞാണ് കീരന്റെ മോളെ കാറിൽ കയറ്റിയത്. ആ കുട്ടി അമ്പലമാണെന്ന നിലയിൽ ജയിലിലെത്തുകയാണ് ഇരുമ്പഴിക്കകത്ത് ഒരാൾ വാത്സല്യത്തോടെ നോക്കുന്നു. പോലീസുകാരോ ജയിൽ വാർഡന്മാരോ ചുറ്റുമുണ്ട്. ഭയന്ന അവൾ ചെറിയച്ഛനെ പറ്റിപ്പിടിച്ച് കണ്ണുതുറക്കാതെ നിന്നു.

ജയിലിൽനിന്ന് പുറത്തുവന്നപ്പോൾ കീരന്റെ ചുമതല മാറി. ചിറക്കൽ താലൂക്കിലെ പാർട്ടി സംഘാടനം. താലൂക്ക് പാർട്ടി സെക്രട്ടറി പി.എം.ജി. എന്നറിയപ്പെടുന്ന പി.എം. ഗോപാലനാണ്. ഇതേകാലത്തുതന്നെ ദേശാഭിമാനിയുടെ നാലംഗ പത്രാധിപസമിതിയിലെ പാർ്ട്ടി ചുമതലക്കാരനെന്ന നിലയിലും പ്രവർത്തനം. പത്രാധിപർ എം.എസ്. ദേവദാസാണ്. ഉണ്ണിരാജ, പി.നാരായണൻനായർ, കെ.കെ.വാരിയർ എന്നിവർ അംഗങ്ങളുമായി പത്രാധിപസമിതി. പിന്നീട് കൃഷ്ണപിള്ള സെക്രട്ടറിയും കെ.കെ.വാരിയർ പത്രാധിപരും സി.ഉണ്ണിരാജ (ഖജാൻജി) എന്നിവരടങ്ങിയ മൂന്നംഗ സെക്രട്ടേറിയറ്റാണ് പാർട്ടിപ്രവർത്തനം നിയന്ത്രിച്ചത്. ദേശാഭിമാനിയുടെ പാർട്ടി ചുമതലയ്ക്ക് പുറമെ കൊച്ചി നാട്ടുരാജ്യത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയും കെ.കെ.വാര്യർക്കായിരുന്നു.

ഓരോ ആഴ്ചയിലെയും സാർവദേശീയ ദേശീയ പ്രാദേശിക രാഷ്ട്രീയസാമൂഹ്യസംഭവവികാസങ്ങളെ ആക്ഷേപഹാസ്യരീത്യാ വിമർശിക്കുന്ന കോളം കൈകാര്യം ചെയ്തത്‌ കീരനാണ്. എം.ആർ.നായർ സഞ്ജയനിൽ കൈകാര്യം ചെയ്ത പംക്തിക്ക് തുല്യമായിരുന്നു അത്്. പുത്തൻ നുറുങ്ങുകൾ എന്നതായിരുന്നു പംക്തിയുടെ പേര്. രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, എതിരാളികളുടെ വിമർശങ്ങൾക്ക് മറുപടി എന്നീ പംക്തികളും കീരൻ കൈകാര്യം ചെയ്തു. കരിഞ്ചന്ത തുടങ്ങിയ വാക്കുകൾ മലയാളത്തിന് സംഭാവനചെയ്യാൻ ദേശാഭിമാനിക്കാലത്ത് കീരന് സാധിച്ചു. പത്രത്തിന്റെയും ലഘുലേഖകളുടെയും ചുമതലക്കൊപ്പം സംഘാടനച്ചുമതലയും കെ.കെ.വാര്യർക്ക് ഉണ്ടായിരുന്നു. നാല്പതുകളുടെ ആദ്യം ചിറക്കൽ താലൂക്കിൽ ചുമതലയുള്ള സമയത്താണ് കൈത്തറിമേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായത്. കീരൻ ടെക്സ്റ്റൈൽ ഇൻസ്പക്ടറെ കാണുകയും യുദ്ധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുള്ള തുണിത്തരങ്ങൾക്കുള്ള ഓർഡറിന് ശ്രമിക്കുകയും ചെയ്തു. അല്പം കുറഞ്ഞ കൂലിയാണ് സർക്കാർ നൽകിയതെങ്കിലും നെയ്ത്ത്് മേഖലയിലെ തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കും അറുതിയുണ്ടാക്കാൻ കീരനുണ്ടാക്കിയ കരാർ പ്രയോജനപ്പെട്ടു.

ആക്ഷേപഹാസ്യക്കുറിപ്പുകളിലൂടെ പത്രപ്രവർത്തനമേഖലയിൽ സഞ്ജയനോടൊപ്പംതന്നെ ശ്രദ്ധേയനായിരുന്നെങ്കിലും വലതുപക്ഷത്തിന്റെ തമസ്കരണം കീരനെ പിൽക്കാലത്ത് ആ മേഖലയിൽ അപ്രശസ്തനാക്കി. കുട്ടി ആണോ പെണ്ണോ, പാമ്പന്റെ വീമ്പുകൾ, ഹിരണ്യായ നമ, നീലക്കുറുക്കൻ തുടങ്ങി എത്രയെത്ര സരസ കുറിപ്പുകൾ. എസ്.എൻ.ഡി.പി. ഒരു ഘട്ടത്തിൽ സവർക്കറെ ബഹുമാനപുരസ്സരം വാർഷികത്തിന് ക്ഷണിച്ചപ്പോൾ കീരൻ പുത്തൻ നുറുങ്ങുകളിൽ എഴുതി “അഖണ്ഡക്കാരൻ സവർക്കറാണുപോലും എസ്.എൻ.ഡി.പി. മതസമ്മേളന പ്രോദ്ഘാടകൻ! വഞ്ചിയുടെ സാരഥ്യം വഹിക്കുന്നയാളും ഒരഖണ്ഡക്കാരനാണല്ലോ. ഹിരണ്യന്റെ നാട്ടിൽ ഹിരണ്യായ നമ’ നാല്പതുകളുടെ ആദ്യംതന്നെ സവർക്കറുടെ ദുഷ്ടരാഷ്ട്രീയം കമ്യൂണിസ്റ്റ് പാർട്ടി തിിരച്ചറിഞ്ഞിരുന്നുവെന്നതിന്റെ ചെറിയൊരു സൂചനയാണിത്. ഇത്തരത്തിൽ അനേകമനേകം കുറിപ്പുകൾ.

1945 ജനുവരിയിൽ കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ്. കൊച്ചിയിലെ പാർട്ടി ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗമെന്ന നിലയിൽ ദേശാഭിമാനി‐ ചിറക്കൽ താലൂക്ക് പാർട്ടി ചുമതലകൾ വിട്ട്് തൃശൂരിലെത്തുകയാണ് കെ.കെ.വാര്യർ. തൃശൂരിൽ സി.അച്യുതമേനോനെയും കൊടുങ്ങല്ലൂരിൽ ഇ.ഗോപാലകൃഷ്ണമേനോനെയും സ്ഥാനാർഥിയാക്കി. സഖ്യമുണ്ടാക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായം പ്രജാമണ്ഡലം തള്ളിയതിനാലാണ് സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിർത്തിയത്. കെ.കെ.വാര്യരാണ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. പാർട്ടി ചുതലയും വാര്യർക്ക്. തമിഴ്നാട്ടിലെ ജീവാനന്ദം, മലബാറിലെ ഇമ്പിച്ചിബാവ, തിരുവിതാംകൂറിലെ പി.ടി. പുന്നൂസ് തുടങ്ങിയവരാണ് പ്രധാന പ്രചാരകർ. പരാജയപ്പെട്ടെങ്കിലും പാർട്ടിക്ക് വലിയ അംഗീകാരമാണ് കിട്ടിയതെന്ന് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിലയിരുത്തി. ഒഴുക്കിനെതിരെ നീന്തുന്നവരായിട്ടും ജനങ്ങൾ പാർട്ടിയിൽ വിശ്വാസമർപ്പിച്ചുതുടങ്ങുകയായിരുന്നു.

1946‐ജനുവരി 18 മുതൽ ദേശാഭിമാനി ദിനപ്പത്രമായതോടെ കീരന് വീണ്ടും ദേശാഭിമാനിയിൽ പ്രവർത്തിക്കേണ്ടതായി വന്നു. പുനസ്സംഘടിപ്പിച്ച പത്രാധിപസമിതിയിൽ കീരനും അംഗമായി. ഇ.എം.എസ്. ചെയർമാൻ, പി.നാരായണൻനായർ മാനേജിങ്ങ് എഡിറ്റർ, എം.എസ്.ദേവദാസ്, വി.ടി.ഇന്ദുചൂഡൻ, ഇ.വി.ദേവ്, സി.ഉണ്ണിരാജ, സി.ആർ.കുഞ്ഞുണ്ണി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. നുറുങ്ങുകളും വിമർശനങ്ങൾക്ക്് മറുപടി ഭാഗികമായും കീരൻ കൈകാര്യംചെയ്തു. രണ്ടാം കോൺഗ്രസ്സിന്റെ ഭാഗമായി തൃശൂരിൽ നടന്ന പാർട്ടി ഡിവിഷൻ സമ്മേളനം കെ.കെ.വാര്യരെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കൊൽക്കത്താ തീസിസിന് ശേഷം പാർട്ടി നിരോധിക്കപ്പെട്ടതോടെ ഒളിവിൽപോയ കീരന് 1950 മെയ് മാസം വരെ ഒളിവിൽ തുടരാനായി. എന്നാൽ ടെക്മാനായ ജോസ് പൊലീസിന്റെ പിടിയിലായതോടെ രഹസ്യങ്ങൾ ചോർന്നു. അതിന് പുറമെയാണ് സംസ്ഥാനതലത്തിൽത്തന്നെ വലിയ പ്രശ്നമായ തമ്പാൻ സംഭവം. പാർട്ടിയുടെ ടെക് സംഘടനയുടെ തലവനായിരുന്ന രാവുണ്ണിമേനോനാണ് തമ്പാൻ എന്ന പേരിൽ പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ അച്ചടക്കലംഘനം വലിയ വിനയായിത്തീർന്നു. മദ്യലഹരിയിൽ പോലീസിന്റെ പിടിയിലായ തമ്പാൻ കൊടിയ മർദനങ്ങൾ സഹിച്ച് രണ്ടുദിവസം പിടിച്ചുനിന്നെങ്കിലും പിന്നീട് എല്ലാം പോലീസിനോട് തുറന്നുപറഞ്ഞു. അത് നിരവധി നേതാക്കളെ അറസ്റ്റിലാക്കുകയോ നിരവധി പേർക്ക് ഷെൽട്ടർ നഷ്ടമാക്കുകയോ ചെയ്തു. അതിന് പുറമെയാണ് തൃശൂരിൽ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന അമ്പാടി ശങ്കരൻകുട്ടിയുടെ കീഴടങ്ങൽ. ശങ്കരൻകുട്ടിയെ കിട്ടാത്തതിനാൽ അദ്ദേഹത്തിന്റെ ഭാര്യയെ പോലീസ് അറസ്റ്റ്‌ ചെയ്ത്് ലോക്കപ്പിലാക്കി മർദിച്ചു. ലോക്കപ്പിൽനിന്ന് വിട്ടയക്കാത്തതിനെ തുടർന്ന് ശങ്കരൻകുട്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കെ.കെ.വാര്യർ, ഇ.ഗോപാലകൃഷ്ണമേനോൻ, ജോർജ് ചടയംമുറി, സി.ജനാർദനൻ തുടങ്ങിയവരെല്ലാം അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ്് ക്രൂരമായി മർദിച്ചു. ഒന്നാം പൊതുതിരഞ്ഞെടുപ്പ്് പ്രഖ്യാപിച്ചശേഷം, 1951 അവസാനമാണ് കീരനടക്കമുള്ളവരെ ജയിൽമോചിതരാക്കുന്നത്. വിയ്യൂർ ജയിലിൽ കഴിയുന്ന സമയത്ത് കെ.കെ.വാര്യരും ടി.എം.അബുവും ചേർന്ന് ഇന്റർനാഷണൽ ഗാനം തർജമചെയ്യുകയുണ്ടായി. 1951‐ൽ നവയുഗം പ്രസിദ്ധപ്പെടുത്തുകയും പാർട്ടി സമ്മേളനങ്ങളിൽ സമാപനസമയത്ത് ആലപിക്കുകയും ചെയ്തിരുന്ന ഇന്റർനാഷണൽ… അതിന്റെ വരികൾ ഇങ്ങനെ…’

പാരിൽ ദുരിതമേറുവോരേ
ഉണരിൻ സ്വതന്ത്രകാലമായ്!
നേരിൽ അലറിടുന്നു നീതി
ഭൂവിൽ ബന്ധിതരില്ലിനി നാം
ഹാ കുടുങ്ങാ മേലിൽ മാമൂൽ
പാശത്തിലാരുമേ!
ആർത്തരേ, ഈ ഉലകിൻ പാരമാർത്തരേ
മേന്മേൽ നമ്മളാം എല്ലാമിഹ!
പാരതുയർന്നു പുത്തനായ്
ഉണരിൻ സമയമായിതാ!
ഹാ! അന്ത്യുദ്ധാമഗതം
ഉയരേ മുഴക്ക ലാൽസലാം. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 13 =

Most Popular