2002ലെ രണ്ടാം ഇൻതിഫാദക്കുശേഷം ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ആഗസ്റ്റ് 27ന് നടന്നത്. പലസ്തീനിലെ സായുധ പ്രതിരോധ വിഭാഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ആഗസ്റ്റ് 27ന് ഇസ്രായേലി സേനകൾ വെസ്റ്റ്ബാങ്കിൽ ആക്രമണം അഴിച്ചുവിട്ടത്. നൂറുകണക്കിന് സൈനികർക്ക് പുറമേ യുദ്ധവിമാനങ്ങളും ഡ്രോണുകളും ബുൾഡോസറുകളും ഇറക്കിക്കൊണ്ടാണ് ഇസ്രയേൽ വെസ്റ്റ് ബാങ്കിനെ ആക്രമിച്ചത്. പലസ്തീനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ അഴിച്ചുവിട്ട നിഷ്ഠുരമായ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് വെസ്റ്റ്ബാങ്കിലെ വിവിധ ക്യാമ്പുകളിൽ അഭയം തേടിയ ജനങ്ങളോട് എത്രയും പെട്ടെന്ന് അവിടം ഒഴിഞ്ഞുപോകണമെന്ന് സേനകൾ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ റെസിസ്റ്റൻസ് ഗ്രൂപ്പുകളെ പൂർണ്ണമായും ഇല്ലാതാക്കുകയായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.
ഇസ്രയേൽ 11 മാസമായി നടത്തിവരുന്ന വംശഹത്യയിൽ ഗാസയിലെ ജനങ്ങളോട് അവിടം ഒഴിഞ്ഞുപോകുവാൻ ഇസ്രയേലി ഒക്കുപ്പേഷൻ ഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇപ്പോൾ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണം ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് കരുതപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 10 പേരെ കൊന്നൊടുക്കി. ഇതുവരെ ജെറുസലേം അടക്കം വെസ്റ്റ് ബാങ്കിലെ മൊത്തത്തിലുള്ള മരണസംഖ്യ, അതായത് ഇസ്രായേൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 660 പിന്നിട്ടു.
അതേസമയം ഇത് ക്രൂരമായ വംശഹത്യ ആണെന്നും തങ്ങളെക്കൊണ്ട് ആകുംവിധം ചെറുത്തുനിൽക്കും എന്നും ഇസ്രായേൽ റെസിസ്റ്റൻസ് ഗ്രൂപ്പ് പറയുന്നു. ആഗസ്റ്റ് 28ന് ഇസ്രായേൽ അൽ-മാൻഫെലോതി സ്കൂൾ ആക്രമിക്കുകയും അവിടെ അഭയംതേടിയിരുന്ന ജനങ്ങളെ പരിക്കേൽപ്പിക്കുകയും എട്ടുപേരെ കൊന്നൊടുക്കുകയും ചെയ്തു. ലബനൻ അതിർത്തിക്കടുത്ത് സിറിയയിലെ ഒരു കാർ ലക്ഷ്യം വെച്ച് ഇസ്രായേലി വ്യോമസേന നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് മൂവ്മെന്റിന്റെ ഉയർന്ന കമാൻഡർ ആയ ഫാരിസ് കാസിമിനെ തങ്ങൾ കൊന്നുവെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നു. അതേസമയം പലസ്തീനിയൻ ജിഹാദ് മൂവ്മെന്റ് അത് സ്ഥിരീകരിച്ചിട്ടില്ല. ആഗസ്റ്റ് 29ന് ഇസ്രായേലി സൈന്യം നടത്തിയ പ്രഖ്യാപനത്തിൽ അവർ വ്യക്തമാക്കിയത് അബൂ ഷുജാ എന്നറിയപ്പെടുന്ന മുഹമ്മദ് ജാബ്ബറിനെ കൊന്നുവെന്നാണ്. ഇസ്ലാമിക് ജിഹാദി മൂവ്മെന്റിന്റെ തുൽക്കാരം ബ്രിഗേഡിന്റെ കമാൻഡർ ആയിരുന്നു മുഹമ്മദ് ജബ്ബാർ അഥവാ അബൂ ഷൂജ. അബൂ ഷൂജായോടൊപ്പം മറ്റു നാല് പോരാളികളെ കൂടി നീണ്ട സംഘട്ടനത്തിനുശേഷം തങ്ങൾ കൊന്നുവെന്നും ഇസ്രായേലി സേന വ്യക്തമാക്കി. ചുരുക്കത്തിൽ പറഞ്ഞാൽ 2002നുശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ആഗസ്റ്റ് 27ന് ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ അഴിച്ചുവിട്ടത്. ♦