അനിവാര്യമായ അവസ്ഥയിൽ പാർലമെന്റ് നിർമിച്ച ഹ്രസ്വമെങ്കിലും കനപ്പെട്ട നിയമത്തിന്റെ സാധുത അതിന്റെ നിർമിതിയുടെ മൂപ്പത്തി മൂന്നാമത്തെ വർഷമാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിസ്ഥാനത്തിൽ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള കലഹം അവസാനിപ്പിക്കുന്നതിനാണ് ആരാധനാലയങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക നിയമം നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1991ൽ പാർലമെന്റ് പാസ്സാക്കിയത്. മസ്ജിദിനു താഴെ ക്ഷേത്രമുണ്ടോ എന്ന് കുഴിച്ചുനോക്കുന്നവരെ തടയാനാണ് സ്വാതന്ത്ര്യം ലഭിച്ച ദിവസത്തെ തൽസ്ഥിതി ആരാധനാലയങ്ങളുടെ കാര്യത്തിൽ തുടരുമെന്ന് നിയമത്തിൽ വ്യവസ്ഥ വച്ചത്. അയോധ്യയിലെ ബാബ്റി മസ്ജിദ് തർക്കം നിലനിർത്തിക്കൊണ്ട് സമാനമായ മറ്റു തർക്കങ്ങൾ ഒഴിവാക്കുന്നതിനായിരിക്കാം ബാബ്റി മസ്ജിദിനെ നിയമത്തിൽനിന്ന് ഒഴിവാക്കിയത്. മസ്ജിദിനടിയിൽനിന്നല്ല സമകാലിക നിർമിതിയെന്ന നിലയിലാണ് അവിടെ രാമക്ഷേത്രം ഉയർന്നത്.
മതഭ്രാന്തന്മാർ ബകനെപ്പോലെയാണ്. കിട്ടുന്തോറും വിശപ്പും ആർത്തിയും കൂടും. അയോധ്യയിലെ തർക്കഭൂമി കോടതിയുടെ സംശയാസ്പദമായ പിൻബലത്തോടെ വിധ്വംസകർ സ്വന്തമാക്കിയപ്പോൾ ഉയർന്ന മുദ്രാവാക്യം ‘‘കാശി, മഥുര ബാക്കി ഹേ’’ എന്നായിരുന്നു. ഇപ്പോൾ പുരാതനമായ ഒരു ഡസനോളം മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ അവർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമത്തിന്റെ വിലക്കും നിർദ്ദേശവും അറിയാതെ ഹർജികൾ ഫയലിൽ സ്വീകരിക്കുകയും സർവേയ്ക്ക് ഉത്തരവിടുകയും ചെയ്യുന്ന കോടതികളുണ്ട്. സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ ഭരണഘടനയിൽനിന്ന് നീക്കംചെയ്യാനാവില്ലെന്ന വിധിക്കു ശേഷവും സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ള ഹർജിക്കാർ ആരാധനാലയ സംരക്ഷണനിയമം തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്ന പ്രതീക്ഷയിൽ സുപ്രീം കോടതിയുടെ വരാന്തയിൽ കാത്തുനിൽക്കുന്നു. കേശവാനന്ദ ഭാരതികേസിനു ശേഷം തത്തുല്യമായി ചരിത്രനിർമിതിക്കു കാരണമാകുന്ന വിധി സുപ്രീം കോടതിയിൽനിന്ന് ഉണ്ടാകുമെന്നാണ് മതനിരപേക്ഷവാദികളുടെ പ്രതീക്ഷ.
നിയമം നിയമത്തിന്റെ വഴിയേ എന്നു പറഞ്ഞാൽ ‘‘ഞങ്ങൾ ഞങ്ങളുടെ വഴിയേ’’ എന്നാണ് വിവക്ഷ. ചുരുങ്ങിയപക്ഷം ഉത്തർപ്രദേശിലെങ്കിലും അതാണവസ്ഥ. കൈയേറ്റം ആരോപിച്ച് ഉത്തർപ്രദേശിൽ 185 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചത് ആർക്കെതിരെയും ബുൾഡോസർ പ്രയോഗം പാടില്ലന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ്. ചില കാര്യങ്ങളിലും ചിലരുടെ കാര്യത്തിലും കോടതിക്ക് കുറ്റകരമായ മൃദുസമീപനമുണ്ട്. ചിലപ്പോൾ മരട് ഫ്ളാറ്റ് പൊളിക്കാൻ കാണിച്ച അതിയായ ധൃതി. ചിലപ്പോൾ ആരാധനാലയനിയമത്തിന്റെ കാര്യത്തിലെന്നപോലെ അപകടകരമായ മെല്ലെപ്പോക്ക്. നിഷ്-ക്രിയത്വം മാത്രമല്ല തെറ്റായ സൂചനകൾ കൂടി ആരാധനാലയ വിഷയത്തിൽ കോടതി നൽകി. വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധന നടത്തുന്നത് 1991ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമല്ലെന്ന് അന്യഥാ സുബോധത്തോടെ സംസാരിക്കുന്ന ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കെ പറഞ്ഞത് ഖനനവാദികൾക്ക് പ്രോത്സാഹനമായി. 1991 ആഗസ്ത് 15ന് നിലവിലുണ്ടായിരുന്ന സ്ഥിതിയിൽ മാറ്റം വരുത്തരുതെന്നു പറഞ്ഞാൽ അതിനു മുമ്പുള്ള സ്ഥിതി എന്തായിരുന്നുവെന്ന് അറിയുന്നതിനു തടസ്സമല്ലെന്ന ദുർഗ്രഹവും അകൃത്യങ്ങൾക്ക് പ്രേരണയാകാനിടയുള്ളതുമായ പ്രസ്താവന ചന്ദ്രചൂഡ് നടത്തിയത് വലിയ വിമർശത്തിനു കാരണമായി. ചിലപ്പോൾ പിതാവിന്റെ മകൻ തന്നെയെന്ന് തെളിയിക്കാൻ ചിലർ വ്യഗ്രത കാണിക്കും.
സംഭലിലെ ശാഹി മസ്ജിദിൽ സർവ്വേയ്ക്ക് അനുമതി നൽകിയ സിവിൽ കോടതി ജഡ്ജിയുടെ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് സുപ്രീം കോടതി, വിഷയം അലഹബാദ് ഹൈക്കോടതിയുടെ തീർപ്പിനു വിട്ടു. നിയമത്തിനു വിരുദ്ധമായി ഹർജി ഫയലിൽ സ്വീകരിച്ച ജഡ്ജിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സുപ്രീം കോടതിയുടെ ഇത്തരത്തിലുള്ള മരവിപ്പിക്കൽ നടപടികൾ പൊതുതാത്പര്യത്തിനും ന്യൂനപക്ഷതാത്പര്യത്തിനും ഹാനികരമാണ്. സുപ്രീം കോടതി മറിച്ചു പറയുന്നതുവരെ പാർലമെന്റ് പാസ്സാക്കിയ നിയമം രാജ്യത്തിനു മുഴുവൻ ബാധകമായ നിയമമാണെന്ന കാര്യം പ്രാദേശിക കോടതികളെ മാത്രമല്ല സുപ്രീം കോടതിയെക്കൂടി പഠിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
ഒരു മതത്തിന്റെയോ മതവിഭാഗത്തിന്റെയോ ആരാധനാലയം മറ്റൊരു മതമോ മതവിഭാഗമോ കൈവശപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയമത്തിലെ മൂന്നാം വകുപ്പ് തടയുന്നു. ഒരു ആരാധനാലയത്തിന്റെ സ്ഥിതി 1947 ആഗസ്ത് പതിനഞ്ചിന് എന്തായിരുന്നുവോ അത് തുടരുമെന്ന് വകുപ്പ് 4(1) പറയുന്നു. ആരാധനാലയത്തിന്റെ മതപരമായ സ്ഥിതിയിൽ മാറ്റം ആവശ്യപ്പെടുന്ന ഒരു കേസും ഒരു കോടതിയിലും ഉണ്ടാകാൻ പാടില്ലെന്ന് വകുപ്പ് 4(2) പറയുന്നു. ഈ വ്യവസ്ഥകൾക്കും വിലക്കുകൾക്കും വിരുദ്ധമായ നടപടികൾ മൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. ബാബ്റി മസ്ജിദ്- രാമജന്മഭൂമി തർക്കത്തെ പരിധിയിൽനിന്ന് ഒഴിവാക്കി എന്നതു മാത്രമാണ് ഈ നിയമത്തിന്റെ ന്യൂനത. 1991ലെ നിയമം മാത്രമല്ല രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങൾക്കും വിരുദ്ധമായ രീതിയിൽ വിചിത്രമായ ന്യായവാദത്തോടെയാണ് ബാബ്റി മസ്ജിദിൻെറ ധ്വംസകർ ക്ഷേത്രനിർമാണത്തിനുള്ള അവകാശത്തോടെ ആ സ്ഥലത്തിന്റെ ഉടമകളായി പ്രഖ്യാപിക്കപ്പെട്ടത്. കൈയേറ്റക്കാർ അവകാശികളായി. ഒഴിപ്പിക്കപ്പെട്ടവർ ബുൾഡോസർ ഭീഷണിയിൽ കഴിയുന്നു.
ഓരോ കേസും കോടതിയെ സംബന്ധിച്ച് തെറ്റ് തിരുത്തുന്നതിനുള്ള അവസരമാണ്. പിതാവിന്റെ തെറ്റുതിരുത്താൻ അവസരം കിട്ടിയ പുത്രനാണ് ഡി വൈ ചന്ദ്രചൂഡ്. തെറ്റ് തിരുത്തുന്നതിനൊപ്പം സത്യത്തിന്റെ സ്ഥിരീകരണവും കോടതി നടത്താറുണ്ട്. അയോധ്യാ കേസിലെ വിശാല ബെഞ്ചിന്റെ വിധി 1991ലെ നിയമത്തിന്റെ സാധുത സാന്ദർഭികമായി പരിശോധിക്കുന്നുണ്ട്. സംഭൽ ഉൾപ്പെടെയുള്ള പന്ത്രണ്ട് പുരാതന പള്ളികളുടെമേൽ ഹിന്ദുത്വവാദികൾ അവകാശമുന്നയിച്ച് നാടുനീളെ കേസുമായിറങ്ങിയപ്പോൾ 1991ലെ നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതിക്ക് അവസരം കിട്ടിയതാണ്. കേശവാനന്ദ ഭാരതി കേസിൽ 66 ദിവസം വാദം നടന്നു. അപ്രകാരം വാദിച്ചാലും വാദിച്ചാലും തീരാത്തതായ വാദങ്ങളൊന്നും ആരാധനാലയക്കേസിൽ ഉണ്ടാകാനില്ല. അയോധ്യാ കേസിലെ വിധി മനസ്സിരുത്തി വായിച്ചാൽ അവശ്യം വേണ്ടതായ വെളിച്ചവും വിവേകവും കോടതിക്ക് ലഭിക്കും.
ബാബ്റി മസ്ജിദിനെ കൗശലത്തോടെ ഒഴിവാക്കിക്കൊണ്ടാണ് 1991ൽ നരസിംഹ റാവു ഗവൺമെന്റ് നിയമനിർമാണം നടത്തിയത്. അഞ്ചു മാസത്തിനകം മസ്ജിദ് വിനാശകരമായ പ്രത്യാഘാതത്തോടെ തകർന്നുവീണു. എല്ലാം കരുതിക്കൂട്ടി ചെയ്യുന്നയാളാണ് റാവു. അദ്ദേഹത്തിന്റേതായ മികച്ച സംഭാവനയാണ് ആരാധനാലയ സംരക്ഷണ നിയമം. എല്ലാവരും മറന്നുകളഞ്ഞ നിയമം സുപ്രീം കോടതിയുടെ പരിശോധനയിലൂടെ രാജ്യത്തിന്റെ സവിശേഷമായ ശ്രദ്ധയ്ക്ക് വിഷയമായിരിക്കുന്നു. നിയമം സാധുവായി പ്രഖ്യാപിക്കപ്പെട്ടാൽ മതനിരപേക്ഷതയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ബലമുള്ള അടിസ്ഥാനത്തിൽ സംസാരിക്കാം. അടിയന്തരാവസ്ഥയെ ന്യായീകരിക്കാതെ ഇന്ദിര ഗാന്ധിയുടെ അപ്രീതിക്ക് പാത്രമായി സുപ്രീം കോടതിയിൽനിന്ന് രാജിവച്ചുപോയ എച്ച് ആർ ഖന്നയുടെ പൈതൃകമുള്ള സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേൾക്കുന്നത്. നല്ലതു കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. നിയമം എല്ലാവർക്കുംവേണ്ടിയുള്ളതാകയാൽ കേരളത്തിലെ യാക്കോബായ – -ഓർത്തഡോക്സ് പള്ളിത്തർക്കത്തിനും അതനുസരിച്ച് പരിഹാരം കാണാൻ കഴിയില്ലേ എന്ന് പരിശോധിക്കാവുന്നതാണ്. പ്രശ്നത്തിന്റെ കൂടപ്പിറപ്പാണ് പരിഹാരം. l