Wednesday, December 4, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കൊച്ചിയിൽ ചെങ്കൊടിയുമായി പി എസ് നമ്പൂതിരി‐ 2

കൊച്ചിയിൽ ചെങ്കൊടിയുമായി പി എസ് നമ്പൂതിരി‐ 2

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 59

റണാകുളത്തെ ഹോമിയോ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പി.എസ്. നമ്പൂതിരിക്ക് രാഷ്ട്രീയമില്ലാതെ അടങ്ങിയിരിക്കാനാവുമായിരുന്നില്ല. കൊച്ചിയിലാണെങ്കിൽ രാഷ്ട്രീയത്തിന് ചൂടുപിടിക്കാൻ തുടങ്ങിയിട്ടുമില്ല. ഹോമിയോ കോളേജിലെ ക്ലാസ് കഴിഞ്ഞാൽ മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് കൊച്ചിയിലെയും തൊഴിലാളികേന്ദ്രങ്ങളിലേക്കുപോയി സമയം ചെലവഴിക്കുകയെന്നത് പി.എസ് ദിനചര്യപോലെയാക്കി. കോൺഗ്രസ് പ്രവർത്തകനായ പി.ഗംഗാധരന്റെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ ഒരു ലേബർ യൂണിയൻ പ്രവർത്തിക്കുന്നതായി മനസ്സിലാക്കി. രാഷ്ട്രീയമൊന്നുമില്ലാത്തതും മുതലാളിമാരിൽ ചിലർക്കുകൂടി അംഗത്വമുള്ളതുമായ സംഘടന. ജോർജ് ചടയംമുറിയും അതിൽ അംഗമാണ്. തൊഴിലാളികേന്ദ്രങ്ങളിൽ സ്ഥിരമായെത്തി ആശയപ്രചരണമെന്ന ലക്ഷ്യത്തോടെ അഭിപ്രായപ്രകടനങ്ങൾ നടത്തിപ്പോന്ന പി.എസ്സും ലേബർ യൂണിയനിൽ അംഗമായി. പി.ഗംഗാധരനും ജോർജ് ചടയംമുറിയും പി.എസ്സും കൂടിയായതോടെ ലേബർ യൂണിയന് രാഷ്ട്രീയമുഖം കൈവരാൻ തുടങ്ങി. സോഷ്യലിസ്റ്റാശയങ്ങളും റഷ്യൻവിപ്ലവാനുഭവങ്ങളുമെല്ലാം ആ കൂട്ടായ്മകളിൽ മുഴങ്ങാൻ തുടങ്ങി. ആലപ്പുഴ തൊഴിലാളി യൂണിയന്റെ നേതാവും തൊഴിലാളി മാസികയുടെ ചുമതലക്കാരിലൊരാളുമായ നോവലിസ്റ്റ് പി.കേശവദേവ് അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ അക്കാലത്ത് താമസിച്ചുപോന്നത് എറണാകുളത്താണ്. സ്വാഭാവികമായും പള്ളുരുത്തിയിലെ ലേബർ യൂണിയന്റെ പ്രവർത്തകരുമായി ദേവ് ബന്ധപ്പെട്ടു. ദേവിന്റെ ‘ദാരിദ്ര്യത്തിന്റെ ബലിപീഠത്തിൽ’ എന്ന നാടകം പി.എസ്സടക്കമുള്ളവർ ചേർന്ന് ആലപ്പുഴയിലും എറണാകുളം, തൃശൂർ മേഖലയിലും അവതരിപ്പിച്ചു. വായനശാലകൾ, ശ്രീനാരായണപ്രസ്ഥാനത്തിന്റെ ശാഖകൾ എന്നിവ കേന്ദ്രീകരിച്ച് യോഗങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ഇതിലെല്ലാം കേശവദേവ് വലിയ പങ്കുവഹിച്ചു.

അങ്ങനെയിരിക്കെയാണ് പള്ളുരുത്തിയിലെ ടിൻ ഫാക്ടറി തൊഴിലാളികൾ പണിമുടക്കുന്നത്. വേതനത്തിൽ അല്പമെങ്കിലും വർധന വേണമെന്നാവശ്യപ്പെട്ടാണ് ഫാക്ടറിയിലെ 65 തൊഴിലാളികളും പണിമുടക്കിയത്. പുറത്തുനിന്ന് ആരുടെയും പിന്തുണയില്ലാതെയും സ്ഥാപിതമായ ഒരു യൂണിയനില്ലാതെയുമാണ് പണിമുടക്ക്‌ തുടങ്ങിയത്. സമരം തുടങ്ങിയശേഷം അവർ പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള ലേബർ യൂണിയനെ സമീപിച്ചു. ലേബർ യൂണിയൻ സമരമേറ്റെടുക്കുകയും സമരസമിതി രൂപീകരിക്കുകയും ചെയ്തു. കേശവദേവും പി..ഗംഗാധരനും ജോർജ് ചടയംമുറിയുമെല്ലാമടങ്ങിയ സമരസമിതിയുടെ കൺവീനറായി പി.എസ്. നമ്പൂതിരിയെ നിയോഗിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ ജാഥയിലാണ് അരിവാളും ചുറ്റികയുമുള്ള ചെങ്കൊടി ആ മേഖലയിൽ ആദ്യം ഉയർത്തിപ്പിടിച്ചത്. കൊച്ചിമേഖലയിൽ മൂന്നുദിവസം ചെങ്കൊടിയുമേന്തിയുള്ള ജാഥകൾ നടന്നു. കൊച്ചിയിൽ കമ്മ്യൂണിസ്റ്റ് സന്ദേശം ചെങ്കൊടിയുമേന്തിത്തന്നെ എത്തിയെന്നത് രാജഭരണത്തെയും ദിവാൻ ഷൺമുഖം ചെട്ടിയെയും അമ്പരപ്പിച്ചു. സമരം തകർക്കാനുള്ള ഗൂഢാലോചന പൊടിപൊടിച്ചു. ദിവാന്റെ നിർദേശാനുസരണം മാനേജ്മെന്റ് യൂണിയനെ ചർച്ചക്ക് വിളിച്ചു. കൺവീനറായ പി.എസ്. നമ്പൂതിരി തനിച്ചുവേണം ചർച്ചക്കെത്താൻ എന്ന നിബന്ധനയുണ്ട്.

ചർച്ചക്കു വിളിച്ചതിൽ തൊഴിലാളികൾ സന്തോഷിച്ചു. എന്നാൽ കൺവീനറെ തനിച്ച് ചർച്ചക്ക് വിളിച്ചതിൽ ചതിയുണ്ടോ എന്ന സംശയമുയർന്നു. എങ്കിലും ചർച്ചയ്ക്കായി പോയി. തൊഴിലാളികൾ കമ്പനിയുടെ ഓഫീസിനടുത്തായി നിലയുറപ്പിച്ചു. കമ്പനി നഷ്ടത്തിലാണ്, ടാറ്റയുടെയും ബെർമാ ഷെല്ലിന്റെയുമൊന്നും കമ്പനിയിൽ നൽകുന്നത്ര കൂലി നൽകാനാവില്ല, ഭാവിയിൽ മെച്ചമുണ്ടാകുന്ന കാലത്ത് എന്തെങ്കിലും നൽകാമെന്നെല്ലാം പറഞ്ഞ് ലഡ്ജർ കാണിച്ചുകൊടുക്കുകയാണ് മാനേജർ. മറ്റൊരു മുറിയിലുണ്ടായിരുന്ന മാനേജ്മെന്റിന്റെ കിങ്കരൻ ഇതിനകം പൊലീസിനെ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. പൊലീസ് എത്തുന്നതുവരെ ചർച്ച നീട്ടിക്കൊണ്ടുപോയി. പൊലീസ് സംഘം എത്തിയാപാടേ പി.എസ്. നന്പൂതിരിയെ ഒരൊറ്റ ചവിട്ട്. കസേരയോടെ തെറിച്ച് ദൂരെ വീണു. പിന്നെ പൊതിരെ തല്ലായിരുന്നു, തൊഴിയും. ഏറെക്കുറെ അബോധാവസ്ഥയിലായശേഷം കമ്പനിയുടെ ഗേറ്റിന് പുറത്തുകൊണ്ടുപോയി തള്ളുകയായിരുന്നു. ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച തൊഴിലാളികൾ അന്ധാളിച്ചു. അവർ പ്രിയനേതാവിനെ ഒരു റിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.

ചെറിയൊരു ഫാക്ടറിയിലെ തൊഴിൽസമരം തകർക്കാൻ ദിവാൻ ഷൺമുഖംചെട്ടി നടത്തിയ കിരാതനടപടിയിൽ നാടാകെ പ്രതിഷേധം അലയടിച്ചു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് കർഷകതൊഴിലാളിപ്രസ്ഥാനം സംഘടിപ്പിച്ച കെ.എം. ഇബ്രാഹിം പ്രതിഷേധനേതൃത്വം ഏറ്റെടുത്തു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും യോഗങ്ങളും നടന്നു. ദിവാനുമായി നേരത്തെതന്നെ ഇലക്ട്രിസിറ്റി പ്രശ്നത്തിൽ തർക്കത്തിലായ തൃശൂരിലെ ജനത, വിശേഷിച്ച് ലേബർഹുഡ് പ്രതിഷേധറാലികളുമായി മുന്നേറി. കുപിതനായ ദിവാൻ പി.എസ്. നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റിന് വഴങ്ങാൻ തീരുമാനിച്ച പി.എസ്. മട്ടാഞ്ചേരി സ്റ്റേഷനിലെത്തി അറസ്റ്റുവരിച്ചു. കോടതി ജാമ്യത്തിൽ വിടാനൊരുങ്ങിയെങ്കിലും ജാമ്യത്തിൽ പോയില്ല.. സമരം ശക്തിപ്പെടുത്താൻ അതാണ് മാർഗമെന്നതായിരുന്നു വിചാരം. എന്നാൽ കൂലിക്കൂടുതൽ നേടാനാകാതെ സമരം കെട്ടടങ്ങുകയായിരുന്നു. ജയിലിൽ കഴിയുന്നതിൽ കാര്യമില്ലെന്നതിനാൽ ഒരു മാസത്തെ തടവിനുശേഷം ജാമ്യമെടുത്ത് പുറത്തിറങ്ങി. അപ്പോഴേക്കും ഹോമിയോ കോളേജിലെ രജിസ്റ്ററിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു‐ ഹാജരില്ലാത്തതിനാൽ.

ടിൻഫാക്ടറി സമരത്തെ തുടർന്നുള്ള കേസിൽ ആറുമാസത്തെ തടവിനാണ് എറണാകുളം കോടതി പി.എസിനെ ശിക്ഷിച്ചത്. കോടതിവിധി മുൻവിധിപ്രകാരമാണ്, സത്യവിരുദ്ധമാണ് എന്ന് കാണിച്ച് പി.എസ്. നൽകിയ അപ്പീലിൽ സെഷൻസ് കോടതി പി.എസിനെ കുറ്റവിമുക്തനാക്കിയില്ല, എന്നാൽ ജയിലിൽ പൂർത്തിയാക്കിയ ഒന്നരമാസത്തെ തടവ് മതിയായ ശിക്ഷയാണെന്ന് വ്യക്തമാക്കി മോചിപ്പിക്കാൻ വിധിക്കുകയായിരുന്നു.

കൊച്ചിയിൽ ആദ്യമായി രജിസ്റ്റർചെയ്ത തൊഴിലാളി യൂണിയൻ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള സ്റ്റെൻസിലിംഗ് കയർ ഫാക്ടറിയിലെ യൂണിയനാണ്. ജോർജ് ചടയംമുറി പ്രസിഡണ്ടും പി.എസ്. സെക്രട്ടറിയുമായ യൂണിയനിലെ മറ്റൊരു ഭാരവാഹിയായിരുന്നു എ.ജി.വേലായുധൻ. യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസുകളിൽ പങ്കെടുത്ത് രാഷ്ട്രീയം പഠിച്ച വേലായുധൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പാലിയം സമരത്തിൽ വേലായുധൻ രക്തസാക്ഷിയായി (പാലിയം സമരത്തെക്കുറിച്ച് പിന്നീട് പ്രതിപാദിക്കും). കൊച്ചിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള വ്യവസായസ്ഥാപനം അക്കാലത്ത് അളഗപ്പ ചെട്ടിയാരുടെ മാനേജ്മെന്റിൽ ആരംഭിച്ച കൊച്ചിൻ ടെക്‌സ്‌റ്റൈൽസ് ആയിരുന്നു. തമിഴരും മലയാളികളുമായി രണ്ടായിരത്തോളം തൊഴിലാളികൾ. കൊച്ചിയിലെ സർക്കാരിന്റെ വകയാണ് മൂലധനത്തിൽ വലിയൊരു പങ്ക്. സാമ്പത്തികശേഷിയുള്ള നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത ഓഹരിമൂലധനവും. ചെട്ടിയാർ വലുതായൊന്നും മുടക്കിയില്ലെങ്കിലും മുതലാളിയാവാൻ സാധിച്ചു. കൂലിയിലെ വിവേചനം ആദ്യമാസംതന്നെ വലിയ പ്രശ്നമായി. കൊച്ചിയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം വ്യാപകമാവാൻ തുടങ്ങിയ 1938 കാലത്താണ് ഫാക്ടറിയുടെ തുടക്കം. പുറത്തുനിന്നുള്ള യാതൊരു ഇടപെടലുമില്ലാതെ ആദ്യമാസത്തിൽത്തന്നെ പണിമുടക്കുണ്ടായി. തമിഴ് തൊഴിലാളികൾക്ക് മലയാളികളായ തൊഴിലാളികളുടേതിനേക്കാൾ 25 ശതമാനത്തോളം കൂലി കൂടുതലാണ് നൽകിയത്. ഇതാണ് സമരത്തിനിടയാക്കിയത്. ദിവാന്റെ ബന്ധുത്വമുള്ളവരായിരുന്നു കമ്പനി നയിച്ചത്. സമരത്തെ തുടർന്ന് ഫാക്ടറിയിൽ മേലാളന്മാർ കടുത്ത മർദനമാണഴിച്ചുവിട്ടത്.

ആമ്പല്ലൂരിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ എ.ഐ.ടി.യു.സി. യൂണിയൻ ഘടകം രൂപീകരിച്ചത് പി.എസിന്റെ നേതൃത്വത്തിലാണ്. ജാതീയമായി സംഘടിച്ച തൊഴിലാളികളിൽ വലിയ വിഭാഗത്തെ വർഗസംഘടനയിലേക്കാകർഷിക്കാൻ സാധിച്ചു. യൂണിയൻ പ്രവർത്തനം സജീവമായതോടെ ആമ്പല്ലൂരിൽ പൊലീസിന്റെ ഇടപെടലും ശക്തമായി. പി.എസ് നമ്പൂതിരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ്‌ രേഖാമൂലം നിരോധനോത്തരവ് നൽകി‐ ആമ്പല്ലൂർ മേഖലയിൽ പ്രവേശിക്കരുത്. എന്നാൽ പി.എസ്‌ പ്രദേശത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ട് യൂണിയൻപ്രവർത്തനം തുടർന്നു. 1940ലെ മെയ്ദിനം യൂണിയന്റെ നേതൃത്വത്തിൽ വലിയ പരിപാടിയായി നടത്താൻ തീരുമാനിച്ചതനുസരിച്ച് രഹസ്യവഴികളിലൂടെ മൈലുകളോളം നടന്ന്‌ ആമ്പല്ലൂരിലെത്താൻ പി.എസ്‌. തീരുമാനിച്ചു. നടക്കുന്നതിനിടയിൽ ഒരു പൊലീസുകാരൻ പിന്നാലെയെത്തുകയും പി.എസിനെ തല്ലിവീഴ്ത്തുകയുംചെയ്തു. എന്നാൽ എഴുന്നേറ്റ് പൊലീസുകാരനെ തിരിച്ചുതല്ലി ഊടുവഴിയിലൂടെ ഓടുകയായിരുന്നു പി.എസ്.

ഈ സംഭവം നടക്കുമ്പോഴേക്കും പി.എസ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിക്കഴിഞ്ഞിരുന്നു. പിണറായി പാറപ്രത്തു നടന്ന സമ്മേളനത്തിൽ തൃശൂരിൽനിന്ന് പങ്കെടുത്തത് കെ.കെ.വാര്യരും പി.എസ്സും പി.നാരായണൻനായരുമാണ്. യുദ്ധത്തിനെതിരാണ് പാർട്ടിയെന്നതിനാൽ കടുത്ത നടപടി ഭീഷണിയിലായിരുന്നു പ്രവർത്തകരും അനുഭാവികളും. എല്ലാവരും പിടികൊടുക്കാതെ ജാഗ്രതയോടെ ഒളിവിൽ പ്രവർത്തിക്കണമെന്ന് കർശനനിർദേശമുണ്ടായിരുന്നു. പി.എസ്. ആമ്പല്ലൂരിൽനിന്ന് രക്ഷപ്പെട്ട് കോഴിക്കോട്ടെത്തി. പി.എസ്. ഭാഗികമായിമാത്രം ഒളിവിൽ കഴിഞ്ഞാൽ മതിയെന്നും കോഴിക്കോട്ടെ തിരുവണ്ണൂർ കോട്ടൺമിൽ യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തിക്കണമെന്നും പി.കൃഷ്ണപിള്ള നിർദേശിച്ചതനുസരിച്ച് കോഴിക്കോട്ട് താമസിച്ച് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ടൗണിലെ പാർട്ടി കമ്മിറ്റിയുടെ നേതൃത്വവും. രാത്രിയിൽ മുഴുവൻ യോഗവും ക്ലാസുകളുമാണ്. ഒരു വർഷത്തോളം അങ്ങനെ പ്രവർത്തിച്ചുവരവെ പൊലീസിന്റെ പിടിയിലായി. ഒരു വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം ചോർന്നതാണ് പിടിയിലാകാനിടയാക്കിയത്. ജാഗ്രതക്കുറവാണ് അറസ്റ്റിന് കാരണമെന്ന് പാർട്ടിയിൽ വിമർശമുണ്ടായി. പാലക്കാട് വിക്ടോറിയാ കോളേജിലെ വിദ്യാർഥിപ്രവർത്തകനായ യജ്ഞമൂർത്തി നമ്പൂതിരിയെക്കൂടി അറസ്റ്റുചെയ്ത പൊലീസ് ഒരു ഗൂഢാലോചനാക്കേസ് രജിസ്റ്റർ ചെയ്തു. നിരപരാധിയായ യജ്ഞമൂർത്തി നമ്പൂതിരിയെയും പി.എസിനെയും കൈയാമംവെച്ച്‌ തെരുവിലൂടെ നടത്തിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. ഒമ്പത് മാസത്തെ തടവിനു വിധിച്ച് ബെല്ലാരി ജയിലിലേക്ക്. അവിടെനിന്നും ആലിപ്പൂർ ക്യാമ്പ് ജയിലിലേക്ക്. പി.രാമമൂർത്തിയും കെ.പി.ആറുമെല്ലാം അവിടെയുണ്ടായിരുന്നു. പിന്നീട് പി.എസ്. അടക്കമുളളവരെ ബെല്ലാരി ജയിലിലേക്കുതന്നെ മാറ്റി. അവിടെ കഴിയുമ്പോഴാണ് കെ.പി.ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചതായി അറിയുന്നത്. അതോടെ ജയിലിൽ ശ്മശാനമൂകതയായി.

ബെല്ലാരി ജയിലിൽ മലമ്പനി വ്യാപകമായതോടെ മലയാളികളായ തടവുകാരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. 1942‐ലെ വിഷുദിനത്തിലാണ് പി.എസിന്റെ ശിക്ഷാകാലാവധി കഴിയേണ്ടത്. എന്നാൽ മോചിപ്പിക്കുന്നതിനുപകരം മറ്റൊന്നാണുണ്ടായത്. രാജ്യരക്ഷാനിയമപ്രകാരം അനിശ്ചിതകാലത്തേക്ക് വീണ്ടും തടവിലാക്കാൻ ഗവർണറുടെ ഉത്തരവ്. കണ്ണൂരിൽനിന്ന് വെല്ലൂർ ജയിലിലേക്കാണ് കൊണ്ടുപോയത്‌. ശിക്ഷാത്തടവല്ലാത്തതിനാൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വെല്ലൂർ ജയിലിൽ. രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച പുതിയ നയത്തെ തുടർന്ന് പാർട്ടിയുടെ മേലുള്ള നിരോധനം പിൻവലിക്കുകയും നേതാക്കളെ കൂട്ടത്തോടെ ജയിൽ മോചിതരാക്കുകയും ചെയ്തിട്ടും പി.എസ്. അടക്കമുള്ള കുറേപ്പേർക്ക് ജയിലിൽത്തന്നെ കഴിയേണ്ടിവന്നു. ബെല്ലാരി ജയിലിൽ പി.എസിനോടൊപ്പം എസ്.വി.ഘാട്ടെ, കെ.ദാമോദരൻ, ഇ.പി.ഗോപാലൻ, കെ.പി.ഗോപാലൻ എന്നിവരടക്കം ദക്ഷിണേന്ത്യയിലെ 23 കമ്മ്യൂണിസ്റ്റുകാർ മോചിപ്പിക്കപ്പെട്ടില്ല. ജയിലിൽ കമ്യൂണിസ്റ്റുകാരുടെ സംഖ്യ കുറയുകയും കോൺഗ്രസ്സുകാരുടെ എണ്ണം പെരുകുകയും ചെയ്തതോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പി.എസ്.അടക്കമുള്ള കമ്യൂണിസ്റ്റുതടവുകാരെ രാജമുണ്ഡ്രി ജയിലിലേക്ക് മാറ്റി.

നാലുവർഷത്തെ ജയിൽവാസത്തിനുശേഷം 1945 അവസാനം ജയിലിൽനിന്ന് മോചിതനായ പി.എസ്. നമ്പൂതിരി കൃഷ്ണപിള്ളയുടെ നിർദേശാനുസരണം ചാലക്കുടിയും ആമ്പല്ലൂരും കേന്ദ്രീകരിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ മുഴുവൻസമയവും മുഴുകി. യൂണിയൻ ഓഫീസിൽ താമസിച്ചാണ് പ്രവർത്തനം. ആമ്പല്ലൂർ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വേതനം നന്നെ കുറവായതിനാൽ തൊഴിലാളികളിൽ വലിയൊരു വിഭാഗം അവിടെനിന്ന് മാറി മറ്റു തൊഴിലുകളിലേക്കോ മറ്റ്‌ സംസ്ഥാനങ്ങളിലേക്കോ പോയിക്കഴിഞ്ഞിരുന്നു. പകരം ബാലവേലയാണവിടെ നടന്നുകൊണ്ടിരുന്നത്. 12നും 16നും ഇടയിലുളള കുട്ടികളാണ് 12 മണിക്കൂർവരെ ജോലി ചെയ്തുകൊണ്ടിരുന്നത്. കുറഞ്ഞ കൂലി നൽകി ചൂഷണം. കുട്ടികൾ ഉറക്കംതൂങ്ങുമ്പോൾ മേസ്ത്രിമാർ നാടകൊണ്ടും ചൂരൽകൊണ്ടും അടിക്കും. ഈ കൊടിയ ചൂഷണത്തിനെതിരെ സർക്കാരിൽ പരാതി നൽകിയപ്പോൾ പരിശോധനയുണ്ടായി. പരിശോധകർ എത്തുമ്പോഴേക്കും കുട്ടികളെ പിൻവാതിലിലൂടെ മാറ്റിയാണ് മാനേജ്മെന്റ് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ മറ്റൊരു ദിവസം ഫാക്ടറി ഇൻസ്‌പെക്ടറും സംഘവും മിന്നൽപരിശോധന നടത്തി. തൊഴിലാളികളിൽ അഞ്ഞൂറോളം പേർ കുട്ടികളാണെന്നും അവരെ കൂടുതൽ സമയം പണിയെടുപ്പിച്ച് കുറവ് വേതനംമാത്രം നൽകുന്നുവെന്നും സർക്കാരിന് റിപ്പോർട്ട് നൽകി.

റിപ്പോർട്ട് കിട്ടിയിട്ടും നടപടിയുണ്ടായില്ല. മാനേജ്മെന്റ് മർദനനയങ്ങൾ രൂക്ഷമാക്കി. സ്ത്രീതൊഴിലാളികളെയടക്കം നിരവധി പേരെ പിരിച്ചുവിട്ടു. തൊഴിലാളികൾ പണിമുടക്ക്‌ പ്രഖ്യാപിച്ചു. തൊഴിൽമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ കമ്പനിയിലെത്തി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശന്പളപ്രശ്നമടക്കം അഡ്‌ജുഡിക്കേഷന് വിട്ട് ഉത്തരവിട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ, ശന്പളം വർധിപ്പിക്കാതെ സമരം തീരില്ലെന്ന് യൂണിയൻ ഉറപ്പിച്ചു വ്യക്തമാക്കി. 1946 ഡിസംബർ 18 മുതൽ ജനുവരി 20 വരെ നീണ്ടുനിന്ന ഐതിഹാസിക പണിമുടക്ക്‌. മുതലാളിയായ അളഗപ്പ ചെട്ടിയാർ നേരിട്ട് സ്ഥലത്തുവന്ന് മൂന്ന് ഷിഫ്റ്റ് സമ്പ്രദായമടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. കേരളത്തിലെ തൊഴിലാളിസമരചരിത്രത്തിൽ ഉജ്ജ്വലമായ ഒരധ്യായം എഴുതിച്ചേർത്താണ് സമരം അവസാനിച്ചത്. എറണാകുളം മേഖലയിലാകെ ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തിപ്പെട്ടത് ഇതോടെയാണ്. ഈ രംഗത്ത്‌ പി എസ്‌ നടത്തിയ നേതൃത്വപരമായ ഇടപെടൽ തീർച്ചയായും എടുത്തപറയേണ്ടതാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 13 =

Most Popular