Wednesday, December 18, 2024

ad

Homeവിശകലനംനോയിഡ – ഗ്രേറ്റർ നോയിഡയിലെ കർഷക പ്രക്ഷോഭം ഭൂ-ഉടമസ്ഥാവകാശത്തിനായുള്ള 
ആവശ്യങ്ങളും സമരരൂപങ്ങളും

നോയിഡ – ഗ്രേറ്റർ നോയിഡയിലെ കർഷക പ്രക്ഷോഭം ഭൂ-ഉടമസ്ഥാവകാശത്തിനായുള്ള 
ആവശ്യങ്ങളും സമരരൂപങ്ങളും

പി കൃഷ്‌ണപ്രസാദ്‌

ത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കർഷകർ തങ്ങളുടെ ഭൂ-ഉടമസ്ഥാവകാശം സംരക്ഷിക്കാനായി ഉന്നയിക്കുന്ന മൂർത്തമായ ആവശ്യങ്ങൾ, വ്യത്യസ്-ത സമരരൂപങ്ങളിലൂടെ നിരന്തരമായി നടത്തുന്ന പ്രക്ഷോഭങ്ങൾ, വിവിധ പ്രൊജക്ടുകൾക്കായി ഭൂമി ഏറ്റെടുത്തതിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട കർഷക കുടുംബങ്ങളുടെ ദൃഢമായ ഐക്യം, സമരത്തിലെ സ്ത്രീകളുടെ വിപുലമായ പങ്കാളിത്തം, തൊഴിലാളി – കർഷക ഐക്യം എന്നിവയാണ് ഇതിനെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കുന്നത്.

ന്യായമായ നഷ്ടപരിഹാരവും ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് പര്യാപ്തമായ ബദൽ ജീവിതോപാധികളും ലഭ്യമാക്കാതെ നോയിഡ, ഗ്രേറ്റർ നോയിഡ, യമുന എക്സ്പ്രസ്-വേ, ജേവർ ഇന്റർനാഷണൽ എയർപോർട്ട്, ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ തുടങ്ങിയ പദ്ധതികൾക്കായി പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്തതാണ് ഈ പ്രക്ഷോഭത്തിന്റെ പശ്ചാത്തലം. രാജ്യതലസ്ഥാനമായ, ന്യൂഡൽഹിക്ക് സമീപത്തായി, വികസിച്ചുവരുന്ന ഇരട്ട നഗരമായ നോയിഡ -– ഗ്രേറ്റർ നോയിഡയിലാണ് ഈ പ്രക്ഷോഭമെന്നത് സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ മുതലാളിത്ത കുത്തകകളുടെ മനുഷ്യവിരുദ്ധ മുഖം കർഷകർ തുറന്നുകാട്ടുന്നു.

നോയിഡയിൽ പ്രശ്നബാധിത ഗ്രാമങ്ങളിൽ അഖിലേന്ത്യ കിസാൻ സഭയുടെ യൂണിറ്റുകൾ രൂപീകരിച്ചതിനെ തുടർന്ന്- ആസൂത്രിതവും തുടർച്ചയായതുമായ ഇടപെടലുകളിലൂടെ ഈയടുത്ത വർഷങ്ങളിലായി ഈ സമരം കൂടുതൽ ശക്തിപ്പെടുകയുണ്ടായി. നിരന്തരമായ സമരങ്ങൾ ഒരു ഹൈപ്പർ കമ്മിറ്റി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനെ നിർബന്ധിതമാക്കി. ഈ കമ്മിറ്റി നൽകിയ ശുപാർശയിൽ 10 ശതമാനം വികസിത ഭൂമി ഉടമകൾക്ക് തിരികെ ലഭ്യമാക്കുക, സുപ്രീം കോടതി അംഗീകരിച്ച 64.7 ശതമാനം അധിക നഷ്ടപരിഹാരം ലഭ്യമാക്കുക, 2017 നുശേഷം പുതുക്കാത്ത ഭൂമിയുടെ സർക്കിൾ റേറ്റ് പുതുക്കിനിർണയിക്കുക, ഭൂരഹിതരായ കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുക എന്നിങ്ങനെ കർഷകർക്ക് അനുകൂലമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി. എന്നാൽ യുപിയിലെ ഡബിൾ എൻജിൻ സർക്കാർ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തയ്യാറല്ല. ഇതാണ് ‘വിജയംവരെയും സമരം ചെയ്യും’ എന്ന് പ്രഖ്യാപിച്ച്- പ്രക്ഷോഭം ശക്തിപ്പെടുത്താൻ കർഷകർ തീരുമാനിക്കാൻ ഇടയാക്കിയത്.

കർഷകരുടെ ഐക്യം വിപുലീകരിച്ചുകൊണ്ട് സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ 10 പ്രാദേശിക കർഷക സംഘടനകളെ കൂട്ടിയോജിപ്പിച്ച് നവംബർ 25ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ മുന്നിൽ ഒരു മഹാ പഞ്ചായത്ത് വിളിച്ചു ചേർത്തു. ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന യോഗത്തിൽ എസ് കെ എം നേതാക്കളായ ഹന്നൻമൊള്ള, രാകേഷ് ടിക്കായത്ത് എന്നിവർ പങ്കെടുത്തു. കർഷകർ അനിശ്ചിതകാല രാപ്പകൽ സമരം പ്രഖ്യാപിച്ചു.

സർക്കാർ നടപടി എടുക്കാത്ത പക്ഷം ഡിസംബർ 2ന് ഡൽഹിയിലേക്ക് പാർലമെന്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. നവംബർ 26, 27,28 തീയതികളിൽ ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെയും നവംബർ 29, 30 ഡിസംബർ 1 തീയതികളിൽ നോയിഡ അതോറിറ്റിയുടെയും മുന്നിൽ രാപകൽ സമരം നടന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ രാത്രിയിലും സമരത്തിൽ പങ്കെടുത്തു. എന്നാൽ ഈ ഘട്ടത്തിൽ ഒരു ചർച്ചയും നടത്താൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറായില്ല.

ഡിസംബർ 2ന് ആയിരക്കണക്കിന് കർഷകർ നോയിഡ മഹാമായ ഫ്ലൈ ഓവറിന് സമീപത്തുനിന്ന് പാർലമെന്റിലേക്ക് മാർച്ച് ആരംഭിച്ചു. മൂന്ന് തവണ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് മുന്നേറി. തിരക്കേറിയ നോയിഡ ഡൽഹി ഹൈവേയിൽ മണിക്കൂറുകളോളം ട്രാഫിക് പൂർണമായും തടസ്സപ്പെട്ടു. ഈ ഘട്ടത്തിലാണ് ഉത്തർപ്രദേശ് സർക്കാർ സമരത്തെ ഗൗരവത്തോടെ കാണാൻ തയ്യാറായത്. ഏഴു ദിവസത്തിനകം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി സമര നേതൃത്വവുമായി ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് പൊലീസ്–റവന്യൂ അധികൃതർ പറഞ്ഞത്. അതിനോട് പക്വമായി പ്രതികരിച്ച് കർഷക നേതൃത്വം ട്രാഫിക് തടസ്സപ്പെടാതെ ഹൈവേയുടെ സമീപത്തെ ബി ആർ അംബേദ്കർ പാർക്കിലെ ദളിത് പ്രേരണ സ്ഥലത്ത് ഏഴു ദിവസം രാപകൽ സമരം നടത്താൻ തീരുമാനിച്ചു.

എന്നാൽ കർഷകർക്ക് നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് ഒക്ടോബർ മൂന്നിന് 500 ഓളം പൊലീസുകാരെ പാർക്കിൽ വിന്യസിച്ച് ധർണ്ണയിൽ പങ്കെടുത്ത നൂറിലേറെ സ്ത്രീകളടക്കം 300 ഓളം കർഷകരെ ബലംപ്രയോഗിച്ച് നീക്കംചെയ്തു. വനിതാകർഷകരെ പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തു. ധർണ്ണ നടത്തുന്നത് ജാമ്യം അനുവദിക്കാവുന്നതായിട്ടു പോലും, സ്ത്രീകളെ ഒഴിവാക്കി 160 കർഷകരെ കോടതിയിൽ പോലും ഹാജരാക്കാതെ ജയിലിലടച്ചു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ അധ്യക്ഷൻ ഡോക്ടർ രൂപേഷ് വർമ്മ, സുഖുബീർ ഖലീഫ, സുനിൽ ഫൗജി, പവൻ ഘട്ടാന അടക്കമുള്ള നേതാക്കളെ ജയിലിൽ അടച്ചു. അടുത്ത ദിവസം മുതൽ ഹൗസ് അറസ്റ്റ് എന്ന പേരിൽ കർഷകരെ പൊലീസ് വീട്ടിൽ തന്നെ തടഞ്ഞുവച്ചു. സംഘടനാ പ്രവർത്തകരെ റോഡുകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. ഗ്രാമങ്ങളിൽ കർഷകരെ ഭയപ്പെടുത്തി പ്രക്ഷോഭത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് പൊലീസ് ശ്രമിച്ചത്.

ഒക്ടോബർ മൂന്നിനുതന്നെ ഉത്തർപ്രദേശിലെ മുഖ്യ കർഷക സംഘടനയായ ബികെയു ടിക്കായത്ത് വിഭാഗം പൊലീസ് അടിച്ചമർത്തലിനെതിരെ ഡിസംബർ നാലിന് യമുന എക്സ്പ്രസ് വേ സീറോ പോയിന്റിൽ ഒരു മഹാപഞ്ചായത്ത് ചേരാൻ ആഹ്വാനം ചെയ്തു. യോഗി ആദിത്യനാഥ് സർക്കാർ മഹാപഞ്ചായത്ത് അനുവദിക്കില്ല എന്ന നിലപാടെടുത്തു. അലിഗഢ് പൊലീസ് രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. കാൽനടയായി ഹൈവേയിൽ എത്തി ഒരു ട്രക്കിൽ കർഷകർക്കൊപ്പം എത്താൻ ശ്രമിച്ച ടിക്കായത്തിനെ വൻ പൊലീസ്-സേന പിന്നാലെ പാഞ്ഞെത്തി തടയുകയായിരുന്നു. എസ് കെ എം നേ-താവ് തജീന്ദ്രർ സിംഗ് വിർക്കിനെയും പ്രവർത്തകരെയും കർക്കട് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂർ തടഞ്ഞുവെച്ചു. ഇതെല്ലാം ചെയ്തിട്ടും 5000 ത്തിലേറെ കർഷകർ യമുന എക്സ്പ്രസ്-വേയിൽ മഹാപഞ്ചായത്തിൽ അണിനിരന്നു. സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും പങ്കെടുത്തു. എസ് കെ എം നേതാക്കളായ ഹന്നൻമൊള്ള, വിജൂകൃഷ്ണൻ, പി കൃഷ്ണപ്രസാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ജയിലിലടച്ച കർഷകരെ യാതൊരു ഉപാധിയുമില്ലാതെ സ്വതന്ത്രരാക്കാത്തപക്ഷം തങ്ങൾ അംബദ്ക്കർ പാർക്കിലെ ദളിത് പ്രേരണ സ്ഥലത്തേക്ക് മാർച്ച് ചെയ്ത്- രാപകൽ സമരം വീണ്ടും ആരംഭിക്കുമെന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉദ്യോഗസ്ഥർ ജയിലിലുള്ള മുഴുവൻ കർഷകരെയും നാലരമണിയോടെ സ്വതന്ത്രരാക്കി മഹാപഞ്ചായത്തിൽ എത്തിച്ചു. ആരവങ്ങളോടെയാണ് സമര നായകരെ പഞ്ചായത്ത് സ്വീകരിച്ചത്. ഈ മൂർത്തമായ നേട്ടം ഏകാധിപത്യത്തിന്റെ മുകളിൽ ജനാധിപത്യത്തിന്റെ വിജയമായി മാറി. ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകാൻ അതിലൂടെ സാധിച്ചു.

കർഷകരുടെ വിജയം വ്യക്തിപരമായ പരാജയമായി കണ്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൗതം ബുദ്ധനഗറിലും അലിഗഢിലും അരാജകത്വം പടർത്താൻ അനുവദിക്കില്ല എന്ന് ട്വീറ്റ് ചെയ്തു. തുടർനടപടിയെന്നോണം ഡിസംബർ നാലിന് രാത്രിതന്നെ 35 കർഷകരെ ധര്‍ണ സ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു വീണ്ടും കോടതിയിൽ ഹാജരാക്കാതെ നേരിട്ട് ലക്സർ ജയിലിൽ അടച്ചു. ഗ്രാമങ്ങളിൽ വ്യാപകമായി ഹൗസ് അറസ്റ്റ് നടത്തി. ഇതിനെതിരെ ജയിൽനിറയ്ക്കൽ സമരം പ്രഖ്യാപിച്ചു കർഷകർ തിരിച്ചടിച്ചു. ഡിസംബർ അഞ്ചിന് ‘സ്ത്രീകളടക്കം 120 കർഷകർ അറസ്റ്റു വരിച്ചു. സ്ത്രീകളെ ഒഴിവാക്കി ബാക്കിയുള്ളവരെ ജയിലിലടച്ചു. ഡിസംബർ ആറിനും 120 കർഷകർ അറസ്റ്റുവരിച്ചു. ഡിസംബർ 7 ന് അറസ്റ്റു ചെയ്ത എല്ലാവരെയും പൊലീസ് വിട്ടയച്ചു. കാരണം അവരെ അടയ്ക്കാൻ ലക്സർ ജയിലിൽ സ്ഥലം ഉണ്ടായിരുന്നില്ല. സർക്കാർ – ജയിൽ സംവിധാനത്തിന്റെ പരിമിതി തുറന്നുകാണിച്ച ഒരു പുതിയ സമരരൂപമായി ജയിൽ നിറയ്-ക്കൽ പ്രക്ഷോഭം. ഓരോ ഗ്രാമത്തിലെയും കർഷകർ പൊലീസ് ഭീകരത നേരിട്ട് അനുഭവിച്ചു. എന്നാൽ എങ്ങനെ അതിനെ നേരിടണമെന്നും പൊലീസ് നടത്തുന്ന നിയമവിരുദ്ധവും അരാജകവുമായ നടപടികളെ എങ്ങനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കണമെന്നും അനുഭവത്തിലൂടെ അവർ പഠിച്ചു.

ഡിസംബർ 7ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് നേരിട്ട് ഗ്രേറ്റർ നോയിഡയിലെത്തി. എന്നാൽ പ്രശ്നം പരിഹരിക്കാൻ അനുകൂലമായ സാഹചര്യം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയാത്ത വിധം കർഷകരെ തുറന്നുവിടില്ല എന്ന കടുംപിടുത്തത്തിലായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ്. കർഷകരെ ജയിൽ മോചിതരാക്കാതെ യാതൊരു ചർച്ചയ്ക്കും തങ്ങളില്ല എന്ന തത്വാധിഷ്ഠിതമായ നിലപാട് സംയുക്ത കിസാൻ മോർച്ച സ്വീകരിച്ചു.

ഡിസംബർ 10ന് പാർലമെന്റ് അംഗവും സഭയുടെ അഖിലേന്ത്യ വെെസ് പ്രസിഡന്റുമായ അമ്രറാമിന്റെ നേതൃത്വത്തിൽ കിസാൻ സഭ, സിഐടിയു, മഹിളാ അസോസിയേഷൻ പ്രതിനിധി സംഘം ജില്ല മജിസ്ട്രേറ്റ് മനീഷ് കുമാർ വർമ്മയെ സന്ദർശിച്ചു. വില്ലേജുകളിൽ ഹൗസ് അറസ്റ്റ് ഇനി മുതൽ ഉണ്ടാവില്ല എന്ന് കളക്ടർ, അമ്രാറാമിന് ഉറപ്പു നൽകി. സമാധാനപരമായ പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് ബലം പ്രയോഗിക്കില്ലെന്നും ചർച്ചയ്ക്ക് സഹായകരമായ അന്തരീക്ഷമുണ്ടാക്കുമെന്നും ജയിലിലടച്ച കർഷകരെ നേരിൽ കാണാൻ ഭരണ നേതൃത്വവുമായി കൂടിയാലോചന നടത്തിയശേഷം അനുവദിക്കുന്നതാണെന്നും കളക്ടർ ഉറപ്പുനൽകി. ചർച്ചയിലൂടെ പരിഹരിക്കാത്ത പക്ഷം കൂടുതൽ വിപുലമായ പ്രക്ഷോഭത്തിന് കർഷകരും തൊഴിലാളികളും നിർബന്ധിതരാകുമെന്ന് പ്രതിനിധിസംഘം കളക്ടറെ അറിയിച്ചു.

നോയിഡ – ഗ്രേറ്റർ നോയിഡ മേഖലയിൽ കർഷകരുടെ സമരം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുടരുകയാണ്. 1990കളിലും രണ്ടായിരത്തിലെ ആദ്യ ദശകത്തിലും അന്ന് നിലവിലിരുന്ന ബ്രിട്ടീഷ് കൊളോണിയൽക്കാലത്തെ നിയമപ്രകാരമാണ് വിവിധ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകാൻ കർഷകർ നിർബന്ധിതരായത്. ഇതിനെതിരെ സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടായി. കർഷകരെ അടിച്ചമർത്താനുള്ള ഉത്തർപ്രദേശ് സർക്കാർ നടപടികളുടെ ഭാഗമായി ബട്ട പർസോളിൽ അടക്കം 2008 ,2011 , 2012 വർഷങ്ങളിൽ നടന്ന പൊലീസ്വെടിവെപ്പുകളിൽ ആറു കർഷകരും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു. ഈ കാലഘട്ടത്തിൽ ഭൂമി ഏറ്റെടുക്കലിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന കർഷകപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാം യുപിഎ സർക്കാർ ലാൻഡ് അക്വിസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 (LARR Act) പാസാക്കാൻ നിർബന്ധിതമായത്.

ബിജെപി എക്കാലവും കോർപ്പറേറ്റുകളോടൊപ്പം കർഷകർക്കെതിരെ നിലപാടെടുത്ത പാർട്ടിയാണ്. 2014 ൽ അധികാരത്തിൽവന്ന ഒന്നാം നരേന്ദ്ര മോദി സർക്കാരാണ് ലാൻഡ് അക്വിസിഷൻ ഓർഡിനൻസ് 2014 കൊണ്ടുവന്ന് LARR Act 2013 നെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഭൂമി അധികാർ ആന്തോളൻ ബാനറിൻ കീഴിൽ അണിനിരന്ന് രാജ്യവ്യാപകമായി കർഷകർ നടത്തിയ പ്രക്ഷോഭങ്ങൾ ഓർഡിനൻസ് നിയമമാക്കുന്നത് പരാജയപ്പെടുത്തി. തുടർന്ന് തങ്ങളുടെ സംസ്ഥാന സർക്കാരുകളോട് സംസ്ഥാനതല നിയമങ്ങൾ പാസാക്കി LARR Act 2013 ന്റെ ആനുകൂല്യങ്ങൾ കർഷകർക്ക് നിഷേധിക്കാനും തുച്ഛവിലക്ക് ഭൂമി കയ്യടക്കാൻ കോർപ്പറേറ്റുകളെ സഹായിക്കാനും ബിജെപി നിർദ്ദേശം നൽകി. തങ്ങളുടെ ഭൂമിക്ക് മതിയായ നഷ്ടപരിഹാരം, പകരം തൊഴിൽ അടക്കമുള്ള ജീവിതോപാധികളും പുനരധിവാസവും ഉൾപ്പെടെ നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കാതെ ഭൂമി നഷ്ടപ്പെടേണ്ടിവന്ന കർഷകരും ഭൂ-ഉടമകളും നോയിഡയിലേതുപോലെ പ്രാദേശിക സമര സമിതികൾ ഉണ്ടാക്കി തങ്ങളുടെ അവകാശത്തിനായി പോരാടാൻ രാജ്യവ്യാപകമായി മുന്നോട്ടു വരുന്നു. പ്രശ്നാധിഷ്ഠിതമായ ഐക്യം എങ്ങനെ വളർത്തിയെടുക്കാം, പദ്ധതി ബാധിച്ച കുടുംബങ്ങളെ പ്രക്ഷോഭപാതയിൽ എങ്ങനെ അണിനിരത്താം, തൊഴിലാളി – കർഷക ഐക്യവും ബഹുജന പിന്തുണയും ഉറപ്പുവരുത്തി ഭരണകൂട അടിച്ചമർത്തലിനെ എങ്ങനെ വിജയകരമായി നേരിടാം എന്നതിലെല്ലാം രാജ്യത്താകെ നീതി നിഷേധിക്കപ്പെട്ട കർഷകർക്ക് മാതൃക കാണിക്കുകയാണ് നോയിഡ -– ഗ്രേറ്റർ നോയിഡ പ്രക്ഷോഭകാരികൾ.

സമരം തുടരുകയാണ്. കർഷകരെ ജയിലിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിസംബർ 12ന് സിഐടിയു, കിസാൻ സഭ , അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സംയുക്ത കിസാൻ മോർച്ച സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നീതി നിഷേധിക്കപ്പെട്ട കർഷകരെ അണിനിരത്തി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുമെന്ന് തീരുമാനിച്ചിരിക്കുകയുമാണ്. അവകാശങ്ങൾ നേടിയെടുക്കും വരെ സമരം തുടരുകതന്നെ ചെയ്യും.

ഭൂമിയിൽ കർഷകർക്കുള്ള ഉടമസ്ഥാവകാശം സംരക്ഷിക്കുക എന്ന നീറുന്ന പ്രശ്നം രാജ്യത്താകെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നോയിഡ -– ഗ്രേറ്റർ നോയിഡ കർഷക പ്രക്ഷോഭകാരികൾ വിജയിച്ചു. ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച നിയമമുണ്ടായിട്ടും കർഷകരുടെ ഭൂ-ഉടമസ്ഥാവകാശങ്ങൾ നിഷേധിക്കുന്നതിൽ ഒരുഭാഗത്ത് കർഷകരും ഭൂരഹിതരായ ഗ്രാമീണ തൊഴിലാളികളും മറുഭാഗത്ത് വൻകിട കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി നിലകൊള്ളുന്ന ഉത്തർപ്രദേശിലെ ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരും തമ്മിലുളള ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular