സീൻ ഒന്ന്:
കടലിന് മുകളിലേക്ക് ഉദിച്ചുയരുന്ന സൂര്യൻ.
പൊടുന്നനെ രംഗഭൂമിയാകെ നടുക്കം സൃഷ്ടിക്കും വിധം വെടിയൊച്ച കേൾക്കുന്നു.
സൂര്യൻ വെടിയേറ്റ് താഴെ വീഴുന്നു. കടൽ കറുക്കുന്നു. കറുപ്പ് ഏറുന്നു. അത്അരങ്ങാകെ പടരുന്നു.
അശാന്തമായി അലയടിക്കുന്ന സംഗീതം.
അല്പനേരം!
ഇരുട്ടിൽ ചെറുദീപവുമായി വള്ളിട്രൗസറിട്ട ഒരു കുട്ടി ഉറക്കെ വിളിച്ചു കൂവി ഓടുന്നു.
“ഉമ്മാ… ഉമ്മാ… ഞാൻ ഗാന്ധിയെ തൊട്ടേ …’
അവൻ ആഹ്ളാദത്തോടെ കളിയരങ്ങു ചുറ്റി ഓടി ഇരുട്ടിലേക്ക് മറയുന്നു.
മതസൗഹാർദത്തിന്റെ നക്ഷത്ര ദീപങ്ങളായി ഒരു സംഘം മനോഹര സംഗീതത്തിന്റെെ അകമ്പടിയോടെ പ്രവേശിക്കുന്നു. അവർ വിടർത്തിപ്പിടിച്ച വെള്ളക്കുടകൾക്കുള്ളിൽ നക്ഷത്രപ്പൊട്ടുകളുടെ തിളക്കം. കടലിരമ്പം പോലെ അവർ കടന്നുവന്ന് കളിയരങ്ങു ചുറ്റി ഇരുദിക്കിലേക്ക് മാറുമ്പോൾ അവരുടെ മദ്ധ്യഭാഗത്തുനിന്നും ഒരു പുതുപ്രകാശം പോലെ ഗാന്ധി പ്രത്യക്ഷപ്പെടുന്നു. സംഘം അകലുന്നു. ഗാന്ധി പതിയെ മുന്നരങ്ങിലേക്ക് വരുന്നു. പൊടുന്നനെ കൈത്തോക്കുമായി ഗോഡ്സെ കടന്നുവന്ന് തടസ്സം സൃഷ്ടിക്കുന്നു. ഇരുവരുടേയും കണ്ണുകൾ ഇടയുന്നു. മുഖാമുഖം തെല്ലിട നോക്കിനിൽക്കുന്നു.
അലർച്ചയോടെ ശാന്തമാകുന്ന സംഗീതം.
ഗോഡ്സെ: മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് ഇനി ഈ മണ്ണിൽ സ്ഥാനമില്ല.
ഗാന്ധി: (ഗോഡ്സേയുടെ തീപാറുന്ന കണ്ണുകളിലേക്ക് തുറിച്ചു നോക്കി ) നാഥുറാം വിനായക് ഗോഡ്സേ… നീ ?
ഗോഡ്സെ: അതെ! എന്റെ സിരകളിലൊഴുകുന്നത് വീര ഹിറ്റ്ലറുടെ ചൂടുറ്റ ആര്യ രക്തമാണ്.
ഗാന്ധി: (ചെറുപുഞ്ചിരി) എന്റെ മണ്ണിൽ എനിക്ക് സ്ഥാനമില്ലെന്നോ?
ഗോഡ്സെ: അതെ! അങ്ങ് ഹിന്ദുക്കളായ ഞങ്ങളുടെ ശത്രുവാണ്.
ഗാന്ധി: ഹിന്ദു എന്ന വാക്കുച്ചരിക്കാൻ നിങ്ങൾക്കർഹതയില്ല.
ഗോഡ്സെ: അങ്ങയ്ക്കുമില്ല.
ഗാന്ധി: ജന്മംകൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാണ് ഞാൻ.
ഗോഡ്സെ: മറ്റു സമുദായക്കാരോടൊപ്പം നിന്ന് ഈ രാജ്യത്തെ രണ്ടായി പകുത്ത അങ്ങയോ ഹിന്ദു ?
ഗാന്ധി: എല്ലാ മതത്തിൽപ്പെട്ടവരെയും സ്നേഹിച്ചാദരിക്കാനാണ് ഹിന്ദുത്വം എന്നെ പഠിപ്പിച്ചത്.
ഗോഡ്സെ: അങ്ങ് ഹിന്ദുവല്ല. മുസൽമാൻമാരുടെ നേതാവാണ് ; പാകിസ്ഥാന്റെ പിതാവ്.
ഗാന്ധി: ഒരു യഥാർഥ ഹിന്ദുമത വിശ്വാസി മറ്റുമതങ്ങളെ ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്. ഉപനിഷത്തിൽ പറയുന്നപ്രകാരം ഹിന്ദുവിന്റെ യഥാർത്ഥ പാരമ്പര്യം സർവ ജീവജാലങ്ങളോടുള്ള സാഹോദര്യമാണ്.
(സാഹോദര്യത്തിന്റെ സംഗീതത്തോടെ മതസൗഹാർദ്ദത്തിന്റെ വെള്ളക്കുടകൾ പ്രത്യക്ഷപ്പെടുന്നു. ഗോഡ്സെ പക കത്തുന്ന കണ്ണുകളോടെ കൈത്തോക്കുയർത്തി കുടകൾക്ക് നേരെ വെടിയുതിർക്കുന്നു. കുടകൾ അകലുന്നു.
(നിശ്ശബ്ദത !)
ഗാന്ധി: നീതിക്കൊപ്പം നിന്ന് മനുഷ്യത്വത്തിന് വിലകൽപ്പിച്ച് അനീതിക്കെതിരെ ശബ്ദിച്ച എത്ര ഹിന്ദുക്കളെയാണ് നിങ്ങൾകൊന്നൊടുക്കിയത്?
ഗോഡ്സെ: ഞങ്ങൾക്കെതിരെ ശബ്ദിക്കുന്ന നാവുകളെല്ലാം ഞങ്ങൾ നിശ്ശബ്ദരാക്കുകതന്നെ ചെയ്യും.
ഗാന്ധി: ജസ്റ്റിസ് ലോയ, ഹേമന്ത്കർക്കരെ, സുബോധ്കുമാർ, ഗൗരിലങ്കേഷ് ,കൽബുർഗി, ധബോൽക്കർ, പൻസാരെ അങ്ങനെ എത്രപേർ.
ഗോഡ്സെ: മതി! ഹിന്ദു രാഷ്ട്രമാകാൻ തയ്യാറെടുക്കുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ടാണ് അങ്ങ് ഈ പറയുന്നതെന്നോർക്കണം.
ഗാന്ധി: നല്ല ഓർമ്മയുണ്ട്. നീതിക്കും സത്യത്തിനുമൊപ്പം നിന്ന ഹിന്ദുക്കളുടെ അവസ്ഥയാണ് ഞാൻ പറഞ്ഞത്.
ഗോഡ്സെ: അങ്ങ് ജീവിച്ചിരുന്ന കാലത്തെക്കാൾ മൂർച്ചയേറിയ ആയുധങ്ങളും, ഒരു തെളിവു പോലും അവശേഷിക്കാനാവാത്തവിധം കരുത്തോടെ ഗർജ്ജിക്കുന്ന തോക്കുകളും ഇന്ന് അങ്ങയെ കാത്തിരിക്കുന്നുണ്ട്.
ഗാന്ധി: ഞാനെന്തിന് ഭയക്കണം? അധികാരബലത്താൽ ഇപ്പോൾ എന്നെ തുടർച്ചയായി നിങ്ങൾ വധിച്ചുകൊണ്ടിരിക്കുകയല്ലെ?
പാഠപുസ്തകങ്ങളിൽ എന്റെ മരണം ആത്മഹത്യയാക്കി മാറ്റിയില്ലെ? ഇതിലൂടെ മരണശേഷവും എന്നെ കൊന്നുകൊണ്ടിരിക്കുകയല്ലെ?
ഗോഡ്സെ: അങ്ങയെ കൊന്ന കളങ്കങ്ങൾ മായ്ക്കാൻ ഇനിയും ഞങ്ങൾ വ്യാജചരിത്രങ്ങൾ നിർമ്മിക്കുകതന്നെചെയ്യും.
(പിന്നരങ്ങിൽ മനുഷ്യ രക്തത്തിനായുള്ള ദാഹത്തോടെ അലറുന്ന ആയുധധാരികളുടെ ശബ്ദം)
“നുഴഞ്ഞുകയറ്റക്കാരെ അതിർത്തി കടത്തണം. മിനാരങ്ങളുംകുരിശുകളുമെല്ലാം തകരണം.’
“മനുവിന്റെ കാലം പിറക്കട്ടെ. അയിത്തങ്ങളും ആചാരങ്ങളും തിരികെ വരട്ടെ’
“ഹിന്ദു രാഷ്ട്രം പുലരുവാൻ നേരമായ് ’
“ഗാന്ധിക്ക് പകരം ഗോഡ്സേ മതി. ഗോഡ്സെയുടെ രാജ്യം പിറക്കട്ടെ ’
ഗോഡ്സെ: (ആവേശപൂർവം) ജയ്ശ്രീറാം… ജയ്ശ്രീറാം… (മറയുന്നു) ഗാന്ധി: ചെകുത്താന്മാരുടെ അധികാരമേ… അകന്നു പോ… നിങ്ങളുടെ കിരീടങ്ങളും ചെങ്കോലുകളും ജനരോഷത്താൽ ഒലിച്ചുപോട്ടെ. മനുഷ്യ ഹൃദയങ്ങളെ പിളർക്കാൻ ഞാനനുവദിക്കില്ല. (പോസ്) ഹിന്ദുരാഷ്ട്രവാദമുയർത്തി ചരിത്രം തിരുത്താനും അക്രമവും കൊലകളും നടത്താനും ഒരുങ്ങിയവർ ഹിന്ദുമതത്തിന് തന്നെ തീരാക്കളങ്കമാണ്. ഈ രാജ്യത്തെ എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാ മനുഷ്യർക്കും ഒരു ഭീതിയും കൂടാതെ ജീവിക്കാൻ കഴിയുന്ന രാഷ്ട്രമാണ് ജനാധിപത്യരാഷ്ട്രം. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തിലല്ല ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വത്തിലാണ് അതിന്റെ കാതൽ.
(അരങ്ങു വെളിച്ചം പൊലിയുന്നു.)
സീൻ രണ്ട് :
രാവണന്റെ തേരിലേറി ഗോഡ്സേ പ്രവേശിക്കുന്നു. ചുറ്റുംആയുധദാരികളുടെ അകമ്പടി .
ആർപ്പുവിളികൾ
അലർച്ചകൾ,
ആഹ്ളാദത്തിന്റെ സംഗീതം.
ആഘോഷത്തിന്റെ വർണ്ണവെളിച്ചങ്ങൾ.
ഗോഡ്സേ തേരിൽ നിന്നിറങ്ങി ഗാന്ധിയെ തിരയുന്നു.തെല്ലിടകഴിഞ്ഞ് വേവുന്ന ഹൃദയത്തോടെ ഗാന്ധി നടന്നു വരുന്നു.
ഗോഡ്സേ ആ വരവുകണ്ട് പരിഹാസഭാവത്തോടെ നോക്കിനിൽക്കുന്നു.
ഗോഡ്സെ: ഹേ ഗാന്ധീ! കാലമിത് പഴയതല്ല. കൊല്ലാനും കൊന്നൊടുക്കാനും കരുത്തുള്ളവരുടെ കാലം. വീര സവർക്കർ കാട്ടിത്തന്ന പാതയിലൂടെ നടക്കും വീരന്മാരുടെ കാലം.
ഗാന്ധി: കാണാൻ പാടില്ലാത്തതൊക്കെ ഈ കാലം എനിക്ക് കാട്ടിത്തന്നു. ഏകാകിയായ ഈ വയസ്സന് ഒരു അപേക്ഷയേയുള്ളു. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ തമ്മിൽ തല്ലിച്ച് കൊന്നൊടുക്കരുത്. വർഗീയതയുടെ വിഷം കൊണ്ട് ഈ മണ്ണിനെമലിനമാക്കരുത്. ഇനിയും ഈ രാജ്യത്തെ വെട്ടിമുറിച്ച് ചോരയിൽമുക്കി കൊല്ലരുത്.
ഗോഡ്സെ: രാമരാജ്യത്തിന്റെ പിറവിയ്ക്കായുള്ള കാഹളം മുഴങ്ങി ക്കഴിഞ്ഞു. തകർന്ന പള്ളികൾക്ക് മീതെ പുതുക്ഷേത്രപൂജകൾ ആരംഭിച്ചു.
(ശബ്ദബഹളങ്ങൾ .. പൂജാ മന്ത്രധ്വനികൾ)
ഗാന്ധി: (അസ്വസ്ഥനായി) ഞാനെന്റെ ജീവിതത്തിലുടനീളംവെറുക്കുകയും എതിർക്കുകയുംചെയ്ത രാഷ്ട്രീയമാണ് ഇന്നും നിങ്ങളുടെ സംഘം കൊണ്ടുനടക്കുന്നത്.
ഗോഡ്സെ: (പരിഹാസം) അങ്ങ് സർവമതസാഹോദര്യത്തിന്റെ പ്രവാചകനാണല്ലോ?
ഗാന്ധി: അതെ! ആരോടും എനിക്ക് വേർതിരിവുകളില്ല. അടുപ്പംമാത്രം.രാമനേയും റഹീമിനേയും റാഫേലിനേയും ഞാൻ ഒന്നായി കാണുന്നു. നല്ല മനുഷ്യരായി കാണുന്നു. മനുഷ്യരെ മനുഷ്യരായി കാണാനും സ്നേഹിക്കാനുമാണ് ഞാൻ പഠിച്ചത്.
ഗോഡ്‌സെ: ഞങ്ങൾ പഠിച്ചത് വേർതിരിവിന്റെ വേലികൾ പണിയാനാണ്. ഒറ്റ മതം, ഒറ്റദേശം, ഒറ്റഭാഷ, ഒറ്റ വേഷം അതാണ് ഞങ്ങളുടെ മുദ്രാവാക്യം.
ഗാന്ധി: മതത്തെ അധികാരത്തിന് വേണ്ടിയുള്ള ആയുധമാക്കുകയല്ലേ നിങ്ങൾ?
എത്രയെത്ര പാവം മനുഷ്യരെനിങ്ങൾ കൊന്നൊടുക്കി. ആ നിസ്സഹായരുടെ നിലവിളി… ഹോ…
(പിന്നരങ്ങിൽ നിന്നും നിലവിളികൾക്കൊപ്പം അവരുടെ രക്തംകൊണ്ട് തിരശ്ശീല ചുവക്കുന്നു.)
ഗോഡ്സെ: അതിസമ്പന്നരുടെ ധനബലത്തിലാണ് ഞങ്ങൾഅധികാരത്തിന്റെ തൂണുകൾ ഉറപ്പിച്ചിരിക്കുന്നത്. ഹിറ്റ്ലറും മുസോളിനിയുമാണ് ഞങ്ങളെ നയിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ മതാധിഷ്ഠിത രാജ്യമാക്കി ഞങ്ങൾ മാറ്റുക തന്നെ ചെയ്യും. (മറയുന്നു)
(ഗാന്ധി തെല്ലിട നിശ്ശബ്ദനായി നിന്നു പോകുന്നു. കണ്ണുകൾ നിറയുന്നു.)
ഗാന്ധി: (വേദനയോടെ) മരിച്ചിട്ടും വിശ്രമമില്ലാത്തവന്റെ വേദന ആരറിയുന്നു? ചുറ്റും ഇരുട്ട് നിറയുന്നു. എങ്ങും നിലവിളികൾ മാത്രം. എല്ലാ നിലവിളികൾക്കും ഒരേസ്വരം. മുറിവേറ്റ് പിടയുന്ന എന്റെ പ്രിയരാജ്യത്തെ രക്ഷിക്കാൻ ആരുമില്ലാതായല്ലോ?
(അകലെ നിന്നും ഒരു പ്രകാശം അടുത്തു വരുന്നു. ഗാന്ധി ആ വെളിച്ചം കാണുന്നു. ആ നിലാവെളിച്ചത്തിൽ തൂവെള്ള വസ്ത്രം ധരിച്ച ഒരു ചെറുബാലൻ പുഞ്ചിരിയോടെ നടന്നുവരുന്നു. ഗാന്ധിയുടെ മുഖത്ത് സന്തോഷഭാവം.)
ഗാന്ധി: ഹാ… പുതു വെളിച്ചമേ… നിന്നെയാണ് ഞാൻ തിരഞ്ഞു നടന്നത്. വരൂ… എന്റെ കൈപിടിച്ച് എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുപോകു… പുതു സൂര്യനുദിക്കട്ടെ.
പുതുപൂക്കൾവിടരട്ടെ… വരൂ…
(ബാലൻ ഗാന്ധിയുടെ അടുത്തേക്കടുക്കുന്നു. അരങ്ങാകെ നിലാവെളിച്ചം. പുതുസംഗീതം!)
ശുഭം