ആർജി കർ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ നിഷ്‌ക്രിയത്വം തുടരുന്നതിനെതിരെ സിപിഐ എമ്മും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സോൾട്ട് ലേക്കിലെ (Salt Lake) സിബിഐ ഓഫീസിലേക്ക് നടത്തിയ വമ്പിച്ച റാലി ആവേശോജ്വലമായ രാഷ്‌ട്രീയ പ്രക്ഷോഭമായി മാറുന്നതിനാണ് കൊൽക്കത്ത നഗരം സാക്ഷ്യം വഹിച്ചത്. പശ്ചിമബംഗാളിനെയാകെ ഞെട്ടിച്ച, മൂന്നുമാസം മുന്പ് നടന്ന ആർജി കർ മെഡിക്കൽ കോളേിലെ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ നിഷ്‌ക്രിയത്വത്തിനെതിരായ വ്യക്തമായ ആഹ്വാനമായിരുന്നു ഇത്.
ഉയർന്നുപാറുന്ന ചെങ്കൊടികളുമേന്തി അന്തരീക്ഷത്തിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളുമായി ആയിരത്തോളം പ്രകടനക്കാർ നീതി ആവശ്യപ്പെട്ട് ഒത്തുകൂടി. സിബിഐ ഓഫീസ് പരിസരത്തുവെച്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. സിപിഐ എം നേതാക്കളുടെ വൈകാരികമായ പ്രസംഗങ്ങൾ കേട്ടുകൊണ്ട് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച പ്രതിഷേധക്കാരുടെ ആവേശത്തെ തളർത്താൻ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല.
റാലിയുടെ മുഖ്യകേന്ദ്രമായിരുന്ന സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തന്റെ പ്രസംഗത്തിൽ തൃണമൂൽ സർക്കാരിനെ അതിനിശിതമായി വിമർശിച്ചു. സംഭവത്തിൽ, സ്വന്തം പാർട്ടിയായ തൃണമൂലുമായി ബന്ധമുള്ളവരെ സംരക്ഷിക്കുന്നതിനായി മമത സർക്കാർ അന്വേഷണത്തിൽ മനഃപൂർവം ഇടപെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സത്യം മൂടിവെക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും പശ്ചിമബംഗാൾ സർക്കാർ പൊലീസ് രേഖകളിൽ കൃത്രിമം കാട്ടിയതായും അദ്ദേഹം ആരോപിച്ചു.
മുഹമ്മദ് സലിമിന്റെ വിമർശനം സംസ്ഥാന അധികാരികൾക്കെതിരെ മാത്രമായിരുന്നില്ല. അന്വേഷണത്തിന്റെ വ്യാപ്‌തി വിപുലമാക്കണമെന്നും ഡൽഹിയിലെയോ കൊൽക്കത്തയിലെയോ രാഷ്‌ട്രീയ ഇടനാഴികളിൽനിന്നുള്ള അനാവശ്യ സ്വാധീനത്തെ ചെറുക്കണമെന്നും അദ്ദേഹം സിബിഐയോടാവശ്യപ്പെട്ടു. ‘‘ഇരയാക്കപ്പെവൾക്കായുള്ള നീതി രാഷ്‌ട്രീയമായ അതിരുകൾക്കപ്പുറമാണ്. കേസ് അന്വേഷിക്കുന്നവർ ബാഹ്യസമ്മർദങ്ങൾക്കതീതരായിരിക്കുകയും അവരുടെ ഉത്തരവാദിത്തത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കുകയും വേണം‐ മുഹമ്മദ് സലിം ഊന്നിപ്പറഞ്ഞു.
ഈ വിഷയത്തിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കുന്നതിന് കേസ് തീർപ്പാക്കുന്ന സീൽഡ കോടതിക്ക് പുറത്ത് സമാധാനപരമായ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഹ്വാനം വ്യക്തമായിരുന്നു; ‘നീതിക്കായി അവിരാമം പോരാടണം. കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയും കുറ്റവാളിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം’.
സിപിഐ എമ്മിന്റെ ധാർമികരോഷം ഈ കുറ്റകൃത്യത്തിനപ്പുറം, നിലവിലെ ഭരണനിർവഹണത്തിന്റെയും വ്യവസ്ഥാപരമായ ജീർണതയുടെയും ആഴത്തിലുള്ള പ്രശ്‌നങ്ങളെ സ്‌പർശിക്കുന്നതായിരുന്നു. സർക്കാർ നടത്തുന്ന ആശുപത്രികൾ, പ്രത്യേകിച്ച് ആർജി കർ മെഡിക്കൽ കോളേജ്, അഴിമതി, ഭീഷണിപ്പെടുത്തൽ, മോശം പെരുമാറ്റം എന്നിവയുടെ വിളനിലമാണ്‐ മുഹമ്മദ് സലിം കുറ്റപ്പെടുത്തി. സ്ഥാപനപരമായ ഇത്തരം ജീർണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പൊതുജന വിശ്വാസ്യത ഇല്ലാതാക്കുമെന്നും സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ അപകടത്തിലാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘‘സത്യം കണ്ടെത്തുന്നതിനായുള്ള ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. നമ്മുടെ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വിലമതിക്കാനാകാത്തതാണ്. നീതി പുലരുന്നുവെന്ന് ഉറപ്പാകുംവരെ അതിനായുള്ള ഒരു ശ്രമവും നമ്മൾ ഒഴിവാക്കില്ല. ആവശ്യമെങ്കിൽ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്, നിലവിലെ ഭരണവാഴ്‌ചയെ ഞങ്ങൾ സമാധാനപരമായ മാർഗത്തിലൂടെ വെല്ലുവിളിക്കും’’‐ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ ശക്തിയുടെ തീവ്രതയെക്കുറിച്ച് സൂചന നൽകിക്കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്.
കേസിൽ ഒട്ടും പുരോഗതിയില്ലാത്തതിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി കടുത്ത നിരാശ പ്രകടിപ്പിച്ചു. സംഭവം നടന്ന് 100 ദിവസം പിന്നിട്ടിട്ടും കേസിലെ ഒരു പ്രതിയായ സഞ്‌ജയ് റോയിയെ മാത്രമാണ് പൊലീസ് പിടികൂടിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള അവിശുദ്ധസഖ്യം അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്‌ത് 9ലെ സംഭവത്തെത്തുടർന്ന് പശ്ചിമബംഗാളിൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഭയാനകമാംവിധം വർധിച്ചുവരുന്നതായി ഡിവൈഎഫ്‌ഐ നേതാവ് മീനാക്ഷി മുഖർജി ചൂണ്ടിക്കാട്ടി. കുറ്റവാളികളെ പിടികൂടുന്നതിൽ പരാജയപ്പെടുന്നത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും തെറ്റുചെയ്യുന്നവർക്ക് അത് കൂടുതൽ ധൈര്യം നൽകുമെന്നും ശിക്ഷാഭയമില്ലാത്ത ഒരു സംസ്‌കാരത്തെ അത് എന്നെന്നേക്കുമായി നിലനിർത്തുമെന്നും മീനാക്ഷി മുഖർജി മുന്നറിയിപ്പ് നൽകി.
പൗരരുടെ സുരക്ഷിതത്വത്തിനുനേരെ ഭരണകൂടം വച്ചുപുലർത്തുന്ന ഉദാസീനതയെ മീനാക്ഷി മുഖർജി അതിനിശിതമായി വിമർശിക്കുകയും വ്യവസ്ഥാപരമായ പരിഷ്‌കരണത്തിന്റെ അടിയന്തര ആവശ്യകതയെ അടിവരയിടുകയും ചെയ്‌തു. ‘‘ഇതു സൂചിപ്പിക്കുന്നത് ഈയൊരു സംഭവത്തെക്കുറിച്ചു മാത്രമല്ല, പശ്ചിമബംഗാളിലെ സ്‌ത്രീകൾ കാലങ്ങളായി നേരിടുന്ന ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷത്തെക്കുറിച്ചു കൂടിയാണ്. ഇത് സാർവത്രികമായി മാറാൻ ഞങ്ങൾ അനുവദിക്കില്ല’’ എന്നും അവർ ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി.
സത്യം പുറത്തുവന്ന് നീതി ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സിപിഐ എം ദൃഢപ്രതിജ്ഞ ചെയ്‌തു. ഈ റാലി ഒരു കുറ്റകൃത്യത്തിനുമാത്രം എതിരായ പ്രതിഷേധമല്ല. മറിച്ച് വിശ്വാസ്യത, സുതാര്യത, നിയമവാഴ്‌ചയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കൽ, നിയമം നടപ്പാക്കൽ എന്നിവയ്‌ക്കുവേണ്ടിയുള്ള വിശാലമായ ആവശ്യത്തെ മുൻനിർത്തിയുള്ളതാണ്.
ആർജി കർ കേസിലെ അന്വേഷണം തുടരവേതന്നെ പശ്ചിമബംഗാളിലെ ഭരണത്തിലും ലിംഗനീതിയുടെ കാര്യത്തിലും നിലനിൽക്കുന്ന പ്രതിസന്ധിയെ പ്രക്ഷോഭം തുറന്നുകാട്ടുന്നു. ആവേശവും നിശ്ചയദാർഢ്യവും നിറഞ്ഞുനിന്ന സിപിഐ എം റാലി, ‘വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്ന’ ഓർമപ്പെടുത്തലായി. ഇവരുടെ പ്രതിഷേധങ്ങൾക്ക് മതിയായ ഫലം കിട്ടുന്നുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. പക്ഷേ, ഇപ്പോഴും ചെറുത്തുനിൽപ്പിന്റെ ചെമ്പതാകകൾ അലയടിക്കുന്നത് തുടരുകതന്നെയാണ്. ഇത് സത്യത്തിനും നീതിക്കുംവേണ്ടിയുള്ള, പിന്നോട്ടില്ലാത്ത ഒരു ഡിമാൻഡിനെ സൂചിപ്പിക്കുന്നതാണ്.
സാമൂഹിക‐രാഷ്‌ട്രീയ വെല്ലുവിളികളുമായി മൽപ്പിടുത്തം നടത്തുന്ന ഒരു സംസ്ഥാനത്ത് ഈ റാലി ചെറുത്തുനിൽപ്പിന്റെ നിമിഷം മാത്രമല്ല, സമൂഹമനഃസാക്ഷിയുടെ വ്യക്തമായ ആഹ്വാനവും കൂടിയായിരുന്നു‐ ശിക്ഷാഭയമില്ലായ്‌മ അവസാനിപ്പിക്കുന്നതിനും നീതിപൂർവകമായ സമൂഹത്തെ നിർവചിക്കുന്ന മൂല്യങ്ങൾ ഉറപ്പാക്കുന്നതിനുംവേണ്ടി ആയിരക്കണക്കിന് ശബ്ദങ്ങൾ ഒന്നിച്ചു പ്രതിധ്വനിച്ച ഒരാഹ്വാനമായിരുന്നു അത്. l