Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബിജെപിയെ ഉപരോധിച്ച്‌ പഞ്ചാബ്‌ കർഷകർ

ബിജെപിയെ ഉപരോധിച്ച്‌ പഞ്ചാബ്‌ കർഷകർ

കെ ആർ മായ

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചരണം ചൂടുപിടിക്കുമ്പോൾ പഞ്ചാബിലേക്ക്‌ ബിജെപി നേതാക്കൾ പ്രവേശിക്കുന്നത്‌ തടഞ്ഞ്‌ കർഷകർ പ്രതിരോധനിര തീർക്കുകയാണ്‌. ‘‘ഞങ്ങളെ നിങ്ങൾ ഡൽഹിയിൽ പ്രവേശിക്കാനനുവദിക്കില്ലെങ്കിൽ നിങ്ങളുടെ നേതാക്കളെ ഞങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാനനുവദിക്കില്ല’’ എന്നെഴുതിയ പോസ്റ്ററുകളുമായാണ്‌ പഞ്ചാബിലെ കർഷകർ ബിജെപി നേതാക്കളെയും പ്രവർത്തകരെയും തടയുന്നത്‌. പഞ്ചാബ്‌‐ഹരിയാന അതിർത്തിയിലെ ശംഭുവിലെ കർഷകരാണ്‌ ഇങ്ങനെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി അണിനിരന്നത്‌.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സംഗ്രൂർ ജില്ലയിലെ ശംഭുവിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ 19 കാരനായ ഒരു കർഷക യുവാവ്‌ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്കുനേരെ ഹരിയാന പൊലീസിന്റെ വെടിയേറ്റാണ്‌ ഈ യുവാവ്‌ കൊല്ലപ്പെട്ടത്‌. ഇതിൽ പ്രതിഷേധിച്ചും ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മോദി ഗവൺമെന്റ്‌ കൊണ്ടുവരാൻ ശ്രമിച്ച മൂന്നു കാർഷികനിയമങ്ങളും തിരികെ കൊണ്ടുവരുമെന്നും അത്‌ ഉണ്ടാകാതിരിക്കുന്നതിന്‌ ബിജെപി നേതാക്കൾ പഞ്ചാബിൽ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെത്തുന്നത്‌ തടയുന്നതിനുമാണ്‌ പഞ്ചാബിലെ കർഷകർ ഒന്നിച്ചണിനിരന്നത്‌.

നിരവധി പ്രാദേശിക കർഷകസംഘടനകളും തിരഞ്ഞെടുപ്പു പ്രചരണത്തിനായി ബിജെപി നേതാക്കളെ തങ്ങളുടെ പ്രദേശത്ത്‌ കാലുകുത്താൻ അനുവദിക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്‌. പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) നേതൃത്വത്തിലാണ്‌ വിവിധ കർഷകസംഘടനകൾ ഒന്നിച്ചണിനിരക്കുന്നത്‌. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ ആഹ്വാനപ്രകാരമാണിത്‌.

ഡൽഹിയിലെ രാംലീല മൈതാനത്തു നടന്ന കർഷക‐തൊഴിലാളി മഹാപഞ്ചായത്തിൽ എല്ലാ കർഷകസംഘടനകളും ജീവനക്കാരുടെ സംഘടനകളുമായി ബന്ധപ്പെടാൻ തീരുമാനമെടുത്തിരുന്നു. ബിജെപിക്കെതിരെ ജനങ്ങളുടെ പിന്തുണ നേടുന്നതിന്‌ രാജ്യത്തുടനീളം ജൻ പഞ്ചായത്തുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ജൻ പഞ്ചായത്തുകൾ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിച്ചുവരികയാണ്‌. മോദി സർക്കാരിന്റെ നയങ്ങളെ തുറന്നുകാട്ടുന്നതിനും അത്‌ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായുമുള്ള പ്രചരണങ്ങൾക്കും തുടക്കമിട്ടു കഴിഞ്ഞു.

ജാതി, മതം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന, രാജ്യത്തിന്റെ നട്ടെല്ലായ കർഷക ജനസാമാന്യത്തിന്റെ നിലനിൽപിന്റെ അടിത്തറ തോണ്ടുന്ന, ജനങ്ങളുടെ സമ്പത്തെല്ലാം കുത്തിച്ചോർത്തിയെടുത്ത്‌ കോർപറേറ്റുകളെ കൊഴുപ്പിക്കുന്ന മോദി വാഴ്‌ചയ്‌ക്ക്‌ അവസാനം കാണുംവരെ പോരാടാൻ തന്നെയാണ്‌ കർഷകരുടെ ഉറച്ച തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − four =

Most Popular