Wednesday, January 8, 2025

ad

Homeകവര്‍സ്റ്റോറിഅയോധ്യ തുടക്കംമാത്രം
പള്ളികളുടെ പുതിയ 
പട്ടികയുമായി സംഘപരിവാർ

അയോധ്യ തുടക്കംമാത്രം
പള്ളികളുടെ പുതിയ 
പട്ടികയുമായി സംഘപരിവാർ

കെ ജി ബിജു

യോധ്യാ ബാബ്റി സിർഫ് ജാൻകി ഹേ; കാശി മഥുര ബാക്കി ഹേ’ (ബാബ്‌റി മസ്ജിദ് തുടക്കംമാത്രം, ഇനി മഥുരയും കാശിയും). ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച മുദ്രാവാക്യമാണിത്. കാശിയും മഥുരയും മാത്രമല്ല, തകർക്കപ്പെടേണ്ട പള്ളികളുടെ പട്ടിക നീട്ടുകയാണ് സംഘപരിവാർ. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മുസ്ലിം ദേവാലയങ്ങളെ ആദ്യം തർക്കമന്ദിരങ്ങളാക്കുകയും അവസരം കിട്ടുമ്പോൾ തകർക്കുകയും ചെയ്യുക. ഒട്ടും രഹസ്യമല്ല സംഘപരിവാറിന്റെ ഈ അജൻഡ. കോടതിയിൽ കേസ്, നാട്ടിൽ കലാപം, കൊലയും കൂട്ടക്കവർച്ചയും…. ബാബ്റി മസ്ജിദിന്റെ കാര്യത്തിൽ നടന്നതു തന്നെ മറ്റു ദേവാലയങ്ങളുടെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നു.

കാശിയ്ക്കും മഥുരയ്ക്കും പിന്നാലെ ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദ്, രാജസ്താനിലെ അജ്മീർ ഷെരീഫ് ദർഗ, മഹാരാഷ്ട്രയിലെ ഹാജി മാലംഗ് ദർഗ, മധ്യപ്രദേശിലെ ഭോജ്ശാല – കമാൽ മൗല മോസ്ക് സമുച്ചയം തുടങ്ങിയ പുതിയ തർക്കങ്ങൾ സംഘപരിവാർ ഉയർത്തിക്കഴിഞ്ഞു. കുത്തബ് മിനാറും താജ്മഹലുമൊക്കെ ആ പട്ടികയിലുണ്ട്.

രാജസ്താനിലെ അജ്മീർഷെരീഫ് ദർഗയെ സങ്കത് മോചൻ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു സേന എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹാജി മാലംഹ് ദർഗ പഴയ ക്ഷേത്രമായിരുന്നു എന്ന് പ്രഖ്യാപിച്ചത് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്-നാഥ് ഷിൻഡെയാണ്.

മുസ്ലിം ദേവാലയങ്ങൾക്കുമേൽ അവകാശവാദമുന്നയിച്ച് ഹിന്ദു സംഘടനകൾ സമീപിക്കുമ്പോൾ സർവ്വെ നടത്താൻ ഉത്തരവിടുകയാണ് കോടതികൾ. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ആഗസ്ത് 15ന്റെ സ്ഥിതി തുടരണം എന്നാണ് രാജ്യത്തെ നിയമം. പക്ഷേ, അങ്ങനെയൊരു നിയമം നാട്ടിലുണ്ടെന്ന ഭാവം പോലും താഴേത്തട്ടിലുള്ള കോടതികൾക്കില്ല. സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവ്വെ നടത്താൻ കോടതി അനുവദിച്ചതും തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു കുട്ടിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതുമൊക്കെ, വരാനിരിക്കുന്ന കലാപങ്ങളിലേയ്ക്കുള്ള സൂചനയാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കി, സുപ്രിംകോടതി അടിയന്തരമായി ഇടപെട്ട് സർവ്വെ വിലക്കിയെങ്കിലും, ആരാധനാലയ സംരക്ഷണ നിയമം അനുസരിക്കാൻ സംഘപരിവാർ തയ്യാറായാലേ പ്രശ്നം പരിഹരിക്കപ്പെടൂ. അതിനുള്ള ഒരുലക്ഷണവും കാണുന്നില്ല.

ഇക്കാര്യത്തിൽ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഒരു നിരീക്ഷണമാണ്. 2022ൽ ഗ്യാൻവാപി സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്ന നിരീക്ഷണം അദ്ദേഹം നടത്തിയത്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിൽ നിയമപരമായ വിലക്കുകളില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. ഈയൊരു നിരീക്ഷണത്തോടെ, ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ആഗസ്ത് 15ന്റെ സ്ഥിതി തുടരണം എന്ന നിയമം ഏറെക്കുറെ റദ്ദായി. വിവിധ മുസ്ലിം ദേവാലയങ്ങൾക്കുമേൽ അവകാശവാദമുന്നയിച്ചുകൊണ്ട് ഹർജികൾ പെരുകി. തർക്കമുന്നയിക്കപ്പെട്ടിടത്തെല്ലാം സർവ്വെ നടത്താനായിരുന്നു കീഴ്-കോടതികളുടെ ഉത്തരവ്.

മറ്റു ദേവാലയങ്ങൾക്കുമേൽ അവകാശവാദമുന്നയിക്കുന്നത് വിലക്കിക്കൊണ്ടാണ്, അയോധ്യാ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. പക്ഷേ, അത്തരം അവകാശവാദമുന്നയിക്കാൻ സംഘപരിവാറിനു സുപ്രീംകോടതി തന്നെ പഴുതും തുറന്നിട്ടു. കാശിയും മഥുരയും മാത്രമേ തങ്ങൾ ലക്ഷ്യമിടുന്നുള്ളൂ എന്നൊക്കെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പറയുന്നുണ്ടെങ്കിലും സംഘപരിവാർ സംഘടനകളുടെ പോക്ക് അങ്ങനെയല്ല.

ആരാധനാലയങ്ങൾ സംബന്ധിച്ച അവകാശത്തർക്കങ്ങളിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ പാപം സംഘപരിവാറിനു മാത്രമല്ല. യഥാർത്ഥത്തിൽ, ഉത്തരേന്ത്യയിൽ കോൺഗ്രസാണ് ഈ വിഷവിത്ത് വിതച്ചത്. അയോധ്യയ്ക്കു പിന്നാലെ കാശി, മഥുര എന്നീ നഗരങ്ങളിലെ മുസ്ലിം പള്ളികളുടെ സ്ഥാനത്ത് ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ആദ്യം ഉയർന്നത് 1983ലാണ്. ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ അക്കൊല്ലം ചേർന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ഔദ്യോഗികമായി ഈ ആശയം പ്രമേയത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്.

പ്രമേയം അവതരിപ്പിച്ചത് കോൺഗ്രസ് നേതാവും യുപിയിൽ രണ്ടുതവണ മന്ത്രിയും മുറാദാബാദ് എംഎൽഎയുമായിരുന്ന ദാവു ദയാൽ ഖന്നയായിരുന്നു. സമ്മേളനത്തിന്റെ അധ്യക്ഷൻ സാക്ഷാൽ ഗുൽസാരിലാൽ നന്ദയും. രണ്ടു തവണ ഇന്ത്യയുടെ ആക്ടിംഗ് പ്രധാനമന്ത്രി പദം വഹിച്ച കോൺഗ്രസ് നേതാവാണ് ഗുൽസാരിലാൽ നന്ദ. ഇന്ന് ബിജെപിയും സംഘപരിവാറും വിനാശകരമായി ഉപയോഗിക്കുന്ന ആയുധം ഉൽപാദിപ്പിച്ചത് ഈ സമ്മേളനമാണ്.

തുളസീദാസിന്റെ ഇരുപതാം നൂറ്റാണ്ടിലെ അവതാരം എന്ന് സ്വയം വാഴ്ത്തിപ്പാടിയ നേതാവായിരുന്നു ദാവു ദയാൽ ഖന്ന. വഴിപാട് പ്രമേയമായിരുന്നില്ല, ഖന്നയുടേത്. അയോധ്യയിലും വാരണാസിയിലും മഥുരയിലും ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന് 1983 മെയ് മാസത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ദാവു ദയാൽ ഖന്ന കത്തുമെഴുതി. ഈ കോൺഗ്രസ് നേതാവ് പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ തീപ്പൊരി നേതാവായി. ഖന്നയുടെ ഈ ആശയം ആദ്യം ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറും തുടർന്ന് വിശ്വഹിന്ദു പരിഷത്തും ഏറ്റെടുത്തു. കോൺഗ്രസ് പണിത്, മൂർച്ചകൂട്ടി തലങ്ങും വിലങ്ങും ഉപയോഗിച്ച ആയുധം അങ്ങനെ സംഘപരിവാറിന്റെ കൈകളിലായി.

യഥാർത്ഥത്തിൽ അയോധ്യയിൽ പള്ളി പൊളിച്ച് ആ സ്ഥലത്ത് ക്ഷേത്രം പണിയാൻ വഴിയൊരുക്കിയ ചരിത്രത്തിലും വില്ലൻ വേഷം കളിച്ചത് കോൺഗ്രസ് തന്നെ. 1948 ഡിസംബർ 22. ബാബ്റി മസ്ജിദിനുള്ളിൽ സീതയുടെയും രാമന്റെയും വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടു. പള്ളിയിൽ അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങൾ സ്ഥാപിക്കാൻ നടന്ന ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവ് ബാബാ രാഘവ് ദാസാണ്. അന്നത്തെ ഫൈസാബാദ് എംഎൽഎ കൂടിയായിരുന്നു അദ്ദേഹം.

സരയൂ നദിയിൽ കുളിപ്പിച്ച വിഗ്രഹം പള്ളിക്കുള്ളിൽ കടത്തിയത് ബാബാ രാഘവ് ദാസിന്റെ ഉറ്റ സുഹൃത്ത് ഹനുമൻ പ്രസാദ് പൊദ്ദാറും സംഘവുമാണ്. ഈ കളി ഇന്ത്യയുടെ നാശത്തിൽ ചെന്നെത്തുമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അന്ന് മുന്നറിയിപ്പ് നൽകി. പക്ഷേ, ഫലിച്ചില്ല. വിഗ്രഹങ്ങൾ ഒളിച്ചുകടത്തിയവരെ അറസ്റ്റ് ചെയ്യാനും വിഗ്രഹങ്ങൾ സരയൂനദിയിലെറിയാനും പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അന്നത്തെ യുപി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഗോവിന്ദ് വല്ലഭ പന്ത് തള്ളിക്കളഞ്ഞു.

പ്രശ്നം പടിപടിയായി ഹനുമൻ പ്രസാദ് പൊദ്ദാർ വഷളാക്കി. തുരുതുരാ കേസുകൾ. വർഗീയകലാപങ്ങൾ. 1948ൽ ഫൈസാബാദിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഘർഷം അങ്ങനെ ഘട്ടംഘട്ടമായി വടക്കേ ഇന്ത്യയിലാകെ വ്യാപിച്ചു.

1989ൽ തർക്കഭൂമിയിൽ സംഘപരിവാർ തീവ്രവാദികൾക്ക് ശിലാന്യാസത്തിന് അനുമതി കൊടുത്തത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എൻ ഡി തിവാരിയാണ്. 1992ൽ ബാബ്റി മസ്ജിദ് പൊളിക്കാൻ മൗനാനുവാദം നൽകിയത് പ്രധാനമന്ത്രി നരസിംഹറാവുവാണ്.

ഇന്ത്യയെ ഇന്നു കാണുംവിധം അപകടകരമായ വർഗീയതയ്ക്ക് കീഴ്പ്പെടുത്തിയതിന്റെ ഉത്തരവാദികൾ കോൺഗ്രസാണ്. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അവർ കളിച്ച കളികളാണ് സംഘപരിവാറിന്റെ ഇന്നത്തെ വളർച്ചയിലേയ്ക്കെത്തിയത്.

ഗുൽസാരിലാൽ നന്ദയെയും ബാബാ രാഘവ് ദാസിനെയും ഹനുമൻ പ്രസാദ് പൊദ്ദാറെയും ദാവു ദയാൽ ഖന്നയെയും കോൺഗ്രസ് നേതാക്കളെന്ന നിലയ്ക്കല്ല ഇന്നത്തെ ഉത്തരേന്ത്യയ്ക്ക് പരിചയം. അവരെല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളായിട്ടാണ് അവിടെ ആഘോഷിക്കപ്പെടുന്നത്. അവരുടെ അപദാനങ്ങൾ വിശ്വഹിന്ദു പരിഷത്തിന്റെ ലഘുലേഖകളാണ് വാഴ്ത്തിപ്പാടുന്നത്. കോൺഗ്രസിന്റെ പഴയ നേതാക്കൾ സംഘപരിവാറിന്റെ പ്രിയങ്കരന്മാരായി പുനർജനിക്കുന്ന കാഴ്ച. കോൺഗ്രസ് നേതാക്കളുടെ ദീർഘവീക്ഷണമില്ലായ്മയ്ക്ക് വലിയ വിലയാണ് രാജ്യം കൊടുക്കേണ്ടി വരുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − four =

Most Popular