Wednesday, December 18, 2024

ad

Homeകവര്‍സ്റ്റോറിഭരണഘടനയുടെ 
356–ാം വകുപ്പ് 
പ്രയോഗിക്കേണ്ട ഇടം

ഭരണഘടനയുടെ 
356–ാം വകുപ്പ് 
പ്രയോഗിക്കേണ്ട ഇടം

ദുഷ്യന്ത് ദാവെ

രണഘടനാ സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടതിന്റെ ക്ലാസിക് ദൃഷ്ടാന്തമാണ് ഇന്ന് മണിപ്പൂർ സംസ്ഥാനം; ഭരണഘടനയുടെ 356-–ാം വകുപ്പ് ഇന്ത്യൻ പ്രസിഡന്റ് പ്രയോഗിക്കേണ്ടത് ആവശ്യമായിത്തീരുന്നതാണ് മണിപ്പൂരിലെ സ്ഥിതി. ഗവർണറിൽ നിന്നുള്ള റിപ്പോർട്ടിനായി കാത്തിരിക്കേണ്ട ആവശ്യം പോലുമില്ല. കാരണം, 356–ാം വകുപ്പ് പ്രകാരം ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സംസ്ഥാന സർക്കാരിന് ഭരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി പ്രസിഡന്റിന് ബോധ്യമായാൽ ഗവർണറുടെ റിപ്പോർട്ടിന് കാത്തുനിൽക്കാതെ നടപടിയെടുക്കാൻ കഴിയും. മണിപ്പൂരിൽ 2023 മെയ് മാസത്തിൽ തുടങ്ങിയ അഭൂതപൂർവവും ഭീകരവുമായി അക്രമങ്ങൾ അൽപവും കെട്ടടങ്ങാതെ ഇപ്പോഴും തുടരുകയാണ്.

ഭരണഘടനാ നിർമ്മാണ സഭയിൽ അസാധാരണമായ ഈ വകുപ്പിന് നിർവചനം നൽകിക്കൊണ്ട് 1949 ആഗസ്ത് മൂന്നിന് ബി ആർ അംബേദ്കർ ഇങ്ങനെ പറഞ്ഞു: ‘‘ഈ സഭ സമ്മതിച്ച ഒരു കാര്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് തുടങ്ങാമെന്നാണ് ഞാൻ കരുതുന്നത്; ഭരണഘടനയുടെ പൊതു തത്ത്വങ്ങളെക്കുറിച്ച് നാം പരിഗണിക്കുമ്പോൾ, ഭരണഘടനാ സ്തംഭനം ഉണ്ടാകാതിരിക്കുന്നതിനുള്ള ചില ക്രമീകരണങ്ങൾ ഭരണഘടനയിൽ തന്നെ വ്യവസ്ഥ ചെയ്യേണ്ടതാണ്’’. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘‘277 A ആർട്ടിക്കിൾ കൊണ്ടുവന്നതിനെ തുടർന്ന് ഉണ്ടായ അനന്തരഫലങ്ങൾ പ്രകാരം ഗവർണറുടെ റിപ്പോർട്ട് ഇല്ലാതെതന്നെ, സ്വന്തം നിലയിൽ ലഭിച്ച ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് ഉചിതം എന്ന് തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്; അദ്ദേഹത്തിന് അത് സംബന്ധിച്ച ഉത്തമ ബോധ്യമുണ്ടായിരിക്കണം. തന്റെ കൃത്യനിർവഹണം ഭംഗിയായി നടത്തുന്നതിന് അദ്ദേഹം ബാധ്യസ്ഥനാണ്. തന്റെ കൃത്യനിർവഹണത്തിനായി പ്രവർത്തിക്കാൻ പ്രസിഡന്റ് ബാധ്യസ്ഥനാണ്’’.

എന്തുകൊണ്ട് മണിപ്പൂർ വ്യത്യസ്തമാകുന്നു?
തന്റെ ഭരണഘടനാപരമായ ചുമതലകൾ സംബന്ധിച്ച് ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുർമുവിന് നല്ല അറിവും ബോധ്യവുമുണ്ടെന്ന് അവർ തെളിയിച്ചിട്ടുള്ളതാണ്. കഴിയുന്നതും വേഗത്തിൽ തന്റെ കൃത്യ നിർവഹണം നടത്തേണ്ടതാണെന്ന കടമയ്ക്കൊപ്പം അവർക്ക് അതിനുള്ള അധികാരവും ഉണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സാധാരണക്കാർക്കിടയിൽ ഇത്രയും കാലം നീണ്ടുനിന്ന അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. നാഗാലാൻഡിലും മിസോറാമിലും കുറെയേറെ മുൻപ് കലാപങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളുണ്ടായിട്ടുണ്ട്. ജമ്മു കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ അനിയന്ത്രിതമായി തുടരുന്നുമുണ്ട്.

എന്നാൽ മണപ്പൂരിലേത് വ്യത്യസ്തമായ സാഹചര്യമാണ്; അവിടെ സാധാരണക്കാർ അക്രമങ്ങൾക്കിരകളായി മാറുന്നുവെന്ന് മാത്രമല്ല, സ്വന്തം സംരക്ഷണത്തിനായി അക്രമത്തിൽ ഏർപ്പെടാൻ അവർ നിർബന്ധിതരാകുന്നുമുണ്ട്.

1949 ആഗസ്ത് 3, 4 തീയതികളിൽ ഭരണഘടന നിർമ്മാണ സഭയിൽ നടന്ന സജീവമായ ചർച്ചകളെക്കുറിച്ച് രാഷ്ട്രമാകെ ഓർമ പുതുക്കേണ്ടത് അനിവാര്യമാണ്. അംബേദ്കർ മുന്നോട്ടുവെച്ച നിർദ്ദേശത്തെ എച്ച് വി കാമത്ത് ശക്തിയായി എതിർത്തു: ‘‘ഇത്തരം സന്ദർഭങ്ങളിൽ പ്രസിഡന്റ് ഇടപെടുന്നതിന് അധികാരം നൽകുന്നത് ഭരണഘടനാപരമായ ഒരു കുറ്റകൃത്യമാണ്’’. അതേസമയം അല്ലാഡി കൃഷ്ണസ്വാമി അയ്യർ അംബേദ്കറെ അനുകൂലിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘‘ഒന്നാമതായി, ഈ വകുപ്പ് ചേർത്തതിനുള്ള കാരണം എന്തെന്ന് വിശദീകരിക്കേണ്ടതുണ്ട്; ‘ഭരണഘടനയെ സംരക്ഷിക്കുക’യെന്നത് യൂണിയൻ ഗവൺമെന്റിന്റെ ഉത്തരവാദിത്വം ആക്കുന്നതാണ് ആ വകുപ്പ്… ഭരണഘടനയുടെ ശരിയായ പ്രവർത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസം… ഏതെങ്കിലും ഭാഗത്ത് ഉണ്ടാവുകയാണെങ്കിൽ അതിൽ ഇടപെടുകയും കാര്യങ്ങൾ നേരായ വിധത്തിലാക്കുകയും ചെയ്യുക എന്നത് യൂണിയൻ ഗവൺമെന്റിന്റെ ബാധ്യതയാണ്…’’

കെ സന്താനം പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ‘‘ഈ വകുപ്പുകൾ നടപ്പിലാക്കേണ്ടതായിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് നന്നായിട്ടൊന്ന് വിശകലനം ചെയ്തു നോക്കാം. സംസ്ഥാനത്ത് ഭരണത്തകർച്ച ഉണ്ടായേക്കാം. വ്യാപകമായി ആഭ്യന്തര കുഴപ്പമോ പുറത്തുനിന്നുള്ള ആക്രമണമോമൂലം ഏതെങ്കിലും വിധത്തിൽ ക്രമസമാധാനപാലനം അസാധ്യമായി വരുന്നത് ഇതിന് ഉദാഹരണമാണ്. അക്കാര്യത്തിൽ അവിടെ ശരിയായി കാര്യങ്ങൾ നിറവേറ്റാൻ കഴിയുന്ന പ്രവിശ്യ അതോറിറ്റി ഒന്നുംതന്നെയില്ല; അങ്ങനെ വരുമ്പോൾ കേന്ദ്രസർക്കാർ മാത്രമാകും ഇടപെടാൻ കഴിയുന്ന ഒരേയൊരു അതോറിറ്റി; അങ്ങനെയുള്ള ആപത് ഘട്ടങ്ങളിൽ ഭരണഘടനയിലെ ഈ വകുപ്പുകളെ എതിർക്കേണ്ടതില്ലെന്നു മാത്രമല്ല മറിച്ച് അവ തികച്ചും അനിവാര്യവുമാണ്. അപ്പോൾ അങ്ങനെയൊരു വകുപ്പ് പ്രയോഗിക്കാനായില്ലെങ്കിൽ കാര്യങ്ങളാകെ അവതാളത്തിലാകും’’.

താക്കൂർ ദാസ് ഭാർഗവ പറഞ്ഞതിങ്ങനെയാണ് : ‘‘നമ്മുടെ ഭരണസംവിധാനമാകെ തകരുകയും സാധാരണക്കാർക്ക് പൊതുവായ സ്വാതന്ത്ര്യങ്ങളൊന്നും അനുഭവിക്കാൻ കഴിയാതെവരികയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് ഞാൻ ചൂണ്ടിക്കാണിക്കാം. ആഭ്യന്തരമായ കലഹങ്ങൾമൂലം ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നത് ഇതിന് ബാധകമാണ്’’.

1949 ആഗസ്ത് 4ന് ഡോ. അംബേദ്കർ വീണ്ടും എഴുന്നേൽക്കുകയും ചർച്ചകളോട് ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു: ‘‘ഭരണസംവിധാനത്തിന്റെ തകർച്ച എന്ന പദപ്രയോഗം 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ ഉപയോഗിച്ചിരിക്കുന്നതായാണ് ഞാൻ കണ്ടത്. അതുകൊണ്ടുതന്നെ എല്ലാവർക്കും അതിന്റെ യഥാർത്ഥത്തിലുള്ള അർത്ഥവും നിയമപ്രകാരമുള്ള അർത്ഥവും എന്തെന്ന് അറിയാവുന്നതാണെന്ന് ഞാൻ കരുതുന്നു’’. ഇനി അവ പ്രയോഗിക്കാവുന്ന വിധം കൊണ്ടുവരികയാണെങ്കിൽ ഈ അധികാരം കയ്യാളാനുള്ള ചുമതല ലഭിക്കുന്ന പ്രസിഡന്റ് സംസ്ഥാന ഭരണത്തെ സസ്പെൻഡ് ചെയ്യുന്നതിനു മുമ്പ് ശരിയായവിധം മുൻകരുതലുകൾ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’. അങ്ങനെയാണ് ഭരണഘടനയിലെ ആ വകുപ്പ് (356) അംഗീകരിക്കപ്പെട്ടത്.

355–ാം വകുപ്പാകട്ടെ ഇത്തരം വെല്ലുവിളികളെ നേരിടാൻ സംസ്ഥാനങ്ങളെ സഹായിക്കാൻ യൂണിയൻ ഗവൺമെന്റിനെ ബാധ്യസ്ഥമാക്കുന്നതാണ്; വിജയിക്കാനായില്ലെങ്കിലും നിശ്ചയമായും യൂണിയൻ ഗവൺമെന്റ് അങ്ങനെ ചെയ്യുമെന്ന് നമുക്ക് കരുതാനാവും.

കോടതിയുടെ ഉത്തരവ്
2021 മെയ് എട്ടിന് പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി ഉത്തര വെന്ന നിലയിൽ ഇങ്ങനെ രേഖപ്പെടുത്തുക മാത്രമാണുണ്ടായത്: ‘‘കൈക്കൊണ്ട നടപടികളുടെ അനന്തരഫലമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ഒരക്രമസംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും സോളിസിറ്റർ ജനറൽ പ്രസ്താവിക്കുന്നു. ‘‘ആ ഉത്തരവിൽ ഊന്നിപ്പറയുന്നത്’’ ക്രമസമാധാന പാലനത്തിന്റെ പ്രത്യേകിച്ച് ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്; തുടർന്ന് അക്രമ സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു.

യൂണിയൻ ഗവൺമെന്റിന്റെ ഉറപ്പ് കോടതി ഇങ്ങനെ രേഖപ്പെടുത്തി: ‘‘കോടതിക്ക് മുമ്പാകെയുള്ള ഹർജിയിലും കോടതി നടപടിയിൽ ഫയൽ ചെയ്യപ്പെട്ട വിശേഷാൽ സത്യവാങ്മൂലങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഉത്കണ്ഠകൾക്ക് അർഹമായ പരിഗണന ഉണ്ടാകുമെന്നും മറ്റൊരു സമ്മർദ്ദവും കൂടാതെ സ്വമേധയാതന്നെ സർക്കാർ ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുമെന്നും സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പുനൽകി’’യിരിക്കുകയാണ്. എന്നാൽ 2023ൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു; ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച മെയ് 4 ന് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു: ‘‘മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെയും ലൈംഗിക കുറ്റകൃത്യങ്ങളെയും സംബന്ധിച്ച ദൃശ്യങ്ങൾ കോടതിയെ വളരെയേറെ അസ്വസ്ഥമാക്കി. മാധ്യമങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത് മൊത്തത്തിൽ ഭരണഘടനാലംഘനവും മുനുഷ്യാവകാശ ലംഘനങ്ങളും വർധിച്ചുവരുന്നതായാണ്. ഭരണഘടനപരമായ ജനാധിപത്യ സംവിധാനത്തിൽ തികച്ചും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് പ്രതിരോധം തീർക്കാനുള്ള ഉപകരണമായി സ്ത്രീകളെ ഉപയോഗിക്കുന്നത്.

‘‘i) കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ii) ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനും സർക്കാർ കൈക്കൊള്ളുന്നതും ഇനി കൈക്കൊള്ളാൻ പോകുന്നതുമായ നടപടികളെകുറിച്ച് കോടതി വിലയിരുത്തേണ്ടതാണ്.

അനിയന്ത്രിതമായ അക്രമം
2023 മെയ് മൂന്നിനും 2024 നവംബർ 11 നുമിടക്ക് 250 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്; ഈ ആക്രമണങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് വീടുകൾ നഷ്ടപ്പെട്ടത്. നൂറുകണക്കിന് ആരാധനാലയങ്ങളും വീടുകളും മറ്റു പ്രധാന സ്ഥലങ്ങളും നശിപ്പിക്കപ്പെട്ടു. 2024 നവംബർ 9ന് പോലും മൂന്നു കുഞ്ഞുങ്ങളുടെ അമ്മ ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു; 17 വീടുകൾ തീവച്ച് നശിപ്പിക്കപ്പെട്ടു.

ഇതിനകം 27 ഹിയറിങ് നടന്നിട്ടും സുപ്രീംകോടതിയുടെ ഇടപെടൽ മന്ദഗതിയിലാണെന്നത് വ്യക്തമാണ്. അത് അല്പവും ഫലപ്രദമല്ല. മൗലികാവകാശങ്ങളുടെ ഏറ്റവും ഉന്നതമായ സംരക്ഷകന്റെ ജാഗരൂകമായ കണ്ണുകൾക്ക് മുന്നിൽ തന്നെയാണ് ഈ കൂട്ടക്കലാപം തുടരുന്നതെന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യം. മണിപ്പൂരിലെ 30 ലക്ഷം ആളുകൾക്ക് മനുഷ്യാവകാശങ്ങളും ജീവനും സ്വാതന്ത്ര്യവും ആത്മാഭിമാനവും സമാധാനവുമെല്ലാം നിഷേധിക്കപ്പെടുകയാണ്. എന്തുകൊണ്ടാണ് ഉന്നത നീതിപീഠത്തിലെ ന്യായാധിപർ കണ്ണുമടച്ച് മാപ്പുസാക്ഷികളെപ്പോലെ ഇരിക്കുന്നത്? സമീപകാലത്തായി സുപ്രീംകോടതി ദുർബലമായിരിക്കുന്നുവെന്നാണോ ഇത് വെളിപ്പെടുത്തുന്നത്?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മണിപ്പൂരിലെ ചേരിതിരിഞ്ഞുള്ള അക്രമങ്ങൾ ഉത്കണ്ഠയുളവാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന് ഈ കൂട്ടക്കൊലകൾക്ക് അറുതിവരുത്താൻ കഴിയുന്നില്ലെന്നത് ആശ്ചര്യജനകവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇതിന് പിന്നിലുള്ള ചേതോവികാരം എന്തുതന്നെയായാലും വളരെ മുൻപേതന്നെ യൂണിയൻ ഗവൺമെന്റ് ഇതിൽ നിർണായകമായി ഇടപെടേണ്ടതായിരുന്നു. സമാധാനവും സൗഹാർദവും നീതിയും ആശ്വാസവും പുനരധിവാസവുമെല്ലാം നടപ്പാക്കുന്നതിന് വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കേണ്ടതാണ്.

പ്രസിഡന്റ് അടിയന്തരമായി ഇടപെടണം എന്നാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ചതിനേക്കാൾ അധികം അത് ദുരുപയോഗിച്ചിട്ടുണ്ടെന്നത് സത്യം തന്നെയാണ്. എന്നാൽ ഇന്ന് ആ വകുപ്പ് പ്രയോഗിക്കുന്നതിനെ രാഷ്ട്രം ഒന്നടങ്കം സ്വാഗതം ചെയ്യും. l
(കടപ്പാട്: 2024 നവംബർ 19ലെ 
ദി ഹിന്ദു ദിനപ്പത്രം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular