Wednesday, December 4, 2024

ad

Homeലേഖനങ്ങൾകോവിഡ്‌കാല കുഞ്ഞുങ്ങൾ സ്‌കൂളിലെത്തുമ്പോൾ

കോവിഡ്‌കാല കുഞ്ഞുങ്ങൾ സ്‌കൂളിലെത്തുമ്പോൾ

ഡോ. മായ ലീല

ചുറ്റുപാടുകളും ചുറ്റുമുള്ളവരും നൽകുന്ന വിവരങ്ങൾ ശേഖരിച്ച് പഠിച്ച്, വളർന്ന് നിലനിൽക്കാൻ ശീലിക്കുന്ന ഒരു സംവിധാനവുമായാണ് മനുഷ്യർ ജനിച്ചുവീഴുന്നത്. ഒരു കുഞ്ഞിന് ചലിക്കാനും ചലിപ്പിക്കാനും പറയാനും മനസ്സിലാക്കാനും ഒക്കെ പഠിക്കണമെങ്കിൽ അതിന് തക്കതായ സാഹചര്യം വേണം, അതിനുതകുന്ന വിവരങ്ങൾ ചുറ്റിനും നിന്ന് കിട്ടണം. കോവിഡ് മഹാമാരിക്കാലത്തുണ്ടായ ലോക്ക്ഡൗൺ കുഞ്ഞുങ്ങളിൽനിന്ന് തട്ടിയെടുത്തത് അവർക്ക് വളരാനുള്ള സ്വാഭാവിക സാഹചര്യവും വിവരങ്ങളുമാണ്. സമയാസമയം ഭക്ഷണം ഉള്ളിലെത്തി, ഒരിടത്തുമാത്രം ഇരുന്ന്, ഒരു സ്ക്രീനിൽ നിന്ന് മാത്രം കിട്ടിയ വിവരങ്ങൾകൊണ്ടാണ് അവർ വളർന്നത്. മാസ്ക് ധരിച്ച മുഖങ്ങളാണ് അവർ നേരിട്ടുകണ്ടത്, അവർക്ക് മുഖലക്ഷണങ്ങൾ പഠിക്കാൻ കഴിഞ്ഞില്ല, അതുവഴി വികാരങ്ങൾ പഠിക്കാൻ കഴിഞ്ഞില്ല, ഉച്ചാരണ ചലനങ്ങളും സംസാരവും നേരിട്ട് കാണുന്നതുപോലും വളരെ കുറവായിരുന്നു. വാശി പിടിച്ചു കരഞ്ഞാൽ മതി എനിക്ക് വേണ്ടുന്നത് കിട്ടും എന്നും, എനിക്ക് വേണ്ടുന്നത് വിരൽ മാത്രം ചലിപ്പിച്ചാൽ ഞൊടിയിടയിൽ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന തരം ഉദ്ദീപനങ്ങൾ കിട്ടുന്ന സ്ക്രീൻ മാത്രമാണ് എന്നതും ഈ കാലഘട്ടത്തിലെ കുഞ്ഞുങ്ങളുടെ മുഖമുദ്രയാണ്. എല്ലാം പെട്ടെന്ന് കിട്ടണം, വിരൽ ചലിപ്പിച്ചാൽ ദൃശ്യം മാറുന്ന വേഗതയിലെ അയഥാർത്ഥ്യം അവർ പഠിച്ചില്ല. അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെ, ദീർഘദൂര പ്രതിഫലങ്ങളുടെ സ്വാഭാവികത അവർക്ക് അന്യമായി. വികാരങ്ങളെ നിയന്ത്രിക്കാനോ നയിക്കാനോ അവർ പഠിച്ചില്ല. 2020-‐2021 കാലങ്ങളിൽ ജനിച്ച് ഇത്തരത്തിൽ യഥാർത്ഥ ലോകവിവരങ്ങളുടെ ദൗർലഭ്യതയിൽ വളർന്ന കുഞ്ഞുങ്ങൾ ഒന്നാം ക്ലാസ്സിൽ ചേരാൻ വരുകയാണ്. ഈ നിരയിലെ കുട്ടികൾ ഇക്കൊല്ലം സ്കൂളിൽ ചേർന്നവർ തുടങ്ങി ഇക്കൊല്ലം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞുപോയവർ വരെയുണ്ട്. ലോകമെമ്പാടും പഠനങ്ങൾ നടക്കുകയാണ്; കുട്ടികളുടെ കഴിവുകളെ കോവിഡ് ലോക്ക്ഡൗൺ എങ്ങനെയൊക്കെ ബാധിച്ചു എന്ന്. 2030 വരെ ഇതിന്റെ അനുരണനങ്ങൾ വിദ്യാഭ്യാസമേഖല നേരിടേണ്ടിവരുമെന്നാണ് പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ കാലത്തെ രീതികളിൽ വികസിച്ച തലച്ചോറുകൾ വേറിട്ട രീതികൾ പഠിക്കാൻ സമയമെടുക്കും, ഈ സമയമെടുക്കൽ വിദ്യാഭ്യാസത്തിൽ വിടവുകളുണ്ടാക്കും, കുട്ടികളുടെ കഴിവുകളുടെ വളർച്ചയും നിർവ്വഹണവും ശരാശരിയിൽ നിന്നും ഒന്നോ രണ്ടോ കൊല്ലം പിറകിൽ ആയേക്കും.

ദ്രുതഗതിയിൽ മിന്നിമായാത്ത, വിരസത തോന്നിയാൽ വിരൽ കൊണ്ട് തോണ്ടി മാറ്റാവുന്ന ഒന്നല്ല യഥാർത്ഥ ജീവിതം എന്നത് കുട്ടികൾക്ക് താങ്ങാവുന്ന ഒന്നല്ല എന്ന് ഇപ്പോൾ തന്നെ കണ്ടുവരികയാണ്. ഹൈസ്കൂൾ തലത്തിലുള്ള കുട്ടികളിലെ അനിയന്ത്രിത വൈകാരിക പ്രകടനങ്ങൾ, ഉത്സാഹക്കുറവ്, ഒരു കഥാപുസ്തകം പോലും വായിച്ചു തീർക്കാനുള്ള അക്ഷമത, സ്ക്രീനിൽ പോലും പത്തു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാണാനുള്ള വിരസത AI യോട് ചോദിച്ച് ചുരുക്കം എടുപ്പിച്ച് തീർക്കുന്ന പ്രവണതകൾ തുടങ്ങി അധ്യാപകരെ കുഴപ്പിക്കുന്ന തരത്തിൽ ക്ലാസ്സ് മുറികളിൽ ഇരിപ്പുറക്കാതെ കൂവിവിളിക്കുന്ന കുട്ടികൾ വരെ ഇപ്പോഴേ നമുക്ക് മുന്നിലുണ്ട്. ഇവരോടൊപ്പമാണ് ഒന്നാം ക്ലാസ്സുകാരായി ലോക്ക്ഡൗൺ കാലത്ത് ജനിച്ച കുഞ്ഞുങ്ങൾ വരാൻ പോകുന്നത്.

ക്ലാസ്സ് മുറികളിൽ അധ്യാപകരെ ശ്രദ്ധിച്ചുകൊണ്ട്, അവരുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യുക എന്നത് ക്ഷമാശീലം വേണ്ടുന്ന ഒരു കഴിവാണ് എന്നത് ചർച്ചയായതുതന്നെ സ്ക്രീനിൽ ഒട്ടിപ്പോയ തലമുറകൾ വന്നതിന് ശേഷമാണ്. ഒന്നാം ക്ലാസ്സിലായാലും പത്താം ക്ലാസ്സിലായാലും ഒരു സംഘത്തോടൊപ്പം ഇരിക്കുക പൊതുവായ പെരുമാറ്റ മര്യാദകൾ പാലിക്കുക, നിർദ്ദേശങ്ങൾ/പാഠങ്ങൾ കേൾക്കുക മനസ്സിലാക്കുക എന്നതെല്ലാം ഒരു ക്ലാസ്സ്മുറിക്ക് വേണ്ടുന്ന അടിസ്ഥാനഘടകമാണ്. എഴുതാനുള്ള കഴിവു വളരണമെങ്കിൽ ആവർത്തിച്ച് പരിശീലിക്കണം, കർമ്മവ്യാപൃതമായ ഓർമ്മ (working memory) ഉപയോഗിക്കണം, ചിന്തിക്കണം, മനസ്സിന്റെ അത്രയും വേഗതയില്ലാത്ത മെല്ലെ ചലിക്കുന്ന കൈയും വിരലുകളും ചലിപ്പിക്കണം, ഒരു പെൻസിലോ ക്രയോണോ മൂന്ന് വിരലുകൾ കൂട്ടി പിടിപ്പിച്ച് ചലിപ്പിക്കാൻ പഠിക്കണം. വായിക്കാൻ പഠിക്കണമെങ്കിൽ കണ്ണ് മെല്ലെ ചലിപ്പിക്കാനും ചലനവേഗതയിൽ കിട്ടുന്ന വിവരങ്ങൾ തിരിച്ചറിയാൻ, വ്യാഖ്യാനം ചെയ്യാൻ മനസ്സിലാക്കാൻ, അർത്ഥം ഗ്രഹിക്കാൻ അക്ഷരങ്ങളുടെ, ശബ്ദങ്ങളും ചിഹ്നങ്ങളും അവയുടെ ശബ്ദങ്ങളും ഇതെല്ലാം തമ്മിലുള്ള ബന്ധം ഓർത്തു വെയ്ക്കാനും അറിയണം. ഇതിനെല്ലാമുള്ള ക്ഷമ വേണം, ഉത്സാഹം വേണം. എഴുത്തും വായനയും പഠിപ്പിക്കുന്നതിന് മുൻപേ ഇത്തരത്തിലെ അടിസ്ഥാനഘടകങ്ങൾ ആയിരിക്കും നമ്മൾ ആദ്യം പഠിപ്പിക്കേണ്ടി വരിക.

അവരുടെ വികാരങ്ങളെ തിരിച്ചറിയാനും അത് നിയന്ത്രിക്കാനും നയിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടി വരും. ക്ലാസ്സിൽ അടങ്ങി ഇരിക്കുന്നില്ല എന്ന പരാതി വീട്ടിലേക്ക് വിളിച്ചു പറഞ്ഞാൽ വീട്ടുകാർ തീർക്കുമെന്ന് അദ്ധ്യാപകരും അത് സ്കൂളിൽ നിന്ന് പഠിപ്പിക്കേണ്ടതല്ലേയെന്ന് വീട്ടുകാരും തമ്മിൽ തല്ലുന്നത് ഇപ്പോഴേ കാണുന്നതാണ്. ഇത് രണ്ടിടത്തുനിന്നും പഠിക്കേണ്ടതാണ്. കുട്ടികൾ കണ്ടും കേട്ടുമാണ് ജീവിക്കാൻ പഠിക്കുന്നത്. അവരുടെ കഴിവുകൾ മാതൃകകളിലൂടെയാണ് വളരുന്നത്. അധ്യാപകരോ വീട്ടുകാരോ സമൂഹമോ എന്ത് കാണിച്ചു കൊടുക്കുന്നുവോ എന്ത് പറഞ്ഞു കൊടുക്കുന്നുവോ അതാണ് കുഞ്ഞുങ്ങൾ സ്വാംശീകരിക്കുന്നത്. നമ്മുക്ക് മാതൃകകൾ കുറവാണ്, പ്രത്യേകിച്ച് പെരുമാറ്റ മര്യാദകളെ കുറിച്ച്. എത്രനേരം വേണമെങ്കിലും ഫോണും പിടിച്ചിരുന്നോളൂ ബഹളം വെക്കരുത്, എത്ര വേണമെങ്കിലും അനങ്ങാപ്പാറയായി സ്ക്രീനൊട്ടി ഇരുന്നോളൂ ഭക്ഷണം വായിലൂടെ വയറ്റിലെതിയാൽ മതി എന്ന പാഠം കുഞ്ഞുങ്ങൾ എങ്ങനെയാണ് പഠിച്ചത്? ഒരു പൊതുസ്ഥലത്ത് ഫോണിലൂടെ നടത്തുന്ന ശബ്ദമലിനീകരണം സ്വാഭാവികമാണ്, സ്വാതന്ത്ര്യമാണ് എന്ന് കുഞ്ഞുങ്ങൾ എവിടെ നിന്നാവും പഠിച്ചത്? മുന്നിലിരിക്കുന്ന ജീവനും ഓജസുമുള്ള ജീവിയെ കാണാതെ നിർജ്ജീവമായ ഉത്തേജനങ്ങളിൽ മുഴുകിയിരിക്കാമെന്ന് ബിരുദാനന്തരബിരുദം പഠിക്കുന്ന കുട്ടികളെ പോലും ആരാണ് ശീലിപ്പിച്ചത്?

മാതൃകകൾ കുറവാണ്, വളരെ കരുതലോടെ കൂട്ടായ്മയോടെ മാത്രമേ കുട്ടികളിൽ സംഭവിക്കാൻ പോകുന്ന അറിവിന്റെ വിടവുകൾ (learning gap/delay) നികത്താൻ കഴിയുകയുള്ളൂ. വീടുകളിൽ നിന്ന് നിർബന്ധമായും കുട്ടികൾക്ക് നൽകപ്പെടുന്ന സ്ക്രീൻ ഉത്തേജനങ്ങൾ നിർത്തപ്പെടണം. ഓടിയും ചാടിയും പരസ്പരം ഇടപഴകിയും തലകുത്തി മറിഞ്ഞും ഇടിച്ചും പിഴിഞ്ഞും കുഴച്ചും തേച്ചും ആടിയും ഇഴഞ്ഞും എറിഞ്ഞും പിടിച്ചും പറഞ്ഞും കേട്ടും സൈക്കിൾ ചവിട്ടിയും ഊഞ്ഞാലാടിയും മതിലിലും മരത്തിലും കയറിയും മണ്ണിലും മഴയിലും ഇറങ്ങിയും ആണ് കുട്ടികൾ വളരേണ്ടത്. ഇതൊരു ഗതകാല സ്മരണയുടെ അയവിറക്കൽ അല്ല, ഇത്തരത്തിൽ മാത്രമേ വളരൂ എന്ന സംവിധാനത്തിൽ നിർമ്മിക്കപ്പെട്ട ഒരു തലച്ചോറിന്റെ, ഇത്തരത്തിലുള്ള ഉപയോഗത്തിലൂടെ മാത്രമേ വളർന്ന് ഉറയ്ക്കൂ എന്ന സംവിധാനത്തിൽ നിർമ്മിക്കപ്പെട്ട പേശികളുടെ, കാഴ്ചയുടെ, ഭാഷയുടെ, ബയോളജിയുടെ ഗതികേടാണ്. സമയം പോകുന്നില്ല എന്നൊരു കുട്ടിയും പരാതി പറഞ്ഞിരുന്നില്ല എന്നൊരു കാലം മനുഷ്യകുലത്തിന് ഉണ്ടായിരുന്നു. എപ്പോഴും കളിച്ചിരുന്നവരാണ് കുട്ടികൾ, ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾ വെച്ച് ഒറ്റയ്ക്കോ സഹോദരങ്ങളോടു കൂടെയോ, മുതിരുമ്പോൾ അടുത്ത വീടുകളിലെ കൂട്ടുകാരുമായോ, സ്കൂളിൽ സഹപാഠികളുമായും അങ്ങനെ എപ്പോഴും കളിച്ചിരുന്നവരാണ് കുട്ടികൾ, അതാണ് അവർക്ക് പഠനത്തിനുള്ള ഏറ്റവും ഉത്തമമായ നിലം.

കുട്ടികളെ ക്ഷമ, സാവകാശം എന്നിവ ആദ്യം പഠിപ്പിക്കേണ്ടി വരും. കണ്ണുതുറന്ന് കാണാനും വായ തുറന്നു സംസാരിക്കാനും പഠിപ്പിക്കേണ്ടിവരും, കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും നിരാശപ്പെടാനും ഒക്കെ ആരോഗ്യപരമായ രീതികളുണ്ട് എന്നത് പഠിപ്പിക്കേണ്ടിവരും; തലച്ചോറിന്റെ ഉപയോഗങ്ങൾ സർഗ്ഗശേഷി, ക്രിയാത്മകത, ഓർമ്മശക്തി, ശ്രദ്ധ, സാഹചര്യവുമായി ഇണങ്ങാനുള്ള വഴക്കം, ഇത്തരത്തിലും പഠിപ്പിക്കേണ്ടി വരും. ഇതെല്ലാം കഴിഞ്ഞാലേ എഴുത്തും വായനയും അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും കണക്കും സയൻസും ഭാഷയും പദ്യവും പാട്ടും ഒക്കെ പഠിക്കാനുള്ള പാകത്തിലേയ്ക്ക് കുഞ്ഞുങ്ങൾ എത്തുകയുള്ളൂ.

ഇത് അധ്യാപകരുടെയോ വിദ്യാലയങ്ങളുടെയോ മാത്രം ഉത്തരവാദിത്തമല്ല. ലോക്ക്ഡൗൺ കാലത്തിനു ശേഷം വന്നിരിക്കുന്ന learning gap എന്തൊക്കെയാണെന്ന് കണ്ടെത്തണം, അതിന്റെ വിവരങ്ങൾ ശേഖരിച്ച് ഗ്രേഡ് അടിസ്ഥാനത്തിൽ രീതികൾ കണ്ടെത്തണം. പോരായ്മകൾ മറികടക്കാനുള്ള വഴികൾ വിദഗ്ധ സമിതികൾ തീരുമാനിക്കണം, അതിനുള്ള പോളിസികൾ ഉണ്ടാക്കണം, അധ്യാപകർക്ക് പരിശീലനം നൽകണം, നടപ്പിലാക്കണം, സമൂഹം ഇതിനായുള്ള ആവശ്യങ്ങൾ ഉന്നയിക്കണം, വീടുകളിലും, ചുറ്റുപാടുകളിലും കൂട്ടായ്മകളിലും കുഞ്ഞുങ്ങൾക്ക് വളരാൻ ഉതകുന്ന നിലങ്ങളുണ്ടാക്കണം, കരിക്കുലം ക്രമീകരിക്കണം, പരീക്ഷകളും പരിശോധനകളും ക്രമീകരിക്കണം. എല്ലാത്തിനുമുപരി അദ്ധ്യാപകരും മാതാപിതാക്കളും തമ്മിൽ കുട്ടികളെക്കുറിച്ചുള്ള കാര്യങ്ങളിൽ കൃത്യമായ ആശയവിനിമയം നടക്കണം. കോവിഡ് മഹാമാരി ഭൂതകാലത്തിൽ എത്തിയെങ്കിലും വിദ്യാഭ്യാസ മേഖലയിൽ അതുയർത്തിയ അനുരണനങ്ങൾ ഇപ്പോഴുമുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അധികാരികളുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ വിദ്യാഭ്യാസത്തിൽ വന്ന വരുന്ന വിടവുകൾ നികത്താൻ കഴിയുകയുള്ളൂ. പിന്നിലാക്കപ്പെട്ട ഒരു കുട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല ഇത്, ഒരു കുട്ടിയും പിന്നിലാകാതെ നോക്കേണ്ട ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 4 =

Most Popular