ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായരായ നേതാക്കളിലൊരാളാണ് ജ്യോതിബസു. സമുന്നത വിപ്ലവകാരിയും സമർഥനായ ഭരണാധികാരിയുമായ അദ്ദേഹത്തിന്റെ നാമം ചരിത്രത്തിലെന്നും ജ്വലികച്ചുനിൽക്കുകതന്നെ ചെയ്യും. പാർലമെന്ററി പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തലമുറകൾക്കുതന്നെ മാതൃകയാണ്. ഇരുപത്തിമൂന്നു വർഷത്തിലേറെക്കാലം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന അദ്ദേഹം മറ്റാർക്കും സാധിക്കാത്ത റിക്കാർഡാണ് സൃഷ്ടിച്ചത്. സർവസമ്മതനായ നേതാവ് എന്ന ജ്യോതിബസുവിന്റെ ഖ്യാതിയാണ് 1996ൽ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കപ്പെടാനിടയാക്കിയത്.
1914 ജൂലൈ 8ന് കൽക്കത്തയിലാണ് ജ്യോതിബസു ജനിച്ചത്. പിതാവ് നിഷികാന്തബസു ഡോക്ടറായിരുന്നു. ഇപ്പോൾ ബംഗ്ലാദേശിലെ ധാക്ക ജില്ലയിൽ ഉൾപ്പെട്ട ബരുദി ഗ്രാമത്തിലാണ് ജ്യോതിബസുവിന്റെ തറവാട്ടുവീട്. അമ്മയുടെ വീട്ടുകാർ ഒരുവിധം സമ്പത്തികശേഷിയുള്ളവരായിരുന്നു. താലൂക്ക്‌ദാർമാരായിരുന്നു അമ്മാവന്മാർ. ആ വീട്ടിലെ ഒരേയൊരു പെൺസന്തതിയായിരുന്നു ബസുവിന്റെ മാതാവ് ഹേംലത ബസു.
മാതാപിതാക്കളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയയാളായിരുന്നു ജ്യോതിബസു. അകാലത്തിൽ അന്തരിച്ച വലിയച്ഛന്റെ ഭാര്യയും മക്കളും അമേരിക്കയിലായിരുന്ന ചെറിയച്ഛന്റെ ഭാര്യയും മക്കളും ഉൾപ്പെടെ വലിയ ഒരു കൂട്ടുകുടുംബമായിരുന്നു ബസുവിന്റേത്. പിതാവ് നിഷികാന്ത് ബസുവിന്റെ സംരക്ഷണയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അമേരിക്കയിൽ കുറേക്കാലം ജോലിചെയ്‌ത നിഷികാന്ത് ബസു കൽക്കത്തയിൽ മടങ്ങിയെത്തിയപ്പോൾ ഭേദപ്പെട്ട പ്രാക്ടീസ് ഉണ്ടായിരുന്നു.
കൽക്കത്തയിലെ ലോറെറ്റൊ സ്‌കൂളിലായിരുന്നു ജ്യോതിബസുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളിലെ ഒരേയൊരു ആൺകുട്ടി ബസുവായിരുന്നു. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് അദ്ദേഹം ഇന്റർമീഡിയറ്റിനും പഠിച്ചത്. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യസമരപ്രസ്ഥാനം ബംഗാളിലാകെ അലയടിക്കുന്ന സമയമായിരുന്നു. അന്ന് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന ജ്യോതിബസുവിനെ അത് വളരെയേറെ ആവേശംകൊള്ളിച്ചു. ചിറ്റഗോങ് ആയുധപ്പുര ആക്രമണം, ജഡ്‌ജിമാരെയും മജിസ്ട്രേട്ടുമാരെയും വധിച്ച സംഭവങ്ങൾ, പല സ്ഥലങ്ങളിലായി സായുധ കടന്നാക്രമണങ്ങൾ ഇങ്ങനെ നിരവധി വിപ്ലവപ്രവർത്തനങ്ങൾക്കാണ് ബംഗാൾ സാക്ഷിയായത്.
1930ൽ ഗാന്ധിജി നിരാഹാരം അനുഷ്‌ഠിച്ച ദിവസം സാധാരണപോലെ സ്‌കൂളിൽ പോകാൻ ബസു തയ്യാറായില്ല. അതേവർഷംതന്നെ സുഭാഷ്‌ചന്ദ്രബോസ് കൽക്കത്തയിൽ പ്രസംഗിക്കുന്നതറിഞ്ഞ് ബസുവും പിതൃസഹോദര പുത്രനും ചേർന്ന് ഖദർ ധരിച്ച് മൈതാനത്തെത്തി. കുതിര പൊലീസുകാരും ലാത്തിയേന്തിയ പൊലീസുകാരും പ്രകടനക്കാരെ അടിച്ചോടിക്കാൻ ശ്രമിച്ചു. ബസുവും സഹോദരനും മൈതാനിയിൽനിന്ന് ഓടിപ്പോകാതെ നിന്ന് അടികൊണ്ടു. കൗമാരക്കാരനായിരുന്ന ബസുവിന്റെ സമരരംഗത്തെ ആദ്യ കാൽവെപ്പായിരുന്നു ആ സംഭവം.
പ്രസിഡൻസി കോളേജിലാണ് ബസു ബിഎയ്‌ക്ക് ചേർന്നത്. ഈ കാലയളവിൽ നിരവധി വിപ്ലവകാരികൾ അദ്ദേഹത്തിന്റെ വീട്ടിലെ സന്ദർശകനായിരുന്നു. മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊക്കെ അവരോട് ആഭിമുഖ്യമില്ലായിരുന്നെങ്കിലും വെറുപ്പില്ലായിരുന്നു. രാജ്യത്തിനുവേണ്ടി അവർ നടത്തുന്ന പോരാട്ടങ്ങളോട് ബഹുമാനവുമായിരുന്നു. ബസുവിന്റെ മനസ്സിലും അവരോടുള്ള സ്‌നേഹബഹുമാനങ്ങൾ വർധിച്ചുവന്നു.
ജ്യോതിബസുവിന്റെ പിതാവിന്റെ മൂത്ത ജ്യോഷ്‌ഠൻ നളീനീകാന്ത ബസു ഹൈക്കോടതി ജഡ്‌ജിയായിരുന്നു. വിരമിച്ചതിനുശേഷം അദ്ദേഹത്തെയാണ് മെച്വബസാർ ബോംബുകേസിന്റെ വിചാരണയ്‌ക്കുള്ള സ്‌പെഷ്യൽ ട്രിബ്യൂണലായി ഗവൺമെന്റ് നിയമിച്ചത്. കേസിലെ പ്രതികളിലൊരാൾ പിൽക്കാലത്ത് സിപിഐ എം നേതാവും പശ്ചിമബംഗാൾ മന്ത്രിയുമായിത്തീർന്ന നിരഞ്‌ജൻസെൻ ആയിരുന്നു. വലിയച്ഛൻ ആ സ്ഥാനം ഏറ്റെടുത്തതിൽ ജ്യോതിബസുവും മറ്റു കുടുംബാംഗങ്ങളും തികച്ചും അസംതൃപ്‌തരായിരുന്നു. ജ്യോതിബസുവും മറ്റൊരു വലിയച്ഛന്റെ മകൻ ദേബപ്രിയ ബസുവും ചേർന്ന് നളിനീകാന്ത ബസുവിന് ഇംഗ്ലീഷിൽ ഒരു ഊമക്കത്ത് ടൈപ്പ് ചെയ്‌ത് അയച്ചു. അതിൽ ഇങ്ങനെ മുന്നറിയിപ്പ് നൽകി. ‘‘നിങ്ങൾ ഗൗരവതരമായ ഒരു കുറ്റം ചെയ്‌തിരിക്കുന്നു. ബംഗാളിയായ നിങ്ങൾക്ക് ആ ദേശാഭിമാനികളെ വിചാരണചെയ്യാൻ എങ്ങനെ ധൈര്യംവന്നു? ഇത് ഗൗരവാവഹമായ ഒരു കുറ്റമാണ്. നിങ്ങളുടെ ജീവൻ അപകടത്തിലാണ്’’.
1935ൽ ജ്യോതിബസു ബിഎ ഇംഗ്ലീഷ് ഓണേഴ്‌സ് പാസായി. ബാരിസ്റ്റർ ആകുക എന്നതായിരുന്നു ബസുവിന്റെ ആഗ്രഹം. പിതാവിന്റെ മോഹവും അതുതന്നെയായിരുന്നു. ആ വർഷംതന്നെ ഇംഗ്ലണ്ടിലെത്തിയ ജ്യോതിബസു ബിഎല്ലിന് ചേർന്നു.
ബസു ലണ്ടനിലെത്തിയ സമയത്ത് യൂറോപ്പാകെ ഇളകിമറിയുകയായിരുന്നു, അക്ഷരാർഥത്തിൽ. ഇറ്റലിയിൽ മുസോളിനിയും ജർമനിയിൽ ഹിറ്റ്‌ലറും അടക്കിവാഴുന്ന കാലം. രണ്ട് ഫാസിസ്റ്റ് ഭരണാധികാരികളും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ടുമിരുന്ന സമയം. ബ്രിട്ടീഷ് സർവകലാശാലകളിൽ ഈ പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെട്ടു. മഹാഭൂരിപക്ഷം വിദ്യാർഥികളും ജനാധിപത്യ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. യൂറോപ്പിലെ ഫാസിസ്റ്റ് പ്രവണതകളെ ശക്തിയായി എതിർക്കുന്ന ഹരോൾഡ് ലാസ്‌കിയുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദ്യാർഥികൾ ആവേശത്തോടെ എത്തി. ഫാസിസ്റ്റ് വിരുദ്ധ പ്രസംഗങ്ങളും പുസ്‌തകങ്ങളും ലഘുലേഖകളും ജ്യോതിബസുവിനെയും ഗണ്യമായി സ്വാധീനിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ലണ്ടനിൽ പ്രവർത്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്‌ത സംഘടനയാണ് ഇന്ത്യ ലീഗ്. വി കെ കൃഷ്‌ണമേനോനായിരുന്നു അതിന്റെ നേതാവ്. കൃഷ്‌ണമേനോനുമായി വളരെവേഗം സൗഹൃദം സ്ഥാപിച്ച ബസു, ഇന്ത്യ ലീഗിന്റെ ഉശിരൻ പ്രവർത്തകനായി മാറി.
ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെൻബ്രാഡ്‌ലി എന്നിവരുമായി ബസു പരിചയപ്പെട്ടു എന്നു മാത്രമല്ല അടുത്തിടപഴകുകയും ചെയ്‌തു. ഇന്ത്യൻ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിൽ നിർണായകമായ സംഭാവനകളാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യ ലീഗിന് നൽകിയത്. മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചും പ്രയോഗരീതികളെക്കുറിച്ചും ഹാരി പോളിറ്റ്, രജനി പാംദത്ത്, ക്ലെമൻസ് ദത്ത്, ബെൻബ്രാഡ്‌ലി തുടങ്ങിയ നേതാക്കൾ പതിവായി ഇന്ത്യൻ വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്നു.
സ്‌പെയിനിലെ സ്വേച്ഛാധിപതിയായ ജനറൽ ഫ്രാങ്കോയുടെ ഫാസിസ്റ്റ് വാഴ്‌ചയ്‌ക്കെതിരെ സ്‌പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളിൽ പലരും ഫ്രാങ്കോയ്‌ക്കെതിരെ പോരാടാൻ സ്‌പെയിനിലെത്തി. ഫാസിസത്തെ ചെറുക്കാൻ ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാർ കാണിച്ച ആത്മാർഥത തന്നെ വളരെയേറെ സ്വാധീനിച്ചതായി ജ്യോതിബസു തന്റെ ആത്മകഥയായ ‘എന്റെ കഥ’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഈ സംഭവമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതെക്കുറിച്ച് ജ്യോതിബസു പറയുന്നു: ‘‘ഞാൻ കൂടുതൽ ഗൗരവത്തോടെ മാർക്‌സിസം പഠിക്കാൻ തുടങ്ങി. ഏറെ താമസിയാതെ ലണ്ടനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഒരു മജ്‌ലിസ് ഞങ്ങൾ രൂപീകരിച്ചു. ഞാനായിരുന്നു അതിന്റെ ആദ്യ സെക്രട്ടറി. ഞങ്ങളുടെ പ്രധാന ജോലി സംഘടനയ്‌ക്ക് പണം പിരിക്കലായിരുന്നു. ഇന്ത്യൻ വിദ്യാർഥികളുടെ മൃതപ്രായമായ ഫെഡറേഷനെ ഞങ്ങൾ പുനരുജ്ജീവിപ്പിച്ചു. ‘ഇന്ത്യൻ വിദ്യാർഥിയും സോഷ്യലിസവും’ എന്ന പേരിൽ ഒരു ആനുകാലികം ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ലണ്ടൻ, കേംബ്രിഡ്‌ജ്, ഓക്‌സ്‌ഫോർഡ് എന്നീ സർവകലാശാലകളിൽ വെവ്വേറെ മൂന്ന് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും രൂപീകരിച്ചു. അവയിൽ ആദ്യം ചേർന്നവരിൽ രജനി പട്ടേൽ, പി എൻ ഹക്‌സർ, മോഹൻ കുമരമംഗലം, ഇന്ദ്രജിത് ഗുപ്‌ത, രേണു ചക്രവർത്തി, എൻ കെ കൃഷ്‌ണൻ, പാർവതി കുമരമംഗലം, നിഖിൽ ചക്രവർത്തി, അരുൺ ബോസ് എന്നിവർ പെടുന്നു. ഈ മൂന്ന് ഘടകങ്ങളുടെയും സംയുക്ത യോഗങ്ങളും പതിവായി നടത്താറുണ്ടായിരുന്നു. ഇന്ത്യ ലീഗിലും മജ്‌ലിസിലും സജീവ പ്രവർത്തകനായിരുന്നു ഫിറോസ് ഗാന്ധി. വിദ്യാർഥി ഫെഡറേഷന്റെ ഒറ്റ യോഗം പോലും അദ്ദേഹം വിട്ടിരുന്നില്ല.’’
ലണ്ടനിലെ മജ്‌ലിസിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് ഇന്ത്യയിലെ സ്വാതന്ത്ര്യസമരനേതാക്കൾ ലണ്ടനിലെത്തുമ്പോൾ അവർക്ക് സ്വീകരണം സംഘടിപ്പിക്കുകയായിരുന്നു. ജവഹർലാൽ നെഹ്‌റു, സുഭാഷ്‌ചന്ദ്രബോസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന യൂസഫ് മെഹറലി തുടങ്ങിയവർക്ക് ജ്യോതിബസുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയുണ്ടായി. ഫാസിസ്റ്റ് ഭരണാധികാരികളായിരുന്ന ഹിറ്റ്‌ലറെയും മുസോളിനിയെയും സന്ദർശിക്കാൻ ക്ഷണം ലഭിച്ചപ്പോൾ നെഹ്‌റു അത് നിഷേധിക്കുകയായിരുന്നു. സ്‌പെയിൻ സന്ദർശിച്ച നെഹ്‌റു ഫ്രാങ്കോയ്‌ക്കെതിരെ പോരാടിക്കൊണ്ടിരുന്നവർക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. നെഹ്‌റുവിന്റെ ഈ രണ്ട് നടപടികളും ലണ്ടനിലെ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ വലിയ മതിപ്പാണുളവാക്കിയത്.
1938ൽ തൃപുരയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം സുഭാഷ്‌ചന്ദ്രബോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നല്ലോ. ലണ്ടൻ മജ്‌ലിസിന്റെ അനുമോദനസന്ദേശമയയ്‌ക്കാൻ ജ്യോതിബസുവും മറ്റ് മജ്‌ലിസ് പ്രവർത്തകരും തീരുമാനിച്ചു. അതിനായി പ്രത്യേക യോഗം ചേർന്ന് അനുമോദനസന്ദേശമയച്ചു. ജാേതിബസുവും എൻ കെ കൃഷ്‌ണനുമായിരുന്നു ആ യോഗത്തിലെ പ്രസംഗകർ. യോഗസ്ഥലത്തുനിന്നുതന്നെ സുഭാഷ്‌ചന്ദ്രബോസിന് അഭിനന്ദന സന്ദേശമയയ്‌ക്കുകയും ചെയ്‌തു.
1939 ഡിസംബറിൽ ജ്യോതിബസു ബാരിസ്റ്റർ പരീക്ഷ എഴുതി. 1940ൽ ഇന്ത്യയിലേക്ക് മടങ്ങി. താമസിയാതെ ബാരിസ്റ്റർ പരീക്ഷ പാസായ കാര്യം അറിഞ്ഞു.
രണ്ടാം ലോകയുദ്ധം അപ്പോഴേക്കും പൊട്ടിപ്പുറപ്പെട്ടിരുന്നുവല്ലോ. ബോംബെയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി ബസുവും ലണ്ടനിൽനിന്ന് മടങ്ങിവന്ന മറ്റു വിദ്യാർഥിനേതാക്കളും ബന്ധപ്പെട്ടു. കർഷകനേതാവായ സ്വാമി സഹജാനന്ദന്റെ യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി നേതാക്കൾ ബസുവിനോടാവശ്യപ്പെട്ടു. വൻ ജനാവലി പങ്കെടുത്ത ആ യോഗത്തിൽ പങ്കെടുത്തത് ബസുവിനെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരനുഭവമായിരുന്നു.
1940ൽ തന്നെ ബസു കൽക്കത്തയിലെത്തി. അന്ന് ഒളിവിലായിരുന്ന മുസഫർ അഹമ്മദും സരോജ് മുഖർജിയും ജ്യോതിബസുവിന്റെ വീട്ടിലെത്തി. ബസുവിന്റെ വീട് അന്ന് പൊലീസിന്റെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു. ബസുവിന്റെ സുഹൃത്തിന്റെ വീട്ടിൽ അവരെ ഒളിവിൽ താമസിപ്പിക്കാൻ സൗകര്യമൊരുക്കി.
1941ൽ നാസി ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ യുദ്ധത്തിന്റെ ഗതിയാകെ മാറി. ജ്യോതിബസു പറയുന്നത് ശ്രദ്ധിക്കുക: ‘‘അക്കാലത്ത് ജയിലിലായിരുന്നു പാർട്ടി നേതാക്കൾ യുദ്ധത്തിന്റെ സ്വഭാവം മാറിയതുകൊണ്ട് ഞങ്ങളുടെ സമരതന്ത്രവും മാറ്റണമെന്ന സന്ദേശമയച്ചുതന്നു. ജയിലിനു പുറത്ത് ഇതേ അഭിപ്രായം വച്ചുപുലർത്തിയ സഖാക്കളിൽ ഒരാളായിരുന്നു ഞാൻ. ഈ സന്ദർഭത്തിലാണ് സോവിയറ്റ് യൂണിയന്റെ സുഹൃത്തുക്കൾ (എഫ്‌എസ്‌യു) എന്നൊരു സമിതിയും ഫാസിസത്തിനെതിരായ എഴുത്തുകാരും കലാകാരരും ചേർന്നുള്ള മറ്റൊരു സമിതിയും പാർട്ടിയുടെ വേദികൾ എന്ന നിലയിൽ രൂപീകരിച്ചത്. ഞാനായിരുന്നു ആദ്യത്തേതിന്റെ സെക്രട്ടറി’’.
കൽക്കത്തെ ഹൈക്കോടതിയിൽ ബാരിസ്റ്ററായി ജ്യോതിബസു രജിസ്റ്റർ ചെയ്‌തു. അപ്പോഴേക്കും മുഴുവൻസമയ പാർട്ടി പ്രവർത്തകനായി മാറിയ അദ്ദേഹം കേസ് വാദിക്കാൻ കോടതിയിൽ പോയില്ല. രാഷ്‌ട്രീയപ്രവർത്തനത്തിന് അച്ഛൻ എതിരല്ലായിരുന്നെങ്കിലും ബസു കോടതിയിൽ പ്രാക്ടീസ് ചെയ്യണമെന്ന അഭിപ്രായക്കാരനായിരുന്നു അച്ഛൻ.
ഇതിനിടെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ജ്യോതിബസു വിവാഹം കഴിച്ചു. ബസന്തി ബസുവായിരുന്നു വധു. പ്രസിഡൻസി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുടെ ബന്ധുവായിരുന്നു അവർ. വിവാഹം കഴിഞ്ഞ് രണ്ടുവർഷം തികയുന്നതിനു മുന്പുതന്നെ ബസന്തി ബസു അന്തരിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യയോഗങ്ങൾ പലതും ചേർന്നത് ഹിന്ദുസ്ഥാൻ പാർക്കിനു സമീപത്തെ ജ്യോതിബസുവിന്റെ വീട്ടിലായിരുന്നു. ബസുവിന്റെ അച്ഛനും അമ്മയ്‌ക്കും അക്കാര്യം അറിയാമായിരുന്നു. എന്നിട്ടും അവർ ഒരു തടസ്സവും പറഞ്ഞില്ല. മകനോടുള്ള വാത്സല്യത്തിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അവരുടെ അനുഭാവംകൊണ്ടു കൂടിയായിരുന്നു അത്. l
(തുടരും)