Friday, December 13, 2024

ad

Homeരാജ്യങ്ങളിലൂടെനെതന്യാഹു സർക്കാരിനെതിരെ ബഹുജനപ്രക്ഷോഭം

നെതന്യാഹു സർക്കാരിനെതിരെ ബഹുജനപ്രക്ഷോഭം

പത്മരാജൻ

മെയ്‌ നാലിന്‌, ശനിയാഴ്‌ച, വൈകുന്നേരം ഇസ്രയേലിന്റെ തലസ്ഥാന നഗരമായ ടെൽഅവീവ്‌ ഉൾപ്പെടെ ചെറുതും വലുതുമായ നഗരങ്ങളെയാകെ പിടിച്ചുകുലുക്കിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനലക്ഷങ്ങൾ പങ്കെടുത്ത ആ പ്രക്ഷോഭത്തിൽ മൂന്ന്‌ ആവശ്യങ്ങളാണ്‌ ജനങ്ങൾ മുന്നോട്ടുവച്ചത്‌. ഒന്ന്‌, ഹമാസ്‌ ബന്ദികളാക്കിയ 130 പേരുടെ മോചനത്തിനായി അനുരഞ്‌ജന ചർച്ചകൾ നടത്തി അവരുടെ മോചനം ഉറപ്പാക്കുക, രണ്ട്‌, അടിയന്തരമായും നിലവിലെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ ഉടൻ പുതിയ തിരഞ്ഞെടുപ്പ്‌ നടത്തുക, മൂന്ന്‌, ഗാസയ്‌ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക. ടെൽ അവീവ്‌, ജെറുസലേം, ഹൈഫ എന്നീ നഗരങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാണ്‌ നടന്നത്‌. ഈ നഗരങ്ങളിലെ അഞ്ച്‌ പ്രക്ഷോഭകരെ ഇസ്രയേൽ പൊലീസ്‌ അകാരണമായി അറസ്റ്റ് ചെയ്‌തു.

ഇപ്പോൾ മിക്കവാറും ആഴ്‌ചകളിൽ ഇസ്രയേലിൽ ഇത്തരം പ്രതിഷേധ റാലികൾ പതിവാണ്‌. ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയ്‌ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന മാധ്യമവാർത്തകൾ ഏതെങ്കിലും ഉന്നത ഭരണാധികാരി‐ അത്‌ സിവിൽ‐ സൈനിക ഉദ്യോഗസ്ഥ മേധാവികളോ മന്ത്രിമാരോ ആകാം‐ നിഷേധിച്ചുകൊണ്ട്‌ രംഗത്തു വരുമ്പോഴേല്ലാം ജനങ്ങൾ രോഷാകുലരായി തെരുവിലിറങ്ങുന്നു.

അതുപോലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനകൾ എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ജനങ്ങളെ രോഷാകുലരാക്കുന്നു. അവർ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുന്നു. നെതന്യാഹുവിന്റെ വാക്കുകളോരോന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിനും ബന്ദികളുടെ മോചനത്തിനും എതിരാവുന്നുവെന്നതാണ്‌ ജനങ്ങളെ രോഷാകുലരാക്കുന്നത്‌.

ടെൽ അവീവിൽ പലപ്പോഴും സമാന്തരമായി തന്നെ വെവ്വേറെ പ്രതിഷേധങ്ങൾ നടക്കാറുണ്ട്‌. ഒരെണ്ണം ഉടൻ തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണെങ്കിൽ മറ്റൊന്ന്‌ ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടാകും. അതിൽ പ്രധാനമായും ബന്ദികളുടെ കുടുംബാംഗങ്ങളാകും പങ്കാളികൾ. വേറെ ഒരു റാലി നടക്കുന്നത്‌ ഗാസയ്‌ക്കു നേരെയുള്ള ആക്രമണങ്ങളും അധിനിവേശ നീക്കങ്ങളും അവസാനിപ്പിക്കുന്നതിനു വേണ്ടിയായിരിക്കും.

ഒരു ബന്ദിയുടെ അമ്മ പ്രതികരിച്ചത്‌, ‘‘ബന്ദികളെ മോചിപ്പിക്കാനായി കരാർ ഉണ്ടാക്കുന്നതിനെ പൊളിക്കുകയാണ്‌ നെതന്യാഹു സർക്കാർ എന്നാണ്‌’’. കഴിഞ്ഞ ഇരുനൂറേെലറെ ദിവസമായി ഞങ്ങളുടെ കുടുംബാംഗങ്ങൾ ഗാസയിലെ നരകത്തിലെവിടെയോ ആണ്‌ കിടക്കുന്നത്‌ എന്നും അവർ കൂട്ടിച്ചേർത്തു’’. ആക്രമണം അവസനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ഉടൻ കരാറുണ്ടാക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ആവേശത്തോടെയാണ്‌ ജനങ്ങൾ ഉയർത്തുന്നത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഹദാഷിന്റെയും പ്രവർത്തകരാണ്‌ ഈ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 1 =

Most Popular