ഇന്ത്യാ ഗവൺമെന്റിന്റെ കൃഷിയും കർഷകക്ഷേമവുമായി ബന്ധപ്പെട്ട മന്ത്രാലയം 2024 നവംബർ 25 നു പ്രഖ്യാപിച്ച പുതിയ ദേശീയ കാർഷിക വിപണന നയത്തിന്റെ കരട് രേഖ, കർഷക സംഘടനകളുടെയും കാർഷിക വിദഗ്ദ്ധരുടെയും വ്യാപക വിമർശനവും പ്രതിഷേധവും ഏറ്റുവാങ്ങുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം, 2024 ഡിസംബർ 23 ന് രാജ്യവ്യാപകമായി വിപണന നയരേഖ കത്തിച്ച് കർഷകർ പ്രതിഷേധിച്ചു.
നയരേഖ സംബന്ധിച്ച പൊതുജനാഭിപ്രായങ്ങൾ മന്ത്രാലയത്തെ അറിയിക്കാൻ കേവലം 15 ദിവസം മാത്രം അനുവദിച്ചത് സ്വകാര്യകുത്തകകളുടെ താല്പര്യങ്ങൾ തിരക്കുപിടിച്ച് സംരക്ഷിക്കാനാണ്. കൃഷിയും ഭക്ഷ്യവ്യവസായവും പൊതുവിതരണ സംവിധാനവും കുത്തകകൾക്ക് കൈമാറാൻ ലക്ഷ്യം വെച്ച, എന്നാൽ ഐതിഹാസികമായ കർഷക പ്രക്ഷോഭംമൂലം പിൻവലിക്കേണ്ടിവന്ന – മൂന്നു കാർഷിക നിയമങ്ങൾ വീണ്ടും കൂടുതൽ രൂക്ഷമായി അടിച്ചേൽപ്പിക്കുകയാണ് യൂണിയൻ സർക്കാർ.
കരട് വിപണന നയത്തിലെ നിർദ്ദേശങ്ങൾ അപകടകരമാണ്. സ്വാതന്ത്ര്യാനന്തരം, സർക്കാർ പിന്തുണയോടെയുള്ള മുതലാളിത്ത വികസന കാലഘട്ടത്തിലെ (Dirigisme Regime) നയങ്ങളുടെ ഭാഗമായി, വൻകിട കുത്തക കമ്പനികളിൽ നിന്നും കർഷകരെയും ചെറുകിട ഉല്പാദകരെയും സംരക്ഷിക്കാനായി രൂപപ്പെടുത്തിയ ചട്ടങ്ങളിലും കരുതൽ സംവിധാനങ്ങളിലും വ്യാപകമായ നവ ഉദാരവൽക്കരണ കടന്നാക്രമങ്ങൾ നടപ്പാക്കി; തുടർന്നും ശേഷിക്കുന്നവ കൂടി ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൃഷിയും വ്യവസായവും സേവനങ്ങളും കുത്തകകൾക്ക് (ബഹുരാഷ്ട്ര – രാഷ്ട്രാന്തരീയ കുത്തകകൾക്കും സാർവദേശീയ ധന മൂലധനത്തിനും) പൂർണ്ണമായും തുറന്നു കൊടുക്കുക എന്നതാണ് വിപണി നയ നിർദ്ദേശങ്ങളുടെ കാതൽ. അത് അനുവദിച്ചാൽ കുത്തക മേധാവിത്തത്തിൽനിന്നും കർഷകർക്കുള്ള പരിമിത സംരക്ഷണം പോലും നഷ്ടപ്പെടും. ദുർബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ പൂർണ്ണമായും തകർക്കപ്പെടും.
കാർഷിക പ്രതിസന്ധിക്ക് പരിഹാരം സാങ്കേതികമോ രാഷ്ട്രീയമോ ?
14 അദ്ധ്യായങ്ങളുള്ള കരട് വിപണന നയം നിർദ്ദേശിക്കുന്നത് നിലവിലുള്ള കാർഷിക വിപണി വ്യവസ്ഥ മൗലികമായി പുന:സംഘടിപ്പിക്കാനാണ്. മൂല്യ ശൃംഖലാ കേന്ദ്രിത അടിസ്ഥാനസൗകര്യ സംവിധാനങ്ങളുമായി ( Value Chain Centric Infrastructure-– VCCI ) ബന്ധപ്പെടുത്തിയ ഏകീകൃത ദേശീയ വിപണി (Unified National Market -– UNM) എന്നതാണ് നിർദ്ദേശം. ഇത് ലോക ബാങ്ക് നയങ്ങളും സാർവദേശീയ ധനമൂലധന താൽപര്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്.
കരട് രേഖപ്രകാരം, ഒരു കാർഷിക വിള കൃഷിയിടം മുതൽ അന്തിമ ഉപഭോക്താവ് വരെ എത്താനാവശ്യമായ എല്ലാ ചരക്കുകളും സേവനങ്ങളും ഉൾക്കൊള്ളുന്നതാണ് ‘കാർഷിക മൂല്യ ശൃംഖല’. രേഖയിൽ പ്രതിപാദിക്കുന്ന പ്രകാരം ‘മൂല്യ ശൃംഖല’- യുടെ ലോക ബാങ്ക് നിർവചനം “വിവിധ തലത്തിലുള്ള ഉൽപാദന പ്രവർത്തനങ്ങളിലൂടെ ഒരു ഉൽപന്നത്തെയോ അഥവാ സേവനത്തെയോ മൂല്യ വർദ്ധിത പ്രക്രിയക്ക് സജ്ജമാക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഇതര ഉല്പാദനോപാധികളുടെയും സംഭരണം അടക്കമുള്ള പൂർണ്ണതല പ്രവർത്തനങ്ങൾ” എന്നാണ്. ഇതുതന്നെയാണ് കാർഷിക വിള ഉല്പാദനത്തെയും ഉപഭോക്തൃ ഉൽപന്ന വിപണിയെയും കൂട്ടിയോജിപ്പിക്കുക എന്ന, ദേശീയ കാർഷിക വിപണന നയ രേഖ മുന്നോട്ടുവെക്കുന്ന ലക്ഷ്യം. അത് നടപ്പിലാക്കുന്നത് കർഷകരുടെയും ചെറുകിട ഉല്പാദകരുടെയും താൽപര്യങ്ങളുടെ മുകളിൽ സ്വകാര്യ കുത്തകകളുടെ മേധാവിത്തം അടിച്ചേൽപ്പിക്കുന്നതിലൂടെയാണ്.
ന്യായമായ വരുമാനത്തിനായി നിരന്തരമായ കഷ്ടപ്പാടിലാണ് വലിയ വിഭാഗം കർഷകരും എന്ന വസ്തുത കരട് രേഖ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ചെറുകിടവൽക്കരണം, ഉയർന്ന ഉൽപാദന ചെലവ്, അവശ്യാനുസൃതമായല്ലാത്ത ഉല്പാദനം, വിളയുടെ മൂല്യത്തിന് അനുസൃതമായ ന്യായവില ലഭ്യമാകുന്ന വിപണിയുടെ അഭാവം എന്നിവയാണ് ഈ സ്ഥിതിക്ക് കാരണം. “നവീനമായ ഡിജിറ്റൽ സാങ്കേതിക വിദ്യകളും മൂല്യ ശൃംഖല അടിസ്ഥാനമാക്കിയുള്ള വിപണിയും ഉപയോഗപ്പെടുത്തി കാർഷിക വിപണി വ്യവസ്ഥ പുനഃസംഘടിപ്പിച്ചു കർഷകരുടെ വിളകൾക്ക് പരമാവധി ഉയർന്ന വില ലഭ്യമാക്കുകയാണ്” വിപണന നയം മുന്നോട്ടുവെക്കുന്ന ‘ലക്ഷ്യം’എന്നാണ് ഇതിൽ അവതരിപ്പിക്കുന്നത്. വൈദഗ്ധ്യ പരിശീലനം, വ്യവസായ വൈശിഷ്ട്യം, ബ്ലോക് ചെയിൻ സാങ്കേതികവിദ്യ, നവീനമായ സങ്കേതങ്ങൾ, അടിസ്ഥാനസൗകര്യ നിർമ്മാണത്തിൽ കേന്ദ്രീകരിക്കുന്ന ‘സമാഹൃത ഉൽപന്ന പരിപാലനം’ എന്നിവ അടിസ്ഥാനമാക്കിയ വിപണി സംവിധാനം രൂപപ്പെടുത്തുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, അവർക്ക് ന്യായ വിപണി ഉറപ്പാക്കുക എന്നീ വെല്ലുവിളികളെ നേരിടാമെന്നാണ് വിപണന നയം നിർദ്ദേശിക്കുന്നത്.
വർഗ വൈരുദ്ധ്യങ്ങളിൽനിന്നും ഉടലെടുക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളാണ് കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങൾ. സാമൂഹ്യ ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ പരിഹാരമാണ് കാർഷിക പ്രതിസന്ധി മറികടക്കാനാവശ്യം. അല്ലാതെ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പോലുള്ള സാങ്കേതിക പരിഷ്കാരങ്ങളിലൂടെ പരിഹരിക്കാനാവുന്നതല്ല കാർഷിക പ്രതിസന്ധി. സംസ്കരണ വ്യവസായങ്ങൾ, കുത്തക വ്യാപാര സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ എന്നീ സാമൂഹ്യ ശക്തികളുടെ നിയന്ത്രണത്തിലുള്ളതും, ചരക്കുകളുടെ വില അവ നിശ്ചയിക്കുന്നതുമാണ് സ്വകാര്യ കാർഷിക സംസ്കരണ വിപണി. ആ വിപണിയിലേക്കുള്ള അസംസ്കൃത ചരക്കാണ് കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾ. കാർഷിക വിളകളുടെ തുച്ഛ വില സംസ്കരണ വ്യവസായ-വ്യാപാര കുത്തകകളുടെ ലാഭം വർദ്ധിപ്പിക്കും. ഇതാണ് കാർഷിക മേഖലയിലെ മൂർത്തമായ വൈരുദ്ധ്യം. കാർഷിക വിളകൾ സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി വിറ്റ് നേടുന്ന മിച്ചത്തിലൂടെ തങ്ങൾ ഉണ്ടാക്കുന്ന വൻ ലാഭത്തിൽ ഒരു ന്യായമായൊരു വിഹിതം കർഷകരുമായി പങ്കു വെക്കാൻ വിപണി നിയന്ത്രിക്കുന്ന വ്യവസായികളെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും നിർബന്ധിതമാക്കുന്ന ഒരു വ്യവസ്ഥയും ദേശീയ കാർഷിക വിപണന നയരേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. എം എസ് സ്വാമിനാഥൻ ചെയർമാനായിരുന്ന ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച, ദേശീയ രാഷ്ട്രീയത്തിലെ മുഖ്യവിഷയമായി മാറിയ, കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്താനുള്ള നിർദ്ദേശമായ മിനിമം താങ്ങുവില (MSP) സംബന്ധിച്ച് നയരേഖ പരാമരശിക്കുന്നതേയില്ല.
പകരം, കർഷകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുതാര്യതയും കച്ചവടം സുഗമമാക്കലും -‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്-’ വഴി കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പുവരുത്താനാവും എന്ന വ്യാമോഹം സൃഷ്ടിക്കുകയാണ്. വിപണിയിൽ മേധാവിത്തമുള്ള ശക്തികളെ നിയന്ത്രിക്കൽ, പ്രാഥമിക ഉല്പാദകരായ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കൽ എന്നീ യൂണിയൻ / സംസ്ഥാന സർക്കാരുകളുടെ നിർണ്ണായക ചുമതലകൾ സംബന്ധിച്ച് നയരേഖ നിശബ്ദമാണ്.
സ്വകാര്യ കുത്തകകളെ
ആനയിക്കാൻ ഘടനാപരമായ
പരിഷ്കാരം
ഈ വിപണന നയത്തുൽ പ്രധാന പരിഷ്കാരമായി നിർദ്ദേശിച്ചിരിക്കുന്നത് പൊതു – സ്വകാര്യ പങ്കാളിത്ത മാതൃക- (Public -Private Partnership – (PPP) അടിസ്ഥാനമാക്കിയ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപിക്കലാണ്. വിസിസിഐ യിലൂടെ കൃഷിയിടം, പ്രാഥമിക സംഭരണ കേന്ദ്രങ്ങളടക്കം ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദന – വിതരണ ശൃംഖലയിലെ എല്ലാ മേഖലകളിലും സ്വകാര്യ കോർപ്പറേറ്റ് അഗ്രി ബിസിനസ്സ് പങ്കാളിത്തം അനുവദിക്കുകയാണ്.
അതിനുപുറമെ, മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ (MIS) മാതൃക വഴി വിത്തുപാകൽ, വില പ്രവണതകൾ, ഡിമാന്റും സപ്ലെെയും സംബന്ധിച്ച വിലയിരുത്തൽ, വായ്പ ആവശ്യകത അടക്കം എല്ലാ വിശദാംശങ്ങളും ആസൂത്രണം ചെയ്യുകയാണ്. Electronic Negotiable Warehouse Raceipt സംവിധാനത്തെ അടിസ്ഥാനമാക്കി വായ്പ സംവിധാനം എർപ്പെടുത്തുന്നു.
ജില്ല, മേഖല തലത്തിൽ കാർഷിക സംസ്കരണത്തിനും കയറ്റുമതിക്കും പര്യാപ്തമായ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിർദ്ദേശിക്കുന്നത്. അതിൽ ശീതീകരണ ശൃംഖലയിലൂടെ പിന്നാമ്പുറത്ത് കാർഷിക ഉല്പാദനവും മുന്നാമ്പുറത്ത് കാർഷിക സംസ്കരണ വ്യവസായങ്ങൾ, മൂല്യവർധിത ഉപഭോക്തൃ ഉൽപന്ന വിപണി, ഉപഭോക്താക്കൾ എന്നിവയെയും ബന്ധപ്പെടുത്തുന്നു. ഒപ്പം പാക്ക് ഹൗസുകൾ, സാർവദേശീയ നിലവാരമുള്ള ഉയർന്ന ഗുണമേന്മാ പരിശോധന ലബോറട്ടറികൾ, ലേബലിങ്, ബ്രാണ്ടിങ്, മറ്റ് മൂല്യ വർദ്ധിത പ്രക്രിയ അടക്കമുള്ള സംവിധാനങ്ങൾ എന്നിവ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
അതായത്, നയരേഖയിലെ പരിഷ്കരണങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയടക്കമുള്ള നവീന സാങ്കേതികവിദ്യകളുടെ പിന്തുണയോടെ സ്വകാര്യ മേഖലയെയും പൊതുമേഖലയെയും കൂട്ടിച്ചേർക്കുന്ന മൂല്യ ശൃംഖല അടിസ്ഥാനമാക്കിയ അടിസ്ഥാന സൗകര്യങ്ങളിലൂടെ വിപണിയെ പുന:സംഘടിപ്പിക്കാനായി നിർദ്ദേശിക്കുന്നു. അതേസമയം എല്ലാ പൊതു-സർക്കാർ നിയന്ത്രണങ്ങളും പിൻവലിച്ച് കാർഷിക ഉൽപാദന- സംസ്കരണ –വിപണന പ്രക്രിയയിലാകെ മേധാവിത്വം സ്ഥാപിക്കാൻ സ്വകാര്യ മേഖലയെ – പ്രത്യേകിച്ചും കോർപ്പറേറ്റ് അഗ്രി ബിസിനസ്സ് കുത്തകകളെ അനുവദിക്കുന്നു. കർഷകർക്ക് കൂടുതൽ വരുമാനത്തിനായിട്ടാണ് ഈ പരിഷ്കാരങ്ങൾ എന്ന് വാദിക്കുന്നവർ ദേശീയ കാർഷിക വിപണന നയത്തിൽ മിനിമം താങ്ങുവില (MSP) ഉറപ്പുവരുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല.
ഊഹക്കച്ചവടത്തിനും
ഓഹരി വിപണിക്കും
വഴിയൊരുക്കാൻ എഫ്പിഒകൾ
ഈ നവീകൃത സംവിധാനത്തിൽ, ഇടത്തരക്കാരെയും ചെറുകിട കച്ചവടക്കാരെയും മറികടന്ന് കാർഷിക വിളകൾ സംസ്കരണ വ്യവസായങ്ങൾക്കും കുത്തക വ്യാപാരശാലകൾക്കും, വൻകിട കയറ്റുമതിക്കാർക്കും നേരിട്ട് എത്തിച്ചുനൽകാനുള്ള മുഖ്യ കാര്യകർത്താക്കൾ അഥവാ എജന്റുമാരായി കർഷക ഉല്പാദക സഹകരണ സംഘങ്ങളെ – (FPOകൾ) ഉപയോഗപ്പെടുത്തുകയാണ്. വൻകിട കോർപ്പറേറ്റ് അഗ്രി ബിസിനിസ് കമ്പനികളുടെ കീഴിൽ കാർഷിക ഉല്പാദനവും വിപണനവും കേന്ദ്രീകരിക്കാനും കാർഷിക വിപണിയിൽ ദരിദ്ര -ചെറുകിട കർഷകർക്കുള്ള വിലപേശൽ സാദ്ധ്യതകളെ നിഷേധിച്ച് അവരെ കൂടുതൽ ചൂഷണം ചെയ്യാനുമുള്ള ആപത്തിന് ഇടയാക്കുന്നതാണ് ഈ നിർദ്ദിഷ്ട മാതൃക.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പിഒകൾ) വഴി ഫ്യൂച്ചർ ട്രേഡിംഗ് സുഗമമാക്കുന്നതും സ്റ്റോക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനവും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത് ആഭ്യന്തര കാർഷിക, ഭക്ഷ്യ വ്യവസായ മേഖലയിൽ കോർപ്പറേറ്റ് നിയന്ത്രണത്തിന് വഴിയൊരുക്കും.ഇന്ത്യൻ കാർഷിക മേഖല ഇന്റർനാഷണൽ ഫിനാൻസ് ക്യാപിറ്റൽ – കുത്തക മൂലധന (ഐഎഫ്‌സി-എംസി) കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിൽ അകപ്പെടും. അനന്തരഫലങ്ങൾ ഭയാനകമാണ്: കർഷക ക്ഷേമത്തേക്കാൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും ലാഭത്തിനും ഊഹക്കച്ചവടങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ, ഈ പരിഷ്‌കാരങ്ങൾ ഗ്രാമീണ ജനത നേരിടുന്ന സാമ്പത്തിക പരാധീനതകൾ വർദ്ധിപ്പിക്കും. കാർഷിക സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ച കടബാധ്യത, ഉപജീവനമാർഗ്ഗം തേടി ഗ്രാമങ്ങളിൽ നിന്നും നഗര പ്രദേശങ്ങളിലേക്കുള്ള നിർബന്ധിത കുടിയേറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷക ആത്മഹത്യ എന്നിവ നിയന്ത്രണാതീതമാകും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം അപകടത്തിലാകും.
സഹകരണ കൃഷി
Vs
കോർപ്പറേറ്റ് കൃഷി
സർക്കാർ, പൊതുമേഖലാ പിന്തുണയോടെ വായ്പാ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തി സഹകരണാടിസ്ഥാനത്തിൽ കർഷക ഉൽപാദക സഹകരണ സംഘങ്ങളുടെയും കർഷക കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ കാർഷിക സംസ്കരണ വ്യവസായങ്ങൾ, വിപണന ശൃംഖല, കയറ്റുമതി എന്നിവ വികസിപ്പിക്കുകയാണ് കാർഷിക പ്രതിസന്ധി മറികടക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ ബദൽ വികസന നയം. അധ്വാനിക്കുന്ന ജനങ്ങളുടെ, – പ്രത്യേകിച്ച് കർഷകരുടെയും കർഷക തൊഴിലാളികളുടെയും – താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സഹകരണ കൃഷി നയം ആവിഷ്കരിക്കണമെന്നാണ് യൂണിയൻ/ സംസ്ഥാന സർക്കാരുകളോടുള്ള കർഷക പ്രസ്ഥാനങ്ങളുടെ ആവശ്യം. കാർഷിക സംസ്കരണത്തിലൂടെയും, ബ്രാൻഡ് അടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വിപണിയിലൂടെയും ലഭിക്കുന്ന മിച്ചത്തിൽ ന്യായമായ വിഹിതം നിയമപരമായി ഉറപ്പുവരുത്തി കർഷകർക്ക് ആദായകരമായ താങ്ങുവില ഉറപ്പുവരുത്തണം.
അതിനുപകരം കർഷകർക്ക് പരമാവധി വില ലഭിക്കാനുള്ള കാർഷിക വിപണിയുടെ അഭാവം എന്ന വിടവ് പരിഹരിക്കാനെന്ന വാദമുഖത്തോടെ കോർപ്പറേറ്റ് വ്യവസായങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ എന്നിവരുമായി എഫ്പിഒ കളിലൂടെ കർഷകർ കരാർ കൃഷി (CF)യിൽ ഏർപ്പെടുക എന്ന നിർദ്ദേശമാണ് -കോർപ്പറേറ്റ് കൃഷി നയം-, ദേശീയ കാർഷിക വിപണന നയം എന്നിവ മുന്നോട്ടുവെക്കുന്നത്. ഈ സമീപനം ‘‘കോഴിയെ സംരക്ഷിക്കാൻ ചെന്നായയെ എൽപ്പിക്കുന്നതിന്” സമാനമാണ്. ഏത് വിള കൃഷി ചെയ്യണം, ഏത് വിത്ത് ഉപയോഗിക്കണം, എവിടെ നിന്നു വളം വാങ്ങണം, എത്ര വിലയ്ക്ക് വിള സംഭരിക്കണം എന്നതെല്ലാം അഗ്രിബിസിനിസ് കമ്പനികൾ നിശ്ചയിക്കുന്ന സ്ഥിതിയാണ് വരുക. കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും കർഷക തൊഴിലാളികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുപകരം, വൻകിട കോർപ്പറേഷനുകളുടെ കൈകളിൽ കൂടുതൽ അധികാരം ഉറപ്പിക്കുന്ന ഒരു സംവിധാനമാണ് ദേശീയ കാർഷിക വിപണന നയം നിർദ്ദേശിക്കുന്നത്. ഇത് കോർപ്പറേറ്റ് വിപണിയിൽ കർഷകർ കൂടുതൽ ചൂഷണത്തിന് വിധേയരാവാൻ ഇടവരുത്തും.
സംസ്ഥാന സർക്കാരുകളുടെ
അധികാരങ്ങൾ കവർന്നെടുക്കൽ
ഇന്ത്യൻ ഭരണഘടന പ്രകാരം കൃഷി, ഭൂമി, വ്യവസായം, വിപണി എന്നിവ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കുമേൽ യൂണിയൻ സർക്കാരിന് അതിക്രമിച്ചു കയറാനുള്ള പരിഷ്കാരങ്ങളാണ് രേഖയിലുള്ളത്. സംസ്ഥാന കൃഷി മന്ത്രിമാരെ അംഗങ്ങളായി ഉൾപ്പെടുത്തി ജിഎസ്ടി കമ്മിറ്റിക്ക് സമാനമായി ദേശീയ കാർഷിക വിപണന പരിഷ്കരണ ശാക്തീകൃത സമിതി രൂപീകരിക്കണമെന്നാണ് നിർദേശം. കൃഷി – കർഷക ക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി (മാർക്കറ്റിംഗ്) അധ്യക്ഷനായ ഈ കമ്മിറ്റിയുടെ ചുമതല ഏകീകൃത ദേശീയ വിപണിയുടെ (യുഎൻഎം) വ്യവസ്ഥകളുടെ ലക്ഷ്യം അതത് സംസ്ഥാന കാർഷികോത്പന്ന മാർക്കറ്റ് നിയമങ്ങളിൽ (APMC) മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കലാണ്.
രാജ്യത്താകെ ഒരൊറ്റ ലൈസൻസിങ്, രജിസ്ട്രേഷൻ, ഫീസ് സമ്പ്രദായം എന്നിവ എർപ്പെടുത്താൻ ദേശീയ നയം സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു. കൂടാതെ, ഈ പരിഷ്‌കാരങ്ങൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി ഓരോ ആറ് മാസത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാന കൃഷി മന്ത്രിമാർക്ക് “അഭിനന്ദന കത്തുകൾ’ അല്ലെങ്കിൽ “മികവ് സർട്ടിഫിക്കറ്റുകൾ’ നൽകുമത്രേ. കോർപ്പറേറ്റ് അജൻഡകൾക്ക് അനുകൂലമായി സംസ്ഥാന സ്വയംഭരണാവകാശത്തെയും കർഷകരുടെ താൽപ്പര്യങ്ങളെയും തുരങ്കംവെക്കുകയും യൂണിയൻ സർക്കാരിൽ നിയന്ത്രണാധികാരം കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്യും.
ദേശീയ കാർഷിക വിപണന നയം (NAMP) ഒരു സ്വതന്ത്ര പരിഷ്കാരമല്ല; ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ, ദേശീയ സഹകരണ നയം, 4 ലേബർ കോഡുകൾ അടിച്ചേൽപ്പിക്കൽ, വൺ നേഷൻ വൺ ഇലക്ഷൻ നിയമം എന്നിവയുൾപ്പെടെ മറ്റ് കോർപ്പറേറ്റ് അനുകൂല പരിഷ്കാരങ്ങളുമായി അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. “ഒരു രാജ്യം, ഒരു വിപണി’ എന്ന കോർപ്പറേറ്റ് അജൻഡയിലേക്ക് രാജ്യത്തിന്റെ കാർഷിക വിപണന ആവാസവ്യവസ്ഥയെ സമന്വയിപ്പിക്കലാണ് ദേശീയ കാർഷിക വിപണന നയം ആത്യന്തികമായി ലക്ഷ്യമിടുന്നത്. സഹകരണ കൃഷി വികസിപ്പിക്കുന്നതിന് പകരം കോർപ്പറേറ്റ് കൃഷി അടിച്ചേൽപ്പിക്കാനാണ് അമിത് ഷാ മന്ത്രിയായി 2019 ൽ യൂണിയൻ സർക്കാർ സഹകരണ കൃഷി മന്ത്രാലയം രൂപീകരിച്ചത് എന്ന വസ്തുത തുറന്നുകാട്ടുന്നതാണ് നിർദ്ദിഷ്ട ദേശീയ കാർഷിക വിപണന നയം.
എല്ലാ രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ദേശീയ കാർഷിക വിപണന നയം എൻഎഎംപി(NAMP)യെക്കുറിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കേണ്ടത് നിർണായകമാണ്. സ്വയംഭരണാധികാരമുള്ള സംസ്ഥാന ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന യൂണിയൻ സർക്കാരിന്റെ നേതൃത്വത്തിലുളള ഫെഡറൽ റിപ്പബ്ലിക്ക് എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ വെല്ലുവിളിച്ചുകൊണ്ട് കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെയും അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും നിയന്ത്രണത്തിലുള്ള അധികാര കേന്ദ്രിതമായ യൂണിയൻ സർക്കാരിനെ ആശ്രയിക്കാൻ നിർബന്ധിതമായ ദുർബലമായ സംസ്ഥാന സർക്കാരുകളെ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള പരിഷ്കാരമാണ് ബിജെപിയും ആർഎസ്സ്എസ്സും ദേശീയ കാർഷിക വിപണന നയത്തിലൂടെയും സമാനമായ ഇതര പരിഷ്കരണങ്ങളിലൂടെയും അടിച്ചേൽപ്പിക്കുന്നത്.
കോർപ്പറേറ്റുകൾക്കെതിരെ
തൊഴിലാളി- കർഷക ഐക്യം
ബി.ജെ.പി- – ആർ.എസ്.എസ് നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ ഗവൺമെന്റ് കോർപ്പറേറ്റ് മൂലധന ശക്തികളുടെ സ്വാധീനത്തിലാണ്. ദേശീയ കാർഷിക വിപണന നയം (എൻഎഎംപി) സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾ ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്നു. ആഭ്യന്തര കാർഷിക ഉൽപ്പാദനത്തിലും ഭക്ഷ്യ വ്യവസായത്തിലും മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെയും (MNC) ഇന്റർനാഷണൽ ഫിനാൻസ് ക്യാപിറ്റലിന്റെയും ആധിപത്യവും നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നു. അതുവഴി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ വെല്ലുവിളിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, ഈ കാർഷിക വിപണന പരിഷ്കാരങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ ഏറ്റെടുക്കാൻ കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ആത്മാർത്ഥവും യോജിച്ചതുമായ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലാളി കർഷക ഐക്യം രാജ്യത്തെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും വളർത്തിയെടുക്കണം. മൂന്ന് കാർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി, 2020-–21 ൽ നടന്ന വിജയകരമായ പോരാട്ടത്തെക്കാൾ വിപുലമായ, ബഹുജന പങ്കാളിത്തമുള്ള പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ കോർപ്പറേറ്റ് കടന്നാക്രമണത്തെ തടയാൻ സാധിക്കൂ. ഡൽഹിയിലെന്നപോലെ രാജ്യവ്യാപകമായും ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയരന്നുവരുന്ന ഉജ്ജ്വല സമരങ്ങളിലൂടെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ പിൻവലിക്കാൻ മൂന്നാം എൻഡിഎ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തൊഴിലാളികളും കർഷകരും ഒറ്റക്കെട്ടായി തെരുവിലിറങ്ങണം. l