Wednesday, December 18, 2024

ad

Homeകവര്‍സ്റ്റോറിമണിപ്പൂരിനെ തകർത്ത ‘ഇരട്ട എൻജിൻ ഭരണം’

മണിപ്പൂരിനെ തകർത്ത ‘ഇരട്ട എൻജിൻ ഭരണം’

സാജൻ എവുജിൻ

ണിപ്പൂരിലെ കാംപോക്‌പി മലനിരകളിൽ ഡയ്‌ലി ഗ്രാമത്തിലെ സ്‌കൂൾ ഹോസ്‌റ്റലിൽവച്ചാണ്‌ ലൂക്കായെയും വിൻസന്റിനെയും പരിചയപ്പെട്ടത്‌. സഹോദരന്മാരായ ഇവർക്ക്‌ ആറും നാലും വീതം വയസ്സായിരുന്നു. മാതാപിതാക്കളെ നഷ്ടമായ ഈ കുട്ടികൾ നേരത്തെ ഇംഫാൽ താഴ്‌വരയിലെ ബാലഭവനിലായിരുന്നു. 2023 മെയ്‌ മൂന്നിന്‌ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ, കുക്കി വംശജരിലെ കുട്ടികൾക്കും താഴ്‌വര അരക്ഷിതമായി. അതോടെയാണ്‌ ഇരുവരെയും കാംപോക്‌പിയിലേയ്‌ക്ക്‌ മാറ്റിയത്‌. ക്രൈസ്‌തവ പുരോഹിതർ സംരക്ഷണം ഏറ്റെടുത്ത്‌ നാഗാ ഗ്രാമമായ ഡയ്‌ലിയിലെ സ്‌കൂളിൽ ചേർത്തു.

മണിപ്പൂരിലെ ഇന്നത്തെ സാഹചര്യത്തിൽ ഇവർ ഭാഗ്യവാന്മാരാണെന്ന്‌ കരുതണം. കാരണം, അവർക്ക് പഠനം തുടരാൻ കഴിയുന്നു. കലാപം പതിനായിരക്കണക്കിന്‌ കുട്ടികളുടെ പഠനം മുടക്കി. പല സ്‌കൂളുകളും അഭയാർഥി ക്യാമ്പുകളായി. സംഘർഷമേഖലകളിലെ സ്‌കൂളുകൾ അടച്ചിട്ടു. തുറന്ന സ്‌കൂളുകളിലും കുട്ടികൾ എത്തുന്നില്ല. തൊഴിലും വരുമാനവും നഷ്ടമായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ സ്വകാര്യ സ്‌കൂളുകളിലെ ഫീസടയ്‌ക്കാൻ നിവൃത്തിയില്ല. ഭക്ഷണവും വസ്‌ത്രവുമടക്കം ചോദ്യചിഹ്‌നമായി മാറിയതോടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്‌ നിർത്തി.

‘‘വിദ്യാഭ്യാസം പ്രധാനമാണ്‌. എന്നാൽ അതിലേറെ പ്രധാനമാണല്ലൊ ജീവൻ?’’കാംപോക്‌പി കെതൽമൻബി ഗവ. ഹൈസ്‌കൂളിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഹെനയുടെ പ്രതികരണം ഇതായിരുന്നു. ‘‘ വീടും ഗ്രാമവും നഷ്ടമായി. കുട്ടികളുടെ യൂണിഫോമും പുസ്‌തകങ്ങളും അക്രമികൾ കത്തിച്ചുകളഞ്ഞു. ആധാർകാർഡ്‌ ഉൾപ്പടെ കത്തിപ്പോയി. സ്വന്തം രാജ്യത്ത്‌ അഭയാർഥികളായി കഴിയുകയാണ്‌ ഞങ്ങൾ. ജീവിച്ചിരിക്കുന്നതുതന്നെ സ്വപ്‌നം പോലെയാണ്‌. ഇനിയും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന ഭയത്തിലാണ്‌ ഞങ്ങൾ. ഇതിനിടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല’’–-ഹെന വിശദീകരിച്ചു.

ഹെൻബുങ്‌ ഗ്രാമത്തിലെ സ്‌കൂളിലും പരിസരത്തെ കെട്ടിടങ്ങളിലുമായി 800ൽപരം അഭയാർഥികൾ ഉണ്ടായിരുന്നു. ഇവരിൽ ചിലരുടെ ബഹുനില വീട്‌ അടക്കം അക്രമികൾ ഇടിച്ചുനിരപ്പാക്കി. ഉടുവസ്‌ത്രം മാത്രമായാണ്‌ രക്ഷപ്പെട്ടത്‌. കൃഷിപ്പണിയാണ്‌ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതമാർഗം. സ്വന്തം ഗ്രാമങ്ങളിലേയ്‌ക്ക്‌ പോകാതെ ജീവിതം മുന്നോട്ടുനീക്കാനാവില്ല. മലനിരകളിലെ ഗ്രാമങ്ങൾ ആക്രമണഭീഷണിയിലാണ്‌. അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നത്‌ ദേശീയപാത രണ്ടിനോട്‌ ചേർന്നുള്ള സ്ഥലങ്ങളിലാണ്‌. ഈ പ്രദേശങ്ങൾ താരതമ്യേന സുരക്ഷിതമാണ്‌. ഇവിടെ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ രേഖകളോ പണമോ ഇല്ല. ചെറിയ കുട്ടികൾ അഭയാർഥിക്യാമ്പുകളിൽ കളിച്ചുനടക്കുകയായിരുന്നു. സംഗതിയുടെ ഗൗരവം പിടികിട്ടിയ വലിയ കുട്ടികൾ വിഷാദത്തിലും പരിഭ്രാന്തിയിലുമായിരുന്നു. സ്‌ത്രീകളും കുട്ടികളും വയോധികരും മാത്രമാണ്‌ പൊതുവെ ക്യാമ്പുകളിൽ. യുവാക്കൾ ഗ്രാമങ്ങളിൽ കാവൽനിൽക്കുകയാണ്‌. അവർക്ക്‌ മറ്റു ജോലികൾക്ക്‌ പോകാനും കഴിയില്ല.

അഭയാർഥി ക്യാമ്പുകളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക്‌ മതിയായ പരിചരണം ലഭ്യമാകാത്ത സ്ഥിതിയായിരുന്നു. ശുചിത്വമൊക്കെ ആലോചിക്കാൻ കഴിയാത്ത കാര്യം. നൂറുകണക്കിന്‌ പേർക്ക്‌ ഒന്നും രണ്ടും മാത്രം ടോയ്‌ലറ്റുകൾ.

ദീർഘകാല ഇന്റർനെറ്റ്‌ നിരോധനം ജനജീവിതം താറുമാറാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും പോസ്‌റ്റ്‌ഓഫീസുകൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചില്ല. കലാപം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രതിസന്ധിയായി വളർന്നു.

കലാപത്തിന്റെ ആദ്യമാസങ്ങളിൽ നൂറിൽപരം മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും ഇരുന്നൂറോളം മരണം നടന്നിട്ടുണ്ടെന്നാണ്‌ വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നത്‌. ആയിരത്തിൽപരം പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. 5,000ഓളം വീടുകൾ കത്തിച്ചു. 200ൽപരം ഗ്രാമങ്ങൾക്കും തീയിട്ടു. 70,000ഓളം പേർ അഭയാർഥി ക്യാമ്പുകളിലായി. കേന്ദ്ര–-സംസ്ഥാന മന്ത്രിമാരുടെയും സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിയിൽ മുൻ കരസേന മേധാവി വി പി മാലിക്‌ അതിയായ ദുഃഖം പ്രകടിപ്പിച്ചത്‌ ലഫ്‌. ജനറലായിരുന്ന നിഷികാന്ത സിങ്ങിന്റെ ദുരവസ്ഥ എക്സിൽ പങ്കുവെച്ചാണ്‌. ലിബിയ, സിറിയ, നൈജീരിയ, ലബനോൻ എന്നിവിടങ്ങളിലെ സ്ഥിതിക്ക്‌ സമാനമാണ്‌ മണിപ്പുരിലെ അവസ്ഥയെന്നും ഭരണമില്ലാത്ത നാടായി മാറിയെന്നും, ഇംഫാൽ സ്വദേശിയായ നിഷികാന്ത സിങ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. 40 വർഷത്തോളം കരസേനയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്‌ ഇത്തരത്തിൽ പ്രതികരിച്ചത്‌.

മണിപ്പൂരിൽ സംഘപരിവാർ വിതച്ചത്‌ കൊയ്യുകയാണ്‌. സംസ്ഥാനത്ത്‌ ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സംഘപരിവാർ സംഘടനകൾ വിദ്വേഷപ്രചാരണത്തിന്‌ ഉപയോഗിച്ചുവന്ന രണ്ട്‌ വിഷയം പർവതമേഖലയിലെ പോപ്പികൃഷിയും വനംകൊള്ളയുമാണ്‌. കുക്കികളാണ്‌ ഈ രണ്ട്‌ പ്രശ്‌നത്തിനും ഉത്തരവാദികളെന്ന്‌ ആരോപിച്ച്‌ മെയ്‌ത്തികൾക്കിടയിൽ വർഷങ്ങളായി വ്യാപകപ്രചാരണം സംഘപരിവാർ നടത്തി. ഇതിനായി ഓൺലൈൻ മാധ്യമങ്ങളെ പോറ്റിവളർത്തി. മെയ്‌ത്തികൾക്ക്‌ പട്ടികവർഗ പദവി നൽകുന്നത്‌ പരിഗണിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി വിധിക്കു പിന്നാലെ സംസ്ഥാനത്ത്‌ പൊട്ടിപ്പുറപ്പെട്ട കലാപം അണയാതെ ആളിക്കത്തുന്നതിനു പിന്നിൽ ഈ കുപ്രചാരണം സൃഷ്ടിച്ച പശ്‌ചാത്തലവുമുണ്ട്‌.

മണിപ്പൂരിലെ പർവതമേഖലയിൽ 15,000 ഏക്കറിലധികം സ്ഥലത്ത്‌ പോപ്പി വളർത്തുന്നുണ്ട്‌. കുക്കി കർഷകരാണ്‌ ഇത്‌ വളർത്തുന്നത്‌. അവരുടെ പ്രധാന വരുമാനമാർഗമാണിത്‌. എന്നാൽ പോപ്പികൃഷിയെ അപ്പാടെ മയക്കുമരുന്ന്‌ മാഫിയയുമായി കൂട്ടിക്കെട്ടിയാണ്‌ ദുഷ്‌പ്രചാരണം. പോപ്പിയിലകൾ ഭക്ഷ്യവസ്‌തുവാണ്‌. ഇതിന്റെ പൂക്കളാണ്‌ മയക്കുമരുന്ന്‌ നിർമാണത്തിന്‌ ദുരുപയോഗം ചെയ്യപ്പെടുന്നത്‌. മയക്കുമരുന്ന്‌ മാഫിയയെ നിയന്ത്രിക്കുന്നതാകട്ടെ മെയ്‌ത്തി വിഭാഗത്തിലെ രാഷ്‌ട്രീയനേതാക്കളും ബിസിനസ്സുകാരും. വനംകൊള്ളയുടെ കാര്യത്തിലും സമാന സ്ഥിതിയാണ്‌. വെട്ടിവീഴ്‌ത്തുന്ന മരങ്ങൾ വാങ്ങുന്നത്‌ മെയ്‌ത്തീ പ്രമാണിമാരാണ്‌. തുച്ഛമായ തുകയാണ്‌ കുക്കികൾക്ക്‌ ഇതിൽനിന്നു കിട്ടുന്നത്‌. മാഫിയ സംഘങ്ങളെ അമർച്ചചെയ്യാൻ നടപടിയെടുക്കാതെ കുക്കിവിരുദ്ധ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയാണ്‌ സംഘപരിവാറും ബിജെപി സർക്കാരും.

ഇതുവഴി സൃഷ്ടിക്കപ്പെട്ട വിഷമയ അന്തരീക്ഷമാണ്‌ മണിപ്പൂരിനെയാകെ കലാപഭൂമിയാക്കിയത്‌. താഴ്‌വരയിൽ കുക്കികൾക്കും മലമുകളിൽ മെയ്‌ത്തികൾക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ വർഗീയ ആക്രമണങ്ങളുമുണ്ടായി. കുക്കികൾ ഭൂരിപക്ഷവും ക്രൈസ്‌തവരായതിനാൽ കുക്കിവിരുദ്ധ പ്രചാരണത്തിന്റെ മറവിൽ ക്രൈസ്‌തവവിരുദ്ധതയും പടർത്താൻ സംഘപരിവാറിന്‌ സാധിച്ചു. താഴ്‌വരയിൽ മെയ്‌ത്തി ക്രൈസ്‌തവരുടെ 276 പള്ളി തകർക്കപ്പെട്ടത്‌ ഇതിന്‌ തെളിവാണ്‌. മെയ്‌ത്തി പള്ളികൾ പൊതുവെ താൽക്കാലിക നിർമിതികളാണ്‌. ഓരോ പ്രദേശത്തെയും ചെറിയ സമൂഹങ്ങളുടെ ആവശ്യത്തിന്‌ നിർമിച്ച ഈ പള്ളികൾ ചുരുങ്ങിയ സമയംകൊണ്ട് തകർത്തെറിഞ്ഞു. മികച്ച രീതിയിൽ നിർമിച്ച 25ഓളം കുക്കി പള്ളികളും നശിപ്പിച്ചു. ആരംബായ്‌ തെംഗോൽ, മെയ്‌ത്തി ലീപുൺ എന്നീ മെയ്‌ത്തി തീവ്രവാദ സംഘടനകൾ ഒരുവശത്തും കുക്കി സായുധ സംഘടനകൾ മറുവശത്തും അണിനിരന്ന്‌ യുദ്ധസമാനമായ പോരാട്ടമാണ്‌ മണിപ്പൂരിൽ. മെയ്‌ത്തി അക്രമികൾ അഴിഞ്ഞാടുമ്പോൾ സംസ്ഥാന പൊലീസ്‌ നിഷ്‌ക്രിയമാണ്‌. കലാപത്തിന്റെ ആദ്യനാളുകളിൽ ഇംഫാലിലെ പൊലീസ്‌ ആയുധശാലകളിൽനിന്ന്‌ കാണാതായ ആയിരക്കണക്കിന്‌ തോക്ക്‌ എവിടെപ്പോയെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. 2017ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സാർമ കുക്കി വിമതസംഘടനകളുമായി രഹസ്യചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌. മെയ്‌ത്തി തീവ്രവാദികളുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്‌ രഹസ്യ ചർച്ചകൾ നടത്തുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നു. ബീരേൻ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് ബിജെപിക്കാരായ കുക്കി എംഎൽഎമാരും ആവശ്യപ്പെട്ടുവരികയാണ്. ലോകമെങ്ങും ചുറ്റിക്കറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപം തുടങ്ങിയശേഷം ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടില്ല.

മണിപ്പൂരിലെ സ്ഥിതിവിശേഷം അയൽസംസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥത പടരുന്നത്‌ ബിജെപിയുടെ അവകാശവാദങ്ങൾക്ക്‌ വിരുദ്ധമാണ്‌. ബിജെപി ഭരണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സമാധാനവും പുരോഗതിയും കൈവരിച്ചുവെന്ന അവകാശവാദം തകർന്നടിയുകയാണ്‌. ഒന്നര വർഷത്തിലേറെയായി രക്തരൂഷിതമായ സംസ്ഥാനത്ത്‌ ഇക്കഴിഞ്ഞ ഏഴിനു ശേഷം 20 പേരാണ്‌ കൊല്ലപ്പെട്ടത്‌. ജിരിബാം ജില്ലയിലെ ജക്കുറാദോർ കരോങ്ങിൽ കുക്കി വംശജരായ 11 പേരെ കേന്ദ്ര അർധസൈനിക വിഭാഗമായ സിആർപിഎഫ്‌ വെടിവച്ചുകൊന്നു. പൊലീസ്‌ സ്‌റ്റേഷനും സിആർപിഎഫ്‌ പോസ്‌റ്റും സമീപത്തെ കടകളും ആക്രമിച്ചവർക്കുനേരെ നടത്തിയ പ്രത്യാക്രമണത്തിലാണ്‌ ഇത്രയും മരണമെന്ന്‌ അധികൃതർ വിശദീകരിക്കുന്നു. ഇക്കൊല്ലം മണിപ്പൂരിൽ ഏറ്റവും കൂടുതൽ മരണമുണ്ടായ ദിവസം ഇതാണ്‌. ഇതിനു പിന്നാലെ ജിരിബാമിൽനിന്ന്‌ മെയ്‌ത്തി കുടുംബത്തിലെ സ്‌ത്രീകളും കുഞ്ഞുങ്ങളും അടക്കം ആറുപേരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതലയിൽനിന്ന്‌ അസം റൈഫിൾസിനെ പടിപടിയായി പിൻവലിച്ച്‌ സിആർപിഎഫിനെ വിന്യസിച്ചുവരവെയാണ്‌ ഈ കൂട്ടക്കൊല. ദീർഘകാലമായി മേഖലയിൽ പ്രവർത്തിച്ചുവന്ന അസം റൈഫിൾസിനെ പിൻവലിക്കുന്നതിൽ വിവിധ സംഘടനകൾ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു.

ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളാണ്‌ തോൽക്കുകയെന്ന സത്യത്തിന്‌ മണിപ്പൂർ അടിവരയിടുന്നു. ഭരണസംവിധാനങ്ങളും നിയമവാഴ്‌ചയും മണിപ്പുരിൽ ഇപ്പോൾ കേട്ടുകേൾവി മാത്രം. കുക്കിവിഭാഗത്തിലെ ഭരണപക്ഷ എംഎൽഎമാർക്കുപോലും തലസ്ഥാനമായ ഇംഫാലിൽ സധൈര്യം കാലുകുത്താൻ കഴിയുന്നില്ല. മിസൈലും ഡ്രോണും വരെ ഉപയോഗിച്ച് ആക്രമണങ്ങളുണ്ടായി. സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്‌. സേനാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഈ വേർതിരിവ് മറികടക്കാൻ കഴിയുന്നില്ല. കോൺഗ്രസുകാർ കൂട്ടത്തോടെ കാലുമാറിയതിനെ തുടർന്ന്‌ ബിജെപി അധികാരം പിടിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ മണിപ്പൂർ. മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങും മുൻ കോൺഗ്രസ് നേതാവാണ്‌. സംഘർഷങ്ങളിൽ ബീരേൻ സിങ്ങിന്‌ എതിരായ തെളിവുകൾ പരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിച്ച അവസരത്തിൽ കേന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കള്ളംപറഞ്ഞുവെന്ന ആരോപണവും ഗൗരവതരമാണ്‌. അക്രമികളെ സംരക്ഷിക്കാനും അവർക്ക്‌ ആയുധവും പണവും നൽകാനും ബീരേൻസിങ്‌ മുൻകയ്യെടുത്തെന്ന്‌ തെളിയിക്കുന്ന ഫോൺസംഭാഷണങ്ങൾ പരിശോധിക്കണമെന്ന്‌ കുക്കി എംഎൽഎമാരുടെ അഭിഭാഷകനായ പ്രശാന്ത്‌ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. കുക്കിവിഭാഗക്കാരായ എംഎൽഎമാരുമായി കൂടിക്കാഴ്‌ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പ്രയത്നിക്കുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ പ്രതികരണം. ഈ അവകാശവാദം കല്ലുവെച്ച നുണയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും കുക്കിവിഭാഗം എംഎൽഎമാർ പ്രതികരിച്ചതിന്‌ മറുപടിയൊന്നും ഉണ്ടായിട്ടില്ല. ബിജെപിയുടെ ‘ഇരട്ട എൻജിൻ ഭരണം’ ജനജീവിതത്തെ എങ്ങനെയൊക്കെ തകർക്കുമെന്നതിന്‌ ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌ മണിപ്പൂർ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 13 =

Most Popular