നമ്മുടേത് ജനാധിപത്യപരവും മതനിരപേക്ഷവുമായ ഒരു ഭരണഘടന നിലവിലുള്ള രാജ്യമാണ്. അതുകൊണ്ടാണ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വാദത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നായകർ ഭരണഘടനാ നിർമാണസഭയിൽ നിരാകരിച്ചത്. എന്നാൽ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത, ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ പാദസേവകരായി കഴിഞ്ഞിരുന്ന ആർഎസ്എസും അനുബന്ധ സംഘടനകളും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതിനെ തുറന്നെതിർക്കുകയാണുണ്ടായത്. മനുസ്-മൃതിയെ ഭരണഘടനയായി പ്രഖ്യാപിക്കണമെന്ന വാദമായിരുന്നു അവരുയർത്തിയത്. ഇന്ത്യയുടെ ആഭ്യന്തര – വിദേശനയങ്ങൾ സാമ്രാജ്യത്വശക്തികൾക്ക് സ്വീകാര്യമായതും വൻകിട മുതലാളിമാർക്ക് കൊള്ള ലാഭമുണ്ടാക്കാൻ സൗകര്യമുള്ളതുമായിരിക്കണമെന്ന അഭിപ്രായവും ആർഎസ‍്എസും കൂട്ടരും തുടക്കംമുതൽ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങൾക്ക് അവസരം കിട്ടിയപ്പോഴെല്ലാം ഭരണഘടനയുടെ ജനാധിപത്യ–മതനിരപേക്ഷ അടിത്തറ തകർക്കാനാണ് ആർഎസ്എസ് ശ്രമിച്ചത്. അത്തരമൊരു ലക്ഷ്യത്തോടെയാണ് അവർ എക്കാലത്തും നീങ്ങിയിട്ടുള്ളത്. നാട്ടിൽ വർഗീയധ്രുവീകരണമുണ്ടാക്കി വർഗീയ ലഹളകൾ സംഘടിപ്പിക്കാൻ അവർ നടത്തുന്ന നീക്കങ്ങൾ ഹിന്ദുരാഷ്ട്രമെന്ന അവരുടെ അജൻഡയുടെ ഭാഗമാണ്.
ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനുമേൽ, സർക്കാർനിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആ നിരോധനം നീക്കംചെയ്തുകൊണ്ട് കോൺഗ്രസ് ഭരണാധികാരികൾതന്നെ, ആർഎസ്എസിനുമേൽ വന്ന കളങ്കം നീക്കാൻ അവസരമുണ്ടാക്കിയതോടെ തങ്ങൾക്ക് കെെവന്ന മാന്യതയുടെ മുഖംമൂടിക്കു പിന്നിൽനിന്ന് ആർഎസ്എസ് രാജ്യത്താകെ വർഗീയലഹളകൾ അഴിച്ചുവിട്ട അനുഭവമാണുള്ളത്. ഇന്ത്യയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട നിരവധി വർഗീയാക്രമണങ്ങളാണ് 1960 കൾ മുതൽ നടന്നത്. അവയെക്കുറിച്ചനേ-്വഷിച്ച ജുഡീഷ്യൽ കമ്മീഷനുകളെല്ലാം തന്നെ ഈ ഓരോ ലഹളയും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ആർഎസ്എസാണെന്ന് തെളിവുകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശിക്ഷാഭയമൊന്നുംകൂടാതെ ആർഎസ്എസിന് ഒന്നിനുപിറകെ ഒന്നായി ആക്രമണമഴിച്ചു വിടാൻ കോൺഗ്രസ് ഭരണകാലംമുതൽ കഴിഞ്ഞിരുന്നു.
അങ്ങനെ സൃഷ്ടിക്കപ്പെട്ട വർഗീയധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിക്ക് അധികാരത്തിൽ പങ്കുപറ്റാനും ഇന്ത്യയിലെ മുഖ്യരാഷ്ട്രീയ ശക്തിയായി വളരാനും കഴിഞ്ഞത്. 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലൂടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ ഭരണഘടനയെ തകർത്ത് ഹിന്ദുരാഷ്ട്രമാക്കി മാറ്റാമെന്ന ആർഎസ്എസിന്റെ മോഹത്തെയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത നീക്കം തകർത്തത്. എന്നാൽ ജനാധിപത്യത്തിലോ പാർലമെന്ററി വ്യവസ്ഥയിലോ തരിമ്പും വിശ്വാസമില്ലാത്ത ഈ ഫാസിസ്റ്റ് സംഘം രാജ്യത്തെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങൾക്കെതിരെ, പ്രതേ-്യകിച്ച് മുസ്ലീങ്ങൾക്കെതിരെ, ആക്രമണമഴിച്ചുവിടുകയാണ്. രാജ്യത്തെ മുസ്ലീം ആരാധനാലയങ്ങളാകെ തകർക്കാനുള്ള നീക്കമാണ് ജുഡീഷ്യറിയിൽ ചിലരുടെപോലും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ ഇന്നവർ നടത്തിക്കൊണ്ടിരിക്കുന്നത്.
അയോധ്യക്കു പിന്നാലെ കാശിയും മഥുരയും ലക്ഷ്യമിട്ട സംഘപരിവാറിന്റെ പള്ളിപൊളിക്കൽ സംഘങ്ങൾ ഇന്ന് യുപിയിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പരിപൂർണ പിന്തുണയോടെയാണ് ഈ ആക്രമണങ്ങൾ അവർ നടത്തുന്നത്. ഇത് സംഭാലിൽ അഞ്ച് മുസ്ലീം ചെറുപ്പക്കാരെ യുപി പൊലീസ് വെടിവച്ചുകൊന്ന ദൗർഭാഗ്യകരമായ സംഭവം വരെയെത്തി. എന്നാൽ സുപ്രീംകോടതിയുടെ ഏറ്റവും ഒടുവിലത്തെ ഇടപെടൽ താൽക്കാലികമായി ഇത് തടയാൻ സഹായകമായിയെങ്കിലും സംഘപരിവാർ ഈ ആക്രമണനീക്കം അവസാനിപ്പിക്കില്ലെന്നുറപ്പാണ്. കാരണം അവരുടെ ലക്ഷ്യം ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയെത്തന്നെ തകർക്കലാണ്.
ഈ വിഷയമാണ് ഈ ലക്കത്തിൽ കവർസ്റ്റോറിയാക്കിയിരിക്കുന്നത്. സുഭാഷിണി അലി, ഡോ. കെ എൻ ഗണേശ്, ഡോ. സെബാസ്റ്റ്യൻ പോൾ, ഹുസെെൻ രണ്ടത്താണി, ഡോ. പി പി അബ്ദുൾ റസാക്, കെ ജി ബിജു എന്നിവർ ഈ വിഷയത്തിന്റെ നാനാവശങ്ങൾ പരിശോധിക്കുന്നു. l