Thursday, December 5, 2024

ad

Homeപഠനംഗ്രുൻഡ്രിസ്സെയുടെ 
ആശയപ്രപഞ്ചം

ഗ്രുൻഡ്രിസ്സെയുടെ 
ആശയപ്രപഞ്ചം

കെ എൻ ഗണേശ്

ലയാളത്തിൽ മാർക്സിസ്റ്റ് രചനകൾ ധാരാളമായി ഉണ്ടെങ്കിലും പ്രമുഖ മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കാര്യമായി ഉണ്ടായിട്ടില്ല. പലതും വിവർത്തനം ചെയ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഇത്തരം രചനകളെ ആഴത്തിൽ പഠിച്ച് ഉൾക്കൊള്ളാനുള്ള സാധ്യതകൾ സാധാരണ മലയാളിക്ക് പരിമിതമാണ്. ആ കുറവ് നികത്താൻ ചില ശ്രമങ്ങൾ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ചില പ്രധാന കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും വളരെ സമ്പന്നമായ മാർക്സിയൻ പഠനങ്ങൾ കേരളത്തിൽ ഇനിയും വരേണ്ടതായിട്ടുണ്ട്. ഈ ദിശയിലുള്ള ശ്രദ്ധേയമായ സംഭാവനയാണ് പി ദീപക്കിന്റെ ‘‘ഗ്രുൻഡ്രിസ്സെയുടെ ആശയപ്രപഞ്ചം’ എന്ന ഗ്രന്ഥം.

മാർക്സിന്റെ അർത്ഥശാസ്ത്രപരമായ പരമോന്നത രചനയാണ് മൂലധനം എന്ന് എല്ലാവർക്കും അറിയാം. 1847 മുതൽ മൂലധനം പ്രസിദ്ധീകരിച്ച 1867 വരെയുള്ള രണ്ടു ദശകങ്ങളിലായി നിരവധി കുറിപ്പുകളും കരടു പകർപ്പുകളും മാർക്സ് തയ്യാറാക്കിയിരുന്നു. ഇവയുടെ ആദ്യത്തെ ഏറ്റവും വലിയ സമാഹാരമാണ് 1857 – 58ൽ തയ്യാറാക്കപ്പെട്ട ഗ്രുൻഡ്രിസ്സെ (1847 മുതൽ 1857 വരെയുള്ള കുറിപ്പുകൾ). അതിന്റെ ചില അംശങ്ങൾ വൻതോതിൽ മാറ്റിയെഴുതി 1859ൽ ‘‘അർത്ഥശാസ്ത്ര വിമർശനത്തിന് ഒരു സംഭാവന’’എന്ന പേരിൽ മാർക്സ് പ്രസിദ്ധീകരിച്ചു. 1861 മുതൽ 1864 വരെയുള്ള ഘട്ടത്തിൽ വിപുലമായ രീതിയിലുള്ള മൂലധന വിമർശനത്തിൽ അദ്ദേഹം വ്യാപൃതനായിരുന്നു. ‘‘മിച്ചമൂല്യ സിദ്ധാന്തങ്ങൾ’’ (Theories of Surplus Value) എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിച്ച കുറിപ്പുകളിൽ ഏതാണ്ട് മുഴുവനും ഇക്കാലത്ത് തയ്യാറാക്കിയതാണ് (മറ്റു കുറിപ്പുകളുടെ ഭാഗങ്ങൾ എൻറിക് ഡൗസൽ, ഫ്രെഡ് മോസ്ലെ തുടങ്ങിയവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്). 1865ലാണ് മൂലധനം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ കെെയെഴുത്തുപ്രതി തയാറാക്കാൻ ആരംഭിച്ചത്. അതിനുശേഷം 1872–74 ലാണ് മൂലധനത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന മറ്റു ഭാഗങ്ങൾ പഴയ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ എഴുതിത്തുടങ്ങിയത്. അപൂർണമായ ഈ കുറിപ്പുകളാണ് എംഗൽസ് എഡിറ്റു ചെയ്ത് മൂലധനം രണ്ടും മൂന്നും വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്. ഈ കുറിപ്പുകളെല്ലാം സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിൽ ബെർലിനിനെ മാർക്സ് – എംഗൽസ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ വ്യാപൃതമാണ്.

1939ൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച ഗ്രുൻഡ്രിസ്സെയുടെ (Foundations -– അടിസ്ഥാനങ്ങൾ) ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നത് 1973ലാണ്. മാർക്സ് വികസിപ്പിച്ചുകൊണ്ടുവന്ന മൂലധന വിമർശനത്തിന്റെ ആദ്യ രൂപമെന്ന നിലയിൽ ഗ്രുൻഡ്രിസ്സെ അക്കാദമിക് – രാഷ്ട്രീയ ശ്രദ്ധയാകർഷിച്ചു. ദീപക് വിശദീകരിക്കുന്നതുപോലെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മുതലാളിത്തത്തിന് വന്നുചേരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനുള്ള സാമഗ്രികൾ ഗ്രുൻഡ്രിസ്സെയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് അത് മാർക്സിസ്റ്റുകളുടെയും മാർക്സിസ്റ്റ് സഹയാത്രികരുടെയും ശ്രദ്ധ ആകർഷിച്ചത്. ദീപക് തന്റെ പഠനത്തിനുപയോഗിക്കുന്ന ഡേവിഡ് ഹാർവിയുടെ വ്യാഖ്യാനത്തിലും മാർസെലോ മസ്റ്റോയെപ്പോലുള്ളവരുടെ രചനകളിലും നിറഞ്ഞുനിൽക്കുന്നത് ഗ്രുൻഡ്രിസ്സെയിലെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയാണ്.

മാർക്സിന്റെ അർത്ഥശാസ്ത്ര വിമർശനങ്ങളുടെ ചില വശങ്ങൾ ദീപക് പരിചയപ്പെടുത്തുന്നുണ്ട്. മാർക്സ് ആദ്യം തയ്യാറാക്കിയ സാമ്പത്തികവും താത്വികവുമായ കെെയെഴുത്തു പ്രതികളിൽ തന്നെ അർത്ഥശാസ്ത്രപഠനങ്ങളോടുള്ള തന്റെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതു പൂർണരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് അക്കാലത്തെ സോഷ്യലിസ്റ്റ് ചിന്തകനായിരുന്ന പ്രൂധോണിനെ വിമർശിച്ചുകൊണ്ടെഴുതിയ ‘തത്വശസ്ത്രത്തിന്റെ ദാരിദ്ര്യം’ എന്ന രചനയിലാണ്. സ്വകാര്യസ്വത്ത് എന്നത് ജനങ്ങളുടെ ആസ്തികളിൽനിന്നുള്ള മോഷണമാണെന്ന പ്രൂധോണിന്റെ വാദം നിരാകരിച്ചുകൊണ്ട് ഉൽപാദനപ്രക്രിയയും സമ്പത്തും തമ്മിലുള്ള ബന്ധത്തെ ആദ്യം വിശദീകരിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്. ധനത്തെയും ധനസമാഹരണത്തെയും കേന്ദ്രീകരിക്കുന്ന അക്കാലത്തെ അർത്ഥശാസ്ത്ര പഠനങ്ങളെ ഉപജീവിച്ചുകൊണ്ട് മൂലധനത്തിന്റെ പ്രഭവ സ്ഥാനം പണമാണ് എന്ന വാദം തന്നെയാണ് മാർക്സ് അന്ന് അംഗീകരിക്കുന്നത്. അതുകൊണ്ട് ഗ്രുൻഡ്രിസ്സെയിലും അർത്ഥശാസ്ത്ര വിമർശനത്തിനുള്ള സംഭാവനയിലും തന്റെ മൂലധന വിമർശനം മാർക്സ് ആരംഭിക്കുന്നത് പണത്തെക്കുറിച്ചുള്ള പരിശോധനയിലാണ്. പണം എങ്ങനെ ഉൽപാദന പ്രക്രിയയുമായി ബന്ധപ്പെട്ട് മൂലധനമാകുന്നുവെന്നും മൂലധനം ക്രമേണ എങ്ങനെ മനുഷ്യാധ്വാനത്തെയും ഉൽപാദന വിതരണ പ്രക്രിയകളെയും നിയന്ത്രിക്കുന്നുവെന്നും വിശദീകരിക്കാനാണ് മാർക്സ് ശ്രമിച്ചത്. ധനമൂലധനത്തിന് വീണ്ടും മേൽക്കോയ്മ ലഭിച്ചു കഴിഞ്ഞ ദശകങ്ങളിൽ ഗ്രുൻഡ്രിസ്സെയോടുള്ള താൽപര്യം വർദ്ധിച്ചുവന്നതിൽ അൽഭുതപ്പെടാനില്ല.

പണത്തിന്റെ ചംക്രമണത്തിലൂടെയാണ് മാർക്സ് മൂലധനത്തിലെത്തുന്നത്. പണം, ചരക്കുകൾ തമ്മിലുള്ള കെെമാറ്റ മൂല്യത്തിന്റെ വസ്തുവൽക്കരിക്കപ്പെട്ട രൂപമാണ്. ചരക്കുകൾ പണമായും അതേ പണം മറ്റു ചരക്കുകളായും കെെമാറുന്നു (ദീപക് സൂചിപ്പിക്കുന്ന സിഎം – എംസി ). ഇതോടെ ചരക്കുകളുടെ കെെമാറ്റ മൂല്യത്തിന്റെ ഉപാധി പണമായി തീരുന്നു. പണം എന്ന കെെമാറ്റ മൂല്യം എങ്ങനെയാണ് മൂലധനമായി മാറുന്നത്? മൂല്യത്തിന്റെ, അല്ലെങ്കിൽ കെെമാറ്റ മൂല്യത്തിന്റെ സൃഷ്ടിയിലൂടെയാണ്. മൂല്യവും കെെമാറ്റമൂല്യവും മാറ്റിവയ്ക്കാവുന്ന പദപ്രയോഗങ്ങളായി മാർക്സ് ഉപയോഗിക്കുന്നുവെന്ന് ദീപക് നിരീക്ഷിക്കുന്നുണ്ട്. ഇവിടെ മാത്രമല്ല, മൂലധനത്തിലും മാർക‍്സ് അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിനുകാരണം എന്തെങ്കിലും ആശയക്കുഴപ്പമല്ല. മനുഷ്യാധ്വാനം സൃഷ്ടിക്കുന്നത് ഉപയോഗ മൂല്യങ്ങളെയാണ്. എന്നാൽ അവ പണം എന്ന ഉപാധി ഉപയോഗിച്ച് കെെമാറ്റം ചെയ്യുമ്പോഴാണ് വ്യത്യസ്ത അധ്വാനവും ഉപയോഗങ്ങളും ഒരു പൊതുശരാശരിയുടെ കീഴിൽവരുന്നത് (മാർക്സ് പിന്നീട് ഇതിനെ അമൂർത്ത അധ്വാനം (Abstract Labour) എന്നു വിളിച്ചു). അപ്പോൾ മാത്രമാണ് വിനിമയങ്ങളിലൂടെ പണത്തിന്റെ പൊതുസൂക്ഷിപ്പ് (hoard) സാധ്യമാകുന്നത്. ഈ പൊതുസൂക്ഷിപ്പ് ഇല്ലാതെ മൂലധനം ഉണ്ടാവുകയില്ല, മൂലധന ചംക്രമണവും സാധ്യമല്ല.

ഇത്തരത്തിൽ മൂലധനം സൃഷ്ടിക്കണമെങ്കിൽ ഏറ്റവും പ്രധാനം മൂല്യവും പണവും തമ്മിലുള്ള ബന്ധമാണ്. ഇത് പിൽക്കാലത്ത് പരിവർത്തന പ്രശ്നം (transformation problem) എന്നാണ് വിളിക്കപ്പെട്ടത്. എപ്പോഴാണ് മൂല്യം പണമാകുന്നത്? എല്ലാ വിധത്തിലുള്ള അധ്വാനവും ഉപയോഗ മൂല്യങ്ങളുടെ സൃഷ്ടിയും തുലനം ചെയ്യുക പ്രയാസമാണ്. കൃഷിപ്പണിയ്ക്കും മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്ന അധ്വാനം രണ്ടാണ്. ഉപയോഗവും ഒരുപോലെയല്ല. അവയെ തുലനം ചെയ്യണമെങ്കിലാണ് ‘‘അവശ്യ അധ്വാനം’’ എന്ന പ്രയോഗം നടത്തേണ്ടിവരുന്നത്. രണ്ടും സമൂഹത്തിന് ആവശ്യമായ അധ്വാനമായി കണക്കാക്കുകയും അവയെ തുലനം ചെയ്യുകയുമാണ് രീതി. ഇവിടെയാണ് ‘തൊഴിൽ സമയ’ത്തിന്റെ പ്രാധാന്യം വരുന്നത്. മനുഷ്യരുടെ മൊത്തം അധ്വാനശക്തി (labour power) യുടെ അടിസ്ഥാനത്തിലല്ല, കെെമാറ്റമൂല്യത്തിന്റെ കണക്കുകൂട്ടലുകൾ നടത്തുന്നത്. കെെമാറ്റം നടത്തുന്നതിനാവശ്യമായ നിശ്ചിത തൊഴിൽ സമയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിശ്ചിത തൊഴിൽ സമയത്തിന്റെ ഉൽപന്നത്തിന്റെ അടിസ്ഥാനത്തിലാണ് കെെമാറ്റമൂല്യം നിശ്ചയിക്കുന്നത്. ഈ അധ്വാനത്തിന്റെ മുഴുവൻ മൂല്യത്തിന് തുല്യമായ സംഖ്യ തൊഴിലാളിക്കു നൽകുന്നുവെങ്കിൽ പിന്നീട് അതിന് മൂലധനമാകാൻ കഴിയില്ല. മൂലധനത്തിന്റെ ചംക്രമണം അതോടെ അവസാനിക്കും. അതുകൊണ്ട് മൂലധനത്തിന്റെ പുനഃസൃഷ്ടിക്കായി അധ്വാനത്തിന്റെ മുഴുവൻ മൂല്യവും തൊഴിലാളിക്കു നൽകുന്നില്ല. അങ്ങനെ ഒരു ഭാഗം മുതലാളിയുടെ കയ്യിൽ അമരുന്നു. അതാണ് മിച്ചമൂല്യം.

ഈ ഭാഗം മാർക്സ് ഗ്രുൻഡ്രിസ്സെയിൽ തന്നെ വിശദീകരിക്കുന്നുണ്ടെങ്കിലും ദീപക് അതിൽ വേണ്ടത്ര ഊന്നുന്നുണ്ടെന്നു തോന്നുന്നില്ല. അതിനുപകരം തൊഴിൽ സമയത്തെ വിശ്രമസമയവുമായി ബന്ധപ്പെടുത്തി കാണുകയും തൊഴിൽ സമയം പരമാവധി കുറയ്ക്കുന്നതിന്റെ, വിശ്രമം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ പോൾ ല ഫാർഗ് ഉയർത്തിയ ‘‘ആളുകൾ മടിപിടിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട’’ ആവശ്യവുമായി ബന്ധപ്പെടുത്തി കാണുകയാണ് ചെയ്യുന്നത്. അധ്വാനമൂല്യം എന്നത് കേവലമായി അവശ്യ അധ്വാനത്തിന്റെ, മൂല്യമായി കരുതുന്നത് മുതലാളിത്തമാണ്. മിച്ചമൂല്യത്തിന്റെയും അതുവഴി ലാഭത്തിന്റെയും വികാസത്തിനു മാത്രമല്ല, തൊഴിലാളിയുടെ അധ്വാനത്തിന്റെ സാമൂഹ്യമായ നിർണയത്തിനും ഇതാവശ്യമാണ്. തൊഴിൽസമയമെന്നാൽ അധ്വാനത്തിന്റെ മേലുള്ള മൂലധനാധിപത്യത്തിന്റെ രൂപമാണ്. അതുകൊണ്ടാണ് തൊഴിൽ സമയം വെട്ടിക്കുറിയ്ക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം മൂലധനത്തിനെതിരായ പോരാട്ടമായി തീരുന്നത്.
മിച്ചമൂല്യവും ലാഭവും ഒന്നാണെന്നുള്ള പരാമർശവും ശ്രദ്ധേയമാണ്. ഗ്രുൻഡ്രിസ്സെയിൽ പലയിടങ്ങളിൽ തത്തുല്യമായ പരാമർശങ്ങൾ വരുന്നുണ്ടെന്നതും വസ്തുതയാണ്. മനുഷ്യാധ്വാനവുമായി ബന്ധപ്പെട്ടുതന്നെയാണ് മിച്ചമൂല്യം കണക്കാക്കപ്പെടുന്നത്. അധ്വാന മൂല്യ സിദ്ധാന്തത്തിന്റെ സ്വാഭാവികമായ ഉൽപന്നമാണിത്. പലപ്പോഴും മാർക്സിന്റെ അധ്വാനമൂല്യ സിദ്ധാന്തം, ആദം സ്മിത്തിന്റെയും റിക്കാർഡോയുടെയും സിദ്ധാന്തങ്ങളിൽനിന്നുൽഭവിച്ചതാണെന്നു കരുതപ്പെടാറുണ്ട്. ഹാർവെയടക്കമുള്ള ചില ആധുനിക മാർക്സിസ്റ്റുകളും ഈ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. കെെമാറ്റ മൂല്യവും ലാഭവും തമ്മിൽ വേർതിരിക്കാതെ സമ്പത്തിന്റെ കണക്കുകൂട്ടലുകൾ നടത്തുന്ന ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിലപാടുകളായിരുന്നു അന്ന് സമൂഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത്. എന്നാൽ മാർക്സ് ഈ നിലപാടല്ല ആദ്യം മുതൽ സ്വീകരിക്കുന്നത്. അതായത് കെെമാറ്റ മൂല്യത്തിന്റെ തുലനാത്മകമായ വസ്തുവൽക്കരണമാണ് പണത്തിൽ നടക്കുന്നത് എന്നു വാദിക്കുന്നതോടെ അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്ന മിച്ചമൂല്യവും പണത്തിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്ന ലാഭവും രണ്ടാകുന്നു. ഇതാണ് മുമ്പു സൂചിപ്പിച്ച പരിവർത്തന പ്രശ്നത്തിലേക്ക് നയിക്കുന്നത്. മിച്ചമൂല്യം അധ്വാനത്തിന്റെ അടിസ്ഥാനത്തിൽതന്നെ കണക്കുകൂട്ടുമ്പോൾ ലാഭത്തിൽ പലിശനിരക്കുകൾ, വാടക തുടങ്ങിയവയെല്ലാം കൂട്ടപ്പെടുന്നു. ഇതാണ് മൂലധനം മൂന്നാം വോള്യത്തിൽ ഉൽപ്പാദനവില (Price of Production) എന്ന ആശയത്തിലേക്കു നയിക്കുന്നത്. ഗ്രുൻഡ്രിസ്സെയിൽ ഈ ആശയം വിശദീകരിക്കാത്തതുകൊണ്ടാകാം, ദീപക് ഇതിലേക്കു കടക്കുന്നില്ല.

ദീപക്കിന്റെ ശ്രദ്ധ പിന്നീടു പതിയുന്നത് മാർക്സിന്റെ സ്ഥിര മൂലധനം എന്ന ആശയത്തിലാണ്. മൂലധനത്തിന്റെ വികാസംതന്നെ സ്ഥിരമൂലധനത്തിന്റെയും മൂലധനചംക്രമണത്തിന്റെയും വികാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്ഥിരമൂലധനം എന്നാൽ യന്ത്രസാമഗ്രികളുടെ വികാസമാണ് എന്ന് ദീപക് വാദിക്കുന്നു. ഭൂമി ഒരു പൊതുസമ്പത്ത് (പ്രകൃതിയുടെ ഘടകം) എന്ന നിലയിൽ മൂലധനചംക്രമണത്തിന്റെ ബാഹ്യഘടകമായാണ് വിലയിരുത്തപ്പെടുന്നത്. ഒരർഥത്തിൽ ഇതു ശരിയാണ്. എന്നാൽ ഭൂമിയും ഖനിജ വിഭവങ്ങളും ധാതുലവണങ്ങളും ഊർജരൂപങ്ങളുമടക്കം എല്ലാ വിഭവസാമഗ്രികളും ഉൽപാദനോപാധികളായി മാറുന്നതോടെ അവ സ്ഥിരമൂലധനത്തിന്റെ ഭാഗമാകുന്നുണ്ട്. അവയെ ഉൽപ്പാദനോപാധികളാക്കി മാറ്റുന്നതിൽ യന്ത്രസാമഗ്രികൾക്ക് പ്രാധാന്യമുണ്ടെന്നതിൽ സംശയമില്ല. മുതലാളിത്ത പൂർവഘട്ടങ്ങളിലും പ്രകൃതിസമ്പത്തിനെ മനുഷ്യൻ ഉപയോഗിച്ചത് മനുഷ്യനിർമിതമായ ഉപകരണങ്ങൾ കൊണ്ടുകൂടിയായിരുന്നല്ലോ. അപ്പോൾ യന്ത്രങ്ങൾ തീർച്ചയായും സ്ഥിരമൂലധനത്തിന്റെ ഭാഗമാണ്; അതിനോടൊപ്പം സംസ്കരിക്കപ്പെട്ട എല്ലാ വിഭവസാമഗ്രികളും സ്ഥിരമൂലധനത്തിന്റെ ഭാഗമാണ്. ഉൽപ്പാദനാത്മക ഉപഭോഗം (Productive Consumption) എന്നു മാർക്സ് പിന്നീട് വിളിച്ച ചെറുചംക്രമണം ഇവിടെയും നടക്കുന്നുണ്ട്. മുതലാളി–തൊഴിലാളി ബന്ധങ്ങളുടെ ചെറുചംക്രമണത്തിന് പുറമെയാണിത്.

ഒരു സാങ്കേതിക വിദഗ്ധനെന്ന നിലയിൽ, ഓട്ടോമേഷനോടുള്ള താൽപ്പര്യമാകാം സ്ഥിരമൂലധനത്തെ സംബന്ധിച്ച് ഇത്തരമൊരു യുക്തിയിലേക്ക് ദീപക്കിനെ നയിച്ചത്. പക്ഷേ, പിന്നീട് നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മൂലധനത്തിന്റെ പിൽക്കാലത്തുള്ള വികാസത്തെ ഉൽപ്പാദനക്ഷമതയിലും മൂലധനചംക്രമണത്തിലും സംഭവിച്ച സാങ്കേതിക വികാസവുമായി നേരിട്ടു ബന്ധിപ്പിക്കുകയാണ് ഹാർവിയെ മുൻനിർത്തി ദീപക്കും ചെയ്യുന്നത്. ഇവിടെ ഗ്രുൻഡ്രിസ്സെയിൽ തന്നെ മാർക്സ് വിശദീകരിക്കുന്നതും ദീപക് പ്രത്യേകിച്ച് പുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ ചർച്ച ചെയ്യുന്നതുമായ ലാഭത്തോതിന്റെ ശോഷണവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ദീപക് അവതരിപ്പിക്കുന്നതുപോലെ, മുതലാളിത്തത്തിന്റെ പൊതുവായ ലാഭത്തോത് ഉയരുന്നതിന് മൂല്യത്തിന്റെ, അതായത് മിച്ചമൂല്യത്തിന്റെ പുനർവിതരണം ആവശ്യമാണ്. ചില മുതലാളിമാരുടെ കാര്യത്തിൽ മിച്ചമൂല്യം കുതിച്ചുയരുമ്പോഴും മറ്റു ചിലർക്ക് അതു തകരുമ്പോഴും പുനർവിതരണം വേണ്ടിവരും. മുതലാളിത്തമത്സരം ഇത്തരം പുനർവിതരണം സാധ്യമാക്കി വളർച്ച ഉറപ്പുവരുനത്തുന്ന ഘടകമാണ്. ഇതിന്റെ ഫലമായി ചില ഘട്ടങ്ങളിലുണ്ടാകുന്ന അമിതോൽപ്പാദന പ്രതിസന്ധികൾ തരണംചെയ്യുന്നത് പുതിയ സാങ്കേതികവിദ്യകളുടെ നിർമാണത്തോടെയാണ്, അതിനോടൊപ്പം വിഭവസ്രോതസ്സുകൾ കണ്ടെത്തിക്കൊണ്ടു കൂടിയാണ്. പുതിയ ഊർജരൂപങ്ങൾ, ഇന്ധനങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയവയെല്ലാം ഈ വളർച്ച ഉറപ്പുവരുത്തും. അതേസമയം സാങ്കേതികവിദ്യകൾ വളർന്നുവരുകയും മൊത്തം മൂലധനത്തിൽ ജെെവമായ അധ്വാനരൂപങ്ങളുടെ അംശം കുറയുകയും ചെയ്യുന്നതോടെ, ഒരു സംരംഭത്തിന്റെ ലാഭത്തോത് കുറയുന്നു. ഉൽപ്പാദനവിലയുടെ ഭീമമായ അംശം സ്ഥിരമൂലധനം കയ്യടക്കുന്നതോടെയാണ് ലാഭത്തോത് കുറയുന്നത്. ലാഭത്തോത് കുറയുമ്പോഴും മിച്ചമൂല്യം വർധിക്കാം, മൊത്തം ലാഭവിഹിതവും വർധിക്കും. പക്ഷേ, ലാഭവിഹിതം വർധിക്കുമ്പോഴും ലാഭത്തോതിന്റെ തകർച്ച തടഞ്ഞുനിർത്താൻ മുതലാളിത്തത്തിന് മൊത്തം ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനാവശ്യമായ രീതികൾ സ്വീകരിക്കേണ്ടിവരും. കൂലിവേലയുടെ ഘടനയിൽ മാറ്റം വരുത്തുക, മൂലധനചംക്രമണം സൃഷ്ടിക്കുന്ന അധികച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഉൽപ്പാദനവും ഉപഭോഗവും തമ്മിലുള്ള കാലതാമസം കുറച്ച് വരുമാനത്തിന്റെ ആവർത്തനം അതിവേഗത്തിലാക്കുക തുടങ്ങിയവയെല്ലാം മുതലാളിത്തം പരീക്ഷിക്കും. മാർക്സിന്റെ ഈ നീരിക്ഷണങ്ങൾ പിൽക്കാലത്ത് വസ്തുതകളായെന്ന് മൂലധനത്തിന്റെ ചരിത്രം തെളിയിക്കുന്നുണ്ട്.

അതേസമയം ഗ്രൂൻഡ്രിസ്സെയെ ഹാർവിയും അതുവഴി ദീപക്കും വേണ്ടത്ര പരിശോധിക്കാത്ത തലംകൂടി ഇതിലുണ്ട്. മൂലധനം ആഗോള വ്യവസ്ഥയായി മാറുന്നുവെന്ന് മാർക്സ് വിശദീകരിക്കുന്നുണ്ട്. ഈ മാറ്റം ഉണ്ടാകുന്നത് സാങ്കേതികവിദ്യകളുടെ വികാസം കൊണ്ടു മാത്രമല്ല. സാങ്കേതികവിദ്യാ വികാസം സാധ്യമാക്കുന്ന മൂലധനത്തിന്റെ ജെെവസങ്കലനം (Organic Composition of Capital) സാധ്യമാക്കുന്നത് ഇവയ്ക്കാവശ്യമായ ഇന്ധനങ്ങളുടെയും ഊർജരൂപങ്ങളുടെയും ധാതുഖനിജ വിഭവങ്ങളുടെയും സമാഹരണം ആഗോളതലത്തിൽ നടക്കുമ്പോൾ ആണ്. നിർമിതബുദ്ധിയുടെ വികാസത്തിൽപോലും ആഗോളതലത്തിൽ സമാഹരിക്കപ്പെടുന്ന ബിഗ് ഡേറ്റ ആവശ്യമാണ്. 20–ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യാ വികാസവും സാമ്രാജ്യത്വം എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ പുനഃസംഘാടനവും ഒന്നിച്ചുപോകുന്നു. ദീപക് തന്നെ സൂചിപ്പിക്കുന്ന അമിതോൽപ്പാദന കുഴപ്പം ഒഴിവാക്കാനായി യുദ്ധങ്ങളും ചാരവലയങ്ങളും സർവേലൻസും ഉപയോഗിക്കുന്ന മുറകൾതന്നെ മുതലാളിത്തം സാമ്രാജ്യത്വം എന്ന രാഷ്ട്രീയ സാമ്പത്തിക രൂപമായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. ശാസ്ത്ര സാങ്കേതികവിദ്യകളുടെ വളർച്ചക്ക് സാമ്പത്തിക വാണിജ്യരൂപങ്ങളുമായി ഭിന്നതയില്ലാത്തതുപോലെ അരാഷ്ട്രീയമായ സ്വഭാവവുമില്ല. ഇത് മാർക്സ് നേരത്തെതന്നെ തിരിച്ചറിഞ്ഞതുമാണ്. ഇതു കാണിക്കുന്നത് സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള മൂലധന വികാസം സാധ്യമാകുന്നത് ആഗോളതലത്തിൽ വിഭവങ്ങളുടെയും മനുഷ്യാധ്വാന ശക്തിയുടെയും സമാഹരണത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. സാങ്കേതികവിദ്യകളുടെ തനതുനിലനിൽപ്പ് മൂലധനം തന്നെ സൃഷ്ടിച്ച കെട്ടുകഥയാണ്.

ദീപക് പറയുന്ന ഒരു കാര്യം പൂർണമായി ശരിയാണ്. മൂലധനം കേവലമായ സാങ്കേതികാധിപത്യമല്ല. സാങ്കേതികവിദ്യകൾ മൂലധനചംക്രമണത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ അവ മനുഷ്യവിരുദ്ധമാവുകയാണ്. അവിടെ പ്രശ്നം മുതലാളിയുടെ ലാഭക്കൊതിയും ഏതെങ്കിലും വിധത്തിലുള്ള മൂലധനസമാഹരണതന്ത്രങ്ങളും മാത്രമല്ല. ദീപക് സൂചിപ്പിക്കുന്നതുപോലെ മൂലധനം ആത്യന്തികമായി മൊത്തം സാമൂഹ്യാധ്വാനമാണ്. അതിൽനിന്നുള്ള മിച്ചമൂല്യം ലാഭമായും സ്ഥിരമൂലധനമായും വിവിധ രീതികളിൽ തൊഴിലാളികളുടെ വിശ്രമജീവിതം പോലും കവർന്നെടുക്കുന്ന രൂപങ്ങളുമായി മാറുമ്പോൾ അതിന് തനതായ ചാലകസ്വഭാവം കെെവരുന്നു. ഈ ചാലകതയുടെ പാത്രിഭാവ (Personification) ങ്ങളാണ് എലോൺമസ്കും സെർജിബ്രിനും ലാറിപേങ്ങും സുക്കർ ബെർഗും ജെഫ് ബെസോസും എല്ലാം. അതേസമയം, സാങ്കേതികവിദ്യകൾക്ക് തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിൽനിന്ന് മറ്റൊരു സ്വഭാവവും പ്രവർത്തനരീതിയും സാധ്യമാണ് എന്ന ദീപക്കിന്റെ വാദം അംഗീകരിക്കേണ്ടതാണ്.

ഇത്തരം കാഴ്ചപ്പാടുകളും സമസ്യകളും പുറത്തുകൊണ്ടുവരുന്നതിലും പ്രശ്നവൽക്കരിക്കുന്നതിലും ദീപക് വിജയിച്ചിട്ടുണ്ട്. അതേസമയം, ഗ്രുൻഡ്രിസ്സെയെ ഡേവിഡ് ഹാർവിയുടെ കണ്ണുകളിലൂടെ വ്യാഖ്യാനിക്കാൻ ശ്രമിച്ചതിൽ അപാകതകളുണ്ട്. അതിന്റെ ഒരുദാഹരണം മൂലധനത്തെ സമഗ്രതയായി ചിത്രീകരിച്ചരീതിയാണ്. സാങ്കേതികവിദ്യാ വിമർശനത്തിൽ പ്രത്യക്ഷപ്പെടുന്ന സിസ്റ്റം തിയറിയും ഘടനാപര വിമർശവും അനുസരിച്ചാണ് സമഗ്രതയുടെ കാഴ്ചപ്പാട് പ്രത്യക്ഷപ്പെടുന്നത്. മാർക്സിന്റെ വാദം ഊന്നുന്നത് വെെരുദ്ധ്യാത്മകമായ സമഗ്രതയിലാണ് (ദീപക് തന്നെ വിവർത്തനം ചെയ്ത് ചേർത്തിരിക്കുന്ന നോട്ട്ബുക്ക് എ – ൽ ഇതു കാണാം). ഹാർവിയെപോലുള്ളവർ വെെരുദ്ധ്യാത്മക ഭൗതികവാദത്തെത്തന്നെ നിഷേധിക്കുന്നതുകൊണ്ട് സിസ്റ്റം തിയറിയുടെയും ഘടനാവാദത്തിന്റെയും രൂപപരമായ യുക്തിയിൽനിന്നു വിട്ടുനിൽക്കാൻ അവരെക്കൊണ്ടുകഴിയില്ല. ഭൗതികവാദപരമായ ചരിത്ര വിശകലനത്തെ വേണ്ടവിധത്തിൽ ഉപയോഗിക്കാതെ വിമർശനാത്മക ഭൂമിശാസ്ത്രത്തിലാണ് ഹാർവി ഊന്നുന്നത്. അതുകൊണ്ട് മാർക്സുതന്നെ വിശദീകരിക്കുന്ന മുതലാളിത്തപൂർവ ഉൽപ്പാദനരീതികളെയും മുതലാളിത്ത രീതിയെയും തമ്മിൽ ബന്ധപ്പെടുത്താൻ ഹാർവിക്ക് കഴിയാതെ പോകുന്നുണ്ട്. ഈ ദൗർബല്യം തിരിച്ചറിയാതെ ഹാർവിയുടെ വ്യാഖ്യാനത്തെ ഉപയോഗിച്ചാലുള്ള പരിമിതികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഹാർവി തിരിച്ചറിയാതെ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം സാമ്രാജ്യത്വമാണ്. ഇന്നിപ്പോൾ വ്യാപരിക്കുന്ന ഉൽപ്പാദനമൂലധനവും ‘‘ജ്ഞാനമൂലധന’’വും തമ്മിലുള്ള വേർതിരിവും ധനമൂലധനത്തിന്റെ ആപേക്ഷികമായ സ്വതന്ത്രപ്രവർത്തനശേഷിയും വിവരവിനിമയ സാങ്കേതികവിദ്യകളുടെയും ‘‘സ്വതന്ത്ര’മായ ധനവിപണികളുടെയും സൃഷ്ടിയാണ്. ഇവ സാധ്യമാകുന്നത് ‘‘ആഗോളവൽക്കരണ’’ത്തിന്റെ ഭാഗമായി ഉണ്ടാക്കിയ വിവിധ വാണിജ്യക്കരാറുകളുടെയും സാമ്പത്തിക സഹായ–ഉപരോധരൂപങ്ങളുടെയും സൃഷ്ടികൊണ്ടുകൂടിയാണ്. നമ്മുടെ പല പ്രാമാണികഗ്രന്ഥങ്ങളും ഇവയെല്ലാം മുതലാളിത്തത്തിന്റെ സ്വാഭാവിക വികാസപരിണാമങ്ങളുടെ ഫലമാണെന്ന് വാദിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. മനുഷ്യാധ്വാനത്തിന്റെ ഫലങ്ങൾ എന്നതിനെക്കാൾ ചില വ്യക്തികളുടെ സ്വപ്നസാക്ഷാൽക്കാരമാണ് ഇവ എന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉദാഹരണമാണ്; സമൂഹത്തെ വ്യക്തികളുടെ സ്വതന്ത്ര ചേരുവകളായും അധ്വാനത്തെ സാമൂഹ്യ അധ്വാനമായും കാണുന്ന മാർക്സിന്റെ നിലപാടിന്റെ നേർവിപരീതമാണിത്. ‘സാമ്രാജ്യം’ എന്നതിനെത്തന്നെ മുതലാളിത്തത്തിന്റെ ജെെവവികാസത്തിന്റെ ഫലമായി കാണുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ, മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങളുടെ സ്വഭാവം എന്തായിരിക്കണമെന്ന് വിശദീകരിക്കാൻ അവരെക്കൊണ്ടു കഴിയുന്നില്ല.

ഏറ്റവും അവസാനമായി, ഗ്രുൻഡ്രിസ്സെ ശ്രദ്ധേയമാകുന്നത് മാർക്സിന്റെ മൂലധന വിമർശനത്തിന്റെ സമ്പന്നത ബോധ്യപ്പെടുത്താൻ വായനക്കാരെ സഹായിക്കുമെന്നതിലാണ്. ഈ സമ്പന്നത വായനക്കാരിലെത്തിക്കാനും ആവശ്യമായ കാലികമായ ഉദാഹരണങ്ങളിലൂടെ വിശദമാക്കാനും ദീപക് ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗ്രുൻഡ്രിസ്സെയുടെ സമീപനമല്ല മൂലധനത്തിലെ സമീപനം. മൂലധനത്തിൽ മാർക്സ് ആരംഭിക്കുന്നത് ചരക്കുകളിൽ നിന്നാണ്, പണത്തിൽ നിന്നല്ല. പണവും ചരക്കുകളും തമ്മിലുള്ള ബന്ധത്തെ നേരെ തിരിച്ചിടുകയാണ് മാർക്സ് ചെയ്തത്. ചരക്കുകളെ കേന്ദ്ര സ്ഥാനത്തുകൊണ്ടുവന്ന് M-–C–Mനെ കേന്ദ്രീകരിക്കുകയാണ് മാർക്സ് ചെയ്തത്. അതുപോലെ അധ്വാനമൂല്യസിദ്ധാന്തത്തിന് നൽകിയ കേന്ദ്ര സ്ഥാനത്തിലൂടെയും ചരക്കുകളുടെ വിഗ്രഹവൽക്കരണത്തെ (fetishism) ആദ്യംതന്നെ അവതരിപ്പിക്കുന്നതിലൂടെയും ഗ്രുൻഡ്രിസ്സെയിൽനിന്ന് രീതിശാസ്ത്രപരമായ ഭിന്നതയിലേക്കാണ് മാർക്സ് എത്തിച്ചേരുന്നത്. ഇതുംകൂടി ഉൾപ്പെടുത്താതെ മാർക്സിന്റെ മൂലധനവിമർശനം പൂർണമാവുകയില്ല. മൂലധനം ഒരു പ്രക്രിയയാണെന്ന് ദീപക് ആവർത്തിച്ചുപറയുന്നുണ്ട്. അതു ശരിയുമാണ്. അവിടെ സാങ്കേതികമായ രേഖീയത കൂടാതെ ചരിത്രപരമായ വെെരുദ്ധ്യാത്മകതയും കടന്നുവരുന്നുണ്ട്. നിരന്തരമായ മൂലധന വികാസം എന്നത് സാങ്കേതികവിദ്യയുടെയും സ്ഥിരമൂലധനത്തിന്റെയും വികാസം മാത്രമല്ല. അതു ചരിത്രപരവും വെെരുദ്ധ്യാത്മകവുമാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാവികാസം സോഷ്യലിസത്തിലേക്കും കാടത്തത്തിലേക്കും നീങ്ങാം. ഇതുവ്യക്തമായി തിരിച്ചറിഞ്ഞത് മാർക്സ് തന്നെയാണ്. മാർക്സ് നാം ഉദ്ദേശിക്കുന്നതിലുമധികം ഹെഗലിന്റെ വെെരുദ്ധ്യാത്മക തത്വങ്ങളെ ആശ്രയിക്കുന്നുണ്ട്. ഏതൊരു സമൂഹരൂപത്തിന്റെയും സാധ്യതകളോടൊപ്പം പരിമിതികളെയും തിരിച്ചറിയാനും അവയെ മറികടക്കേണ്ട വിപ്ലവപ്രക്രിയയെ സെെദ്ധാന്തികമായിതന്നെ വിലയിരുത്താനും മാർക്സിനു സാധിച്ചു. മാർക്സിന്റെ മൂലധന വിമർശത്തെ സങ്കീർണവും സമ്പന്നവുമാക്കുന്നത് ഈ സമീപനമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − one =

Most Popular