ഇക്കണോമിക് നോട്ട്‌ബുക്ക്‐ 66
‘കൃഷിഭൂമി കർഷകന്’ ലോകമാകെ ഒരുകാലത്ത് ഉയർന്നുകേട്ട മുദ്രാവാക്യമാണിത്. അതിന്റെ നമ്മുടെ നാട്ടിലെ രൂപമായിരുന്നു ‘നമ്മളുകൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ’ എന്നത്.
സോഷ്യലിസം നിലവിൽ വന്ന രാഷ്ട്രങ്ങളിലും ,ഭൂപരിഷകരണം നടപ്പിലാക്കിയ രാജ്യങ്ങളിലും ഒരു പരിധിവരെയെങ്കിലും അത് സാധ്യമായി . ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും കൃഷിഭൂമി കർഷകർക്ക് കൈമാറുന്ന പ്രക്രിയ നടപ്പിലാക്കപ്പെട്ടു. ഇങ്ങനെ സ്വന്തമായി ഒരുതുണ്ട് ഭൂമിയെങ്കിലും കൈവശം വന്നവർ അവിടെ തങ്ങൾക്കിഷ്ടമുള്ളവ കൃഷി ചെയ്യുക മാത്രമല്ല, അവിടെ സ്വന്തമായി വീടുകൾ വെയ്ക്കുകയും ആവശ്യമെങ്കിൽ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും ലോണിന് ഈടുവെയ്ക്കാൻ ആ തുണ്ടു ഭൂമി ഉപയോഗിക്കുകയും ചെയ്തു. ഇതാകട്ടെ വലിയ തോതിലുള്ള സാമൂഹിക മാറ്റങ്ങൾക്ക് നിശബ്‌ദകാരണമാവുകയും ചെയ്തു.
എന്നാൽ ഇന്നത്തെ നിയോലിബറൽ ലോകം തിരിച്ചുനടക്കലിന്റെ പാതയിലാണ്. കർഷകന്റെ പക്കൽ നിന്നും കൃഷിഭൂമിയുടെ നിയന്ത്രണം വളഞ്ഞ വഴികളിലൂടെ കൈവശമാക്കി വരികയാണ്.ലോകമെമ്പാടും കാർഷികമേഖലയിൽ പിടിമുറുക്കിയിരിക്കുന്ന വൻകിട കോർപറേറ്റുകൾ. 2022ലെ കണക്കനുസരിച്ച് അമേരിക്കയിലെ 882 ദശലക്ഷം ഏക്കറിൽ 39 ശതമാനവും കരാർ കൃഷിക്ക് നൽകിയിരിക്കുന്ന ഭൂമിയാണ്. യൂറോപ്പിലാകട്ടെ ഇത് 46 ശതമാനമാണ്. പാട്ടക്കൃഷിയുടെ ഏർപ്പാട് നമ്മുടെ നാട്ടിലും പണ്ടുമുതൽക്കേ ഉണ്ട്. എന്നാൽ ഇവിടങ്ങളിൽ ഇത്തരത്തിൽ കൃഷിഭൂമി പാട്ടത്തിനെടുത്തിരിക്കുന്നവർ നമ്മുടെ നാട്ടിലെപ്പോലെ ഇടത്തരം കർഷകരല്ല, വൻകിട കോർപ്പറേറ്റ് കമ്പനികളാണ്. ഭൂമിയുടെ നിയന്ത്രണമൊന്നാകെ, ശീതീകരിച്ച കോർപ്പറേറ്റ് മുറികളിലിരുന്ന് ബി സ്‌കൂളുകളിൽ നിന്നും പഠിച്ചിറങ്ങിയ മാനേജ്‌മെന്റ് വിദഗ്‌ദർ ഹ്രസ്വകാലത്തെ ലാഭനഷ്ടക്കണക്കുകൾ മാത്രം നോക്കി നിശ്ചയിക്കുകയാണ്. കരാർ കൃഷി നടപ്പിലാക്കുന്ന ഇടങ്ങളിൽ കൃഷിഭൂമിയുടെ നിയന്ത്രണം കർഷകർക്ക് പൂർണമായും നഷ്ടപ്പെടും. എന്തുവിളയാണ് കൃഷി ചെയ്യേണ്ടത്, അത് എന്ത് വിലയ്ക്കാണ് വില്പന നടത്തേണ്ടത്, ആർക്കാണ് വിൽക്കേണ്ടത്, എന്ത് കൃഷിരീതികളാണ് അവലംബിക്കേണ്ടത്, എന്ത് വളമാണ് പ്രയോഗിക്കേണ്ടത് എന്നിവയെല്ലാം കോർപ്പറേറ്റ് ഹോക്‌സുകളിലിരുന്ന് വിദഗ്‌ദർ തീരുമാനിക്കും . ആവശ്യമായ ശാരീരികാധ്വാനം മാത്രം കൃഷിക്കാർ നൽകിയാൽ മതി, അതും ആവശ്യമെങ്കിൽ മാത്രം.
കരാർ കൃഷിക്കെതിരായ സൈദ്ധാന്തിക വിമർശനങ്ങളിൽ എത്രമാത്രം കഴമ്പുണ്ട്? ഇത് ചുവപ്പൻ സിദ്ധാന്തങ്ങളിൽ കണ്ണുമടച്ചു വിശ്വസിക്കുന്ന ഒരുപിടി ഇടപതുപക്ഷ ബുദ്ധിജീവികളുടെ വാചാടോപമല്ലേ? നമ്മുടെ കാർഷികമേഖലയിലേക്ക് പുത്തൻ സാങ്കേതികവിദ്യകളും വിദേശ മൂലധനവും എല്ലാം കടന്നുവരുന്നത് ഗ്രാമീണ ഇന്ത്യയെ രക്ഷപ്പെടുത്തില്ലേ? ഇത്തരം ചോദ്യങ്ങൾ നാനാദിശകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. നമ്മുടെ നാട്ടിൽ കരാർ കൃഷി നടപ്പിലാക്കിയ ഇടങ്ങളിലെ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവയെ ഒന്നു പരിശോധിക്കാം.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കുപ്പം, കരാർകൃഷിയുടെ പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കിയ ഇടമായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച ആധുനികവൽക്കരണ ശ്രമങ്ങളിലൊന്നായി, ആധുനിക സാങ്കേതികവിദ്യയുടെയും മാറ്റങ്ങളുടെയും നായകനായി അറിയപ്പെടാൻ ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഷോ പീസായി കുപ്പം കരാർ കൃഷി പ്രൊജക്റ്റ് മാറി. അധ്വാനശക്തിയെ കേന്ദ്രീകരിച്ചുള്ള (labour intensive ) കൃഷി സമ്പ്രദായങ്ങളിൽ നിന്നും മൂലധന കേന്ദ്രീകൃതമായ (capital intensive) മാറ്റത്തിന്റെ ഭാഗമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇസ്രയേലി സാങ്കേതികവിദ്യയുടെ സഹായത്തോടെ 1995ൽ പ്രസ്തുത പ്രൊജക്ടിന് അന്നത്തെ ആന്ധ്ര സർക്കാർ അനുമതിനൽകി. 964 ലക്ഷം രൂപയായിരുന്നു പ്രൊജക്റ്റ് എസ്റ്റിമേറ്റ്. ഇതിൽ 244 ലക്ഷവും സാങ്കേതികവിദ്യാ കൈമാറ്റത്തിനായി ഇസ്രയേലി കമ്പനിക്ക് നൽകിയതായിരുന്നു. 170 ഏക്കറിലാണ് പ്രൊജക്റ്റ് നടപ്പിലാക്കിയത്. അപ്പോൾ ഒരേക്കറിന്റെ ചെലവ് ശരാശരി 5.67 ലക്ഷം രൂപ. ഇത് അക്കാലത്ത് ഏറ്റവും ആധുനിക സമ്പ്രദായങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തിരുന്ന ധനിക കർഷകർക്ക് വേണ്ടിവന്ന ചെലവിന്റെ പത്തിരട്ടിയിൽ അധികമായിരുന്നു. 1997ൽ ആരംഭിച്ച ഈ പ്രൊജക്റ്റ് സ്ഥലം 2002ൽ സന്ദർശിച്ച ഒരു സ്വതന്ത്ര വിദഗ്ധസംഘം കണ്ടെത്തിയ വസ്തുതകൾ ഇവയായിരുന്നു. പ്രാദേശിക കൃഷിരീതികൾ എല്ലാം അട്ടിമറിക്കപ്പെട്ടു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി, അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട്, വളരെ അശാസ്ത്രീയമായി ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു ഇത്. ഇസ്രായേലിൽ നിന്നുകൊണ്ടുവന്ന ഡ്രിപ് ഇറിഗേഷൻ സമ്പ്രദായം മാത്രമാണ് ഇതിൽ എന്തെങ്കിലും തരത്തിൽ ഗുണപ്രദമായ ഒന്ന്. പക്ഷേ വളരെ കുറഞ്ഞ ചെലവിൽ ഈ സമ്പ്രദായം ഇതിനകം പലയിടത്തും നടപ്പിലാക്കപ്പെട്ട ഒന്നാണ്.
പല വസ്തുതകളും കൃഷിക്കാരിൽ നിന്നും മറച്ചുപിടിച്ചായിരുന്നു ഈ പ്രൊജക്റ്റ് നടപ്പിലാക്കിയത്. സർക്കാരാണ് ഭൂമി ഏറ്റെടുത്ത് കൃഷി നടത്തുന്നതെന്നാണ് പാവപ്പെട്ട കർഷകരോട് പറഞ്ഞിരുന്നത്. യാഥാർത്ഥത്തിൽ ഈ പ്രൊജക്റ്റ് നടപ്പിലാക്കിയ ഏജൻസി പൂർണമായും ഇസ്രയേലി കമ്പനിയുടെ നിയന്ത്രണത്തിൽ ഉള്ളതായിരുന്നു. ഇതിനുവേണ്ടി രൂപീകരിച്ച സൊസൈറ്റിയിലെ 9 ഡയറക്ടർമാരും ബി എച്ച് സി അഗ്രോ എന്ന ഇസ്രയേലി കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു. കർഷകരിൽ നിന്നും ഏറ്റെടുത്ത ഭൂമിയിലെ കൃഷി തുടക്കംമുതൽ ഒടുക്കംവരെ പൂർണമായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഈ കമ്പനി തന്നെ ആയിരുന്നു. അങ്ങേയറ്റം അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. അതിശക്തമായ കീടനാശിനികളുടെ പ്രയോഗം മണ്ണിനെയും നശിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അപകടകരമായ രീതിയിൽ രാസവസ്തുക്കൾ അടങ്ങിയതായിരുന്നു വിളകൾ. ജൈവവളങ്ങളുടെ ഉപയോഗം ഏതാണ്ട് പൂർണമായും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്ന രീതിയിലുള്ള ജലസേചന മാർഗങ്ങളാണ് അവലംബിച്ചു പോന്നിരുന്നത്.
ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഈ കരാർ കൃഷി സമ്പ്രദായം ഈ പ്രദേശത്തുണ്ടാക്കിയത്. കാലങ്ങളായി ചെയ്തുപോന്നിരുന്ന കൃഷിത്തൊഴിലിൽ നിന്നും കർഷകരൊന്നാകെ പുറത്താക്കപ്പെട്ടു. ഇവിടെ വെറും കൂലിവേലക്കാരായി മാറാനായിരുന്നു പലരുടെയും യോഗം. തങ്ങളുടെ കൃഷിഭൂമിയിൽ നിന്നും ലഭിക്കുന്ന വൈക്കോലും മറ്റുമുപയോഗിച്ച് പശുക്കളെയും മറ്റും വളർത്തിയിരുന്ന രീതികളും ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരായി. കമ്പനിക്ക് പാട്ടത്തിനു നൽകിയ ഭൂമിയിൽ പ്രവേശിക്കുന്നതിൽ നിന്നുതന്നെ അവർ തടയപ്പെട്ടു. നല്ല കമ്പോളവില ഉറപ്പുള്ള ചില പച്ചക്കറികൾ മാത്രമാണ് കരാർ കൃഷിയുടെ ഭാഗമായി കൃഷിചെയ്തത്. ഇത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെ ഗുരുതരമായി ബാധിച്ചു. തങ്ങളുടെ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ വസ്തുക്കൾക്കും കമ്പോളത്തെ ആശ്രയിക്കുക മാത്രമായി കൃഷിക്കാർക്ക് ഏക മാർഗം. ഈ കമ്പോളത്തെയും അവിടെ ലഭ്യമായ വസ്തുക്കളെയും അവയുടെ വിലയേയുമൊക്ക നിയന്ത്രിക്കുന്നതാകട്ടെ കരാർ കൃഷി ഏറ്റെടുത്തതുപോലുള്ള വൻകിട കമ്പനികളും.
ഇവിടെ സംഭവിച്ചത് ഏതൊരു കരാർ കൃഷി സംവിധാനത്തിലും സ്വാഭാവികമായും നടപ്പിലാക്കുന്ന ഒന്നാണ്. വികസ്വര രാജ്യങ്ങൾക്ക് ഒരിക്കലും അനുവർത്തിക്കാവുന്ന ഒരു മാതൃകയല്ലത്. രൂക്ഷമായ തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കാനേ ഇത് ഇടയാക്കൂ. കർഷകരുടെ വരുമാനത്തെ അത് കൂടുതൽ ഇടിച്ചു താഴ്ത്തും. കർഷകരെ വെറും കൂലിവേലക്കാരാക്കും. കൃഷിയിൽ നിന്നുള്ള ലാഭം മുഴുവൻ വൻകിട കോർപറേറ്റുകളുടെ അക്കൗണ്ടുകളിലെത്തിക്കും. നിർഭാഗ്യവശാൽ കാർഷികമേഖലയിൽ കോർപറേറ്റുകളുടെ പിടി അതിശക്തമായി മുറുകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതേസമയം ദുരിതക്കയത്തിലാകുന്ന കർഷകർ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടിറങ്ങുന്നതിനും ഇന്നത്തെ ലോകം സാക്ഷ്യം വഹിക്കുന്നു. l