ചിത്ര‐ശിൽപകലാരംഗത്തെ ചലിപ്പിക്കുകയും സാമാന്യജനങ്ങളിലേക്കെത്തിക്കുകയുമാണ് ഗ്യാലറികൾ കേന്ദ്രീകരിച്ചുള്ള കലാപ്രവർത്തനംവഴി ലക്ഷ്യമിടുന്നത്. കലാരംഗത്തെ പുതുതലമുറയെക്കുറിച്ചും മാറി ചിന്തിക്കേണ്ടുന്ന കാലത്തെക്കുറിച്ചും കാഴ്‌ചപ്പാടുകളെക്കുറിച്ചും കാഴ്‌ചാശീലങ്ങളെക്കുറിച്ചും കലാസ്വാദകരെയും കലാസമൂഹത്തെയും ചിത്ര‐ശിൽപ പ്രദർശനങ്ങൾ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു‐ വീണ്ടും വീണ്ടും നവീനമായ കാഴ്‌ചാനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കലാവിഷ്‌കാരങ്ങളുടെ തുടർച്ചപോലെ പ്രദർശനങ്ങളും ഗ്യാലറികളും സജീവമാകുന്നതും ആഹ്ലാദകരമാണ്. കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ചിത്ര‐ശിൽപപ്രദർശനം (മൺസൂൺ ആർട്ട് ഫെസ്റ്റ്) സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കലാപ്രദർശനങ്ങളിലൊന്നായി മാറുകയാണ്. പ്രമുഖ ചിത്രകാരനായ ടി ആർ ഉദയകുമാർ ക്യൂറേറ്റ് ചെയ്യുന്ന ബൃഹത്തായ ഈ കലാകൂട്ടായ്‌മ വൈവിധ്യപൂർണമായ കലാഖ്യാനങ്ങളുടെയും കലാവിഷ്‌കാരങ്ങളുടെയും സംഗമമാകുന്നു. പ്രശസ്‌തരായ ചിത്ര‐ശിൽപകാരരോടൊപ്പം പുതുമുറക്കാരും പ്രദർശനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
സമൂഹത്തിൽ‐ നിത്യജീവിതത്തിലുമൊക്കെ ദൃശ്യമാകുന്ന വൈവിധ്യമുഖങ്ങൾ രൂപമായും വർണമായും കലയുടെ ഉൾക്കരുത്ത് പ്രകടമാക്കി പ്രർശനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രാഷ്‌ട്രീയ ചിന്താധാരകളിലൂടെ രാഷ്‌ട്രബോധത്തിലേക്കുള്ള വഴികളും രാഷ്‌ട്രബോധവും ബദ്ധമായ പ്രശ്‌നങ്ങളും നേരിടുന്ന വെല്ലുവിളികളും സംഘർഷങ്ങളും ബഹുവിധ വ്യാഖ്യാനരൂപങ്ങളാൽ ചിത്രമായും ശിൽപമായുമൊക്കെ മൺസൂൺ ആർട്ട് ഫെസ്റ്റിൽ കാണാം. ചരിത്രപരമായി തിരിച്ചറിയപ്പെടേണ്ടുന്ന സാംസ്‌കാരിക അടയാളപ്പെടുത്തലുകൾ/ആധുനികവും സമകാലികവുമായ സ്വതന്ത്ര സർഗാത്മക രചനകളായി ഈ പ്രദർശനത്തിന്റെ ശക്തിസ്രോതസ്സാകുന്ന കാഴ്‌ചയും ശ്രദ്ധേയം. നാടൻകലകളുടെ സൗന്ദര്യശാസ്‌ത്ര ചിന്തകൾ സമകാലികവത്‌കരിക്കുകയും നാടൻകലയിലെ യഥാതഥമായ രൂപനിർമിതികളെയും നഷ്ടമാകുന്ന കലാചരിത്രത്തെ തിരിച്ചുപിടിക്കുകയും ചെയ്യുന്ന ചിത്ര‐ശിൽപ രചനകളാലും സന്പന്നമാണ് ഏറെ ശ്രദ്ധേയമായ മൺസൂൺ ആർട്ട് ഫെസ്റ്റ്. നമ്മുടെ നാടിന്റെ സാംസ്‌കാരിക പാരന്പര്യത്തനിമയുടെ സമന്വയത്തിലൂടെ നവസൗന്ദര്യസങ്കൽപമാണ് ഫെസ്റ്റ് പ്രദാനം ചെയ്യുന്നത്.
കലയിലെ പ്രത്യാശയും ഐക്യവും സമാധാനവും ജീവിതനവീകരണത്തെ സഹായിക്കുന്ന ഘടകങ്ങളാണെന്ന ബോധ്യത്തിലൂടെ കോട്ടയം ആർട്ട് ഫൗണ്ടേഷൻ വർഷങ്ങളായി പ്രവർത്തിക്കുന്നത്. കലയുടെ യഥാർഥ മൂല്യത്തെക്കുറിച്ചു കൂടി, ആസ്വാദകരെ അവർ ഓർമപ്പെടുത്തുന്നു. സൗന്ദര്യശാസ്‌ത്ര ചിന്തയിലൂടെയും സർഗാത്മകതയിലൂടെയും മാനവികതാബോധത്തിലൂന്നിയ ആയിരത്തോളം കലാസൃഷ്ടികളാണ് മൺസൂൺ ആർട്ട് ഫെസ്റ്റ് 2024ൽ ഉണ്ടായിരുന്നത്. മുന്നൂറോളം കലാകാരരുടെ ഐക്യനിര രൂപപ്പെടുത്തുന്നതിൽ നേതൃത്വം നൽകുന്നത് ടി ആർ ഉദയകുമാറാണ്. ദൃശ്യകലാ വൈവിധ്യങ്ങളുടെ സങ്കരഭൂമികയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൺസൂൺ ആർട്ട് ഫെസ്റ്റ് ഏഴാമത് എഡിഷനിൽ എത്തിനിൽക്കുന്ന വിശാലമായ കൂട്ടായ്‌മ കൂടിയാകുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ ചിത്ര‐ശിൽപകാരരൊക്കെ പങ്കാളികളാകുന്നത് എറണാകുളം ഡർബാർ ഹാളിലെ പ്രദർശനത്തിലായിരുന്നു. കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെയുള്ള ചിത്ര‐ശിൽപകാരരുടെ രചനകൾ ഉൾപ്പെടുന്ന മറ്റു പ്രദർശനങ്ങൾ കൊല്ലം എയിറ്റ് പോയിന്റ് ആർട്ട് ഗ്യാലറി, കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗ്യാലറി, ചാലക്കുടി ചോല ആർട്ട് ഗ്യാലറി, കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി എന്നിവിടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. നവംബർ 20 മുതൽ തുടങ്ങിയ ചിത്ര‐ശിൽപ, ഇൻസ്റ്റലേഷൻ, ന്യൂ മീഡിയ കലാപ്രദർശനം നവംബർ 28ന് അവസാനിക്കുന്ന വിധമാണ് ക്രമീകരിച്ചത്. പ്രദർശനാനന്തരം കലാചർച്ചകളും സംവാദങ്ങളും ഉണ്ടായി. വിശ്വോത്തര ചിത്ര‐ശിൽപകാരരുടെ ചലച്ചിത്രങ്ങളും പ്രദർശിപ്പിച്ചു.
കലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാവിദ്യാർഥികളും യുവകലാകാരരും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. ബൗദ്ധികവും സൗന്ദര്യാത്മകവും പരീക്ഷണാത്മകവുമായ ഉയരങ്ങളിലേക്ക് എത്തിപ്പെടുന്ന കലാസൃഷ്ടികളാണ് അവരുടേത്. ഓരോ രചനകളും ഉൾക്കരുത്തോടെ ആശയവിനിമയത്തിലും ആവിഷ്‌കാരത്തിലും ശ്രദ്ധിക്കുന്ന യുവകലാകാരർ ലോകകലയിലെ ചരിത്രപരമായ വികാസപരിണാമദശകൾ തിരിച്ചറിയുകയും പുതിയൊരു കാഴ്‌ചയായി അവതരിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെ ചിത്ര‐ശിൽപകലാ പ്രദർശനങ്ങളിൽ തന്നെ ശ്രദ്ധേയമായിരുന്നു മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ ഏഴാമത് എഡിഷൻ. ചരിത്ര‐വർത്തമാനകാലം അടയാളപ്പെടുത്തുന്ന നവീന ഭാവുകത്വം പ്രകടമാക്കുന്ന കലാവിന്യാസങ്ങളുടെ വിപുലമായ ശേഖരം മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ അടുത്ത പതിപ്പിൽ ദർശിക്കാനാവും‐ അതൊരു തുടർച്ചയാണ്‐ കേരള കലാഭൂമികയുടെ പൂർണതയോടെയുള്ള ചിത്ര‐ശിൽപകലാ പ്രദർശനം. l