1992 ജൂണിൽ നടന്ന ഐക്യരാഷ്ട്രസഭാ പരിസ്ഥിതി-വികസന കോൺഫറൻസ് (United Nations Conference on Environment and Development- UNCED ) രൂപം കൊടുത്ത കാലാവസ്ഥാ പ്രമാണമാണ് United Nations Framework Convention on Climate Change–UNFCCC. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള ലോക രാജ്യങ്ങളുടെ ആദ്യ നിശ്ചയം എന്നു പറയാം. ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയങ്ങളും ആഗോള ക്ലൈമറ്റ് കോൺഫറൻസുകളുമെല്ലാം ഈ ചട്ടക്കൂടു പ്രമാണത്തിലേക്കുള്ള (Framework Convention)ചുവടുകളായിരുന്നു. പ്രമാണത്തിൽ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച ധാരണകൾ, ബോധ്യങ്ങൾ, നിശ്ചയങ്ങൾ, അറിവുകൾ, ആകുലതകൾ എന്നിവയാണ് UNFCCC യുടെ ആമുഖം.
കാലാവസ്ഥാ നീതി
UNFCCC രേഖ കാലാവസ്ഥാ മാറ്റം സംബന്ധിച്ച ലോകത്തിന്റെ വിചാരവും മനസ്സിലാക്കലുകളും വ്യക്തമാക്കുന്നതാണ്. മാനവരാശിയെ ഗുരുതരമായി ബാധിക്കുന്നതാണ് ഭൗമകാലാവസ്ഥയിലെ മാറ്റം എന്ന വസ്തുത അംഗീകരിച്ചുകൊണ്ടാണ് ഈ രേഖ ആരംഭിക്കുന്നത്. തുടർന്ന് ഈ ഗുരുതര സ്ഥിതിവിശേഷത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടിയതിന് വികസിത വ്യവസായ ലോകത്തിനുള്ള ഉത്തരവാദിത്തം എടുത്തു പറയുന്നു. മനുഷ്യരുടെ ഇടപെടലുകൾ കൊണ്ടുണ്ടാകുന്ന ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ വർദ്ധിച്ച ഉത്തരവാദിത്തം ആരുടേത് എന്ന ബോധ്യം രാഷ്ട്രങ്ങൾ ഈ ആമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടിയ ചൂടുകൂട്ടുന്ന വാതകങ്ങളുടെയും ഇപ്പോഴുള്ള പുറന്തള്ളലിന്റെയും ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്കാണ് എന്നും, വികസ്വര ലോകത്തിന്റെ പ്രതിശീർഷ പുറന്തള്ളൽ ഇപ്പോഴും താരതമ്യേന ചെറുതാണ് എന്നും രാഷ്ട്രങ്ങൾ അംഗീകരിക്കുന്നു. വികസ്വര രാജ്യങ്ങളുടെ സാമൂഹിക, വികസന ലക്ഷ്യങ്ങൾ നേടാൻ അവരുടെ കാർബൺ പുറന്തള്ളൽ ഉയരുമെന്നും ഇതിൽ ഒപ്പിട്ട രാഷ്ട്രങ്ങൾ ആമുഖത്തിൽ അംഗീകരിക്കുന്നുണ്ട്.
കാലാവസ്ഥാ വെല്ലുവിളികൾ പരിഹരിക്കുന്നതിന് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത സ്ഥായിയാക്കി മാറ്റണം. ഇതിനായി പുറന്തള്ളൽ നിയന്ത്രിക്കണം.ഇതാണ് ഈ ചട്ടക്കൂടു പ്രമാണത്തിന്റെ ഉദ്ദേശ്യം. തുടർന്ന് കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാൻ വികസിത വ്യാവസായിക ലോകത്തിനുള്ള അധിക ഉത്തരവാദിത്തം എല്ലാവരും മനസിലാക്കുന്നു. ഹരിതഗൃഹ പ്രഭാവത്തിൽ അവർക്കുള്ള ഉയർന്ന ഉത്തരവാദിത്തം കണക്കിലെടുത്താണ് ഈ മനസ്സിലാക്കൽ എന്നും രേഖയുടെ ആമുഖം വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികൾക്കു കൂടുതൽ വിധേയരാകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങൾ, അവികസിത, വികസ്വര രാജ്യങ്ങൾ എന്നിവയുടെ പരാധീനതകളും രേഖ എടുത്തു പറയുന്നുണ്ട്. ഇവയുടെ സാമൂഹിക, സാമ്പത്തിക വികാസത്തിന് ഫോസിൽ ഇന്ധനങ്ങളുടെ പ്രാധാന്യം പ്രമാണം മനസ്സിലാക്കുന്നുമുണ്ട്.
ഭൗമ അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടിയ കാർബൺഡൈ ഓക്സൈഡിന്റെയും മറ്റും മുന്തിയ ഉത്തരവാദിത്തം വികസിത വ്യവസായ ലോകത്തിനാണ് എന്നു പറയുക മാത്രമല്ല രേഖ ചെയ്യുന്നത്. കൺവൻഷന്റെ ആർട്ടിക്കിൾ 3 കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിന് വികസിത വ്യാവസായിക ലോകം നേതൃത്വപരമായ പങ്ക് വഹിക്കണം എന്നും പറയുന്നു. ഇന്നുള്ളതും ഇനി വരുന്നതുമായ തലമുറകളുടെ സ്വസ്ഥ ജീവിതത്തിനു വേണ്ടി കാലാവസ്ഥ സംവിധാനം സംരക്ഷിക്കാൻ എല്ലാവർക്കും പൊതുവായതും എന്നാൽ ശേഷികൾക്കൊത്ത് വ്യതിരിക്തവുമായ ഉത്തരവാദിത്തമുണ്ടാകും എന്ന് പറഞ്ഞതിനു ശേഷമാണ് വികസിത വ്യാവസായിക ലോകം നേതൃത്വപരമായ പങ്ക് വഹിക്കണം എന്നു സ്പഷ്ടീകരിക്കുന്നത്. വീണ്ടും രേഖ കൂടുതൽ വ്യക്തത വരുത്തുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് വന്നുചേരുന്ന കാലാവസ്ഥാ വെല്ലുവിളികളുടെ അനുപാതരഹിതമായ (disproportionate) ആഘാതങ്ങൾ നേരിടേണ്ടിവരുന്ന പാവപ്പെട്ട രാജ്യങ്ങളുടെയും മനുഷ്യരുടെയും പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വേണം ക്ലൈമറ്റ് ആക്ഷൻ എന്നും കൺവൻഷൻ എടുത്തു പറയുന്നു.
റിയോ പ്രമാണങ്ങളുടെ കാലത്ത് കാലാവസ്ഥാ ചർച്ചകളുടെ അഃന്തസത്ത കാലാവസ്ഥാ നീതിയിൽ ഊന്നിയുള്ളതായിരുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്. അതിനാലാണ് UNFCCC യുടെ ആമുഖം സംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നത്.
കാലാവസ്ഥാ നീതിയുടെ ഉള്ളടക്കം
കാലാവസ്ഥാ നീതി എന്നതിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന ചൂടുകൂട്ടുന്ന വാതകങ്ങളുടെ പുറന്തള്ളലി നും അവയുടെ അന്തരീക്ഷത്തിലെ വർദ്ധിക്കുന്ന സാന്ദ്രതയ്ക്കും ആരാണ് കാരണക്കാർ എന്നതാണ് ആദ്യ പരിഗണന. ഇവിടെയാണ് കാലങ്ങളായുള്ള പുറന്തള്ളലി നും(Historical Emission) ഇക്കാലത്തെ എമിഷനും (Current emission) എന്ന പരിഗണന വരിക. വ്യവസായ വിപ്ലവം സ്ഥായിയായ 1850 മുതൽ കാലാവസ്ഥാ ചർച്ചകൾ മൂർത്തമായ 1990 വരെയുള്ള കാലത്തെ പുറന്തള്ളലിന്റെ കണക്കുകളെയാണ് പൊതുവിൽ ചരിത്രപരമായ പുറന്തള്ളൽ (Historical Emission) ആയി എടുക്കുന്നത്. 1850-–1990 കാലത്ത് അന്തരീക്ഷത്തിൽ എത്തിയ ആകെ ഹരിതഗൃഹ വാതകങ്ങളിൽ 70 ശതമാനവും 44 അതിവികസിത രാജ്യങ്ങളുടേതാണ്. ലോക ജനസംഖ്യയുടെ 22.3 ശതമാനമായിരുന്നു 1990 ൽ ഈ രാജ്യങ്ങളിലെ ജനസംഖ്യ. അതേ സമയം ലോക ജനസംഖ്യയുടെ 38.6 ശതമാനം ജനസംഖ്യയുണ്ടായിരുന്ന ചൈനയുടെയും ഇന്ത്യയുടേയും സംയുക്ത കാർബൺ പുറന്തള്ളൽ 10.89 ശതമാനമായിരുന്നു. ചൈനയടക്കം ലോക ജനസംഖ്യയുടെ 78 ശതമാനം പേർ വസിച്ചിരുന്ന രാജ്യങ്ങളുടെ 1850-–1990 കാലത്തെ പുറന്തള്ളൽ വിഹിതം മുപ്പതു ശതമാനത്തിൽ താഴെയാണ്. അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടിയ കാർബണിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്കാണെന്നു സംശയമില്ലല്ലോ?
1991 മുതൽ 2019 കാലത്തെ കണക്കിലും വികസിത മുതലാളിത്ത ലോകം തന്നെയാണ് ബഹുദൂരം മുന്നിൽ. ആകെ 17 ശതമാനം ജനസംഖ്യയുള്ള വികസിത രാജ്യങ്ങളുടെ പുറന്തള്ളൽ വിഹിതം 45 ശതമാനമാണ്. 83 ശതമാനം ജനസംഖ്യയുള്ള മറ്റു രാജ്യങ്ങളുടെ പങ്ക് 55 ശതമാനവും . ഇതിൽ 18 ശതമാനം ജനസംഖ്യയുള്ള ചൈനയുടെ പുറന്തള്ളൽ പങ്കായ 21 ശതമാനം മാറ്റി നിർത്തിയാൽ അവികസിത, വികസ്വര ലോകത്തിന്റെ പങ്ക് വളരെ നിസാരമാണ് എന്നു കാണാം.
UNEP യുടെ 2024 ലെ കാർബൺ പുറന്തള്ളൽ ഗ്യാപ്പ് റിപ്പോർട്ടിൽ 2023 ലെ ആഗോള പുറന്തള്ളൽ കണക്കുകളുണ്ട്. അമേരിക്കയുടെ 2023 ലെ ആളോഹരി പുറന്തള്ളൽ (per capita emission) 18 ടൺ കാർബൺ ഡൈ ഓക്സൈഡ് തുല്യ ഹരിതഗൃഹ വാതകങ്ങളാണ്. ചൈനയുടേത് 11 ടണ്ണും ഇന്ത്യയുടേത് 2.9 ടണ്ണുമാണ്. 1850 മുതൽ 2022 വരെയുള്ള സഞ്ചിത പുറന്തള്ളൽ (Cumulative emission) എടുത്താൽ അഞ്ചിലൊന്നിലേറെയും അമേരിക്കൻ സംഭാവനയാണ്. ഇന്ത്യയുടേത് 3 ശതമാനവും, 45 അവികസിത രാജ്യങ്ങളുടേത് (Least Developed Countries ) 4 ശതമാനവുമാണ്.
എന്നാൽ സമീപകാലത്ത് ചൈനയും ഇന്ത്യയും പോലെയുള്ള വികസ്വര രാജ്യങ്ങളുടെ പുറന്തള്ളൽ ഉയർന്നിട്ടുണ്ട്. ഉദാഹരണത്തിന് 2023 ൽ ചൈനയുടെ പുറന്തള്ളൽ ആ വർഷത്തെ ആകെ പുറന്തള്ളലിന്റെ 30 ശതമാനമാണ്. ഇന്ത്യയുടേത് 8 ശതമാനവും. ഈ കണക്കു വെച്ചുകൊണ്ട് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ പുറന്തള്ളൽ രാജ്യമാണ് എന്ന ആഖ്യാനം ചരിത്രത്തെയും സഞ്ചിത പുറന്തള്ളലിനെയും പ്രതിശീർഷ പുറന്തള്ളൽ കണക്കുകളെയും എല്ലാം നിരാകരിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല UNFCCC യുടെ ഒരു ബോധ്യം എന്തായിരുന്നു എന്നു നാം ഓർക്കേണ്ടതുണ്ട്. അവികസിത, വികസ്വര ലോകത്തിന്റെ സാമൂഹിക, സാമ്പത്തിക വികാസം അവയുടെ പട്ടിണി അടക്കമുള്ള പരാധീനതകൾ പരിഹരിക്കുന്നതിന് അനിവാര്യമാണ്. ഇത് ഉറപ്പാക്കാതെ ഈ രാജ്യങ്ങൾക്ക് കാലാവസ്ഥാ വെല്ലുവിളി തന്നെ അഭിമുഖീകരിക്കാനാവില്ല എന്നാണ് UNFCCC അംഗീകരിച്ച ഒരു കാര്യം. ഇതാണ് പൊതുവായതും എന്നാൽ ശേഷികൾക്കൊത്ത് വ്യതിരിക്തവുമായ ഉത്തരവാദിത്തം എന്ന നയത്തിന്റെ കാതൽ. കാലാവസ്ഥാ നീതിയുടെ ആണിക്കല്ലായ ഈ തത്ത്വം പോകപ്പോകേ നേർപ്പിക്കപ്പെടുന്നതയാണ് അനുഭവം.
കാർബൺ ഡൈ ഓക്സൈഡാണ് ഏറ്റവും കൂടിയ അളവിലുള്ള ഹരിത ഗൃഹ വാതകം. ഏതാണ്ട് 76 ശതമാനം. ഇത് എണ്ണയും ഗ്യാസും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ നിന്നുമാണ് പ്രധാനമായും വരുന്നത്. എന്നാൽ 2021 ലെ ഗ്ലാസ്ഗോ ഉച്ചകോടി (Glasgow meet-COP 26) കൽക്കരിയെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാനാണ് നോക്കിയത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ പാതിയിലേറെയും കൽക്കരിയിൽ നിന്നാണ് എന്നോർക്കണം. മാത്രമല്ല 130 ലക്ഷം പേരാണ് ഈ മേഖലയിൽ ജോലിയെടുത്തു ജീവിക്കുന്നത്. അതേ സമയം അമേരിക്ക തങ്ങളുടെ എണ്ണ പര്യവേക്ഷണവും ഉൽപ്പാദനവും ഉയർത്തും എന്നു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ട്രംപിന്റെ ഈ നിലപാടിനാണ് അംഗീകാരം ലഭിച്ചത് എന്നതും ഓർക്കേണ്ടതുണ്ട്.
കാലാവസ്ഥാ വെല്ലുവിളിയുടെ ഉത്തരവാദിത്തമാണ് (Responsibility) നാം പരിശോധിച്ചത്. തുല്യതയാണ് (equity ) കാലാവസ്ഥാ നീതിയുടെ മറ്റൊരു ഘടകം. ഇവിടെയാണ് ഫെയർ ഷെയർ വരുന്നത്. കാലാവസ്ഥാ നീതിയിൽ എന്താണ് ഈ ഫെയർ ഷെയർ എന്നത്? ഭൗമ അന്തരീക്ഷം മാനവരാശിയുടെ പൊതു സ്വത്താണ് (Global Common) . അവിടെ ചൂടു കൂട്ടുന്ന വാതകങ്ങൾ ചൊരിഞ്ഞു കുമിഞ്ഞു കൂടിയതിന്റെ ഉത്തരവാദികൾ ആര് എന്നതാണ് നേരത്തെ നാം കണ്ടത്. ഇപ്പോൾ കൂടുന്ന ചൂട് മാനവരാശിയുടെ പൊതു പ്രശ്നമായി വന്നിരിക്കുന്നു. താപ വർദ്ധനവ് വ്യവസായ വിപ്ലവ പൂർവ്വ കാലത്തെ അപേക്ഷിച്ച് 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്തണം എന്നതാണ് കൂട്ടായ ലക്ഷ്യം. അതിനായി ഹരിതഗൃഹ വാതകങ്ങളുടെ അളവു നിയന്ത്രിക്കണം. ഇതു വരെ അന്തരീക്ഷത്തിൽ എത്തിയ ചൂടു കൂട്ടുന്ന വാതകങ്ങളുടെ കണക്കും ഇനി എത്ര പറ്റും എന്നതും അറിയാം. ക്ലൈമറ്റ് സയൻസ് അത്രമേൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഈ കണക്കാണ് കാർബൺ ബജറ്റ്. കാർബൺ ബജറ്റിൽ മുന്തിയ പങ്കും കൈപ്പറ്റിയവർ ആരെന്നാണ് responsibility നോക്കിയപ്പോൾ നാം കണ്ടത്. മിച്ചമുള്ള കാർബൺ സ്പേസ് അർഹതപ്പെട്ടത് അല്ലെങ്കിൽ ആവശ്യമുള്ളത് ആർക്കാണ് എന്ന ചോദ്യവും ഉത്തരവുമാണ് ക്ലൈമറ്റ് ഇക്വിറ്റിയുടെ പരിഗണനാ മേഖല. കാലാവസ്ഥാ വെല്ലുവിളികളുടെ തീവ്രത കണക്കിലെടുക്കുമ്പോൾ എല്ലാവരും പുറന്തള്ളലിന്റെ അളവു കുറയ്ക്കണം എന്ന വാദമുണ്ട്. വികസിത വ്യവസായ ലോകത്തെ ജാമ്യത്തിലെടുക്കുന്ന (bail out) ഒന്നാണെങ്കിലും മാനവ സംസ്കൃതി നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇത് പരിശോധിക്കേണ്ടതുണ്ട്.
ഇവിടെയാണ് അവികസിത രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങളേയും പുറന്തള്ളൽ കുറയ്ക്കലിനേയും സംയോജിപ്പിക്കുന്നതെങ്ങനെ എന്ന പ്രശ്നം ഉയരുന്നത്. ഇപ്പോൾ ഇന്ത്യയുടെ ഊർജ്ജ സ്രോതസ് പാതിയിലേറെ കൽക്കരിയാണെന്ന് നാം കണ്ടല്ലോ? ക്ലീൻ എനർജിയിലേക്ക് പരിവർത്തനം ചെയ്യണമെങ്കിൽ രണ്ടു കാര്യങ്ങൾ വേണം. പണവും സാങ്കേതിക വിദ്യയും. ഇവിടെയാണ് ക്ലൈമറ്റ് ഫണ്ടും(Climate Finance) സാങ്കേതിക വിദ്യാ കൈമാറ്റവും കാലാവസ്ഥാ നീതിയുടെ ഏറ്റവും പ്രധാന ഘടകമായി മാറുന്നത്.
ക്ലൈമറ്റ് ഫിനാൻസ്
കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളിൽ ക്ലൈമറ്റ് ഫിനാൻസിന്റെ പ്രാധാന്യം UNFCCC യിൽ തന്നെ വ്യക്തമാണ്. കൺവെൻഷന്റെ ആർട്ടിക്കിൾ 4 ലാണ് കക്ഷികളുടെ കമ്മിറ്റ്മെന്റുകൾ ഉൾക്കൊള്ളുന്നത്. കൺവെൻഷൻ പ്രകാരം അവികസിത,വികസ്വര രാജ്യങ്ങൾ സ്വീകരിക്കേണ്ട നടപടികളെ സാമ്പത്തികമായും സാങ്കേതികമായും വികസിത രാഷ്ട്രങ്ങൾ സഹായിക്കണം എന്നു വ്യക്തമായിത്തന്നെ കൺവെ ഫൻഷൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. അവികസിത – വികസ്വര രാജ്യങ്ങളും ചെറുദ്വീപ് രാജ്യങ്ങളും അനുപാത രഹിതമായി അനുഭവിക്കേണ്ടിവരുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനുള്ള അറിവും ശേഷിയും പണവും വികസിത ലോകം നൽകണം എന്ന് ആർട്ടിക്കിൾ 4 വ്യവസ്ഥ ചെയ്യുന്നുണ്ട്. മാനവരാശി നേരിടുന്ന കാലാവസ്ഥാ വെല്ലുവിളിയുടെ ഉത്തരവാദിത്തം നിർണ്ണയിച്ചുകൊണ്ടു കൺവെൻഷൻ നടത്തുന്ന ഈ വ്യവസ്ഥപ്പെടുത്തൽ വ്യക്തമാക്കുന്നതെന്താണ്? റിയോക്കാലത്തെ കാലാവസ്ഥാ ചർച്ചകളിൽ അടിസ്ഥാനപരമായി ക്ലൈമറ്റ് ജസ്റ്റിസ് നിർണ്ണായക പരിഗണനയായിരുന്നു എന്നതാണ്. ആർട്ടിക്കിൾ 4(7) പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പണവും സാങ്കേതിക വിദ്യയും നൽകുന്നുണ്ടോ എന്നതാണ് വികസിത ലോകം അവരുടെ കമ്മിറ്റ്മെന്റുകൾ ഫലപ്രദമായി നിർവ്വഹിക്കുന്നുണ്ടോ എന്നതിനുള്ള ചൂണ്ടു പലക എന്നാണ് ആർട്ടിക്കിൾ 4(7) പറഞ്ഞത്.
പാരിസ് എഗ്രിമെന്റിന്റെ ആർട്ടിക്കിൾ 9 കാലാവസ്ഥാ ഫിനാൻസിങ്ങും അതിൽ വികസിത ലോകത്തിന്റെ ഉത്തരവാദിത്തവും വ്യവസ്ഥ ചെയ്തു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യഥകളെ ചെറുക്കുന്നതിനും(mitigation and adaptation) ആവശ്യമായ പണം വികസിത രാജ്യങ്ങൾ ലഭ്യമാക്കണം എന്നാണ് ആർട്ടിക്കിൾ 9(1) വ്യവസ്ഥ ചെയ്യുന്നത്. വിവിധ സ്രോതസുകൾ വഴി കാലാവസ്ഥാ ഫണ്ടിങ് സ്വരൂപിക്കാനുള്ള ലീഡ് റോൾ വികസിത രാജ്യങ്ങൾ നിർവ്വഹിക്കണമെന്നാണ് ആർട്ടിക്കിൾ 9(3) പറയുന്നത്. പാരീസ് എഗ്രിമെന്റിന്റെ വ്യവസ്ഥകൾ പ്രകാരം പുറന്തള്ളൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ പാവപ്പെട്ട രാജ്യങ്ങൾ പെടാപ്പാടു പെടുമ്പോൾ അതേ കരാർ പ്രകാരം ലഭ്യമാക്കേണ്ട കാലാവസ്ഥാ ഫണ്ടിങ് ത്രിശങ്കുവയിലാണ്. ലോക കാലാവസ്ഥാ ചർച്ചകളിൽ നിന്നും കാലാവസ്ഥാ നീതിയുടെ ഘടകങ്ങൾ മായുകയാണ് എന്നു നാം ഭയപ്പെടണം.
കാലാവസ്ഥാ വ്യഥകളെ നേരിടുന്നതിനും വികസനത്തെയും പുറന്തള്ളലിന്റെ ലക്ഷ്യങ്ങളെയും സമന്വയിപ്പിക്കുന്നതിനും പാവപ്പെട്ട രാജ്യങ്ങൾക്ക് വികസിത ലോകം ധനസഹായം ഉറപ്പാക്കണം എന്നത് 1990 കളിൽ തന്നെ ഉയർന്ന ധാരണയാണ്. ക്ലൈമറ്റ് ഫിനാൻസിന്റെ അടിത്തറ തന്നെ കാലാവസ്ഥാ പ്രശ്നത്തിലെ തുല്യതയുടെയും നീതിയുടെയും പ്രശ്നമാണ്. വികസിത ലോകത്തിന് വർദ്ധിച്ച ഉത്തരവാദിത്തം നൽകുന്ന അടിസ്ഥാന പ്രമാണങ്ങളിൽ ക്രമേണ വെള്ളം ചേർക്കാൻ തുടങ്ങി. ക്യോട്ടോ പ്രോട്ടോക്കോൾ വികസിത ലോകത്തിന്റെ പുറന്തള്ളൽ നിയന്ത്രണമാണ് ലക്ഷ്യമിട്ടതെങ്കിൽ പാരിസ് കൺവെൻഷൻ എല്ലാ രാജ്യങ്ങളുടെയും നെറ്റ് സീറോ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രമാണമായിരുന്നു. ഇതു പ്രകാരം എല്ലാ രാജ്യങ്ങളും എമിഷൻ സീറോ ലക്ഷ്യങ്ങൾ നിശ്ചയിച്ച് (Nationally Determined Contributions- NDC) മോണിറ്റർ ചെയ്യണം. ഇതിനുള്ള കാലാവസ്ഥാ ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ഇന്ത്യ പോലെ തുലോം കുറഞ്ഞ ആളോഹരി പുറന്തള്ളൽ നടത്തുന്ന രാജ്യങ്ങളും നിർബന്ധിതമായി. ഇന്ത്യ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ (National Action Plan on Climate change -–NAPCC, State Action Plan on Climate Change-–SAPCC ) രൂപീകരിച്ചു. എല്ലാ രാജ്യങ്ങളും ഇത്തരം ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ ഉണ്ടാക്കി. പാരിസ് കൺവെൻഷൻ കാലത്ത് കണക്കാക്കപ്പെട്ട 10,000 കോടി ഡോളർ തീർത്തൂം അപര്യാപ്തമാണ് എന്നത് അംഗീകരിക്കേണ്ടി വന്നു. അങ്ങനെയാണ് കൂട്ടായി നിശ്ചയിക്കുന്ന ഒരു ഉയർന്ന തുകയെക്കുറിച്ചുള്ള (New Collective Quantified Goal (NCQG) for climate finance) ചർച്ചകൾ ഉയരുന്നത്. അസർ ബൈജാനിലെ ബക്കുവിൽ 2024 നവംബറിൽ നടന്ന COP 29 ലെ മുഖ്യ ചർച്ച ഈ പുതിയ ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമായിരുന്നു. പാരിസ് കൺവൻഷൻ ലക്ഷ്യം അനുസരിച്ചുള്ള ക്ലൈമറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് 6.9 ലക്ഷം കോടി ഡോളർ വരെ വേണ്ടി വരും എന്നതാണ് നിഗമനം. ഇതിൽ 1.3 ലക്ഷം കോടി ഡോളർ ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമായി നിർണ്ണയിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള പല അവികസിത രാജ്യങ്ങളും ആവശ്യപ്പെട്ടത്. വികസിത ലോകം ഇത് നിരാകരിച്ചു.
നിശ്ചയിച്ചതിലും രണ്ടു നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ 30,000 കോടി ഡോളറാക്കി വെട്ടിക്കുറച്ച് ഈ ലക്ഷ്യം നിർണ്ണയിക്കപ്പെട്ടു.. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം കാലാവസ്ഥാ പ്രവർത്തനങ്ങളെ മ്ലാനതയിലാക്കിയിട്ടുണ്ട്. ക്ലീൻ എനർജിയോ കാലാവസ്ഥാ ഫണ്ടിങ്ങോ തങ്ങളുടെ തലവേദനയല്ല എന്ന സന്ദേശമാണ് പുറത്തു വരുന്നത്. ഇതിന്റെ ഫലം എന്തായിരിക്കും? രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ ഏട്ടിലെ പശുവായി തുടരും എന്നതാണ്. ലോക കാലാവസ്ഥാ ചർച്ചകൾക്ക് സാധുത നഷ്ടമായിരിക്കുന്നു എന്ന വാദം പോലും ഉയരുകയാണ്. വികസ്വര രാജ്യങ്ങളുടെ ബ്ലോക്കുകൾ തങ്ങളുടെ വഴി നോക്കണം എന്ന വാദമാണ് COP-29 ന്റെ നിഷ്ഫലതയെ തുടർന്ന് ഉയരുന്നത്. l
അവലംബം
1. UNITED NATIONS FRAMEWORK CONVENTION ON CLIMATE CHANGE, UNITED NATIONS 1992
2. PARIS AGREEMENT, UNITED NATIONS 2015
3. Political Economy of Climate Change- S L Sharma, Economic & Political Weekly , 2023 June
4. Climate: The Global Commons, Editorial ,Economic & Political Weekly, November 2021
5. POVERTY, PROSPERITY, AND PLANET REPORT 2024-PATHWAYS OUT OF THE POLYCRISIS, World Bank
6. Equity in Climate Change,Prodipto Ghosh, Economic & Political Weekly, March 2013
7. Emissions Gap Report 2024, United Nations Environment Programme
8. Equity in Global Climate Policy and Implications for India’s Energy Future, Tejal Kanitkar, Economic & Political Weekly,December , 2021
9. State of the Climate 2024, WMO
(കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)