മൂന്നു പതിറ്റാണ്ട് കാലം മലയാള സാഹിത്യത്തെ ഹരിതാഭമാക്കിയ എഴുത്തുകാരിയാണ് പി വത്സല. സാമൂഹ്യ നോവലുകളുടെ പൊതുധാരയിൽപെടുത്തിപ്പോന്ന വത്സലയുടെ നോവലുകളിലെല്ലാം സ്ത്രീയനുഭവങ്ങളുടെ ഊന്നലുകളും വ്യവസ്ഥിതിയോടുള്ള കലമ്പലുകളും നിറഞ്ഞുനിൽക്കുന്നവയാണെന്ന് സൂക്ഷ്മവായനയിൽ കണ്ടെത്താവുന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായ രചനകളാണ് വത്സലയുടെ നോവലുകൾ. കീഴാള പ്രാന്തീയ ആവിഷ്കാരമാണ് വത്സലയുടെ നോവലുകളെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകം. അടിച്ചമർത്തപ്പെടുകയും ചൂഷണവിധേയമാവുകയും ചെയ്യുക എന്ന അനുഭവങ്ങളുടെ സമാനതകൾ സ്ത്രീ, കീഴാള, പ്രകൃതി ജീവിതങ്ങൾ പങ്കുവെക്കുന്ന ഒരു പൊതു ഇടം രൂപപ്പെടുന്നുണ്ട്. വിവേചനങ്ങളും അവക്കെതിരായ പോരാട്ടങ്ങളുും ആ മണ്ഡലങ്ങളിലെല്ലാം സ്ത്രീയനുഭവത്തിന്റെ തന്നെ പാഠഭേദങ്ങളായിത്തീരുന്നുണ്ട്.
സ്ത്രീകൾ പ്രകൃത്യാ കരുത്തരാണെന്ന നിരീക്ഷണമാണ് വത്സലയുടെ കൃതികളിൽ തെളിഞ്ഞുനില്ക്കുന്നത്. സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും കേന്ദ്രസ്ഥാനത്താണ് നിൽക്കേണ്ടത്. സാമൂഹ്യ കുടുംബ സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം മിക്കപ്പോഴും വിധേയരാകാൻ അവർ നിർബന്ധിക്കപ്പെടുന്നു. ഈ സംഘർഷം വത്സലയുടെ എല്ലാ നോവലുകളുടെയും പ്രമേയപഥത്തിൽ കടന്നുവരുന്നുണ്ട്.
ജീവിതത്തിൽ കരുത്തുതെളിയിക്കുന്ന സ്ത്രീകളാണ് വത്സലയുടെ ദർശനത്തിലുള്ളത്. പുരുഷ നിർമ്മിത വ്യവസ്ഥിതിക്ക് അനുകൂലമായി വളർന്നുപന്തലിക്കാൻ വിധിക്കപ്പെടുമ്പോഴും മനക്കരുത്ത് നഷ്ടമാവാതെ പിടിച്ചുനിൽക്കുന്നുണ്ട് അവർ. പുരുഷാധിപത്യവും ജന്മിത്തവുമെല്ലാം ജീവിതത്തെ പരാജയപ്പെടുത്തുമ്പോൾ ഒറ്റക്കൊരു പ്രയാണം നടത്തിയവളാണ് നങ്ങേമ (ആഗ്നേയം). ആ പ്രയാണം ജീവിക്കാനും ജീവിപ്പിക്കാനും പോന്നവയായിരുന്നു.
നങ്ങേമ എന്ന കഥാപാത്രത്തിലൂടെ മലയാളനോവൽ സാഹിത്യത്തിലെ സ്ത്രീകഥാപാത്ര ചിത്രീകരണ മാതൃകയെ പൊളിച്ചെഴുതുകയായിരുന്നു വത്സല ചെയ്തത്.
വ്യവസ്ഥിതിക്കടിപ്പെടുന്നവരും അതിനെ അതിജീവിക്കുന്നവരും- എന്നിങ്ങനെ രണ്ടുതരം വ്യക്തിത്വങ്ങളാണ് വത്സലയുടെ സ്ത്രീകൾ. നാടുവാഴിത്തം, ജന്മിത്തം, വൈദേശികാധിപത്യം, മുതലാളിത്തം എന്നിങ്ങനെ മാറിമാറി വരുന്ന വ്യവസ്ഥിതിക്ക് ഇരകളാവാൻ വിധിക്കപ്പെടുന്ന സ്ത്രീകളാണ് ഒന്നാമത്തെ കൂട്ടർ. വ്യവസ്ഥിതി അടിച്ചിൽപ്പിക്കുന്ന അടിമത്തബോധവും പാരമ്പരാഗത സ്ത്രീബോധവും അവരെ ചൂഷണത്തിനു വിധേയരാക്കുന്നു.
ഈ നിയോഗത്തോടുള്ള കലമ്പലാണ് എല്ലാ കൃതികളിലും കീഴാള സ്ത്രീപ്രതിനിധാനങ്ങളിലൂടെ വത്സല തുറന്നുവച്ചത്. മാര (നെല്ല്), താര, തിരമാല (ചാവേർ), ബന്ദി (കൂമൻകൊല്ലി) എന്നിവരെല്ലാം ഈ ദുര്യോഗത്തോടു കലഹിച്ചവരാണ്.
അധികാരത്തിന് കീഴപ്പെടേണ്ടിവരുന്നവരുടെ നിസ്സഹായത അറിഞ്ഞവരാണ് റോസ് മേരി (റോസ്‌മേരിയുടെ ആകാശങ്ങൾ), പാർവതി (ആഗ്നേയം) എന്നിവർ. സ്വന്തം അച്ഛന്റെ പീഡനത്തിനിരയായ റോസ്‌മേരി നാടുവിട്ടുപോകുന്നു. ഗർഭിണിയായ പാർവതിയെ സഹോദരന്റെ തന്നെ തലയിൽ കെട്ടിവെക്കുന്നു. നെല്ലിലെ മാരയെ ജന്മിപുത്രൻ കീഴ്‌പ്പെടുത്തുന്നുണ്ട്. ജന്മിത്തം എന്ന അധികാരക്രമം കീഴപ്പെടുത്തലിനെ സ്വാഭാവികമാക്കുകയും ചെയ്യുന്നു.
പിതൃസംരക്ഷണത്തിന്റെ ചെലവിലല്ലാതെ കുഞ്ഞുങ്ങളുടെ അവകാശം സ്വയം ഏറ്റെടുക്കാൻ തയ്യാറായ ചെമ്മരത്തിയാണ് വത്സലയുടെ സ്ത്രീബോധം നവസ്ത്രീത്വത്തിലുൾച്ചേർന്നു നിൽക്കുന്നുണ്ട് എന്നു നമ്മെ ബോധ്യപ്പെടുത്തിത്തരുന്നത്.
സദാചാരത്തിന്റെ സാമ്പ്രദായിക ശീലങ്ങളെ നെല്ല്, കൂമൻ കൊല്ലി, പാളയം എന്നീ കൃതികളിലൂടെ വത്സല പരിഹസിക്കുന്നതു കാണാം. കുറുമാട്ടി, സുനന്ദ, രതി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വ്യവസ്ഥാപിത സദാചാര സങ്കൽപ്പങ്ങളെ നോവലിസ്റ്റ് വിചാരണ ചെയ്യുന്നുണ്ട്. മല്ലനും കുറുമാട്ടിക്കും ഒരുപോലെ പങ്കാളിത്തമുള്ള ‘അവിഹിത’മായ ലൈംഗികവേഴ്‌ചയിൽ കുറുമാട്ടിയാണ് വിമർശിക്കപ്പെടുന്നത്. അതേസമയം പാപബോധം കൂടുതലും മാരനാണ്. ശരിതെറ്റുകളുടെ ഭാരം മാരനെയാണ് കുഴയ്‌ക്കുന്നത്. സദാചാരത്തെ സംരക്ഷിക്കാനുള്ള ബാധ്യത വത്സലയുടെ കുറുമാട്ടി ഏറ്റെ ടുക്കുന്നില്ല എന്നുകാണാം.
വത്സലയുടെ മിക്ക നോവലുകളിലും സ്ത്രീകൾ വിവാഹത്തെ വിശകലനം ചെയ്യുന്നുണ്ട്. സ്ത്രീകളെ അടിമയാക്കുന്ന സമൂഹ്യാവസ്ഥയോട് കലഹിച്ചുനിൽക്കുന്നവരാണ് വത്സലയുടെ സ്ത്രീകൾ. പുരുഷന് നേട്ടവും സ്ത്രീക്ക് നഷ്ടവും വരുന്ന അവസ്ഥയിൽ യന്ത്രങ്ങളായി മാറുന്ന സ്ത്രീകൾ എരിഞ്ഞടങ്ങുന്ന കാഴ്ചപ്പുറത്താണ് വത്സലയുടെ നോവലുകളിലെ മധ്യവർഗ്ഗ സ്ത്രീപ്രാതിനിധ്യം. നശിച്ച തറവാടിന് കരുത്തുപകരാൻ വന്ന ഗിരിജ, (ആരും മരിക്കുന്നില്ല) നിസ്സഹായതയുടെ മുൾമുനയിൽ കഴിയുന്ന സാവിത്രി (ആരും മരിക്കുന്നില്ല) വിവാഹച്ചന്തയിലെ നേർച്ചക്കോഴിയായിത്തീർന്ന മാധവി (നിഴലുറങ്ങുന്ന വഴികൾ) എന്നിവരൊക്കെ ജീവിതം നഷ്ടം വന്നവരാണ്. വിവാഹ കന്മതിൽ തല്ലിപ്പൊളിച്ച കുറുമാട്ടി, രതി, നെല്ല് (നെല്ല്, പാളയം, കൂമൻകൊല്ലി) എന്നിവർ വ്യത്യസ്ത കാഴ്ച നൽകുന്നുണ്ട്.
കുടുംബത്തിൽ മനസും ശരീരവും ഉത്തരവാദിത്തങ്ങളും പങ്കുവെക്കപ്പെടണം. ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കൽ വത്സലയുടെ നോവലുകളിലെ കുടുംബങ്ങളിൽ നടക്കുന്നില്ല. അതുകൊണ്ടുതന്നെ കുടുംബ അധികാരവ്യവസ്ഥയിൽ വീർപ്പുമുട്ടുന്ന സ്ത്രീകഥാപാത്രങ്ങളാണധികവും. നെല്ലിലെ സാവിത്രി വാരസ്യാർ, കൂമൻ കൊല്ലിയിലെ ചിന്നമ്മു ബ്രാഹ്മണിയമ്മ, റോസ്‌മേരിയുടെ അമ്മ എന്നിവർ ആധിപത്യവ്യവസ്ഥക്കുള്ളിൽ ഞെരിഞ്ഞമർന്നവരാണ്. കുടുംബത്തിനു വേണ്ടി ജീവിക്കേണ്ടി വരുന്ന സ്ത്രീകളൊന്നും ചുമട് താഴെയിറക്കാൻ ശ്രമം ചെയ്യാത്തവരാണെന്നു കാണാം. എപ്പോൾ വേണമെങ്കിലും ഛിദ്രമായേക്കാവുന്ന കുടുംബഘടനയിൽ നിന്നും സ്ത്രീകളൊന്നും പുറത്തുകടക്കുന്നുമില്ല. അതൃപ്തമായ ദാമ്പത്യജീവിതത്തോടു സമരസപ്പെട്ടു ജീവിക്കുന്ന സ്ത്രീകളാണ് അധികവും. എന്നാൽത്തന്നെയും മകളെയും ഉപേക്ഷിച്ചുപോയ ഭർത്താവിനെ തിരികെ സ്വീകരിക്കാൻ തയ്യാറാവാത്ത കഥാപാത്രമാണ് കുറുമാട്ടി (നെല്ല്). പരമ്പരാഗത കുടുംബസങ്കല്പത്തിനേറ്റ ആഘാതമായിരുന്നു കുറുമാട്ടിയുടെ ആ തീരുമാനം.സുനന്ദയും ചെമ്മരത്തിയും (കൂമൻകൊല്ലി, ചാവേർ) കുടുംബം എന്ന ചട്ടക്കൂടിൽ തടഞ്ഞുകിടക്കാൻ ആഗ്രഹിക്കാത്തവരായിരുന്നു.
മനുഷ്യജീവിതത്തെക്കാൾ ജാതിക്ക് വിലകൽപിക്കുന്ന മൂല്യത്തിനെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമാണ് നങ്ങേമ. അവർ അടിയാത്തി കുങ്കിയോടൊപ്പം നടക്കുന്നത് ജാതിചിന്ത വെടിഞ്ഞാണ്. കുങ്കിയുടെ മകൾക്ക് പ്രസവവേദനയുണ്ടാവുമ്പോൾ സഹായത്തിനു ചന്തുവിനോട് നിൽക്കാൻ പറയുന്ന നങ്ങേമ, അതു കുങ്കിക്ക് ഇഷ്ടമായില്ല എന്നു മനസ്സിലാക്കി, ജാതി പോവുന്നെങ്കിൽ പോട്ടെ പ്രാണൻ പോവില്ലല്ലോ എന്നാണ് പറയുന്നത്. അന്യരുടെ കാര്യം വരുമ്പോൾ മാത്രമല്ല സ്വന്തം മകന്റെ കാര്യം വരുമ്പോഴും നങ്ങേമ നിർബന്ധബുദ്ധി കാണിക്കുന്നുണ്ട്. ആദിവാസികൾക്കായി സ്ഥാപിച്ച സ്കൂളിൽ മകൻ അപ്പുവിനെ വിടുന്നതിൽ നാട്ടുകാരും വീട്ടുകാരും എതിർത്തപ്പോൾ അടിയാക്കുട്ടികളുടെ കൂടെ വളരുന്നവൻ അടിയാനാകുമോ എന്നാണ് ചോദിക്കുന്നത്.
ജന്മിത്തത്തിനെതിരായി പ്രതിരോധം തീർക്കുന്ന സ്ത്രീകഥാപാത്രങ്ങളും വത്സലയുടെ നോവലുകളിൽ കാണാം.
വൽസലയുടെ മൂന്നു നോവലുകളൊഴികെ ബാക്കി എല്ലാ നോവലുകളും സ്ത്രീപ്രധാനങ്ങളാണ്. നോവലുകളിൽ കൂടുതലും മുഖ്യ കഥാപാത്രങ്ങളായി വരുന്നതും പ്രധാനമായും സ്ത്രീകൾ തന്നെ.സ്ത്രീജീവിതത്തിന്റെ ചലനാന്മകതയാണ് വത്സലയുടെ കൃതികളെ വ്യത്യസ്തമാക്കുന്നത്.
സാമൂഹ്യവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാടകങ്ങളിൽനിന്നും നോവലുകളിനിന്നുമെല്ലാം വേറിട്ടുനിൽക്കുന്ന ഒരു കാഴ്ചയാണിത്. ചലനാന്മകമായ ഒരു സമൂഹം എന്നത് പുരുഷകേന്ദ്രീകൃതവും പുരുഷന്മാർ നിറഞ്ഞതുമാണ് എന്ന ധാരണ രൂപീകരിക്കപ്പെട്ടിരുന്നു. എന്നാൽ മറഞ്ഞുകിടക്കുന്ന ഒരു അനുഭവലോകം സ്ത്രീയുടെ ഇടപെടൽകൊണ്ട് ചൈതന്യപൂർണമായിരിപ്പുണ്ടെന്നു വത്സല ചൂണ്ടിക്കാണിക്കുന്നു. l