Wednesday, January 8, 2025

ad

Homeകവര്‍സ്റ്റോറിസ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ 
ക്ഷേത്ര ധ്വംസനങ്ങൾ
ഒരു മതേതര വായന

സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ 
ക്ഷേത്ര ധ്വംസനങ്ങൾ
ഒരു മതേതര വായന

ഡോ. പി പി അബ്ദുൾ റസാക്

1992ൽ ബാബ്റി മസ്ജിദ് തകർത്ത കർസേവകർ വിളിച്ച ‘കാശി, മഥുര ബാക്കി ഹെെ’ എന്ന മുദ്രാവാക്യം വെറുമൊരു ആവേശപ്രകടനമായിരുന്നു എന്നാണ് നാം വിചാരിച്ചത്. അതുപോലെതന്നെ 2021ലെ അയോധ്യവിധിയോടെ ക്ഷേത്ര ധ്വംസനവുമായി ബന്ധപ്പെട്ട് സംഘപരിവാർ തുറന്നുവിട്ട ദുർഭൂതത്തെ എന്നേക്കുമായി കുപ്പിയിലടച്ചുവെന്നാണ് രാജ്യത്തെ മതേതരവാദികൾ ആശ്വസിച്ചത്. ഒപ്പം തന്നെ, ഇന്ത്യയിലെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്ത് 15ന് നിലനിന്നപോലെ സംരക്ഷിക്കപ്പെടണമെന്ന് നിഷ്കർഷിക്കുന്ന 1991ലെ ആരാധനാലയ നിയമം (PWA) നമുക്ക് നൽകിയ ആശ്വാസവും വലുതായിരുന്നു. നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, കാശിയും മഥുരയും മാത്രമല്ല യുപിയിലെ സംഭൽ ഷാഹി മസ്ജിദിലും രാജസ്താനിലെ അജ്മീർ ദർഗയിലുംവരെ ഹിന്ദുത്വ സംഘങ്ങൾ രണോത്സുക അവകാശവാദങ്ങളുമായി കോടതിയിലെത്തി നിൽക്കുകയാണ്. അയോധ്യാവിധി പ്രസ്താവിച്ച അതേ ചന്ദ്രചൂഡ് തന്നെയാണ് ഗ്യാൻവാപി കേസിൽ 1991ലെ ആരാധനാലയ നിയമം പള്ളികളുടെ പൂർവ്വ ചരിത്രം സർവ്വെ ചെയ്യുന്നതിന് വിഘാതമല്ല എന്ന വിവാദ ഉത്തരവും പുറപ്പെടുവിച്ചത്. 2021ലെ ആ വിവാദ ഉത്തരവാണ് ഇന്നിപ്പോൾ സംഭാൽ പള്ളിയുടെയും അജ്മീർ ദർഗയുടെയും അടിത്തറ മാന്തുന്ന പരിപാടിയിലേക്കുള്ള വഴി തുറന്നത‍്. ആരാധനാലയത്തിന്റെ സ്വഭാവം മാറ്റാനല്ലെങ്കിൽ പിന്നെയെന്തിനാണ് സർവ്വെ അനുവദിക്കുന്നതെന്ന ചോദ്യം ബാക്കിയാണ്. നീതിന്യായ സംവിധാനങ്ങളുപയോഗിച്ച് പള്ളികളെ ക്ഷേത്രങ്ങളാക്കി മാറ്റിയെടുക്കുന്ന സംഘപരിവാർ പദ്ധതിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർക്കുമുമ്പ് ഇന്ത്യയിൽ നടന്ന ക്ഷേത്രാക്രമണങ്ങളുടെ ചരിത്രം പരിശോധിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. റോമില ഥാപ്പർ നിരീക്ഷിച്ചപോലെ, പള്ളികളുടെ അടിത്തറ മാന്തി പരിശോധിച്ചാൽ ഒരുപക്ഷേ ക്ഷേത്രാവശിഷ്ടങ്ങൾ കിട്ടുന്നുണ്ടെങ്കിൽ അവിടെ വീണ്ടുമടിയിലേക്ക് കുഴിച്ചെടുത്താൽ കിട്ടുന്നത് ജെെന/ബൗദ്ധ ക്ഷേത്ര അവശിഷ്ടങ്ങളും അതിനും താഴെ മഹാശിലാ സ്മാരകാവശിഷ്ടങ്ങളുമായിരിക്കും. ആരാധനാലയങ്ങൾക്ക് മുകളിൽ നടന്നിട്ടുള്ള ഇത്തരം കയ്യേറ്റങ്ങളുടെ ഒരു നെെരന്തര്യം മനസ്സിലാക്കിയാൽ ക്ഷേത്രാക്രമണങ്ങളെ ഹിന്ദു മുസ്ലീം പ്രശ്നമായി ന്യൂനീകരിക്കുക പ്രയാസമായിരിക്കും.

മുഗൾ ചക്രവർത്തിമാരെ മുസ്ലീങ്ങളായി ന്യൂനീകരിക്കുന്നതിൽ മറ്റുചില പ്രശ്നങ്ങളുമുണ്ട്. പല മുഗൾ ചക്രവർത്തിമാരുടെയും ഭാര്യമാരോ അമ്മമാരോ രജപുത്ര ഹിന്ദു സ്ത്രീകളായിരുന്നു. മുഗൾ ഭരണകാലത്തുടനീളം രജപുത്രരും മുഗളരും തമ്മിൽ വെെവാഹിക ബന്ധം നിലനിന്നിരുന്നു. ബാബർ ചക്രവർത്തിയുടെ പുത്രി മെഹറിനെ വിവാഹം ചെയ്തത് അക്ബറിന്റെ സേനാപതിയായിരുന്ന രാജാ മാൻസിങ്ങായിരുന്നു. അക്ബർ ചക്രവർത്തിക്ക് രജപുത്ര ഭാര്യ ജോധാ ഭായിയിലുണ്ടായ മകനാണ് ജഹാംഗീർ ചക്രവർത്തി. ജഹാംഗീറിന്റെ ഭാര്യ മൻമതി ഭായി എന്ന രജപുത്ര സ്ത്രീയിലുണ്ടായ മകനാണ് ഷാജഹാൻ ചക്രവർത്തി. ഔറംഗസേബിന്റെ രജപുത്ര പത്നി നവാസ് ഭായിലുണ്ടായ പുത്രനാണ് ബഹദൂർഷാ ചക്രവർത്തി. ഔറംഗസേബിന്റെ സേനാനായകനായ രാജ ജയസിംഗന്റെ മകളെയാണ് ഔറംഗസേബിന്റെ പുത്രൻ വിവാഹം ചെയ്തത‍്. ഈ രജപുത്ര ഭാര്യമാർക്കൊക്കെ പേർഷ്യൻ പേരുകൾ നൽകിയെങ്കിലും അവരിൽ പലരും പാരമ്പര്യ ഹെെന്ദവ വിശ്വാസാചാരങ്ങൾ പിന്തുടർന്നവരും ശ്രീകൃഷ്ണ ഭക്തകളുമായിരുന്നു. ഈ പശ്ചാത്തലത്തിൽ ക്ഷേത്രാക്രമണവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളിൽ മുഗൾ ചക്രവർത്തിമാരെ ഇസ്ലാമിന്റെ കള്ളിയിൽ ഒതുക്കി ചർച്ചചെയ്യുന്നതും പ്രശ്നവൽകരിക്കേണ്ടിവരും. പ്രത്യേകിച്ചും, ടെൻഗ്രി വിശ്വാസ സമ്പ്രദായത്തിന്റെ അനുയായിയായ ചെങ്കിസ് ഖാനെ ഇന്ത്യ ആക്രമിച്ച മുസ്ലിം സുൽത്താനായി ചിത്രീകരിക്കുന്നവർ നമുക്കിടയിലുള്ളപ്പോൾ.

ക്ഷേത്രാക്രമണത്തിന്റെ ഹെെന്ദവപർവ്വം
ഇന്ത്യയിൽ നടന്ന ക്ഷേത്രാക്രമണങ്ങളുടെ ചരിത്രം വിശദമായി പഠിച്ചിട്ടുള്ള റിച്ചാർഡ് ഈറ്റാൺ പറയുന്നത്,ക്ഷേത്രാക്രമണങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് മുസ്ലീം ഭരണത്തോടെയല്ലെന്നും ഏതാണ്ട് പൊതുവർഷം അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും ഹിന്ദു രാജാക്കന്മാരുടെ അധികാര സംഘർഷങ്ങളുടെ രണഭൂമിയായി ക്ഷേത്രങ്ങൾ മാറിയിട്ടുണ്ടായിരുന്നുവെന്നുമാണ്-. ഇന്ത്യയിൽ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു സമ്പ്രദായത്തെ പിന്തുടരുക മാത്രമാണ് തുർക്കി സുൽത്താന്മാരും മുഗളരും ചെയ്തത്.

പൊതുവർഷം 642ൽ പല്ലവ രാജാവ് നരസിംഹ വർമ്മൻ ഒന്നാമൻ ചാലൂക്യ തലസ്ഥാനമായ വാതാപി കീഴടക്കിയപ്പോൾ നഗരക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്തതായി കാണാം. 692ൽ ചാലൂക്യർ വടക്കേ ഇന്ത്യ ആക്രമിച്ചപ്പോൾ അവിടുത്തെ ക്ഷേത്രങ്ങളിൽനിന്നും ഗംഗ, യമുന മൂർത്തികളെ പിഴുതെടുത്ത് ഡക്കാനിലേക്ക് കൊണ്ടുവന്നു പ്രതിഷ്ഠ നടത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടിൽ ബംഗാളി സെെന്യം കാശ്മീരിലെ ലളിതാദിത്യയെ കീഴടക്കി അദ്ദേഹത്തിന്റെ കുലദെെവമായ വിഷ്ണു വെെകുണ്ഠ വിഗ്രഹം തകർത്തു. ഒമ്പതാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാവ് ശ്രീവല്ലഭ, ശ്രീലങ്ക ആക്രമിച്ച്- സിംഹള കൊട്ടാരത്തിലെ സുവർണ്ണ ബുദ്ധന്റെ വിഗ്രഹത്തെ പിഴുതെടുത്ത് പാണ്ഡ്യരാജ്യത്ത് പ്രതിഷ്ഠിച്ചു. 10–ാം നൂറ്റാണ്ടിൽ കാംഗ്രയിലെ സാഹി രാജാവിനെ കീഴടക്കിയ പ്രതിഹാര രാജാവ് ഹേരാംഭപാല അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ പ്രതിരൂപമായ വിഷ്ണു വെെകുണ്ഠ ദേവന്റെ സ്വർണ്ണ വിഗ്രഹം നാട്ടിലേക്ക് കടത്തിക്കാണ്ടുവരുന്നു. ഇതേ വിഗ്രഹം പിന്നീട് പ്രതിഹാര രാജാവിനെ തോൽപ്പിച്ച ചണേ്ഡല രാജാവ് യശോവർമൻ ഖജുരാഹോവിലെ ലക്ഷ്മണ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നു. 11–ാം നൂറ്റാണ്ടിൽ രാജേന്ദ്ര ചോളൻ ഒന്നാമൻ താൻ തോൽപ്പിച്ച അയൽ രാജാക്കന്മാരുടെ ആരാധനാ മൂർത്തികളായ ദുർഗ / ഗണേശ (ചാലൂക്യർ) ഭെെരവ/കാളി (കലിംഗ രാജവംശം) നന്തി (കിഴക്കൻ ചാലൂക്യർ) ശിവ (പാലന്മാർ) വിഗ്രഹങ്ങൾ പിഴുതെടുത്ത് തന്റെ തലസ്ഥാന നഗരിയിൽ പ്രതിഷ്ഠിച്ചു.

5–ാം നൂറ്റാണ്ടിൽ കാശ്മീരിലെ ഹെെന്ദവ രാജാക്കന്മാർ ഗാന്ധാരത്തിലെ ബൗദ്ധവിഹാരങ്ങൾ തകർത്ത് അവിടുത്തെ ബൗദ്ധ സന്യാസിമാരെ കൂട്ടക്കൊല ചെയ്തതായി കൽഹണൻ എന്ന ബ്രാഹ്മണനായ കൊട്ടാരം ചരിത്രകാരൻ തന്റെ ‘രാജതരംഗിണി’യിൽ പരാമർശിക്കുന്നുണ്ട്. കാശ്മീർ ഭരിച്ച ഹർഷദേവൻ എന്ന ഹിന്ദുരാജാവിന് ക്ഷേത്രം കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കാനായി മാത്രം ‘ദേവോത്പന്ന നായക’ എന്ന പേരിൽ ഒരു വകുപ്പു മന്ത്രിയുണ്ടായിരുന്നതായും കൽഹണ സൂചിപ്പിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ കൊള്ളയടിക്കുക മാത്രമല്ല അപവിത്രീകരണം നടത്തിയതായും പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പൂർവ രൂപത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറയുന്നു, ‘‘പുരിയിലെ ജഗന്നാഥ ക്ഷേത്രം പഴയ ബൗദ്ധ വിഹാരമായിരുന്നു. നാമതിനെ സ്വന്തമാക്കുകയും ഹെെന്ദവവൽക്കരിക്കുകയും ചെയ്തു (സമ്പൂർണ്ണ കൃതികൾ Vol 3, p 264) സ്വാമി ദയാനന്ദ സരസ്വതി തന്റെ സത്യാർത്ഥ് പ്രകാശിൽ എഴുതുന്നത് നോക്കുക: ‘‘ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ജെെനവിശ്വാസത്തെ തകർത്തത് ശങ്കരാചാര്യരാണ്. ഇന്ന് നാം കാണുന്ന അംഗഭംഗം വന്ന മഹാവീര വിഗ്രഹങ്ങളെല്ലാംതന്നെ ശങ്കരന്റെ കാലത്ത് തകർക്കപ്പെട്ടതാണ്. അങ്ങിങ്ങ് കാണുന്ന പരിക്കേൽക്കാത്ത മഹാവീര പ്രതിമകളാവട്ടെ ബ്രാഹ്മണരാൽ തകർക്കപ്പെടാതിരിക്കാൻ ജെെനവിശ്വസികൾ മണ്ണിലൊളിപ്പിച്ചവയാണ്’’.

മൗര്യവംശത്തിലെ അവസാന ചക്രവർത്തി ബ്രിഹദ്രതയെ വധിച്ച് ബൗദ്ധ രാജവംശത്തിന്റെ ഭരണം അവസാനിപ്പിച്ച് ശുംഗ എന്ന ഹിന്ദു രാജവംശത്തിന്റെ ഭരണം ആരംഭിച്ചത് പുഷ്യമിത്ര ശുംഗനാണ്. BCE 2–ാം നൂറ്റാണ്ടിലാണിത് നടക്കുന്നത്. പ്രമുഖ ചരിത്രകാരൻ ഡി എൻ ഝാ പറയുന്നു, ‘‘പുഷ്യമിത്ര ശുംഗ സിയാൽകോട് വരെ നടത്തുന്ന പടയോട്ടത്തിനിടക്ക് നൂറുകണക്കിന് ബുദ്ധ ഭിക്ഷുക്കളെ കൊന്നൊടുക്കുകയും ബുദ്ധവിഹാരങ്ങൾ തകർക്കുകയും ചെയ്യുന്നു. കൊയ്തെടുക്കുന്ന ഓരോ ശ്രമണ മതാനുയായിയുടെ തലക്കും നൂറ് ദീനാർ സമ്മാനമായി നൽകുന്നുമുണ്ട്. (Against the Grain, 2018). പുഷ്യമിത്രന്റെ സമകാലീനനായ പതജ്ഞലി തന്റെ മഹാഭാഷ്യത്തിൽ പറയുന്നത് ‘അക്കാലത്ത് ബ്രാഹ്മണരും ബൗദ്ധരും കീരിയും പാമ്പും പോലെ നിതാന്ത ശത്രുതയിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ്.’

ചുരുക്കത്തിൽ കീഴടക്കിയ പ്രദേശങ്ങളിലെ രാജകീയ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നതും അവിടങ്ങളിലെ ആരാധനാ മൂർത്തികളെ സ്വന്തം രാജ്യത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും ഇന്ത്യയിൽ പുരാതന കാലത്ത് അഥവാ സുൽത്താൻ ഭരണത്തിന് മുമ്പേതന്നെ സർവ്വ സാധാരണമായിരുന്നു. രാജാധികാരത്തിന്റെ പ്രതീകങ്ങളായി കരുതപ്പെട്ടിരുന്ന ക്ഷേത്രങ്ങളാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് നശിപ്പിക്കപ്പെട്ടത്. കീഴടക്കിയ പ്രദേശങ്ങളിലെ രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഇത്തരം ക്ഷേത്രാക്രമണം വിലയിരുത്തപ്പെടുന്നത്. 12–ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രാഷ്ട്രീയാധികാരം സ്ഥാപിച്ച തുർക്കി സുൽത്താന്മാർ നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ പകർത്തുക മാത്രമാണ് ചെയ്തത്.

മഹമ്മൂദ് ഗസ്നിയും സോമനാഥ ക്ഷേത്രവും
ഇന്ത്യയിൽ ഇസ്ലാമിക കിരാതത്വത്തിന്റെ പ്രതീകമായി സംഘപരിവാരം ചൂണ്ടിക്കാണിക്കുന്നത് 11–ാം നൂറ്റാണ്ടിലെ മഹമ്മൂദ് ഗസ്നിയുടെ സോമനാഥ ക്ഷേത്രാക്രമണമാണ്. അതുകൊണ്ടുതന്നെയായിരുന്നു 1991ൽ അയോധ്യാ സമരത്തിന്റെ ഭാഗമായി നടന്ന രഥയാത്ര അദ്വാനി സോമനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ചത്. ഈ ആക്രമണത്തിന്റെ രാഷ്ട്രീയ ദുരുപയോഗം മനസ്സിലാക്കിയാവണം വിഖ്യാത ചരിത്രകാരി റൊമില ഥാപർ Somanatha: the Many Voices of History എന്ന കൃതിയിലൂടെ ഈ ചരിത്ര സംഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത ശബ്ദങ്ങളെ നിഷ്-കൃഷ്ടമായ വിശകലനത്തിന് വിധേയമാക്കുന്നത്. ക്ഷേത്രാക്രമണം നടന്നു എന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ആക്രമണത്തെക്കുറിച്ച് വിവിധ കാലങ്ങളിലെ ആഖ്യാനങ്ങളിലെ വെെവിധ്യത്തെക്കുറിച്ചും വെെരുദ്ധ്യത്തെക്കുറിച്ചുമാണ് ഥാപർ പ്രതിപാദിക്കുന്നത്. അറബ് ആഖ്യാനത്തിൽ പറയുന്നത് ഇസ്ലാമിക പൂർവ്വ അറേബ്യയിൽ കഅബയിൽ പ്രതിഷ്ഠിച്ചിരുന്ന ത്രിമൂർത്തികളിലൊന്നായ മനാത് (ലാത്ത, ഉസ്സ എന്നിവരോടൊപ്പം) ആയിരുന്നു സോമനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ‘സുമനാത്’ (നല്ല മനാത്) ലോപിച്ചാണ് പിന്നീട് ക്ഷേത്രത്തിന് സോമനാഥ് എന്ന പേര്- വന്നത്. ഇസ്ലാമിന്റെ ആവീർഭാവത്തോടെ, കഅബയിൽ നിന്ന് ഈ മൂന്ന് വിഗ്രഹങ്ങളും എടുത്തു മാറ്റുന്നുണ്ട്. ഇസ്ലാമിനോടുള്ള തന്റെ കൂറ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മഹ്-മ്മൂദ് ക്ഷേത്രത്തിൽനിന്നും സുമനാതിനെ പിഴുതെടുക്കുന്നതെന്നാണ് ഈ അറബ് ആഖ്യാനത്തിൽ പറയുന്നത്. ജെെന സംസ്കൃത ആഖ്യാനങ്ങളൊന്നുംതന്നെ വിഗ്രഹഭജ്ഞനം നടന്നതായോ ക്ഷേത്രധ്വംസനം നടന്നതായോ പരാമർശിക്കുന്നില്ല. മറിച്ച് കൊള്ള മാത്രമായിരുന്നു ലക്ഷ്യമെന്ന് ഈ ആഖ്യാനങ്ങൾ അടിവരയിടുന്നു. മഹമ്മൂദ് 16 തവണയാണ് സോമനാഥ ക്ഷേത്രം ആക്രമിക്കുന്നത്.
മതതാൽപര്യമായിരുന്നു മഹമ്മൂദിനെ ഭരിച്ചിരുന്നതെങ്കിൽ ആദ്യതവണതന്നെ ക്ഷേത്രം തകർത്ത് പള്ളിയാക്കി മാറ്റിയാൽ മതിയായിരുന്നു. അക്കാലത്ത് എളുപ്പത്തിൽ ധനസമാഹരണം നടത്താനുള്ള വിദ്യയായിരുന്നു ക്ഷേത്രാക്രമണങ്ങൾ. അന്നത്തെ പ്രമുഖ ക്ഷേത്രങ്ങളെല്ലാംതന്നെ പരിധിയില്ലാത്ത സമ്പത്തിന്റെ സംഭരണ കേന്ദ്രങ്ങളായിരുന്നു. ക്ഷേത്ര ഭണ്ഡാരത്തിലെ സമ്പത്ത് കൊള്ളയടിക്കലായിരുന്നു ലക്ഷ്യമെന്നതിനാലാണ് ഒരേ ക്ഷേത്രംതന്നെ നിരവധി തവണ ആക്രമിക്കുന്നത്.

മഹമ്മൂദ് പുറത്തുനിന്നുള്ള ഭീഷണി നിരന്തരമായി നേരിടുന്നുണ്ടായിരുന്നു. ഈ ഭീഷണി നേരിടുന്നതിന് സുസജ്ജമായ ഒരു സെെന്യത്തെ നിലനിർത്തേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ട ഭീമമായ തുക കണ്ടെത്താനായിട്ടാണ് ക്ഷേത്രാക്രമണം നടത്തുന്നത്. മഹമ്മൂദ് ക്ഷേത്രം മാത്രമല്ല, സോമനാഥ ക്ഷേത്രത്തിനടുത്ത് നിലനിന്നിരുന്ന മൻസുറ ഷിയാ പള്ളിയും തകർത്തിട്ടുണ്ടായിരുന്നു.

ജെെന ഉപാദാനങ്ങൾ വെെഷ്ണവർക്ക് മേലെ ജെെനമതത്തിന്റെ വിജയമായും ഹിന്ദു മുർത്തികൾക്ക് മുകളിൽ മഹാവീരന്റെ വിജയമായും മഹമ്മൂദിന്റെ ക്ഷേത്രാക്രമണത്തെ വിശേഷിപ്പിക്കുന്നു. സംസ്കൃതാഖ്യാനങ്ങളൊന്നുംതന്നെ ഈ ആക്രമണത്തെക്കുറിച്ച് പറയുന്നില്ല. ആക്രമണം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടിനുശേഷം ഗുജറാത്തിലെ മുസ്ലീം കച്ചവടക്കാരൻ സോമനാഥ ക്ഷേത്രത്തിനടുത്ത് പള്ളി പണിയുന്നതായി പതിമൂന്നാം നൂറ്റാണ്ടിലെ സംസ്കൃത ലിഖിതം സൂചന നൽകുന്നു. മാത്രവുമല്ല സോമനാഥ ക്ഷേത്രത്തിലെ മുഖ്യപൂജാരി പേർഷ്യൻ വണിക്കുകളുമായി കച്ചവടബന്ധത്തിലേർപ്പെട്ടതിന്റെ സൂചനയും ഈ സംസ്കൃത പാഠങ്ങളിൽ കാണാം. ക്ഷേത്രാക്രമണം നടന്നു ഒരു നൂറ്റാണ്ടിനുശേഷം ഒരു രേഖയിലും ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. ഡൽഹി സുൽത്താന്മാരുടെയും മുഗൾ ഭരണാധികളുടെയും കാലത്തൊന്നും തന്നെ സോമനാഥ ക്ഷേത്രാക്രമണം സമൂഹത്തിന്റെ ഓർമ്മയിൽപ്പോലും നിലനിന്നിരുന്നില്ല. ചുരുക്കത്തിൽ പേർഷ്യൻ ആഖ്യാനത്തിൽ മാത്രമാണ് മഹമ്മൂദിന്റെ ആക്രമണത്തെ ഇസ്ലാമിന്റെ വിജയമായി ഘോഷിക്കുന്നത്. അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അതൊരു സാധൂകരണ യുക്തി മാത്രമാവാനാണ് സാധ്യത. പിന്നീട് 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന എല്ലൻബറോ ആണ് ഹിന്ദു മുസ്ലീം വിഭജനത്തിന് പറ്റിയ മരുന്നാണെന്ന് കണ്ട് ഈ ആക്രമണത്തെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. മറ്റെല്ലാ പാഠങ്ങളെയും തമസ്കരിച്ച് പേർഷ്യൻ പാഠങ്ങളെ മാത്രം മുഖവിലയ്ക്കെടുത്ത്, മഹമ്മൂദ് തന്റെ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി എന്നു പറയപ്പെടുന്ന മരത്തിൽ പണിത ക്ഷേത്ര ഗേറ്റ് അഫ്ഗാനിസ്താനിൽനിന്നും വലിയ തുക മുടക്കി എല്ലൻബറോ ആഗ്രയിലെത്തിച്ചു. പക്ഷേ, അത് ഇന്ത്യൻ നിർമ്മിതിയല്ലെന്നും ഈജിപ്തിൽ നിർമിച്ചതാണെന്നും അതുകൊണ്ടു തന്നെ വ്യാജമാണെന്നും കണ്ടെത്തിയതിനെതുടർന്ന് യമുനാ നദിയിൽ വലിച്ചെറിഞ്ഞു. പിന്നീട് 1951ൽ അന്നത്തെ വലതുപക്ഷ കോൺഗ്രസ് നേതാവ് കെ എം മുൻഷി ഈ പ്രശ്നം ഏറ്റെടുക്കുകയും സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയാതെ 47ൽ കിട്ടിയ സ്വാതന്ത്ര്യത്തിന് അർത്ഥമില്ലെന്നും പറഞ്ഞ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

ഥാപർ മറ്റൊരു കാര്യംകൂടി സൂചിപ്പിക്കുന്നു. നിരവധി തവണ വ്യത്യസ്ത ഭരണാധികാരികൾ സോമനാഥ ക്ഷേത്രം പുതുക്കിപ്പണിഞ്ഞതായി രേഖകൾ സൂചിപ്പിക്കുന്നു. ഇത് കാണിക്കുന്നത് ക്ഷേത്രത്തിൽ കൊള്ള നടന്നതിനുശേഷവും ക്ഷേത്രത്തിലെ ആരാധനക്ക്- ഭംഗം വരുന്നില്ല എന്നതാണ്. അതിനാൽതന്നെ മഹമ്മൂദ് ക്ഷേത്രം പള്ളിയാക്കി മാറ്റി എന്ന വാദം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നും റൊമില ഥാപർ സമർത്ഥിക്കുന്നു. ക്ഷേത്രാക്രമണത്തിന് പ്രാദേശിക ഹിന്ദു രാജാക്കന്മാരുടെ സഹായം മഹമ്മൂദിന് ലഭിച്ചതായി ആർഎസ്എസ് ആചാര്യൻ എം എസ് ഗോൾവാൾക്കർ തന്നെ സമ്മതിക്കുന്നുണ്ട്. ‘‘ക്ഷേത്രാക്രമണത്തിന് പുറപ്പെട്ട മഹ്-മ്മൂദിന്റെ സെെന്യത്തെ നയിച്ചത് നമ്മുടെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ ഒരു ഹിന്ദു തന്നെയാണ്’’ (ഓർഗനെെസർ, ജനു. 4, 1950).

സുൽത്താന്മാരും ക്ഷേത്രധ്വംസനവും
തുർക്കി / മുഗൾ ഭരണകാലത്ത‍് പൂർവികരായ ഹിന്ദു രാജാക്കന്മാരുടെ മാതൃക പിന്തുടർന്ന്- രാജകീയ ക്ഷേത്രങ്ങളെ ആക്രമണത്തിന് വിധേയമാക്കുന്നതായി കാണാം. പക്ഷെ, ഈ ക്ഷേത്രാക്രമണങ്ങളെ ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിഗ്രഹഭജ്ഞനത്തിന്റെ ഭാഗമായിട്ടല്ല അക്കാദമിക ചരിത്രകാരന്മാർ വിലയിരുത്തുന്നത്. പുരാതന കാലത്തെപ്പോലെ മധ്യകാലത്തും രാഷ്ട്രീയ സംഘർഷത്തിന്റെ അന്തരീക്ഷത്തിലാണ് ക്ഷേത്ര ധ്വംസനങ്ങൾ അരങ്ങേറിയത്. 600 വർഷത്തെ സുൽത്താനേറ്റ് /മുഗള ഭരണകാലത്ത് (12 മുതൽ 18 നൂറ്റാണ്ടുവരെ) ആകെ 80 ക്ഷേത്രാക്രമണങ്ങളാണ് നടന്നതെന്നാണ് ലിഖിത / സാഹിത്യ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ റിച്ചാർഡ് ഈറ്റൺ അഭിപ്രായപ്പെടുന്നത്. ഈ സംഖ്യ പക്ഷെ ഹിന്ദുത്വാഖ്യാനങ്ങളിലെത്തുമ്പോൾ 60,000 ആയി മാറുന്നു. തകർക്കപ്പെട്ട ക്ഷേത്രങ്ങളധികവും രാജാധിപത്യവുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളതോ സെെനിക പടനീക്കം നടന്ന വഴിയോരത്തുള്ളതോ ആണ്. 13–ാം നൂറ്റാണ്ടിൽ തുർക്കി സുൽത്താന്മാർ ബീഹാർ കീഴടക്കുന്ന സമയത്താണ് നളന്ദ, വിക്രമശില തുടങ്ങിയ ദേശങ്ങളിലെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നത്. 14–ാം നൂറ്റാണ്ടിൽ ഖിൽജി സുൽത്താന്മാർ തങ്ങളുടെ രാജ്യവിസ്തൃതി ഗുജറാത്തിലേക്കും രാജസ്താനിലേക്കും വ്യാപിപ്പിച്ചപ്പോൾ ആ പ്രദേശങ്ങളിലെ രാജകീയ ക്ഷേത്രങ്ങൾ ആക്രമിക്കുന്നുണ്ട്. ഇതേകാലത്ത് ഖിൽജികൾ മധേ-്യന്ത്യയിലേക്ക് നടത്തിയ സെെനിക നീക്കങ്ങൾ രാജ്യവിസ്തൃതിക്കായിരുന്നില്ല, മറിച്ച് ക്ഷേത്രം കൊള്ളയടിക്കാനായിരുന്നു. വർദ്ധിച്ചുവരുന്ന മംഗോളിയൻ ഭീഷണിയെ ചെറുക്കാൻ ഭീമമായ തുക മുടക്കി സെെനിക സജ്ജീകരണം ആവശ്യമായ സന്ദർഭമായിരുന്നു അത്. ഇതുപോലെ മുഹമ്മദ് ബിൻ തുഗ്ലക്കും ഫിറോഷ് ഷാ തുഗ്ലക്കും ആന്ധ്ര, ഒറീസ പ്രദേശങ്ങളിലെ രാജകീയ ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്.

1526ലാണ് ഡൽഹിയിൽ മുഗൾ ഭരണം ആരംഭിക്കുന്നത്. അതുവരെ ഇന്ത്യ ഭരിച്ചിരുന്ന തുർക്കി സുൽത്താന്മാരെ തോൽപ്പിച്ചാണ് മുഗളന്മാർ ആധിപത്യം സ്ഥാപിക്കുന്നത്. ഹിന്ദു രാജാക്കന്മാരെപ്പോലെ മുസ്ലീം സുൽത്താന്മാർക്ക് രാജകീയ ക്ഷേത്രങ്ങളില്ലാതിരുന്നതിലാണ് മുഗൾ ഭരണകാലത്ത് ക്ഷേത്രാക്രമണങ്ങൾ താരതമേ-്യന കുറയുന്നത്. മസ്ജിദുകളൊന്നും തന്നെ ഏതെങ്കിലും സുൽത്താന്റെ രാഷ്ട്രീയാധികാരത്തിന്റെ പ്രതീകമായി സങ്കൽപ്പിക്കുന്ന പതിവ് ഇസ്ലാമിക ലോകത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദു രാജാക്കന്മാരെ തോൽപ്പിച്ച് അധികാരം സ്ഥാപിച്ച തുർക്കി സുൽത്താന്മാരുടെ കാലത്തെ പോലെയുള്ള ക്ഷേത്രാക്രമണങ്ങൾ മുഗൾ ഭരണത്തിന്റെ ആരംഭകാലത്ത് നടന്നിട്ടില്ല. എന്നാൽ പ്രാന്തപ്രദേശങ്ങളിലെ ഹെെന്ദവ രാജാക്കന്മാരുടെ ഭരണപ്രദേശങ്ങൾ പുതുതായി ആക്രമിച്ചു കീഴടക്കിയ സമയത്ത് ക്ഷേത്രാക്രമണങ്ങളും നടന്നിട്ടുണ്ട്. 1661ൽ ബംഗാൾ ഗവർണറായ മീർ ജുംല കുച്ച് ബീഹാറിലെ രാജാവിനെ കീഴടക്കിയപ്പോൾ അവിടുത്തെ ക്ഷേത്രം ആക്രമിച്ചതായി കാണാം. ഇതേ കാലത്ത് ആസാം കീഴടക്കുമ്പോൾ അഹം രാജാക്കന്മാരുടെ കുലക്ഷേത്രം നശിപ്പിക്കുന്നുണ്ട്.

രാജകുടുംബവുമായി ബന്ധമില്ലാത്ത, അല്ലെങ്കിൽ രാജകുടുംബം ബന്ധം വിച്ഛേദിച്ച്- പ്രമുഖ ക്ഷേത്രങ്ങൾ ആക്രമണങ്ങളിൽ നിന്ന് മുക്തമാകുന്ന ധാരാളം അനുഭവങ്ങളുമുണ്ട്. ഖജുരാഹോ ക്ഷേത്രം നീണ്ട കാലത്തേത്തോളം ചണേ്ഡല രാജാക്കന്മാരുടെ സംരക്ഷണയിലായിരുന്നു. ചണേ്ഡല രാജാക്കന്മാർ ഈ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഉപേക്ഷിച്ച കാലത്താണ് മധേ-്യന്ത്യയിലേക്ക് സുൽത്താന്മാരുടെ സെെനികാക്രമണം നടന്നത്. പക്ഷേ ക്ഷേത്രം ആക്രമണത്തിനിരയാവാതിരുന്നത് അതിന്റെ സംരക്ഷകരായി ഒരു രാജകുടുംബം ഇല്ലാതിരുന്നത്കൊണ്ടാണ്. മാത്രവുമല്ല, ഒരിക്കൽ ഒരുരാജ്യം കീഴടക്കി കഴിഞ്ഞാൽ ആ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കുന്ന ബാധ്യത സുൽത്താന്മാർ ഏറ്റെടുത്തതായും കാണാം. 1326ൽ ഡക്കാൻ കീഴടക്കിയ മുഹമ്മദ് ബിൻ തുഗ്ലക്ക് ബീദാറിലെ കല്യാണ ശിവക്ഷേത്രം പുനർനിർമ്മിക്കാനായി മുസ്ലീം ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി രേഖകൾ പറയുന്നു. അക്ബറിന്റെ കാലത്ത് (1556–1605) മുഗൾ സാമ്രാജ്യത്തിനകത്തെ ക്ഷേത്രങ്ങളെല്ലാം പൊതുസ്വത്തായി പ്രഖ്യാപിക്കുകയും ക്ഷേത്രത്തിന്റെയും പൂജാരിയുടെയും സംരക്ഷണം സർക്കാർ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല താൻ നിയമിച്ച ഹിന്ദു മാൻസബ്ദാർമാരുടെ പ്രദേശങ്ങളിൽ ക്ഷേത്ര നിർമാണത്തിന് അക്ബർ പ്രത്യേക താൽപ്പര്യമെടുത്തിരുന്നു. ഷാജഹാന്റെ നിർദേശപ്രകാരം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിൽ സുൽത്താന്റെ ഒൗദ്യോഗിക പ്രതിനിധിയായി ഹിന്ദു മാൻസബ്-ദാർ പങ്കെടുക്കുന്നുണ്ട്. 1659ൽ ഒൗറംഗസേബ് ഒരു ഉത്തരവിലൂടെ ബനാറസിലെ ക്ഷേത്ര പൂജാരികൾക്ക് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതായും കാണാം.

ഇന്ന് വിവാദസ്ഥലിയായിമാറിയ മഥുര ക്ഷേത്രവും പള്ളിയും സത്യത്തിൽ മുഗളന്മാരും ബുണേ്ഡല രജപുത്ര രാജ കുടുംബവുമായുള്ള തീവ്ര സൗഹൃദത്തിന്റെ കൂടിസ്മാരകമാണ്. ബുണേ്ഡല രാജാക്കന്മാർ മുഗൾ സുൽത്താന്മാരുമായി ഊഷ്മള ബന്ധം നിലനിർത്തിയിരുന്നു. ജഹാംഗീർ ചക്രവർത്തിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ബീർസിങ്ങ് ബുണ്ഡേലയാണ് മഥുര ജന്മസ്ഥാൻ ക്ഷേത്രം നിർമ്മിച്ചത്. 1670 വരെ ഈ ക്ഷേത്രം സർവ്വ പ്രതാപത്തോടെ നിലനിന്നു. ചക്രവർത്തിയുമായി പിണങ്ങിയ ഹൃതേശാൽ ബുണ്ഡേല രാജാവുമായി ഔറംഗസേബ് നടത്തിയ യുദ്ധവേളയിലാണ് ഈ ക്ഷേത്രം തകർക്കപ്പെടുന്നത്. ക്ഷേത്ര ധ്വംസനത്തിനുശേഷവും ഒൗറംഗസേബിനുവേണ്ടി ഡക്കാനിൽ യുദ്ധത്തിനിറങ്ങുന്നത് ബുണേ്ഡലയിൽ നിന്നുള്ള പട്ടാളക്കാരാണ്. ബനാറസിലെ വിശ്വനാഥ ക്ഷേത്രത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേനാനായകനായ രാജാ മാൻസിങ്ങാണ് വിശ്വനാഥ ക്ഷേത്രം നിർമിച്ചത്. മാൻസിങ്ങിന്റെ പൗത്രനായ ജയ്സിങ്ങാണ് ഔറംഗസേബിന്റെ തടവറയിലായിരുന്ന ശിവാജിയെ രക്ഷപ്പെടാൻ സഹായിച്ചത്. ഇതറിഞ്ഞ ഒൗറംഗസേബ് 1669ൽ ജയ്- സിങ്ങിനെതിരെ പടനയിക്കുകയും അദ്ദേഹത്തിന്റെ സംരക്ഷണയിലുള്ള ബനാറസ് ക്ഷേത്രം തകർക്കുകയും ചെയ്തു. ഇതേ ഒൗറംഗസേബ് തന്നെയാണ് 1658ൽ ബംഗാളിലെ വെള്ളാൽപൂർ ക്ഷേത്രം നിർമ്മിക്കുന്നതും ഗുജറാത്തിലെ ശത്രൻജയോ, അബു തുടങ്ങിയ ക്ഷേത്രങ്ങൾക്ക് ഭൂദാനം നൽകുന്നതും. ഒപ്പം, ഇന്നത്തെ യു പി മുഖ്യമന്ത്രി ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്ന നാഥ് പാൻഥി സന്യാസി മഠത്തിന് ഒൗറംഗസേബ് സാമ്പത്തിക സഹായം നൽകിയതിന്റെ പേർഷ്യൻ രേഖകളും നമുക്ക് കാണാം. ഒൗറംഗസേബിനെക്കുറിച്ച് ആധികാരിക ഗ്രന്ഥം രചിച്ച ആൻന്ത്രെ ട്രഷ്കെ പറയുന്നതിങ്ങനെ: ‘‘ഒൗറംഗസേബിന്റെ മരണസമയത്ത് (1707) പ്രവിശാലമായ മുഗൾ സാമ്രാജ്യത്തിനകത്ത് പതിനായിരക്കണക്കിന് ഹെെന്ദവ ക്ഷേത്രങ്ങൾ പൂർവ്വ പ്രതാപത്തോടെ നിലനിന്നു’’. അക്ബറിന്റെ കാലത്തേക്കാൾ 5 ശതമാനം കൂടുതലായിരുന്നു ഒൗറംഗസേബിന്റെ കാലത്തെ മുഗൾ ഉദ്യോഗസ്ഥരിലെ ഹിന്ദു പ്രാതിനിധ്യം. ഒൗറംഗസേബിന്റെ പ്രധാനമന്ത്രി രാജ രഘുനാഥ് ബഹുദൂറും സേനാനായകൻ ജയസിംഗനും രജപുത്ര ഹിന്ദുക്കളായിരുന്നു. ചുരുക്കത്തിൽ ഈ സുൽത്താന്മാരുടെ ചെയ്തികളെ ലളിത യുക്തി കൊണ്ട് വിശകലനം ചെയ്യുന്നത് അപക്വമായിരിക്കും.

ടിപ്പു സുൽത്താനും ക്ഷേത്രങ്ങളും
ഹിന്ദുത്വാഖ്യാനങ്ങളിൽ ക്ഷേത്ര ധ്വംസനം ആരോപിക്കപ്പെടുന്ന മറ്റൊരു പ്രധാനി ടിപ്പു സുൽത്താനാണ്. മലബാർ ഉൾപ്പെടെ താൻ കീഴടക്കിയ പ്രദേശങ്ങളിൽ മുഴുവൻ ക്ഷേത്രങ്ങൾ തകർത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ് ടിപ്പു ചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. കോഴിക്കോട് റീജണൽ ആർകെെവ്സിൽ സൂക്ഷിച്ചിട്ടുള്ള ഇനാം രജിസ്റ്ററുകൾ ടിപ്പുവിന് ക്ഷേത്രങ്ങളോടുള്ള സമീപനമെന്തായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ നൽകുന്നു. ഗുരുവായൂരമ്പലമടക്കമുള്ള മലബാറിലെ ക്ഷേത്രങ്ങൾക്ക് ടിപ്പു നൽകിയ നികുതിമുക്ത ഭൂമിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പ്രമാണത്തിലുള്ളത്. ഡോ. ജിനീഷ് തന്റെ പഠനത്തിൽ സൂചിപ്പിച്ചപോലെ ഇതിൽ പരാമർശിക്കുന്ന 61 ഭൂദാനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് മുസ്ലീം പള്ളികൾക്ക് നൽകിയ ഇനാമുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ബാക്കി 55 ഇനാമുകളും നൽകിയിരിക്കുന്നത് ഹെെന്ദവക്ഷേത്രങ്ങൾക്കാണ്. ഇതനുസരിച്ച് 669 ഏക്കർ ഭൂമിയാണ് ഗുരുവായൂർ ക്ഷേത്രത്തിന് സംഭാവന നൽകിയത്. ഒപ്പം, ക്ഷേത്രത്തിന്റെ ദെെനംദിന ചിലവിലേക്കായി വർഷംതോറും 8000 പഗോഡ മെെസൂർ ഖജനാവിൽ നിന്ന് നൽകാനും വ്യവസ്ഥചെയ്തു. കൂടാതെ പാണ്ടിക്കാട് കുറുമങ്ങോട് അയ്യപ്പക്ഷേത്രം (98 ഏക്കർ) മണ്ണൂർ ശിവക്ഷേത്രം (147 ഏക്കർ) വള്ളിക്കുന്ന് നിറം കെെതക്കോട്ട ക്ഷേത്രം (190 ഏക്കർ) കേരളീധീശ്വര ക്ഷേത്രം (1112 ഏക്കർ) തിരൂർ തൃക്കണ്ടിയൂർ സമൂഹ സത്രം (62 ഏക്കർ) എന്നിങ്ങനെ 18 ഓളം ക്ഷേത്രങ്ങൾക്ക് നൽകിയ ഭൂദാനത്തിന്റെ വിശദവിവരങ്ങൾ ഈ രേഖയിൽ നമുക്ക് കാണാം. എന്നാൽ ടിപ്പു മലബാറിൽ നടപ്പിലാക്കിയ പാട്ട കുടിയാന്മാർക്കനുകൂലമായ നികുതി സമ്പദ്രായം ഭൂവുടമകളായിരുന്ന നമ്പൂതിരി/നായർ വിഭാഗങ്ങളുടെ അധികാരം കവർന്നെടുക്കുന്നതായിരുന്നു. ഇക്കാരണത്തലാണ് ആ വരേണ്യവിഭാഗം ടിപ്പുവിനെതിരെ ക്ഷേത്രധ്വംസകൻ എന്ന പൊതുബോധം നിർമ്മിച്ചെടുത്തത്. എ ആർ രാജരാജവർമ തന്റെ ‘ആംഗലസാമ്രാജ്യ’ത്തിലും വലിയ കോയിത്തമ്പുരാൻ തന്റെ ‘സംസ്കൃത സാഹിത്യ പാരമ്പര്യ’ത്തിലും ‘ടിപ്പു തകർത്ത ക്ഷേത്രങ്ങൾക്ക് കയ്യും കണക്കുമില്ല’’ എന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നത് ഈ ഭൂമികയിലാണ്. ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ ഉദേ-്യാഗസ്ഥരായ അനന്തറാവു, മാദണ്ണ, ശ്രീനിവാസ റാവു , പൂർണയ്യ തുടങ്ങിയവരെല്ലാംതന്നെ ഹിന്ദുക്കളായിരുന്നു. 1791ൽ മറാത്ത സെെന്യാധിപനായിരുന്ന രഘുനാഥ റാവു ശൃംഗേരി മഠം ആക്രമിച്ച് ശാരദാ വിഗ്രഹം തകർക്കുകയും ബ്രാഹമ്ണരെ വധിക്കുകയും ചെയ്യുന്നുണ്ട‍്. ഹെെന്ദവനായ മറാത്ത സെെന്യാധിപൻ ഇങ്ങിനെ പരിപാവനമായ ശൃംഗേരി മഠത്തെ ആക്രമിച്ച സമയത്ത് മഠാധിപനായ ശങ്കരാചാര്യർ സഹായം തേടിയത് മുസ്ലിമായ ടിപ്പുവിനോടായിരുന്നുഎന്നതും ചരിത്ര വസ്തുതയാണ്. ഈ വസ്തുതകൾ നിലനിൽക്കുമ്പോഴാണ് ധാരാളം ക്ഷേത്രങ്ങൾ തകർത്ത മതഭ്രാന്തനായിരുന്നു ടിപ്പുവെന്ന് ഹിന്ദുത്വവാദികൾ കർണാടകയിലും കേരളത്തിലും പ്രചണ്ഡമായി പ്രചരിപ്പിക്കുന്നത്.

ചുരുക്കത്തിൽ പുരാതന/മധ്യകാല രാജാക്കന്മാരുടെ ക്ഷേത്രാക്രമണങ്ങളെ മതഭ്രാന്തിന്റെ പ്രകടനമായി കാണുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി കാണേണ്ടതുണ്ട്. യുദ്ധവിജയത്തിന്റെ ഭാഗമായി ആരാധനാലയങ്ങൾ തകർക്കുന്നത് ലോകചരിത്രത്തിലുടനീളം നമുക്ക് ദർശിക്കാനാവും. ലാറ്റിനമേരിക്കയിൽ സ്പെയിൻകാർ തദ്ദേശീയരുടെ ആരാധനാകേന്ദ്രങ്ങൾ കൂടിയായ സിഗുരാറ്റുകൾ തകർത്ത് ക്രിസ്ത്യൻ പള്ളികളാക്കി മാറ്റിപ്പണിതിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ യൂറോപ്യന്മാർ അവരുടെ രാഷ്ട്രീയാധിപത്യവും സാംസ്കാരികാധീശത്വവും സ്ഥാപിച്ചത് ഈ മാർഗത്തിലൂടെയാണ്. ഇതേപോലെ രാഷ്ട്രീയാധികാരവും ആത്മീയാധികാരവും സന്ധിക്കുന്ന സവിശേഷ സാഹചര്യം ഇന്ത്യയിലും നിലനിന്നിരുന്നു.

കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നതും നശിപ്പിക്കുന്നതും രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായി പുരാതന ഇന്ത്യയിൽ നിലനിന്നിരുന്നു. 12–ാം നൂറ്റാണ്ടോടെ ഇന്ത്യയിൽ ഭരണമാരംഭിച്ച സുൽത്താന്മാർ ഹെെന്ദവ രാജാക്കന്മാരുടെ ഈ മാതൃക പിൻപറ്റുന്നു. മുസ്ലീം രാജാക്കന്മാർ നശിപ്പിച്ചത് അറുപതിനായിരം ക്ഷേത്രങ്ങളാണെന്ന് സംഘപരിവാർ വാദിക്കുമ്പോൾ വിശ്വാസയോഗ്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ റിച്ചാർഡ് ഈറ്റൺ പറയുന്നത് 600 കൊല്ലത്തെ മുസ്ലീം ഭരണകാലത്ത് ആകെ 80 ക്ഷേത്രങ്ങളാണ് നശിപ്പിക്കപ്പെട്ടത് എന്നാണ്. ആ ക്ഷേത്രങ്ങളെല്ലാംതന്നെ ഏതെങ്കിലും ഹിന്ദുരാജാക്കന്മാരുടെ കുലദെെവങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ള രാജകീയ ക്ഷേത്രങ്ങളായിരുന്നുതാനും. രാജാധികാരത്തെ ധിക്കരച്ച സാമന്ത ഭരണാധികാരികളുടെയോ മാൻസബ്-ദാർമാരുടെയോ കീഴിലുള്ള ക്ഷേത്രങ്ങൾ മാത്രമാണ് ചക്രവർത്തിമാരുടെ ക്രോധത്തിനിരയായിട്ടുള്ളത്. അങ്ങനെയല്ലാത്ത ആയിരക്കണക്കിന് ആരാധനാലയങ്ങൾ ഈ നൂറ്റാണ്ടുകളിലുടനീളം സുരക്ഷിതമായി നിലനിന്നതായി കാണാം. ഇസ്ലാമികാവേശത്തിന്റെ ഭാഗമായ വിഗ്രഹ ഭജ്ജനമാണ് സുൽത്താന്മാരിവിടെ നടപ്പിലാക്കിയതെങ്കിൽ ഗ്രാമക്ഷേത്രങ്ങളുൾപ്പെടെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ വിവേചനരഹിതമായി തകർക്കപ്പെട്ടേനെ. അഞ്ച് നൂറ്റാണ്ടുമുമ്പ് ഇന്ന് വിവാദ സ്ഥലിയായ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ജീവിച്ച ഭക്ത കവി കബീറിന്റെ വരികൾ നമ്മുടെ കണ്ണ് തുറപ്പിക്കാനുതകുന്നതാണ്.

‘പള്ളിയിലാണോ അല്ലാഹു വസിക്കുന്നത്?
രാമൻ വിഗ്രഹത്തിലോ അതോ ക്ഷേത്രത്തിലോ?
ഹൃദയത്തിൽ തിരയൂ, ഹൃദയത്തിൽ മാത്രം
അവിടെ കാണാം, രാമനെയും റഹീമിനെയും’. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − three =

Most Popular