Wednesday, December 4, 2024

ad

Homeലേഖനങ്ങൾസോഷ്യലിസത്തേയും മതേതരത്വത്തെയും ഉയർത്തിപ്പിടിക്കുന്ന പരമോന്നത കോടതി

സോഷ്യലിസത്തേയും മതേതരത്വത്തെയും ഉയർത്തിപ്പിടിക്കുന്ന പരമോന്നത കോടതി

അഡ്വ. ജി സുഗുണൻ

1976‐ലെ 42‐ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനം പിടിച്ചത്. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയുടെ നാലാം അധ്യായമായ നിർദ്ദേശക തത്വങ്ങളെ പ്രകടമായി തന്നെ കാണാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1954‐ൽ പാർലമെന്റ് സോഷ്യലിസ്റ്റ് സാമൂഹിക ക്രമമെന്ന ആശയം ഒരു പ്രതേ്യക പ്രമേയം വഴി അംഗീകരിച്ചത്. 42‐ാം ഭരണഘടനാ ഭേദഗതിയോടൂകൂടി സോഷ്യലിസം എന്ന അടിസ്ഥാന തത്വം പ്രത്യക്ഷമായി തന്നെ സ്ഥാനം പിടിച്ചു.

ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യയുടെ ലക്ഷ്യം. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതിനോടൊപ്പം അടിസ്ഥാനപരമായ മാനവികാവകാശങ്ങൾ അന്യൂന്യം പരിരക്ഷിക്കുകയുമാണ് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത. ഈ ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് എന്ന പദം കൂട്ടിച്ചേർത്തത്.

ഒരു മതേതര രാഷ്ട്രം (Secular State) സ്ഥാപിക്കുവാനാണ് ഭരണഘടന ആരംഭത്തിൽ തന്നെ ലക്ഷ്യമിട്ടിരുന്നത്. മതേതര രാഷ്ട്രമെന്ന ആശയത്തിൽക്കൂടി ഭരണഘടന എന്താണ് വിഭാവന ചെയ്തിരിക്കുന്നത്? മതത്തിന്റേയോ ജാതിയുടേയോ വർഗ്ഗത്തിന്റേയോ (വംശീയത) പേരിൽ രാഷ്ട്രം യാതൊരുവിധമായ വിവേചനവും കാണിക്കുകയില്ലെന്നും ഏത് മതവിശ്വാസിക്കും തുല്യപരിഗണന ലഭിക്കുമെന്നുമാണ്. ഒരു പ്രതേ്യക മതവും രാഷ്ട്രത്തിന്റെ ഔദേ്യാഗിക മതമായി മുദ്രകുത്തപ്പെടുകയോ, ആ നിലയിലുളള സംരക്ഷണമോ പ്രതേ്യക പദവിയോ അർഹിക്കുന്നതായി പരിഗണിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഒരു പ്രതേ്യക മതത്തിൽ വിശ്വസിക്കുകയും അതിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരിൽ പൗരരോട്‌ രാഷ്ട്രം യാതൊരുവിധ വിവേചനവും കാണിക്കുന്നതല്ല. അതിന്റെ പേരിൽ ആർക്കും പ്രതേ്യകമായ ആനൂകൂല്യമോ പദവിയോ ലഭിക്കുന്നതുമല്ല. ചുരുക്കത്തിൽ പൗരരുടെ മതപരമായ വീക്ഷണമോ വിശ്വാസമോ രാഷ്ട്രത്തിന്റെയോ, അതിന്റെ ഏജൻസികളുമായോ ഉളള ബന്ധത്തിൽ അനുകൂലമായോ, പ്രതികൂലമായോ ഒരിക്കലും കണക്കിലെടുക്കുന്നതല്ല. ഭരണഘടനയിലെ മതേതരത്വം ഇതാണ് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്.

ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകൾ നിലനിൽക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. ഈ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിയാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാനവിധി. ഇന്ത്യയിടെ സോഷ്യലിസം എന്നത് മറ്റു രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രമെന്നാണ് അർത്ഥമാക്കുന്നത്. രാജ്യത്തെ സോഷ്യലിസം സ്വകാര്യമേഖലയെ ഒരിക്കലും തടഞ്ഞിട്ടില്ല. നമുക്ക് എല്ലാവർക്കും സോഷ്യലിസത്തിന്റെ പ്രയോജനം ലഭിച്ചെന്നും ബഞ്ച് പറഞ്ഞു. ഭരണഘടനഭേദഗതിചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സോഷ്യലിസം അർത്ഥമാക്കുന്നത്‌ സമത്വവും രാജ്യത്തിന്റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങൾ സോഷ്യലിസത്തിനു നൽകുന്ന അർത്ഥം നമ്മൾ എടുക്കേണ്ടതില്ലെന്നും ഹർജിക്കാർക്ക് മറുപടിയായി ജസ്റ്റിസ് ഖന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ് ആർ ബൊമ്മൈ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുളളതാണ്. 1976 ൽ നടന്ന ഭേദഗതിയിൽ ഇപ്പോൾ പ്രശ്നമുന്നയിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് നേരത്തെ കേസ് പരിഗണിച്ച വേളയിലും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാവാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. അവസര സമത്വവും ക്ഷേമവും ഉറപ്പാക്കാനുളള പ്രതിബദ്ധതയാണ് “സോഷ്യലിസ്റ്റ്’ എന്ന വാക്കിലുളളത്. വലതോ ഇടതോ ആയ ഏതെങ്കിലും സാമ്പത്തിക നയമോ, രീതിയോ ഭരണഘടനയും അതിന്റെ ആമുഖവും അടിച്ചേൽപ്പിക്കുന്നില്ല.

സമത്വം, സാഹോദര്യം, അന്തസ്സ്, അഭിപ്രായ സ്വാതന്ത്ര്യം സാമൂഹിക‐സാമ്പത്തിക‐രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്. ഈ നിരീക്ഷണത്തെ ശരിവെയ്ക്കുന്ന ഭരണഘടന വകുപ്പുകളും വിധിന്യായങ്ങളും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജികൾ കോടതിയുടെ വിശദപരിശോധന അർഹിക്കുന്നില്ലെന്നും വിശദമായ വിധിന്യായം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജികൾ സുപ്രീംകോടതി തളളിയത്.

സെക്കുലർ എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമ്മാണ സഭയിൽ ചിലർ വിലയിരുത്തിയതെന്നും കോടതി പറഞ്ഞു. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിനും മാറ്റം വന്നു. ഭരണകൂടം ഒരു മതത്തേയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപംപ്രാപിച്ചു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്നും കേശവാനന്ദഭാരതി, എസ്.ആർ ബൊമ്മൈ കേസുകളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യലിസ്റ്റ് എന്ന വാക്ക് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ തടസ്സപ്പെടുത്തുമെന്ന വാദം ഇന്ത്യൻ സാഹചര്യത്തിൽ ചേരില്ല. ഏതെങ്കിലും പ്രതേ്യക സാമ്പത്തിക നയം പിൻതുടരണമെന്ന് ഭരണഘടന നിഷ്ക്കർഷിക്കുന്നില്ല. സോഷ്യലിസം എന്നത് ക്ഷേമരാഷ്ട്രവും, അവസര സമത്വവും എന്നാണ് പൊതുവെ അർത്ഥമാക്കുന്നത്. സോഷ്യലിസത്തെ സാമ്പത്തിക നയം മാത്രമായി ചുരുക്കി വ്യാഖ്യാനിക്കാനാവില്ലെന്നും അവസര സമത്വതമുളള ക്ഷേമരാഷ്ട്രത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും കോടതി എടുത്തുപറയുകയും ചെയ്തു. സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സ്വകാര്യ സംരംഭങ്ങളെ ഇതു തടയുന്നില്ലെന്നും സുപ്രീം കോടതി വിധിയിൽ എടുത്തു പറഞ്ഞു.

ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, അശ്വിനി കുമാർ ഉപാധ്യായ, ഗ്യാൻവാപി ഷാഹി ജൂമാ മസ്ജിദ് കേസുകളിലെ പരാതിക്കാരനായ വിഷ്ണുശങ്കർ ജെയിൻ എന്നിവരുൾപ്പെടെയുളളവരാണ് ഹർജിക്കാർ. 1976‐ൽ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ്, സെക്കൂലർ (മതേതരം) എന്നീ വാക്കുകൾ ചേർത്തതിനെയാണ് അവർ ചോദ്യം ചെയ്തത്. സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേസിൽ കക്ഷി ചേർന്നിരുന്നു.

സോഷ്യലിസം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യം കുറയ്ക്കലാകുമെന്ന് പറഞ്ഞ് ഡോ. ബി ആർ അബേദ്കർ എതിർത്തിരുന്നുവെന്ന് അഡ്വ. വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. വാക്കുകൾ ഭരണഘടനയിൽ ചേർക്കുന്നതിനോട് എതിർപ്പെല്ലെന്നും ആമുഖത്തിൽ ഉൾപ്പെടുത്തിയതാണ് ചോദ്യംചെയ്യുന്നതെന്നും അശ്വിനി കുമാർ ഉപാധ്യായ വാദിച്ചു.

ഭരണഘടനയിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുളള ശ്രമം ബി.ജെ.പി യുടെ ഭാഗത്തുനിന്നും നിരവധി തവണ ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതിയിലെ ഹർജികളും ഇതിന്റെ ഭാഗമായിട്ടായിരുന്നു. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം നേരത്തെ ബെഞ്ച് നിരസിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഖന്ന കഴിഞ്ഞദിവസം ഉത്തരവിറക്കാനിരിക്കെ ചില അഭിഭാഷകരുടെ ഭാഗത്തുനിന്നും തടസങ്ങൾ ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുകയായിരുന്നു.

മതേതരത്വവും സോഷ്യലിസവും ഒന്നും പ്രായോഗികമാക്കുകയോ, പ്രായോഗികമാക്കാൻ കാര്യമായി ശ്രമിക്കുകയോ ഒന്നും ഇന്ത്യൻ ഭരണകൂടങ്ങൾ നാളിതുവരെ തയ്യാറായിട്ടില്ലെങ്കിലും ഭരണഘടനയിൽ ഇതുൾപ്പെടുത്തിയിട്ടുള്ളത് രാജ്യത്തെ ജനകോടികൾക്ക് വലിയ പ്രതീക്ഷ പകർന്നു നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സോഷ്യലിസവും സമത്വവും നമ്മുടെ ഭരണഘടനയിൽ നിലനിർത്താനുള്ള പരമോന്നതകോടതിയുടെ സുപ്രധാനമായ തീരുമാനം എന്തുകൊണ്ടും ഐതിഹാസികമായ ഒന്നാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + one =

Most Popular