ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1992 ജൂൺ അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ‘ഭൗമഉച്ചകോടി’യുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ഉടമ്പടികളിൽ ഒന്നാണ് ‘കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ’ (യുണൈറ്റഡ് നേഷൻസ് ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, UNFCCC). 1994 മാർച്ച് 21-ന് യുഎൻഎഫ്സിസിസി നിലവിൽ വന്നു. ഇതിൽ ഒപ്പുവെച്ച രാജ്യങ്ങളെ കൺവെൻഷന്റെ ‘പാർട്ടികൾ’ എന്നാണ് വിളിക്കുക. ഈ ഫ്രെയിംവർക്ക് ഉടമ്പടിയിൽ ഇതേവരെ 198 പാർട്ടികൾ, 27 അംഗ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ, ഒപ്പുവെച്ചിട്ടുണ്ട്. കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് യുഎൻഎഫ്സിസിസിയുടെ ആത്യന്തിക ലക്ഷ്യം.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അനേകം അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും അവയുടെ കോൺഫറൻസുകളുമുണ്ടെങ്കിലും (ഉദാ: ലോക ജൈവവൈവിധ്യ ഉടമ്പടി, തണ്ണീർത്തട ഉടമ്പടി) യുഎൻഎഫ് സിസിസിക്ക് കിട്ടുന്നത്ര വാർത്താ പ്രാധാന്യം അവയ്ക്ക് കിട്ടാറില്ല. ഉടമ്പടിയിൽ ഒപ്പുവെച്ച കക്ഷികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി വർഷംതോറും നടത്തുന്ന കോൺഫറൻസിന് പറയുന്ന പേരാണ് ‘കോൺഫറൻസ് ഓഫ് ദി പാർട്ടീസ്’ അഥവാ COP (കാലാവസ്ഥാ ഉച്ചകോടി). ഈ വർഷത്തെ, അതായത്, 29 –ാമത് കോൺഫറൻസ് അസർബെെജാനിലെ ‘ബാക്കു’വിൽ വെച്ചായിരുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട വർഷമാണ് 2025 എന്നതിനാൽ COP29 ന് അതീവ പ്രാധാന്യം കൈവന്നു.
പാരീസ് ഉടമ്പടിയുടെ ആമുഖത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നടപടിയെടുക്കുമ്പോൾ, ‘കാലാവസ്ഥാ നീതി’, ‘നീതിപൂർവ്വമായ പരിവർത്തനം’ എന്നീ ആശയങ്ങൾ കണക്കിലെടുക്കണം എന്ന് പ്രത്യേകം പറയുന്നുണ്ട്(1). COP 29 ൽ എന്തു സംഭവിച്ചു എന്ന് നോക്കുന്നതിന് മുമ്പായി വളരെ പ്രധാനപ്പെട്ട ഈ ആശയങ്ങളുടെ പ്രസക്തി പരിശോധിക്കാം.
കാലാവസ്ഥാ നീതി
കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം സമ്പന്നരും ദരിദ്രരും സ്ത്രീകളും പുരുഷന്മാരും, പ്രായമായവരും യുവതലമുറയും ഏറ്റുവാങ്ങുന്നത് തുല്യമായോ ന്യായമായ രീതിയിലോ അല്ല. വികസിത – വികസ്വര രാഷ്ട്രങ്ങൾ തമ്മിലും വലിയ അന്തരമുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ മനുഷ്യാവകാശത്തിന്റെ കണ്ണടയിൽ കൂടിയും കാണണം. സാധാരണക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാടുകളിൽ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും കളിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. കാലാവസ്ഥാ ആഘാതങ്ങൾക്ക് വിധേയമാവുന്ന ഏറ്റവും ദുർബലരായ ജനങ്ങളുടെയും സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതും പ്രശ്നം തന്നെയാണ്.
കഴിഞ്ഞ 200 വർഷത്തിനിടെയുണ്ടായ ആഗോളതാപന പ്രശ്നങ്ങൾക്ക് മനുഷ്യന്റെ ചെയ്തികളാണ് കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതിൽ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർക്ക് കാര്യമായ പങ്കില്ല. വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ദരിദ്രരാജ്യങ്ങൾ സാമ്പത്തികമായി ഉയർന്നു തുടങ്ങുന്നത് 1950കൾക്കുശേഷം മാത്രമാണ്. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങൾ വികസനത്തിന്റെ പാതയിൽ വന്നതാണ് ഇപ്പോഴത്തെ സർവ്വ കുഴപ്പത്തിന്റെയും കാരണമായി ചിലരെങ്കിലും കാണുന്നത്! അമേരിക്കയും, യൂറോപ്പും, ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിതഗൃഹവാതകങ്ങൾ തള്ളിയാണ് വികസിച്ചത്. കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് അത്തരത്തിലുള്ള വികസനത്തിന് അവസരം കിട്ടിയില്ല, അല്ലെങ്കിൽ നിഷേധിക്കപ്പെട്ടു.
‘കാലാവസ്ഥാ നീതി’ (climate justice) എന്നത് കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നീതിയെ (environmental justice) സൂചിപ്പിക്കുന്ന പ്രയോഗമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ അസമമായ പ്രത്യാഘാതങ്ങളിൽ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള കാലാവസ്ഥാ നടപടികളോടുള്ള സമീപനമാണ് കാലാവസ്ഥാ നീതി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഏതൊരു തീരുമാനത്തിന്റെയും പ്രവർത്തനത്തിന്റെയും കാര്യങ്ങളിൽ നീതിയും മനുഷ്യാവകാശങ്ങളും പരിഗണിക്കണം. വൻതോതിലുള്ള ഹരിതഗൃഹ വാതക ഉദ്‌ഗമനത്തിൽനിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കിയ രാഷ്ട്രങ്ങൾക്കും വ്യവസായങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിച്ചവരെ സഹായിക്കാൻ ബാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
കാലാവസ്ഥാ നീതിക്ക് പല തലങ്ങളുണ്ട്. ഘടനാപരമായ അസമത്വങ്ങൾ, സാമൂഹിക- – സാമ്പത്തിക അസമത്വങ്ങൾ, തലമുറകൾ തമ്മിലുള്ള അസമത്വങ്ങൾ എന്നിവ പ്രധാനമാണ്(2). വംശം, വിഭാഗം, മതം, ലിംഗഭേദം, സാമൂഹിക-–സാമ്പത്തിക നില എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഘടനാപരമായ അസമത്വങ്ങൾ കാരണം ഒരേ രാജ്യത്തിനുള്ളിൽ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഒരേപോലെ അനുഭവപ്പെടണമെന്നില്ല. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളും ദുർബലരായ ജനങ്ങളും കാലാവസ്ഥാപ്രേരിത നഷ്ടത്തിനും നാശത്തിനും കൂടുതൽ സാധ്യതയുള്ളവരാണ്. അതുപോലെതന്നെ, ഇന്നത്തെ കുട്ടികളും യുവാക്കളും കാലാവസ്ഥാ പ്രതിസന്ധിക്ക് ഉത്തരവാദികളല്ലെങ്കിലും മുൻതലമുറയുടെ ഹരിതവാതക മലിനീകരണത്തിന്റെ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ്.
നീതിപൂർവ്വമായ പരിവർത്തനം
വ്യാവസായിക വിപ്ലവത്തിനുശേഷം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പല രാജ്യങ്ങളുടെയും അസാധാരണമായ വളർച്ചയ്ക്കും വികാസത്തിനും വഴിതെളിച്ചു; പക്ഷേ, ഇത് ആഗോള കാലാവസ്ഥയ്ക്ക് വലിയ കുഴപ്പങ്ങൾ വരുത്തിവെക്കുകയും, ക്രമേണ ആഗോള താപനത്തിന് വഴിമരുന്നിടുകയും ചെയ്തു. വൻദുരന്തങ്ങൾ ഒഴിവാക്കാൻ, സുസ്ഥിരമായ, നെറ്റ്-സീറോ ഭാവിയിലേക്ക് മാറിയേ പറ്റൂ. ഈ പരിവർത്തനം വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്; എന്നാൽ അത് ന്യായമായും, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുമാകണം. അതാണ് ‘നീതിപൂർവ്വമായ പരിവർത്തനം’ അഥവാ ‘ജസ്റ്റ് ട്രാൻസിഷൻ’.
സമ്പദ്‌വ്യവസ്ഥകൾ സുസ്ഥിര രീതികളിലേക്ക് മാറുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ജൈവവൈവിധ്യം പോലുള്ള പരിസ്ഥിതി പ്രക്രിയകൾ സംരക്ഷിക്കുന്നതിനുമൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങളും ഉപജീവനവും ഉറപ്പാക്കണം. ഇതുറപ്പാക്കുന്നതിന് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വികസിപ്പിച്ച ചട്ടക്കൂടാണ് വാസ്തവത്തിൽ ‘നീതിപൂർവ്വമായ പരിവർത്തനം’ അഥവാ ‘ജസ്റ്റ് ട്രാൻസിഷൻ’. ഉദാഹരണത്തിന്, ഒരു രാജ്യം കൽക്കരി അല്ലെങ്കിൽ ഫോസിൽ ഇന്ധനങ്ങൾ വേണ്ടെന്ന് വെക്കുന്നു എന്ന് കരുതുക. ഇതിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ—തൊഴിൽ നഷ്ടം മുതലായവ—ഇത്തരമൊരു പരിവർത്തനത്തിൽ കണക്കിലെടുത്തിരിക്കണം. എന്നാൽ മാത്രമേ അത് നീതിപൂർവ്വമായ പരിവർത്തനമാകൂ.
‘നീതിപൂർവ്വമായ പരിവർത്തനം’ എന്ന ആശയം 1980-കൾ മുതൽ നിലവിലുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ പുതിയ ജല-–വായു മലിനീകരണ നിയന്ത്രണങ്ങൾ കൊണ്ട് പ്രശ്നത്തിലായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി യു.എസ്. ട്രേഡ് യൂണിയനുകൾ നടത്തിയ ഒരു പ്രസ്ഥാനത്തിൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ.) നീതിപൂർവ്വമായ പരിവർത്തനത്തെ ഇങ്ങനെ നിർവ്വചിക്കുന്നു: “ബന്ധപ്പെട്ട എല്ലാവരെയും ന്യായമായി ഉൾക്കൊണ്ട്, മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ആരെയും പിന്നിലാക്കാതെ സമ്പദ്‌വ്യവസ്ഥയെ ഹരിതവൽക്കരിക്കുകയും ചെയ്യുക”. ഐക്യരാഷ്ട്ര സഭയുടെ ‘ആരെയും പിന്നിലാക്കരുത്’ (Leave no one behind, LNOB) എന്ന സമീപനവും ഓർക്കുക. ഈ ആശയം തൊഴിലാളികളെയും മറ്റ് ജനസമൂഹങ്ങളെയും ഉൾപ്പെടുത്തി കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്തിനുള്ള ഉദ്യമത്തിൽ വൻ ശ്രദ്ധ നേടിയിരിക്കുകയാണ്.
നെറ്റ് സീറോയും
ദേശീയ കാലാവസ്ഥാ നടപടികളും
ചരിത്രപരമായി ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ വൻതോതിൽ നടത്തി കാലാവസ്ഥയെ കുഴപ്പത്തിലാക്കിയവർക്ക്, പ്രത്യേകിച്ച്, അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ വികസിത രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ നടപടികളുടെ കാര്യത്തിൽ ഉത്തരവാദിത്തങ്ങൾ കൂടുതലുണ്ടാകും, ഉണ്ടാകണം. ഇതിനർത്ഥം ഓരോ രാജ്യത്തിന്റെയും സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങളും അവരുടെ ഭൗതികവും സാമ്പത്തികവുമായ ശേഷികളും കണക്കിലെടുത്തുകൊണ്ട് കാലാവസ്ഥാ ലഘൂകരണ പദ്ധതികളും പൊരുത്തപ്പെടൽ രീതികളും ആസൂത്രണം ചെയ്യണം എന്നാണ്.
യുഎൻഎഫ്സിസിസി സ്ഥാപിതമായതിനുശേഷം ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിന് ലോക രാജ്യങ്ങൾ ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) എന്ന് വിളിക്കപ്പെടുന്ന ഒരു കരാറിന് രൂപംനല്കുകയുണ്ടായി. 2008–-2012 ആയിരുന്നു ആദ്യ പ്രതിബദ്ധതാ കാലയളവ്. ഇക്കാലയളവിൽ വികസിത രാജ്യങ്ങൾ ആഗോളതാപനം കുറയ്ക്കുന്നതിന് നിശ്ചിത നടപടികളെടുക്കണം എന്ന് നിബന്ധനയുണ്ടായിരുന്നു. പക്ഷേ, അവയൊന്നും കാര്യമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല, താപനിലയും കുറഞ്ഞില്ല! അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ക്യോട്ടോ ഉടമ്പടിയിൽ ഒപ്പിട്ടുമില്ല. ക്യോട്ടോ ഉടമ്പടി പരാജയപ്പെടുന്നുവെന്ന് കണ്ടതോടെയാണ് വികസിത, വികസ്വര ഭേദമന്യേ എല്ലാ രാജ്യങ്ങൾക്കും ബാധകമായ ‘പാരീസ് ഉടമ്പടി’ 2015 ൽ കൊണ്ടുവരുന്നത്(1). പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം, “കാലാവസ്ഥാ മാറ്റത്തിന്റെ അപകടസാധ്യതകളും ആഘാതങ്ങളും ഗണ്യമായി കുറയ്-ക്കുന്നതിന് ആഗോള താപനിലയിലെ ശരാശരി വർദ്ധനവ് വ്യാവസായികഘട്ടത്തിനുമുമ്പുള്ള നിലയേക്കാൾ 2ഡിഗ്രി സെൽഷ്യസിനു താഴെയായി കൊണ്ടുവരികയും താപനിലവർദ്ധന വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക” എന്നതാണ് (ആർട്ടിക്കിൾ 2.1a).
വികസ്വര രാജ്യങ്ങൾക്ക് അർഹമായ കാർബൺ ഇടത്തിനും സുസ്ഥിര വികസനത്തിനും ന്യായമായ അവകാശമുണ്ടെന്നും അവർക്ക് കാർബൺ ഉദ്‌ഗമനം പാരമ്യത്തിലെത്താൻ കൂടുതൽ സമയമെടുക്കുമെന്നും പാരീസ് ഉടമ്പടി അംഗീകരിക്കുന്നു. നിശ്ചിത സമയക്രമങ്ങളൊന്നും പരാമർശിക്കാതെ 21-–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വികസ്വര രാജ്യങ്ങൾ ആഗോള ഉദ്‌ഗമനത്തിന്റെ പാരമ്യത്തിലെത്തുകയും തുടർന്ന് കുറഞ്ഞുവരികയും ചെയ്യുക എന്നത് അംഗീകരിക്കപ്പെട്ടു. ചുരുക്കത്തിൽ, രാജ്യങ്ങൾ അവയുടെ അവസ്ഥയും കഴിവുമനുസരിച്ച് നെറ്റ് സീറോ ലക്ഷ്യവും അത് കൈവരിക്കുന്നതിനുള്ള കാലാവസ്ഥാ നടപടികളും (NCD) പ്രഖ്യാപിക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും വേണം. ഇന്ത്യയുടെ കാർബൺ ഉദ്‌ഗമനം 2040 നും 2045 നും ഇടയിൽ പാരമ്യത്തിലെത്തുകയും പിന്നീട് കുറഞ്ഞുവരുകയും ചെയ്യുമെന്ന അനുമാനത്തിലാണ് 2070 ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി സ്വീകരിച്ചിരിക്കുന്നത്. പല വികസിത രാഷ്ട്രങ്ങൾക്കും ഇതത്ര സമ്മതമായിരുന്നില്ല എന്നത് വേറെ കാര്യം. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവ 2050 ആണ് ലക്ഷ്യമാക്കിയിരിക്കുന്നത്, ചൈന 2060 ഉം.
ക്യോട്ടോ ഉടമ്പടിയിലെ കാർബൺ കുറയ്ക്കൽ വ്യവസ്ഥകൾ തുടക്കത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് മാത്രമായിരുന്നു ബാധകം. പക്ഷേ, പാരീസ് ഉടമ്പടി പ്രകാരം, എല്ലാ രാജ്യങ്ങൾക്കും നെറ്റ് സീറോ ലക്ഷ്യവും അതിലേക്ക് എത്തുന്നതിനുള്ള കാലാവസ്ഥാ നടപടികളും നിർബന്ധമാക്കി. നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന് ഓരോ രാജ്യവും നടപ്പിലാക്കേണ്ട ‘കാലാവസ്ഥാ നടപടികളുടെ’ ഔദ്യോഗിക നാമം ‘ദേശീയമായി നിശ്ചയിച്ച സംഭാവനകൾ’ (Nationally Determined Contributions, NCD) എന്നാണ്. ഇത് തയ്യാറാക്കേണ്ടത് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common But Differentiated Responsibilities and Respective Capabilities, in the light of different National Circumstances – CBDR-RCNC) അനുസരിച്ചായിരിക്കണമെന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത കഴിവുകളും ഉത്തരവാദിത്തങ്ങളും ദേശീയ സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാകണം ആഗോള താപനത്തിനെതിരെയുള്ള പ്രവർത്തന പദ്ധതി രൂപകല്പന ചെയ്യേണ്ടത്. ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ എന്ന തത്ത്വം കാലാവസ്ഥാ നീതി, നീതിപൂർവ്വമായ പരിവർത്തനം എന്നിവ കണക്കിലെടുക്കുന്നുണ്ട് എന്നാണ് അവകാശവാദം. ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥമാണ്, എന്നാൽ അവർക്ക് തുല്യ ഉത്തരവാദിത്തമല്ല!
ഇന്ത്യ 2015 ഒക്‌ടോബർ 2-ന് CBDR-RCNC തത്ത്വം പാലിച്ചുകൊണ്ടുതന്നെ, ‘ദേശീയ കാലാവസ്ഥാ നടപടികൾ’ സമർപ്പിച്ചിരുന്നു. ഇതിൽ എട്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പാരീസ് ഉടമ്പടി പ്രകാരം രാജ്യങ്ങളോട് അവരുടെ NDC-കൾ 2020 മുതൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പ്രതിബദ്ധതകൾ മെച്ചപ്പെടുത്തി പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യം കൊണ്ട് പല രാജ്യങ്ങൾക്കും 2020 ൽ NCD പുതുക്കി നല്കാൻ സാധിച്ചില്ല. ഉദ്ദേശിച്ച ഉൽസർജനം വെട്ടിക്കുറയ്ക്കലും യഥാർഥ ഉൽസർജനം കുറയ്ക്കലും തമ്മിലുള്ള വലിയ വിടവ് കണക്കിലെടുത്ത്, 2021 നവംബറിലെ ഗ്ലാസ്‌ഗോ ഉച്ചകോടി (COP26) എല്ലാ രാജ്യങ്ങളോടും 2022-ൽ തന്നെ തങ്ങളുടെ NDC-കളിലെ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കാനും പുതുക്കാനും ആഹ്വാനം ചെയ്തു.
2022 ആഗസ്തിൽ, ഇന്ത്യ NDC കൾ പുതുക്കി നല്കി (3); പ്രധാനമായും മൂന്നു ലക്ഷ്യങ്ങളിലാണ് പുതുക്കൽ നടത്തിയത്. ഒന്നാമത്തെ ലക്ഷ്യത്തോടൊപ്പം വ്യക്തികൾക്കും സമൂഹത്തിനും ബാധകമായ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE) കൂട്ടിചേർത്തു (4). NDC യുടെ മൂന്നാമത്തെ ലക്ഷ്യവും പുതുക്കി; അതനുസരിച്ച് 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ഉൽസർജന തീവ്രത GDP യുടെ 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക എന്നതിന് പകരം 45 ശതമാനം വരെ കുറയ്-ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായി (ഇന്ത്യ ഇതിനകം 36% കുറച്ച് കഴിഞ്ഞു). കൂടാതെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ ലക്ഷ്യം 2030-ഓടെ 40 ശതമാനം എന്നതിന് പകരം 50 ശതമാനമായും ഉയർത്തി (ഇതിനകം നേടിയത് 43.8%). അഞ്ചാമത്തെ ലക്ഷ്യത്തിൽ മാറ്റം വരുത്തിയില്ലെങ്കിലും പ്രസക്തമാണ്; അധിക വനാവരണത്തിലൂടെയും പുതുതായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെയും 2005-ലെ അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കും (ഇതിനകം 2.29 ശതകോടി ടൺ സൃഷ്ടിച്ചുകഴിഞ്ഞു). ഇനി 2025 ൽ, 2035 ലക്ഷ്യം വെച്ചുകൊണ്ട് എല്ലാ ലോക രാജ്യങ്ങളും NDC കളുടെ മൂന്നാമത് പുതുക്കൽ നടത്തണം, അതായത് NDC 3.0.
ഇന്ത്യ 2022 ൽ പുതുക്കി നല്കിയ, 2030 ലേക്കുള്ള 8 NDC ലക്ഷ്യങ്ങളിൽ വ്യക്തമായി അളക്കാവുന്നത് മേൽപ്പറഞ്ഞ മൂന്നെണ്ണം മാത്രമാണ് (ലക്ഷ്യങ്ങൾ 3,4,5). ഇവ മൂന്നും നടപ്പിലാക്കുന്നതിന് നല്ല തോതിൽ പണം ചെലവഴിക്കണം. ഇന്ത്യയുടെ NDC ലക്ഷ്യങ്ങളിൽ നാലാമത്തേത് ശ്രദ്ധിക്കുക, “സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവ ഉപയോഗിച്ച് 2030-ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കുക”. ഇതൊരു സോപാധിക NCD ലക്ഷ്യമാണ്, ‘ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം’ ലഭിക്കുന്നില്ലെങ്കിൽ ഇതിൽ പറഞ്ഞ ‘2030-ഓടെ’, ‘50 ശതമാനം’ എന്ന ലക്ഷ്യം നിറവേറ്റുക അത്ര എളുപ്പമായിരിക്കില്ല (ഇതിനകം കൈവരിച്ചത് 43.8%). പല രാജ്യങ്ങളും ഇത്തരം സോപാധിക ലക്ഷ്യങ്ങൾ NDC യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വീണ്ടും പുതുക്കുമ്പോൾ ലക്ഷ്യങ്ങൾ വർധിപ്പിക്കേണ്ടി വരും. ലോക രാജ്യങ്ങൾ ഉദ്ദേശിക്കുന്ന NDC കൾ എല്ലാം നടപ്പിലാകണമെങ്കിൽ 5 ലക്ഷം കോടി മുതൽ 6.9 ലക്ഷം കോടി ഡോളർ വരെ (5-6.9 ട്രില്ല്യൺ) വേണ്ടി വരുമെന്നാണ് നിഗമനം.
പുതിയ കാലാവസ്ഥാ
ധനസഹായ ലക്ഷ്യം
2024 ലെ കാലാവസ്ഥാ കോൺഫറൻസ് 2024 നവംബർ 11 മുതൽ 22 വരെയായി ഉദ്ദേശിച്ചിരുന്നത് ഒരു ദിവസം വൈകി നവംബർ 23ന് രാത്രി മാത്രമേ അവസാനിച്ചുള്ളൂ. വികസ്വര രാഷ്ട്രങ്ങൾക്കുള്ള കാലാവസ്ഥാ ഫണ്ടിന്റെ കാര്യത്തിൽ സമവായം ഉണ്ടാക്കാതെ കോൺഫറൻസ് അവസാനിപ്പിക്കാൻ സാധിക്കില്ലായിരുന്നു; ഫണ്ടിന്റെ അടങ്കലിന് പറയുന്ന പേരാണ്, ‘കാലാവസ്ഥാ ധനസഹായത്തിനുള്ള പുതിയ കൂട്ടായ അളവ് ലക്ഷ്യം’ (New Collective Quantified Goal on Climate Finance, NCQG). എന്താണീ NCQG? വികസ്വര രാഷ്ടങ്ങൾ ഈ NCQG യുടെ കാര്യത്തിൽ എന്തുകൊണ്ട് നിർബന്ധംപിടിച്ചു? ഇത് മനസ്സിലാകണമെങ്കിൽ കാലാവസ്ഥാ ഫണ്ടിങ്ങിന്റെ കുറച്ച് ചരിത്രം കൂടി അറിയണം.
1992-ൽ ലോകരാഷ്ട്രങ്ങൾ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) ചർച്ച ചെയ്തപ്പോൾ, കാലാവസ്ഥാ മാറ്റത്തെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് വികസിത രാജ്യങ്ങൾ ധനസഹായം നൽകുമെന്ന് പറഞ്ഞിരുന്നു. 2009-ൽ (COP 15 കോപ്പെൻഹേഗൻ) വികസിതരാജ്യങ്ങൾ, വികസ്വരരാജ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് 2020-ഓടെ, പ്രതിവർഷം 10,000 കോടി ഡോളർ സമാഹരിച്ച് നൽകാമെന്ന് ഉറപ്പു നല്കിയിരുന്നതാണ്. പക്ഷേ, ഈ 10,000 കോടി ഡോളർ എന്ന ലക്ഷ്യത്തിലേക്കെത്തുന്നത് 2022 ൽ മാത്രമാണ്. കോവിഡ് സാഹചര്യമാണ് അതിന് ഒരു കാരണമായി പറയുന്നത്. 2025-ന് മുമ്പ്, “വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് പ്രതിവർഷം 10,000 കോടി ഡോളർ എന്ന നിലയിൽ നിന്ന് ഒരു പുതിയ കൂട്ടായ അളവ് ലക്ഷ്യം സ്ഥാപിക്കും’ എന്നും തീരുമാനിച്ചിരുന്നു. ‘കാലാവസ്ഥാ ധനസഹായത്തിനുള്ള പുതിയ കൂട്ടായ അളവ് ലക്ഷ്യം’ (NCQG) എത്രയാണ് എന്നതായിരുന്നു COP29 ലെ ചർച്ചകളുടെ കീറാമുട്ടി!
പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 2.1c യിൽ വ്യക്തമായി പറയുന്നുണ്ട്, “കുറഞ്ഞ ഹരിതഗൃഹ വാതക ഉൽസർജനം, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വികസനം (climate-resilient development). എന്നിവയിലേക്കുള്ള മാറ്റത്തിന് അനുരൂപമായി ധനപ്രവാഹം സൃഷ്ടിക്കണം”. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് നൽകേണ്ട സാമ്പത്തിക – സാങ്കേതിക പിന്തുണകളും, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും കരാറിലുണ്ട്. ഈ പിന്തുണ ദരിദ്ര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ ലഘൂകരണ നടപടികളിലും (mitigation) പൊരുത്തപ്പെടൽ ശ്രമങ്ങളിലും (adaptation) അവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആർട്ടിക്കിൾ 9.1 ൽ കുറച്ചു കൂടി വ്യക്തത വരുത്തുന്നുണ്ട്, “വികസിത രാജ്യ പാർട്ടികൾ വികസ്വര രാജ്യങ്ങളെ പാരീസ് ഉടമ്പടിയുടെ കീഴിലുള്ള അവരുടെ ബാധ്യതകൾ നിലവിലുള്ളതിന്റെ തുടർച്ചയിൽ ലഘൂകരിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് സാമ്പത്തിക സഹായം നൽകും”. ഈ സാമ്പത്തിക പിന്തുണ 2009 ൽ 10,000 കോടി ഡോളർ എന്ന് തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി 2025 മുതൽ എത്രയായിരിക്കുമെന്നതായിരുന്നു COP 29 ലെ പ്രധാന വിഷയം.
വികസിത രാജ്യങ്ങളുടെ ചരിത്രപരമായ കാർബൺ ബഹിർഗമനം ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരും. മറ്റ് രാജ്യങ്ങൾ വികസനത്തിന്റെ പാതയിലായതുകൊണ്ടും, അവരുടെ കാർബൺ ബഹിർഗമനം വർദ്ധിച്ചുവരുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. വികസ്വര രാജ്യങ്ങൾക്ക് അർഹമായ കാർബൺ ഇടം കിട്ടിയില്ലെങ്കിൽ അവർ എന്നും വികസ്വരരായി തുടരും. വികസ്വര രാജ്യങ്ങങ്ങളുടെ എമിഷൻ വർദ്ധിക്കാതിരിക്കണമെങ്കിൽ വികസിത രാജ്യങ്ങൾ അതിനുള്ള ധനസഹായം നൽകി കോമ്പൻസേറ്റ് ചെയ്യണം. അതിനു സമ്പന്നർ തയ്യാറല്ല. ഓരോ മുട്ടുന്യായങ്ങൾ കൊണ്ടുവരും, ചൈനയ്-ക്കും ഇന്ത്യക്കും ധനസഹായമില്ല, അവരെ ‘വികസിക്കുന്ന’ (developing) എന്നതിൽ നിന്ന് ഒഴിവാക്കണം, എന്നൊക്കെ. നമ്മുടെ നാട്ടിലെ പൊതു പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചു നേട്ടങ്ങൾ കൊയ്തവർ ഇപ്പോൾ സാധാരണക്കാരോട് കാണിക്കുന്ന അതേ മനോഭാവം തന്നെ.
കാർബൺ ഫൈനാൻസ്
ചർച്ചയുടെ പര്യവസാനം
മാരത്തോൺ ചർച്ചകൾക്കൊടുവിൽ ലോകത്തിന്, പ്രത്യേകിച്ച്, വികസ്വര രാജ്യങ്ങൾക്ക് അത്ര ആശാവഹമല്ലാത്ത പ്രഖ്യാപനമാണ് പുറത്തുവന്നത്. പക്ഷേ, UNFCC സെക്രട്ടേറിയറ്റ് വിജയം അവകാശപ്പെടുന്നുണ്ട്. 2024 നവംബർ 24 ന് പുറത്തുവന്ന വാർത്താക്കുറിപ്പ് ഇങ്ങനെയായിരുന്നു, “വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം 2035-ഓടെ പ്രതിവർഷം 10,000 കോടി ഡോളറെന്ന മുൻ ലക്ഷ്യത്തിൽ നിന്ന് മൂന്നിരട്ടിയായി, അതായത്, 30,000 കോടി ഡോളറായി ഉയർത്തുന്ന ഒരു സുപ്രധാന കരാറിൽ എത്തി”(5). അതോടൊപ്പം “ധനസഹായം 2035-ഓടെ പൊതു-–സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് പ്രതിവർഷം 1.3 ട്രില്യൺ (1,30,000കോടി) ഡോളറായി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും” എന്നും പറഞ്ഞിട്ടുണ്ട്. മുൻപറഞ്ഞ NCQG യിൽ എത്രയാണ് ധനസഹായം (ഗ്രാന്റ്) എത്രയാണ് വായ്പ എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. അത്തരം കാര്യങ്ങൾ അടുത്ത വർഷം ബ്രസീലിലെ ബെലെം, എന്ന സ്ഥലത്ത് നടക്കാൻ പോകുന്ന COP 30 ൽ വെച്ചു തീരുമാനിക്കും. വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം ആർട്ടിക്കിൾ 9.8 അനുസരിച്ച് രൂപീകൃതമായിട്ടുള്ള ‘ഗ്രീൻ ക്ലൈമറ്റ് ഫണ്ട്’ (GCF)വഴിയായിരിക്കുമോ എന്നുള്ള കാര്യമൊക്കെ അന്തിമമാക്കാനുണ്ട്.
2025 സമയപരിധി അടുത്തിരിക്കുന്നതിനാൽ, പുതിയ ലക്ഷ്യത്തിൽ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. 2025 ന് മറ്റൊരു പ്രത്യേകതയുമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, ലോക രാജ്യങ്ങൾ NDC 3.0 സമർപ്പിക്കേണ്ട സമയം 2025 ഫെബ്രുവരി ആണ്. NDC കൾ ഉദ്ദേശിച്ച പോലെ നടപ്പിലാക്കുന്നതിന് ചെറിയ തോതിലുള്ള പണമൊന്നും പോര. ലോക രാജ്യങ്ങൾ ഉദ്ദേശിക്കുന്ന കാലാവസ്ഥാ നടപടികളെല്ലാം നടപ്പിലാകണമെങ്കിൽ നേരത്തെ സൂചിപ്പിച്ചതുപോലെ 5 ലക്ഷം കോടി ഡോളർ മുതൽ 6.9 ലക്ഷം കോടി ഡോളർ വരെ (5-6.9 ട്രില്ല്യൺ) വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ ഏകദേശം നാലിലൊന്ന്, അതായത്, 1.3 ലക്ഷം കോടി ഡോളർ ആണ് NCQG ആയി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടത്. അതാണിപ്പോൾ 30,000 കോടി ഡോളർ ആയി കുറഞ്ഞുപോയത്! വാഗ്ദാനത്തിന്റെ അവസ്ഥയും തുടർന്നുള്ള NCD കളുടെ അവസ്ഥയും യു. എൻ. ക്ലൈമറ്റ് ചേഞ്ച് എക്സിക്യൂട്ടീവ് സെക്രട്ടറി, സൈമൺ സ്റ്റീൽ തന്നെ പറയുന്നുണ്ട്, “കാലാവസ്ഥാ ആഘാതങ്ങൾ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിൽ, ഈ പുതിയ സാമ്പത്തിക ലക്ഷ്യം മാനവികതയ്ക്കുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ്, എന്നാൽ ഏതൊരു ഇൻഷുറൻസ് പോളിസിയും പോലെ, പ്രീമിയം പൂർണ്ണമായും കൃത്യസമയത്ത് അടച്ചാൽ മാത്രമേ ഇത് പ്രവർത്തിക്കൂ. കോടിക്കണക്കിന് ജീവൻ സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങൾ പാലിക്കണം”(5).
കാർബൺ ഓഫ്സെറ്റിംഗ് പദ്ധതിക്ക് അംഗീകാരം
പാരീസ് ഉടമ്പടിക്ക് 29 വകുപ്പുകൾ (articles)ഉണ്ട്. ഇതിൽ ആർട്ടിക്കിൾ 6 ഒഴിച്ച് ബാക്കിയെല്ലാത്തിന്റെയും കാര്യത്തിൽ തീരുമാനങ്ങളെടുത്ത് നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പാരിസ് ഉടമ്പടി പ്രാബല്യത്തിലായി പത്തു വർഷം കഴിഞ്ഞിട്ടാണെങ്കിലും, അവശേഷിച്ച ‘കാർബൺ ഓഫ്സെറ്റിംഗ്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 6 ന്റെ കാര്യം ഒടുവിൽ തീരുമാനമായി. ഇതിന്റെ 6.2, 6.4, 6.7 എന്നീ ഉപവകുപ്പുകളും പ്രധാന്യമർഹിക്കുന്നു. ആർട്ടിക്കിൾ 6 പ്രകാരം രണ്ട് വിപണി സംവിധാനവും (6.2, 6.4 ) ഒരു വിപണിയിതര (6.8) സംവിധാനവുമാണുള്ളത്.
പലരും പ്രതീക്ഷയോടെ കാത്തിരുന്ന ആർട്ടിക്കിൾ 6 സംവിധാനം 2025 ൽ തന്നെ പ്രാവർത്തികമാകും എന്ന് കരുതാം. രാജ്യങ്ങൾ അവരുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരിക്കുമ്പോൾ അവർക്ക് വിശ്വസനീയവും സുതാര്യവുമായ കാർബൺ വിപണികൾ ആർട്ടിക്കിൾ 6 ഉറപ്പുനല്കുന്നു. ഈ സഹകരണം രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികൾ (NDCs) നടപ്പിലാക്കുന്നതിനുള്ള ചെലവ് പ്രതിവർഷം 25,000 കോടി ഡോളർ വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, കാർബൺ വിപണനവുമായി ബന്ധപ്പെട്ട് ഉയർന്നു വരാറുള്ള ‘ഗ്രീൻ വാഷിങ്’ ഒഴിവാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മറ്റൊരു പ്രശ്നവുമുണ്ട്. പാരീസ് ഉടമ്പടിക്ക് മുമ്പുണ്ടായിരുന്ന ക്യോട്ടോ ഉടമ്പടിയിലാണ് ‘കാർബൺ ക്രഡിറ്റ്’ ആദ്യമായി സ്ഥാനം പിടിക്കുന്നത്. പക്ഷേ, ഇതിൽ വികസിത രാജ്യങ്ങൾക്ക് മാത്രമായിരുന്നു എമിഷൻ കുറയ്ക്കാനുള്ള ബാധ്യത. പക്ഷേ, പാരീസ് ഉടമ്പടി പ്രകാരം എല്ലാ രാജ്യങ്ങൾക്കും, വികസിത – വികസ്വര ഭേദമില്ലാതെ, എമിഷൻ കുറയ്ക്കാൻ ബാധ്യതയുണ്ട്. ഇതിനർത്ഥം, പഴയപോലെ മറ്റു രാജ്യങ്ങളിൽ നിന്ന് കാർബൺ ക്രഡിറ്റുകൾ വാങ്ങി തട്ടിക്കിഴിക്കാനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്നാണ്.
ഇന്ത്യ കാർബൺ ഓഫ്സെറ്റിങ്ങുമായി ബന്ധപ്പെട്ട് ചില പദ്ധതികൾ 2023–-24 ൽ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രിത വിപണിയും (compliance market) സന്നദ്ധ വിപണിയും (voluntary market)ഉൾപ്പെടെയുള്ള ഇന്ത്യൻ കാർബൺ മാർക്കറ്റ്(ICM) ആണ് ഇതിൽ പ്രധാനപ്പെട്ടത് (6), പക്ഷേ തുടങ്ങിയിരുന്നില്ല. ഇനിയിപ്പോൾ ആർട്ടിക്കിൾ 6 ന്റെ നടത്തിപ്പ് എങ്ങനെ എന്ന് അറിഞ്ഞതിനു ശേഷമേ ICM പ്രവർത്തനക്ഷമമാകാൻ സാധ്യതയുള്ളൂ. ഇതിനോട് കൂട്ടിവായിക്കേണ്ട ഒന്നാണ് ക്യോട്ടോ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞു വന്ന സന്നദ്ധ കാർബൺ മാർക്കറ്റ് (voluntary market). വെറ (Verra), ഗോൾഡ് സ്റ്റാൻഡേർഡ് (Gold Standard), പ്യൂറോ എർത്ത് (Puro Earth)എന്നീ അന്താരാഷ്ട്ര കാർബൺ സ്റ്റാൻഡേർഡ് സ്ഥാപനങ്ങൾക്കു താത്പര്യമുള്ള ഒന്നാണിത്. ഇതിന്റെ ഭാവിയും ആർട്ടിക്കിൾ 6 തീരുമാനിക്കും.
ഇന്ത്യയിൽ ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’യുടെ(LIFE)പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്ന പ്രതീക്ഷയോടെ കൊണ്ടുവന്നതാണ് ‘ഗ്രീൻ ക്രെഡിറ്റ്’ എന്ന വിപണി അധിഷ്‌ഠിത സംവിധാനം (7). ‘കാർബൺ ക്രെഡിറ്റി’നെക്കാൾ മെച്ചമായ ഒന്ന് എന്ന രീതിയിലാണ് ഇന്ത്യയിൽ ‘ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം’ കൊണ്ടുവരുന്നത്. ആർട്ടിക്കിൾ 6 പ്രാവർത്തികമാകുന്നതോടെ ഇതിന്റെ ഭാവി എന്താകുമെന്ന ഉത്കണ്ഠയുണ്ട്.
പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പറയുന്നത് രണ്ടു രാജ്യങ്ങൾ സഹകരിച്ചുകൊണ്ടുള്ള കാർബൺ ക്രെഡിറ്റുകളുടെ വ്യാപാരത്തിന്റെ കാര്യമാണ്. ഇതുപ്രകാരം രാജ്യങ്ങൾ തമ്മിൽ കാർബൺ ക്രെഡിറ്റുകളുടെ ഉഭയകക്ഷി, അല്ലെങ്കിൽ ബഹുമുഖ വ്യാപാരം അനുവദിക്കുന്നു. ഇങ്ങനെ ക്രയവിക്രയം ചെയ്യുന്ന ക്രെഡിറ്റുകളെ ITMO കളെ (Internationally Transferred Mitigation Outcomes – ITMOs) അഥവാ ‘അന്താരാഷ്ട്രതലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ലഘൂകരണ യൂണിറ്റുകൾ’ എന്നു വിളിക്കുന്നു. ഏതെങ്കിലും രാജ്യം ITMO കൾ വാങ്ങുന്നത് സ്വന്തം ഉൽസർജന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ ഏതെങ്കിലും വിടവുകൾ പരിഹരിക്കാനാണ്. ഇത്തരം വ്യാപാരങ്ങൾക്ക് എങ്ങനെ അംഗീകാരം നൽകുമെന്നും ഇത് ട്രാക്കുചെയ്യുന്ന രജിസ്ട്രറികൾ എങ്ങനെ പ്രവർത്തിക്കുമെന്നും വ്യക്തത നൽകുന്ന തീരുമാനം COP29ൽ ഉണ്ടായി. സാങ്കേതിക അവലോകനങ്ങളുടെ സുതാര്യമായ പ്രക്രിയയിലൂടെ പരിസ്ഥിതി സമഗ്രത മുൻകൂട്ടി ഉറപ്പാക്കും.
UNFCCC യുടെ മേൽനോട്ടത്തിൽ ഒരു പുതിയ ആഗോള കാർബൺ വിപണി സൃഷ്ടിക്കുകയാണ് ആർട്ടിക്കിൾ 6.4 ലക്ഷ്യമിടുന്നത്. ഈ സംവിധാനം വഴി, ഒരു രാജ്യത്തിനോ, കമ്പനിക്കോ ആ രാജ്യത്തെ എമിഷൻ കുറയ്ക്കാനും ആ കുറവ് ക്രെഡിറ്റ് ചെയ്യാനും കഴിയും. ഈ ക്രെഡിറ്റുകൾ മറ്റൊരു രാജ്യത്തെ വേറൊരു കമ്പനിക്ക് വാങ്ങി അവരുടെ എമിഷൻ റിഡക്ഷൻ ബാധ്യതകൾ പാലിക്കുന്നതിന് ഉപയോഗിക്കാം. ഈ സംവിധാനം ‘പാരീസ് എഗ്രിമെന്റ് ക്രെഡിറ്റിംഗ് മെക്കാനിസം’ (PACM) എന്നറിയപ്പെടുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ കാർബൺ വ്യാപാരം സാധ്യമാക്കിയ പഴയ സംശുദ്ധ വികസന തന്ത്രത്തിന് (Clean development mechanism – CDM) സമാനമായിട്ടാണ് PACM. ഇവയിൽ നിന്നുള്ള എമിഷൻ റിഡക്ഷൻ യൂണിറ്റുകൾ (ER) രാജ്യങ്ങൾക്കോ കമ്പനികൾക്കോ വ്യക്തികൾക്കോ വാങ്ങാം. ITMO-കളിൽ നിന്ന് വ്യത്യസ്തമായി, ER ക്രെഡിറ്റുകൾ UNFCCC മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം.
നിർബന്ധിത പരിശോധനകൾക്ക് ഐക്യരാഷ്ട്ര സഭയുടെ പാരീസ് ഉടമ്പടി ക്രെഡിറ്റിംഗ് മെക്കാനിസത്തിൽ പങ്കെടുക്കുന്നവർ ബാധ്യസ്ഥരാണ്. പ്രോജക്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയാനും വിലയിരുത്താനും ഒഴിവാക്കാനും കുറയ്ക്കാനും ലഘൂകരിക്കാനും ആവശ്യപ്പെടാം. പുതിയ നിയമങ്ങൾ വഴി ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ പാരിസ്ഥിതികവും സാമൂഹികവുമായ അവകാശങ്ങൾ ഒരു നിർബന്ധിത സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടും. സുസ്ഥിര വികസന സംവിധാനം (Sustainable Development Tool) എന്നറിയപ്പെടുന്ന ഇത് പദ്ധതി ആഘാതങ്ങൾ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
പുതിയ കാർബൺ ക്രെഡിറ്റിംഗ് സംവിധാനം സജ്ജീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സൂപ്പർവൈസറി ബോഡിക്ക് 2025-ൽ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്തുതീർത്ത് പാരീസ് എഗ്രിമെന്റ് ക്രെഡിറ്റിംഗ് മെക്കാനിസം എത്രയുംവേഗം, അതായത്, 2025 ൽ തന്നെ പ്രയോഗക്ഷമമാക്കണം.
പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.4 മെക്കാനിസത്തിന് കീഴിൽ ഇന്ത്യയിൽ അന്തിമമാക്കിയ പ്രവർത്തനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു (8):
1. ഹരിതഗൃഹ വാതക ലഘൂകരണ പ്രവർത്തനങ്ങൾ
2. സംഭരണത്തോടുകൂടിയ പുനരുപയോഗ ഊർജം
3. സോളാർ തെർമൽ പവർപ്ലാന്റ്
4. സമുദ്ര തീരത്തെ കാറ്റ്
5. ഗ്രീൻ ഹൈഡ്രജൻ
6. കംപ്രസ്ഡ് ബയോഗ്യാസ്
7. ഇന്ധന സെല്ലുകൾ പോലുള്ള മൊബിലിറ്റി പരിഹാരങ്ങൾ
8. ഊർജ്ജ കാര്യക്ഷമതയ്ക്കുള്ള ഹൈ-എൻഡ് സാങ്കേതികവിദ്യ
9. സുസ്ഥിര വ്യോമയാന ഇന്ധനം
10. കുറയ്ക്കാൻ പ്രയാസമായ സെക്ടറുകളിലെ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ
11. ടൈഡൽ എനർജി, ഓഷ്യൻ തെർമൽ എനർജി, ഓഷ്യൻ സാൾട്ട് ഗ്രേഡിയന്റ് എനർജി, ഓഷ്യൻ വേവ് എനർജി, ഓഷ്യൻ കറന്റ് എനർജി
12. ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ട്രാൻസ്മിഷൻ, നവീകരണ ഊർജ്ജ പദ്ധതികൾ
13. പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് ക്ലീൻ പാചകം (സർക്കാർ അല്ലെങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ മാത്രം)
14. ഗ്രീൻ അമോണിയ
15. കാർബൺ പിടിച്ചെടുക്കൽ, ഉപയോഗം, സംഭരണം
ആർട്ടിക്കിൾ 6.8 ൽ ‘മാർക്കറ്റ് ഇതര സംവിധാനങ്ങൾ’ (non-market approaches – NMA) ആണുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥാ സഹകരണത്തിനായുള്ള മാർക്കറ്റ് ഇതര സമീപനങ്ങൾക്ക് ഒരു ഔപചാരിക ചട്ടക്കൂട് ഈ ആർട്ടിക്കിൾ നൽകുന്നു. പക്ഷേ, അവിടെ പുറന്തള്ളലിന്റെ വ്യാപാരം ഉൾപ്പെടുന്നില്ല. ഉദാഹരണത്തിന്, സാങ്കേതികവിദ്യ കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ, വികസന സഹായം അല്ലെങ്കിൽ ഉൽസർജനം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നികുതികൾ എന്നിവ. മാർക്കറ്റ് ഇതര സംവിധാനങ്ങൾക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാനും ധാരണയായിട്ടുണ്ട്.
COP 29 ലെ മറ്റ് തീരുമാനങ്ങൾ
UNFCCC യുടെ ഭാഗമായി ‘നാശ-നഷ്ട നിധി’ (loss and damage fund) എന്ന പേരിൽ വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ ആഗോള താപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് വിഭവദാരിദ്ര്യമനുഭവിക്കുന്ന രാജ്യങ്ങളെ ഉദ്ദേശിച്ച് പ്രത്യേകമായി ഒരു ഫണ്ട് ഉണ്ട്. ഈ ഫണ്ട് പ്രവൃത്തി പഥത്തിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനവും ബാക്കുവിൽ ഉണ്ടായി. പക്ഷേ, സൃഷ്ടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ അപര്യാപ്തമായി തുടരുന്നു. ഇപ്പോഴുള്ള 70 കോടി ഡോളർ എന്നത് 73.1 കോടി ഡോളർ ആയി ഉയർന്നവെന്ന് മാത്രം.
ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള COP28 ന്റെ പ്രതിബദ്ധത, അതായത്, കഴിഞ്ഞ വർഷം ദുബായിൽ നടന്ന ചർച്ചകളിലെ “ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം’ (transition away) ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ തുടർച്ച ഉണ്ടായില്ല. കഴിഞ്ഞ വർഷത്തെ “ആഗോള കണക്കെടുപ്പിന്റെ’ (Global stocktake) ഫലങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെക്കുറിച്ച് തീരുമാനത്തിലെത്തുന്നതിലും രാജ്യങ്ങൾ പരാജയപ്പെട്ടു. പകരം ഇവ അടുത്ത വർഷത്തെ COP30 ലേക്ക് മാറ്റിവെച്ചു. ബാക്കു കോൺഫറൻസ് ജെൻഡറും കാലാവസ്ഥാ മാറ്റവും സംബന്ധിച്ചുള്ള ‘ലിമ വർക്ക് പ്രോഗ്രാം’ 10 വർഷത്തേക്ക് കൂടി നീട്ടി. COP30-ൽ ഒരു പുതിയ ജെൻഡർ ആക്ഷൻ പ്ലാൻ വികസിപ്പിക്കാനും തീരുമാനിച്ചു.
കാലാവസ്ഥാ പ്രവർത്തനങ്ങളിൽ തദ്ദേശവാസികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ശബ്ദങ്ങൾ ഉയർത്താൻ ഉദേശിച്ചുള്ള ബാക്കു വർക്ക്പ്ലാൻ COP29 ൽ അംഗീകരിക്കപ്പെട്ടു. വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ഇടപഴകാനുള്ള ശേഷി വർദ്ധിപ്പിക്കുക, കാലാവസ്ഥാ നയങ്ങളിലും പ്രവർത്തനങ്ങളിലും വൈവിധ്യമാർന്ന മൂല്യങ്ങളും വിജ്ഞാന സംവിധാനങ്ങളും സംയോജിപ്പിക്കുക എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിൽ ബാക്കു വർക്ക്‌പ്ലാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പൊരുത്തപ്പെടലും (adaptation) ലഘൂകരണവും (mitigation) തമ്മിലുള്ള സന്തുലിതാവസ്ഥയുടെ ആവശ്യകത COP29 അംഗീകരിച്ചുവെങ്കിലും അഡാപ്റ്റേഷൻ ഫിനാൻസിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇന്ത്യക്ക് ഏറെ താത്പര്യമുള്ള വിഷയമാണിത്. സാമ്പത്തിക പരിമിതികളും അഡാപ്റ്റേഷന്റെ വർദ്ധിച്ചുവരുന്ന ചെലവുകളും അതിന്റെ ഫലമായി പൊതു ഗ്രാന്റുകളുടെ ആവശ്യകതയും രാജ്യങ്ങൾ അംഗീകരിച്ച സ്ഥിതിക്ക് ഭാവി COP കളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏറ്റവും വികസ്വരമായ രാജ്യങ്ങളുമായി (least developed countries, LDCs ) ബന്ധപ്പെട്ട COP തീരുമാനങ്ങളിൽ ദേശീയ അഡാപ്റ്റേഷൻ പ്ലാനുകൾ (NAPs) നടപ്പിലാക്കുന്നതിനുള്ള ഒരു പിന്തുണാ പരിപാടി സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ അടങ്ങിയിട്ടുണ്ട്.
ബാക്കു കാലാവസ്ഥാ കോൺഫറൻസിൽ NDC കളുടെ അവലോകനം, ദ്വിവത്സര സുതാര്യതാ റിപ്പോർട്ടിന്റെ (Biennial Transparency Report, BTR) സ്ഥിതി, REDD+പദ്ധതികൾ, എന്നിവയുടെ വിലയിരുത്തലും നടന്നു.
ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ഈ വേഗതയിൽ പോയാൽ മതിയാകില്ല. മാത്രമല്ല, ചരിത്രപരമായി, ആഗോള കാർബൺ മലിനീകരണത്തിന് ഏറ്റവുമധികം ഉത്തരവാദിയായ അമേരിക്കയിലെ ഭരണമാറ്റം അവരുടെ നിലപാടുകളെ എങ്ങനെയാണ് സ്വാധീനിക്കുക എന്നുള്ള ഉത്കണ്ഠയുമുണ്ട്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, തീരുമാനിച്ച പോലുള്ള ധനസഹായം ഉണ്ടാകുമെന്നും, എല്ലാ രാജ്യങ്ങളും സ്വന്തം ദേശീയ കാലാവസ്ഥാ നടപടികൾ യാഥാർധ്യബോധത്തോടെ നടപ്പിലാക്കുന്നതിനു ശ്രമിക്കുമെന്നും പ്രതീക്ഷിക്കാം. l
സൂചക രേഖകൾ
1. UNFCCC 2016. The Paris Agreement. https://unfccc.int/sites/default/files/resource/parisagreement_publication.pdf
2. UNDP [United Nations Development Programme] 2024 Climate change is a matter of justice– here’s why. https://climatepromise.undp.org/news-and-stories/climate-change-matter-justice-heres-why
3. GOI 2022. India’s Updated First Nationally Determined Contribution Under Paris Agreement, (2021-2030), 4p. https://unfccc.int/sites/default/files/NDC/2022-08/India%20Updated%20First%20Nationally%20Determined%20Contrib.pdf
4. MoEFCC 2022. Lifestyle for Environment https://missionlife-moefcc.nic.in/assets/pdf/LIFE-Brochure-20102022.pdf
5. UNFCC [United Nations Framework Convention on Climate Change] 2024. UN Climate Conference Agrees to Triple Finance to Developing Countries, Protecting Lives and Livelihoods . https://unfccc.int/news/cop29-un-climate-conference-agrees-to-triple-finance-to-developing-countries-protecting-lives-and
6. GOI [Govt of India] 2023. Gazette notification on ‘Carbon Credit Trading Scheme, 2023’. https://beeindia.gov.in/sites/default/files/CCTS.pdf
7. MoEFCC [Ministry of Environment, Forest, and Climate Change] 2023. Green Credit Rules, 2023. https://egazette.gov.in/WriteReadData/2023/249377.pdf
8. MoEFCC [Ministry of Environment, Forest and Climate Change] 2024. List of activities under Article 6.4 mechanism (F No. CC -13008/238/2022-CC (E-1877650 DATED 7/6/2024 of MoEFCC)