അഭയം തേടിയെത്തുന്നവരെ റുവാണ്ടയിലേക്കും മറ്റും മടക്കിയയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ് ബ്രിട്ടനിലെ ഋഷി സുനകിന്റെ യാഥാസ്ഥിതിക സർക്കാർ. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും അധികാരത്തിൽ വരാനുള്ള അറ്റകൈ പ്രയോഗമാണ് സുനകും യാഥാസ്ഥിതിക കക്ഷിയും അഭയാർഥികൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്.
സർക്കാരിന്റെ നടപടികളെ വിമർശിച്ചുകൊണ്ട് ലേബർ പാർട്ടി നേതാവും ഇടതുപക്ഷക്കാരനുമായ ജെറമി കോർബിൻ ദി ട്രിബ്യൂൺ മാഗസിനിൽ ഇങ്ങനെ എഴുതി‐ ‘‘ഏതാനും വോട്ടുകൾക്കായി ജനങ്ങളുടെ ആത്മാഭിമാനം ബലികൊടുക്കുകയാണ് സർക്കാർ. ഇപ്പോത്തെ സർക്കാർ നീക്കത്തെ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവൺമെന്റിന്റെ മരണപ്പിടച്ചിലായാണ് കാണേണ്ടത്’’. ഏപ്രിൽ അവസാന ആഴ്‌ചയിൽ സേഫ്‌റ്റി ഓഫ് റുവാണ്ട അസൈലം ആന്റ് ഇമിഗ്രേഷൻ ബില്ലിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം നേടുന്നതിൽ സുനക് സർക്കാർ വിജയിച്ചു.
ഈ നിയമം നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ അഭയാർഥികളായി കഴിയുന്നവരെ പിടികൂടി നാടുകടത്താനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് ആരംഭിച്ചു. ജൂലൈ ആദ്യ ആഴ്‌ചയിൽ അഭയാർഥികളുമായി റുവാണ്ടയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. എന്നാൽ ഇതിനായി പൊലീസ് നടത്തിയ റെയ്‌ഡുകളെ തടയാൻ പ്രാദേശികതലത്തിൽ സംഘടിതരായ ജനങ്ങൾ ശ്രമിക്കുന്നു. ഒരു പരിധിവരെ അതിലവർ വിജയിക്കുന്നുമുണ്ട്. ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഭയാർഥികളെ കണ്ടെത്തി പിടികൂടി കുപ്രസിദ്ധമായ തടവറകളിലേക്ക് അവരെ അയയ്‌ക്കുന്നത് തടയാൻ മെയ് രണ്ടിന് ലണ്ടനിലെ ഒരുവിഭാഗം ആക്ടിവിസ്റ്റുകൾക്ക് കഴിഞ്ഞു. ഇതിനെത്തുടർന്ന് നാൽപതിലേറെ ആക്ടിവിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടു.
നാടുകടത്താനുള്ള സർക്കാർ നീക്കം തുടങ്ങിയതോടെ അഭയാർഥികളിൽ ചിലർ എവിടെയെങ്കിലും ഒളിച്ചിരിക്കാനോ അയർലണ്ടിലേക്ക് കടക്കാനോ ശ്രമിക്കുകയാണ്. അയർലണ്ടിലെ അധികൃതർ പറയുന്നത് ഇങ്ങനെ ആ രാജ്യത്തേക്ക് ഒളിച്ചോടി വരുന്നതിൽ 90 ശതമാനം പേരും ബ്രിട്ടനിൽനിന്നുള്ളവരാണെന്നാണ്. ♦