നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനെെസേഷന്റെ (നാറ്റോ) നിലവിലെ സെക്രട്ടറി ജനറലായിട്ടുള്ള മാർക് റൂട്ടേ ഒരു കവിയൊന്നുമല്ല. നാറ്റോയുടെ മറ്റു സെക്രട്ടറി ജനറൽമാരെപ്പോലെതന്നെ അദ്ദേഹവും അമേരിക്കയ്ക്കുവേണ്ടി നാറ്റോയുടെ ചുക്കാൻപിടിക്കുന്ന ഒരു ശരാശരി യൂറോപ്യൻ രാഷ്ട്രീയക്കാരനാണ് (തുറന്നു പറയാമല്ലോ, പതിനാലു വർഷത്തോളം നെതർലാൻഡ്സിന്റെ പ്രധാനമന്ത്രിയായിരുന്ന റൂട്ടേയെ ഒരു നേതാവെന്നതിലുപരി പിടിച്ചുനിൽക്കപ്പെട്ടവൻ എന്നു വിശേഷിപ്പിക്കുന്നതാവും ശരി.) എന്നിട്ടും, 2024 ഡിസംബർ 12ന്, ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിലെ കൺസേർട്ട് നോബിൾ വേദിയിൽ റൂട്ടേ ഒരു പ്രസംഗം നടത്തി; 1885 മുതൽ 1908 വരെ കോംഗോയുടെ ഉടയോനായി നിന്നുകൊണ്ട് ആ പ്രദേശമാകെ കൊള്ളയടിച്ച തസ്കര രാജാവായ ലിയോപോൾഡ് രണ്ടാമൻ 1873ൽ പുനഃനിർമിച്ച ഒരു വേദിയാണ് കൺസേർട്ട് നോബിൾ. ഈ പ്രസംഗം പിന്നീട് നാറ്റോയുടെ വെബ്സെെറ്റിൽ വളരെ കൗതുകകരമായ രൂപത്തിൽ, അതായത് സാധാരണ ഗതിയിലുള്ള വിരസമായ ബ്യൂറോക്രാറ്റിക് സംഭാഷണത്തിന്റെ രൂപത്തിൽനിന്നു മാറ്റി കവിതയുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ ഒട്ടുമിക്ക ഭാഗവും ഒഴുക്കൻമട്ടിലുള്ളതാണ്, പക്ഷേ അതിൽ ഞാൻ പങ്കുവയ്ക്കാനാഗ്രഹിക്കുന്ന നാല് പദ്യശകലങ്ങളുണ്ട്.
ബ്രസ്സൽസിൽനിന്ന് ഉക്രൈനിലേക്ക് ഒരു ദിവസമെടുക്കും.
ഒരു ദിവസം –
അത്രയടുത്താണ് റഷ്യൻ ബോംബുകൾ വീണുപതിക്കുന്നത്.
അത്രയടുത്താണ് ഇറാനിയൻ ഡ്രോണുകൾ പറക്കുന്നത്.
ഉത്തരകൊറിയൻ സെെനികർ പൊരുതുന്നതും അത്രയകലെയല്ല.
ഓരോ ദിവസവും ഈ യുദ്ധം വിതയ്ക്കുന്നത്
കൊടിയനാശവും മരണവുമാണ്.
ഒാരോ ആഴ്ചയും ഉക്രൈനിന്റെ നാനാഭാഗങ്ങളിലും
10000ത്തിലേറെ പേർ കൊല്ലപ്പെടുകയോ
മുറിവേൽക്കപ്പെടുകയോ ചെയ്യുന്നു.
2022 ഫെബ്രുവരി മുതലിതുവരെ ഒരു ദശലക്ഷത്തിലേറെയാണ്
ആൾനാശം.
……….
ഉത്തര അമേരിക്കയെയും യൂറോപ്പിനെയും ദുർബലമാക്കാൻ
റഷ്യയും ചെെനയും പിന്നെ ഉത്തരകൊറിയയും
ഇറാനും കിണഞ്ഞു പണിയെടുക്കുന്നു.
നമ്മുടെ സ്വാതന്ത്ര്യത്തെ അറുത്തുമാറ്റാൻ.
ആഗോളക്രമത്തെയാകെ പുനഃക്രമീകരിക്കുവാൻ
സുതാര്യമായതൊന്ന് സൃഷ്ടിക്കുവാനല്ല, അവരുടേതായ
സ്വാധീനവലയങ്ങളുറപ്പാക്കുവാൻ.
അവർ നമ്മളെ പരീക്ഷിക്കുകയാണ്.
ലോകത്ത് മറ്റുള്ളവർ അത് നിരീക്ഷിക്കുകയാണ്.
അല്ല, ഞങ്ങൾ യുദ്ധത്തിലല്ല.
പക്ഷേ ഞങ്ങൾ തീർച്ചയായും സമാധാനത്തിലുമല്ല.
……….
അവസാനമായി, നാറ്റോ രാജ്യങ്ങളിലെ, പ്രത്യേകിച്ച്
യൂറോപ്പിലെ പൗരരോട് ഞാൻ പറയട്ടെ:
പ്രതിരോധരംഗത്ത് നിക്ഷേപിക്കുവാൻ വിസമ്മതിക്കുന്ന
നിങ്ങളുടെ ബാങ്കുകളോടും പെൻഷൻ ഫണ്ടുകളോടും
അവർ നിങ്ങൾക്കു തീരെ പറ്റാത്തവയാണെന്ന് പറഞ്ഞേക്കുക.
മയക്കുമരുന്നുകളുടെയും അശ്ലീലസാഹിത്യങ്ങളുടെയും പട്ടികയിൽപ്പെടുന്ന ഒന്നല്ല പ്രതിരോധം.
പ്രതിരോധത്തിലെ നിക്ഷേപം നമ്മുടെ സുരക്ഷയിലെ നിക്ഷേപമാണ്.
അത് അനിവാര്യമാണ്!
……
ഒരു ദശകം മുൻപ്, ഒരിക്കൽ കൂടി പ്രതിരോധ രംഗത്ത് നിക്ഷേപിക്കേണ്ട സമയമായിയെന്ന് സഖ്യരാജ്യങ്ങൾ അംഗീകരിച്ചു.
രണ്ടു ശതമാനമെന്ന മാനദണ്ഡവും നിശ്ചയിച്ചു.
2023 ഓടെ ‘കുറഞ്ഞത്’ രണ്ടു ശതമാനമെങ്കിലും നിക്ഷേപിക്കുവാൻ നാറ്റോ സഖ്യരാജ്യങ്ങൾ അംഗീകരിച്ചു.
കുറഞ്ഞത് അത്രെയെങ്കിലും…
എനിക്ക് നിങ്ങളോട് പറയാനാകും: രണ്ടു ശതമാനത്തേക്കാൾ
വളരെ കൂടുതൽ
നമുക്ക് ആവശ്യമായി വരാൻ പോകുകയാണ്.
അത്രമേൽ അധികമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീനുവേണ്ടിയോ സുഡാനുവേണ്ടിയോ റൂട്ടേ ഇത്തരത്തിലൊരു കവിതയുമെഴുതിയില്ല. ഉക്രൈനിനെക്കുറിച്ച് മാത്രമാണ് റൂട്ടേ എഴുതിയത്; അനേകം വസ്തുതകൾ ഒഴിവാക്കുകയും തെറ്റായ വസ്തുതകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉക്രൈൻ യുദ്ധത്തെക്കുറിച്ച്, ആ സംഘർഷം നീട്ടിക്കൊണ്ടുപോകാനുള്ള താൽപ്പര്യം യൂറോപ്പിനകത്തുപോലും ഇല്ലാത്തൊരു സമയത്താണ് അദ്ദേഹമിത് എഴുതുന്നത്. ചെലവുചുരുക്കൽ നയങ്ങൾ നടപ്പാക്കി സ്തംഭിച്ചുനിൽക്കുന്ന നാറ്റോ രാജ്യങ്ങളോട് പ്രതിരോധരംഗത്തെ ചെലവഴിക്കൽ തങ്ങളുടെ ജിഡിപിയുടെ കുറഞ്ഞത് 2 ശതമാനമെങ്കിലുമായി വർധിപ്പിക്കാനാണ് റൂട്ടേയുടെ കവിത ആവശ്യപ്പെടുന്നത്. ഈ മാനദണ്ഡം 5 ശതമാനമാക്കി ഉയർത്താൻ ഡൊണാൾഡ് ട്രംപ് ഇതിനകംതന്നെ ആഹ്വാനം ചെയ്തുകഴിഞ്ഞു.
2022ൽ ഉക്രൈൻ യുദ്ധത്തിന്റെ തുടക്കം മുതൽ, ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന ആഗോള തെക്കൻമേഖലയിലെ രാജ്യങ്ങൾ, ആ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്ക കെെക്കൊണ്ട നയത്തെ എതിർക്കുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ആഗോള തെക്കൻമേഖലയിലെ രണ്ട് രാജ്യങ്ങൾ മാത്രമാണ് യഥാർഥത്തിൽ നടപ്പിലാക്കിയത് എന്ന് അടുത്തകാലത്ത് ഒരു സർവെയിൽ കണ്ടെത്തുകയുണ്ടായി; യുദ്ധത്തിന്റെ ആദ്യത്തെ വർഷം തന്നെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പത്തിരട്ടി വർധിപ്പിച്ചു എന്നും ഇതിൽ പറയുന്നു. കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോയെ വിപുലീകരിക്കുകയെന്ന അമേരിക്കൻ നയം യുദ്ധത്തിനു പിന്നാലെ വരുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയെപോലുള്ള ആഗോള തെക്കൻമേഖലാ നേതാക്കൾ പ്രസ്താവിക്കുകയുമുണ്ടായി.
പക്ഷേ, അടുത്തകാലംവരെ അമേരിക്കയിലും അതിന്റെ യൂറോപ്യൻ സഖ്യരാജ്യങ്ങളിലും യുദ്ധത്തിനുള്ള പിന്തുണ ശക്തമായിതന്നെ കണ്ടുവന്നിരുന്നു. ഈ പിന്തുണയാണ് ഇപ്പോൾ ഗണ്യമായ നിലയിൽ മാറിക്കൊണ്ടിരിക്കുന്നത്. മാധ്യമ ഊഹാപോഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, 24 മണിക്കൂറിനുള്ളിൽ താൻ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ യാതൊരു കഴമ്പുമില്ലാത്ത അവകാശവാദത്തിലാണ്; പക്ഷേ യുദ്ധത്തോടുള്ള ജനങ്ങളുടെ നിലപാടിൽ വന്ന തീക്ഷ്ണമായ മാറ്റത്തിന്റെ തെളിവാണ് അതിനെക്കാളൊക്കെ കാതലായിട്ടുള്ളത്. ഇത് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുമെന്നപ്രതീക്ഷയ്ക്ക് അടിത്തറ നൽകുന്നുണ്ട്.
യൂറോപ്പിലുടനീളം
സാമ്പത്തിക ബന്ധങ്ങൾ
പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യത
സാഹചര്യത്തെ മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നാമത്തെ സമ്മർദം സാമ്പത്തികമാണ്. ഉദാഹരണത്തിന്, 2025 ജനുവരി 1ന്, റഷ്യയും ഉക്രൈനും തമ്മിലുള്ള അഞ്ചുവർഷത്തെ വാതക കടത്തൽ കരാർ (Gas Transit Agreement) അവസാനിച്ചു. ഇത് ഉക്രൈൻ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ വാതക കയറ്റുമതി പൂർണമായി അവസാനിപ്പിക്കുകയും രാജ്യാതിർത്തിയിലൂടെയുള്ള പെെപ്പ് ലെെനു ഉക്രൈൻ ഗവൺമെന്റ് അടച്ചുപൂട്ടുമെന്നത് ഉറപ്പാക്കുകയും ചെയ്യുന്ന ഒന്നാണ്. യൂറോപ്പിലേക്ക് റഷ്യൻ വാതകം നേരിട്ട് കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കുകയെന്ന ദശകങ്ങൾ നീണ്ട തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ അമേരിക്ക കെെവരിച്ച ക്രമേണയുള്ള വിജയം, ഊർജ വിലകളിലുണ്ടായ കുതിച്ചുകയറ്റംമൂലം യൂറോപ്പിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ തന്നെ ഇടിവുണ്ടാക്കുന്നതിന് ഇടയാക്കി; യൂറോപ്പിന്റെ സമ്പദ്ഘടനയ്ക്ക് ഇത് സാരമായ ആഘാതമുണ്ടാക്കി. യുദ്ധംമൂലമുണ്ടായ വില പ്രതിസന്ധി ഇതേപോലെ നിരവധി വികസ്വര സമ്പദ്ഘടനകളെ ബാധിക്കുന്ന വിധത്തിൽ പടർന്നുപിടിച്ചു.
യുറോപ്പ് ഇപ്പോൾ ആശ്രയിക്കുന്ന അമേരിക്കൻ ദ്രവീകൃത വാതക കയറ്റുമതി, റഷ്യൻ വാതകത്തേക്കാൾ ശരാശരി 30 മുതൽ 40 ശതമാനം വരെ ചെലവുകൂടിയതാണ്. അതിനെക്കാളുപരി, ഈ ദ്രവീകൃത പ്രകൃതിവാതകം (LNG) അധികവും വിനാശകരമായ ഫ്രാക്കിങ് രീതിയിലൂടെ (അതായത്, ഭൂമിക്കടിയിലുള്ള പാറകളിൽ ജലവും കെമിക്കലുകളും ഉപയോഗിച്ച് ഭീമമായ സമ്മർദം ചെലുത്തി തകർത്ത് അതിൽനിന്ന് വാതകം ഖനനം ചെയ്യുന്ന രീതിയാണ് ഫ്രാക്കിങ് അഥവാ ഹെെഡ്രോളിക് ഫ്രാക്ച്വറിങ്) ഖനനം ചെയ്തെടുക്കുന്നതാണ് മാത്രമല്ല, വമ്പൻ എൽഎൻജി കാരിയർ ടാങ്കറുകളിലാണ്, അതായത് തുല്യനിലയിൽ പാരിസ്ഥിതികമായി ദോഷകരമായ രീതിയിലുമാണ് ഈ വാതകം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്.
യൂറോപ്പിനുണ്ടായിട്ടുള്ള അത്രമേൽ ഭീതിജനകമായ സാമ്പത്തിക ആഘാതം (കോട്ടം), നിലവിൽ യുദ്ധത്തോട് വർധിച്ച തോതിലുള്ള എതിർപ്പ് സൃഷ്ടിച്ചിട്ടുണ്ട്; അത് കേവലം തൊഴിലാളിവർഗത്തിനിടയിൽ മാത്രമല്ല, പൊതുവിൽ ഇത്തരം കുടുംബങ്ങളിലാകെ ഉണ്ടായിരിക്കുന്നു. ഉക്രൈനിലെ യുദ്ധത്തിന്റെ പേരിൽ തങ്ങൾ രണ്ടിരട്ടി വീട്ടേണ്ടി വരുമെന്ന് കൂടുതൽ കൂടുതൽ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു; അതായത്, തങ്ങൾ നൽകുന്ന നികുതി പണം യുദ്ധത്തിനും സെെനികവത്കരണ ശ്രമങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കപ്പെടുകയും അതേസമയം തന്നെ അടിക്കടി വർധിച്ചുവരുന്ന ഊർജ വിലയുടെയും ചുമത്തപ്പെടുന്ന ചെലവുചുരുക്കൽ നടപടികളുടെയും ആഘാതം തങ്ങളുടെ മേലാണ് പതിക്കുന്നതെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.
ജർമനിയിലെ, ക്രിസ്ത്യൻ ഡെമോക്രാറ്റിക്, കൺസർവേറ്റീവ്, സോഷ്യൽ ഡെമോക്രാറ്റിക്, മറ്റു ‘സെൻട്രിസ്റ്റ്’ പാർട്ടികൾ എന്നിവയുടെ നേതൃത്വം, അമേരിക്ക അടിച്ചേൽപ്പിച്ച ഇത്തരം നയങ്ങൾ നടപ്പാക്കുകയും അതുവഴി തങ്ങളുടെതെന്ന സമ്പദ്ഘടനകളെയും സമൂഹങ്ങളെയും ആഴത്തിൽ തകരാറിലാക്കുകയും ചെയ്തു. ഈ തരത്തിലുള്ള ‘കുറ്റകൃത്യത്തിൽ കൂട്ടുകൂടുന്ന പ്രവൃത്തി’, അടുത്തകാലംവരെ ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും സമീപനത്തിന്റെ നിർവചനമായി മാറിയിട്ടുണ്ട്; തങ്ങളുടെ പാർട്ടികൾക്ക് അതുണ്ടാക്കുന്ന ശക്തമായ ജനസമ്മതിയില്ലായ്മപോലും വകവയ്ക്കാതെ അവർ അത് തുടരുകയും ചെയ്തു. യൂറോപ്പിൽ നിലവിൽ ഭരണം കെെയാളുന്ന പാർട്ടികളിൽ ഭൂരിപക്ഷവും ജനസമ്മതിയില്ലാത്തവയായിക്കഴിഞ്ഞു; അവിടങ്ങളിലെല്ലാം വിദേശീയവിദേ-്വഷശക്തികളുടെയും പ്രത്യക്ഷമായ നിയോഫാസിസ്റ്റ് / ഫാസിസ്റ്റ് ശക്തികളുടെയും ശക്തമായ വളർച്ചയുണ്ടായിരിക്കുന്നു. ജർമനിയിലും യൂറോപ്പിലെല്ലായിടത്തും യുദ്ധത്തെ എതിർക്കുന്ന പാർട്ടികൾക്കുള്ള പിന്തുണ ശക്തമായി വർധിച്ചിട്ടുണ്ട്. അടുത്തയിടെ കുറേയധികം രാഷ്ട്രീയ നേതാക്കൾ, വിനാശകരമായ അമേരിക്കൻ നയത്തിൽനിന്നു വിട്ടുപോരുകയും റഷ്യയിൽനിന്ന് നേരിട്ട് വാതകം ഇറക്കുന്നത് വീണ്ടും തുടരുകയും, അതുപോലെ തന്നെ ആഗോള തെക്കൻ രാജ്യങ്ങളുമായും BRICS രാജ്യങ്ങളുമായുമുള്ള, പ്രധാനമായും ചെെനയുമായുള്ള, സ്വാഭാവിക വ്യാപാര–നിക്ഷേപ ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് യൂറോപ്പിന്റെ സമ്പദ്ഘടനയ്ക്ക് മർമപ്രധാനമായതാണെന്ന് തുറന്ന് പ്രസ്താവിക്കുകയുണ്ടായി. വാതകവിതരണം പുനഃസ്ഥാപിക്കുന്നതിന് റഷ്യയിലേക്ക് കേവലമൊരു ഫോൺവിളി മാത്രം മതിയെന്ന് ഈ ചിന്താഗതിയെ ചുരുക്കി അവതരിപ്പിച്ചുകൊണ്ട് ജർമനിയുടെ മുൻ ധനകാര്യമന്ത്രി ഒസ്-കാർ ലാഫന്റെയ്ൻ പറഞ്ഞു.
ഉക്രൈനിൽ നാറ്റോയ്ക്ക്
യുദ്ധം വിജയിക്കാനാവില്ല
പൊതുജനാഭിപ്രായത്തെ മാറ്റിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ഘടകം, അമേരിക്കയ്ക്കും നാറ്റോയ്ക്കും ഉക്രൈൻ യുദ്ധത്തിൽ തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്നു എന്നതാണ്.
നിശ്ചയമായും ഉക്രൈനിലേക്കുള്ള നാറ്റോയുടെ വ്യാപനം മാത്രമല്ല, ഇന്നത്തെ ലോക സാഹചര്യത്തിൽ അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ഒരേയൊരാക്രമണം. പലസ്തീൻ ജനതയ്ക്കെതിരെ ഗാസയ്ക്കുനേരെയും ആ മേഖലയിലെ മറ്റു രാജ്യങ്ങൾക്കെതിരെയും അനിയന്ത്രിതമായ കൂട്ടക്കൊലകളും അതിക്രമങ്ങളും വംശഹത്യയും തുടരുന്നതിന് ഇസ്രയേലിനും അമേരിക്കയ്ക്കും ഇപ്പോഴും കഴിയുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. എന്നാൽ യൂറോപ്പിൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ എതിരിട്ടു കൊണ്ടിരിക്കുകയാണ്; അതേ സമയം റഷ്യ അമേരിക്കയ്ക്ക് തുല്യമായ ആണവശക്തിയും കരുത്തുറ്റ സെെനിക ശക്തിയുമാണ്. ഈ യുദ്ധത്തിൽ അമേരിക്കയ്ക്ക് വിജയം അസാധ്യമാണെന്ന് ഇന്ന് ഏറെക്കുറെ വ്യക്തമായി വരികയാണ്. ഇതിൽ മാറ്റമുണ്ടാവണമെങ്കിൽ നാറ്റോ സേന നേരിട്ട് ഇടപെട്ടാൽ മാത്രമേ അതും ഒരു ആഗോള ആണവയുദ്ധത്തിലേക്കുവരെ നയിച്ചേക്കാവുന്ന രീതിയിൽ –ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനാവൂ എന്നാണ് പറയപ്പെടുന്നത്.
ആയിരക്കണക്കിന് കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുന്നതിനും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനും ഇടയാക്കിയ ഉക്രൈൻ യുദ്ധം ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോകുന്നതുമൂലം പൊതുജനാഭിപ്രായത്തിൽ കുത്തനെ ഇടിവുണ്ടായിരിക്കുകയാണ്. ‘‘എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രൈൻ കൂടിയാലോചനയ്ക്ക് ശ്രമിക്കണം എന്ന നിലപാടിനൊപ്പമാണ് ഇപ്പോൾ ഉക്രൈനിലെ ജനങ്ങളിൽ 52 ശതമാനവുമെന്നാണ് സർവെകൾ വ്യക്തമാക്കുന്നത്. ‘‘തങ്ങൾ ജയിക്കുന്നതുവരെ യുദ്ധം തുടരണം’’ എന്ന ചിന്താഗതിക്കാർ വെറും 38 ശതമാനം മാത്രമാണ്.
റൊമാനിയയിൽ 2024 നവംബറിൽ നടന്ന ഒന്നാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുദ്ധത്തെ എതിർത്തിരുന്ന സ്ഥാനാർഥിയായ ഡിയാന സൊസോക്കയെ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയതിനെതുടർന്ന് യുദ്ധത്തെ എതിർത്തിരുന്ന മറ്റൊരു സ്ഥാനാർഥിയായ കാലിൻ ജേ-്യാർജെസ്-ക്യു ഒന്നാമതെത്തി. എന്നാൽ അമേരിക്കയുടെ പിന്തുണയോടെ റൊമാനിയൻ അധികൃതർ ആ തിരഞ്ഞെടുപ്പു തന്നെ റദ്ദുചെയ്യുകയാണുണ്ടായത്.
ഡിസംബർ 2024 ൽ ജർമനിയിലും ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും സ്വീഡനിലും ഡെന്മാർക്കിലും നടത്തിയ യുഗോവ് (YouGov) സർവെ വെളിപ്പെടുത്തിയത്, കൂടിയാലോചനയിലൂടെ പ്രശ്ന പരിഹാരം കാണുന്നതിന് അനുകൂലമായി പൊതുജനാഭിപ്രായം കുത്തനെ ഉയർന്നതായാണ്. ഇവയിൽ ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ നാല് രാജ്യങ്ങളിൽ ‘‘യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽപോലും റഷ്യ സെെന്യത്തെ പിൻവലിക്കുന്നതുവരെ ഉക്രൈന് പിന്തുണ നൽകണം’’ എന്ന നിലപാടിന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ പിന്തുണ ‘‘ഉക്രൈന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും റഷ്യയുടെ നിയന്ത്രണം നിലനിൽക്കുമ്പോൾപോലും കൂടിയാലോചനയിലൂടെ യുദ്ധം അവസാനിപ്പിക്കണം’’ എന്ന നിലപാടിനാണ് ലഭിക്കുന്നത്.
അമേരിക്കയിലാകട്ടെ, ജനസംഖ്യയിൽ 23 ശതമാനം പേർ മാത്രമാണ് ‘‘ഉക്രൈന് പിന്തുണ’’’ നൽകുന്നതിനായിരിക്കണം അമേരിക്കൻ വിദേശനയത്തിൽ മുൻഗണന നൽകേണ്ടത് എന്നു ചിന്തിക്കുന്നവരാണ്.
ഉക്രൈനിലെ സ്ഥിതി
യൂറോപ്പിലുടനീളം എല്ലാ രാജ്യങ്ങളും സാധാരണഗതിയിലുള്ള, പരസ‍്പരം ഗുണകരമായ സാമ്പത്തികബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത് ഈ മേഖലയുടെ സമ്പദ്ഘടനയ്ക്ക് അനുപേക്ഷണീയമാണ്; എന്നാൽ, അമേരിക്കൻ സാമ്രാജ്യത്വം യൂറോപ്പിനുമേൽ അടിച്ചേൽപ്പിച്ചിട്ടുള്ള വിനാശകരമായ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടി മാത്രമാണിത്.
ഉക്രൈനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ടതാണ് നാറ്റോയുടെ വിപുലീകരണ നീക്കങ്ങൾ; ഉക്രൈനിലാകട്ടെ, റഷ്യൻ ഭാഷ സംസാരിക്കുന്ന വളരെ വലിയൊരു വിഭാഗം ന്യൂനപക്ഷ ജനതയുമുണ്ട് (ഉക്രൈൻ ജനതയുടെ 30 ശതമാനം വരും ഈ വിഭാഗം); ഉക്രൈന്റെ കിഴക്കൻ സംസ്ഥാനത്തും തെക്കുകിഴക്കൻ സംസ്ഥാനത്തും ഇവരാണ് ഭൂരിപക്ഷം. കാനഡയെയും ബെൽജിയത്തെയും പോലെയുള്ള രാജ്യങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നത്, ദ്വിഭാഷാ രാഷ്ട്രങ്ങൾ ഒരുമിച്ച് നിൽക്കണമെങ്കിൽ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളുടെ ഭാഷാപരവും മറ്റുമായ അവകാശങ്ങൾ ഉറപ്പാക്കുകയും ഏതെങ്കിലുമൊരു വിഭാഗം പാടെ നിരാകരിക്കപ്പെടുന്ന നയങ്ങൾ ഒഴിവാക്കുകയും ചെയ്തേ കഴിയൂവെന്നതാണ്.
എന്നിരുന്നാലും, 2014ലെ മെെദാൻ (Maidan) അട്ടിമറി മുതൽ തന്നെ അമേരിക്കയുടെ പിന്തുണയോടെ കീവ് ഗവൺമെന്റ് റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ ജനതയുടെ അവകാശങ്ങളെ അടിച്ചമർത്തുകയായിരുന്നു. ഒരു വിധത്തിലും റഷ്യൻ അനുകൂലികൾ എന്നു ആരോപിക്കാനാവാത്ത കൗൺസിൽ ഓഫ് യൂറോപ്പ്സ് വെനീസ് കമ്മീഷൻ പ്രസ്താവിച്ചതുപോലെ, ‘‘ദേശീയ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഇപ്പോഴത്തെ നിയമം ന്യൂനപക്ഷങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പുനൽകുന്നതിൽനിന്നു വിദൂരത്താണ്.ന്യൂനപക്ഷങ്ങളുടെ ഭാഷ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന മറ്റൊട്ടേറെ വ്യവസ്ഥകൾ 2019 ജൂലെെ 16 മുതൽ തന്നെ പ്രാബല്യത്തിലുണ്ട്.’’
റഷ്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ പരിഹരിക്കന്നതിനൊപ്പം ഉക്രൈനെ നാറ്റോ മെമ്പർഷിപ്പിൽ കൊണ്ടുവരുന്ന പ്രശ്നവും പരിഹരിക്കപ്പെടണം. അതാണ് ശാശ്വതമായി യുദ്ധം അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ.
ഉക്രൈനിലെ യുദ്ധം
അവസാനിപ്പിക്കുന്നതിനുള്ള
ഉപാധികൾ
ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സത്യസന്ധമായ, വേണ്ടത്ര പ്രാധാന്യത്തോടെയുള്ള നീക്കങ്ങൾ യൂറോപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണം. ശാശ്വതമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള പൊതുജനാഭിപ്രായം വളർത്തിക്കൊണ്ടുവരണം; ശക്തമായ തൊഴിലാളിവർഗ ഉള്ളടക്കത്തോടുകൂടിയ സമാധാനപ്രസ്ഥാനം പടുത്തുയർത്തണം; ഇതിനെ രണ്ടിനെയും അടിസ്ഥാനപ്പെടുത്തി യൂറോപ്പിലെ സാമൂഹ്യ–രാഷ്ട്രീയ ശക്തികൾ ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ചുവടെ ചേർക്കുന്ന നടപടികൾസ്വീകരിക്കണം.
1. മുന്നുപാധികൾ കൂടാതെ സമാധാനത്തിനായുള്ള കൂടിയാലോചനകൾ ആരംഭിക്കൽ.
2. വെടിനിർത്തലിനുള്ള ആഹ്വാനം
3. ഉക്രൈന് നാറ്റോയിൽ മെമ്പർഷിപ്പ് നൽകുന്നതിനോടുള്ള എതിർപ്പ്.
4. ഉക്രൈനിലെ എല്ലാ വിഭാഗങ്ങളുടെയും ഭാഷാപരമായ അവകാശങ്ങൾ അംഗീകരിക്കുക; ഉക്രൈന്റെ കിഴക്കും തെക്കു കിഴക്കുമുള്ള, റഷ്യൻ ഭാഷ സംസാരിക്കുന്നവരുടെ സ്വയംനിർണയാവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും അംഗീകരിക്കുക.
5. ഉക്രൈൻ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കൽ; ഉക്രൈന് ആയുധവിൽപ്പന നടത്തുന്നത് അവസാനിപ്പിക്കൽ; ആ രാജ്യത്തേക്ക് അയച്ചിട്ടുള്ള സെെനികരെയും സെെനിക പരിശീലകരെയുമാകെ പിൻവലിക്കൽ എന്നിവയും ഇതിലുൾപ്പെടുന്നു. ഇങ്ങനെ മിച്ചംപിടിക്കുന്ന പണം സാമൂഹ്യമേഖലയിലെ ചെലവുകൾക്കായും പൊതുസേവനങ്ങൾക്കായും വിനിയോഗിക്കപ്പെടണം.
അമേരിക്കയുടെ ഈ മേഖലയിലെ നയത്തിന്റെ വിനാശകരമായ അനന്തര-ഫലങ്ങളിൽനിന്നും യൂറോപ്പിനും ലോകത്തിനാകെയും കരകയറുന്നതിന് ഗണ്യമായ ഒരുകാലം വേണ്ടിവരും. ഉക്രൈൻ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയെന്നത് ഇക്കാര്യത്തിലുള്ള അനുപേക്ഷണീയമായ ആദ്യ ചുവടുവയ്പാണ്.
No Cold War (ശീതയുദ്ധം വേണ്ടേ വേണ്ട) പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന നടപടികൾ യുക്തിക്കു നിരക്കുന്നതും മാനുഷികവുമാണെന്നു മാത്രമല്ല, അവയാണ് മുന്നോട്ടുനീങ്ങാനുള്ള ഒരേയൊരു പാത. എല്ലാ യുദ്ധങ്ങളും കൂടിയാലോചനകളിലാണ് അവസാനിക്കുന്നത്. ഈ യുദ്ധവും അങ്ങനെതന്നെ അവസാനിക്കും. l