Tuesday, January 7, 2025

ad

Homeസംസ്ഥാനങ്ങളിലൂടെവർഗീയതയ്ക്കെതിരെ വിദ്യാർഥികളുടെ പോരാട്ടം

വർഗീയതയ്ക്കെതിരെ വിദ്യാർഥികളുടെ പോരാട്ടം

ഷുവജിത്ത് സർക്കാർ

തീവ്രമായിക്കൊണ്ടിരിക്കുന്ന വർഗീയതയ്ക്കെതിരെ ശബ്ദമുയർത്താൻ സിപിഐഎം പ്രവർത്തകരും സിപിഐഎമ്മിനെ അനുകൂലിക്കുന്നവരും മഹാനഗരമായ കൊൽക്കത്തയിലുൾപ്പെടെ ബംഗാളിലെ വിവിധ ജില്ലകളിലെയും തെരുവുകളിൽ അണിനിരന്നു. ബംഗ്ലാദേശിലും ഇന്ത്യയിലും ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വെള്ളി, ശനി ദിവസങ്ങളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. നീതിയ്ക്കായുള്ള ഈ രണ്ട് ആഹ്വാനങ്ങളും, മാനവികതയ്ക്ക് അതിരുകൾ ബാധകമല്ലെന്നും എവിടെയെല്ലാം അത് ഭീഷണി നേരിടുന്നുവോ അവിടെയെല്ലാം സാമുദായികമായ സൗഹാർദ്ദം സംരക്ഷിക്കപ്പെടണമെന്നുമുള്ള തത്വത്തെ അടിവരയിടുന്നതാണ്. മുകുന്ദ്‌പൂർ മുതൽ അജയ് നഗർ വരെയും അതിനുമപ്പുറവുമുള്ള തെരുവുകളും, മുസ്ലീങ്ങളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളുടെയും മുദ്രാവാക്യങ്ങളുടെയും കാൻവാസായി മാറി. ഈ പ്രതിഷേധങ്ങൾ കേവലം പ്രതീകാത്മക പ്രകടനങ്ങൾ മാത്രമായിരുന്നില്ല, ചരിത്രപരമായി വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയായ ഒരു പ്രദേശത്ത് മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടുള്ള പ്രതിബദ്ധതയുടെ ശക്തമായ സ്ഥിരീകരണങ്ങളായിരുന്നു അത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ, വർഗീയതയ്ക്കെതിരായ പ്ലക്കാർഡുകളുമേന്തി റാലികളിൽ അണിനിരന്നു. അവരുടെ സന്ദേശം വ്യക്തമായിരുന്നു. സാമൂഹിക സൗഹാർദത്തിന്റെ ദുർബലമായ ചട്ടക്കൂട് കാത്തുരക്ഷിക്കുന്നതിന് മതമൗലികവാദ പ്രത്യയശാസ്ത്രങ്ങളെ, അത് ഇപ്പുറത്തായാലും അതിർത്തിയിലായാലും, പരാജയപ്പെടുത്തുകതന്നെ വേണം.

മുകുന്ദ്‌പൂരിൽ നടന്ന റാലിയിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി പങ്കെടുത്തു. അദ്ദേഹത്തിന്റെ തീപാറുന്ന പ്രസംഗം ജനക്കൂട്ടത്തെ ഇളക്കിമറിച്ചു. രാഷ്ട്രീയ അവസരവാദം പലപ്പോഴും ഇന്ധനമേകുന്ന റാഡിക്കലിസത്തിന്റെ വളർച്ച സമൂഹത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഭരണാധികാരികൾ തീവ്രവാദത്തിൽ ഏർപ്പെട്ടാൽ അത് ദുഷിച്ച രൂപം കൈക്കൊള്ളും” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനത്തിനും സ്ഥിരതയ്ക്കും അത് ഭീഷണിയായി മാറുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിഘടനവാദശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന വ്യക്തമായ ആഹ്വാനമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ബംഗ്ലാദേശിൽ ഈയടുത്തയിടെ ന്യൂനപക്ഷ സമുദായങ്ങൾ ഹീനമായ ആക്രമണങ്ങൾക്ക് വിധേയമായ സംഭവങ്ങൾ ആ മേഖലയിലാകെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ അക്രമങ്ങളെ അപലപിച്ച സുജൻ ചക്രവർത്തി എല്ലാ പൗരരുടെയും സുരക്ഷ ഉറപ്പാക്കാൻ സത്വരവും സുപ്രധാനവുമായ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഹ്വാനം അതിർത്തികളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിൽ വളർന്നുകൊണ്ടിരുന്ന തീവ്രവാദം വളരെയെളുപ്പം വേരുറയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

പ്രതിഷേധങ്ങൾ തലസ്ഥാന നഗരിയിൽ മാത്രമൊതുങ്ങിനിന്നില്ല. ബങ്കുര, ബർദ്വാൻ, കുച്ച്ബിഹാർ, അലിപൂർദാർ തുടങ്ങിയ ജില്ലകളിലും സിപിഐഎം പ്രവർത്തകർ മാർച്ചുകളും തെരുവ് യോഗങ്ങളും സംഘടിപ്പിച്ചു. അവയുടെയെല്ലാം കേന്ദ്രവിഷയം ന്യൂനപക്ഷ അവകാശം സംരക്ഷിക്കുക എന്നതായിരുന്നു. മുള്ളുവേലിയ്ക്കിരുപുറവുമുള്ള മൗലികവാദ, വിഘടനവാദങ്ങളെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം സമരത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതായിരുന്നു; വർഗീയത ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്നും അതിനെ നേരിടാൻ കൂട്ടായ തീരുമാനവും യോജിച്ച പ്രവർത്തനവും കൂട്ടുത്തരവാദിത്വവും ആവശ്യമാണ് എന്ന ഓർമപ്പെടുത്തലും കൂടിയായിരുന്നു അത്.

സിപിഐഎമ്മിന്റെ ഭവാനിപ്പൂർ നമ്പർ 1 ഏരിയ കമ്മിറ്റി, ജാദവ്പ്പൂർ ഏരിയകമ്മിറ്റി, മറ്റ് ലോക്കൽ ഘടകങ്ങൾ എന്നിവ ജനങ്ങളെ അണിനിരത്തുന്നതിലും വർഗീയ ധ്രുവീകരണമെന്ന വിപത്തിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. തൃണമൂലതലത്തിലെ ഈ പ്രവർത്തനങ്ങൾ സെക്കുലറിസം എന്നത് വെറുമൊരു ആദർശംമാത്രമല്ല, ഒരു ബഹുസ്വര സമൂഹത്തിൽ സമാധാനവും പുരോഗതിയും ഉറപ്പാക്കുന്നതിനായുള്ള പ്രായോഗികമായ അനിവര്യതയാണ് എന്ന ആശയം വീടുകളിലേക്കെത്തിക്കുന്നതിൽ നിർണായകമായിരുന്നു.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സർക്കാരുകളെക്കൊണ്ട് സമാധാനം പറയിക്കാനുള്ള വേദികൂടിയായി ഈ പ്രതിഷേധറാലികൾ. ഇരു ഭരണകൂടങ്ങളും വർഗീയ ശക്തികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും ആവശ്യമുന്നയിക്കപ്പെട്ടു. സന്ദേശം വ്യക്തമായിരുന്നു: വാചകമടിയല്ല വേണ്ടത്; മതമൗലികവാദത്തിന്റെ അപകടകരമായ സ്വാധീനത്തെ വേരോടെ പിഴുതെറിയുന്നതിനാവശ്യമായ മൂർത്തമായ നടപടികളാണ് വേണ്ടത്.

ഇന്ത്യ അതിന്റെ ജനാധിപത്യചട്ടക്കൂടിലും സെക്കുലർ ഭരണഘടനയിലും ഊറ്റംകൊള്ളുമ്പോൾ വർഗീയതയുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളിൽ സമീപകാലത്തുണ്ടായ കുതിച്ചുചാട്ടം, ഈ അടിസ്ഥാനമൂല്യങ്ങൾക്കുണ്ടായ ശോഷണത്തെക്കുറിച്ച് ആശങ്കയുണർത്തുന്നു. അതുപോലെ മതസൗഹാർദ്ദത്തിന്റേതായ ഒരു സമ്പന്നചരിത്രമുള്ള ബംഗ്ലാദേശും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ഭയാനകമാംവിധം വർധിക്കുന്നതിന് സാക്ഷ്യം വഹിച്ചു. ഈ വെല്ലുവിളികളെ നേരിടാൻ നിയമപരിഷ്കാരങ്ങൾ, സാമുദായികമായ ഇടപഴകൽ, കർശനമായി നിയമം നടപ്പാക്കൽ എന്നിവയുൾപ്പെടെ സമഗ്രമായ തന്ത്രത്തിന് രൂപം നൽകേണ്ടതുണ്ട്.

ഈ മാർച്ചുകളും യോഗങ്ങളും വിയോജിപ്പിന്റെ സ്വരം മാത്രമായിരുന്നില്ല, അത് പ്രത്യാശ വളർത്തുന്നതുമായിരുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടം രാഷ്ട്രീയ ബന്ധങ്ങൾക്കും ദേശാതിർത്തികൾക്കുമപ്പുറം അത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എല്ലാവരെയും ഓർമിപ്പിച്ചു. പ്രതിഷേധക്കാർ പിരിഞ്ഞുപോയെങ്കിലും അവർ ഉയർത്തിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും സമൂഹമനസ്സാക്ഷിയിൽ മായാത്ത അടയാളമായി മാറി.

സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങൾക്കുമീതെ വിഭജന ആശയങ്ങൾ ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ സിപിഐഎം നടത്തിയ ഈ പ്രതിഷേധം പ്രത്യാശയുടെ വെളിച്ചമേകുന്നു. നനാത്വത്തിൽ ഏകത്വം എന്നത് കേവലം ഉന്നതമായ ഒരു ആദർശമല്ല, മറിച്ച് സംരക്ഷിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമായ, ഒരു യാഥാർത്ഥ്യമാണെന്ന വിശ്വാസത്തെ അവർ ആവർത്തിച്ചുറപ്പിക്കുന്നു. പ്രതിഷേധം അവസാനിക്കുമ്പോൾ പ്രതികൂല സാഹചര്യത്തിലും, ഐക്യദാർഢ്യമെന്ന ശാശ്വതമായ ശക്തിയുടെ ഉജ്ജ്വലമായ ഓർമപ്പെടുത്തലായി “സൗഹാർദ്ദമാണ് വേണ്ടത്, വിദ്വേഷമല്ല” എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − nine =

Most Popular