മണിപ്പൂരിലെ അക്രമവും അത് അവശേഷിപ്പിക്കുന്ന വേദനാജനകമായ കാഴ്ചകളും മെയ്തി– – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള യാദൃച്ഛികമായ കലഹങ്ങൾ ആയോ മതത്തെ അടിസ്ഥാനമാക്കിയുള്ള ഭിന്നിപ്പുകൾ ആയോ മാത്രം നോക്കിക്കാണുന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ മനുഷ്യർ തമ്മിലുള്ള കേവല വ്യത്യാസങ്ങൾ കാരണമാണ് ഉത്ഭവിക്കുന്നത് എന്ന് ചിന്തിക്കുന്നത് പ്രശ്നങ്ങളെ ലഘൂകരിച്ച് കാണുന്ന ചിന്താഗതിയാണ്. മറിച്ച് നമ്മുടെ ജീവിതങ്ങളെ പരുവപ്പെടുത്തുന്ന ഘടകങ്ങളും സാഹചര്യങ്ങളും അതിലുപരി ആധുനിക രാഷ്ട്രീയ വ്യവസ്ഥയുടെ ആണിക്കല്ലായ ഭരണകൂടത്തിന്റെ പങ്കും കാണാതെ പോകുന്ന വിധത്തിലുള്ള വിശകലനങ്ങൾ അത്ര നിഷ്കളങ്കമാണ് എന്ന് വിശ്വസിക്കുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കാൻ തീരുമാനിക്കുന്നവരുടെ നിലനിൽപ്പ് അപകടത്തിൽ ആകുമ്പോൾ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രസക്തമാകുന്നു. അതിലുപരി, വരേണ്യ വർഗത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ അവ മനുഷ്യനിർമ്മിതമോ അല്ലാത്തവയോ ആയിക്കോട്ടെ, ഭരണകൂടം ഈ പറഞ്ഞവയുടെ ഭാഷ അനുകരിക്കുമ്പോൾ അത് ജനാധിപത്യ മൂല്യങ്ങളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്നു എന്നതിന് മണിപ്പൂർ സാക്ഷ്യം വഹിക്കുന്നു.
മണിപ്പൂരിന്റെ ചരിത്രം
സംവദിക്കുമ്പോൾ
ഭൂമിശാസ്ത്രപരമായും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും രണ്ട് വ്യത്യസ്ത അസ്ഥിത്വങ്ങൾ ആയിരുന്നു ഇന്നത്തെ മണിപ്പൂരിലെ മലയോര പ്രദേശങ്ങളും താഴ്‌വരയും. 1917-–19 കാലത്തെ ആംഗ്ലോ -– കുക്കി യുദ്ധത്തിനു ശേഷമാണ് കൊളോണിയൽ ഭരണകൂടത്തിന് ഈ മലയോര പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധിച്ചത്. ഭരണപരമായ സൗകര്യത്തിനുവേണ്ടി ക്രമേണ നടപ്പിലാക്കിയ നിർബന്ധിത ലയനം, താഴ്‌വരയിലെ മെയ്‌ത്തി വിഭാഗവും മലയോരങ്ങളിലെ ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ വ്യത്യാസങ്ങളും വിവേചനങ്ങളും എത്രമാത്രം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. 1971 ൽ മണിപ്പൂരിന് സംസ്ഥാന പദവി ലഭിക്കുകയും, കേന്ദ്രസർക്കാർ 27–ാം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 371 സി ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാഷ്ട്രപതി, മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലി (ഹിൽ ഏരിയാസ് കമ്മിറ്റി) ഉത്തരവ് ഇറക്കി. മണിപ്പൂർ (ഹിൽ ഏരിയാസ്) ജില്ലാ കൗൺസിൽ ആക്ട്, 1971 പ്രകാരം 6 ജില്ലാ കൗൺസിലുകളും രൂപീകരിച്ചു. മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഷെഡ്യൂൾ ആറിനു കീഴിൽ അല്ലാത്തതിനാൽ ഈ കമ്മിറ്റികൾക്ക് ശുപാർശ ചെയ്യാനുള്ള അധികാരമേ ഉള്ളൂ, കൂടാതെ മണിപ്പൂർ ഹിൽ ഏരിയാസ് ജില്ലാ കൗൺസിൽ പൂർണമായും സ്വതന്ത്ര കൗൺസിൽ അല്ല , അതിനാൽ തന്നെ നിയമനിർമാണത്തിനുള്ള അധികാരവും അതിനില്ല. പലതവണയായി 1974 ലും പിന്നീടും, ആറാമത്തെ ഷെഡ്യൂളിനായുള്ള അവകാശവാദങ്ങൾ ഉയർന്നു വന്നെങ്കിലും മാറി വന്ന സർക്കാരുകളുടെ പ്രതികരണങ്ങൾ ഒന്നും തന്നെ അനുകൂലമായിരുന്നില്ല. ഈ തീരുമാനങ്ങളിൽ താഴ്‌വാരങ്ങളിൽ ജീവിക്കുന്ന മെയ്തികളുടെ സ്വാധീനം ചെറുതല്ല എന്ന് ഊഹിക്കാവുന്നതാണ്.
മലയോര പ്രദേശങ്ങളോടുള്ള വിവേചനം
മണിപ്പൂർ സംസ്ഥാന നിയമസഭയിലെ ആകെയുള്ള 60 സീറ്റുകളിൽ 19 എണ്ണം മാത്രമാണ് പട്ടികവർഗക്കാർക്കായി (എസ്ടി) സംവരണം ചെയ്തിരിക്കുന്നത്. ആര്- അധികാരത്തിൽ വന്നാലും നിയമസഭയിലെ ഈ ഭൂരിപക്ഷം മെയ്തി വിഭാഗത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇംഫാൽ താഴ്-വര കേന്ദ്രീകരിച്ച് ഉയർന്നുവരുന്ന കൂടുതൽ സർക്കാർ സംവിധാനങ്ങളും സൗകര്യങ്ങളും അതേ തോതിൽ ലഭിക്കാത്ത മലയോര പ്രദേശത്തെ ഗോത്ര വിഭാഗങ്ങൾക്ക് സംവരണം സുപ്രധാന ഘടകമാണ്. മണിപ്പൂർ ലാൻഡ് (റവന്യൂ ആൻഡ് ലാൻഡ്) റിഫോംസ് ആക്ട് 1960 പ്രകാരം ഇത്തരം മലയോര ഭൂമികൾ എസ് ടി അല്ലാത്തവർക്ക് കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ മെയ്തി വിഭാഗത്തിനോ മറ്റോ ഭൂമി വാങ്ങണമെങ്കിൽ ജില്ലാ കൗൺസിലുകളുടെ സമ്മതം ആവശ്യമുണ്ട്. മെയ്തികളുടെ എസ് ടി സംവരണ ആവശ്യം അംഗീകരിക്കപ്പെട്ടാൽ, അത് ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് എന്നത് നിഷേധിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് എസ് ടി അവകാശത്തിനായി തങ്ങൾ എല്ലാവരും ഒരേപോലെയുള്ളവരാണ് എന്ന് വാദിക്കുമ്പോഴും സാമൂഹികമായി മലയോര ഗോത്ര വിഭാഗങ്ങളെ തങ്ങൾക്ക് തുല്യരായി മെയ്-ത്തികൾ കാണാൻ താല്പര്യപ്പെടാത്തത് കാപട്യമാണ്. മലയോര ഗോത്രങ്ങളോടുള്ള മേധാവിത്വ സമീപനം കാരണം പലപ്പോഴും അവരെ ഹാഓമച്ച (നികൃഷ്ടമായ പ്രയോഗം) എന്നും മറ്റുമാണ് അവർ വിളിക്കുന്നത്.
ആക്രമണത്തിന്റെ വേരുകൾ
മണിപ്പൂരിലെ അടിസ്ഥാന വിഷയങ്ങളും പ്രതിഷേധങ്ങളും അഭിമുഖീകരിക്കുന്നതിനു പകരം പ്രകോപനപരമായ നിലപാടുകളാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്വീകരിച്ചത്. വിവിധ സ്വതന്ത്ര അന്വേഷണ സമിതികൾ എല്ലാം തന്നെ എത്തിച്ചേർന്ന നിരീക്ഷണങ്ങൾ ഇപ്രകാരമാണ്:
• പരിസ്ഥിതി സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും മറവിൽ കുക്കികളെ കുടിയൊഴിപ്പിക്കുക
• കയ്യേറ്റത്തിന്റെ പേരിൽ ആരാധനാലയങ്ങളും പള്ളികളും മറ്റും പൊളിച്ചടുക്കുക
• മെയ്‌ത്തികളുടെ എസ് ടി അവകാശവാദത്തെ ധ്രുവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക
• ആരമ്പയി തെങ്കോൽ പോലെയുള്ള അതിതീവ്ര വിഘടന സംഘടനകളുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം
• കുക്കി വിമത സംഘങ്ങളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം
• മലയോര പ്രദേശങ്ങളിൽ നിയമപരമായി സംരക്ഷിക്കപ്പെട്ട ഭൂമിയുടെ നിയമ സാധുത റദ്ദാക്കി ഭൂമി കയ്യടക്കുക.
മലയോര പ്രദേശങ്ങളിലെ ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്നതിലൂടെ അവിടെ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളാണ് നിരാകരിക്കപ്പെടുന്നത്. സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിൽ ഈ വിഭാഗങ്ങളുടെ സമ്മതത്തിനോ അവരുമായി സമാധാനപരമായ ചർച്ചയ്ക്കോ സർക്കാർ പ്രാധാന്യം നൽകുന്നേയില്ല. സംവരണ അവകാശത്തിന്റെയും മറ്റു പ്രക്ഷോഭങ്ങളുടെയും അടിസ്ഥാന വിഷയം ഭൂമിയാണ് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഭൂമി കയ്യേറുന്നതിനായി മറ്റു പല അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ ഉപജീവന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് കലാപങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യം ഇവിടെ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മതവും രാജ്യസ്നേഹവും തങ്ങളുടെ ലാഭത്തിനായി ഉപയോഗിച്ച് ഇത് മെയ്‌തി – – കുക്കി സംഘട്ടനമായി ഉയർത്തിക്കാണിച്ചുകൊണ്ട്, സമാധാനപരമായ പരിഹാരമാർഗം തിരഞ്ഞെടുക്കുന്നതിൽ അല്ല സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരുടെ സാമ്പത്തികമായ പ്രശ്നങ്ങളെയും സാംസ്കാരികമായ വ്യത്യാസങ്ങളെയും കൂടുതൽ വർഗീയമായി പ്രതിഫലിപ്പിച്ച്, സോ, കുക്കി വിഭാഗങ്ങളെ കയ്യേറ്റക്കാരായും, മയക്കുമരുന്ന് ഉല്പാദകരായും ചിത്രീകരിക്കുന്നതിൽ ആണ് വർഗീയ മുതലെടുപ്പ് ആഗ്രഹിക്കുന്നവർ ശ്രദ്ധ ചെലുത്തുന്നത്. മലയോര വിഭാഗങ്ങളെക്കുറിച്ച് മാത്രം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമാണ് എന്ന് എടുത്തു പറയേണ്ടതില്ല.
തങ്ങളുടെ അവകാശങ്ങൾക്കായി ഓൾ ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ മണിപ്പൂർ 2023 മെയ് മൂന്നിന് ചുരാചന്ദ്പൂർ ജില്ലയിൽ എന്ന സംഘടന സമാധാനപരമായി ഒരു റാലി നടത്തുകയുണ്ടായി. തുടർന്ന് നടന്ന സംഭവ വികാസങ്ങൾ ഒരു ഗവൺമെന്റിന്റെ പൂർണ പരാജയമാണ് കാണിച്ചുതരുന്നത്. മെയ്തികൾക്ക് എസ്ടി സംവരണം ആവശ്യവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും ഉയർന്നുവന്ന വാദങ്ങൾ കാര്യകാരണസഹിതം നിരസിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഈ അഭ്യർത്ഥനകളുടെ അല്ലെങ്കിൽ അവകാശവാദങ്ങളുടെ അടിസ്ഥാനം എന്താണെന്നും ഒരു ഗവൺമെന്റ് എങ്ങനെ പ്രതികരിക്കണം എന്നും ഒരു ജനാധിപത്യ സമൂഹത്തിൽ വ്യക്തമാണ്. ആംഗ്ലോ കുക്കി യുദ്ധ സ്മാരകം തകർത്തത് മുതൽ ഇംഫാലിലും മറ്റും ആരംഭിച്ച് , തുടർന്ന് ആളിപ്പടർന്ന കലാപവും തീവെപ്പും ആസൂത്രിതമായിരുന്നു എന്ന് പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ഉദ്യോഗസ്ഥർ എന്ന്- അവകാശപ്പെട്ട് ചിലർ കുക്കികളുടെ വീടുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തി എന്ന് പലരും വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ലോകമെമ്പാടും ഉണ്ടായ വംശഹത്യാ ചരിത്രങ്ങൾ ഇത്തരം സന്ദർഭങ്ങളാൽ നിറഞ്ഞവയാണ്. അതിനാൽ തന്നെ ഭൂരിപക്ഷ താൽപ്പര്യം സംരക്ഷിക്കുന്നതിനായി നിയമങ്ങളും അവകാശങ്ങളും കാറ്റിൽ പറത്തിയ ഒരു സംസ്ഥാന സർക്കാർ അതിന് യാതൊരു വിശദീകരണവും നൽകാൻ സന്നദ്ധമല്ല എന്നത് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ, മനുഷ്യാവകാശങ്ങളെ വലതുപക്ഷ സർക്കാരുകൾ തീരെ ബഹുമാനിക്കുന്നില്ല എന്നതിന്റെ നേർചിത്രമാണ്.
തുടക്കത്തിൽ കുക്കി വിഭാഗങ്ങളുടെ പിന്തുണയോടു കൂടി അധികാരത്തിൽ എത്തിയ ബീരേൻ സിങ് ക്രമേണ കുക്കി വിഭാഗങ്ങളെ മയക്കുമരുന്ന് സംഘങ്ങൾ എന്നും, കുടിയേറ്റക്കാർ , വിദേശ ഏജന്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവർ എന്നും മുദ്രകുത്തി. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന, അതും ഒരു മുഖ്യമന്ത്രി ജനങ്ങളെ സംബോധന ചെയ്യുന്നത് ഇത്തരത്തിൽ ആണെങ്കിൽ അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ തലങ്ങൾ എത്രത്തോളം ആപത്കരമാണ് എന്ന് കൂടുതൽ സൂചിപ്പിക്കേണ്ടതുണ്ടോ? വംശഹത്യകളും ന്യൂനപക്ഷത്തിന്റെ ഉന്മൂലനവും ലക്ഷ്യം വയ്ക്കുന്ന ബിജെപി അജൻഡ ഇവിടെ പ്രകടമാകുന്നത്, അത് സാധാരണ പ്രയോഗിക്കുന്ന എല്ലാ ഘടകങ്ങളും ഉപയോഗിച്ച് തന്നെയാണ്. ഇതൊരു നോർത്ത് ഈസ്റ്റ് പ്രശ്നമായി മാത്രം ചുരുക്കി, എന്നാൽ അതോടൊപ്പം തന്നെ മതവും വർഗീയതയും ഒരുമിച്ചു കൊണ്ടുവന്ന്, ഒരു കൂട്ടരെ രാജ്യത്തിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദികളായി മുദ്രകുത്തി. എന്നാൽ അതോടൊപ്പം ചില വിഘടനവാദി സംഘങ്ങൾക്ക് ക്ലീൻചിറ്റ് നൽകി കലാപമുണ്ടാക്കാനുള്ള എല്ലാ അവസരങ്ങളും അവർക്ക് നൽകി, അധികാരം കയ്യടക്കൽ എന്ന ലക്ഷ്യം വെക്കുന്നത് തികച്ചും വലതുപക്ഷ ഭരണത്തിന്റെ മുഖമുദ്രയാണ്. ബീരേൻ സിങ്ങിനെതിരെ പല ആരോപണങ്ങളും ഉയർന്നുവെങ്കിലും, ആഭ്യന്തരമന്ത്രാലയവും, കേന്ദ്ര ലീഡർഷിപ്പും നൽകുന്ന പിന്തുണ എന്തുകൊണ്ട് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്.
വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ഭൂരിപക്ഷ താത്പര്യങ്ങളെ പ്രതിരോധിക്കുന്നവരെയും സ്വകാര്യമിലീഷ്യ ഗ്രൂപ്പുകൾ വച്ച് നേരിടുന്ന അധികാര വ്യവസ്ഥ ഏത് രീതിയിലാണ് ജനാധിപത്യം ആണെന്ന് അവകാശപ്പെടുന്നത്? കുക്കി വിമത സംഘടനകളുമായി പേർ നിന്നുകൊണ്ട് സസ്പെൻഷൻ ഓഫ് ഓപ്പറേഷനിൽ നിന്ന് പിന്തിരിയാനുള്ള വ്യഗ്രത എന്തുകൊണ്ട് താഴ്വരയിൽ പ്രവർത്തിക്കുന്ന വിമത സംഘടനകളെ സംബന്ധിച്ച് പ്രകടമാവുന്നില്ല എന്നത് അവരുടെ വ്യക്തമായ പക്ഷപാതവും വർഗീയവാദവും പ്രകടമാക്കുന്നു. മണിപ്പൂരിൽ ഗോത്രഭേദമന്യേ പോപ്പി കൃഷി വ്യാപകമാണ് എന്നിരിക്കെ, പ്രത്യേക ഗോത്രവർഗക്കാരെ മാത്രം പോപ്പി കൃഷിക്കാർ എന്ന് വിളിച്ച് അധിക്ഷേപിച്ച് അവരെ മയക്കുമരുന്ന് ലോബിയായി ചിത്രീകരിക്കുമ്പോൾ സ്വയം ആരോപണങ്ങളിൽ നിന്ന് കുതറിമാറാനുള്ള ഒരു ശ്രമം കൂടിയാണിത്. സുരക്ഷാസേനകളെയും തങ്ങളുടെ ലാഭങ്ങളിലേക്ക് ഉപയോഗിച്ച് പരിഹാരത്തിനായി ഒരു രാഷ്ട്രീയ ഇച്ഛാശക്തിയും ഇല്ലാതെ, ഇപ്പോൾ ജിറിബാം പോലെ മുമ്പ് താരതമ്യേനെ സമാധാനപരമായ ഇടങ്ങളിലേക്ക് കൂടി ആക്രമണം പടരുന്നത് സർക്കാരുകളുടെ പരാജയം തന്നെയാണ്. അതിലപ്പുറം സമാധാനം പുനഃസ്ഥാപിക്കാൻ അവർ എന്ത് ചെയ്തു എന്നുള്ളത് ഗൗരവമേറിയ ചർച്ചാവിഷയം ആകേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങൾ പക്ഷപാതപരമായ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ, ഇതൊരു സങ്കീർണ പ്രശ്നമായും മതപരമായ കാഴ്ചപ്പാടിലൂടെയും വിവരിച്ച് എല്ലാം തങ്ങളുടെ നിയന്ത്രണത്തിലുണ്ടെന്ന് വാദിക്കാനാണ് സർക്കാർ താല്പര്യപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ വൈറൽ ആയതിനുശേഷം മാത്രമാണ് ഈ വിഷയത്തിന്റെ തീവ്രത ജനങ്ങൾ ഉൾക്കൊള്ളാനെങ്കിലും തയ്യാറായത്. തുടർച്ചയായി വ്യാജ വാർത്തകളിലൂടെ സർക്കാരിന്റെ പിൻബലത്തോടെ കലാപം കൂടുതൽ വ്യാപകമാകുന്നതിന് വഴിതുറന്നപ്പോൾ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ അവസ്ഥ ലോകത്തോട് വിളിച്ചുപറയാൻ യാതൊരു നിവൃത്തിയും ഉണ്ടായില്ല. ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് നിരോധനത്തിലൂടെ മണിപ്പൂരിൽ ജനങ്ങൾ അനുഭവിച്ച പീഡനത്തിന്റെ തീവ്രത പുറംലോകത്തു നിന്നും മറച്ചുവെച്ച, അതിനായി സഹകരിച്ച മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളോട് ചെയ്ത അനീതി വിവരണാതീതമാണ്. വലതുപക്ഷ വർഗീയ വാദത്തിന്റെ ഒരു ഇര കൂടിയായി മണിപ്പൂർ മാറാതിരിക്കാൻ പൗര സമൂഹത്തിനും മറ്റു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ഉത്തരവാദിത്വം ചെറുതൊന്നുമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ പ്രഥമ ചുവടുവെപ്പാണ്. l