Monday, September 9, 2024

ad

ടി കെ രാജു

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 33

കൂത്തുപറമ്പിലെ പ്രസിദ്ധമായ കിനാത്തി തറവാട്ടിലെ അംഗമായ ടി.കെ.രാജു സ്കൂൾ വിദ്യാഭ്യാസാനന്തരം കോഴിക്കോട്ടെ സേട്ട് നാഗ്ജി പുരുഷോത്തം കമ്പനിയിൽ തൊഴിലാളിയായി. 1934‐35 കാലത്ത് പി.കൃഷ്ണപിള്ള, കെ.പി.ഗോപാലൻ, എൻ.സി.ശേഖർ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് കേന്ദ്രീകരിച്ച് ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന കാലം. നാഗ്ജി പുരുഷോത്തം കമ്പനിയിലും യൂണിയൻ സംഘടിപ്പിക്കപ്പെട്ടു. ടി.കെ.രാജു അതിന്റെ പ്രധാന സംഘാടകനായി. കൃഷ്ണപിള്ളയുടെ അടുത്ത സഹപ്രവർത്തകനാകാൻ അധികം സമയമെടുത്തില്ല. മികച്ച ഒരു കാഡറെ കണ്ടെത്തിയ സന്തോഷത്തിൽ കൃഷ്ണപിള്ള. നാഗ്ജി കമ്പനിയിലെ സോപ്പ് നിർമാണ തൊഴിലാളികൾ വേതനവർധനയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പണിമുടക്കി. സമരത്തിന് നേതൃത്വം നൽകിയ ടി.കെ.രാജു അടക്കമുള്ളവരെ പിരിച്ചുവിടുന്നതിലേക്കാണിതെത്തിച്ചത്. ജോലി നഷ്ടമായതോടെ രാജു മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാവുകയായിരുന്നു. കോഴിക്കോട്ടുതന്നെ താമസിച്ച്്് ട്രേഡ് യൂണിയൻ പ്രവർത്തനം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തനമാരംഭിച്ചപ്പോൾ അതിന്റെ നേതാക്കളിലൊരാൾ. ജന്മനാടുൾപ്പെട്ട കോട്ടയം താലൂക്കിലും ചിറക്കൽ താലൂക്കിലും കേന്ദ്രീകരിച്ച് കർഷകപ്രസ്ഥാനവും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനം. 1936ൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്കു നടന്ന പട്ടിണിജാഥയിൽ അംഗം.

1938ൽ തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങിയതോടെ ടി.കെ.രാജുവിനെയും എ.കെ.നാരായണനെയും തിരുവിതാംകൂറിൽ യൂത്തുലീഗിന്റെ പ്രവർത്തനത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തേക്കയച്ചു. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കിലും ഇടതുപക്ഷം യൂത്തുലീഗ് സജീവമാക്കിക്കൊണ്ട്് മുന്നണിയിൽത്തന്നെ നിന്നു. തൊള്ളായിരത്തിമുപ്പതുകളുടെ തുടക്കത്തിൽ എൻ.സി.ശേഖറും മറ്റും നേതൃത്വംനൽകി രൂപവൽക്കരിച്ച യൂത്തുലീഗ് ഇടക്കാലത്ത് പ്രവർത്തനരഹിതാമായെങ്കിലും പിന്നീട് വലിയ ശക്തിയായി മാറുകയായിരുന്നു. യൂത്തുലീഗുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സംഘടന‐ കമ്മ്യൂണിസ്റ്റ് ലീഗ്‐ രൂപപ്പെട്ടതെന്ന് നേരത്തെ ഈ പംക്തിയിൽ വിശദീകരിക്കുകയുണ്ടായി. ഉപ്പ് സത്യാഗ്രഹത്തോടെ മലബാറിൽ സ്ഥിരതാമസമാക്കുകയും മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയായിരുന്ന എൻ.സി.ശേഖർ ഉത്തരവാദഭരണപ്രക്ഷോഭത്തിനായി തിരുവനന്തപുരത്തെത്തി പിക്കറ്റിങ്ങ് നടത്തി അറസ്റ്റ് വരിച്ചതോടെയാണ് സമരം ഊർജിതമായതെന്നതും ഓർക്കുക. കെ.ദാമോദരനും തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.

അങ്ങനെയുള്ള ഘട്ടത്തിലാണ് ടി.കെ.രാജുവും എ.കെ.നാരായണനും വിദ്യാർഥികളെ സംഘടിപ്പിക്കുകയെന്ന മുഖ്യ ലക്ഷ്യത്തോടെയെത്തുന്നത്. ചരിത്രത്തിൽനിന്ന് ഏതോ കാരണവശാൽ പുറത്തായിപ്പോയ ഒരാളാണ് എ.കെ.നാരായണൻ. കെ.പി.ആർ.ഗോപാലനെക്കുറിച്ച് പി.കൃഷ്ണപിള്ള എഴുതിയ കേരളത്തിലെ ബോൾഷെവിക് വീരൻ എന്ന ലഘുലേഖയിൽ തിരുവിതാംകൂറിൽ വിദ്യാർഥി സമരം നടത്തി ക്രൂരമർദനത്തിനിരയായ എ.കെ.നാരായണനെക്കുറിച്ച്് പറയുന്നുണ്ട്്. കെ.പി.ആറിന്റെ ബന്ധുവായ നാരായണൻ എന്നാണ് പറയുന്നത്. പക്ഷേ കെ.പി.ആറിന്റെ ബന്ധുവെന്നതിന് സ്ഥിരീകരണമില്ല. എ.കെ.ജി.യുടെ അകന്ന ബന്ധുവാണെന്നും നാൽപതുകളുടെ തുടക്കത്തിൽത്തന്നെ രാഷ്ട്രീയംവിട്ട് വായനാട്ടിലോ മറ്റോ കൃഷിക്കാരനായി പോയെന്നാണ് കേട്ടിരുന്നതെന്ന് ഒരിക്കൽ ബർലിൻ കുഞ്ഞനന്തൻ ഈ ലേഖകനോട് പറയുകയുണ്ടായി. ഏതായാലും നാരായണനെക്കുറിച്ച് അവശ്യവിവരങ്ങൾപോലും പ്രത്യേകമായി ലഭ്യമല്ലാത്ത സാഹചര്യത്തിൽ തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡണ്ടുമായിരുന്ന കെ.സി.ജോർജിന്റെ എന്റെ ജീവിതയാത്ര എന്ന ആത്മകഥയിലെ ഒരു ഭാഗം (പ്രസക്തമായത്) ഇവിടെ ചേർക്കുകയാണ്. “കെ.പി.സി.സി.യുടെ നിർദേശപ്രകാരം തിരുവിതാംകൂറിൽവന്ന എ.കെ.നാരായണനെ വിദ്യാർഥികളുടെ ഇടയിൽ പ്രവർത്തിക്കാനാണ് അയച്ചിരുന്നത്. ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന എ.കെ.നാരായണൻ എ.കെ.ഗോപാലന്റെ ഒരു വകയിൽ അനുജനും ഒരു നല്ല പ്രവർത്തകനും ആയിരുന്നു. എന്റെ വക്കീലോഫീസിൽവന്ന് എന്നെ കണ്ടുസംസാരിച്ചശേഷമാണ് യൂത്തുലീഗുമായി ബന്ധപ്പെട്ടു പ്രവർത്തനത്തിനിറങ്ങിയത്. ഒരു സ്കൂൾ വിദ്യാർഥിയാണെന്ന് പറയാൻ പാടില്ലെന്നും ഇന്റർമീഡിയറ്റിനെങ്കിലും പഠിക്കുന്ന ഒരു വിദ്യാർഥിയാണെന്ന് ഭാവിച്ചാൽ മാത്രമേ തിരുവിതാംകൂറിലെ വിദ്യാർഥികളുടെ ഇടയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്നും ഞാൻ പറഞ്ഞതനുസരിച്ച് അങ്ങനെ ഒരു കള്ളവുമായിട്ടാണ് നാരായണൻ രംഗത്തിറങ്ങിയത്. ഏതായാലും ആ പ്രവർത്തനം ഫലിക്കുകയുംചെയ്തു.

എ.കെ.നാരായണൻ വിദ്യാർഥി പ്രവർത്തകനായി രംഗത്തിറങ്ങിയിരുന്നെങ്കിലും അദ്ദേഹത്തെ വിദ്യാർഥികളും ബഹുജനങ്ങളും ഒരു രാഷ്ട്രീയനേതാവായി അംഗീകരിച്ചത് ഒരു സുപ്രധാന സംഭവത്തെ തുടർന്നായിരുന്നു. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായ തമ്പാനൂർ റെയിൽവേസ്റ്റേഷൻ മൈതാനത്ത് പ്രചാരണയോഗങ്ങൾ തടയുന്നതിനായി പോലീസ് ഒരു തന്ത്രം പ്രയോഗിച്ചു. ആ മൈതാനം പോലീസ് മൈതാനമാക്കിഒരു ഗവൺമെന്റുത്തരവ് പ്രസിദ്ധംചെയ്തു. പോലീസിന്റെ അനുവാദംകൂടാതെ അവിടെ പ്രവേശിക്കുന്നതുതന്നെ കടന്നാക്രമണം എന്നാണ് ഉത്തരവിലുള്ളത്. ഈ നിയമം ലംഘിക്കാൻ യൂത്തുലീഗ് തീരുമാനിച്ചു. അവിടെ യൂത്തുലീഗുകാർ നിയമംലംഘിച്ച് പ്രവേശിക്കുന്ന തീയതിയും സമയവും പരസ്യപ്പെടുത്തി. വൻ പോലീസ് സന്നാഹം മൈതാനം വളഞ്ഞുനിൽക്കുകയാണ്. സ്റ്റേറ്റ് കോൺഗ്രസ് നേതാവായ കെ.സി.ജോർജ് ഇടതുപക്ഷക്കാരനാണെങ്കിലും യൂത്തുലീഗിന്റെ നേതൃത്വത്തിലെത്തിയിട്ടില്ല. സമരത്തോട് അനുഭാവം കാട്ടുന്നത് പട്ടം പ്രഭൃതികളുടെ നീരസത്തിനിടയാക്കുമെന്നറിയാമായിരുന്നിട്ടും കെ.സി.ജോർജ് സമരസ്ഥലത്തെത്തി. അവിടെ നടന്ന സംഭവങ്ങൾ അദ്ദേഹം വിവിരിച്ചതിൽ എ.കെ.നാരായണനുമായി ബന്ധപ്പെട്ട കുറച്ചുഭാഗം ചുവടെ “മണി അഞ്ചര. പ്രതീക്ഷാനിർഭരമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പെട്ടെന്നൊരു വിളി സ്റ്റേറ്റ് കോൺഗ്രസ് കീ ജയ്. അത് ആ മൈതാനത്തിന്റെ മധ്യത്തിൽനിന്നായിരുന്നു. പോലീസുകാർ അമ്പരന്നുപോയി. ഉരുക്കുപോലെ ഉറച്ച ദേഹവും അഞ്ചര അടിയിൽകൂടുതൽ ഉയരവും ഇരുപതു വയസ്സിനോടടുത്ത പ്രായവുമുള്ള ഒരു യുവാവ് പോലീസിന്റെയെല്ലാം കണ്ണുവെട്ടിച്ച് മൈതാനത്തിന്റെ മധ്യത്തിൽവെച്ചാണ് ആ പ്രകടനം നടത്തിയത്. എന്തൊരദ്ഭുതം.. നിമിഷങ്ങൾക്കുള്ളിൽ ചുറ്റുപാടും നിന്നിരുന്ന പോലീസുകാർ ചീറിപ്പാഞ്ഞ് ആ യുവാവിന്റെ മേൽലാത്തി പ്രയോഗിക്കാൻ തുടങ്ങി. ഒന്നല്ല, അനവധി ലാത്തികൾ ഒന്നിച്ച്. ഓരോ അടി കൊള്ളുമ്പോഴും അയാൾ ഒരു സ്റ്റേറ്റ് കോൺഗ്രസ് ജയ് വിളിക്കും. ആളുകൾ അത് ഏറ്റുവിളിക്കും. അങ്ങനെ ഒരു പത്തുപതിനഞ്ചു മിനിട്ടുനേരം അത് തുടർന്നു. ജനങ്ങൾ അക്ഷമരാകുകയാണ്. ഏതുനിമിഷവും അവർ അവരുടേതായ മാർഗത്തിൽക്കൂടി അതിൽ ഇടപെടുമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ടെന്ന് സ്പഷ്ടമായിരുന്നു. അതായിരുന്നു അന്തരീക്ഷം. ആ യുവാവാണെങ്കിൽ ദേഹത്ത് ഒരിഞ്ചുപോലും ശേഷിക്കാത്തവിധം ലാത്തിയടികളുടെ അടയാളങ്ങൾ വീണിട്ടും യാതൊരു കൂസലുംകൂടാതെ കൂടുതൽക്കൂടുതൽ വീര്യത്തോടെ ജയ്‌വിളികൾ നടത്തുകയാണ്, നിന്നുകൊണ്ടുതന്നെ. അല്പം കഴിഞ്ഞ് അയാൾ ബോധരഹിതനായി നിലംപതിച്ചു. പിന്നെയും അടി തുടരുകയാണ്. എന്തൊരു ഭയാനകമായ രംഗം.
കാര്യങ്ങൾ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കിയ ഡി.എസ്.പി. അടി നിർത്താൻ പോലീസിന് നിർദേശം നൽകി. അവർ അടി നിർത്തി ആ യുവാവിനെ വലിച്ചുറോഡിലിട്ടു. അല്പനേരം അങ്ങനെ റോഡിൽകിടന്നശേഷം ആ യുവാവ് യാതൊന്നും സംഭവിക്കാത്തമട്ടിൽ നടന്ന് ഞങ്ങൾ നിന്നിരുന്ന സ്ഥലത്തേക്കുവന്നു. അയാളെ ഉടൻതന്നെ ആശുപത്രിയിലേക്കുകൊണ്ടുപോയി പ്രഥമശുശ്രൂഷകൾ നടത്തി. ദേഹമാസകലം വെച്ചുകെട്ടലുകളുമായി അടുത്തദിവസം റോഡുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആളുകൾക്ക് ആ മഹാധീരനായ ചെറുപ്പക്കാരൻ മലബാറിൽനിന്നുവന്ന എ.കെനാരായണനാണെന്ന് മനസ്സിലായത്. ജനങ്ങൾ അങ്ങനെ എ.കെ.നാരായണനെ അംഗീകരിച്ചു. പക്ഷേ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം ഇതൊന്നും അറിഞ്ഞ മട്ടുകാണിച്ചില്ല.

എ.കെ.നാരായണൻ എന്ന വിദ്യാർഥിനേതാവിന്റെ ഒരുദിവസത്തെ പ്രവർത്തനമാണിവിടെ കെ.സി.ജോർജിന്റെ ആത്മകഥയിലൂടെ വിശദീകരിച്ചത്. ഇത്തരത്തിൽ എത്രയെത്രയോ പ്രവർത്തനങ്ങളാണ് അദ്ദേഹം മലബാറിലും തിരുവിതാംകൂറിലും നടത്തിയത്. പക്ഷേ ചരിത്രത്തിൽ അതിന് സ്ഥാനമില്ലാതെപോയി.

ടി.കെ.രാജുവിനെക്കുറിച്ചുള്ള വിവരണത്തിനിടയിൽ എ.കെ.നാരായണനെക്കുറിച്ച്് കൂടുതൽ എടുത്തെഴുതിയത് കെ.പി.സി.സി.യുടെ നിർദേശാനുസരണം ടി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗമായാണ് നാരായണൻ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയതെന്നതിനാലാണ്.

പ്രക്ഷോഭത്തിൽ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിന്റെ തണുപ്പൻ ശൈലിയിലും ഇടക്കിടെ പിൻവാങ്ങുന്ന നയത്തിലും സമരവോളന്റിയർമാരും യുവാക്കളും അതൃപ്തരായിരുന്നു. കെ.സി.ജോർജിനെത്തന്നെ വീണ്ടും ഉദ്ധരിക്കാം‐ “1114 ചിങ്ങം ഒന്നാം തീയതിക്ക് നിശ്ചയിച്ചിരുന്ന നിയമലംഘനം മാറ്റിവെച്ചതിൽ പ്രവർത്തകരുടെയിടയിൽ പൊതുവേ നിരാശ ബാധിച്ചിരുന്നുവെങ്കിലും ടി.കെ.രാജു, എ.കെ.നാരായണൻ മുതലായ മലബാർ സഖാക്കളുടെ പ്രവർത്തനഫലമായി വിദ്യാർഥികളുടെ ഒരു സംഘടന തിരുവനന്തപുരത്ത് ജന്മമെടുത്തു. ഒരു ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരുന്ന എം.ബഷീർ പ്രസിഡന്റും ബി.എ. വിദ്യാർഥിയായിരുന്ന സി.എം. സ്റ്റീഫൻ സെക്രട്ടരിയുമായാണ് ആ സംഘടന ആരംഭിച്ചത്. ഒരു വമ്പിച്ച പ്രകടനത്തോടുകൂടിയാണ് അതിന്റെ ജന്മം പ്രഖ്യാപിക്കപ്പെട്ടതും. അധ്യക്ഷനെയും സെക്രട്ടറിയെയും തുറന്ന ഒരു കാറിൽ ഇരുത്തിക്കൊണ്ട് നടന്ന ആ ജാഥ തിരുവനന്തപുരം അതുവരെ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും വലുതായിരുന്നു., എന്നുമാത്രമല്ല ഏറ്റവും ആവേശകരവും ആയിരുന്നു. ആ മുന്നേറ്റംകണ്ട്് വിറളിപിടിച്ച പോലീസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തശേഷം ജാഥാംഗങ്ങളുടെ മേൽ ക്രൂരമായ ലാത്തിച്ചാർജ് നടത്തി.

ഉത്തരവാദഭരണപ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ എൻ.ശ്രീകണ്ഠൻനായരടക്കമുള്ള നേതാക്കളോടൊപ്പം ടി.കെ.രാജു അറസ്റ്റ് ചെയ്യപ്പെട്ടു. പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. ഉത്തരവാദഭരണപ്രക്ഷോഭത്തിന് ശേഷം മലബാറിൽ തിരിച്ചെത്തിയ രാജു ചിറക്കൽ. കോട്ടയം താലൂക്കുകൾ കേന്ദ്രീകരിച്ച് കർഷക‐തൊഴിലാളി സംഘടനകൾ കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രവർത്തനം നടത്തി. ഇടതുപക്ഷ കെ.പി.സി.സിയുടെ ആറാമത്തേതും അവസാനത്തേതുമായ സമ്മേളനം തലശ്ശേരിയിൽ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. 1939 ഡിസമ്പർ അവസാനം പിണറായിയിൽനടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണയോഗത്തിൽ രാജു പങ്കെടുത്തിരുന്നു. 1940 സെപ്തംബർ 15ന്റെ വിലക്കയറ്റവിരുദ്ധ‐ മർദനപ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമരത്തിന് കൂത്തുപറമ്പിൽ നേതൃത്വംനൽകി. നിരോധനം ലംഘിച്ച് നടത്തിയ റാലിക്ക് നേതൃത്വം നൽകിയെന്ന പേരിൽ അറസ്റ്റ് ചെയ്ത് ഒമ്പത് മാസം ജയിലിലടച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും അറസ്റ്റുചെയ്യാൻ നീക്കമുണ്ടായെങ്കിലും അതിസാഹസികമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തിരു‐ കൊച്ചിമേഖലയിലേക്ക് പോയ രാജു തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി ആ മേഖലയിൽ പ്രവർത്തിച്ചു. 1942‐അവസാനത്തോടെ തിരിച്ചുവന്ന രാജുവിനെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിറക്കൽ താലൂക്ക് സെക്രട്ടറിയായി നിയോഗിച്ചു. 1942‐ൽ ലോകയുദ്ധത്തിന്റെ ദിശ മാറിയതോടെ ജനകീയയുദ്ധമായി എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. അതോടെയാണ് പാർട്ടിയുടെ നേതാക്കളിൽ ഭൂരിപക്ഷത്തെയും ജയിൽ മുക്തരാക്കിയതും പാർട്ടി ആദ്യമായി പരസ്യപ്രവർത്തനം ആരംഭിക്കുന്നതും.ഈ ഘട്ടത്തിലാണ് വിവിധ തലങ്ങളിൽ പാർട്ടിക്ക്് കെട്ടുറപ്പുള്ള സംഘടനാസംവിധാനമുണ്ടാകുന്നത്. പാർട്ടിയുടെ കേരളനേതൃത്വം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സുപ്രധാനമേഖലയാണന്ന് ചിറക്കൽ. അവിടെയാണ് പാർട്ടിയുടെ സെക്രട്ടറിയായി രാജുവിനെ കൃഷ്ണപിള്ള നിയോഗിക്കുന്നത്. രാജുവിന്റെ ജന്മനാടായ കോട്ടയം താലൂക്കിൽ എൻ.ഇ.ബലറാമും തൊട്ടടുത്ത കുറുമ്പ്രനാട്ടിൽ സി.എച്ച്. കണാരനുമാണ് അക്കാലത്ത് സെക്രട്ടറിയായി പ്രവർത്തിച്ചത്. മൂവരും കോട്ടയം താലൂക്കിലെ സഹപ്രവർത്തകർ.

രണ്ടാം ലോകയുദ്ധം ജർമനി സോവിയറ്റുയൂണിയനെ ആക്രമിച്ചതോടെ ജനകീയയുദ്ധമായി മാറിയെന്നുും യുദ്ധവിരുദ്ധനിലപാടിൽനിന്ന്് മാറണമെന്നും പാർട്ടി തീരുമാനിച്ചപ്പോൾ പരക്കേ സംശയമുളവായി. 1942 ജൂലായ് 22നാണ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കുന്നത്. നിരോധനം നീക്കിയെങ്കിലും എ.കെ.ജി.യും കെ.ദാമോദരനുമടക്കമുള്ള നേതാക്കൾ ജയിലിൽത്തന്നെയായിരുന്നു. എ.കെ.ജി. ജനകീയയുദ്ധം എന്ന ലൈനിന് അനുകൂലമായാണ് നിലകൊണ്ടത്. കെ.ദാമോദരൻ മറിച്ചും. ജയിലിന് പുറത്തുവന്ന നേതാക്കളിലും അഭിപ്രായവ്യത്യാസം രൂക്ഷമായ സാചര്യത്തിൽ ബോംബെയിൽ പ്ലീനം നടത്തിയാണ് പാർട്ടിയുടെ നിലപാട് വിശദീകരിച്ച് അംഗീകരിപ്പിച്ചത്. കേരളത്തിലും പ്ലീനം നടത്തി. കോഴിക്കോട്ടുവെച്ചു നടന്ന പ്ലീനത്തിൽ ടി.കെ.രാജുവും സി.എച്ചുമടക്കമുള്ളവർ പങ്കെടുത്തു. ബോംബെയിൽ നടന്ന പ്ലീനത്തിൽ കൃഷ്ണപിള്ളക്കൊപ്പം സി.എച്ചും പങ്കെടുത്തിരുന്നു. പ്ലീനം കഴിഞ്ഞ് ഏതാനും ആഴ്ചകളോളം ഐക്യത്തോടെ പോയ നേതൃത്വത്തിനകത്ത് പിന്നീട് രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി. ക്വിറ്റ്് ഇന്ത്യാ സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനെതിരായിട്ടായിരുന്നു വലിയ വിഭാഗം പ്രവർത്തകരുടെയും കുറെ നേതാക്കളുടെയും വിമർശനം. സി.എച്ച്. കണാരൻ, ടി.കെ.രാജു എന്നിവർ ശക്തമായ വിമർശമാണ് നടത്തിയത്്. എ.കെ.ജി.യോടൊപ്പം ജയിലിലായിരുന്ന സർദാർ ചന്ദ്രോത്തും അതിശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. എകെ.ജി.യുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനും കർഷകപ്രസ്ഥാനത്തിന്റെ സമുന്നതനേതാവുമായ സർദാർ ജയിൽമുക്തനായതോടെ പാർട്ടിയിൽനിന്ന്് വിട്ട് കോൺഗ്രസ്സിലേക്ക് തിരിച്ചുപോവുകയായിരുന്നു.

അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണപിള്ള മറ്റാരോടും ആലോചിക്കാതെയും കേന്ദ്ര കമ്മിറ്റിയുടെ അറിവില്ലാതെയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.എം.എസ്.എത്തി വിശദമായ ചർച്ച നടത്തിയശേഷമാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. കൃഷ്ണപിള്ള അന്ന് സ്വീകരിച്ച നിലപാടിനെയും സംഘടനാപരമായ പിശകിനെയും ഇ.എം.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന ബൃഹദ് ഗ്രന്ഥത്തിൽ വിമർശനാത്മകമായി വിവരിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും സി.എച്ച്. കണാരനെയും ടി.കെ.രാജുവിനെയും നയപരമായ പ്രശ്്നങ്ങളുടെ പേരിൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാതെ പുറത്തുനിർത്തുകയായിരുന്നു. ഫലത്തിൽ സസ്പെൻഷൻ പോലുള്ള നടപടി. പി.ബി. ഇടപെട്ട് നടത്തിയ പുനഃസംഘടനയെ തുടർന്ന്് നിലവിൽവന്ന കമ്മിറ്റിയിൽ പി.കൃഷ്ണപിള്ള സെക്രട്ടറി, കെ.കെ.വാരിയർ (ദേശാഭിമാനി പത്രാധിപർ), സി.ഉണ്ണിരാജ (ഖജാൻജി) എന്നിവരടങ്ങിയ സെക്രട്ടേറിയറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.എ.കേരളീയൻ, എൻ.സി.ശേഖർ, രാമുണ്ണി മേനോൻ, എ.കെ.തമ്പി, കെ.സി.ജോർജ് എന്നിവരടങ്ങിയ സംസ്ഥാന കമ്മിറ്റിയും. കെ.ദാമോദരനെതിരെയും നടപടിയുണ്ടായി. ജയിലിലായിരുന്ന ദാമോദരനെ മലബാർ കമ്മിറ്റി സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റി.

സി.എച്ചും. ടികെ.രാജുവുമടക്കമുള്ള നേതാക്കൾ ഏതാനും മാസത്തിനുശേഷമാണ് പാർട്ടി കമ്മിറ്റിയിൽ തിരിച്ചെത്തിയത്. കമ്മിറ്റിയിൽനിന്ന് പുറത്തുനിൽക്കേണ്ടിവന്നുവെങ്കിലും രാജുവിന്റെ പ്രവർത്തനത്തെ അത് ബാധിച്ചില്ല. മലബാറിലും തിരുവിതാംകൂറിലും രാജു സജീവമായി പ്രവർത്തിച്ചു. ഒളിവിൽ കഴിയുന്നതിനിടയിൽ 1947 ജനുവരിയിൽ അറസ്റ്റിലായ രാജുവിനെ മോചിപ്പിച്ചത്. സ്വാതന്ത്ര്യദിനപ്പുലരിയിലാണ്. ഏതാനും മാസത്തിനിടയിൽ കൊൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ വീണ്ടും അറസ്റ്റിലായി. നിരോധനം പിൻവലിക്കുന്നതുവരെ നാലു വർഷത്തോളമാണ് അത്തവണ ജയിലുകളിൽ കഴിയേണ്ടിവന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 14 =

Most Popular