വടക്കുകിഴക്കൻ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന ഉൽസവമായ അനന്തലക്ഷ്മി മഹോൽസവം പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 6ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരികമായ ഇടപെടലിലൂടെ ഈ പ്രദേശത്തെ ഇന്ത്യയുടെ പ്രധാന ഭൂമിയുമായുള്ള സമന്വയിപ്പിക്കലായും വികസിത ഭാരതമെന്ന ലക്ഷ്യം നേടുന്നതിലേക്കായുള്ള മാർഗമെന്ന നിലയിലും യൂണിയൻ ഗവൺമെന്റും ഭരിക്കുന്ന കക്ഷിയായ ബിജെപിയും ഇതിനെ വിശദീകരിക്കുമ്പോൾ, രാഷ്ട്രീയ പണ്ഡിതർ നിരീക്ഷിക്കുന്നത്, പ്രാദേശികമായി കടന്നുകയറാനുള്ള യൂണിയൻ ഗവൺമെന്റിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും ആസൂത്രിതമായ മറ്റൊരു രാഷ്ട്രീയ തന്ത്രമാണിതെന്നാണ്. വ്യത്യസ്ത ആദിവാസി സമൂഹങ്ങളും ഭാഷാ – വംശ സ്വത്വങ്ങളുംകൊണ്ട് നിർമിക്കപ്പെട്ടിട്ടുള്ള ബഹുസാംസ്കാരികത എന്ന നിലയിലാണ് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. വംശീയാതിക്രമത്തിന്റെയും തീവ്രവാദത്തിന്റെയും സായുധ കലാപത്തിന്റെയും നെരിപ്പോട് എന്ന നിലയിലാണ് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലോകത്തിലും ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. ദീർഘകാലം ബിജെപിയ്ക്ക് ഈ പ്രദേശത്ത് ഏതാണ്ട് ഒരസ്തിത്വവും ഇല്ലാത്ത അവസ്ഥയായിരുന്നു. കോൺഗ്രസിന്റെയും പ്രാദേശിക പാർട്ടികളുടെയും ശക്തികേന്ദ്രമായിരുന്നു ഇവിടം. എന്നിരുന്നാലും 1990കൾ മുതൽ, വംശീയമായ സങ്കീർണതകളോടുകൂടിയ ഈ അതിർത്തി പ്രദേശം ഹിന്ദുത്വ ദേശീയവാദ ശക്തികളുടെ ലക്ഷ്യസ്ഥാനമായി ഉയർന്നുവന്നത് തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾകൊണ്ട് മാത്രമായിരുന്നില്ല, അതിനുപിന്നിൽ ആദിവാസി സമൂഹങ്ങളെ ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരികയെന്ന വലിയ അജൻഡ കൂടിയുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വിരുദ്ധമായ പ്രത്യയശാസ്ത്രവും പരിപാടികളുമുള്ള ഒരു രാഷ്ട്രീയശക്തി എന്ന നിലയിലുള്ള ഉയർന്നുവരവിനെ, അവിടത്തെ വംശീയ – പ്രാദേശിക പാർട്ടികളുടെ തകർച്ചയുടെയും മതനിരപേക്ഷ, പുരോഗമന ശക്തികളുടെ പ്രതിസന്ധികളുടെയും വിശാലമായ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതിലൂടെ ബിജെപി ആഗ്രഹിക്കുന്നത് ഒരു വടക്കേ ഇന്ത്യൻ ഹിന്ദു നാഷണലിസ്റ്റ് പാർട്ടി എന്ന പ്രതിച്ഛായ പരത്താനും ജാതി, പ്രാദേശികത, മതം എന്നിവയ്ക്കപ്പുറം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ സ്വത്വം എന്ന നിലയിൽ അതിന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാനും കോൺഗ്രസും സിപിഐ എമ്മും മറ്റ് പ്രാദേശിക പാർട്ടികളും സൃഷ്ടിച്ച ശൂന്യതയിലേക്ക് നുഴഞ്ഞുകയറാനുമാണ്.
ഈ പ്രദേശത്തെ ബിജെപിയുടെ അണിനിരത്തൽ തന്ത്രം രാഷ്ട്രീയമായിമാത്രം ഒതുങ്ങിനിൽക്കുന്നതല്ല; അത് സാംസ്കാരികമായിട്ടുകൂടിയാണ്. സാംസ്കാരിക വ്യക്തിത്വങ്ങളെ ഏറ്റെടുക്കുക വഴിയോ അല്ലെങ്കിൽ നിലവിൽ ആധിപത്യം പുലർത്തുന്ന സംസ്-കാരത്തിന്റ സ്ഥാനത്ത് ഒരു ബദൽ സാംസ്കാരിക ആഖ്യാന നിർമ്മിതിയിലൂടെയോ ആണ് ഇത് നിർവഹിക്കുന്നത്. ഉദാഹരണത്തിന്, മധ്യകാലത്ത് ജീവിച്ചിരുന്ന സന്ന്യാസിയായ ശ്രീമന്ത ശങ്കർദേവിന്റെയും നാഗാ ആത്മീയനേതാവും സ്വാതന്ത്ര്യപോരാളിയുമായിരുന്ന, നാഗാലാന്റിലെ റാണി ഗയ്ഡിൻലിയുവിന്റെയും സാംസ്കാരിക പാരമ്പര്യം ബിജെപി ഏറ്റെടുത്തു. ത്രിപുരയിൽ, അവസാന ഗോത്ര ഭരണാധികാരിയായിരുന്ന മഹാരാജാ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിനെ (1908 ആഗസ്ത് 19 ന് ജനിച്ചു; 1947 മെയ് 17ന് അന്തരിച്ചു) ഏറ്റെടുക്കുന്ന പ്രക്രിയയിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ ബിജെപി. 300 വർഷത്തിലേറെക്കാലം ത്രിപുര ഭരിച്ച ത്രിപുര മാണിക്യ രാജവംശത്തിന്റെ 184–ാമത്തെ രാജാവായ മഹാരാജാ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിന്റെ 184 അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിക്കാൻ യൂണിയൻ ഗവൺമെന്റ് ഈയിടെയെടുത്ത തീരുമാനം ഇത്തരം വാദങ്ങളെ ശക്തിപ്പെടുത്തുന്നു. ത്രിപുരയുടെ വികസനത്തിൽ രാജാവ് നൽകിയിട്ടുള്ള സംഭാവനയെ വേണ്ടത്ര അംഗീകരിച്ചില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പഴിചാരി അതിന്റെ വെളിച്ചത്തിലാണ് വാസ്തവത്തിൽ ബിജെപി ഇത്തരം കയ്യടക്കലുകൾ നടത്തുന്നത്.
പ്രാദേശിക അജൻഡയെ ഹെെജാക്ക് ചെയ്യലും സഖ്യങ്ങൾ രൂപീകരിക്കലും
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെപ്പോലെ, ബിജെപി തങ്ങൾക്ക് ശക്തിയുള്ളിടത്തെല്ലാം ‘‘ഒറ്റയ്ക്കുപിടിച്ചടക്കുക’’ എന്ന സഖ്യതന്ത്രം പിന്തുടരുകയും കോൺഗ്രസിനെ നേരിടാൻ തക്കവിധം നിർണായകശക്തിയല്ലാത്ത ഇടങ്ങളിലെല്ലാം പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ബിജെപിയുടെ വിജയത്തിനുപിന്നിലെ പ്രസക്തമായ ഘടകം, ചെറിയ , പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും കോൺഗ്രസ് പാർട്ടിക്കുള്ളിൽ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയും അതിന്റെ നേതാക്കളെ തട്ടിയെടുക്കുകയും ചെയ്യുക എന്ന അതിന്റെ തന്ത്രമാണ്. കേന്ദ്രത്തിലെ ദേശീയ ജനാധിപത്യസഖ്യത്തിനുപുറമെ (NDA) ബിജെപിയുടെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (NEDA) രൂപീകരിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ചെറുപാർട്ടികളുമായി ബിജെപിയ്ക്ക് ഒട്ടുമിക്ക ചെറിയ സമുദായങ്ങളിലേക്കും എത്തിച്ചേരാനും അതുവഴി രാഷ്ട്രീയ ബന്ധം സ്ഥാപിക്കാനും കഴിഞ്ഞില്ല. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും പലപ്പോഴും അവർക്കു താഴെയായിരിക്കുകയും ചെയ്യവേതന്നെ ബിജെപിക്ക് ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയാധികാരം പങ്കിടാനും ഭിന്നിച്ചുനിൽക്കുന്ന ഗ്രൂപ്പുകളെ സമീപിക്കാനും കഴിഞ്ഞു. പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപീകരിക്കാൻ ബിജെപിക്കുണ്ടായിരുന്ന ശേഷി, അതിനെ സഖ്യം കെട്ടിപ്പടുക്കൽ പ്രവർത്തനത്തിൽ കോൺഗ്രസിനേക്കാൾ മുന്നിലെത്തിച്ചു. വ്യത്യസ്ത വംശീയ സമുദായങ്ങളിലെ വരേണ്യവർഗം ബിജെപി വച്ചുനീട്ടുന്ന രാഷ്ട്രീയ ആനുകൂല്യങ്ങളിൽ ആകൃഷ്ടരാവുകയും അതിന്റെ പ്രത്യയശാസ്ത്രവും പരിപാടികളും അവർക്കെതിരായിരുന്നിട്ടും അവർ ബിജെപിയുമായി രാഷ്ട്രീയാധികാരം പങ്കിടുകയും ചെയ്തു. ഈ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ അസം, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലുണ്ട്; ഒപ്പം തന്നെ മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (NPP), നാഗാലാൻഡിൽ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (NDPP) എന്നിവയുമായി ചേർന്ന് അധികാരം പങ്കിടുകയും ചെയ്യുന്നു. ബിജെപിയുടെ ഹിന്ദു ദേശീയ അജൻഡയോട് എതിർപ്പുണ്ടായിരുന്നിട്ടും എൻഇഡിഎ വഴി വിവിധ സമുദായങ്ങളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിച്ചേർന്നതിലൂടെ ബിജെപിയ്ക്ക് അവരുടെ ബഹുജനാടിത്തറ വിപുലമാക്കാൻ കഴിഞ്ഞു.
കൗതുകകരമായത്, മിക്ക പ്രാദേശിക പാർട്ടികളുടെയും പ്രാദേശിക അജൻഡ, ഹിന്ദു ദേശീയവാദ പാർട്ടി ഏറ്റെടുക്കുകയും പുതുക്കിയ ഒരു വംശീയ – പ്രാദേശിക അജൻഡയുമായി പുതിയ സാമൂഹ്യ ഗ്രൂപ്പുകളെയും സമുദായങ്ങളെയും സമീപിക്കുകയുമാണ് ചെയ്യുന്നത് എന്നതാണ്. ഹിന്ദു ദേശീയതാവാദത്തിന്റെ വക്താക്കളായ, വടക്കുകിഴക്കൻ രാഷ്ട്രീയത്തിൽ പുതുതായി കടന്നുവന്ന ബിജെപി, അതിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിന് വംശീയ – പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുത്തു, കത്തിനിന്ന നിയമവിരുദ്ധ കുടിയേറ്റത്തിന്റെ വിഷയം ഓൾ ഇന്ത്യ അസം സ്റ്റുഡന്റ്സ് യൂണിയനിൽ (AASU) നിന്നും അസം ഗണപരിഷത്ത് (AGP) അവരുടെ രാഷ്ട്രീയ അജൻഡയായി ഏറ്റെടുക്കുകയാണുണ്ടായത്. സമീപകാലത്ത്, എജിപി അജൻഡയെ ഹെെജാക്ക് ചെയ്ത ബിജെപി അതിനെ സംസ്ഥാനത്ത് വർഗീയമായി അണിനിരത്തുന്നതിന് ഉപയോഗിച്ചു. ഹിമന്ത് ബിശ്വ സർമ്മ കൺവീനറായി എൻഇഡിഎ രൂപീകരിച്ചത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനുള്ള സ്വാധീനത്തെ എതിർക്കാൻ മാത്രമായിരുന്നില്ല, മറിച്ച് പ്രാദേശിക പാർട്ടികളുടെ വംശീയ– പ്രാദേശിക അജൻഡയെ ഹെെജാക്ക് ചെയ്യുന്നതിനും കൂടിയായിരുന്നു.
ബിജെപിയുടെ രാഷ്ട്രീയ പ്രയോഗപദ്ധതിയിലൂടെ തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്ന കാര്യം പ്രധാനമാണ്. മറ്റു പാർട്ടികളിൽനിന്നുള്ള കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയും അവരുടെ നേതാക്കളെ തട്ടിയെടുക്കുകയും ചെയ്യുന്നതിലൂടെ നേതൃദാരിദ്ര്യം വേഗത്തിൽ പരിഹരിക്കുകയും ചെയ്തു. വിവിധ സമുദായങ്ങളെ പാർട്ടിയിൽ അണിനിരത്താനും തിരഞ്ഞെടുപ്പിൽ അതിന്റെ അടിത്തറ ശക്തിപ്പെടുത്താനും അത് ബിജെപിയെ സഹായിച്ചു. ഇതിനെല്ലാം പുറമെ, എൻഡിഎ സർക്കാർ കഴിഞ്ഞ പത്ത് വർഷമായി ഈ പ്രദേശത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ വലിയ തോതിൽ ഉയർത്തിക്കാട്ടാനും അവർക്ക് കഴിഞ്ഞു. ഈ വികസനകേന്ദ്രിത നിലപാടിലൂടെ, പൗരത്വഭേദഗതി നിയമത്തിനെതിരെ വളർന്നുവന്ന പ്രക്ഷോഭത്തെയും ബിജെപിയ്ക്കുനേരെയുള്ള അസംതൃപ്തിയെയും തടയുന്നതിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞു. അങ്ങനെ, ബിജെപിയുടെ ഹിന്ദുദേശീയ പ്രത്യയശാസ്ത്രത്തിനു വിരുദ്ധമായ, മതപരമായും സാംസ്കാരികമായും വ്യതിരിക്തമായ ഒരു രാഷ്ട്രീയ ഭൂമിക മറ്റൊരു ബിജെപി ശക്തികേന്ദ്രമായി മാറി.
സമാധാന നിർമിതിയുടെയും
ഉടമ്പടികളുടെയും അപ്പോസ്തലൻ
ഇന്നർ ലെെൻ പെർമിറ്റിന്റെ (ഐഎൽപി) രൂപത്തിൽ വംശീയസംരക്ഷണവാദത്തിന്റേതായ മറുതന്ത്രത്തോടൊപ്പം വടക്കുകിഴക്കൻ ഇന്ത്യയിൽ ഇല്ലാത്ത സമാധാനം ഉണ്ടെന്നു വരുത്തിത്തീർക്കുന്നതിനുള്ള ശ്രമവും ബിജെപി നടത്തുന്നു. നരേന്ദ്രമോദി സർക്കാരിൻകീഴിൽ ഒപ്പുവച്ച 11 സമാധാന, അതിർത്തി പരിഹാര കരാറുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനവും ഭദ്രതയും നിലനിർത്തുന്നതിലുള്ള ബിജെപി ഗവൺമെന്റിന്റെ ആത്മാർഥതയാണെന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ടു. ഇന്ത്യാ ഗവൺമെന്റും അസം ഗവൺമെന്റും ചേർന്ന് ബോഡോ ഗ്രൂപ്പുകളായ ഓൾ ബോഡോ സ്റ്റുഡന്റ‍് യൂണിയൻ (ABSU), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ് (NDFB) എന്നിവയുമായി ‘ത്രികക്ഷി ബോഡോ സമാധാന ഉടമ്പടി, 2020’ ഒപ്പുവച്ചു. ഈ പ്രദേശത്ത് സമാധാനം സ്ഥാപിക്കുന്നതിന് ബ്രു (Bru) ഉടമ്പടിയിലും ബോഡോ കരാറിലും ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നിമിത്തമായി. ഇന്ത്യാ ഗവൺമെന്റും മിസോറാം, ത്രിപുര സംസ്ഥാന ഗവൺമെന്റും ബ്രൂ സമുദായങ്ങളുടെ പ്രതിനിധികളുമായും 2020 ജനുവരി 16ന് ഒപ്പുവച്ച ചതുർകക്ഷികരാർ, ത്രിപുരയിലെയും മിസോറമിലെയും 23 വർഷംനീണ്ട അഭയാർഥി പ്രതിസന്ധി അവസാനിക്കുന്നതിനുള്ള ചരിത്രപരമായ മുൻകെെയായി വിശേഷിപ്പിക്കപ്പെട്ടു. അതിർത്തികൾ, സ്വത്വം, ഭാഷ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് 11 കരാറുകൾ ഒപ്പുവച്ചതായി ബിജെപി ഈയിടെ ഉയർത്തിക്കാട്ടുകയുണ്ടായി. ഗോത്ര സമാധാന കരാർ (2022), അസം–മേഘാലയ അന്തർ സംസ്ഥാന അതിർത്തി കരാർ (2022), അസം–അരുണാചൽ പ്രദേശ് അന്തർ സംസ്-ഥാന അതിർത്തി കരാർ (2023), ഡിമാസ നാഷണൽ ലിബറേഷൻ ആർമി (DNLA) കരാർ (2023), യൂണെെറ്റഡ് നാഷണൽ ലിബറേഷൻ ഫ്രന്റുമായുള്ള (UNLF) കരാർ 2023, യുണെെറ്റഡ് ലിബറേഷൻ ഫ്രന്റ് ഓഫ് ആസമുമായുള്ള കരാർ (ULFA) 2023, NLFT സമാധാന ഉടമ്പടി 2019, ബ്രൂസ് ത്രികക്ഷി ഉടമ്പടി 2020, ബോഡോ കരാർ 2020, കർബി സമാധാന ഉടമ്പടി എന്നിവ ഇതിലുൾപ്പെടുന്നു. ഈ മേഖലയിൽ സമാധാനവും ഭദ്രതയും സ്ഥാപിക്കുന്നതിന് കൂടുതൽ കരാറുകൾ ഒപ്പിട്ടതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന അവകാശവാദം എല്ലായ്-പ്പോഴും കോൺഗ്രസ് ഉന്നയിക്കാറുണ്ട്. അതിനുപുറമെ ബിജെപി അവകാശപ്പെടുന്നത്, കഴിഞ്ഞ പത്തുവർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും അഫ്സ്പ (AFSPA) ബിജെപി നീക്കം ചെയ്യുന്നതുവഴി അവിടങ്ങളിൽ സമാധാനം കൊണ്ടുവരാനായിയെന്നാണ്. എന്തായാലും ബിജെപിയുടെ, ഇല്ലാത്ത സമാധാനം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുക എന്ന മറുതന്ത്രം അതിന്റെ രാഷ്ട്രീയ നേട്ടം പരമാവധിയാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.
ബിജെപിക്ക് വലിയ തിരിച്ചടി
18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ഈ പ്രദേശത്ത് ഹിന്ദുത്വ ശക്തിയ്ക്ക് അരങ്ങേറ്റം കുറിച്ചുവെങ്കിലും അവർ പ്രതീക്ഷിച്ചത്ര സാമൂഹ്യാടിത്തറയും തിരഞ്ഞെടുപ്പ് അടിത്തറയും ഉണ്ടാക്കാനായില്ല. എന്നിരുന്നാലും, ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മത്സരിച്ച എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുംവെച്ച് ബിജെപി ഉയർന്ന സീറ്റ് ഉറപ്പാക്കിയെങ്കിലും ഈ തിരഞ്ഞെടുപ്പുവിധി, ബിജെപിയുടെ ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തിനെതിരായി തീവ്രമായിക്കൊണ്ടിരിക്കുന്ന തിരിച്ചടിയുടെ വ്യക്തമായ സൂചനയാണ്. വംശീയ–പ്രാദേശികപാർട്ടികൾ സൃഷ്ടിച്ച വംശീയ–പ്രാദേശികവാദത്തിന്റെ രണ്ടാം തരംഗവും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പും ബിജെപിയുടെ വിപുലീകരണതന്ത്രത്തെ തടഞ്ഞു എന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പ് തെളിയിക്കുന്നു. വികസനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും വംശീയ സമുദായങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള രക്ഷാധികാരി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഡബിൾ എഞ്ചിൻ ഗവൺമെന്റിന്റെ ബോഗി ഉണ്ടായിരുന്നിട്ടും, 2024ലെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതുപോലെ, സമുദായങ്ങൾക്കിടയിലെ ബിജെപിയുടെ വ്യാപനം സ്തംഭനാവസ്ഥയിലാണ്.
ഇന്ത്യയിലെ എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നായി 25 സീറ്റുകളാണ് ലോക്-സഭയിലുള്ളത്. 2024ലെ തിരഞ്ഞെടുപ്പിൽ, ഈ 25 സീറ്റുകളിൽ വെറും 13 സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്. അസമിലെ ആകെയുള്ള 14 സീറ്റുകളിൽ 11 എണ്ണത്തിൽ മത്സരിച്ച ബിജെപിക്ക് 9 സീറ്റിലാണ് വിജയിക്കാൻ കഴിഞ്ഞത്. പൗരത്വ പ്രശ്നവും വികസനമുന്നേറ്റവും ഉയർത്തിക്കാട്ടി വമ്പിച്ച പ്രചരണമഴിച്ചുവിട്ടിട്ടും ബിജെപിക്ക് 2019ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച അതേ എണ്ണം സീറ്റുമാത്രമേ ലഭിച്ചുള്ളൂ. സീറ്റിന്റെ കാര്യത്തിൽ ബിജെപിക്ക് തൽസ്ഥിതി നിലനിർത്താനായെങ്കിലും ഹിമന്ത ബിശ്വസർമയുടെ പിന്തിരിപ്പനും കൗശലത്തോടുകൂടിയതുമായ രാഷ്ട്രീയതന്ത്രത്തിനേറ്റ തിരിച്ചടികൂടിയായിരുന്നു ഈ ജനവിധി. ഹിന്ദു ദേശീയവാദ ശക്തികൾ അഴിച്ചുവിട്ട വർഗീയധ്രുവീകരണം, വിദേ-്വഷപ്രചാരണം, വിഘടനതന്ത്രം ഇവ കൊണ്ടൊന്നും ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വിജയംകൊയ്യാൻ കഴിഞ്ഞില്ല എന്നാണ് ഈ ജനവിധി സൂചിപ്പിക്കുന്നത്. കുന്ന്– താഴ്-വര വിഭജനവും കുന്നിലെയും താഴ്-വരയിലെയും ജനങ്ങൾ തമ്മിൽ ആവർത്തിച്ചുണ്ടാകുന്ന സംഘട്ടനങ്ങളുമാണ് മണിപ്പൂരിലെ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നത്. വംശീയ സംഘട്ടനങ്ങൾ മുറിവേൽപ്പിച്ച മണിപ്പൂർ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കോൺഗ്രസ് വിജയിച്ച മെയ്ത്തി ജനത ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പൂരിലും ഗോത്ര വർഗങ്ങൾ ഭൂരിപക്ഷമുള്ള ഔട്ടർ മണിപ്പൂർ നിയോജകമണ്ഡലങ്ങളിലും പ്രവചനാതീതമായ തിരിച്ചടി നേരിട്ടു. മണിപ്പൂരിൽ ബിജെപി സ്ഥാനാർഥികളുടെ തോൽവി തെളിയിക്കുന്നത്, കഴിഞ്ഞ വർഷം മെയ് മുതൽ ആരംഭിച്ച കുക്കി–മെയ്-ത്തി വംശീയ സംഘട്ടനങ്ങളിൽ ബിജെപി ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള വർഗീയധ്രുവീകരണവും നിസ്സംഗതയും ജനങ്ങൾ ബിജെപിയെ തിരസ്കരിക്കുന്നതിനിടയാക്കിയെന്നാണ്. ഈ തിരഞ്ഞെടുപ്പ് വിധി തെളിയിക്കുന്നത്, സഖ്യമുണ്ടാക്കുക, കൂറുമാറ്റുക, മറ്റ് പാർട്ടികളിൽനിന്നുള്ള നേതാക്കളെ തട്ടിയെടുക്കുക, വംശീയ സംരക്ഷണത്തിന്റെ കാവൽക്കാരാവുക, സമാധാനത്തിന്റെ അപ്പോസ്തലന്മാർ എന്ന നിലയിലുള്ള പ്രതിഛായനിർമിതി എന്നിവയെല്ലാം മണിപ്പൂരിൽ വംശീയകലാപം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വിപരീതഫലമുളവാക്കിയെന്നാണ്. ഈ രാഷ്ട്രീയ യാഥാർഥ്യമാണ് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയെ മേഘാലയയിലും നാഗാലാന്റിലും മണിപ്പൂരിലും പാർട്ടിയുടെ പരാജയത്തിനു കാരണമായത് ക്രിസ്ത്യൻ മിഷണറിമാരാണെന്ന് കുറ്റപ്പെടുത്താൻ നിർബന്ധിതനാക്കിയത്-. ഇതൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടി, ഈ പ്രദേശത്ത് അതിന്റെ രാഷ്ട്രീയലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന ഹിന്ദുദേശീയവാദ ശക്തികളെ പരിഭ്രമിപ്പിക്കുന്നില്ല. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സംവിധാനമില്ലാതാക്കുക, ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വേലി നിർമിക്കുക, ത്രിപുരയിലെ കോക്ബൊറോക്ക് ഭാഷയ്ക്കുപകരം ദേവനാഗിരി ലിപി അടിച്ചേൽപ്പിക്കുക, അസമിൽ പൊതുസ്ഥലത്ത് ബീഫ് കഴിക്കുന്നതും വിൽക്കുന്നതും നിരോധിക്കുക എന്നിങ്ങനെ അടുത്തയിടെയുണ്ടായ സംഭവവികാസങ്ങളെ വടക്ക് കിഴക്കൻ പ്രദേശത്ത് ബിജെപി നടത്തുന്ന സാംസ്-കാരികമായ ഇടപെടലിനൊപ്പം അതിന്റെ ആക്രമണാത്മകമായ തന്ത്രത്തിന്റെ ഉദാഹരണമായിക്കൂടി കാണാവുന്നതാണ്. l