Friday, December 13, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാളിൽ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഇടത്‌ വിദ്യാർഥി സംഘടനകൾ

ബംഗാളിൽ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഇടത്‌ വിദ്യാർഥി സംഘടനകൾ

ഷുവജിത്ത്‌ സർക്കാർ

തൃണമൂൽ വാഴ്‌ചയിൻ കീഴിൽ അഴിമതിയുടെ ഒരു പരമ്പരയ്‌ക്കാണ്‌ പശ്ചിമബംഗാൾ സാക്ഷ്യംവഹിക്കുന്നത്‌. ദിനംപ്രതിയെന്നോണം ഒരു അഴിമതിയെങ്കിലും പുറത്തുവരുന്നതാണ്‌ ബംഗാളിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്‌. ഈയടുത്തകാലത്തായി, വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ടുള്ള അഴിമതി അതിന്റെ പരമകാഷ്‌ഠയിലെത്തിയിരിക്കുന്നു. എസ്‌എസ്‌സി യോഗ്യതയുള്ള 26000 ചെറുപ്പക്കാർക്കാണ്‌ ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ടത്‌. 2016ൽ എസ്‌എസ്‌സി പാസായി, 2018‐2019ൽ വിവിധ സ്‌കൂളുകളിൽ അധ്യാപകരായി പ്രവേശിച്ചവരെ കൊൽക്കത്ത ഹൈക്കോടതി വിധി പ്രകാരം അതത്‌ തസ്‌തികകളിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്‌; ആ ലിസ്റ്റുതന്നെ റദ്ദാക്കിയിരിക്കുകയാണ്‌. മാത്രവുമല്ല ഇവർ വാങ്ങിയ ശമ്പളത്തിന്റെ 12% ഖജനാവിന്‌ തിരിച്ചടയ്‌ക്കുകയും വേണം. നിയമനത്തിൽ വലിയതോതിൽ അഴിമതി നടന്നതും ആരൊക്കെയാണ്‌ യോഗ്യർ, അയോഗ്യർ എന്നതു വ്യക്തമാക്കുന്ന ശരിയായ തെളിവുകളുടെ അഭാവവുമാണ്‌ മുഴുവൻ പാനലും റദ്ദുചെയ്യാനിടയാക്കിയതെന്നാണ്‌ വിധിന്യായത്തിൽ കോടതി വ്യക്തമായും ചൂണ്ടിക്കാട്ടിയത്‌. തൃണമൂൽ അധികാരത്തിലേറി കഴിഞ്ഞ 13 വർഷമായി സംസ്ഥാനത്ത്‌ പതിവായി നടത്തേണ്ട നിയമന പരീക്ഷകൾ നടത്താറില്ല. അഴിമതി അതിന്റെ പാരമ്യത്തിലെത്തി; പ്രാദേശിക തൃണമൂൽ നേതാക്കളും പ്രാദേശിക ഭരണകൂടവും ഒത്തുചേർന്ന്‌ യുവജനങ്ങളെ കൊള്ളയടിച്ചു. ഇരുകൂട്ടരും ഒത്തുകളിച്ച്‌ അനർഹരായവരിൽനിന്ന്‌ പണം വാങ്ങി പല തസ്‌തികകളും വിറ്റു. ഇവർക്ക്‌ പണം നൽകിയവർ കുറ്റക്കാർതന്നെയാണ്‌. എന്നാൽ അതിനെക്കൾ വലിയ കുറ്റം ചെയ്‌തത്‌ തൃണമൂലാണ്‌; കാരണം ഈ അഴിമതിക്ക്‌ തുടക്കമിട്ടത്‌ അവരാണ്‌. മുമ്പ്‌ ഇടതുപക്ഷ ഭരണകാലത്ത്‌ സർക്കാർ ജോലിക്കായുള്ള പരീക്ഷകൾ എല്ലാവർഷവും മുടങ്ങാതെ നടത്തിയിരുന്നു. അതുവഴി സംസ്ഥാനത്തെ ആയിരക്കണക്കിന്‌ ചെറപ്പക്കാർക്ക്‌ നിയമനം ലഭിച്ചിരുന്നു. എന്നാൽ അഴിമതിയിൽ മുഴുകിയിരിക്കുന്ന മമതാ ബാനർജിയുടെ ഭരണത്തിൻ കീഴിൽ, സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുടെ വിവിധ രൂപങ്ങൾക്കാണ്‌ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്‌. ഇതിൽ വിചിത്രവും ലജ്ജാകരവുമായത്‌, അർഹതയില്ലാതെ ജോലി നേടിയവരെയും സർക്കാർ ജോലികൾ വിറ്റു കാശാക്കിയ തൃണമൂൽ നേതാക്കളെയും രക്ഷിക്കാൻ അർഹരായ ഉദ്യോഗാർഥികളുടെ രേഖകളും മറ്റ്‌ തെളിവുകളും നശിപ്പിച്ചുകളഞ്ഞതാണ്‌. ബംഗാളിലെ ജനങ്ങൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ സാഹചര്യം സൃഷ്ടിച്ച തൃണമൂലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും ഒരു പാർട്ടിയെന്ന നിലയിൽ തൃണമൂലും ചെയ്‌തത്‌ കടുത്ത ക്രിമിനൽ കുറ്റമാണ്‌. ഈ അഴിമതിയെ വിമർശിക്കുന്ന ബിജെപി നേതാക്കളാകട്ടെ മുൻ തൃണമൂലുകാരാണ്‌. ഉദാഹരണത്തിന്‌, ഇപ്പോഴത്തെ പ്രതിപക്ഷനേതാവായ സുവേന്ദു അധികാരി മുൻ തൃണമൂൽ നേതാവും തൃണമൂൽ സർക്കാരിലെ മുൻമന്ത്രിയുമായിരുന്നു. 2016ലെ നിയമന അഴിമതിയിൽ വലിയ പങ്കുണ്ടായിരുന്നയാളാണിദ്ദേഹം. സിബിഐ, ഇഡി അന്വേഷണത്തിൽനിന്നും രക്ഷപ്പെടാൻ അദേദഹം പിന്നീട്‌ ബിജെപിയിൽ ചേർന്നു. സംസ്ഥാനത്തെ ഈ അഴിമതിക്കെതിരെ ഇടത്‌ വിദ്യാർഥി‐യുവജനസംഘടനകൾ എക്കാലവും ശബ്ദമുയർത്തിയിട്ടുണ്ട്‌. ചന്തയിൽ പച്ചക്കറി വിൽക്കുംപോലെ തൊഴിൽ വിൽക്കുന്ന ഈ സ്വേച്ഛാധിപത്യപത്യ ഗവൺമെന്റിനെതിരെ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്കൊപ്പം ഉറച്ചുനിൽക്കുന്നു. എസ്‌എസ്‌എയും തൃണമൂൽ സർക്കാരും നടത്തിയ ക്രമക്കേടുകൾ മൂലം യോഗ്യരായവർക്ക്‌ തൊഴിൽ നഷ്ടമായതിനെതിരെ ഇടത്‌ അധ്യാപക സംഘടനയായ ഓൾ ബംഗാൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (എബിടിഎ) സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. യഥാർഥ യോഗ്യതയുള്ളവരും തൃണമൂൽ നേതാക്കൾക്ക്‌ പണംകൊടുത്ത്‌ ജോലി നേടാത്തവരും ശരിയായി നടത്തപ്പെട്ട പരീക്ഷ എഴുതി യോഗ്യത നേടിയവരുമായവർക്ക്‌ തൊഴിൽ കിട്ടണമെന്ന്‌ ഹർജിയിൽ വ്യക്തമാക്കുന്നു. ഇവർ അഴിമതിയിൽ ഭാഗഭാക്കല്ലാത്തതിനാൽ അവർക്ക്‌ അർഹതപ്പെട്ട തൊഴിൽ ആർക്കും തട്ടിയെടുക്കാനാവില്ല.

ജോലി ലഭിക്കാൻ തൃണമൂലിന്റെ പ്രാദേശിക നേതാക്കൾക്ക്‌ പണം നൽകിയവർ ഇപ്പോൾ നേരിട്ട്‌ ഈ നേതാക്കളുടെ വീടുകളിലെത്തി പണം തിരികെ ചോദിക്കുന്നതിനാൽ തൃണമൂൽ ആകെ പ്രതിസന്ധിയിൽപെട്ടിരിക്കുകയാണ്‌. ഈ തൃണമൂൽ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്‌ അഴിക്കുള്ളിലാക്കിയാൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ, അഭിഷേക്‌ ബാനർജി ഉൾപ്പെടെയുള്ള പാർട്ടിയുടെ വലിയ നേതാക്കളും അതിൽപ്പെടുമെന്നതാണ്‌ ഇപ്പോൾ മമത ബാനർജിയെയും തൃണമൂൽ നേതാക്കളെയും അലട്ടുന്നത്‌. തൊഴിൽ വിറ്റ്‌ കച്ചവടമടിച്ച തൃണമൂൽ കോൺഗ്രസിലെ ഈ അഴിമതിക്കാർ അറസ്റ്റിലായാൽ തിരഞ്ഞെടുപ്പിൽ തൃണമൂലിനുവേണ്ടി ആര്‌ വോട്ട്‌ കൊള്ളയടിക്കുമെന്നതും ഇവരെ അലട്ടുന്നു. എന്തായാലും വിഷയം ഇപ്പോൾ സുപ്രീംകോടതിയിലേക്ക്‌ പോയിരിക്കുകയാണ്‌. അതിനാൽ എസ്‌എസ്‌സി യഥാർഥ രേഖകളും പരീക്ഷയിൽ ഉപയോഗിക്കാത്ത ഒഎംആർ ഷീറ്റുകളും ഹാജരാക്കേണ്ടതുണ്ട്‌. അതുവഴി യോഗ്യരായവരുടെയും അയോഗ്യരായവരുടെയും ഒരു ചിത്രം ലഭിക്കും. അതുവഴി ഒഴിഞ്ഞ ഒഎംആർ ഷീറ്റു നൽകി ജോലി നേടിയവരെയും റാങ്ക്‌ പട്ടികയിൽ മുന്നിൽ കയറിയവരെയും കണ്ടെത്താനാകും. മുഴുവൻ രേഖകളും ഉത്തരക്കടലാസുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത്‌ തികഞ്ഞ ക്രിമിനൽ കുറ്റവും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ്‌. തൃണമൂൽ ചെറുപ്പക്കാരുടെ ജീവിതമാണ്‌ പ്രതിസന്ധിയിലാക്കിയത്‌.

ഇതിനെതിരെ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ. എബിടിഎ, ഇടതുപക്ഷത്തോട്‌ അനുഭാവമുള്ള മറ്റ്‌ വിദ്യാർഥി, യുവജന, അധ്യാപക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ എസ്‌എസ്‌സി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ പ്രതിഷേധിച്ചവരെയും സംഘടനാപ്രവർത്തകരെയും പൊലീസ്‌ ആക്രമിക്കുകയും നിവേദനം നൽകുന്നതിൽനിന്ന്‌ അവരെ തടയുകയും ചെയ്‌തു. പ്രതിഷേധപരിപാടി മണിക്കൂറുകളോളം നീണ്ടു. പ്രതിഷേധിച്ചവരിൽ ചിലരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിന്നീടവരെ വിട്ടയച്ചശേഷമാണ്‌ എസ്‌എസ്‌സിക്കു മുമ്പാകെ നിവേദനം നൽകാൻ അനുവദി നൽകിയത്‌. വിദ്യാഭ്യാസരംഗത്തും തൊഴിരംഗത്തും തൃണമൂൽ നടത്തുന്ന വലിയ അഴിമതിമൂലം യോഗ്യരായ ഒരു ഉദ്യോഗാർഥിക്കും ഇനി തൊഴിൽ നഷ്ടപ്പെടാൻ പാടില്ലെന്ന്‌ ഉറപ്പാക്കുമെന്നും അഴിമതിക്കെതിരെ പോരാട്ടം തുടങ്ങുമെന്നും വിദ്യാർഥി, യുവജനസംഘടനകൾ പ്രതിജ്ഞ ചെയ്‌തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular