‘‘നമ്മുടെ സഹോദരങ്ങളെ കൂട്ടത്തോടെ പുറത്താക്കുമെന്ന ശത്രുതാപരമായ നിലപാട് കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുമായുള്ള സഹകരണം സംബന്ധിച്ച നമ്മുടെ നയത്തിൽ മാറ്റംവരുത്താൻ നാം ആലോചിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സൈനികരംഗത്ത്, കാരണം ചില്ലിക്കാശുപോലും തരാതെ നമ്മുടെ മണ്ണിൽ ദശകങ്ങളായി സൈനികത്താവളങ്ങൾ നടത്തുന്ന അമേരിക്കയ്‌ക്ക് ഹോണ്ടുറാസിൽ തുടരാൻ ഒരവകാശവും ഇന്നത്തെ നിലയിലില്ല’’‐ ഹോണ്ടുറാസ് പ്രസിഡന്റ് സിയോമാറ കാസ്‌ട്രോയുടെ വാക്കുകളാണിത്.
തന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, അധികാരത്തിലേറുന്നതിനും വളരെ മുന്പുതന്നെ, കുടിയേറ്റക്കാർക്കെതിരായി ട്രംപ് നിരന്തരം നടത്തുന്ന ഭീഷണിനിറഞ്ഞ പ്രസ്‌താവനകൾക്കുള്ള ആദ്യത്തെ നയതന്ത്രപരമായ, വ്യക്തമായ പ്രതികരണമായിരുന്നു സിയോമാറ കാസ്‌ട്രോ നടത്തിയത്. താൻ അധികാരത്തിലേറിക്കഴിഞ്ഞാൽ ദശലക്ഷക്കണക്കിന് മനുഷ്യരെ നാടുകടത്തുന്നതിനുവേണ്ടി വലതുപക്ഷ ഗവർണർമാരുടെ സഹകരണത്തോടെ സൈന്യത്തെ വിന്യസിക്കുവാനും യുദ്ധകാല ശാസനകൾ ഉപയോഗിക്കുവാനും ഒരുങ്ങുകയാണ് ട്രംപ്. ഈ ഘട്ടത്തിലാണ് ഹോണ്ടുറാസ് പ്രസിഡന്റ് ശക്തവും വ്യക്തവുമായ നയതന്ത്രപരമായ പ്രതികരണം നടത്തിയത്.
ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളങ്ങളിലൊന്നാണ് ഹോണ്ടുറാസിലുള്ളത്. എൻറിക് സോതോ കാനോ എന്ന ഈ വ്യോമസേനാതാവളം പാൽമെറോള എന്നും അറിയപ്പെടുന്നു. പാൽമെറോളയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് ദി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്‐ ബ്രേവോ ഓഫ് ദ യുഎസ് സതേൺ കമാൻഡ് (SOUTHCOM) ആണ്. മധ്യ‐ദക്ഷിണ അമേരിക്കൻ പ്രദേശത്തെ അമേരിക്കൻ ആർമിയുടെ സൈനിക കമാൻഡ് ആണ് സൗത്ത്‌കോം. അമേരിക്കയെ സംബന്ധിച്ചിടത്തോളം സോതോ കാനോ സൈനികത്താവളം ഭൗമരാഷ്‌ട്രീയപരമായും സൈനികപരമായും നിർണായകമായ ഒന്നാണ്. അമേരിക്കയുടെ പിന്തുണയോടെയുള്ള സ്വേച്ഛാധിപത്യ വാഴ്‌ചകൾക്കെതിരായി വിവിധ രാജ്യങ്ങളിൽ ഇടതുപക്ഷ ഗ്വറില്ലാസംഘങ്ങൾ ചെറുത്തുനിൽപ്പ് ഉയർത്തിയപ്പോൾ, 1980കളിൽ, അതിനെ അമേരിക്ക തടുത്തത് ഈ താവളമുപയോഗിച്ചാണ്.
കുടിയേറ്റജനതയെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കൻ ആന്റ് കരീബിയൻ സ്‌റ്റേറ്റ്സിന്റെ (CELAC) താൽക്കാലിക പ്രസിഡന്റുകൂടിയായ കാസ്‌ട്രോ, ബന്ധപ്പെട്ട രാജ്യങ്ങളിലെ വിദശേകാര്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്‌തിട്ടുണ്ട്. l