പ്രിയദർശിനി‐ കുടുംബവും തൊഴിലന്വേഷണവുമായി നാട്ടിൻപുറത്തിന്റെ വിത്തുകളിൽനിന്ന് ആധുനികതയുടെ പുതിയ ആകാശക്കാഴ്ചകളിലേക്ക് പറക്കാം എന്ന വിശ്വാസത്തിൽ ജീവിക്കുന്ന ‘സാധാരണ വീട്ടമ്മ’. ഇടത്തരം കുടുംബത്തിന്റെ ധനസുഭിക്ഷതയിൽ മീൻകറി തിളയ്‌ക്കുന്നതിനിടയിൽ പതിവുപോലെ ഓടിപ്പോയി കറിവേപ്പില പൊട്ടിക്കുന്നതിനിടയിൽ “കറിവേപ്പില -ശാസ്ത്രം’ പോലെ കണ്ണിലുടക്കുന്ന പുതിയ അയൽവാസക്കാഴ്ച അതാണ് – സൂക്ഷ്മദർശിനി.
എം സി ജിതിൻ സംവിധാനം ചെയ്ത് AVA പ്രൊഡക്ഷൻസ് അവതരിപ്പിച്ച ‘സൂക്ഷ്മദർശിനി എന്ന ചിത്രം സൂക്ഷ്മാവസ്ഥയിൽ’, സാമൂഹികയിടങ്ങളിൽ തളയ്ക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീസൗഹൃദ – ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ കാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷ രാഷ്ട്രീയ പ്രഖ്യാപനമായി ആ സിനിമ മാറുന്നു.
കഥാതന്തുവിൽ ചിത്രം പ്രത്യേകിച്ചൊന്നും തോന്നിപ്പിച്ചില്ല, തോന്നിപ്പിയ്ക്കുകയുമില്ല. വളരെ ലളിതമായ, വേണമെങ്കിൽ ‘പൈങ്കിളി’ കഥയെന്ന് കണക്കിലെടുക്കാവുന്ന പ്രമേയം. അയൽവാസ പരദൂഷണമാണ് – സിനിമയുടെ ആദ്യാവസാന കാഴ്‌ച.
നഗരത്തിനു പുറത്ത് ഒരു ഹൗസിങ് കോളനിയിൽ പുതുതായി താമസിക്കാനെത്തുന്ന, തങ്ങളുടെതന്നെ ഉടമസ്ഥതയിലുള്ള ആ പഴയ പുരയിടത്തിന്റെ ചുറ്റുമുള്ള അയൽപക്കക്കാരുടെ ദൃഷ്ടിയിൽനിന്ന് എങ്ങനെ പതുങ്ങി നടക്കാം എന്ന നായകൻ മാനുവലിന്റെ കണ്ടെത്തൽ പോലെ, നാട്ടിൻപുറത്തെ ആ റെസിഡൻഷ്യൻ കോളനിയിലെ മൂന്നുനാലു വീടുകൾക്കിടയിലും വീട്ടകങ്ങളിലും ക്യാമറകൾ വച്ച് കഥാപാത്രചലനങ്ങളിലൂടെ, എത്തിനോട്ടങ്ങളിലൂടെ കഥ പറഞ്ഞ എം സിയുടെ ലാഘവരീതിയിൽ സിനിമ വളരുന്നതനുസരിച്ച് കൈവന്ന ഗൗരവം എല്ലാ സാങ്കേതിക അഭിനയത്തികവോടുംകൂടി സിനിമയെ ക്ലൈമാക്സിലേക്ക് അടുപ്പിച്ചതോടെ തീർത്തും ഒരു സസ്പെൻസ് ത്രില്ലറായി സിനിമ മാറി. തമാശയുടെയും പൊട്ടിച്ചിരികളുടെയും കാഴ്ചാസ്വാദനം തിയേറ്ററിൽ നിറയ്‌ക്കാൻ തീർച്ചയായും ഏതൊരു ബേസിൽ ചിത്രത്തിനുമെന്നപോലെ സൂക്ഷ്‌മദർശിനിക്കും കഴിഞ്ഞു. എവിടെയും മേമ്പൊടിയായി തീർന്ന നർമ്മം ചിത്രത്തെ വ്യാപാരകലയാക്കി. എങ്കിലും തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ, അവിടെ മാത്രമാണ് ഈ ചലച്ചിത്രം സ്ത്രീപക്ഷത്തെ കുരുതികൊടുത്തത്. കച്ചവടച്ചന്തയിൽ സിനിമ എന്നും പുരുഷമൂല്യങ്ങളാൽ അളക്കപ്പെടുന്നതാണ്.
സ്ത്രീയുടെ കണ്ണീരും കിനാവും സൗന്ദര്യവും മാനാഭിമാനവും അളന്നുതൂക്കി സിനിമകൾ കച്ചവടക്കളങ്ങളിൽ വിറ്റ് ലാഭം കൊയ്തപ്പോഴൊന്നും സിനിമയുടെ ബ്രാന്റിംഗ് ക്രെഡിറ്റ് സ്ത്രീകളുടേതായിരുന്നില്ല. കൂടുതൽ വാണിജ്യവത്ക്കരിക്കപ്പെട്ട ആഗോളകുത്തക കച്ചവടത്തിന്റെ ഭാഗം മാത്രമായി സർഗ്ഗാത്മകതയ്‌ക്കപ്പുറം സിനിമയും മാറിയ ഈ കാലഘട്ടത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതുതന്നെ വാസ്തവം. അഥവാ വിപ്ലാവാത്മക നിലപാടിൽ നിർമ്മാതാക്കളോ ക്രിയേറ്റേഴ്സോ ഒരു ചുവടുവച്ചാൽ അത് ആത്മഹത്യാപരമെന്നതും തർക്കമില്ലാതെ അവശേഷിക്കുന്നു.
കഥയ്ക്കും കാഴ്ചയ്ക്കുമപ്പുറം യാഥാർത്ഥ്യമിതായിരിക്കുമ്പോഴും സൂക്ഷ്മദർശിനി തന്ന ‘The complete’ സ്ത്രീപക്ഷ പ്രത്യയശാസ്ത്ര വ്യാപാരങ്ങൾ വളരെയധികം ആശാവഹമാണ്. ആദ്യാവസാനം എല്ലാ കഥാപാത്രങ്ങളിലൂടെയും വളരെ സൂക്ഷ്മമായും അർത്ഥവത്തായും അവതരിപ്പിക്കുന്ന സ്ത്രീ വ്യക്തിത്വങ്ങളുടെ കലർപ്പില്ലായ്മ, സിനിമയുടെ വ്യക്തിത്വത്തെ നന്നായി ഉയരെ നിർത്തുന്നുണ്ട്.
ഒരേ സ്ഥാപനത്തിൽ ഇന്റർവ്യൂ കഴിഞ്ഞുവരുന്ന പ്രിയയും സ്റ്റെഫിയും. ആദ്യസീൻ മുതൽ തന്നെ വളരെ കൃത്യമായ വ്യക്തിത്വം നിലനിർത്തുകയും നായികയോട് ‘‘നിന്നെ പോലെ ഒരു അയൽക്കാരിയായാൽ’’ എന്ന് വിമർശിക്കുകയും ചെയ്യുന്ന സ്റ്റെഫി വളരെ ബോൾഡാണ്. സാഹചര്യങ്ങൾ ഏതൊക്കെ തരത്തിൽ വ്യത്യസ്തങ്ങളായാലും ജീവിതത്തിൽ ഒറ്റപ്പെട്ട്, കൃത്യമായ വരുമാനമില്ലാതെ തന്റെ കുട്ടിയേയുംകൊണ്ട് ഒറ്റയ്ക്ക് പൊരുതേണ്ടിവരുന്ന സ്റ്റെഫി ആധുനിക ലോകത്തെ ഏറ്റവും കോമണായ, വിദ്യാസമ്പന്നയായ ഒരു സ്ത്രീജീവിതമാണ്. നായകനുൾപ്പെടെ ആവശ്യങ്ങൾക്ക് നിരുപാധികം ഉപയോഗിക്കുമ്പോഴും സ്വയം കരുതലിനിടയിലും വിഷാദത്തിന്റെ നീർച്ചാലിലൊഴുകുന്ന സ്റ്റെഫി നായികയോടൊപ്പം സമകാലിക സ്ത്രീവ്യാപാരങ്ങളെ ശക്തമായി ആലേഖനം ചെയ്യുന്നുണ്ട്. മെറിൻ ഫിലിപ്പിൽ സ്റ്റെഫി ഭദ്രമായിരുന്നു.
അയൽപക്കവീട്ടിൽ താമസത്തിനെത്തുന്ന നായകൻ ആദ്യകാഴ്ചയിൽ തന്നെ ‘ഡാർക്ക് ഹ്യൂമറി’ലൂടെയാണ് കാഴ്ചക്കാരുടെയും നായികയുടെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ചിത്രത്തിലുടനീളം ഈ സ്ഥായീഭാവം മാനുവലിനുണ്ട്. ബേസിൽ ആയതുകൊണ്ടുതന്നെ ചിരിയുടെ മത്താപ്പ് തീർത്ത് പ്രേക്ഷകർ ഈ സീനുകൾ ആസ്വദിക്കുന്നുണ്ട്. പരിപൂർണ്ണമായി വട്ടൻ അഥവാ ന്യൂജെൻ പ്രയോഗത്തിൽ സൈക്കോ എന്ന് പറയാവുന്ന സിദ്ധാർത്ഥ് ഭരതന്റെ കഥാപാത്രം ഈ സീനുകളിൽ ഹ്യൂമറിന്റെ വെളിച്ചത്തിനുപകരം ഇരുൾനർമ്മത്തെ തീവ്രമാക്കുന്നുണ്ട്.
ആദ്യാവസാനംവരെ ഒന്നുംമിണ്ടാത്ത, ഡിപ്രഷന്റെ സഹതാപം പ്രിയയിലൂടെ പ്രേക്ഷകരിൽനിന്നും സ്വന്തമാക്കുന്ന ‘അമ്മച്ചി’ കഥയുടെ നോവായി നമ്മോടൊപ്പം കൂടുന്നു. “നിന്റെ അമ്മച്ചിയല്ലല്ലോ’ എന്ന ഭർത്താവിന്റെ ചോദ്യത്തിൽപോലും അമ്മച്ചിയെ ചുറ്റിപ്പറ്റി വലിഞ്ഞുമുറുകിയ പ്രിയയുടെ സൂക്ഷ്മദർശക്കണ്ണാടിയിൽ സിനിമ അതിന്റെ ഗൗരവതരമായ പ്രത്യയശാസ്ത്രത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കഥയവിടെ നിൽക്കട്ടെ, കാണുക, ആസ്വദിക്കുക.
ആസ്വാദനവിളംബരത്തിനപ്പുറം ഗൗരവത്തോടെ സിനിമയിലെ ശക്തമായ, ദേശാതിർത്തികൾ ഭേദിയ്ക്കുന്ന വംശീയതയും കുലമഹിമയും സാമ്പത്തിക ലാഭമോഹങ്ങളും സൃഷ്ടിക്കുന്ന സ്ത്രീവിരുദ്ധതയുടെ വ്യാപാരതലങ്ങളെ അതീവഗൗരവമായിത്തന്നെ നാം കണ്ടെത്തുന്നു. വളരെ സ്വാഭാവികമായി നമുക്ക് മുമ്പിലെത്തുന്നുവെന്ന് പറയുന്നതാവും ശരി. എന്നും എപ്പോഴും സ്ത്രീവിരുദ്ധത സ്ത്രീകളിലൂടെ തന്നെയാണ് പ്രായോഗികമാക്കുന്നത് എന്ന സാമാന്യതത്വത്തെ ചിത്രം തെല്ലും തെറ്റിച്ചിട്ടില്ല. ദുരഭിമാനബോധം ഏതൊരു സ്ത്രീയുടെയും പിന്നാലെ മാർജ്ജാര ജാഗ്രതയോടെ മരണമായി പിന്തുടരുന്നുവെന്നത് ഭീതിതസത്യമായി നിലനിൽക്കുന്നു.
ചലച്ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളിലെയും അവരുടെ കുടുംബ പരിസരങ്ങളിലെയും സാംസ്കാരികവും സർഗ്ഗാത്മകവുമായ വ്യക്തിത്വ വളർച്ച ചിത്രത്തിന്റെ ഔന്നത്യത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നായിക പ്രിയദർശിനിയുടെ അന്വേഷണാത്മക വളർച്ചയും പ്രതിരോധവും ക്ലൈമാക്സിലെത്തുമ്പോഴേക്കും “ഇതു താൻടാ പെണ്ണ്’ എന്ന് അതിശയോക്തിയും അതിഭാവുകത്വമില്ലാതെ ചേർത്തുവയ്ക്കാൻ കഴിയുന്ന നൈസർഗ്ഗികതയോടെ, – സാമൂഹികസ്നേഹത്തോടെ, സ്ത്രീസഹജമായ ആർദ്രതയോടെ, എപ്പോഴും നനഞ്ഞ കണ്ണുകളോടെ, ഉയർന്ന നെഞ്ചിടിപ്പോടെ, പരിസരം മറക്കുന്ന വിഭ്രാന്തിയോടെ നസ്രിയ എന്ന പ്രതിഭ പ്രേക്ഷകരെ കൊണ്ട് പറയിപ്പിയ്ക്കുന്നുണ്ട്. ഒപ്പം ഇങ്ങനെ വേണം സ്ത്രീവ്യാപാര പ്രത്യയശാസ്ത്രങ്ങളെ പ്രായോഗികമാക്കാമെന്നും സിനിമ ഓർമ്മിപ്പിയ്ക്കുന്നു. കഥയുടെ പരിസരം അയൽപക്കനുണകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് കലപിലകളാണെങ്കിലും കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പരസ്പരബഹുമാനത്തോടെയുള്ള കൊടുക്കൽവാങ്ങലുകൾ ചിത്രത്തിലെ പുതുതലമുറയുടെ സ്ത്രീപുരുഷ ബിംബകല്പനയിൽ തുല്യതയുടെ ചക്രവാളമൊരുക്കാൻ ശ്രമിക്കുന്നുണ്ട്.
അഭിവാദ്യങ്ങൾ – സൂക്ഷ്മദർശന സൂത്രവാക്യങ്ങൾക്ക്! l