Saturday, January 18, 2025

ad

Homeകവര്‍സ്റ്റോറിഹിന്ദുത്വവാദികളുടെ 
ദേവാലയ 
രാഷ്ട്രീയം

ഹിന്ദുത്വവാദികളുടെ 
ദേവാലയ 
രാഷ്ട്രീയം

കെ എൻ ഗണേശ്

ക്ഷേത്രങ്ങൾ ഇന്ത്യക്കാരുടെ ആരാധനാക്രമത്തിന്റെ ഭാഗമാണ്. പ്രാചീന ഇന്ത്യയിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. മദ്ധ്യകാലത്താണ് ശിവനും വിഷ്ണുവിനും ദേവിമാർക്കും മറ്റു ദേവതകൾക്കുമുള്ള ക്ഷേത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. നാടുവാഴികളോ പ്രത്യേക ഗ്രാമങ്ങളിലെ വൻ ഭൂവുടമകളോ വ്യാപാരികളോ (മഹാജനങ്ങൾ) ആണ് ക്ഷേത്രങ്ങൾ പണിതത്. ക്ഷേത്ര പ്രതിഷ്ഠകൾ ആഗമങ്ങൾ എന്നു വിളിക്കുന്ന മാനുവലുകളെ ആധാരമാക്കി നടത്തുന്ന ആഭിചാരക്രിയകളാണ്. ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പ്രതിഷ്ഠകളുടെ ‘‘ശക്തി’’ നശിച്ചുപോകുന്നതും സാധാരണ സംഭവങ്ങളാണ്. അത് പുനരുദ്ധരിക്കുന്നതിനും ക്ഷേത്ര പ്രതിഷ്ഠകൾ വീണ്ടും നടത്തുന്നതിനും നിയോഗിക്കപ്പെടുന്ന തന്ത്രിമാരും ആഗമങ്ങൾ അനുസരിച്ചാണ് ഇവ നടത്തുക.

ഇത്രയും പറയാനുള്ള കാരണം ക്ഷേത്ര ധ്വംസനം എന്നു പറയുന്നത് ഇന്നു കാണുന്നതുപോലെ രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയുടെ പ്രശ്നമായി മുമ്പു കണ്ടിരുന്നില്ലെന്നു സൂചിപ്പിക്കാനാണ്. ക്ഷേത്രങ്ങളെ, പ്രത്യേകിച്ച് പ്രതിഷ്ഠകളെ സംരക്ഷിക്കാനുള്ള കാവൽക്കാർ ഉണ്ടാകും. മനുഷ്യം, ചങ്ങാതം, തിരുമേനി കാവൽ എന്നൊക്കെ കേരളത്തിൽ വിളിച്ചിരുന്ന ഇവർ നിലനിന്നിരുന്നതു തന്നെ ക്ഷേത്രങ്ങൾക്ക് ഭീഷണിയുള്ളതുകൊണ്ടാണ്. ഭീഷണി അന്യമതവിഭാഗങ്ങളിൽ നിന്നാകണമെന്നില്ല, നാടുവാഴികളുടെ പടയോട്ടങ്ങൾ കാരണമാകാം. കൊള്ളക്കാർ മൂലവുമാകാം. ചിലപ്പോൾ ക്ഷേത്ര ജീവനക്കാർവരെ കവർച്ച നടത്തുന്നുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ നിലവറയിൽ സൂക്ഷിക്കുന്നതും ശബരിമലയിലെ തങ്ക അങ്കി പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്നതും ഇതേ സംരക്ഷണത്തിനുവേണ്ടിയാണ്. ഏതെങ്കിലും മുസ്ലീങ്ങളുടെ ഭീഷണി നിമിത്തമല്ല ഇത്.

പടയോട്ടങ്ങൾ ക്ഷേത്രങ്ങളുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇതിനുകാരണം അവിടെയുള്ള ദേവീ ദേവന്മാരോടുള്ള ശത്രുത മാത്രമാകണമെന്നില്ല. ക്ഷേത്രങ്ങൾ മധ്യകാല ഇന്ത്യയിൽ അളവറ്റ സമ്പത്തിനുടമകളായിരുന്നു. ക്ഷേത്രഭൂമികളിൽ നിന്നുള്ള വരുമാനം, നാടുവാഴികളും വ്യാപാരികളും കാണിക്കവയ്ക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, ക്ഷേത്രങ്ങളിലെ വ്യത്യസ്ത നിർമിതികൾക്കും ഉത്സവങ്ങൾക്കും വേണ്ടി ക്ഷേത്രപരികർമ്മികൾ തന്നെ സംഭരിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെല്ലാം ചേർന്ന് അമൂല്യ വസ്തുക്കളുടെ ശേഖരംതന്നെ നിരവധി ക്ഷേത്രങ്ങളിലുണ്ടായിരുന്നു. പടയോട്ടങ്ങളിൽ അവയെല്ലാം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. പടയോട്ടങ്ങൾ നടത്തുന്ന മതവിഭാഗങ്ങൾ അല്ല, പടയാളികൾ തന്നെയാണ് കൊള്ളയടിക്കുന്നത്. ഇങ്ങനെയുള്ള കൊള്ളകൾ മദ്ധ്യകാല ഇന്ത്യയിൽ വിവിധ പടയോട്ടങ്ങളിൽ നടന്നിട്ടുണ്ട്. പലയിടങ്ങളിലും ജീർണിക്കുകയോ തകർക്കപ്പെടുകയോ ചെയ്ത ദേവാലയങ്ങളുടെ അവശിഷ്ടങ്ങളുടെമേൽ പള്ളികളടക്കമുള്ള ദേവാലയങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രാദേശിക സംഘർഷങ്ങളോ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പോ ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നില്ല. അത്തരത്തിലുള്ള സംഘർഷങ്ങൾ പലപ്പോഴും നാടുവാഴിത്ത രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കാം. ചെറുത്തുനിൽപ്പുകൾ ഏതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നം സംബന്ധിച്ചല്ല; പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണവ. മുഗളന്മാർക്കെതിരായ മറാത്തകളുടെയും സിക്കുകാരുടെയും സത്-നാമികളുടെയും ചെറുത്തുനിൽപും ഡൽഹി സുൽത്താന്മാരും രജപുത്ര ഗുർജര വിഭാഗങ്ങളും തമ്മിലുള്ള സംഘർഷവും ഉദാഹരണങ്ങളാണ്.

ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള മതവർഗീയ രാഷ്ട്രീയം വളർന്നുവരുന്നത് ആധുനിക ഇന്ത്യയിൽ, പ്രതേ-്യകിച്ച് സ്വതന്ത്ര ഇന്ത്യയിലാണ്. ആരാധനാലയങ്ങളുടെമേൽ ഏതെങ്കിലും മതവിഭാഗം അവകാശവാദം ഉന്നയിക്കുകയും അവയെച്ചൊല്ലിയുള്ള പ്രാദേശിക തർക്കങ്ങൾ മതവർഗീയ സംഘർഷങ്ങളായി മാറുകയും ചെയ്യുന്ന പ്രവണത തികച്ചും ആധുനികമാണ്. 16–ാം നൂറ്റാണ്ടുമുതൽ നിലനിന്ന ബാബ്റി മസ്ജിദിന്റെ അങ്കണത്തിൽ ചില ബെെരാഗി സന്ന്യാസിമാർ അവകാശവാദം ഉന്നയിക്കുകയും 1948ൽ അവർ നടത്തിയ ഒരു യജ്ഞത്തിന്റെ അന്ത്യദിവസം അങ്കണത്തിനകത്തുകയറി രാംലല്ല വിഗ്രഹം സ്ഥാപിക്കുകയും ചെയ്തതാണ് ബാബ്റി മസ്ജിദ് ധ്വംസനത്തിലേക്കും പുതിയ രാമക്ഷേത്രത്തിന്റെ സ്ഥാപനത്തിലേക്കും നയിച്ചത്. ഏതെങ്കിലും നാടുവാഴിയുടെയോ ബ്രാഹ്മണ മഹാജനങ്ങളുടെയോ പിന്തുണയല്ല, കൊളോണിയൽ ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമുള്ള ഭരണസംവിധാനവും നീതിന്യായ കോടതികളും തന്നെയാണ് ഇത്തരം സംഘർഷങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിശ്ചയിച്ചത്. 2024ൽ മോദി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ അടിത്തറ ഒരു സുപ്രീംകോടതി വിധിയായിരുന്നല്ലോ.

ഇതിന്റെ തുടർച്ചയാണ് യു പിയിലെ സംഭാലിലുള്ള ഷാഹിഇമാം പള്ളിയെയും വാരണാസിയിലെ ഗ്യാൻവാപി പള്ളിയെയും മഥുരയിലെ ‘‘കേശവ് കാ ഖായ്’’ എന്നു വിളിക്കുന്ന ദേവാലയത്തെയും സംബന്ധിച്ച തർക്കങ്ങൾ. ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1984ൽ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിൽ ഗ്യാൻവാപിയും മഥുരയും ഉൾപ്പെട്ടിരുന്നു. പിന്നീട് ആഗ്രയിലെ താജ്മഹൽ, ഡൽഹിയിൽ മെഹ്റൗലിയിലെ ഇരുമ്പു തൂണും ഖുവായത്ത് അൽ ഇസ്ലാം പള്ളിയും, അജ്മീറിലെ അഫായ്ദിൻ കാഝോംപ്-സ തുടങ്ങിയവയെ സംബന്ധിച്ചും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടു. ക്രമേണ ഇത്തരം അവകാശവാദങ്ങൾ ഇന്ത്യയൊട്ടുക്കുമുള്ള നിരവധി മോസ്-ക്കുകളെ സംബന്ധിച്ച് ഉയർന്നുവരുന്നുണ്ട്. ഇവ കൂടാതെ, മറ്റു നിരവധി ദേവാലയങ്ങളെ സംബന്ധിച്ച് പല ജാതി സമുദായങ്ങളും അവകാശവാദങ്ങൾ ഉന്നയിക്കുന്നു.

ഇത്തരം അവകാശവാദങ്ങൾ ഏതെങ്കിലും മദ്ധ്യകാല നാടുവാഴി പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു കരുതാൻ ന്യായമില്ല. തർക്കവിഷയമായ പല ദേവാലയങ്ങളും മദ്ധ്യകാലം മുതൽതന്നെ നിലനിന്നു പോന്നവയാണ്. അവയുടെ ഉടമാവകാശത്തെച്ചൊല്ലി അന്നേതെങ്കിലും സംഘർഷങ്ങൾ ഉണ്ടായതായി അറിവില്ല. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിന്നീട് അവിടെ ആധിപത്യം സ്ഥാപിച്ച ഏതെങ്കിലും നാടുവാഴി അതിനെ പുതുക്കിപ്പണിയും. മഹ്മൂദ് ഗസ്-നി തകർത്തതായി പറയപ്പെടുന്ന സോമനാഥ ക്ഷേത്രം അടുത്ത നൂറ്റാണ്ടിൽ തന്നെ വീണ്ടും ധാരാളം ഭക്തരെ ആകർഷിച്ചിരുന്നതായി രേഖകളുണ്ട്. ഓരോ പ്രദേശവും കീഴടക്കുന്ന ഭരണാധികാരികൾ അവരുടെ അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങൾ പണിയുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നുണ്ട്. അതായത് ജീർണിച്ചു പോവുകയോ തകർക്കപ്പെടുകയോ ചെയ്യുന്ന ക്ഷേത്രങ്ങൾ പുതുക്കിപ്പണിയാനും പുനഃപ്രതിഷ്ഠ നടത്താനുമുള്ള വിധികൾ ക്ഷേത്രാഗമങ്ങളിൽ തന്നെ ഉള്ളപ്പോൾ മറ്റൊരുതരത്തിലുള്ള വിവാദങ്ങൾക്കും ഒരു പ്രസക്തിയുമില്ല.

എന്നാൽ, ഇപ്പോൾ നടക്കുന്ന ക്ഷേത്ര വിവാദങ്ങൾ ഏതെങ്കിലും പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. തികച്ചും ആധുനികമായ, ഹിന്ദുത്വവാദികൾ ഉയർത്തിപ്പിടിക്കുന്ന അവകാശവാദങ്ങളെ ആധാരമാക്കിയുള്ളതാണ്. ഇതനുസരിച്ച് ഇന്ത്യ (അല്ലെങ്കിൽ ഹിന്ദുത്വവാദികളുടെ ഭാരതം) യും ഇന്ത്യയിലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ പാരമ്പര്യ സ്വത്താണ്, അവകാശമാണ്,‘‘പിതൃഭൂമി’’യാണ്. ഇതിനെ ആക്രമിച്ചു കീഴടക്കുകയാണ് മുസ്ലീങ്ങൾ ചെയ്തതെന്നും അതിനെതിരായി 1000 വർഷത്തെ മഹായുദ്ധം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ നടന്നുവെന്നും വി ഡി സവർക്കറും ആർഎസ്എസും വാദിക്കുന്നു. ക്ഷേത്ര ധ്വംസനവും ദേവാലയങ്ങൾക്കു വരുത്തിയ നാശനഷ്ടങ്ങളും ഈ മഹായുദ്ധത്തിന്റെ ഭാഗമാണത്രേ. മുസ്ലീം ആക്രമണത്തിൽ ‘‘ഹൈന്ദവ ധർമ്മ’’ത്തിന് (ചിലർ അതിനെ സനാതനധർമ്മം എന്നും വിളിക്കും) പറ്റിയ തകർച്ചയാണ് പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിന് കാരണമായത്. മുസ്ലീങ്ങളെയും മറ്റു വിദേശ ശത്രുക്കളെയും കീഴ്പ്പെടുത്തി ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ക്ഷേത്രങ്ങൾ വീണ്ടെടുത്തു പുനർനിർമ്മിക്കൽ.

ആയിരം വർഷത്തെ യുദ്ധം എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ യുക്തി തികച്ചും ആധുനികമാണെന്നു കാണാൻ പ്രയാസമില്ല. ദീർഘകാലം നീണ്ടുനിൽക്കുന്ന മഹായുദ്ധങ്ങൾ എന്ന ആശയംതന്നെ ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകയുദ്ധങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. സവർക്കറുടെ ‘പിതൃഭൂമി’യും ഇസ്രയേലിന്റെ ‘വാഗ്ദത്ത ഭൂമി’യും ഹിറ്റ്ലറിന്റെ ‘ജീവിത സ്ഥല’ (Lebensraum) വും തമ്മിലുള്ള സാമ്യവും വ്യക്തമാണ്. ഇന്ത്യക്കാർക്ക് പിതൃഭൂമിയല്ല, പിതൃലോകങ്ങളേയുള്ളൂ. മഹാഭാരതയുദ്ധംപോലും 18 ദിവസമാണ് നടന്നത്. ഒന്നുകിൽ കൂട്ടക്കൊല അല്ലെങ്കിൽ കീഴടങ്ങൽ എന്നിങ്ങനെയുള്ള യുദ്ധങ്ങളേയുള്ളൂ. പ്രമാണികുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകകളാണ് വേറൊരു രീതി. ഇവയൊന്നും സമൂഹവിഭാഗങ്ങളോ സമുദായങ്ങൾ തമ്മിലോ ഉള്ള ആജന്മ ശത്രുതകളല്ല. അതുകൊണ്ട് ഹിന്ദുക്കളുടെ ഇടയിൽ വ്യാപിച്ച തീവ്ര സങ്കുചിത ദേശീയത സൃഷ്ടിച്ച ഒരു മിത്തിക്കൽ ആഖ്യാനമാണ് ആയിരം വർഷത്തെ യുദ്ധം. ഈ യുദ്ധത്തിന്റെ ലക്ഷ്യംതന്നെ പ്രദേശം കീഴടക്കലല്ല മതദേശീയതയെ തകർക്കലാണ് എന്നു വരുമ്പോൾ തകരുന്ന ഓരോ ക്ഷേത്രവും ഹിന്ദുക്കൾക്കെതിരായ മുസ്ലീങ്ങളുടെ യുദ്ധത്തിന്റെ പ്രതീകമാകുന്നു. അവയെ വീണ്ടെടുക്കൽ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള ആധാരശിലകളായിത്തീരുന്നു.

സവർക്കറിന്റെയും പിന്നീട് വിശ്വഹിന്ദു പരിഷത്ത്– ആർഎസ്എസിന്റെയും ഈ വാദഗതികളാണ് ആധുനിക ‘‘ക്ഷേത്ര ധ്വംസന’’ രാഷ്ട്രീയത്തിലേക്കു നയിച്ചത്. 19 –ാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടീഷ് ഭരണകർത്താക്കളായിരുന്ന എച്ച് എം എലിയറ്റും ഡൗസനും ചേർന്ന് തയ്യാറാക്കിയ മുസ്ലീങ്ങൾ തകർത്ത ക്ഷേത്രങ്ങളുടെ പട്ടിക വിശ്വഹിന്ദു പരിഷത്ത് 3000 ക്ഷേത്രങ്ങളുടെ പട്ടികയായി പുനഃപ്രസിദ്ധീകരിച്ചു. മുസ്ലീങ്ങൾ നടത്തിയ ഹിന്ദു സംസ്കാര ധ്വംസനത്തിന്റെ ഏറ്റവും വലിയ തെളിവായി അത് പ്രചരിപ്പിക്കാനും ഇവർ മറന്നില്ല. മഹമൂദ് ഗസ്നിയുടെ സോമനാഥ ക്ഷേത്രം മുതൽ ഗോൽക്കൊണ്ടയിലും ബീജാപ്പൂരിലും പ്രാദേശിക പടയാളികൾ ആക്രമിച്ച ഗ്രാമക്ഷേത്രങ്ങൾ വരെ, അതായത് നിരവധി നൂറ്റാണ്ടുകളിൽ നടന്ന നിരവധി ചെറുതും വലുതുമായ സംഭവങ്ങൾ, ഈ ക്ഷേത്രധ്വംസന ചരിത്രത്തിൽപ്പെട്ടു. ഇതിനു പുറമേയാണ് മുസ്ലീം സുൽത്താൻമാരുടെ അന്തപ്പുരങ്ങളിൽ നടന്ന ഹിന്ദു സ്ത്രീപീഡന കഥകളും പടയോട്ടങ്ങളുടെ ഫലമായി നടന്ന കൂട്ടക്കൊലകളുടെ കഥകളും. ഇതിനിടയിൽ ഇതേ സമയത്ത് സംരക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും ആരാധനാ രീതികളിലൂടെ പ്രചരിച്ച മതമൈത്രിയുടെ ചിഹ്നങ്ങളായ നാഥുറാമും ഗോരക്-നാഥും കബീറും ഗുരു നാനക്കുമടക്കമുള്ള നിരവധി മതപ്രസ്ഥാനങ്ങളുടെ കഥകൾ മൂടിമറയ്ക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി ഹിന്ദുമതധ്വംസകരായ മുസ്ലീങ്ങളുടെ ആഖ്യാനം സാധാരണ ജനങ്ങളിലെത്തിക്കാനും അവരെ ഹിന്ദുരാഷ്ട്രവാദികളും മുസ്ലീംവിരുദ്ധരുമാക്കി മാറ്റാനും ആർഎസ്എസ് – വിഎച്ച്-പിക്കു കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് സംഭാലിലും ഗ്യാൻവാപിയിലും മഥുരയിലും മറ്റു പല പ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്.

ഈ വാദത്തിനുപിന്നിലുള്ള ചില വിചിത്രമായ വസ്തുതകളുണ്ട്. ക്ഷേത്രങ്ങളെയോ മറ്റു ദേവാലയങ്ങളെയോ സംബന്ധിച്ച അവകാശവാദങ്ങൾക്കു നിയമപരമായ സാധുത നൽകുന്ന ഒന്നും ഇന്ന് നമ്മുടെ നിയമാവലികളിലില്ല. നമ്മുടെ നിയമാവലികൾ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ, അതായത് മുതലാളിത്ത നീതിന്യായ വ്യവസ്ഥ സൃഷ്ടിച്ച സ്വത്തിനും ജീവനുമുള്ള അവകാശത്തിൽ അധിഷ്ഠിതമാണ്. സ്വത്ത് എന്നാൽ സ്വകാര്യ സ്വത്താണ്. കുടുംബ സ്വത്താണ്. ദേവാലയങ്ങൾ പോലുള്ളവയെ കോർപ്പറേറ്റ് വ്യക്തിത്വങ്ങളായി അംഗീകരിക്കുന്നുണ്ടെങ്കിലും, അവയും നിലവിലുള്ള നീതിന്യായ സംവിധാനങ്ങൾക്കു വിധേയമാണ്. അതായത് അത്തരം അവകാശവാദങ്ങൾക്കെല്ലാം ഇന്നത്തെ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്ന അടിയാധാര രേഖകളുണ്ടാകും. ഇത് ദേവാലയങ്ങളടക്കമുള്ള എല്ലാ സ്വത്തിനും ബാധകമാണ്. അതുകൊണ്ട് ഒരു ക്ഷേത്രത്തിന് ‘‘അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്ന മിത്തുണ്ടാക്കാമെങ്കിലും സ്വത്തുടമാവകാശം ഇന്നത്തെ അടിയാധാര രേഖകളെ ആശ്രയിച്ചിരിക്കും. അതിനുമുമ്പ് ആ സ്വത്ത് ആരുടേതായിരുന്നുവെന്നോ ഏതവകാശമായിരുന്നു എന്നോ ചികയേണ്ട ആവശ്യമില്ല. ഇന്ന് പള്ളിയായി നിൽക്കുന്ന ഭൂമിയിൽ ഒരു ശിവലിംഗം കണ്ടെത്തിയാൽ സ്വത്തുടമയിൽ മാറ്റം വരണമെന്നില്ല. അല്ലെങ്കിൽ, രാമക്ഷേത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ഒരു നീതിന്യായ കോടതിയുടെ വിധിയുണ്ടായിരിക്കണം.

ഇവിടെയാണ് ഗ്യാൻവാപിയിലെയും സംഭാലിലെയും അവകാശവാദങ്ങളുടെ പ്രസക്തി. ഗ്യാൻവാപിയിൽ പ‍ള്ളിക്കകത്തെ ജലസംഭരണിയിൽ നിന്ന് ശിവലിംഗാകൃതിയിലുള്ള ഒരു കൽചീൾ കണ്ടെത്തിയതായി അവകാശപ്പെടുന്നു. രണ്ടു ഭക്തർ ചേർന്ന് ആ ലിംഗത്തെ ആരാധിക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വിഷയത്തെ സംബന്ധിച്ച് അനേ-്വഷണം നടത്താൻ കോടതി ഉത്തരവിടുകയും അനേ-്വഷണസമിതി വേറെ ചില ഹിന്ദുമത ചിഹ്നങ്ങൾകൂടി കണ്ടെടുത്തതായി പറയപ്പെടുന്നു. ഔറംഗസേബിന്റെ കാലഘട്ടത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു വശം തകർക്കുകയും അതിനുശേഷം അവിടെ പള്ളി പണിയുകയും ചെയ്തു എന്ന ചരിത്രപരമായ അംശം ഇതിലുണ്ട്. ആർഎസ്എസ്– വിഎച്ച്പിയുടെ ‘‘മഹായുദ്ധ’’ത്തിന്റെ ഭാഗമായി ഒൗറംഗസേബിന്റെ കാലത്തു പണിത പള്ളിയിൽ നിന്ന് ‘‘ഹിന്ദുമതാവശിഷ്ട’’ങ്ങളെ മോചിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത് എന്നാണ് ഇക്കൂട്ടരുടെ വാദം.

മഥുരയിലെ ദേവാലയവും ഔറംഗസേബിന്റെ കാലത്തേതാണ്. മുഗൾചക്രവർത്തിയുടെ കീഴിലായിരുന്ന ബുന്ദേൽ രാജവംശക്കാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അവർ മഥുര കീഴടക്കി കുറച്ചുകാലം ഭരിക്കുകയും ചെയ്തു. അപ്പോഴാണ് കേശവ് കാ ഖായ് ക്ഷേത്രം പണിയുന്നത് (ഇന്ന് ആർഎസ്എസുകാർ കൃഷ്ണജന്മഭൂമി എന്നതിനെ വിളിക്കുന്നു). തുടർന്ന് ബുന്ദേലമാരെ പുറത്താക്കി ഒൗറംഗസേബ് നഗരം തിരിച്ചുപിടിച്ചു. ക്ഷേത്രപരിസരത്ത് ഒരു മസ്ജിദും പണിതു. ക്ഷേത്ര നിർമാണവും തുടർന്നുള്ള മസ്ജിദ് നിർമാണവും രാഷ്ട്രീയാധികാര രൂപങ്ങളായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ഇന്ന് ഇവിടെ ഒരു യുദ്ധവും നടക്കുന്നില്ല. മഥുര ഒരു വർഗീയ കലാപകേന്ദ്രവുമല്ല. അപ്പോഴാണ് കൃഷ്ണജന്മഭൂമിവാദവുമായി ആർഎസ്-എസ് രംഗത്തുവരുന്നത്.

സംഭാലിലെ ഷാഹി ഇമാംപള്ളിയുടെ കഥ അയോദ്ധ്യയെപ്പോലെയാണ്. ബാബറിന്റെ ആക്രമണങ്ങളുടെ ഭാഗമായി അവിടെയുള്ള ഹരിഹര ക്ഷേത്രം തകർക്കപ്പെട്ടു. ഷാഹി ഇമാംപള്ളി അവിടെയാണ് പണിതത് എന്നാണ് ഇതിനെ സംബന്ധിച്ച ഹിന്ദുത്വവാദം. വീണ്ടും, ചിലർ പള്ളിയുടെ സ്ഥലം സംബന്ധിച്ച അവകാശവാദം ഉന്നയിച്ച് കോടതിയിൽ പോയി. കോടതി ഇതിനെ സംബന്ധിച്ച് അനേ-്വഷിക്കാൻ ആർക്കിയോളജി വകുപ്പിനു ഉത്തരവിട്ടു. സർവേ ടീം എത്തിയപ്പോൾ നടന്ന സംഘർഷത്തിൽ നിരവധി മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് ആർക്കിയോളജിക്കൽ സർവേക്കാർ സർവേ നിർത്തിവച്ചിരിക്കുകയാണ്.

നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പരിധികൾ ഇവിടെയാണ്. ഏതൊരു വസ്തുവിനെ സംബന്ധിച്ചും അവകാശവാദവുമായി കോടതിയിൽ പോകാം. പക്ഷേ, വ്യവസ്ഥാപിതമായ അവകാശരേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കോടതികൾക്ക് വിധിന്യായം പുറപ്പെടുവിക്കാൻ കഴിയുന്നത്. കൊടുങ്ങല്ലൂരെ ഭാസ്കര രവി എന്ന പെരുമാൾ, മുയിരിക്കോട് എന്ന സ്ഥലം ജോസഫ് റബ്ബാൻ എന്ന ആൾക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ഈ പട്ടയം ജോസഫ് റബ്ബാന്റെ ഏതെങ്കിലും പിൻഗാമി (അങ്ങനെയൊരാൾ അവശേഷിക്കുന്നുണ്ടെങ്കിൽ) സ്വന്തം അവകാശത്തിനുവേണ്ടി അവതരിപ്പിക്കുകയാണെങ്കിൽ, അത് ചെവിക്കൊള്ളാനുള്ള ബാധ്യത കോടതിക്കോ റവന്യൂ വകുപ്പിനോ ഉണ്ടാവുകയില്ല. അത് സ്ഥാപിക്കുന്ന ആധാരരേഖകൾ ഇന്നത്തെ റവന്യൂ ഓഫീസുകളിൽ കണ്ടെത്താൻ കഴിയുകയില്ല. ദേവാലയങ്ങൾ കോർപറേറ്റ് സ്വത്തവകാശമാണെന്ന് വാദിച്ചാൽപോലും പഴയ ഒരു സ്ഥാവരരൂപം ഇന്നും നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അതിനെ നിർവചിക്കാൻ കഴിയുന്നത്. അതിന്റെ മേലുള്ള അവകാശം നിരവധി തവണ മാറിക്കാണും. ഈ മാറ്റങ്ങൾ രേഖപ്പെടുത്തണമെന്നുമില്ല. ഇതെല്ലാം കാണിക്കുന്നത് നീതിന്യായ വ്യവസ്ഥകൾക്ക് ശാശ്വതസ്വഭാവമില്ലെന്നതാണ്. നിലവിലുള്ള നീതിന്യായ ഘടനയ്ക്കകത്തുനിന്നു മാത്രമേ വിധിന്യായങ്ങൾ സാധ്യമാകുകയുള്ളൂ.

ഇന്നത്തെ നീതിന്യായ ഘടനയ്ക്കുള്ളിൽ ഗ്യാൻവാപിയിൽനിന്നു കിട്ടിയ ശിവലിംഗം ഉപയോഗിച്ച് പള്ളിയുടെ മേൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കുകയില്ല. കാരണം പള്ളി വ്യവസ്ഥാപിത സ്വത്തുടമാ രൂപമാണ്. അതിന് ന്യൂനപക്ഷങ്ങൾക്ക് അവരുടെ ആരാധനാലയങ്ങളുടെയും സ്വത്തിന്റെയും മേലുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ പരിരക്ഷണവുമുണ്ട്. കേരളത്തിൽ നിലയ്-ക്കൽ ക്ഷേത്രത്തിന്റെ പറമ്പിൽ നിന്ന് ഒരു കൽകുരിശ് കണ്ടെടുത്തപ്പോൾ അവിടെ ഒരു ക്രിസ്ത്യൻ പള്ളി പണിയുന്നതിന് നിലവിലുള്ള സ്വത്തുടമ നിയമങ്ങൾ എതിരായിരുന്നു. അതുകൊണ്ട് കൽകുരിശ് പുറത്തുകൊണ്ടുപോയി സ്ഥാപിക്കേണ്ടിവന്നു. അതുപോലെ ശിവലിംഗം ആരാധിക്കണമെന്നുള്ളവർക്ക് അതു പുറത്തുകൊണ്ടുപോയി സ്ഥാപിക്കുന്നതിനെ എതിർക്കേണ്ടതില്ല. അതുപോലെ സംഭാലിൽ ഹരിഹരനെ ആരാധിക്കണമെന്നുള്ളവർക്ക് മറ്റെവിടെയെങ്കിലും ഒരു ക്ഷേത്രം പണിയുന്നതിനെ എതിർക്കേണ്ടതില്ല. എന്നാൽ മോസ്ക് നിൽക്കുന്ന ഇടത്തുതന്നെ ക്ഷേത്രം പണിയണമെന്നു വാദിച്ചാൽ അത് സ്വത്തവകാശ തർക്കമാകും. വർഗീയധ്രുവീകരണവും ഇതിന്റെ ഭാഗമായി നടക്കും.

കോടതികളുടെ ഈയിടെ നടന്ന ഇടപെടലുകളിൽ കണ്ട പ്രകടമായ പാളിച്ചകൾ ഇതിന്റെ ഭാഗമായി പരിശോധിക്കപ്പെടേണ്ടതാണ്. ആദ്യം ബാബ്റി മസ്ജിദിന്റെ കാര്യത്തിലും പിന്നീട് ഗ്യാൻവാപി പള്ളിയിലും സംഭാലിലും കോടതി ഇടപെട്ട രീതി ഇന്നത്തെ നീതിന്യായ വ്യവഹാരത്തിനു പുറത്താണ്. ഇവിടെയെല്ലാം നിലനിൽക്കുന്നത് സ്വത്തവകാശ തർക്കങ്ങളാണ്. അത് സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് ചരിത്രത്തെയും ആർക്കിയോളജിയെയും മറ്റും ഉപയോഗിക്കുന്നത്. എന്നാൽ സ്വത്തു തർക്കങ്ങളെ ഇന്നു നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്നല്ലാതെ, പുതിയ ആധാരരേഖകൾ കണ്ടെത്തേണ്ടതിന്റെ ചുമതല നീതിന്യായവ്യവസ്ഥയെ ആരും ഏൽപ്പിക്കുന്നില്ല. നിലനിൽക്കുന്ന ഒരു സ്ഥാപനത്തിനുമുമ്പ് അവിടെ എന്തായിരുന്നു എന്നു കണ്ടെത്തണമെങ്കിൽ അതിനാവശ്യമായ രേഖകൾ ലഭ്യമായിരിക്കണം. പക്ഷേ, ബാബ്റി മസ്ജിദിലും ഗ്യാൻവാപിയിലും സംഭാലിലും കോടതി ആർക്കിയോളജി വകുപ്പിനെ സമീപിച്ചു. ഇപ്പോൾ കെെവശമില്ലാത്ത, ഗവൺമെന്റിന്റെയോ പരാതിക്കാരുടെയോ കയ്യിൽ ലഭ്യമല്ലാത്ത പുതിയ ആധാരരേഖകൾ കണ്ടെത്താനാണ് ആർക്കിയോളജി വകുപ്പിനെ ഏൽപ്പിച്ചത്. കോടതികൾ ചരിത്രഗവേഷണ സ്ഥാപനങ്ങളോ ആർക്കിയോളജി ഗവേഷണ സ്ഥാപനങ്ങളോ അല്ല. പിന്നെ എന്തിനാണ് അവർ ഇത്തരം സ്ഥാപനങ്ങളെ സമീപിച്ചത്? ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ അടിവേര് തോണ്ടി അവിടെ മറ്റൊരു വസ്തുവുണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണോ കോടതികളുടെ ലക്ഷ്യം? അതോ നിലവിലുള്ള രേഖകളനുസരിച്ച് ഇന്ന് സാധ്യമായ പരിഹാരം കണ്ടെത്തുകയാണോ വേണ്ടത്? അവരിൽ സമർപ്പിതമായ ഉത്തരവാദിത്തങ്ങളെ മറികടന്ന് ചില പ്രത്യേകവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് കോടതി ചെയ്തത്.

ആരാധനാലയങ്ങളുടെ സംരക്ഷണത്തെ സംബന്ധിച്ച് 1991ൽ കൊണ്ടുവന്ന നിയമത്തിനെതിരായി നിരവധി ഹർജികൾ കോടതികളിൽ വന്നിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തെ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ എല്ലാ ന്യൂനപക്ഷാരാധനാലയങ്ങൾക്കും ബാധകമാക്കുകയും ഒപ്പം ഹിന്ദു, ബൗദ്ധ, ജെെന ദേവാലയങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതിരിക്കുന്നതിനുമാണ് നിയമം വ്യവസ്ഥചെയ്യുന്നത്. എന്നാൽ എല്ലാ ആരാധനാകേന്ദ്രങ്ങളെയും നിയമപരമായി സംരക്ഷിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ഗ്യാൻവാപിയിലെ ശിവലിംഗം നിയമപരമായി സംരക്ഷിക്കപ്പെടും. രാംലല്ലയെ സുപ്രീംകോടതി സംരക്ഷിച്ചത് വിശ്വാസികളുടെ അവകാശത്തെ ഉദ്ധരിച്ചാണ്. സംഭാലിലും മറ്റെല്ലാ മുസ്ലീം പള്ളികളിലും ഹിന്ദുമതാരാധനയുടെ എന്തെങ്കിലും അവശിഷ്ടം കിട്ടിയാൽ അവയെല്ലാം ദേവാലയങ്ങളായി സംരക്ഷിക്കപ്പെടും. അതായത് വിശ്വാസത്തിന്റെ പേരിൽ സമാഹരിക്കുന്ന ഏതു സ്വത്തും ഇന്നത്തെ നിയമവ്യവസ്ഥയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും അവയെല്ലാം ‘‘വിശ്വാസികളുടെ സ്വത്തായി’’ത്തീരുകയും ചെയ്യും. കോടതി ഈ പരാതികളുടെ മേൽ എന്തുതീർപ്പാണ് കൽപിക്കുക എന്നത് വളരെ പ്രധാനമാണ്.

ഇവിടെയെല്ലാം ഒരു കാര്യം വ്യക്തമാണ്. ഏതൊരു ആരാധനാലയത്തിന്റെയും മേലുള്ള തർക്കങ്ങളെല്ലാംതന്നെ ആധുനിക നീതിന്യായ വ്യവസ്ഥക്കുകീഴിലുള്ള സ്വത്തവകാശ തർക്കങ്ങളാണ്. അവയെ ആ രീതിയിൽ തന്നെ പരിഹരിക്കാനുള്ള ശ്രമമാണ് കോടതികളും ഭരണകൂടവും ചെയ്യേണ്ടത്. എന്നാൽ ഇവയെ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വാസികളുടെ പ്രശ്നമായി വ്യാഖ്യാനിച്ച് നീതിന്യായവ്യവസ്ഥക്ക് പുറത്തുകൊണ്ടു പോകാനുള്ള ശ്രമമാണ് ആർഎസ്എസ് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. വെെദിക പാരമ്പര്യത്തിന്റെയും ‘‘ഹിന്ദു–മുസ്ലീം’’ മഹായുദ്ധത്തിന്റെയും ചരിത്രപരമായ നീതീകരണങ്ങൾ ഉപയോഗിച്ച് അവരുടെ ഇന്നത്തെ ഇടപെടലുകൾ ശക്തിപ്പെടുത്താനും അവർ ശ്രമിക്കുന്നു. ഇതിനായി ജനങ്ങളുടെ മതവിശ്വാസത്തെയും ചരിത്രപരമായ ആഖ്യാനങ്ങളെയും ദുരുപയോഗപ്പെടുത്താനും അവർ ശ്രമിക്കുന്നു. ഇതിന് കീഴടങ്ങാതിരിക്കാൻ ജനാധിപത്യസമൂഹം മാത്രമല്ല, ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും സമാനമായ ഗവേഷണമേഖലകളിലും പ്രവർത്തിക്കുന്ന വിദഗ്ധരും ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തെ മാനവരാശിയുടെയും തദ്ദേശീയ സമൂഹത്തിന്റെയും സമഗ്രമായ വികാസത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് ഇവർ ചെയ്യേണ്ടത്. ഇന്നത്തെ ഏതെങ്കിലും വിഭാഗീയചിന്താഗതിയെ പ്രോത്സാഹിപ്പിച്ച് അവരുടെ പ്രവർത്തനങ്ങൾക്ക് ഇന്ധനം പകരുകയല്ല വേണ്ടത്. നിലവിലുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെ അടിയിൽപോയി മാന്തേണ്ട ബാധ്യത ഒരു ചരിത്രകാരനും പുരാവസ്തു ഗവേഷകനുമില്ല. അത്തരം നീക്കങ്ങളെ എതിർക്കുന്നതിന് ജനാധിപത്യപ്രസ്ഥാനങ്ങൾ രംഗത്തിറങ്ങുകയും വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − seven =

Most Popular