Wednesday, January 15, 2025

ad

Homeസാര്‍വദേശീയംകൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ 
പേരു പറയുകതന്നെ വേണം

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ 
പേരു പറയുകതന്നെ വേണം

വിജയ് പ്രഷാദ്

ള്ളുലച്ച ഒരു പഠനമാണ് ഡിസംബറിൽ പുറത്തുവന്നത്. Needs study: Impact of war in Gaza on Children with Vulnerabilities and families എന്ന പേരിൽ ഗാസയിലെ കമ്യൂണിറ്റി ട്രെയ്നിങ് സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ് നടത്തിയ പഠനമാണിത്. ക്ലിനിക്കൽ ശെെലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ പഠനം അതിന്റെ ഭാഷാപരമായ പ്രത്യേകത കൊണ്ട് ഒരു തരത്തിലും എന്നെ ആകർഷിച്ചില്ല. പക്ഷേ, ഈ പഠനത്തിന്റെ കണ്ടെത്തലുകൾ അമ്പരപ്പിക്കുന്നതായിരുന്നു. കഠിനമായ ആ വസ്തുതകളിൽ ചിലതാണ് ഇനി പറയുന്നത്:

1. ഗാസയിലെ കുരുന്നുകളിൽ 79 ശതമാനം പേരും നിരന്തരം പേക്കിനാവുകൾ കാണുന്നു.
2. അവരിൽ 87 ശതമാനം പേരും തീവ്രമായ ഭയമുള്ളവരാണ്.
3. 38 ശതമാനം കുരുന്നുകളും കിടക്കയിൽ മൂത്രമൊഴിക്കുന്നവരാണ്.
4. തങ്ങൾ യുദ്ധത്തിൽ മരണപ്പെടുമെന്ന് അവരുടെ കുഞ്ഞുങ്ങൾ സ്വയം വിശ്വസിക്കുന്നുവെന്നാണ് 49 ശതമാനം പരിചാരകരും പറയുന്നത്.
5. ഗാസയിലെ 96 ശതമാനം കുരുന്നുകൾക്കും മരണം ആസന്നമാണെന്ന്- ബോധ്യപ്പെട്ടിരിക്കുന്നു.

ലളിതമായി പറഞ്ഞാൽ, ഗാസയിലെ ഓരോ കുരുന്നിനും തങ്ങൾ മരിക്കാൻ പോവുകയാണ് എന്ന തോന്നലുണ്ട്. 2025ലെ ആദ്യ ന്യൂസ് ലെറ്ററായ ഇത് ഈ ഒടുവിലത്തെ വരിയോടുകൂടി അവസാനിപ്പിക്കാമായിരുന്നു. ഇനിയുമെന്താണ് അധികമായി പറയേണ്ടത്? എന്നാൽ ഇനിയുമേറെ പറയാനുണ്ട്.

സുഡാനിൽ, വലിയൊരു നിര വിദേശശക്തികളുടെ പിന്തുണയോടുകൂടി സുഡാനീസ് ആംഡ് ഫോഴ്സും അർദ്ധസെെനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് 2024 മാർച്ചിൽ, കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള യുഎൻ സമിതി ശക്തമായ ഭാഷയിലുള്ള ഒരു പ്രസ്താവന പുറത്തിറക്കി. ഈ പ്രസ്താവനയിൽ അതിന്റേതായ ശക്തമായ കണ്ടെത്തലുകളുമുണ്ടായിരുന്നു:

1. സുഡാനിലെ 24 ദശലക്ഷം കുട്ടികൾ–അതായത് മൊത്തം ജനസംഖ്യ 50 ദശലക്ഷമായിട്ടുള്ള ഈ രാജ്യത്തെ അതിന്റെ നേർപകുതിയോടടുത്ത് –‘തലമുറകളെ ബാധിക്കുന്ന മഹാവിപത്തി’ന്റെ വക്കിലാണ്.
2. 19 ദശലക്ഷം കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാനാവുന്നില്ല.
3. 4 ദശലക്ഷം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടു.
4. 3.7 ദശലക്ഷം കുഞ്ഞുങ്ങൾ തീവ്രമായ പോഷകാഹാരക്കുറവ് നേരിടുന്നു.

ഇതിൽ ആദ്യത്തെ പോയിന്റ് സൂചിപ്പിക്കുന്നത് സുഡാനിലെ കുട്ടികളുടെ മൊത്തത്തിലുള്ള അവസ്ഥയെയാണ്; അതായത്, അവരെല്ലാവരും ‘തലമുറകളെ ബാധിക്കുന്ന മഹാവിപത്തി’ന്റെ വക്കിലാണ്. ഈ വാക്ക് അഥവാ ആശയം, കോവിഡ് 19 കാലത്തെ ലോക്ക്ഡൗണുകൾമൂലം കുട്ടികൾ നേരിട്ട മാനസികാഘാതത്തെയും പിരിമുറുക്കത്തെയും തിരിച്ചടികളെയും വിവരിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭയാണ് ആദ്യമുപയോഗിച്ചത്. ഇവിടെ അതുകൊണ്ട് വ്യക്തമാക്കുന്നത്, യുദ്ധം അടിച്ചേൽപ്പിച്ച കൊടിയയാതനകളിൽനിന്നും സുഡാനിലെ കുഞ്ഞുങ്ങൾ രക്ഷപ്പെടില്ല എന്നാണ്. രാജ്യത്ത് സാധാരണ നിലയ്ക്കു സമാനമായ എന്തെങ്കിലുമൊരു അന്തരീക്ഷം ഇനിയുണ്ടാവുന്നതിന് തലമുറകളെടുക്കും.

2017ൽ നടന്ന ഒരു ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയത്, ആഴത്തിലുള്ള ബാല്യകാല ആഘാതങ്ങൾ ഒരു വ്യക്തിയിൽ ഒരുപോലെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്നാണ്. ഇത്തരം ആഘാതങ്ങൾ കുട്ടികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന നാഡീവ്യൂഹത്തെ വ്യതിചലിപ്പിക്കുകയും, അത് ദശകങ്ങൾ പിന്നിട്ടാലും അമിതമായ ജാഗ്രതയും അമിതമായ ഉത്കണ്ഠയും പുലർത്തുന്നവരാക്കി അവരെ മാറ്റുകയും ചെയ്യുന്നു. ഈ പ്രക്രിയ അവരുടെയുള്ളിൽ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന വർധിതമായ ആകുലത എന്നു വിളിക്കപ്പെടുന്ന മെക്കാനിസം രൂപപ്പെടുത്തുമെന്ന് ലേഖകർ എഴുതുന്നു. മുൻകാല യുദ്ധങ്ങളുടെ കാലത്ത് ജീവിച്ച കുഞ്ഞുങ്ങൾക്ക് പിന്നീട് ക്രമാതീതമായ തോതിൽ ഹൃദ്രോ ഗവും ക്യാൻസറുമടക്കമുള്ള നിരവധി രോഗാവസ്ഥകൾ നേരിടേണ്ടിവന്നു എന്നു കാണിക്കുന്ന പഠനങ്ങളിൽ അത്ഭുതപ്പെടാനൊന്നുമില്ല.

2022 മാർച്ചിൽ, അഫ്ഗാനിസ്താനിലെ കുട്ടികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ലോകത്തെ ഓർമിപ്പിച്ചുകൊണ്ട് അഫ്ഗാനിസ്താൻ, അയർലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ ചേർന്ന് ദി ലാൻസെറ്റിന് ഹൃദയസ്പർശിയായൊരു കത്തെഴുതി. 2019ലെ കണക്കനുസരിച്ച് അഫ്ഗാനിസ്താനിലെ ഓരോ കുഞ്ഞും ജനിക്കുന്നതും വളരുന്നതും യുദ്ധത്തിനുനടുവിലാണ്. അവരിലൊരാൾപോലും സമാധാനം എന്തെന്നനുഭവിച്ചിട്ടില്ല. ‘അഫ്ഗാനിലെ കുട്ടികളിലും കൗമാരക്കാരിലും നടത്തേണ്ട സെെക്കോതെറാപ്പിക് ഇടപെടലുകൾ സംബന്ധിച്ച പഠനങ്ങൾ വിരളമാണെന്നും ഈ പഠനങ്ങൾ മുന്നോട്ടുവച്ച തെളിവുകൾ മൂല്യംകുറഞ്ഞവയാണെന്നും, എഴുത്തുകാർ എടുത്തുപറഞ്ഞു. അതുകൊണ്ടുതന്നെ, അഫ്ഗാനിലെ കുഞ്ഞുങ്ങൾക്കുവേണ്ടി ടെലി ആരോഗ്യസുരക്ഷയെയും മെഡിക്കലിതര പ്രൊഫഷണലുകളെയും അവലംബിച്ചുകൊണ്ടുള്ള ഒരു ഏകീകൃത ആരോഗ്യരക്ഷാ പദ്ധതി അവർ നിർദേശിച്ചു. മറ്റൊരു ലോകത്താണെങ്കിൽ പദ്ധതി ചർച്ച ചെയ്യപ്പെടുമായിരുന്നു. യുദ്ധകാലത്ത് ആയുധക്കച്ചവടക്കാരെ സമ്പന്നരാക്കിയ ഫണ്ടുകളിലൊരു ഭാഗം ഈ പദ്ധതി സാക്ഷത്കരിക്കുന്നതിനായി ചെലവഴിക്കപ്പെടുമായിരുന്നു. പക്ഷേ നമ്മുടെ ഈ ലോകത്ത് മുന്നോട്ടുള്ള പാത ഇതല്ല.

ആയുധ വ്യാപാരികളെക്കുറിച്ചുള്ള പ്രസ്താവന വെറുതെ നടത്തിയതല്ല. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) ഇറക്കിയ ഡിസംബർ 2024ലെ ഫാക്ട് ഷീറ്റ് പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിർമാണ –സെെനിക സേവന കമ്പനികൾ 2023 ൽ അവരുടെ മൊത്തത്തിലുള്ള ആയുധവരുമാനം 4.2 ശതമാനം കണ്ട് വർധിപ്പിച്ചു; അതായത് 632 ബില്ല്യൺ ഡോളർ ആയി ഏവരെയും അമ്പരപ്പിക്കുന്ന നിലയിലേക്ക് അത് കുതിച്ചുയർന്നു. ഈ വരുമാനത്തിൽ ഏതാണ്ട് മൂന്നിലൊരു ഭാഗം അമേരിക്ക ആസ്ഥാനമായുള്ള അഞ്ച് കമ്പനികൾക്കാണ്. ഇവിടെ പറഞ്ഞ 100 കമ്പനികൾ അവരുടെ മൊത്തത്തിലുള്ള ആയുധവരുമാനം 2015നും 2023നുമിടയ്ക്ക് 19 ശതമാനം കണ്ട് വർധിപ്പിച്ചു. 2024ലെ മൊത്തം കണക്കുകൾ നിലവിൽ ലഭ്യമല്ലെങ്കിലും, പ്രധാനപ്പെട്ട മരണവ്യാപാരികളിൽ നിന്നുമുള്ള ത്രൈമാസ റിപ്പോർട്ടുകളിലേക്ക് നോക്കിയാൽ, അവരുടെ സമ്പത്ത് പിന്നെയും കുതിച്ചുയർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. യുദ്ധവെറിയന്മാർക്ക് ശതകോടി കിട്ടുമ്പോൾ പക്ഷേ, യുദ്ധമേഖലകളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് ഒന്നും കിട്ടുന്നില്ല.

2014ൽ ഇസ്രയേൽ ഗാസയിൽ നടത്തിയ ബോംബാക്രമണം നിഷ്-കളങ്കരായ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കി. ജൂലെെയിൽ നടന്ന രണ്ടുസംഭവങ്ങൾ ഉള്ളുലയ്ക്കുന്നതായിരുന്നു. ഒന്നാമത്തേത്, ജൂലെെ 9ന് രാത്രി 11.30ന് ഇസ്രായേൽ തൊടുത്തുവിട്ട മിസെെൽ ഖാൻ യുനിസിലുള്ള ഫൺടെെം ബീച്ച് കഫെ ഇടിച്ചുതകർത്തു. മധ്യധരണ്യാഴിയിൽനിന്നും 30 മീറ്റർമാത്രം അകലെയുള്ള ഹ്രസ്വകാല ഉപയോഗത്തിനായി പണിതിരുന്ന ആ കഫേയിൽ 2014ലെ ഫിഫ വേൾഡ് കപ്പിൽ അർജന്റീനയും നെതർലാൻഡ്സും തമ്മിലുള്ള സെമിഫെെനൽ മാച്ച് കാണുന്നതിനുവേണ്ടി നിരവധി ആളുകൾ ഒത്തുകൂടിയിരുന്നു. അവരെല്ലാവരും തന്നെ കടുത്ത ഫുട്ബോൾ പ്രേമികളായിരുന്നു. ഇസ്രയേലിന്റെ മിസെെൽ 9 യുവാക്കളെ കൊന്നൊടുക്കി: മുസ അസ്തൽ (16 വയസ്സ്), സുലെെമാൻ അസ്തൽ (16 വയസ്സ്), അഹമ്മദ് അസ്തൽ (18 വയസ്സ്), മൊഹമ്മദ് ഫവാന (18 വയസ്സ്), ഹമീദ സാവള്ളി (20 വയസ്സ്), മൊഹമ്മദ് ഗഹാൻ (24 വയസ്സ്), ഇബ്രാഹിം ഗനാൻ (25 വയസ്സ്), ഇബ്രാഹിം സാവള്ളി (28 വയസ്സ്) എന്നിവരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. പെനാൽറ്റി സ്റ്റേജിൽ അർജന്റീന വിജയിക്കുന്നത് കാണുവാനോ കുറച്ചുദിവസങ്ങൾക്കുശേഷം നടന്ന ടെൻസ് മാച്ചിൽ ജർമനി വിജയിക്കുന്നതു കാണുവാനോ അവർക്കു കഴിഞ്ഞില്ല.

പിന്നെയും, ഇസ്രയേലിന്റെ ബോംബാക്രമണത്തിന് ശമനമുണ്ടായില്ല. മൂന്ന് ദിവസങ്ങൾക്കുശേഷം, ഗാസയുടെ ബീച്ചിൽ ലോകകപ്പ് പുനരാവിഷ്കരിക്കുന്നതുപോലെ, കുറേ ആൺകുട്ടികൾ ഫുട്ബോൾ കളിക്കുകയായിരുന്നു. ഇസ്രയേലി നാവികകപ്പൽ ആദ്യം സമീപത്തുള്ള ജെട്ടിക്കുനേരെ മിസെെലുതിർത്തു; സ്ഫോടനത്തിൽനിന്നും കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ അവർക്കുനേരെയും ആക്രമണം നടത്തി. അവരിൽ നാലുപേരെ ഇസ്രായേൽ നിർദയം കൊന്നു – ഇസ്മയിൽ മഹ്മൂദ് ബക്കർ (9 വയസ്സ്), സക്കറിയ അഹെദ് ബക്കർ (10 വയസ്സ്), അഹെദ് അത്തീഫ് ബക്കർ (10 വയസ്സ‍്), മൊഹമ്മദ് റമീസ‍് ബക്കർ (11 വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്; മറ്റു കുട്ടികൾക്കെല്ലാം തന്നെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

2014ൽ ഗാസയ്ക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൊത്തം 150 കുട്ടികളെങ്കിലും കൊല്ലപ്പെട്ടു. ഇസ്രയേലി ടെലിവിഷനിൽ ഈ കുഞ്ഞുങ്ങളുടെ പേരുകൾ സംപ്രേഷണം ചെയ്യുന്നതിനുവേണ്ടി മനുഷ്യാവകാശ സംഘടനയായ ബി – സെലെം (B’ Tselem) പരസ്യം നൽകിയപ്പോൾ ഇസ്രയേൽ ബ്രോഡ്കാസ്റ്റ് അതോറിറ്റി അത് നിരോധിച്ചു. ബ്രിട്ടീഷ് കവിയായ മെെക്കൾ റോസൻ ഈ കൊലപാതകങ്ങളോടും ഈ നിരോധനത്തോടും പ്രതികരിച്ചത് `Don’t Mention the Children’ (കുട്ടികളുടെ പേരു പറയരുത്) എന്ന പേരിൽ മനോഹരമായൊരു കവിത എഴുതിക്കൊണ്ടാണ്.

ആ കുട്ടികളുടെ പേരു പറയരുത്.
മരണപ്പെട്ട കുഞ്ഞുങ്ങളുടെ പേരു പറയരുത്.
മരണപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ
ജനങ്ങളറിയരുത്.
ആ കുരുന്നു പേരുകൾ മറച്ചുവെക്കുക.
ആ കുട്ടികൾ പേരില്ലാത്തവരായിരിക്കണം.
പേരുകളില്ലാതെ ആ കുട്ടികൾ
ഈ ലോകം വിട്ടുപോകണം.
മരണപ്പെട്ട കുട്ടികളുടെ
പേരുകൾ ആരും തന്നെ അറിയാൻ പാടില്ല.
മരണപ്പെട്ട കുട്ടികളുടെ
പേരുകൾ ഇനിയാരും പറയാൻ പാടില്ല
ആ കുഞ്ഞുങ്ങൾക്ക് പേരുണ്ടായിരുന്നെന്നുപോലും
ആരും ഓർക്കാൻ പാടില്ല
ആ കുട്ടികളുടെ പേരുകൾ അറിയുകയെന്നത്
ആപത്കരമെന്ന് ജനമറിയണം.
ആ കുഞ്ഞുങ്ങളുടെ പേരുകൾ അറിയുന്നതിൽനിന്ന്
ജനതയെ രക്ഷിക്കണം.
ആ കുഞ്ഞുങ്ങളുടെ പേരുകൾ
കാട്ടുതീപോലെ പടരാം.
ആ കുഞ്ഞുങ്ങളുടെ പേരുകളറിഞ്ഞാൽപ്പിന്നെ
ജനങ്ങൾ സുരക്ഷിതരായിരിക്കില്ല.
മരണപ്പെട്ട കുട്ടികളുടെ പേരു പറയരുത്.
മരണപ്പെട്ട കുട്ടികളെ ഓർമിക്കരുത്
മരണപ്പെട്ട കുട്ടികളെക്കുറിച്ച് ചിന്തിക്കുകയുമരുത്
‘മരണപ്പെട്ട കുട്ടികൾ ’ എന്നേ പറയരുത്.’’
അതെ, ആ കുഞ്ഞുങ്ങൾക്ക് പേരുകളുണ്ട്.

അവരിൽ നമുക്കോർമ്മിക്കാനാവുന്നവരുടെയെല്ലാം പേരുകൾ പറയുന്നത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഞങ്ങളവരെ മറക്കുകയില്ല. 2024 സെപ്തംബറിൽ പലസ്തീൻ ആരോഗ്യമന്ത്രാലയം, അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തുന്ന വംശഹത്യയിൽ 2023 ഒക്ടോബർ മുതൽ 2024 ആഗസ്തുവരെ കൊല്ലപ്പെട്ട പലസ്തീൻ പൗരരുടെ പേരുകൾ സംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തുവിടുകയുണ്ടായി. ആ പട്ടികയിൽ 710 നവജാത ശിശുക്കളാണുണ്ടായിരുന്നത്; ആ പെെതങ്ങളുടെ വയസ്സ് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആ കുരുന്നുകളിലേറെപ്പേർക്കും ഏതാനും മണിക്കൂറോ നിമിഷങ്ങളോ മുൻപുമാത്രം പേരിട്ടിട്ടേയുണ്ടായിരുന്നുള്ളൂ.

ആ പട്ടിക വളരെ നീണ്ടതായതുകൊണ്ടു തന്നെ അതിവിടെ കൊടുക്കുവാൻ സാധ്യമല്ല; അതുകൊണ്ടുതന്നെ അയ്സലിന്റെയും അസ്സെർ അൽ –ഖുംസാന്റെയും കഥ ഒരു അടയാളപ്പെടുത്തലെന്ന നിലയിൽ (ഉദാഹരണമായി‍) ഇവിടെ പറയുകയാണ്. 2024 ആഗസ്ത് 13ന് സെൻട്രൽ ഗാസയുടെ സുരക്ഷിത മേഖലയ്ക്കുള്ളിലുള്ള ദെയ്ർ – അൽബലായിലെ തന്റെ അപ്പാർട്ടുമെന്റിൽനിന്നും മൊഹമ്മദ് അബു അൽഖറുംസാൻ തന്റെ ഇരട്ടക്കുട്ടികളായ അയ്സലിന്റെയും അസ്സെറിന്റെയും പേരു രജിസ്റ്റർ ചെയ്യുന്നതിനായി പോയി. നുസെയ്റത്തിലെ അൽ – അവുദ ആശുപത്രിയിൽ മൂന്നു ദിവസം മുൻപ് ആ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഡോ. ജുമാന അർഫ (29 വയസ്സ്) യോടൊപ്പം തന്റെ മക്കളെ യാക്കിയിട്ടാണ് അദ്ദേഹം വീട്ടിൽനിന്നിറങ്ങിയത്. ഗാസയിലെ അൽ – അഷർ സർവകലാശാലയിൽ പരിശീലനം നേടിയ ഫാർമസിസ്റ്റായിരുന്നു ഡോ. ജുമാന അർ-ഫ. തന്റെ മക്കൾക്ക് ജന്മം നൽകുന്നതിന് ഏതാനും ദിവസം മുൻപ് കുഞ്ഞുങ്ങളെ ഇസ്രയേൽ ലക്ഷ്യംവയ്ക്കുന്നതു സംബന്ധിച്ച് ജുമാന ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു; Children of Gaza എന്ന പേരിലുള്ള ശക്തമായൊരു സിബിഎസ് വാർത്താ പരമ്പരയിൽ ജൂത– അമേരിക്കൻ സർജനായ ഡോ. മാർക് പേൾ മുട്ടറുമായുള്ള ഒരു അഭിമുഖം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജുമാന ഈ പോസ്റ്റിട്ടത്. തന്റെ ഇരട്ടക്കുട്ടികളുടെ പേരു രജിസ്റ്റർ ചെയ്ത് മൊഹമ്മദ് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹം കണ്ടത് പൂർണമായി തകർന്നു കിടക്കുന്ന വീടും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പ്രിയതമയെയും നവജാതരായ ആ കുഞ്ഞുങ്ങളെയും ഭാര്യാ മാതാവിനെയുമാണ്.

അയ്സൽ അൽ ഖുംസാൻ.
അസ്സെർ അൽ ഖുംസാൻ.
നമ്മൾ മരണപ്പെട്ട കുട്ടികളുടെ പേരു പറയുക തന്നെ വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 3 =

Most Popular