ദീർഘകാലമായി നിലനിന്നു വന്ന സാമ്പ്രദായിക രീതികളിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടു മാത്രമേ പുരോഗതിയുടെ പാതയിലൂടെ നാടിനു മുന്നോട്ടു പോകാൻ സാധിക്കൂ. ആ മാറ്റം സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണത്തിലും ദൃശ്യമാവേണ്ടത് നിർബന്ധമാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളത്. സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി പരിഹരിക്കപ്പെടാതെ പോകുന്ന പ്രശ്നങ്ങള്‍ കൊണ്ടുഴലുന്ന നിരവധിപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് എട്ടര വര്‍ഷം മുമ്പ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നയുടന്‍തന്നെ വ്യക്തമാക്കിയിരുന്ന നിലപാടാണ്.
നടപടിക്രമങ്ങളുടെ ചുവപ്പ് നാടയിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ കുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്കാരങ്ങൾ 2016 മുതൽ സർക്കാർ നടപ്പിൽ വരുത്തുകയുണ്ടായി. ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്ന ‘കരുതലും കൈത്താങ്ങും’ എന്ന പരിപാടിയ്ക്ക് കുറച്ചു ദിവസങ്ങൾക്കു മുൻപ് തുടക്കംകുറിച്ചിരിക്കുകയാണ്. നിയമസാങ്കേതികത്വത്തിന്റെ ചട്ടക്കൂടിനെ മനുഷ്യർക്ക് നീതി നിഷേധിക്കാനോ വൈകിക്കാനോ ഉള്ള ന്യായീകരണമാക്കുന്നതിനു പകരം അതേ നിയമത്തെ അവർക്ക് ഏറ്റവും പെട്ടെന്നു നീതി ലഭ്യമാക്കുന്നതിനുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയിൽ മന്ത്രിമാർ നേരിട്ട് ജനങ്ങൾക്കു മുന്നിലേയ്ക്ക് വരികയാണ്.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇങ്ങനെയൊരു അദാലത്തു നടത്തേണ്ടിവരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കേണ്ടത് ഇനിയും പൂർണമായ ഒരു മാറ്റം നമുക്ക് സാധ്യമായിട്ടില്ല എന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ടരീതിയില്‍ നിന്ന് അടിസ്ഥാനപരമായ മാറ്റംകുറിക്കുന്ന മനോഭാവം ഇനിയും അതിന്റെ പൂർണതയിൽ ഉടലെടുത്തിട്ടില്ല. പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എന്തും ഏതും എങ്ങനെ നിഷേധിക്കാം എന്ന വീക്ഷണകോണിലൂടെ ഫയലുകളെ സമീപിക്കുന്ന രീതി ഇനിയും മാറിയിട്ടില്ല.
പ്രശ്നപരിഹാരത്തിനായി എത്തുന്ന സാധാരണക്കാരെ ഒരു ബാധ്യതയായല്ല കാണേണ്ടത്. ജനാധിപത്യ ഭരണത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍, അവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ കയറിയിറങ്ങാതെ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. അതു സാധ്യമാകാതെ പോകുമ്പോൾ ആ വീഴ്ചയുടെ പിഴ അടയ്ക്കേണ്ടിവരുന്നത് പാവപ്പെട്ടവരാണ്.
നിയമസാങ്കേതികത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുമ്പോള്‍ത്തന്നെ, സമീപനം മനുഷ്യത്വപരമാവണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് –കരുതലും കൈത്താങ്ങും– എന്ന പേരില്‍ ഇങ്ങനെ ഒരു പരിപാടി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇത് ഒറ്റപ്പെട്ട ഒരു പരിപാടിയല്ല. മുമ്പ് നമ്മള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്കുതലം തൊട്ട് സെക്രട്ടേറിയറ്റു തലം വരെ അദാലത്തും, ഫയല്‍ തീര്‍പ്പാക്കലിനുള്ള തീവ്രയജ്ഞ പരിപാടിയും ഒക്കെ നടത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വനാതിര്‍ത്തി പങ്കിടുന്ന 54 നിയോജക മണ്ഡലങ്ങളിലെ 255 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി വനസൗഹൃദ സദസ്സുകള്‍ സംഘടിപ്പിച്ചു. 4,797 പരാതികള്‍ സ്വീകരിച്ചു. 4,311 പരാതികള്‍ തീര്‍പ്പാക്കി. വന്യമൃഗ ആക്രമണത്തില്‍ ജീവഹാനി, പരിക്ക്, കൃഷിനാശം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേല്‍ രണ്ടു കോടി ഇരുപത്തിയാറര ലക്ഷത്തില്‍പ്പരം രൂപ ധനസഹായമായി അനുവദിച്ചു.
അതേ ഘട്ടത്തില്‍ത്തന്നെയാണ് തീരദേശവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവയ്ക്കു പരിഹാരം കാണുന്നതിനുമായി തീരദേശ നിയോജക മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളില്‍ തീരസദസ്സുകള്‍ സംഘടിപ്പിച്ചത്. ആകെ 25,150 പരാതികളാണ് ലഭിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും തീര്‍പ്പാക്കി. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ തീര്‍പ്പാക്കിവരികയാണ്. ആകെ 8 കോടിയോളം രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്.
2023 ലെ അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും അനുകൂലമായ തീരുമാനം കൈക്കൊണ്ട് തീര്‍പ്പാക്കാന്‍ കഴിഞ്ഞു. അന്നു പരിഗണിച്ച 22,802 പരാതികളില്‍ 13,556 പരാതികള്‍ക്ക് ഇതിനോടകം പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സങ്കീര്‍ണതകളുള്ള അവശേഷിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.
വിജയകരമായ ആ പരിപാടിയുടെ തുടര്‍ച്ചയാണ് 2024 ഡിസംബര്‍ 9 മുതല്‍ 2025 ജനുവരി 13 വരെയായി സമാനസ്വഭാവത്തിലുള്ള താലൂക്കുതല അദാലത്ത് നടത്തുന്നത്. കളക്ടറേറ്റുകളിലെയും ബന്ധപ്പെട്ട താലൂക്കുകളിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇതിലുണ്ട്. അവരെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് കഴിയാവുന്നത്ര വേഗത്തില്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.
മന്ത്രിമാര്‍ ജനങ്ങളുടെ അടുക്കല്‍ നേരിട്ടെത്തി പരാതി കേള്‍ക്കുകയും സാധ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ‘കരുതലും കൈത്താങ്ങും’ പരിപാടിയിൽ എല്ലാ വകുപ്പുകളെയും പൊതുവില്‍ ചേര്‍ത്ത് തീര്‍പ്പാക്കാന്‍ പറ്റുന്ന പൊതുവിഷയങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്നൊരുക്കങ്ങളോടെ, ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കരുതലും കൈത്താങ്ങിന്റെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളിൽ 21 വിഷയങ്ങൾക്ക് കീഴിൽ വരുന്ന, ജില്ലാ തലത്തിൽ പരിഹരിക്കാവുന്ന പരാതികളാണ് പരിഗണിക്കുക. ഭൂമി സംബന്ധമായ വിഷയങ്ങള്‍, പ്രത്യേകിച്ച് പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍ എന്നിവ അദാലത്തില്‍ പരിഗണനയ്ക്കുവരും. ഈ വിഷയങ്ങളെല്ലാം തന്നെ ജനങ്ങളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കും സാമ്പത്തിക വൈഷമ്യങ്ങളിലേക്കും സുദീര്‍ഘമായ നിയമ വ്യവഹാരങ്ങളിലേക്കും ഒക്കെ തള്ളിവിടാവുന്നവയാണ്. അതുകൊണ്ടുതന്നെ അവ സൂക്ഷ്മമായും സമയബന്ധിതമായും തീര്‍പ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രശ്നപരിഹാര സംവിധാനങ്ങളുള്ളതും, ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതും നയപരമായ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടതും സംസ്ഥാന തലത്തില്‍ മാത്രം പരിഹരിക്കാനാവുന്നതുമായ വിഷയങ്ങളെയാണു മാറ്റിവെച്ചിട്ടുള്ളത്. മാനുഷികമൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളാണ് ഈ അദാലത്തുകളിൽ ഉറപ്പുവരുത്താൻ ശ്രമിക്കുന്നത്.
വയോജന സംരക്ഷണം, പട്ടികജാതി–-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലും മാനുഷിക പരിഗണനയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്കു കഴിയണം.
പരിസ്ഥിതി മലിനീകരണം, മാലിന്യസംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ള ലഭ്യത, റേഷന്‍ കാര്‍ഡ്, കാര്‍ഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവയും അദാലത്തിലേക്കു ലിസ്റ്റു ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി മുതല്‍ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരെ ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ വളരെ സമഗ്രമായ ഇടപെടലാണ് കരുതലും കൈത്താങ്ങും പരിപാടിയിലൂടെ സർക്കാർ നടത്തുന്നത്.
താലൂക്ക് ഓഫീസില്‍ നിന്നും, അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും, ഓണ്‍ലൈനായും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കാനും ബന്ധപ്പെട്ട വകുപ്പുതല സെല്ലിലേക്ക് നിര്‍ദ്ദേശം സഹിതം കൈമാറാനും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അദാലത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത വിഷയത്തിലെ അപേക്ഷയാണെങ്കില്‍ അപേക്ഷകന് മറുപടി നല്‍കി അപേക്ഷ തീര്‍പ്പാക്കുവാന്‍ കഴിയേണ്ടതാണ് എന്നു വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. വകുപ്പുതല സെല്ലില്‍ നിന്നും തിരിച്ചു ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുന്നതിനും ബന്ധപ്പെട്ട താലൂക്ക് ഓഫീസിലേക്ക് നിര്‍ദ്ദേശം സഹിതം കൈമാറുന്നതിനും സർക്കാർ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ജില്ലാതല മോണിറ്ററിങ് സെല്ലില്‍ നിന്നും ജില്ലയിലെ വകുപ്പുകളിലെ സെല്ലുകളിലേക്ക് അപേക്ഷകള്‍ നിര്‍ദ്ദേശം സഹിതം കൈമാറാന്‍ കഴിയും.
ജില്ലാതല മോണിറ്ററിങ് സെല്ലില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കാനും സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കാനും ജില്ലയിലെ വകുപ്പുതല സെല്ലിനു സൗകര്യമുണ്ടാക്കിയിട്ടുണ്ട്. അദാലത്തിന്റെ നടത്തിപ്പും, പരാതികളിന്മേലുള്ള തുടര്‍നടപടികളും നിരീക്ഷിക്കാന്‍ ജില്ലാ മോണിറ്ററിങ് സെല്ലുകള്‍ കളക്ടറേറ്റില്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ അദാലത്ത് സെല്ലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും, സബ് കളക്ടര്‍ അല്ലെങ്കില്‍ ആര്‍ ഡി ഒ വൈസ് ചെയര്‍മാനും, ജില്ലാ പ്ലാനിങ് ഓഫീസര്‍ അംഗവുമായി ജില്ലാതല മോണിറ്ററിങ് സെല്‍ രൂപീകരിച്ചിട്ടുണ്ട്.
അദാലത്ത് ദിനത്തില്‍ നേരിട്ട് പരാതിയുമായി ആരെങ്കിലും എത്തിയാല്‍ അത് സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അദാലത്ത് വേദിയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊണ്ട് അന്തിമ തീരുമാനം ജില്ലാതല മോണിറ്ററിങ് സെല്ലിനെ അറിയിക്കേണ്ടതാണ് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വിധത്തില്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കു കഴിയാവുന്നത്ര വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ വേണ്ടതെല്ലാം സജ്ജമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് ഉദ്യോഗസ്ഥതലത്തില്‍. അദാലത്തുകള്‍ കേവലം ഒരു സര്‍ക്കാര്‍ പരിപാടിയായി അവസാനിക്കാന്‍ പാടില്ല എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് കൃത്യമായ തുടര്‍ച്ചയുണ്ടാകണം. ആ തുടര്‍ച്ച പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളുമായി ബന്ധപ്പെട്ട ഓഫീസുകളിലാണ് നടക്കേണ്ടത്. അവ കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണ സംവിധാനത്തിനും കഴിയണം. ജനസേവനം എന്ന മഹത്തായ ലക്ഷ്യം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റാൻ പര്യാപ്തമായ ഉദ്യോഗസ്ഥ സംവിധാനം സാക്ഷാൽക്കരിക്കാൻ നമുക്ക് കഴിയണം. ആ ലക്ഷ്യത്തിലേയ്ക്കുള്ള ഉറച്ച കാൽവയ്പുകളുമായാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോകുന്നത്. l