2024 നവംബർ 15, 16 തീയതികളിൽ പെറുവിലെ ഗവൺമെന്റ് ഏഷ്യ –പെസഫിക് സാമ്പത്തിക സഹകരണ (APEC) ഫോറത്തിന് ആതിഥേയത്വം വഹിച്ചു. 21 അംഗങ്ങളടങ്ങിയ ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത് 1989ലാണ്; ആസിയാൻ (Association of South East Asian Nations – -– ASEAN) കൂട്ടായ്മയിലെ പ്രമുഖ രാജ്യങ്ങൾക്കുപുറമേ അമേരിക്കയും ചെെനയും ഉൾപ്പെടെ പെസഫിക് മഹാസമുദ്ര തീരത്തുള്ള പ്രധാനപ്പെട്ട രാജ്യങ്ങളും ചേർന്നതാണ് അപ്പെക്. ഈ വേദിയുടെ യോഗത്തിൽ അവിചാരിതമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ല; അപ്പെക് വേദിയുടെ മുൻ യോഗങ്ങളിൽ അംഗീകരിച്ചിട്ടുള്ളവയിൽനിന്നും ഒട്ടുംതന്നെ വ്യത്യസ്തമല്ല ഇപ്പോഴത്തെ മാച്ചു പിക്-ച്ചു പ്രഖ്യാപനവും. എന്നാൽ, ഏറെ താൽപ്പര്യജനകമായ ഒരു വാക്യം മാച്ചുപിക്-ച്ചു പ്രഖ്യാപനത്തിലുണ്ട്: ‘‘അഭൂതപൂർവവും ദ്രുതഗതിയിലുള്ളതുമായ മാറ്റങ്ങൾ ഇന്നത്തെ ലോകക്രമത്തിന് രൂപംനൽകുന്നത് തുടരുകയാണ്’’. എന്നിരുന്നാലും, അപ്പെക്കിൽ അംഗങ്ങളായ രാജ്യങ്ങളിലെ ഗവൺമെന്റുകൾക്ക് ആ മാറ്റങ്ങളെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്നിരിക്കെ ആ വാക്യത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനും വ്യക്തത വരുത്താനും കഴിയില്ല. ‘‘ദ്രുതഗതിയിലുള്ള മാറ്റങ്ങൾ’’ എന്താണെന്ന് വ്യക്തമാക്കാൻ ആ യോഗത്തിനുതന്നെ കഴിഞ്ഞിട്ടില്ല; എന്നാൽ ലിമയിലെ യോഗത്തിനു പുറത്തുനടന്ന സംഭവവികാസങ്ങൾ ഈ മാറ്റങ്ങളുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.
ഉപയോഗിച്ച് പഴകിയ മെട്രോ കാറുകൾ
അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ പെറുവിലേക്ക് വന്നത് അതിവിചിത്രമായ ഒരു വാഗ്ദാനവുമായാണ്. പെറുവിന്റെ പ്രസിഡന്റ് ദിന ബൊളുവാർത്തെ (Dina Boluarte) യുടെ അടുത്തുനിന്നുകൊണ്ട് ബെെഡൻ ഒരു പ്രഖ്യാപനം നടത്തി; ലിമ മെട്രോസിസ്റ്റത്തിനായി അമേരിക്ക 150 പാസഞ്ചർ കാറുകളും തീവണ്ടി എഞ്ചിനുകളും സന്തോഷപൂർവം സംഭാവനയായി നൽകുമെന്നാണ് ആ പ്രഖ്യാപനം. സാധാരണഗതിയിൽ വളരെയേറെ സ്വാഗതാർഹമായ ഒരു പ്രഖ്യാപനമാകുമായിരുന്നു ഇത്. എന്നാൽ, ആ പ്രഖ്യാപനത്തിൽ നല്ലതല്ലാത്ത ചിലത് ഉണ്ടായിരുന്നു. അതായത് ആ കാറുകളും തീവണ്ടി എഞ്ചിനുകളും പുതിയതായിരുന്നില്ല, മറിച്ച് അമേരിക്കയിലെ കാൾട്രെയിൻ സിസ്റ്റത്തിൽ ഉപയോഗിച്ച് പഴകിയതായിരുന്നു അവ. ഇവ പെറുവിന് വിൽക്കാനാണ് മുൻപ് അമേരിക്കൻ ഗവൺമെന്റ് ആലോചന നടത്തിയത്; എന്നാൽ, അതിനുപകരം ഇതിനെ സംഭാവനയാക്കി മാറ്റാനാണ് അമേരിക്ക തിരക്കിട്ട് തീരുമാനിച്ചത്.
പുതിയ സാധനങ്ങൾ പലതും പെറുവിലേക്ക് വരുന്നുണ്ട്; പക്ഷേ അതൊന്നുംതന്നെ സാധാരണക്കാർക്ക് ഉപയോഗിക്കാനുള്ളതല്ല. അമേരിക്ക പെറുവിന് ഒമ്പത് ബ്ലാക് ഹോക്ക് ഹെലികോപ്ടറുകൾ നൽകി (അമേരിക്കൻ നികുതിദായകരുടെ 6.5 കോടിയോളം ഡോളറാണ് ഇതിനായി സിക്കോർസ്-ക്കി എയർക്രാഫ്റ്റിന് നൽകപ്പെട്ടത്). മയക്കുമരുന്ന് കള്ളക്കടത്തുകാർക്കെതിരെ ഉപയോഗിക്കാനാണ് ഈ ഹെലികോപ്ടറുകൾ; എന്നാൽ, പെറൂവിയൻ ഗവൺമെന്റ് രാജ്യത്തെ പൗരർക്കെതിരായി ഇതുപയോഗിക്കില്ലായെന്നതിന് യാതൊരുറപ്പുമില്ല. അപ്പെക് ഉച്ചകോടിക്ക് സുരക്ഷയൊരുക്കിയത് അമേരിക്കൻ സെെന്യമാണ്; എന്നാൽ ഇത്ര വിപുലമായ വിധത്തിൽ ഒരുച്ചകോടി കെെകാര്യം ചെയ്യാൻ തങ്ങൾക്ക് തികച്ചും ശേഷിയുണ്ടെന്ന് പെറുവിലെ സെെന്യം തെളിയിച്ചിട്ടുള്ളതാണ്.
ദക്ഷിണ അമേരിക്കയ്ക്കായി ഒരു തുറമുഖം
പെറുവിന്റെ അത്യാകർഷകമായ, വിസ്മയകരമായ തീരപ്രദേശത്തുകൂടെ ലിമയിൽനിന്ന് വടക്കോട്ട് രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ചാൻകേയിലെത്തും (Chancay); ചിലിയും പെറുവും തമ്മിൽ നടന്ന 1879–1884 കാലത്തെ പെസഫിക് യുദ്ധത്തിന്റെ അരങ്ങായിരുന്നു പ്രസിദ്ധമായ ഈ തീരദേശ പട്ടണം. ശാന്തമായ ഒരു പട്ടണമായിരുന്ന ഇത് ഇപ്പോൾ ഒരു പ്രമുഖ തുറമുഖമാണ്. സംയുക്ത സംരംഭമാണ് ഈ തുറമുഖം; വൊൾക്കാൻ കമ്പനി മിനേറ എസ്എഎ എന്ന പെറൂവിയൻ കമ്പനിക്കാണ് ഈ തുറമുഖത്തിന്റെ 40 ശതമാനം ഉടമസ്ഥാവകാശം; അവശേഷിക്കുന്ന 60 ശതമാനത്തിന്റെ ഉടമസ്ഥത കോസ്-ക്കോ (Cosco) ഷിപ്പിങ് പോർട്ട്സ് ഓഫ് ചെെനയ്ക്കാണ്. കോസ്-ക്കോ ചെെനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമാണ്; ഇതിനകംതന്നെ പെസഫിക് മഹാസമുദ്രത്തിലെ അമേരിക്കൻ തീരത്തെ (വാഷിങ്ടണിലെ സിയാറ്റിലിൽ) ഒരു തുറമുഖത്തിന്റെ ഒരു ഭാഗത്തിന്റെ ഉടമസ്ഥത കോസ്-ക്കോയ്ക്കുണ്ട്.
പെറൂവിയൻ പ്രോജക്ടിൽ ചെെന 360 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്; പൂർത്തിയാകാറായ ഈ പ്രോജക്ട് 2021ൽ തുടങ്ങിയതാണ്. ഈ തുറമുഖത്തിന്റെ ഏറ്റവുമധികം ആഴമുള്ള ഭാഗത്തിന് 17.8 മീറ്ററുണ്ട്; അതായത് ഈ തുറമുഖത്ത് 18,000 ടിഇയു (ട്വന്റിഫുട്ട് ഇക്വിവാലെന്റ് യൂണിറ്റ് – ചരക്കുകപ്പലുകളുടെ ശേഷി അളക്കുന്നതിനുള്ള അളവുകോലാണിത്) ശേഷിയുള്ള വലിയ ചരക്കുകപ്പലുകൾക്ക് നങ്കൂരമിടാൻ കഴിയും എന്നർഥം; ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ചെെനയിൽ നിർമിച്ച എംഎസ്-സി ഇറീനയാണ്; അതിന്റെ ശേഷി 24,346 ടിഇയുവാണ്. അപ്പെക് ഉച്ചകോടി നടക്കവെ തന്നെ ചെെനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങും പെറുവിന്റെ പ്രസിഡന്റ് ബൊളുവാർത്തെയും ചേർന്ന് തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തി.
ചാൻകെ തുറമുഖത്തിനൊപ്പം പാരിതോഷികമായി ഒരു റെയിൽവെ ലെെനും ചെെനക്കാർ നിർമിച്ചു നൽകും; തുറമുഖത്തുനിന്ന് ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തെ മനൗസ് (Manaus) നഗരത്തിനുള്ളിലെ ഫ്രീ എക്കണോമിക് സോൺ വരെ നീളുന്ന റെയിൽവെ ലെെനാണ് ചെെന നിർമിച്ച് നൽകുന്നത്. ചെെനയും ദക്ഷിണ അമേരിക്കയും തമ്മിലുള്ള വ്യാപാരം നേരിട്ടുള്ളതായിരിക്കും; ഇനി അത് വടക്കേ അമേരിക്ക വഴിയോ മധ്യ അമേരിക്ക വഴിയോ കൊണ്ടുപോകേണ്ടതില്ല; ഇതുമൂലം കപ്പലോട്ട സമയത്തിൽ ഗണ്യമായ കുറവുണ്ടാകും; ഇത് ഇരുകൂട്ടർക്കും –ചെെനയ്ക്കും തെക്കേ അമേരിക്കൻ രാജ്യങ്ങൾക്കും–ഇടയിലുള്ള വ്യാപാരം കൂടുതൽ ലാഭകരമാക്കും. തുടക്കത്തിൽ ഈ തുറമുഖം കാർഷികോൽപ്പന്നങ്ങൾക്ക് (വെണ്ണപ്പഴം–Avocado, ബ്ലൂബെറി, കോഫി, കൊക്കോ തുടങ്ങിയവ) വലിയ അനുഗ്രഹമാകും; എന്നാൽ തുറമുഖത്തിന്റെ പശ്ചാത്തല പ്രദേശങ്ങളിൽ തടി ഉൾപ്പെടെയുള്ള ഈ ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതിനായി വ്യാവസായിക മേഖലകൾ കെട്ടിപ്പടുക്കാമെന്ന് പെറുവിലെ ഗവൺമെന്റ് പ്രതീക്ഷിക്കുന്നു; അങ്ങനെയാകുമ്പോൾ മൂല്യവർധന കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ പെറുവിനുതന്നെ ലഭിക്കുമെന്ന് ഉറപ്പാകും. ഉദാഹരണത്തിന് ആൻകോൺ (Ancon) ഇൻഡസ്ട്രിയൽ പാർക്ക് നിർമിക്കാൻ ഇതിനകംതന്നെ തീരുമാനമായിക്കഴിഞ്ഞു; അടുത്ത വർഷം അതിന്റെ പണിതുടങ്ങും. പെറുവിലെ പണ്ഡിതർ ഈ പ്രൊജക്ടിനെകുറിച്ച് നടത്തിയ പഠനം ഈ പ്രൊജക്ട് (ചാൻകെ തുറമുഖ പ്രൊജക്ട്) പെറുവിനു മാത്രമല്ല ഏതാനും വർഷങ്ങൾക്കുള്ളിൽ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങൾക്കുംകൂടി നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ്.
നിക്ഷേപമോ അരക്ഷിതത്വമോ?
പെറുവിലെ ചെെനീസ് നിക്ഷേപത്തെ അടച്ചുപൂട്ടിക്കാൻ അമേരിക്ക ശ്രമിച്ചു. 2020ൽ എൽസാൽവദോറിലെ ല യൂണിയൻ തുറമുഖത്തിലെ ചെെനീസ് നിക്ഷേപത്തെ അടച്ചുപൂട്ടിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. അമേരിക്കയുമായി പെറുവിന് സെെനികബന്ധമുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു സമ്മർദതന്ത്രവും ഇത്തവണ പെറു ഗവൺമെന്റിനുമേൽ ചെലവായില്ല. കഴിഞ്ഞ വർഷം അമേരിക്കയിലെ റിട്ടയേർഡ് ജനറൽ ലോറ ജെ റിച്ചാർഡ്സൺ (അക്കാലത്ത് അവർ സതേൺ കമാൻഡിന്റെ മേധാവിയായിരുന്നു) വാഷിങ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ ചെെനീസ് നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു: ‘‘ചെെനീസ് ജനകീയ റിപ്പബ്ലിക് എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാനാണ്, ഞാനിവിടെ താൽപ്പര്യപ്പെടുന്നത്; അത് നിക്ഷേപമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം; പക്ഷേ, അവസാനമത് ഉൗറ്റിയെടുക്കലായി മാറുമെന്ന് ഞാൻ പറയുന്നു. അത് അപകടമേഖല (Red Zone)യിലാണെന്നും എനിക്ക് പറയാൻ കഴിയും. നമ്മുടെ മാതൃഭൂമിയുടെ 20 യാർഡ് മാത്രം അകലെയാണവ. അഥവാ നമ്മുടെ മാതൃഭൂമിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും തുറമുഖ ശൃംഖലയിലാണവയെന്ന് നമുക്ക് പറയാൻ കഴിയും. ഈ മേഖലയുമായുള്ള സാമീപ്യത്തിന്റെയും ഇവയുടെ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഞാൻ കരുതുന്നത് ഇൗ മേഖല കൊണ്ടുവരുന്നതെന്തെന്നും അതുമൂലം ഈ രാജ്യങ്ങൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും നാം ശരിക്കും വിലയിരുത്തണമെന്നാണ് ’’.
അമേരിക്ക ചെെനീസ് നിക്ഷേപത്തെ തങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്; എന്നാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നിക്ഷേപമാണ്. തുറമുഖത്തെക്കുറിച്ച് ചോദിച്ചപ്പോൾ പെറുവിലെ മുൻ ധനമന്ത്രി അലക്സ് കോണ്ടെറാസ് ഫെെനാൻഷ്യൽ ടെെംസിനോട് ഇങ്ങനെ പറഞ്ഞു: ‘‘വലിയ തോതിൽ നിക്ഷേപകമ്മിയുള്ള ഒരു മേഖലയിൽ ഏതു നിക്ഷേപവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒരു നിക്ഷേപവും ഇല്ലാത്ത അവസ്ഥയും ചെെനീസ് നിക്ഷേപവും എന്നതിൽ ഒന്നിനെ തെരഞ്ഞെടുക്കേണ്ടതായി വന്നാൽ നമുക്ക് ചെെനീസ് നിക്ഷേപത്തെ തെരഞ്ഞെടുത്തേ മതിയാവൂ.’’
അപ്പെക് ഉച്ചകോടിയെ തുടർന്ന് ബ്രസീലിൽ ചേർന്ന ജി 20 യോഗത്തിൽ ഷി ജിൻപിങ് ബെൽറ്റ് ആൻഡ്- റോഡ് ഇനിഷേ-്യറ്റീവ് എന്ന വിഷയം വീണ്ടും അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘‘എക്കാലവും ചെെന ആഗോള തെക്കൻ മേഖലയിലെ ഒരംഗം തന്നെയായിരിക്കും; മറ്റു വികസ്വര രാജ്യങ്ങൾക്ക് എന്നും വിശ്വസിക്കാവുന്ന ഒരു ദീർഘകാല പങ്കാളിയായിരിക്കും.’’ പെറുവിന്റെ നിലപാടിൽനിന്ന് നോക്കിയാൽ അവിടെ നിർമിക്കുന്ന തുറമുഖം സുരക്ഷാ ഭീഷണിയായല്ല കാണുന്നത്, പകരം വികസനമായാണ് കാണുന്നത്. l