ഹിന്ദുത്വശക്തികളെ സംബന്ധിച്ചിടത്തോളം, ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതായി അവർ അവകാശപ്പെടുന്ന വിവിധ മോസ്-കുകളാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള പാതയിലെ അതിന്റെ സുപ്രധാന നാഴികക്കല്ലുകൾ. സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ, 1949 ഡിസംബർ 22ന് രാത്രി യുപിയിലെ ഫെെസാബാദിലെ ബാബറി മസ്ജിദിനുള്ളിൽ, ഹിന്ദു മഹാസഭയുടെ നേതാവും ഗോരഖ്പൂരിലെ ഗോരഖ്നാഥ് മഠാധിപതിയുമായ മഹന്ത് ദിഗ് വിജയ്നാഥിനോട് കൂറുപുലർത്തിക്കൊണ്ട് ഒരു കൂട്ടം ഹിന്ദുമതവിശ്വാസികൾ ഒളിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചു. ഈ പ്രവൃത്തിയെക്കുറിച്ചുള്ള വാർത്തകൾ പരസ്യമായപ്പോൾ, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള ആദ്യ കാൽവെപ്പാണിതെന്ന് വാഴ്ത്തുകയാണ് മഠാധിപതി ചെയ്തത്. അന്നത്തെ ആഭ്യന്തരമന്ത്രി വല്ലഭായ് പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ജി ബി പന്തിന് കർശന നിർദേശം നൽകിയിട്ടും വിഗ്രഹങ്ങൾ സ്ഥാപിച്ച ക്രിമിനൽ പ്രവൃത്തി തിരുത്തപ്പെട്ടില്ല എന്ന കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. ആഭ്യന്തരമന്ത്രി രേഖാമൂലം ഫെെസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ കെ നായർക്ക് നൽകിയ നിർദേശങ്ങൾ ലംഘിച്ചതിന് കാരണമായി നായർ പറഞ്ഞത്, വിഗ്രഹങ്ങളുടെ അത്ഭുതകരമായ ഈ പ്രത്യക്ഷപ്പെടലിനെ ഹിന്ദുവിശ്വാസികൾ ആവേശപൂർവം ആഘോഷിക്കുകയും അവിടേക്ക് കൂട്ടമായി എത്തിച്ചേരുകയും ചെയ്യുന്നതിനാൽ അത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നതിനാലാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചവർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും അവ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്തതെന്നാണ്. യഥാർഥത്തിൽ അർധരാത്രിയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ, പുലർച്ചെതന്നെ അതിനെതിരെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകപ്പെടുകയും ചെയ്തിരുന്നതാണ്. ഭരണകൂടം വിചാരിച്ചിരുന്നെങ്കിൽ അപ്പോൾത്തന്നെ വിഗ്രഹങ്ങൾ നീക്കി ഈ പ്രശ്നത്തെ മുളയിലേ നുള്ളിക്കളയാമായിരുന്നു. എന്നാൽ പരിതാപകരമായത്, മജിസ്ട്രേട്ട് നായർ തന്നെ ഹിന്ദുമഹാസഭയുടെ അനുയായി ആയിരുന്നു എന്നതും, പിന്നീടദ്ദേഹം ആ ടിക്കറ്റിൽ മത്സരിച്ച് പാർലമെന്റിൽ അംഗമാവുകയും ചെയ്തു എന്നതുമാണ്. നിയമവും സെക്കുലർ ഭരണഘടനയും സംരക്ഷിക്കുന്നതിൽ ഇടപടാതിരിക്കുന്നതുവഴി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയും കരുതി. ദൗർഭാഗ്യവശാൽ ഇൗ രീതിയിലുള്ള ഭരണസംവിധാനവും ജുഡീഷ്യറി വിഭാഗങ്ങളും ഗവൺമെന്റിലെ പ്രധാന അംഗങ്ങളിൽ ചിലരും നൽകുന്ന സഹായവും പ്രോത്സാഹനവും ഹിന്ദുത്വശക്തികൾ അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോഴും നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ബാബറി മസ്ജിദ്– രാമജന്മഭൂമി കേസ് ഫെെസാബാദിലെ കോടതികളിൽ വർഷങ്ങളോളം ഒച്ചിന്റെ വേഗതയിൽ തുടർന്നു. നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ പ്രാർഥന നടത്തിയിരുന്ന പള്ളി താഴിട്ടുപൂട്ടുകയും ചെയ്തു. എന്നാൽ വിഗ്രഹങ്ങൾ വ്യക്തമായി കാണുന്ന വിധത്തിൽ, മസ്ജിദ് കവാടത്തിനുപുറത്ത് പൂജ അനുവദിച്ചിരുന്നു. 1980കളുടെ അവസാനം, എൽ കെ അദ്വാനി ബിജെപിയുടെ പ്രസിഡന്റായപ്പോൾ ‘രാമന്റെ ജന്മഭൂമി’ (രാമജന്മഭൂമി) എന്ന് അവരിപ്പോൾ അവകാശപ്പെടുന്ന ‘‘വിമോചന’’ പ്രസ്ഥാനം ശക്തി പ്രാപിച്ചു. വിമോചിപ്പിക്കപ്പെടേണ്ട സ്ഥലങ്ങളുടെ അജൻഡയിൽ അയോധ്യയ്ക്കൊപ്പം കാശിയും മഥുരയും ഉൾപ്പെടുത്തിയിരുന്നു. ഒന്ന്, കൃഷ്ണന്റെ ജന്മസ്ഥലത്ത് നിർമിച്ചതായി അവരവകാശപ്പെടുന്ന മഥുരയിലെ ഈദ്ഗാഹും മറ്റൊന്ന് യഥാർഥ വിശ്വനാഥക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കുമേൽ നിർമിച്ച കാശി/ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദും. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഈ മൂന്നു സ്ഥലങ്ങളും ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാമൂർത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, പാർലമെന്റിലേക്ക് 80 എംപിമാരെ അയയ്ക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ഇവ മൂന്നും എന്നതുകൂടിയാണ്. ഡൽഹിയിലേക്കുള്ള വഴി ഉത്തർപ്രദേശിലൂടെയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ബാബറി മസ്ജിദ്–രാമജന്മഭൂമി തർക്കവും അതുപോലുള്ള മറ്റുള്ളവയും ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു എന്നത് അദ്വാനിയുടെ രഥയാത്ര ആരംഭിച്ചതോടെ വ്യക്തമാവുകയും ചെയ്തു; അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി പി സിങ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവൺമെന്റ് ജോലികളിലും ഒബിസികൾക്ക് സംവരണം നൽകുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതോടെയായിരുന്നു ഈ രഥയാത്ര. ഈ ഘട്ടത്തിൽ തന്റെ രഥയാത്ര ആരംഭിക്കാനുള്ള അദ്വാനിയുടെ തീരുമാനം, രാമക്ഷേത്രത്തിനായുള്ള പ്രസ്ഥാനം മതപരമല്ല, മറിച്ച് രാഷ്ട്രീയ സ്വഭാവത്തോടെയുള്ളതായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. എന്തെന്നാൽ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ സമുദായത്തെ അണിനിരത്തിക്കൊണ്ട്, ജാതിവ്യത്യാസങ്ങങ്ങൾക്കപ്പുറം ഹിന്ദു ഐക്യം രൂപപ്പെടുത്തുക എന്നതായിരുന്നു യാത്ര ലക്ഷ്യമിട്ടത്.
ഇത് സംഘപരിവാർ വിരിയിച്ച അക്രമിസംഘം പള്ളി തകർത്തതിൽ കലാശിച്ചു; ഈ പ്രസ്ഥാനത്തിനെതിരെ യുപിയിലെ ബിജെപി ഗവൺമെന്റോ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരോ ഒരു ശിക്ഷാനടപടിയും കെെക്കൊണ്ടില്ല എന്നതാണ് യാഥാർഥ്യം. 1948 മുതൽ ജുഡീഷ്യറിയും മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ അതിന്റെ കാര്യക്ഷമതയില്ലായ്മ പ്രകടിപ്പിച്ചു. മോസ്ക് പൊളിച്ചതിനുശേഷവും കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കുന്നതിനായി ജുഡീഷ്യറി ഒന്നും ചെയ്തില്ല.
സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ സിപിഐ എം എല്ലായ്–പ്പോഴും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ശബ്ദമുയർത്തുകയും 1991ൽ ലോക്-സഭയിലെ സിപിഐ എം അംഗങ്ങൾ, ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് നിർദേശിക്കുകയും ചെയ്തു. തൽഫലമായി പ്ലെയ്സെസ് ഓഫ് വർഷിപ്പ് ആക്ട്, 1991 ഗവൺമെന്റ് പാസാക്കി. ഏതൊരു സ്മാരകത്തിന്റെയും മതപരമായ സ്വഭാവം 1947 ആഗസ്ത് 15ന് ഏതു സ്ഥിതിയിലായിരുന്നോ തൽസ്ഥിതി നിലനിർത്തണമെന്നാണ് ഇതിൽ പ്രസ്താവിച്ചിട്ടുള്ളത്. ബാബറി മസ്ജിദ് –രാമജന്മഭൂമി തർക്കം ഈ നിയമപരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഒടുവിൽ തർക്കസ്ഥലം രാമക്ഷേത്രം നിർമിക്കുന്നതിനായി വിട്ടുനൽകിക്കൊണ്ടുള്ള 2019ലെ സുപ്രീംകോടതിയുടെതന്നെ വിധിയെ സിപിഐ എം ശക്തമായി വിമർശിക്കുകയും എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘‘സെക്കുലർ’’ പാർട്ടികൾ അങ്ങേയറ്റം അവസരവാദപരമായി സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നിരുന്നാലും വിധി, 1991ലെ നിയമത്തിന്റെ സാധുത അംഗീകരിക്കുകയും ചരിത്രപരമായ തെറ്റുകൾ തിരുത്തുന്നതിന്റെ പേരിൽ നിയമത്തെ വെല്ലുവിളിക്കാൻ കഴിയില്ലെന്നു പറയുകയും ചെയ്തു.
അങ്ങേയറ്റം വിഭജനപരമായ പ്രചരണത്തിന്റെ ഫലമെന്ന നിലയിൽ ബിജെപി വലിയ നേട്ടം കൊയ്തു. 1989ൽ രണ്ട് പാർലമെന്റംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് 1998 ആയപ്പോഴേക്കും അത് 88 ആയി; തങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന് ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിയത്തക്കവിധം അത് വളർന്നു. 2014ൽ ബിജെപിക്ക് സ്വന്തമായി ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞു. ക്ഷേത്രങ്ങൾക്കുവേണ്ടി മസ്ജിദുകൾക്കെതിരെ തർക്കമുന്നയിക്കുന്ന അവരുടെ അജൻഡ തുടർന്നുകൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. 1991ലെ നിയമത്തെ ബിജെപിയുടെ അനുയായികൾ സുപ്രീംകോടതിയിൽ വെല്ലുവിളിക്കുകയും മോസ്കുകൾക്കുള്ളിൽ ‘സർവെ’ നടത്തുന്നതിനുള്ള ഉത്തരവുകൾ പാസാക്കിയെടുക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. ഏറ്റവും നിർഭാഗ്യകരമായത്, സർവെ നടത്താൻ ഗ്യാൻവാപി മോസ്ക് നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടതും അലഹബാദ് ഹെെക്കോടതി അതു ശരിവച്ചതും അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് അത് തടഞ്ഞില്ല എന്നുള്ളതുമാണ്. കീഴ് കോടതികളിൽ സംഘപരിവാറിനും അവരുടെ അനുഭാവികൾക്കുമുള്ള സ്വാധീനം ശക്തിപ്പെടുത്തുന്ന വിനാശകരമായ ഒരു വിധിയായിരുന്നു ഇത്.
ഗ്യാൻവാപി വിഷയം കത്തിനിൽക്കുകയും മഥുര തർക്കം നവംബർ 19ന് സുപ്രീംകോടതിയുടെ മറ്റൊരു ബഞ്ച് തൽക്കാലം തടഞ്ഞുവയ്ക്കുകയും ചെയ്യവേ തന്നെ, അതേ ദിവസം യുപിയിലെ സംഭാൽ ജില്ലാ കോടതി 500 വർഷം പഴക്കമുള്ള ഇൗദ്ഗാഹ് മോസ്കിൽ സർവെ നടത്തുന്നതിനായുള്ള അപേക്ഷ സ്വീകരിച്ചു. തങ്ങളുടെ വാദങ്ങൾ സമർപ്പിക്കാനുള്ള സമയം മസ്ജിദ് കമ്മിറ്റിക്ക് നൽകിയുമില്ല. ഉച്ചയ്ക്കുശേഷം, മസ്ജിദ് കമ്മിറ്റിയുടെ പൂർണ സഹകരണത്തോടെയാണ് സർവെ നടന്നത്. മോസ്കിൽ പ്രാർഥനയ്ക്കായി എത്തിയവർ പ്രതിഷേധിച്ചില്ല. 29–ാം തീയതി സർവെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 24–ാം തീയതി പുലർച്ചെ വീണ്ടും സർവെ നടത്തി. സർഴവ്വ സംഘത്തെ അനുഗമിച്ച പൊലീസ് സന്നാഹം, മുസ്ലീംവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും മോസ്ക് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയും സർവേ സംഘത്തോടൊപ്പം ചേർന്ന സംഘപരിവാർ അനുയായികളായ അക്രമിസംഘത്തെ തടയാൻ ഒന്നും ചെയ്തില്ല. തുടർന്ന് കലാപമുണ്ടായി; പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. വെടിവെപ്പിൽ അഞ്ച് മുസ്ലീം യുവാക്കൾ കൊല്ലപ്പെട്ടു. പൊലീസ് വെടിവെച്ചിട്ടില്ലായെന്നാണ് യു പി സർക്കാർ ഇതേപ്പറ്റി പറഞ്ഞത്; ഇത് തീർത്തും എതിർക്കപ്പെടേണ്ടതാണ്. ഗവൺമെന്റിന്റെ വാദം ഇതായതുകൊണ്ടുതന്നെ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്നു മാത്രമല്ല, നിരവധി മുസ്ലീങ്ങളെ അറസ്റ്റു ചെയ്യുകയും ചെയ്തു. സമാജ്-വാദി എംപിയെയും ഒരു എംഎൽഎയെയും കലാപം ഉണ്ടാക്കിയതിന്റെ ഉത്തരവാദികളായി എഫ്ഐആറിൽ പൊലീസ് പരാമർശിച്ചിരിക്കുന്നു; കലാപം നടക്കുമ്പോൾ ഈ എംപി ബാംഗ്ലൂരിലായിരുന്നു.
യുപിയിലെ ജോൺപൂരിലെ അതാല മോസ്കും അജ്മീർ ദർഗയും സർവെ ചെയ്യണമെന്ന ആവശ്യം കോടതിയിലെത്തിയതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധവും ജനരോഷവും ഉയർന്നുവന്നു. അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഇൗ സംഭവങ്ങളെ അപലപിക്കുക മാത്രമല്ല, 1991ലെ നിയമം അക്ഷരാർഥത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.
2020ൽ വിശ്വഹിന്ദുപരിഷത്ത് 1991ലെ നിയമത്തെത്തന്നെ ചോദ്യംചെയ്തുകൊണ്ട് കോടതിയിലെത്തിയിരുന്നു; സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ഇതു സംബന്ധിച്ച പ്രതികരണം ചോദിച്ചിരുന്നു. അതേത്തുടർന്ന് ഈ പ്രശ്നം കോൾഡ്സ്റ്റോറേജിലായി. ഇപ്പോൾ പുതിയ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഡിസംബർ 12ന് വിചാരണ ആരംഭിച്ചിരിക്കുകയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഈ വിഷയത്തിൽ ഇടപെടാൻ അപേക്ഷ നൽകിയിട്ടുമുണ്ട്. ഈ കേസിൽ അന്തിമ തീർപ്പുകൽപ്പിക്കുംവരെ ഒരു നടപടിയും ഇതു സംബന്ധിച്ച് ആരും കെെക്കൊള്ളാൻ പാടില്ല എന്ന് ഡിസംബർ 12നു തന്നെ സുപ്രീംകോടതി പ്രഖ്യാപനവും നടത്തി. ഇത് സ്വാഗതാർഹമാണ്; ആശ്വാസകരവുമാണ്.
ഈ വിഷയങ്ങൾ ആവർത്തിച്ചുയർത്തുന്നതിനു പിന്നിലെ സംഘപരിവാറിന്റെ ലക്ഷ്യം മതപരമേയല്ല; അത് രാഷ്ട്രീയമാണ് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ ഈ അവകാശവാദങ്ങളും ജുഡീഷ്യറിയിൽനിന്നും വന്ന പ്രതികരണങ്ങളും അവസരവാദികളായ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും സൃഷ്ടിച്ച ധ്രുവീകരണം ഇക്കാലയളവിൽ കൂടുതൽ രൂക്ഷമായി; ഇതവർക്ക് അളവറ്റ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്ന അവരുടെ അജൻഡയുമായി മുന്നോട്ടുപോകാൻ അവസരമൊരുക്കുകയും ചെയ്തു. മോസ്കുകളെ തകർക്കാൻ മാത്രമല്ല അവർ ശ്രമിക്കുന്നത്, മറിച്ച് അതിലും പ്രധാനമായി നമ്മുടെ മതനിരപേക്ഷ ഭരണഘടനയെത്തന്നെ തകർക്കലാണ് അവരുടെ ലക്ഷ്യം. l