“ഫാസിസത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി തൊഴിലാളികളുടേതായ ഒരു ഐക്യമുന്നണി രൂപീകരിക്കുക എന്നതാണ് അടിയന്തരമായി നിര്‍വഹിക്കേണ്ട കടമ. എങ്കില്‍ മാത്രമേ അടിമയാക്കപ്പെടുന്നവരെ, ചൂഷിതരെ, അവരുടെ സംഘടിതശക്തിയെ, അവരുടെ ഭൗതികമായ നിലനില്‍പ്പിനെ സംരക്ഷിക്കാനാവുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ഈ ചരിത്രപരമായ ദൗത്യത്തിനു മുന്നില്‍ രാഷ്ട്രീയവും ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ടതും മതപരവും പ്രത്യയശാസ്ത്രപരവുമായ എല്ലാ ഭിന്നിപ്പുകളും നാം മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ ഭീഷണിപ്പെടുത്തപ്പെടുകയാണ് എന്നു തോന്നുന്ന എല്ലാവരും, ദുരിതമനുഭവിക്കുന്ന എല്ലാവരും, വിമോചനത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാവരും, ഫാസിസത്തിനും ഗവണ്‍മെന്റിലെ അതിന്റെ പ്രതിനിധികള്‍ക്കുമെതിരായ ഐക്യമുന്നണിയില്‍ ഉണ്ടാകണം. ഫാസിസത്തിനെതിരായ തൊഴിലാളികളുടെ ദൃഢനിശ്ചയമായിരിക്കണം, പ്രതിസന്ധികള്‍ക്കും സാമ്രാജ്യത്വയുദ്ധങ്ങള്‍ക്കും അതിന്റെ കാരണമായ മുതലാളിത്ത ഉത്പാദനോപാധികള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഈ ഐക്യമുന്നണിയ്ക്കുണ്ടായിരിക്കേണ്ട അനുപേക്ഷണീയമായ മുന്നുപാധി’.
സാര്‍വദേശീയ തൊഴിലാളിവര്‍ഗ വിപ്ലവകാരിയായ ക്ലാര സെത്കിന്റെ വാക്കുകളാണിത്. ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ശക്തി ജര്‍മനിയെ മൂടുന്നത് മുന്‍കൂട്ടിക്കണ്ട് 1932ല്‍ ജര്‍മന്‍ പാര്‍ലമെന്റായ റീഷ്താഗിലെ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഫാസിസത്തിനെതിരെ കണിശമായ യുദ്ധപ്രഖ്യാപനം നടത്തുന്ന ആ ധീരവിപ്ലവകാരിയുടെ വാക്കുകൾ. തനിക്കു ചുറ്റും നില്‍ക്കുന്ന, ഏറിയ പങ്കും ഫാസിസ്റ്റനുകൂലികളായ പാര്‍ലമെന്റംഗങ്ങളുടെ കണ്‍മുന്നില്‍ നിന്നുകൊണ്ടുതന്നെ, ഹിറ്റ്ലറുടെ അനുയായികളില്‍ പ്രധാനിയായ പ്രസിഡന്റ് പോൾവോൺ ഹിന്‍ഡന്‍ബര്‍ഗിന്റെ നേര്‍ക്കു വിരല്‍ചൂണ്ടിക്കൊണ്ട് ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലാ വിഭാഗം ജനങ്ങളുമുള്‍ക്കൊള്ളുന്ന ഒരു ഐക്യമുന്നണി ഉണ്ടാകണമെന്നും, ആ ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ ആസന്നമായിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്യുകയാണവര്‍.
ചൂഷണാധിഷ്ഠിത വ്യവസ്ഥിതിയോടുള്ള വിയോജിപ്പും പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചയുംകൊണ്ട് സമ്പന്നമായൊരു പോരാട്ടത്തിന്റെ ചരിത്രമാണ് ക്ലാര സെത്കിന്‍ എന്ന വിപ്ലവകാരിയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നത്. ഉള്‍ക്കരുത്തിന്റെ, ദൃഢനിശ്ചയത്തിന്റെ, പ്രവര്‍ത്തനോത്സുകതയുടെ ധീരമായ ജീവിതം. ജര്‍മനിയിലെ ഒരു ചെറിയ ഗ്രാമമായ വിദറുവില്‍ 1857 ജൂലൈ 15നായിരുന്നു ക്ലാര സെത്കിന്‍ ജനിച്ചത്. ദരിദ്രകുടുംബത്തില്‍ ജനിച്ചുവെങ്കിലും സ്വപ്രയത്‌നംകൊണ്ട് അധ്യാപകനും ഓര്‍ഗനിസ്റ്റും ആയിത്തീര്‍ന്ന ഗോട്ട്ഫ്രീഡ് എയ്സ്‌നറും മധ്യവര്‍ഗ ലീപ്‌സിഗ് കുടുംബാംഗമായിരുന്ന ജോസഫൈന്‍ വൈറ്റ്ലെയുമായിരുന്നു ക്ലാരയുടെ മാതാപിതാക്കള്‍.
പിതാവ് ഗോട്ട്ഫ്രീഡ് എയ്സ്നര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട, യാഥാസ്ഥിതിക ചിന്താഗതികള്‍ വച്ചുപുലര്‍ത്തിയിരുന്ന ഒരാളായിരുന്നു. അതേസമയം ക്ലാരയുടെ അമ്മ ജോസഫൈന്‍ വൈറ്റ്ലെ അക്കാലത്ത് വിദ്യാഭ്യാസം നേടുകയും ഫ്രഞ്ച് വിപ്ലവാശയങ്ങളായ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും അടിയുറച്ചു വിശ്വസിക്കുകയും ചെയ്തിരുന്ന സ്ത്രീയായിരുന്നു. സ്ത്രീകള്‍ക്ക് പരിപൂര്‍ണമായ സാമ്പത്തികസമത്വവും വിദ്യാഭ്യാസവും ലഭിക്കുന്നതിനുവേണ്ടി അവര്‍ ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കുട്ടിയായ ക്ലാരയില്‍ വിപ്ലവത്വരയുണര്‍ത്തിയത് അവളുടെ അമ്മ തന്നെയാണ്; സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ക്ലാരയില്‍ നാട്ടിയതും ജോസഫൈന്‍ വൈറ്റ്ലെ ആയിരുന്നു.
ഗ്രാമത്തിലെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന ക്ലാരയ്ക്ക് പിതാവിന്റെ ട്യൂഷന്‍ ക്ലാസും ലഭിച്ചിരുന്നു. അവള്‍ പഠനത്തില്‍ ബഹുമിടുക്കിയായിരുന്നു. 1872ല്‍ ഗോട്ട്ഫ്രീഡ് എയ്സ്നര്‍ വിരമിച്ചതിനുശേഷം ആ കുടുംബം ലീപ്സിഗിലേക്ക് താമസം മാറ്റി. ലീപ്സിഗിലെ എയ്സ്നര്‍ കുടുംബത്തിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു; എയ്സ്നറുടെ തുച്ഛമായ പെന്‍ഷന്‍ തുക മാത്രമായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം.
ക്ലാരയുടെ ബൗദ്ധികമായ കഴിവില്‍, പഠനത്തില്‍ അവര്‍ പുലര്‍ത്തിയിരുന്ന മികവില്‍ ആകൃഷ്ടയായ അധ്യാപിക അഗസ്റ്റ് ഷിമിഡ് അവളുടെ പഠനത്തെ പ്രോത്സാഹിപ്പിച്ചു. അവളുടെ കുടുംബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ അഗസ്റ്റ് ഷിമിഡ് ലീപ്സിഗിലെ വാന്‍സ്റ്റെയ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാരയ്ക്ക് സൗജന്യമായി ടീച്ചേഴ്സ് ട്രെയിനിങ്ങിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലുവര്‍ഷം ക്ലാരയില്‍ ബൗദ്ധികമായ പുത്തനുണര്‍വ് ഉണ്ടാക്കിയ കാലമായിരുന്നു. എല്ലാ രംഗങ്ങളിലും, -ചരിത്രത്തിലും സാഹിത്യത്തിലും പിന്നെ ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും – മികച്ച പ്രാവീണ്യം നേടാന്‍ ഈ നാലുവര്‍ഷം ക്ലാരയെ സഹായിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറെ പ്രബലമായിരുന്ന ഫ്രഞ്ച് വിപ്ലവാശയങ്ങളിലൊന്ന് സ്ത്രീകളുടെ തുല്യതയും അതിനായുള്ള പ്രവര്‍ത്തനവുമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീസമത്വവുമായി ബന്ധപ്പെട്ട ഒട്ടേറെ സംവാദങ്ങളില്‍ ക്ലാര അക്കാലത്ത് പങ്കാളിയാവുകയും, ലീപ്സിഗ് വിമന്‍സ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുമായും നാഷണല്‍ അസോസിയേഷന്‍ ഓഫ് ജര്‍മന്‍ വിമനുമായും ബന്ധം സ്ഥാപിക്കുകയും ചെയ്തു. തന്റെ അധ്യാപികയായ അഗസ്റ്റ് ഷിമിഡിന്റെ വീടുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ക്ലാരയ്ക്ക് ലൂയി ഓട്ടോയുമായി സംവാദം നടത്തുവാന്‍ സാധിച്ചതും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനുള്ള ക്ലാരയുടെ താല്‍പ്പര്യം ശക്തിപ്പെടുന്നതിനിടയാക്കി.
അഗസ്റ്റ് ഷിമിഡ് ഒരു ബൂര്‍ഷ്വാ ലിബറല്‍ ആയിരുന്നുവെങ്കിലും ക്ലാരയില്‍ സോഷ്യലിസത്തിനോടുള്ള താല്‍പ്പര്യം ആദ്യമായി ഉണര്‍ത്തിയത് അവരുടെ ക്ലാസുകളായിരുന്നു. ക്ലാര വളരെ ഗഹനമായ വായനയില്‍ മുഴുകി; സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പത്രവും ലഘുലേഖകളും, ഫെര്‍ഡിനാന്‍ഡ് ലസാലിന്റെ കൃതികളുമെല്ലാം ക്ലാരയിലെ വിദ്യാര്‍ഥി ആഴത്തില്‍ വായിച്ചറിഞ്ഞു. 1878ല്‍ സ്റ്റെയ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ക്ലാര ഡിസ്റ്റിങ്ഷനോടുകൂടി പഠനം പൂര്‍ത്തിയാക്കി; അധ്യാപകവൃത്തിക്കുള്ള യോഗ്യത നേടി. അക്കാലത്താണ് ലീപ്സിഗില്‍ ജീവിച്ചിരുന്ന ഒരു കൂട്ടം റഷ്യന്‍ വിദ്യാര്‍ഥികളെയും കുടിയേറ്റക്കാരെയും ക്ലാര കണ്ടുമുട്ടുന്നത്. അവരുമായി കൂടുതല്‍ അടുത്ത ക്ലാര അവരിലൂടെ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്‌പിഡി)യുമായി ബന്ധം സ്ഥാപിക്കുകയും അതിന്റെ യോഗങ്ങളിലും ക്ലാസുകളിലും പങ്കെടുക്കുകയും ചെയ്തു; എസ്‌പിഡിയുടെ സ്ഥാപകനേതാക്കളിലൊരാളായ വില്ല്യം ലീബ്നെഹ്ക്ടിനെ ക്ലാര പരിചയപ്പെടുന്നതിക്കാലത്താണ്.
ക്ലാരയുടെ പുതിയ സൗഹൃദങ്ങള്‍ അവളുടെ അധ്യാപികയ്ക്കും അമ്മയ്ക്കും സഹോദരിമാര്‍ക്കും സ്വീകാര്യമായിരുന്നില്ല. സ്ത്രീയെന്ന നിലയില്‍ മാത്രമുള്ള കേവലസ്വാതന്ത്ര്യബോധത്തിനപ്പുറം കൂടുതല്‍ വിപുലമായ വിപ്ലവബോധത്തിലേക്ക് ഈ സൗഹൃദങ്ങള്‍ ക്ലാരയെ കൊണ്ടുപോകുമോ എന്നവര്‍ ഭയന്നു. അവരുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ സ്വന്തം കുടുംബത്തെതന്നെ ഉപേക്ഷിക്കുകയാണ് ക്ലാര ചെയ്തത്. വിപ്ലവാത്മകമായ തന്റെ ജീവിതത്തില്‍ വിലക്കിന്റെ ആദ്യത്തെ കണ്ണി ക്ലാര പൊട്ടിച്ചെറിയുന്നതിവിടെയാണ്. അറിവിനോട്, യാഥാര്‍ഥ്യത്തോട് ഉള്ള അവരുടെ അടങ്ങാത്ത അന്വേഷണത്വരയും, ഉയര്‍ന്ന സാമൂഹികബോധവുമൊക്കെ അക്കാലത്ത് അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നതിന് ക്ലാരയെ പ്രേരിപ്പിച്ചിരിക്കണം.
അപ്പോഴേക്കും ക്ലാര, പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു അധ്യാപകനെ കണ്ടുമുട്ടിയിരുന്നു‐ – ഒസിപ് സെത്കിന്‍. ഒരു തികഞ്ഞ മാര്‍ക്സിസ്റ്റായിരുന്ന ഒസിപ് സെത്കിനാണ് ക്ലാരയ്ക്ക് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും പുസ്തകങ്ങള്‍ വായിക്കുവാന്‍ നല്‍കിയത്. ലീപ്സിഗില്‍ താമസമാക്കിയിരുന്ന അദ്ദേഹം ഒഡേസയില്‍ നിന്നുള്ള ഒരു റഷ്യന്‍ കുടിയേറ്റക്കാരനായിരുന്നു. വിപ്ലവസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആ മരപ്പണിക്കാരനാണ് ക്ലാര എന്ന തുടക്കക്കാരിയിലെ ചിതറിക്കിടന്ന ബൗദ്ധിക സമ്പത്തിനെ വൈരുധ്യാത്മക ഭൗതികവാദത്തിലേക്കും മാര്‍ക്സിസത്തിലേക്കും വഴിതിരിച്ചുവിട്ടത്. മാര്‍ക്സിസത്തിന്റെ പാഠങ്ങള്‍ വായിച്ചറിഞ്ഞ ക്ലാര ഒസിപ് സെത്കിനോടൊപ്പം ലീപ്സിഗ് വര്‍ക്കേഴ്സ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ക്ലാസുകള്‍ക്കു പോകുകയും പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. അദ്ദേഹം ക്ലാരയെ തൊഴിലാളികള്‍ക്കിടയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. വിദ്യാര്‍ഥികളല്ല, തൊഴിലാളിവര്‍ഗമാണ് വിപ്ലവപ്രസ്ഥാനത്തെ നയിക്കേണ്ടത് എന്ന പൂര്‍ണബോധ്യം ക്ലാര എയ്സ്നര്‍ക്കുണ്ടായത് അങ്ങനെയാണ്-. 1878 മധ്യത്തോടുകൂടിതന്നെ ക്ലാര സ്വയം സോഷ്യലിസത്തെ വരിച്ചുകഴിഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിയിരുന്നില്ലെങ്കിലും ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ക്ലാര അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ആശയപരമായ ഉള്‍ക്കാഴ്ചകൊണ്ടും പ്രസംഗമികവുകൊണ്ടും പാര്‍ട്ടിക്കുള്ളില്‍ ക്ലാര വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു.
ക്ലാര എയ്സ്നറെ പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചയിലേക്ക് എത്തിപ്പെടുന്നതിനു സഹായിച്ച ഒസിപ് സെത്കിന്‍ പില്‍ക്കാലത്ത് അവരുടെ ജീവിതപങ്കാളിയായി എന്നതും ചരിത്രം. 1878 ഒക്ടോബറില്‍ ജര്‍മനിയില്‍ ബിസ്മാര്‍ക്ക് സോഷ്യലിസ്റ്റുവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയതോടെ രാജ്യം വിട്ടുപോകേണ്ടിവന്ന ഒസിപ് സെത്കിനെ അനുഗമിക്കാന്‍ ക്ലാര തീരുമാനിക്കുകയായിരുന്നു. അവര്‍ ആദ്യം ഓസ്ട്രിയയിലേക്കും പിന്നീട് സൂറിച്ചിലേക്കും അവിടെ നിന്നും പാരീസിലേക്കും (1882) കടന്നു. അവിടെവച്ചാണ് ഒസിപ് സെത്കിനും ക്ലാരയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ക്ലാര എയ്സ്നര്‍ ക്ലാര എയ്സ്നര്‍ സെത്കിന്‍ ആകുന്നത്. കോസ്ജയും മാക്സിമുമായിരുന്നു അവരുടെ മക്കള്‍.
സെത്കിന്‍ കുടുംബത്തിന്റെ പാരീസിലെ ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളും പരാധീനതകളും അവര്‍ ഇരുവരെയും ഒട്ടുംതന്നെ തളര്‍ത്തിയിരുന്നില്ല. ജീവിതമാര്‍ഗത്തിനുള്ള പണത്തിനുവേണ്ടി അവരിരുവരും ആനുകാലികങ്ങളില്‍ എഴുതിയും വിവര്‍ത്തനം ചെയ്തും നന്നേ അധ്വാനിച്ചു. ഇതിനുപുറമേ ക്ലാര കുട്ടികള്‍ക്കു ട്യൂഷനെടുക്കുകയും ചെയ്തു. വീട്ടുകാരിയുടെയും അമ്മയുടെയും കര്‍ത്തവ്യങ്ങൾ നിറവേറ്റുന്നതിനൊപ്പമാണ് അവര്‍ ഇത്രയധികം ജോലികള്‍ നിര്‍വഹിച്ചത്. 1885 ജൂണില്‍ വീട്ടുവാടക നല്‍കാത്തതുമൂലം ഉടമസ്ഥന്‍ സെത്കിന്‍ കുടുംബത്തെ ഇറക്കിവിടുകപോലുമുണ്ടായി. അത്രമേല്‍ കടുത്ത ദാരിദ്ര്യമാണ് ക്ലാരയും കുടുംബവും നേരിട്ടിരുന്നതെന്നു സാരം. എന്നാല്‍ ഇത്രയേറെ കഷ്ടപ്പാടുകളും ദുരിതവുമൊക്കെയുണ്ടായിട്ടും അവരിരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍നിന്നും പിന്നോട്ടുപോയിരുന്നില്ല. ക്ലാര സെത്കിന്‍ എന്ന വ്യക്തി ആത്മാവുകൊണ്ടുതന്നെ ഒരു പരിപൂര്‍ണ രാഷ്ട്രീയ ജീവിയായിരുന്നു എന്നതാണ് സത്യം. ജീവിതത്തിന്റെ ഏതവസ്ഥയിലും, ഏതിടങ്ങളിലും, സ്വദേശത്തോ വിദേശത്തോ എവിടെ ആയിരുന്നാലും, അവര്‍ തന്റെ സാമൂഹികവും രാഷ്ട്രീയവുമായ കടമ നിര്‍വഹിക്കുന്നതില്‍ സദാ വ്യാപൃതയായിരുന്നു.
പാരീസിലെ ഈ ജീവിതകാലത്താണ് ക്ലാര കാറല്‍ മാര്‍ക്സിന്റെ മകളായ ലോറ ലഫാര്‍ഗിനെ കണ്ടുമുട്ടുന്നത്; അവരൊന്നിച്ച് ഒട്ടേറെ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. അധ്വാനിക്കുന്ന സ്ത്രീകളെ സോഷ്യലിസ്റ്റാശയങ്ങളോട് അടുപ്പിക്കുന്നതിന് അവര്‍ അക്ഷീണം പരിശ്രമിക്കുകയുണ്ടായി.
സാമ്പത്തികമായ പരിമിതികളും ദാരിദ്ര്യവും നിറഞ്ഞ ജീവിതം ക്ലാരയെ ക്ഷയരോഗത്തിന്റെ പിടിയിലാക്കുകയും അത് അതിരൂക്ഷമാവുകയും ചെയ്തു. ഈ സമയം മകളുടെ അവസ്ഥ മനസ്സിലാക്കിയ അമ്മ ജോസഫൈന്‍ വൈറ്റ്ലെ മകളെ തിരികെ വിളിച്ചു. കൂടുതല്‍ നല്ല ചികിത്സ കിട്ടുന്നതിനുവേണ്ടി ക്ലാര മക്കളെയുംകൂട്ടി ലീപ്സിഗിലേക്കു പോയി. l
(തുടരും)