Wednesday, January 8, 2025

ad

Homeകവര്‍സ്റ്റോറിപള്ളി പൊളിക്കലിന്റെ 
നിഗൂഢ ലക്ഷ്യങ്ങൾ

പള്ളി പൊളിക്കലിന്റെ 
നിഗൂഢ ലക്ഷ്യങ്ങൾ

ഹുസൈൻ രണ്ടത്താണി

1849ൽ എലിയടറ്റ്, ഡൗസൺ എന്നീ ഇംഗ്ലീഷുകാർ ചേർന്നെഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യ അസ് ടോൾഡ് ബൈ ഇറ്റ്-സ് ഓൺ ഹിസ്റ്റോറിയൻസ് എന്ന പുസ്‌തകത്തിലാണ് മുസ്‌ലിം ഭരണം ഹിന്ദുവിനെതിരായിരുന്നുവെന്ന് ആദ്യം എഴുതിവിട്ടത്. മുഹമ്മദീയർ ക്ഷേത്രം തകർത്തതും മതം മാറുന്നതും നിരന്തരം പറഞ്ഞ് ഹിന്ദുക്കളുടെ രക്ഷ ബ്രിട്ടീഷുകാരിലാണ് എന്ന് വരുത്തുംവിധമാണ് പുസ്ത‌കം തയാറാക്കിയത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ദുഷ്‌ടലാക്കോടെയാണ് ഈ പുസ്‌തകമത്രയുമെഴുതിയത്. ക്ഷേത്രങ്ങളും പള്ളികളും പൊളിച്ചതിന്റെ ഉദാഹരണങ്ങൾ പലതും നിരത്താമെങ്കിലും അവയൊന്നും മതപരമായ കാരണങ്ങളിലാണെന്നോ സാധാരണക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നോ ഉള്ളതിന് തെളിവുകളൊന്നും കാണാനാവില്ല. സാധാരണക്കാർക്ക് അടുക്കാൻ പോലും കഴിയാത്ത ക്ഷേത്രങ്ങൾ പൊളിക്കുന്നതു പോലും അവരറിഞ്ഞിട്ടുമില്ല. എന്നാൽ ഹിന്ദുത്വവാദികൾ ഈ പുസ്‌തകം തങ്ങളുടെ മുസ്‌ലിം വിരോധത്തിന്റെ കച്ചിത്തുരുമ്പാക്കിയിരിക്കുന്നു. അറുപതിനായിരം ക്ഷേത്രങ്ങൾ മുഗളൻമാർ അടിച്ചു തകർത്തു എന്നാണിവർ തട്ടിവിടുന്നത്. എവിടെ ക്ഷേത്രങ്ങൾ ജീർണിച്ചത് കണ്ടാലും അതിനുകാരണക്കാർ മുസ്ലിങ്ങളാണെന്ന് കാച്ചിക്കളയും. അങ്ങനെയാണ് ക്ഷേത്രങ്ങളുടെ സംരക്ഷകനായ ടിപ്പുവിനെയും ധ്വംസകനാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് ഇന്ത്യയിൽ ത്തന്നെയാണ്. ഏറ്റവും കൂടുതലുള്ള സംസ്ഥാനം തമിഴ്‌നാടാണ്. ഉല്പാദനത്തിന് വിനിയോഗിക്കാതെ കണക്കറ്റ സമ്പത്താണ് ക്ഷേത്രങ്ങളിൽ സൂക്ഷിച്ചുവച്ചിരുന്നത്. ആദ്യകാല ക്ഷേത്രങ്ങൾ ചെറുതും മിക്കവയും ഗുഹാഷേത്രങ്ങളുമായിരുന്നു. ഒന്നാം നൂറ്റാണ്ടുതൊട്ടാണ് ഗുഹാ ക്ഷേത്രങ്ങൾക്ക് പകരം വലിയ ക്ഷേത്രങ്ങൾ വരുന്നത്. ഭരണാധികാരികളാണ് മിക്കവയും പണികഴിപ്പിച്ചത്. ജാതി നിയമങ്ങൾ കർശനമാവുകയും ബ്രാഹ്മണാധീശത്വം സ്ഥാപിക്കപ്പെടുകയും ചെയ്‌തപ്പോൾ സാധാരണക്കാർക്ക് ക്ഷേത്രങ്ങൾ വിലക്കപ്പെട്ടു. ക്രമേണ ക്ഷേത്രങ്ങളും കോട്ടകളും രാജകീയതയുടെ പ്രൗഢിയായി മാറി. കണക്കറ്റ സമ്പാദ്യങ്ങൾ ക്ഷേത്രങ്ങളിൽ കുന്നുകൂടി. ഒരു രാജാവ് യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ തനിക്ക് ശക്തി നല്കിയ ദൈവത്തെ (രാഷ്ട്ര ദേവത) കുടിയിരുത്തിയ ക്ഷേത്രമടക്കം ശത്രു നശിപ്പിക്കും. അവിടത്തെ കണക്കറ്റ ധനം കൊള്ളയടിക്കും. പരാജയപ്പെട്ടവന്റെ കോട്ടയും ക്ഷേത്രവും തകർക്കുക എന്നതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന്റെ പ്രതാപം വിപാടനം ചെയ്യുകയെന്നതാണ്. ക്ഷേത്രങ്ങൾ രാജാവിനും കുടുംബത്തിനും മാത്രം അവകാശപ്പെട്ടതാണ്. ദൈവം വിഷ്ണുവോ ശിവനോ ആയിരിക്കും.

ക്ഷേത്ര ധ്വംസനങ്ങൾ
ശത്രുവിന്റെ ക്ഷേത്രം പൊളിക്കുന്ന കാര്യത്തിൽ ഹിന്ദുവെന്നോ മുസൽമാനെന്നോ വ്യത്യാസമില്ല. എന്നാൽ ഹിന്ദു തന്റെ ശത്രുവായ ഹിന്ദുവിന്റെ തന്നെ ക്ഷേത്രം പൊളിച്ചതും. ഹിന്ദു രാജാക്കന്മാർ പള്ളികൾ പൊളിച്ചതും മേൽ പറഞ്ഞ ബ്രിട്ടീഷ് എഴുത്തുകാരോ, ഹിന്ദുത്വ വാദികളോ പറയുന്നില്ല. മുസ്ലീങ്ങളോട് ശത്രുത വളർത്തണമെങ്കിൽ അക്കാര്യം മറച്ചു വയ്‌ക്കേണ്ടത് അവർക്ക് ആവശ്യവുമായിരുന്നു. പുരാതനകാലത്തെയും മധ്യകാലത്തെയും രാഷ്ട്രീയ-സാമ്രാജ്യത്വ സംഘർഷങ്ങളും പടയോട്ടങ്ങളുംമൂലം പള്ളികളും, ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും കോട്ടകളും നശിപ്പിക്കപ്പെടുകയോ തകർക്കപ്പെടുകയോ ഒക്കെ ചെയ്‌തിട്ടുണ്ട്. പൗരാണിക ഇന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന ജൈന-ബുദ്ധ വിഹാരങ്ങൾ ഇന്നെവിടെ? അവ കാണണമെങ്കിൽ പഴയ ക്ഷേത്രങ്ങൾ കിളച്ചു മാറ്റണം. ഡോ. അംബേദ്കറുടെ പൗത്രൻ ഇപ്പോൾ അതാവശ്യപ്പെട്ടിരിക്കുന്നു. എട്ടു മുതൽ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളിൽ ഇന്ത്യ ഭരിച്ച വിവിധ രാജാക്കന്മാർ നശിപ്പിച്ച സ്തൂപങ്ങൾക്കും വിഹാരങ്ങൾക്കും കൈയും കണക്കുമില്ല. ചന്ദ്രഗുപ്‌ത മൗര്യൻ ബുദ്ധ കേന്ദ്രമായ മഗധ തകർത്തു. അശോകൻ ബുദ്ധമത പ്രചാരണത്തിന് വേണ്ടി ജൈനരെ നശിപ്പിച്ചു. ക്ഷത്രിയ രാജാക്കന്മാർ ബുദ്ധമതക്കാരുടെ കേന്ദ്രങ്ങൾ തകർത്ത് ക്ഷേത്രം നിർമ്മിച്ചു. പുഷ്യ മിത്ര രാജാവ് കൊന്നൊടുക്കിയ ബുദ്ധ സന്ന്യാസിമാർ എണ്ണിയാലൊടുങ്ങില്ല. ശശാങ്ക ചക്രവർത്തി ബുദ്ധൻ ധ്യാനം അനുഷ്ടിച്ച ബോധി വൃക്ഷം വെട്ടി മാറ്റി. തെന്നിന്ത്യയിൽ ജൈന ബുദ്ധ മതങ്ങളെ ഇല്ലാതാക്കിയത് ശൈവന്മാരും വൈഷ്‌ണവന്മാരും അവരെ തുണയ്ക്കുന്ന രാജാക്കന്മാരും കൂടിയാണ്. നമ്മുടെ കേരളത്തിൽ പറങ്കികളും വിഹാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഇല്ലാതാക്കിയിട്ടുണ്ട്. ഇതിനെയൊക്കെ രാഷ്ട്രീയ പക പോക്കലുകളുടെയും ബ്രാഹ്മണ മേധാവിത്തത്തിന്റെയും ഭാഗമായി കണ്ടാൽ മതി. ഇതൊന്നും ഒരു നയമായി ആരും സ്വീകരിച്ചിട്ടില്ല.

ഹിന്ദു ഭരണാധികാരികൾ
കാശ്മ‌ീരിലെ ഹർഷനും ശങ്കവർമനും ജയപാലനും ക്ഷേത്രങ്ങൾ സ്ഥിരമായി കൊള്ളചെയ്യുകയും അതിനുവേണ്ടി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചു എന്നതും ചരിത്രം. ക്രി.വ. 641ൽ പല്ലവ രാജാവ് നരസിംഹ വർമൻ ഒന്നാമൻ ചാലുക്യൻ തലസ്ഥാനമായ വടപിയിൽ നിന്ന് ഗണേശ വിഗ്രഹം കൊള്ള ചെയ്തു. പിന്നീട് ഉത്തരേന്ത്യയിലെ പല രാജാക്കൻമാരെയും തോല്‌പിച്ച ചാലൂക്യന്മാരും വിഗ്രഹങ്ങൾ കൊള്ള ചെയ്‌തു.എട്ടാം നൂറ്റാണ്ടിൽ ബംഗാളി സൈന്യം കശ്മ‌ീർ രാജാവ് ലലിദാദിത്യ രാജാവിനെ കൊന്ന് ആ രാജാവിന്റെ ദൈവമായ വിഷ്‌ണു വൈകുണ്‌ഠന്റെ വിഗ്രഹം നശിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാവ് ശ്രീ വല്ലഭ ശ്രിമാരാ, സിംഹള രാജാവിനെ വധിച്ച് അവിടത്തെ ശ്രീ ബുദ്ധന്റെ വിഗ്രഹം കൊണ്ടുപോയി. പ്രതിഹാര രാജാവ് ഹിരംഭ പാല, കാൻഗ്രയിലെ ഷാഹി രാജാവിനെ തോൽപിച്ച് അവിടത്തെ രാഷ്ട്രദൈവമായ വിഷ്‌ണു വൈകുണ്‌ഠന്റെ വിഗ്രഹം മോഷ്ടിച്ചു. പിന്നീടത് കണ്ഡേല രാജാവ് അത് കൊണ്ടുപോയി തന്റെ നാട്ടിൽ പ്രതിഷ്ഠിച്ചു. രാജേന്ദ്ര ചോളൻ ഒന്നാമൻ പല നാടുകളിൽ നിന്നും വിഗ്രഹം കൊള്ള ചെയ്‌ത്‌ സ്വന്തം തലസ്ഥാനത്ത് പ്രതിഷ്ഠിച്ചു. രാജേന്ദ്ര ചോളൻ ചാലൂക്യ രാജാക്കൻമാരെ തോൽപിച്ചാണ് ദുർഗ വിഗ്രഹങ്ങൾ തന്റെ നാട്ടിലെത്തിച്ചത്. പത്താം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ രാഷ്ട്രകൂട രാജാവ് തങ്ങളുടെ ബദ്ധവൈരികളായ പ്രതിഹാരന്മാരുടെ കല്‌പയിലുള്ള ക്ഷേത്രം തകർത്തു തരിപ്പണമാക്കി. ഇക്കാര്യം അവർ അഭിമാനപൂർവ്വം തങ്ങളുടെ രാജ ചരിത്രത്തിൽ എഴുതി വച്ചിട്ടുമുണ്ട്. 1514 ൽ വിജയ നഗരത്തിലെ കൃഷ്ണദേവരായൻ ഉദയഗിരി കീഴടക്കി അവിടെയുള്ള ബാലകൃഷ്‌ണ ദേവന്റെ വിഗ്രഹം തട്ടിക്കൊണ്ടു പോയി. ആറ് വർഷത്തിനുശേഷം അദ്ദേഹംതന്നെ പന്താർപുറിൽ നിന്ന് വിഥാല ദേവിയുടെ വിഗ്രഹം കവർന്നെടുത്തു. തുർക്കികൾ ഇന്ത്യയിൽ അധികാരം സ്ഥാപിക്കുന്ന കാലത്തുതന്നെ പരമാര രാജാക്കന്മാർ ജൈനമതക്കാരുടെ ഗുജറാത്തിലുള്ള വിഹാരങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾ തകർത്തു (ആർ.ഇ.ഈറൺ, ടെമ്പിൾ ഡെസിക്രേഷൻ ആൻഡ് ഇന്തോ മുസ്ലിം സ്‌റ്റേറ്റ്സ്, ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, 11/3,2000) ഇന്ത്യയിൽ താമസിക്കാൻ രക്ഷയില്ലാതെ വന്ന ബുദ്ധരും ജൈനരും അന്യനാടുകളിലേക്ക് പലായനം ചെയ്യുകയോ ഹിന്ദു മതത്തിലേക്ക് ചേരുകയോ ചെയ്തു.

രാജാക്കന്മാർ പള്ളികൾ തകർത്തതും കാണാം. രാജാ മഹി പാലൻ, ലാഹോർ പിടിച്ചടക്കിയപ്പോൾ അവിടത്തെ പള്ളികൾ നശിപ്പിച്ച് അമ്പലങ്ങൾ പണിതു. അക്കാലത്ത് പള്ളികളുടെ എണ്ണം വളരെ കുറവായിരുന്നു. രജപുത്രനായ റാണ കുംഭ മുഗളർക്കെതിരെ യുദ്ധം നടത്തി പള്ളികൾ നശിപ്പിച്ചു. രജപുത്രൻ റാണ സംഗയുടെ അസിസ്‌റ്റന്റ് റൈസനും പള്ളികൾ തകർത്ത് പലതും തൊഴുത്തുകളായി ഉപയോഗിച്ചു. രാജാ ഭീംസിംഗ് ഗുജറാത്ത് ആക്രമിച്ച് മുപ്പതിലധികം പള്ളികൾ ഒറ്റയടിക്ക് നശിപ്പിച്ചു. (കവിരാജ് ശ്യാമാൽ ദാസ്, വീര വിനോദ്, ആർ.സി മജുംദാർ, മുഗൾ എമ്പയർ, 1974,351). രജപുത്താനയിലെ പള്ളികളും മുഗളരുമായുള്ള യുദ്ധ കാലത്ത് രജപുത്രർ തകർത്തു. സിക്കുകാരും ജാട്ടുകളും ചേർന്ന് പലയിടത്തും പള്ളികളും ദർഗകളും നശിപ്പിച്ചു. ജാട്ടുകൾ താജ്‌മഹലിലെയടക്കം വില പിടിച്ച ലോഹങ്ങൾ കവർന്നു. അക്ബർ ചക്രവർത്തിയുടെ ശവ കുടീരത്തിന്റെ അടിവരെ മാന്തി. കൊള്ള ചെയ്യുകയായിരുന്നു ലക്ഷ്യം. 1760ൽ മറാത്ത ഭരണാധികാരി സദാ ശിവ ബാവു ഡൽഹിയിലെ മുഗൾ സ്മാരകങ്ങൾ പലതും തുരന്ന് അവയിലെ സ്വർണവും രത്നവുമൊക്കെ കവർച്ച ചെയ്തു.

തുർക്കുമാനികൾ
തുർക്കുമാനികൾ അവരുടെ പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർക്കുകയും അവയിലെ കണക്കറ്റ ധനം സ്വന്തമാക്കുകയും ചെയ്‌തു. ഒപ്പം കാലിയായിക്കിടന്ന ജൈന – ബുദ്ധ വിഹാരങ്ങൾ പലതും പൊളിച്ചു പള്ളികളുണ്ടാക്കാൻ ഉപയോഗിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾ പൊളിച്ച് പള്ളിയുണ്ടാക്കി അധികാരം സ്ഥാപിച്ച് ഹിന്ദു ദൈവങ്ങൾക്ക് പകരം അല്ലാഹുവിനെ രാഷ്ട്ര ദൈവമാക്കി. മംഗോളിയർക്കെതിരെ യുദ്ധം ചെയ്യാനുള്ള സമ്പത്ത് അലാവുദ്ദീൻ ഖിൽജി സ്വരൂപിച്ചത് അമ്പലങ്ങളിൽ നിന്നാണ്. തന്റെ ശത്രുക്കളെ ഇല്ലാതാക്കാനും അവർ കണ്ടെത്തിയ മാർഗം കോട്ടകൾ നശിപ്പിക്കലോ, അവരുടെ കുലദൈവങ്ങളുടെ ആസ്ഥാനങ്ങൾ തകർക്കലോ ആണ്. വിജയിക്കുന്ന രാജാവിന്റെ ദൈവങ്ങളെയാണ് തോല്ക്കുന്ന രാജാവിന്റെ ദൈവങ്ങൾക്ക് പകരം പ്രതിഷ്ഠിക്കുക. മുസ്ലീങ്ങൾ വിജയിക്കുമ്പോൾ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് പള്ളി പണിതിട്ടുണ്ട്. എന്നാൽ രാജ്യത്തെ പള്ളികളെല്ലാം പണിതത് ക്ഷേത്രം പൊളിച്ചല്ല. അങ്ങനെ പള്ളി പണിയുന്നത് ഇസ്ലാം നിയമ പ്രകാരം കുറ്റകരവുമാണ്. മുസ്‌ലിം രാജാക്കന്മാരുടെ ഇത്തരം സാമ്രാജ്യത്വ മോഹങ്ങളെ അക്കാലത്തെ പണ്ഡിതന്മാരും സൂഫികളും വിമർശിച്ചതും കാണാം. ഭൂരിപക്ഷം പള്ളികളും സ്വതന്ത്രമായിത്തന്നെയാണ് പണിതത്, ബാബ്‌റി മസ്‌ജിദിനെപ്പോലെ. അവിടെ രാമക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നതിന് തെളിവില്ല. ഉണ്ടെങ്കിൽ തന്നെ അത് ക്ഷേത്രമാക്കുന്നതിന് നിയമ പ്രകാരം ഒരവകാശവുമില്ല. സംബൽ, പാനിപ്പത്ത്, ഫൈസാബാദ് എന്നിവിടങ്ങളിൽ മൂന്ന് പള്ളികൾ നിർമിക്കാനായിരുന്നു ബാബർ ചക്രവർത്തിയുടെ പ്ലാൻ. ലോധി രാജാക്കന്മാരുടെ കാലത്തുള്ള ഒരു കൊച്ചു പള്ളി വികസിപ്പിച്ചാണ് ബാബ്‌റി മസ്‌ജിദ് നിർമിച്ചതെന്നും പറയപ്പെടുന്നു. ജാതിയും മതവും സാമ്രാജ്യത്വവും കൈകോർത്ത പഴയ കാലത്തെ സ്ഥിതി പുനഃസ്ഥാപിക്കേണ്ട ഒരു കാര്യവുമില്ല, ഇന്നത്തെ സമൂഹം പഴയ ചെയ്‌തികൾക്കൊന്നും ഉത്തരവാദികളുമല്ല, ഇന്നത്തെ പ്രശ്നങ്ങൾ ബ്രിട്ടീഷുകാരും ബ്രാഹ്‌മണാധിപത്യവും സൃഷ്‌ടിച്ചെടുത്ത വർണവെറിയിൽ നിന്നുദ്ഭവിച്ചതാണ്.

ശത്രുരാജാക്കന്മാർ ശത്രുവിന്റെ കുല ദൈവങ്ങളെ മാറ്റി പ്രതിഷ്‌ഠിച്ചതുപോലെ തുർകുമാനികളും അങ്ങനെ ചെയ്തിട്ടുണ്ട്. 1292ൽ ഉലൂഗ് ഖാൻ ഗുജറാത്ത് പിടിച്ചപ്പോൾ അവിടെയുള്ള സോമനാഥ ക്ഷേത്രത്തിൽ കടന്ന് വിഗ്രഹമെടുത്ത് സുൽത്താൻ അലാഉദ്ദീൻ ഖിൽജിക്ക് കൊടുത്തയച്ചു. ആ വിഗ്രഹത്തിൽ നിന്നുള്ള സംരക്ഷണം ശത്രുവിന് ലഭിക്കരുതെന്ന് ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്‌തത്. അതിന് മുമ്പ് മഹ്‌മൂദ് ഗസ്‌നി ഈ ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുവച്ച് ആക്രമിക്കുകയും കണക്കറ്റ ധനം കവരുകയും ചെയ്തിരുന്നു. ഫിറോസ് ഷാ തുഗ്ലഖ് ഒറീസ പിടിച്ചെടുത്തപ്പോൾ ആ രാജാവിന്റെ പ്രധാന ദൈവം പുരിയിലെ കോട്ടക്കകത്തെ ജഗന്നാഥ ക്ഷേത്രത്തിലുള്ള വിഗ്രഹമാണെന്നറിഞ്ഞപ്പോൾ അതെടുത്ത് ഡൽഹിയിലേക്ക് കൊണ്ടുപോയി. 1518ൽ ഗ്വാളിയോറിലെ രജപുത്ര രാജാവ് തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നറിഞ്ഞ സുൽത്താൻ ഇബ്രാഹിം ലോധി സൈന്യത്തെ അയച്ച് അദ്ദേഹത്തിന്റെ ക്ഷേത്ര വിഗ്രഹം കൊണ്ടു വന്ന് ഡൽഹിയിലെ ബാഗ്ദാദ് കവാടത്തിനടുത്ത് സ്ഥാപിച്ചു. 1579ൽ ഗോൽ ക്കണ്ട സുൽത്താന്റെ സേനാനായകൻ മുറഹരി റാവു വിജയനഗരത്തെ തോൽപിച്ച് കൃഷ്ണാനദിയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ കീഴടക്കി. അവിടത്തെ അഹോബിലം ക്ഷേത്രം ആക്രമിച്ച് രത്നം പതിച്ച വിഗ്രഹം കൊണ്ടു വന്ന് സുൽത്താന് സമ്മാനിച്ചു. ശത്രുവായ വിജയനഗര രാജാവ് പരിപാലിച്ചിരുന്നതാണ് പ്രസ്‌തുത ക്ഷേത്രം. മുഗൾ ചക്രവർത്തിക്കെതിരെ കലാപമുണ്ടാക്കിയ ഗവർണറെ സഹായിച്ചതിന്റെ ശിക്ഷയായി ഒറീസ രാജാവിന്റെ ക്ഷേത്രത്തിൽക്കടന്ന് വിഗ്രഹം നശിപ്പിച്ചു. ഇങ്ങനെ യുദ്ധവേളകളിൽ പല ക്ഷേത്രങ്ങളും തകർത്തിട്ടുണ്ട്.

ക്ഷേത്ര ഗ്രാന്റുകൾ
ഹിന്ദു രാജാക്കന്മാർ കപ്പം കൊടുത്തു കഴിയുകയോ ചങ്ങാത്തത്തിൽ വർത്തിക്കുകയോ ചെയ്യുമ്പോൾ സുൽത്താന്മാരും മുഗളരും ക്ഷേത്രങ്ങൾ സംരക്ഷിച്ചു കൊടുത്തു. ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സഹായവും ചെയ്‌തു. ഒരു സംസ്കൃത രേഖ പ്രകാരം മുഹമ്മദ് ബിൻ തുഗ്ലഖ് വടക്കൻ ദക്കാൻ പിടിച്ചതിന്റെ പതിമൂന്നാം വർഷം ബീദാർ ജില്ലയിലെ കൽയാനയിലെ ശിവ ക്ഷേത്രം കേടുപാടുകൾ തീർത്ത് ആരാധനയ്ക്കുപയുക്തമാക്കാൻ മുസ്‌ലിം ഉദ്യോഗസ്ഥന് നിർദേശം നല്‌കി. വിജയ നഗര രാജാവ് രാജ്യത്തെ മുസ്ലീങ്ങൾക്കുവേണ്ടി പള്ളി നിർമിച്ച് കൊടുത്തു. കാശ്‌മീർ രാജാവ് സുൽത്താൻ ഷിഹാബുദ്ദീന്റെ(1355-–73) പ്രധാന മന്ത്രി ബ്രാഹ്മണനായിരുന്നു. അദ്ദേഹം സ്‌റ്റേറ്റിന്റെ വരുമാനം വർധിപ്പിക്കാൻ ഹിന്ദു – ബുദ്ധ വിഗ്രഹങ്ങൾ ഉരുക്കി വിൽക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നത് സുൽത്താൻ തടഞ്ഞു. അദ്ദേഹം പറഞ്ഞു: ചില രാജാക്കന്മാർ പ്രസിദ്ധരാവുന്നത് ദൈവങ്ങളുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കൊണ്ടാണ്. ചിലർ അവയെ ആരാധിച്ചുകൊണ്ടാണ്. ചിലർ അവയെ നിലനിറുത്തിക്കൊണ്ടാണ്. ചിലർ അവ തകർത്തുകൊണ്ടാണ്. എത്ര പാപകരമാണ് തകർക്കുന്നവരുടെ ചെയ്തികൾ. സാഗരൻ പ്രസിദ്ധനായത് കടലും നദികളും സൃഷ്‌ടിച്ചുകൊണ്ടാണ്. ഭഗീരഥൻ പ്രസിദ്ധനായത് ഗംഗയെ കൊണ്ടു വന്നാണ്…. ഇന്ദ്രന്റെ പ്രസിദ്ധിയിൽ അസൂയ പൂണ്ട ദുഷ്യന്തൻ ലോകം കീഴടക്കിയാണ് പ്രസിദ്ധനായത്. രാമൻ രാവണനെ വധിച്ചുതിനു കാരണം രാവണൻ സീതയെ കട്ടുകൊണ്ടുപോയതാണ്. ഞാൻ ഷിഹാബുദ്ദീൻ ഒരു വിഗ്രഹം കൊള്ള ചെയ്തു‌വെന്ന് പറഞ്ഞാൽ അത് മരണത്തെക്കാളും ഭീകരമാണ്. അതുമൂലം ഭാവിയിൽ ജനങ്ങൾ പേടികൊണ്ട് വിറയ്ക്കാനിട വരുത്തും’’. (എസ്. എൽ സാധു, എഡി:, മിഡീവൽ കശ്‌മീർ, 1993,44-5). ക്ഷേത്രം തകർക്കാൻ മുതിർന്ന സുൽത്താൻസിക്കന്ദർ ലോധിയോട് മുസ്‌ലിം പണ്ഡിതന്മാർ പറഞ്ഞു: പൗരാണികമായി ജനങ്ങൾ ആരാധിക്കുന്ന ദേവാലയങ്ങൾ തകർക്കാനോ കുളത്തിൽ കുളിക്കുന്നത് നിരോധിക്കാനോ താങ്കൾക്ക് അധികാരമില്ല. (ബി.ഡേ, വിവ:, തബഖാതി അക്ബരി (നിസാമുദ്ദീൻ അഹ്മദ്), 1927,39, 1,186).

കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അക്ബറുടെ കാലത്ത് സേനാനായകൻ മാൻ സിങ് പണിതതാണ്. മണ്ഡുവിലെ നീലകണ്‌ഠ ക്ഷേത്രം അക്ബറുടെ നിർദേശ പ്രകാരം ഗവർണർ ഷാ ബദ്ഗ 1574ൽ നിർമ്മിച്ചതാണ്. മഥുര മേഖലയിലെ ക്ഷേത്രങ്ങൾക്ക് അക്ബർ ഗ്രാന്റ് വർധിപ്പിച്ചുകൊടുത്തിരുന്നു. ക്ഷേത്ര പൂജാരികൾക്ക് ക്ഷേത്രങ്ങളുടെ പരിപാലനത്തിനായി ജഹാംഗീർ ഭൂമി നല്കിയിരുന്നു. ഔറംഗസേബ് ഗ്രാന്റുകൾ നല്‌കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വർധിപ്പിച്ചു; ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തന്റെ രജപുത്ര മേധാവികളെ അനുവദിച്ചു. മുഗൾ ഭരണാധികാരികൾ ക്ഷേത്രങ്ങളുടെ സൗന്ദര്യത്തെ വാഴ്ത്തിയതിന് ഏറ്റവും വലിയ തെളിവാണ് ബാബറിന്റെ തുസൂകേ ബാബരീ എന്ന ആത്മകഥ. അക്ബറുടെ കാലം തൊട്ട് ക്ഷേത്രങ്ങളും പൂജാരികളും സ്‌റ്റേറ്റിന്റെ സംരക്ഷിത സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. രജപുത്രന്മാരായ തന്റെ മൻസബ്‌ദാറുമാരോട് അവർക്ക് ആവശ്യമായ സ്ഥലങ്ങളിൽ ക്ഷേത്രം നിർമിക്കാൻ അക്ബർ നിർദേശം നല്‌കി. ഒറീസയിലെ പുരിയിലുള്ള ജഗന്നാഥ ക്ഷേത്രം മുഗളന്മാർ പുനരുദ്ധരിച്ചു. അവിടത്തെ രഥോത്സവത്തിൽ ഷാജഹാന്റെ നിർദേശ പ്രകാരം ഹിന്ദുക്കളും രജപുത്രന്മാരുമടങ്ങുന്ന മൻസബ്‌ദാറുമാർ ആഘോഷപൂർവം പങ്കെടുക്കുമായിരുന്നു. (ഒറീസ ഹിസ്റ്റോറിക്കൽ ജേണൽ, 10(3),1961,46). ഔറംഗസേബ് ചക്രവർത്തിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. വാരാണസിയിലെ ക്ഷേത്രങ്ങൾക്കും പൂജാരികൾക്കും സംരക്ഷണം നല്കാൻ 1659ൽ ചക്രവർത്തി തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു:

‘‘ഇയ്യിടെയായി പകയും വിദ്വേഷവും നിമിത്തം ബനാറസിലും പരിസരത്തുമുള്ള ഹിന്ദു വീട്ടുകാരേയും ക്ഷേത്രങ്ങളുടെ പരിപാലകരായ ബ്രാഹ്മണരേയും ആക്രമിക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. ഈ ബ്രാഹ്മണരെ ക്ഷേത്രപരിപാലനത്തിൽ നിന്ന് നീക്കണമെന്നാണ് അവരാവശ്യപ്പെടുന്നത്. ഇതവരെ ഏറെ ദുഃഖിപ്പിച്ചിരിക്കുന്നു. ഈ കത്ത് കിട്ടിയാൽ ആരും ബ്രാഹ്മണരെ ദ്രോഹിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണം.അവർ അവരുടെ പരമ്പരാഗത വീടുകളിൽ താമസിക്കുകയും മുഗൾ സാമ്രാജ്യത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യണം.” (ജേണൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ, 1911,689–-90).

ബനാറസിൽ പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കരുതെന്ന് ഔറംഗസേബ് കൽപിച്ചിരുന്നു. എന്നാൽ മറ്റു സ്ഥലങ്ങളിൽ ഈ നിയമം ബാധകമായിരുന്നില്ല. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പൗരാണിക ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്ന് ചക്രവർത്തി പറഞ്ഞു. തന്റെ കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. (ഈറൺ, ടെമ്പിൾ ഡെസിക്രേഷൻ, 305), മുഗൾ ചക്രവർത്തിമാർ രജപുതന്മാരുമായി കുടുംബന്ധമുള്ളവരാണ്. അക്ബറും ഷാജഹാനും ഔറംഗസേബുമെല്ലാം രജപുത്രരെ വിശ്വാസത്തിലെടുത്തു. ഏറ്റവും കൂടുതൽ രജപുത്ര സേനാധിപരെ നിലനിറുത്തിയത് ഔറംഗസേബാണ്. രാജാ ജെയ്‌സിങ്ങായിരുന്നു ഔറംഗസേബിന്റെ സേനാ നായകൻ, രാജാ ജസ്വന്ത് സിങ് പലപ്പോഴും ഔറംഗസേബിന് പ്രശ്‌നങ്ങൾ സൃഷ്ട‌ിച്ചുവെങ്കിലും മരണം വരെ അദ്ദേഹം തന്റെ കൂടെ നിന്നു. ഇക്കാരണങ്ങാൽ രജപുത്രരോടും അവരുടെ വിശ്വസങ്ങളോടും മുഗളന്മാർ മമത പുലർത്തി.

അതേ സമയം യുദ്ധ വേളകളിൽ ശത്രുവിന്റെ ക്ഷേത്രങ്ങൾ പൊളിച്ച് അവരുടെ അധീശത്വം അവസാനിപ്പിക്കും. അവരുടെ കോട്ടകളും ക്ഷേത്രങ്ങളും തരിപ്പണമാക്കും. ബനാറസിലും മഥുരയിലും രാജസ്താനിലും കലാപകാരികളെ വക വരുത്തിയ ശേഷം ഔറംഗസേബ് അവരുടെ ക്ഷേത്രങ്ങൾ പൊളിച്ചുനീക്കി. മഥുരയിൽ കലാപം പൊട്ടിയത് കലാപകാരികൾ അവിടത്തെ പള്ളിയിലെ ഇമാമിനെ വധിച്ചതിന്റെ പേരിലാണ്. ജാട്ടുകൾ കലാപമുണ്ടാക്കിയപ്പോൾ അവർ നിരവധി പള്ളികളും ദർഗകളും തകർത്തു. സെക്കന്ദരാബാദിലെ അക്ബറുടെ ശവ കുടീരംവരെ തകർത്തുകളഞ്ഞു. കലാപം അടിച്ചൊതുക്കിയശേഷം ഇവരുടെ ക്ഷേത്രങ്ങൾ ഔറംഗസേബ് തകർത്തിരുന്നു . 1635-ൽ ഷാജഹാൻ പ്രസിദ്ധമായ ഓർച്ചാ ക്ഷേത്രം തകർത്തത് കാണാം. ഈ ക്ഷേത്രത്തിലേക്ക് അദ്ദേഹം നേരത്തെ വഴിപാട് നല്കിയിരുന്നു. മുഗൾ ഓഫീസർ രാജാ ജജ്ഹാർ സിങ്ങാണ് ആ ക്ഷേത്രം നടത്തിപ്പോന്നിരുന്നത്. മുഗൾ സർക്കാരിൽ നിന്ന് ഗ്രാന്റും ലഭിച്ചിരുന്നു. എന്നാൽ സിങ്, ഷാജഹാനെതിരെ കലാപം നയിച്ചപ്പോൾ ഷാജഹാൻ അയാളെ തോൽപിക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും സിങ് പരിപാലിച്ചിരുന്ന ക്ഷേത്രം തകർക്കുകയും ചെയ്‌തു. ചില രജപുത്രന്മാർ ഔറംഗസേബിനുള്ളപിന്തുണ പിൻവലിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തപ്പോൾ രജപുത്താനയിലുള്ള അവരുടെ ക്ഷേത്രങ്ങളും കോട്ടകളും തകർത്ത കാര്യം ചരിത്രത്തിൽ കാണാം.

സമന്വയം
മുഗൾ ചക്രവർത്തിമാർ കൊട്ടാരങ്ങളിൽ ഹിന്ദു ആചാരങ്ങൾ പിന്തുടർന്നു. മുഗളന്മാർക്ക് രജപുത്രൻമാരുമായി രക്തബന്ധമുള്ളതിനാൽ പല രജപുത്ര ആചാരങ്ങളും കൊട്ടാരത്തിൽ സ്വീകരിച്ചു പോന്നു. രജപുത്ര ഭാര്യമാർക്കായി അക്‌ബർ ചക്രവർത്തി തലസ്ഥാനമായ ഫതഹ് പൂർ സിക്രിയിൽ ക്ഷേത്രംതന്നെ പണിതുകൊടുത്തു. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നുകൊണ്ട് പ്രജകളെ അഭിവാദ്യം ചെയ്യുന്ന ജറോക ദർശൻ പല മുഗളരും പിന്തുടർന്നു. കൊട്ടാരത്തിൽ സംസ്കൃത പഠനം പ്രോത്സാഹിപ്പിച്ചു. അക്ബറുടെ കാലത്ത് അഥർവ്വ വേദം, മഹാഭാരതം തുടങ്ങിയ കൃതികൾ പേർഷ്യനിലാക്കി. നേരത്തെ പതിനൊന്നാം നൂറ്റാണ്ടിൽ അൽബറൂണി ഇരുനൂറോളം സംസ്കൃത കൃതികൾ അറബിയിലാക്കിയിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക മഹത്വം അറബ് ലോകത്തെത്തിച്ചത് അൽബറൂണിയാണ്. അക്‌ബറുടെ ആരാധനാമന്ദിരത്തിൽ (ഇബാദത് ഖാനഃ) നടന്ന ചർച്ചകളിൽ എല്ലാ മതക്കാരും ഉൾപ്പെട്ടു.എല്ലാ മതങ്ങളുടേയും തത്ത്വങ്ങൾ ഉൾപ്പെടുത്തി. ദീനേ ഇലാഹി എന്നൊരു പ്രസ്ഥാനംതന്നെ അക്ബർ തുടങ്ങി. അദ്ദേഹം രജപുത്രന്മാർക്ക് കൊട്ടാരത്തിൽ വലിയ സ്ഥാനങ്ങൾ നൽകുകയും അവരുടെ ക്ഷേത്രങ്ങൾക്ക് ഗ്രാന്റും സ്ഥലങ്ങളും പ്രത്യേകം നൽകുകയും ചെയ്‌തു.

ഷാജഹാനും പുത്രൻ ദാരാ ഷുക്കോയുമെല്ലാം സംസ്‌കൃതത്തിൽ അവഗാഹം നേടിയവരായിരുന്നു. ദാര ഷുക്കോ ഉപനിഷത്തുകൾ പേർഷ്യനിലാക്കി. അക്ബറുടെ നവ രത്നങ്ങളിൽ നാലുപേരും മുസ്ലീമിതര മതങ്ങളിൽ നിന്നുള്ളവരാണെന്ന് മാത്രമല്ല അവർക്ക് കൊട്ടാരത്തിൽ പ്രത്യേക സ്ഥാനങ്ങളും അദ്ദേഹം നല്കി. രജപുത്രർ മുസ്ലീങ്ങളുടേയും മുഗളന്മാർ രജപുതരുടെയുമൊക്കെ വേഷവിധാനങ്ങൾ സ്വീകരിച്ചുപോന്നു. ഇന്ത്യൻ ആഘോഷങ്ങളായ ഹോളി, ദീപാവലി തുടങ്ങിയവ മുഗൾ കൊട്ടാരങ്ങളിലും സമുചിതം ആഘോഷിച്ചു. മുഹമ്മദ് ബിൻ തുഗ്ലഖ് 1327ൽ ദേവഗിരിയിൽ രണ്ടാം തലസ്ഥാനമുണ്ടാക്കി അവിടെ കുറച്ചു കാലം തങ്ങിപ്പോൾ അദ്ദേഹത്തിന്റെ ആവശ്യത്തിന് ഗംഗാജലം കാതങ്ങൾതാണ്ടി എത്തിച്ചുകൊണ്ടിരുന്നു. ബംഗാളിലെ സുൽത്താന്മാർ സ്ഥാനാരോഹണത്തിന്റെ തൊട്ടു മുമ്പ് ഗംഗാ സാഗറിൽ (ഗംഗ ബംഗാൾ ഉൾക്കടലുമായി ചേരുന്ന സ്ഥലം)നിന്ന് ഗംഗാ ജലം കൊണ്ടുവന്ന് കൈകൾ കഴുകുമായിരുന്നു. ഗംഗാ ജലം പുണ്യമെന്ന് ഇവരൊക്കെ വിശ്വസിച്ചുവെന്നർഥം.

ദക്കാനീ സുൽത്താന്മാർ ഹിന്ദുക്കളെ ഭരണത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ നിയമിച്ചു. ഹിന്ദു സംസ്കാരവും സാഹിത്യവും ഇവരുടെ അരമനകളിൽ സമന്വയം തീർത്തു. ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതം ദക്കാനീ കൊട്ടാരങ്ങളിൽ തഴച്ചുവളർന്നു. ഇവർ ക്ഷേത്രങ്ങൾക്ക് ഗ്രാന്റ്- നല്‌കി. ടിപ്പു സുൽത്താൻ മലബാറടങ്ങുന്ന മൈസൂർ രാജ്യത്ത് പ്രധാന ക്ഷേത്രങ്ങൾക്ക് ഗ്രാന്റുകളും വഴിപാടും നല്കി. തന്റെ രാജ്യത്ത് കയറി മറാത്തികൾ ദേവീ വിഗ്രഹം തകർത്ത് അമ്പലം കൊള്ളയടിച്ചപ്പോൾ അത് ടിപ്പു സുൽത്താൻ പുനർനിർമിച്ചുകൊടുത്തു.

ചരിത്രത്തെ വിപരീത ദിശയിലേക്കാണ് ഹിന്ദുത്വവാദികളും അവരുടെ കേന്ദ്ര സർക്കാരും കൊണ്ടു പോവുന്നത്. ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന ചരിത്രത്തിന്റെ അപനിർമ്മിതികൾ രാജ്യത്ത് സാമുദായിക ഭിന്നിപ്പും മുസ്ലിം വിരുദ്ധ നീക്കങ്ങളും ശക്തിപ്പെടുത്തുന്നു. ബാബ‌റി മസ്‌ജിദ് പൊളിച്ചകാലം മുതൽ സാമുദായികമായ ശത്രുത രൂക്ഷമാക്കി മുസ്‌ലീങ്ങൾ ഇന്ത്യയുടെ സംസ്കാരത്തിന് നല്കിയ സംഭാവനകളെ തമസ്‌കരിച്ചു കൊണ്ടിരിക്കയാണ്. പള്ളികൾ പൊളിക്കാനുള്ള ആവേശത്തിൽ ബി.ജെ.പി ഗവൺമെന്റും അവരുടെ നിയന്ത്രണത്തിലുള്ള ആർക്കിയോളജിക്കൽ സർവ്വേയും ജുഡീഷ്യറിയിലൊരു വിഭാഗവുമെല്ലാം കൈകോർക്കുന്ന ദുരന്തമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular