രാജ്യത്തെങ്ങും വീണ്ടും കർഷകപ്രതിഷേധം അലയടിക്കുകയാണ്. ചരിത്രത്തിലിടംനേടിയ ഡൽഹി കർഷകപ്രക്ഷോഭത്തിൽ മോദി ഗവൺമെന്റ് കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, പിൻവാതിലിലൂടെ അവ കൊണ്ടുവരാൻ ശ്രമിക്കുകയുമാണ്. മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ 750 കർഷകരാണ് രക്തസാക്ഷികളായത്. വീണ്ടും അതേ ആവശ്യങ്ങളുന്നയിച്ച് തെരുവിലിറങ്ങാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ്, മിനിമം താങ്ങുവില നിയമം വഴി ഉറപ്പാക്കണമെന്നും ബാങ്കുകൾ ഒറ്റത്തവണ കടാശ്വാസം നടപ്പാക്കണമെന്നും കർഷകരെ കൊള്ളപ്പലിശക്കാർക്ക് എറിഞ്ഞുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് ഭാരത് കിസാൻ യൂണിയൻ സിദ്ദുപ്പൂർ പ്രസിഡന്റ് ജഗജിത്‌സിങ് ദല്ലേവാൾ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. നിരാഹാരസമരം ഒരുമാസം പിന്നിട്ടിട്ടും, ദല്ലേവാളിന്റെ ആരോഗ്യനില മോശമായിട്ടും മോദി സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷികവിപണനം സംബന്ധിച്ച ദേശീയ നയചട്ടക്കൂടിനെതിരെയും വിവിധ സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷകസംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ആന്ധ്രപ്രദേശ്, ഒഡീഷ, പഞ്ചാബ്, ഹരിയാന, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ ശക്തമായ കർഷകപ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. ഹിമാചൽപ്രദേശിലെ ജോഗീന്ദർ നഗറിൽ നിർദിഷ്ട കാർഷികവിപണനനയ ചട്ടക്കൂട് കരടിന്റെ പകർപ്പ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. മാണ്ഡിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മുഖേന രാഷ്‌ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്‌തു.
കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില നൽകാതെ സ്വകാര്യ കച്ചവടക്കാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ തുച്ഛവിലയ്‌ക്ക് നൽകാൻ കർഷകരെ നിർബന്ധിതമാക്കുന്ന മോദി സർക്കാർ നയരേഖയിൽ താങ്ങുവില എന്ന വാക്കുപോലും പരാമർശിച്ചിട്ടില്ല. മാത്രവുമല്ല അത് കരാർകൃഷി പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇത്തരത്തിൽ പൂർണമായും കഷകവിരുദ്ധമായ, നിർദ്ദിഷ്ട ചട്ടക്കൂട് നയത്തിനെതിരെ കർഷകർ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കേണ്ടതായ സാഹചര്യമാണുള്ളത്.
നിരാഹാരമനുഷ്‌ഠിക്കുന്ന ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രിക്കും പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാർക്കുമായിരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. l