കേരളത്തിൽ ആർഎസ്എസും ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും ക്രിസ്ത്യാനികൾക്കിടയിൽ വ്യാമോഹം സൃഷ്ടിക്കാൻ കൊണ്ടുപിടിച്ച് ശ്രമം തുടങ്ങിയിരിക്കയാണ്. തങ്ങളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വ്യാജപ്രചാരണങ്ങളിലൂടെ അവരെ പാട്ടിലാക്കാൻ, ശ്രമിക്കുന്നവരുടെ യഥാർത്ഥ പൂച്ച് എന്താണെന്നറിയാൻ കേരളത്തിനു പുറത്ത് സംഘപരിവാറുകാർ എന്താണ് ചെയ്യുന്നതെന്ന് മാത്രം ശ്രദ്ധിച്ചാൽ മതി. ക്രിസ്ത്യാനികളോടുള്ള ആർഎസ്എസിന്റെയും പരിവാർ സംഘടനകളുടെയും സമീപനമെന്താണെന്ന് കഴിഞ്ഞ ഒന്നരവർഷമായി മണിപ്പൂരിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
ആർഎസ്എസിന്റെ യഥാർത്ഥ ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണെന്ന് അവരുടെ താത്ത്വികാചാര്യൻ ഗോൾവാൾക്കർ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കുള്ള ആഭ്യന്തര ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ അടിവരയിട്ട് പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും അതിലെ സ്ഥാനമെന്താണെന്ന് ‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ അർഥശങ്കയ്ക്കിടയില്ലാത്തവിധം തുറന്നു പറയുന്നുണ്ട്. രണ്ടാംതരം പൗരരായി വോട്ടവകാശം പോലുമില്ലാത്തവരായി ഭൂരിപക്ഷത്തിന്റെ ദയാദാക്ഷിണ്യത്തിനു കീഴ്-വഴങ്ങി ന്യൂനപക്ഷങ്ങൾ കഴിഞ്ഞുകൊള്ളണം എന്നാണ് ഗോൾവാൾക്കർ തറപ്പിച്ചു പറയുന്നത്.
ക്രിസ്ത്യൻ സമുദായത്തിനുനേരെയുള്ള ആക്രമണങ്ങൾ 1990കളോടെയാണ് ശക്തിപ്പെട്ടുതുടങ്ങിയതെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. ആർഎസ്എസും ബിജെപിയും പരിവാർ സംഘടനകളും ശക്തിപ്രാപിച്ചത് ഈ കാലയളവിലാണല്ലോ. ഒറ്റ തിരിഞ്ഞ ആൾക്കൂട്ട ആക്രമണങ്ങളോടെയാണ് പല സ്ഥലങ്ങളിലും ക്രിസ്ത്യൻ വേട്ട സംഘപരിവാർ അവതരിപ്പിച്ചത്. 1999ൽ ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസ് എന്ന ആസ്ട്രേലിയൻ മിഷണറിയെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുണ്ടായിരുന്ന രണ്ടു പുത്രന്മാരെയും ബജ്റംഗ്-ദൾ പ്രവർത്തകരായ ഒരു സംഘം തീകൊളുത്തി കൊന്ന സംഭവം ലോകമനഃസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. മുപ്പത്തഞ്ചുവർഷക്കാലമായി ഒഡീഷയിലെ നിർധനരായ കുഷ്ഠരോഗികളെ പരിചരിക്കുന്നതിനായി ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. ആദിവാസി വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നു എന്നാരോപിച്ചാണ് ബജ്റംഗ്-ദൾ ക്രിമിനലുകൾ സ്റ്റെയ്ൻസിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. എന്നാൽ സ്റ്റെയിൻസിന്റെ കൊലപാതകത്തെക്കുറിച്ച് അനേ-്വഷിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് വാധ്വാ കമ്മീഷൻ കണ്ടെത്തിയത് സ്റ്റെയ്ൻസ് ഒരു തരത്തിലുള്ള മതപരിവർത്തന പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നില്ല എന്നാണ്.
2008ൽ ഒഡീഷയിലെ തന്നെ കാണ്ഡമാലിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളാണ് സംഘപരിവാർ നടത്തിയത്. 395 ക്രിസ്ത്യൻ പള്ളികളും 5,600ൽ ഏറെ വീടുകളും സംഘപരിവാറിന്റെ അക്രമികൾ അഗ്നിക്കിരയാക്കി. 600 ലധികം ഗ്രാമങ്ങൾ കൂട്ടത്തോടെ കൊള്ളയടിക്കപ്പെട്ടു. 60,000 ലധികം ആളുകൾ ഭവനരഹിതരാക്കപ്പെട്ടു. 39 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലേറെ വരുമെന്നാണ് പിന്നീട് നടന്ന ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. കന്യാസ്ത്രീകൾ കൂട്ടബലാത്സംഗങ്ങൾക്കിരയാക്കപ്പെട്ട ദാരുണമായ സംഭവങ്ങൾ വരെ അന്നുണ്ടായി. പൊലീസ് നിസ്സംഗതയോടെ നോക്കിനിൽക്കവെയാണ് ഈ കൊടുംക്രൂരതകൾ അരങ്ങേറിയത്.
സിപിഐ എമ്മിന്റെ ഓഫീസുകളിലാണ് വെെദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവർ അന്ന് അഭയം തേടിയത്.
2008 സെപ്തംബറിൽ കർണാടകത്തിലെ വിവിധ ജില്ലകളിലായി 20 പള്ളികൾ സംഘപരിവാറുകാർ തകർത്തു. മംഗലാപുരം, ഉഡുപ്പി, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായ ആക്രമണങ്ങൾ നടന്നത്. ഇതിന്റെ തുടർച്ചയായി തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും മധുരയിലും അവർ ആക്രമണങ്ങൾ നടത്തി. മധുരയിൽ സംഘപരിവാറുകാർ യേശുവിന്റെ വിഗ്രഹം തകർത്തു; കൃഷ്ണഗിരിയിൽ മാതാവിന്റെ പ്രതിമ മോഷ്ടിച്ചു.
2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാർ സംഘടനകളുടെ ആക്രമണോൽസുകത പതിന്മടങ്ങ് വർദ്ധിച്ചു. ക്രിസ്ത്യൻ സമുദായത്തിനെതിരെ കുറ്റകൃത്യങ്ങൾ 2014നുശേഷം വളരെയധികം വർദ്ധിച്ചതായി ‘ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ പുറത്തുവിട്ട കണക്കുകൾ വെളിവാക്കുന്നു. 2015ൽ സമുദായാംഗങ്ങൾക്കുനേരെ 365 ആക്രമണങ്ങൾ ഉണ്ടായതായി ‘കാത്തലിക് സെക്കുലർ ഫോറം’ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഈ വർഷം ഡൽഹിയിൽ ആറ് പള്ളികൾക്കുനേരെയും ഒരു ക്രിസ്ത്യൻ സ്കൂളിനുനേരെയും ആക്രമണമുണ്ടായി. 2019ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ അക്രമങ്ങൾ അതിശക്തമായി.
2023 ജനുവരി മുതൽ ആഗസ്ത് 31 വരെയുള്ള കാലയളവിൽ മാത്രം ഇന്ത്യയിൽ 525 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നതായി യുണെെറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2012 നും 2022നും ഇടയിലുള്ള ക്രിസ്ത്യൻ വേട്ടയുടെ എണ്ണം നാലിരട്ടിയായാണ് വർദ്ധിച്ചത്. 2016ൽ 247 അക്രമങ്ങൾ ഉണ്ടായ സ്ഥാനത്ത് 2021ൽ 505 ആയി വർദ്ധിച്ചു; 2022ൽ 599 അക്രമങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നുവെന്ന് യുണെെറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടുന്നു. ഈ കണക്കിൽ മണിപ്പൂരിൽ നടന്നുവരുന്ന അക്രമങ്ങൾ ഉൾപ്പെടുന്നില്ല.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഢ്, ബിഹാർ, ഝാർഖണ്ഡ‍് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വേട്ടയുടെ പരമ്പര തന്നെയാണ് നടന്നത്. പള്ളികൾക്ക് തീയിടുക, പള്ളിയിലെത്തുന്നവർക്കുനേരെ അതിക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുക, വിശ്വാസികളുടെ വീടുകളും മറ്റു സ്വത്തുക്കളും നശിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് നടന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസും മറ്റ് ഭരണസംവിധാനങ്ങളും നേരിട്ടും പരോക്ഷമായും അക്രമികളെ അകമഴിഞ്ഞ് സഹായിക്കുന്ന സ്ഥിതിയാണുള്ളത്.
2021 ഒക്ടോബർ 10ന് ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ക്രിസ്തുമത വിശ്വാസികൾ പ്രാർഥന നടത്തുന്നതിനിടെ ഹിന്ദുവാഹിനിയുടെയും ബജ്റംഗ്-ദളിന്റെയും പ്രവർത്തകർ ആക്രമണം നടത്തി. അക്രമികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ആദിത്യനാഥിന്റെ പൊലീസ്, പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ച് കേസ് എടുത്തു.
2021 ഒക്ടോബറിലാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തി എന്നാരോപിച്ച് പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ പെന്തക്കോസ് സുവിശേഷക പ്രിയോ സാധന പോട്ടറെയും മറ്റും 250 ഓളം വരുന്ന ജനക്കൂട്ടം മർദ്ദിച്ചവശരാക്കിയത്. സംഘപരിവാറിന്റെ പ്രേരണയിലെത്തിയ ജനക്കൂട്ടം പ്രാർഥനാ മന്ദിരം അടിച്ചുതകർക്കുകയും ചെയ്തു.
മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 2021 ഡിസംബർ 6ന് കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ഒരു സ്കൂൾ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ എത്തിയ ജനക്കൂട്ടം അടിച്ചുതകർത്തു. ഈ സ്കൂളിലെ ഹിന്ദുമത വിശ്വാസികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നു എന്നാരോപിച്ച് യു ട്യൂബിൽ വീഡിയോ പ്രചരിപ്പിക്കപ്പെട്ടു. അതെ തുടർന്നാണ് മുന്നൂറോളം വരുന്ന ആൾക്കൂട്ടം സ്കൂൾ തകർന്നത്.
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ കഴിഞ്ഞ ഒരേ ഒരു സംസ്ഥാനമാണ് കർണാടകം. ബിജെപി അധികാരത്തിലിരുന്ന സമയങ്ങളിൽ നിരവധി ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. 2021 നവംബർ 21ന് ബലിഗവിയിൽ ആക്രമണത്തിനു വിധേയരായ ക്രിസ്തുമത വിശ്വാസികളോട് പ്രാർഥനായോഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് പൊലീസ് നൽകിയത്. 2021 ഡിസംബർ 12ന് കർണാടകത്തിലെ കോലാർ ജില്ലയിൽ സംഘപരിവാർ സംഘടനയുടെ പ്രവർത്തകർ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ തീയിട്ടു നശിപ്പിച്ചു. 2021ൽ തന്നെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന 38–ാമത്തെ ആക്രമണമായിരുന്നു ഇതെന്നാണ് എൻഡിടിവി അന്ന് ചൂണ്ടിക്കാട്ടിയത്.
2021 ഡിസംബറിൽ ഉത്തർപ്രദേശ്, ഹരിയാന, അസം എന്നിവയുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തിക്കൊണ്ടിരുന്നവർക്കെതിരെ സംഘപരിവാർ പ്രവർത്തകർ ആക്രമണം നടത്തി.
2023 ജനുവരിയിൽ ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ ഒരു ക്രിസ്ത്യൻ പള്ളിക്കുനേരെ സംഘപരിവാർ പ്രവർത്തകർ ആക്രമണം നടത്തി. ഇതേ വർഷം മാർച്ചിൽ ഉത്തർപ്രദേശിലെ ത്സാൻസിയിൽ കന്യാസ്ത്രീകൾക്കു നേരെ അവർ ആക്രമണം നടത്തി. പെൺകുട്ടികളെ സ്വാധീനിച്ച് മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഉത്തർപ്രദേശിലെ പല സ‍്കൂളുകളിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഭീഷണിയുമായി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ രംഗത്തുവന്നു. അവർ പല സ്ഥലങ്ങളിലും ആക്രമണങ്ങൾ നടത്തിയപ്പോഴും പൊലീസ് ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. 2024 ൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ക്രൈസ്തവ പീഡനത്തിന്റെ നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഹിന്ദുത്വ ഗ്രൂപ്പുകൾ കൂടുതൽ ആക്രമണോത്സുകായിരിക്കയാണ്.
ക്രൈസ്തവർക്കെതിരെ രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർത്താനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരമാവധി ശ്രമിച്ചത്. എന്നാൽ അക്രമികളോട് മൃതുസമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് ഭരണത്തിൻകീഴിൽ അരങ്ങേറിയത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങൾ നടന്നപ്പോൾ നിഷ്ഠുരമായ നിസ്സംഗതയാണ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. എന്നു മാത്രമല്ല പല സ്ഥലങ്ങളിലും അക്രമികളെ പൊലീസ് സഹായിക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സർക്കാരിന്റെ ഈ സമീപനമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
ബിജെപി സർക്കാരുകളുടെ പിന്തുണയോടെ സംഘപരിവാർ സംഘടനകൾ രാജ്യത്തൊട്ടാകെ ക്രൈസ്തവ മതവിശ്വാസികൾക്കെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തിവരികയാണ്. അതുമറച്ചുവെച്ചാണ് കേരളത്തിൽ ക്രൈസ്തവ മതനേതൃത്വത്തെയും സമുദായംഗങ്ങളെയും പാട്ടിലാക്കാൻ ആർഎസ്എസും അവരുടെ പരിവാർ സംഘടനകളും പരിശ്രമിക്കുന്നത്. സത്യത്തെ മൂടിവച്ചുകൊണ്ടുള്ള അവരുടെ അത്തരം പരിശ്രമങ്ങൾ പാഴായിപ്പോകുകയേയുള്ളൂ. l