ഒരേ തസ്‌തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് വ്യത്യസ്‌ത ദിവസങ്ങളിൽ മത്സരപരീക്ഷ നടത്തി യുപിയിലെ ആദിത്യനാഥ് സർക്കാർ ഉദ്യോഗാർഥികളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനമേറ്റുവാങ്ങുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും പൊലീസ് തല്ലിച്ചതയ്‌ക്കുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
50000 പൊലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് 50 ലക്ഷത്തോളം പേർ അപേക്ഷ നൽകിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മ എത്രയെന്ന് ഇതിൽനിന്നും ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കടുത്ത തൊഴിലില്ലായ്‌മ നേരിടുന്ന സംസ്ഥാനത്തുള്ള ഒഴിവുകളിലേക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിൽ ആദിത്യനാഥ് സർക്കാർ കടുത്ത അലംഭാവമാണ് കാട്ടുന്നത്. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമീഷണർ നടത്തുന്ന ആർഒ/എആർഒ പ്രിലിമിനറി പരീക്ഷയിൽ 11 ലക്ഷം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 2024 ജനുവരി 29, ഫെബ്രുവരി 2 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാറ്റിവെച്ചിരുന്നു. സ്വകാര്യ കോച്ചിങ് സെന്ററുകൾക്ക് ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് ആരോപിച്ച് അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആ പരീക്ഷയാണ് ഡിസംബർ 7, 8 തീയതികളിലായി നടത്തുന്നത്. എന്നാൽ ഒരേ പരീക്ഷ രണ്ട് ഷിഫ്‌റ്റുകളിലായി നടത്തുന്നത് മാർക്ക് സ്‌കോറിനെയും റാങ്കിനെയും ബാധിക്കുമെന്ന് കാണിച്ചാണ് പരീക്ഷയെഴുതുന്നവരിൽ ഒരു വിഭാഗം പേർ പ്രതിഷേധിക്കുന്നത്.
യുപിപിഎസ്‌സി ഗേറ്റിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയ വിദ്യാർഥികളെ ലാത്തികൊണ്ടാണ് യുപി പൊലീസ് നേരിട്ടത്. ഇതാദ്യമായല്ല യുപിയിലെ ബിജെപി സർക്കാർ സമരം ചെയ്‌തതിന്റെ പേരിൽ വിദ്യാർഥികളെ അടിച്ചമർത്തുന്നത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കും പേപ്പർ ചോർച്ചയ്‌ക്കുമെതിരായ പ്രതിഷേധത്തിലും യുവജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമമുണ്ടായി.
എന്തായാലും വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം അധികൃതരെ പരീക്ഷ മാറ്റിവയ്‌ക്കുന്നതിനു നിർബന്ധിതരാക്കിയിരിക്കുകയാണ്. ഡബിൾ എഞ്ചിൻ സർക്കാരെന്ന് വീമ്പുപറയുന്ന ആദിത്യനാഥ് സർക്കാർ, ഒന്നിച്ച് ഇത്രയധികം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ നടത്താനുള്ള പശ്ചാത്തലസൗകര്യം പോലും ഒരുക്കാതെ ബുദ്ധിമുട്ടുന്നതും വിദ്യാർഥികളുടെ പ്രതിഷേധത്തിനു ശരിയായ പരിഹാരം കാണാനാകാതെ പരീക്ഷ തന്നെ മാറ്റിവച്ച് ഒളിച്ചോടുന്നതുമാണ് കാണുന്നത്. ഒരു പരീക്ഷപോലും ഒന്നിച്ചു നടത്താനാകാത്ത യുപി ഭരിക്കുന്ന അതേ ബിജെപി ഇന്ത്യയിൽ ‘‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’’ എന്ന തങ്ങളുടെ മുദ്രാവാക്യം നടപ്പിലാക്കാൻ പോകുന്നതിലെ അപഹാസ്യതയും പ്രതിഷേധിച്ചവരിൽ ചിലർ എടുത്തുപറയുന്നു. l