വിഘടനവാദവും അതിന്റെ പേരിലുണ്ടാകുന്ന ദീർഘനാൾ നീണ്ടുനിൽക്കുന്ന അക്രമപ്രവർത്തനങ്ങളും ഭീകരപ്രവർത്തനങ്ങളും ഇന്ത്യയ്ക്ക് അപരിചിതമല്ല. കാശ്മീരിലും പഞ്ചാബിലും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും അത് നമ്മൾ കണ്ടതാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യൻ ഭരണാധികാരികൾതന്നെ നടത്തുന്ന ചില നീക്കങ്ങളാണ് പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുക; പിന്നെ പാകിസ്താനടക്കമുള്ള വിദേശ ശക്തികൾ അതിൽ കണ്ണുവയ്ക്കുന്നു. അവരുടെ സഹായത്തോടെയാണ് മിക്കവാറും വിഘടനവാദ പ്രസ്‌ഥാനങ്ങൾ ഇന്ത്യയിൽ വ്യാപിച്ചതും പുഷ്ടിപ്രാപിച്ചതും.
അവയുടെ ഭാഗമായി കൊലപാതകങ്ങളും അക്രമങ്ങളും നിത്യസംഭവമായി; നിരപരാധികൾ പലരും കൂട്ടക്കൊല ചെയ്യപ്പെട്ടു; വിഘടനവാദത്തിലേക്കു ആകർഷിക്കപ്പെട്ട യുവാക്കളുടെ ജീവനും ജീവിതവും ഇല്ലാതായി. പലരും കൽത്തുറുങ്കുകളിലടയ്ക്കപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന് നൂറുകണക്കിന് സൈനികരെ ബലികൊടുക്കേണ്ടിവന്നു. വലിയ വിലകൊടുത്താണ് നമ്മുടെ രാജ്യം വിഘടനവാദികളെ ഒന്നൊതുക്കിയത്. കാശ്മീരിലും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും ഇപ്പോഴും വെടിയൊച്ച കേൾക്കാറുണ്ട്.
എന്നാൽ ഇതിൽനിന്നും തികച്ചും വ്യത്യസ്തമായൊരു കഥയാണ് മണിപ്പൂരിൽ ഇപ്പോൾ അരങ്ങേറുന്നത്. ഒരു സംസ്‌ഥാനത്തു തുടങ്ങിയ ആഭ്യന്തര സംഘർഷം കൈവിട്ടുപോകുന്ന അവസ്‌ഥയാണ് അവിടെ. ഒന്നരവർഷമായി ആ സംസ്‌ഥാനം സമാധാനം എന്തെന്നറിഞ്ഞിട്ട്. മണിപ്പൂരിൽ മുൻപും വിഘടനവാദികളുണ്ടായിരുന്നു; അവർ ഇന്ത്യ രാജ്യവുമായി നിരന്തരം യുദ്ധത്തിലുമായിരുന്നു. രണ്ടുഭാഗത്തും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഒരുവിധം സമാധാനത്തിലേക്കു നീങ്ങുമ്പോഴാണ് ഒന്നരക്കൊല്ലം മുൻപ് ആ സംസ്‌ഥാനം അസ്വസ്ഥതകളിലേക്കു എടുത്തെറിയപ്പെട്ടത്.
മലമ്പ്രദേശത്തു താമസിക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷമായ കുക്കികളും താഴ്‌വരയിൽ താമസിക്കുന്ന മെയ്തികളും തമ്മിൽ നിലവിലിരുന്ന അസ്വാസ്ഥ്യം ഒരു കോടതിവിധിയോടെയാണ് പൊട്ടിത്തെറിക്കുന്നത്. ഗോത്ര വിഭാഗക്കാരല്ലാത്ത, ജനസംഖ്യയുടെ അറുപതു ശതമാനം വരുന്ന മെയ്തികളെ പട്ടികവർഗ വിഭാഗത്തിൽപെടുത്താനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭരണത്തിന്റെ മിക്കവാറും മേഖലകളിൽ അധീശത്വം ഉള്ള മെയ്തി വിഭാഗത്തിന് സംവരണാനുകൂല്യങ്ങൾ കിട്ടിയാൽ തങ്ങളുടെ അവസരങ്ങൾ വലിയ തോതിൽ കുറയുമെന്ന് മനസിലാക്കിയ കുക്കികൾ വൻ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ കഴിഞ്ഞ മെയ് 3 ന്- അവർ നടത്തിയ ഒരു മാർച്ചിനു നേരെ പൊലീസും മെയ്തി വിഭാഗക്കാരും വലിയ ആക്രമണമാണ് നടത്തിയത്. അതിനെത്തുടർന്ന് ഇരുവിഭാഗക്കാരും പരസ്പരം നടത്തിയ ആക്രമണത്തോടെയാണ് ഇപ്പോഴും തുടരുന്ന പ്രശ്നങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ ഒന്നരക്കൊലംകൊണ്ട് 250-ഓളം ആളുകളാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് ഭവനങ്ങളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആരാധനാലയങ്ങളും ചുട്ടെരിക്കപ്പെട്ടു; പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമായി; അതിക്രൂരമായ ബലാൽസംഗ കഥകൾ പലതു കേട്ടു. ഏറ്റവും അവസാനം കൊല്ലപ്പെട്ട ഒരേ കുടുംബത്തിലെ ആറുപേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മനുഷ്യർക്ക് സഹിക്കാൻ പറ്റാത്ത വിവരങ്ങളാണ് ഉണ്ടായിരുന്നത്. പോയിന്റ് ബ്ളാങ്കിൽ നേർക്കുനേരെ നിന്ന് വെടിവെച്ചുകൊന്നതാണ് അവരെ. അതിൽ മൂന്നു വയസ്സുള്ള ഒരു കുഞ്ഞിന്റെ താടിയെല്ലും കണ്ണും തുളച്ചാണ് വെടിയുണ്ടകൾ പാഞ്ഞിട്ടുള്ളത്.
തലസ്‌ഥാനമായ ഇംഫാലിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും നടന്നിരുന്ന അക്രമങ്ങൾ ഇപ്പോൾ സംസ്‌ഥാനത്തിന്റെ അതിർത്തിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഗ്രാമ സംരക്ഷണ സമിതിയിലെ അംഗങ്ങൾ എന്ന് കരുതപ്പെടുന്ന പതിനൊന്നുപേരെ സുരക്ഷാസേന വെടിവച്ചുകൊന്നത് അതിർത്തി ജില്ലയായ ജിരിബാമിലാണ്.
ഇപ്പോഴത്തെ അവസ്‌ഥയിൽ മണിപ്പൂരിൽ ആരുടെയും ജീവിതം സുരക്ഷിതമല്ല. സർക്കാരിന്റെയും പൊലീസിന്റെയും ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധമുയർത്തിയ കുക്കി വിഭാഗക്കാർ ഇപ്പോൾ ആയുധമെടുക്കുന്ന അവസ്‌ഥയിലേക്കു മാറിയിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ചു മെയ്തി വിഭാഗക്കാർ വൻതോതിൽ ആയുധങ്ങൾ കടത്തി എന്ന ആരോപണം നിലനിൽക്കുകയും പലയിടത്തും കുക്കികൾ ഏകപക്ഷീയമായ ആക്രമണത്തിനു വിധേയരാവുകയും ചെയ്തതോടെയാണ് അക്കൂട്ടരും ആയുധമെടുത്തുതുടങ്ങിയത്.
മെയ്തി വിഭാഗക്കാരനായ ബി ജെ പി നേതാവ് മുഖ്യമന്ത്രി എൻ ബീരേൻ സിങ് കഴിഞ്ഞ ഒന്നര വർഷക്കാലം തുടർന്നുവന്ന ഏകപക്ഷീയമായ നയങ്ങളാണ് ഇപ്പോഴും തുടരുന്ന അക്രമങ്ങൾക്കു കാരണം എന്ന് ബോധ്യമായ മെയ്തി വിഭാഗക്കാരും കുക്കി വിഭാഗക്കാരായ ബി ജെ പി എം എൽ എ മാരും പോലും ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വൻ പ്രക്ഷോഭങ്ങളാണ് മെയ്തി വിഭാഗക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച തലസ്‌ഥാനത്ത്- അരങ്ങേറിയത്. ബി ജെ പി എം എൽ എ മാരുടെയും മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയും നേരെ കല്ലേറുണ്ടായി, ഏതാനും വീടുകൾ അഗ്നിക്കിരയാക്കി. സമാധാനം പുനഃസ്‌ഥാപിക്കണമെന്നും നീതിപൂർവകമായ നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുകയാണ്.
എങ്ങനെയാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്? അദ്ദേഹം ബി ജെ പി അടക്കമുള്ള എൻ ഡി എ എം എൽ മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. അതിൽ ‘അക്രമം തുടരുന്ന കുക്കി വിഭാഗക്കാരുടെ’ നേരെ അതിശക്തമായ നടപടികൾ വേണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം ആവശ്യമായ നടപടിയെടുത്തില്ലെങ്കിൽ ‘സംസ്‌ഥാനത്തെ ജനങ്ങളോട് ആലോചിച്ച്-‘ ആവശ്യമായ തീരുമാനങ്ങൾ എടുക്കും എന്ന ഭീഷണി മുഴക്കുന്ന അവസ്‌ഥയിലെത്തി ഇപ്പോൾ കാര്യങ്ങൾ.
‘ആരോടും സ്‌നേഹമോ വിദ്വേഷമോ’ കൂടാതെ ഭരണം നടത്തുമെന്ന് ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത്- അധികാരമേറ്റ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള ഒരു വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിച്ചത് പൊതുവെ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. അക്രമികളെ നിയമം കൊണ്ട് നേരിടണം എന്നല്ല അദ്ദേഹത്തിന്റെ ആവശ്യം, മറിച്ച് അദ്ദേഹത്തിന്റെതന്നെ ഭരണത്തിൻകീഴിലുള്ള ഒരു വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
ഈ യോഗതീരുമാനവും വലിയ എതിർപ്പ് നേരിടുകയാണ്. ആകെയുള്ള 32 ബി ജെ പി എം എൽ എ മാരിൽ പന്ത്രണ്ടോളം പേർ ഈ യോഗം ബഹിഷ്കരിച്ചിരുന്നു എന്നാണ് വിവരം. അവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. യോഗതീരുമാനത്തിലും മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നടപടികളിലും പ്രതിഷേധിച്ച്- എൻ ഡി എ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ്. മേഘാലയിലെ ഭരണ കക്ഷിയായ പാർട്ടിയ്ക്ക് മണിപ്പൂരിൽ ഏഴു അംഗങ്ങളാണുള്ളത്. ബീരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നും നീക്കം ചെയ്‌തതിനുശേഷം മന്ത്രിസഭയ്ക്കു പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനം. അതുവരെ ബീരേൻ സിങ് വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കരുതെന്നും എം എൽ എ മാരോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
*** *** ***
ഇന്ത്യയിലെ ഒരു സംസ്‌ഥാനം അതിഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ അതിനെ എങ്ങനെ കേന്ദ്ര ഭരണകൂടം കൈകാര്യം ചെയ്യുന്നു എന്ന് നമ്മൾ വിശകലനം ചെയ്യേണ്ടതുണ്ട്. റഷ്യ–-യുക്രൈൻ യുദ്ധ വിഷയത്തിലും ഇസ്രായേൽ, പലസ്തീനിൽ നടത്തുന്ന അക്രമങ്ങളിലും അഭിപ്രായം പറയുകയും ‘ഇത് യുദ്ധങ്ങളുടെ കാലമല്ല’ എന്നൊരു സിദ്ധാന്തം അന്താരാഷ്ട്ര വേദികളിൽ ഉയർത്തുകയും സമാധാനശ്രമങ്ങളിൽ മധ്യസ്‌ഥനാകാമെന്ന നിർദ്ദേശം പലപ്രാവശ്യം മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഒരു സംസ്‌ഥാനം, അതും ഒരു അതിർത്തി സംസ്‌ഥാനം, ആഭ്യന്തര അസ്വസ്‌ഥതകളാൽ നീറിപ്പുകഞ്ഞിട്ടും അക്കാര്യത്തിൽ ഒരു സമാധാന ശ്രമത്തിന്- അദ്ദേഹം മുൻകൈയെടുക്കാത്തത്- എന്തുകൊണ്ടാണ് എന്നത് ഇപ്പോഴും വിശദീകരണമില്ലാത്ത കാര്യമാണ്. ഇക്കാലയളവിൽ ഒരു പ്രാവശ്യംപോലും അദ്ദേഹം ആ സംസ്‌ഥാനത്തേക്കു പോകാനോ അവിടുള്ള ആളുകളെ കണ്ടു സംസാരിക്കാനോ തയ്യാറായിട്ടില്ല എന്നതും അതീവ ശ്രദ്ധയാകർഷിക്കുന്ന കാര്യമാണ്. അതിനിടയിൽ ലോക്-സഭ തിരഞ്ഞെടുപ്പ് നടന്നു എന്നുകൂടി ഓർക്കണം. മണിപ്പൂരടക്കമുള്ള സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ലോകസഭയോട് ഉത്തരവാദിത്വമുള്ള ഒരു പ്രധാനമന്ത്രി വീണ്ടും അധികാരത്തിനു ശ്രമിക്കുമ്പോൾ എന്തുകൊണ്ട് തനിക്കു വീണ്ടും വോട്ടു ചെയ്യണം എന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ധാർമിക ബാധ്യത അദ്ദേഹത്തിനുണ്ട്; അത് ചെയ്യാൻ കൂടി അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ജനാധിപത്യ ആശയങ്ങളോടുള്ള വിപ്രതിപത്തി ആയി മാത്രമേ കാണാൻ സാധിക്കൂ.
എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ പല പ്രാവശ്യം ഇതിനകം മണിപ്പൂർ സന്ദർശിച്ചു; ആദ്യത്തെ സന്ദർശന വേളയിൽത്തന്നെ അദ്ദേഹം ഇരു വിഭാഗങ്ങളിലുമുള്ള ആളുകളെ കാണുകയും അവർക്കു പറയാനുള്ളത് കേൾക്കുകയും ചെയ്തു. സമാധാനം പുനഃസ്‌ഥാപിക്കാനാവശ്യമായ നടപടികൾ എടുക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തു. മെയ്തികൾക്കു ഭൂരിപക്ഷമുള്ള ഗവൺമെന്റ് നീതിയുക്തമായി പ്രവർത്തിക്കില്ലെന്നും അതുകൊണ്ടു തങ്ങൾക്കു മാത്രമായി മലമ്പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഭരണ മേഖല അനുവദിച്ചു തരണം എന്നുമാണ് കുക്കികളുടെ ആവശ്യം.
ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും മണിപ്പൂർ പൊലീസിന്റെ നടപടികളിൽ തങ്ങൾക്കു നീതി ലഭിക്കില്ല എന്ന കുക്കി വിഭാഗക്കാരുടെ പരാതിയിൽ കഴമ്പുണ്ട് എന്ന് കണ്ടിട്ടായിരിക്കണം, അവിടത്തെ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ കുൽദീപ് സിങ് എന്ന മുൻ ഐപിഎസ് ഉദ്യോഗസ്‌ഥനെ കേന്ദ്രസർക്കാർ നിയമിച്ചു. മണിപ്പൂരിലെ വിവിധ സേന വിഭാഗങ്ങൾ– അതായത്, സംസ്‌ഥാന പൊലീസ്, കരസേന, ആസാം റൈഫിൾസ്, ബി എസ് എഫ് അടക്കമുള്ള കേന്ദ്ര പാരാമിലിട്ടറി വിഭാഗങ്ങൾ എന്നിവയ്ക്കായി ഒരു ഏകീകൃത കമാൻഡ് സൃഷ്ടിക്കുകയും അതിന്റെ മേധാവിയായി അദ്ദേഹത്തെ നിയമിക്കുകയുമാണുണ്ടായത്.
ഈ നടപടികളൊന്നും പക്ഷേ സമാധാനം പുനഃസ്‌ഥാപിക്കാൻ പര്യാപ്തമായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷാ സേനകളുടെ ഏകീകൃത കമാന്റിന്റെ നേതൃത്വം കുൽദീപ് സിങ്ങിൽ നിന്നും എടുത്തുമാറ്റി സംസ്‌ഥാന സർക്കാരിനെ ഏൽപ്പിക്കണം എന്നാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടില്ല; പ്രധാനമന്ത്രി ഇടപെടുന്നുമില്ല എന്നതാണ് ഇപ്പോൾ മണിപ്പൂരിലെ അവസ്‌ഥ.
പണ്ട് കോൺഗ്രസുകാരനായിരുന്ന, ഇപ്പോൾ ബി ജെപിക്കാരനായ മുഖ്യമന്ത്രി ബീരേൻ സിങ്ങിന് തുടരാൻ യാതൊരു അർഹതയുമില്ലെന്നു തെളിയിച്ചിട്ടും അദ്ദേഹം എന്തുകൊണ്ട് തുടരുന്നു എന്നതും ദുരൂഹമായ കാര്യമാണ്. മണിപ്പൂരിൽ ഭരണസംവിധാനം പാടെ തകർന്നു എന്ന സുപ്രീംകോടതിയുടെ കർശനമായ നിരീക്ഷണം വന്നത് കഴിഞ്ഞ വർഷം ആഗസ്തിലാണ്. അതിനുശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അനുദിനം അത് വഷളാവുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
ജനങ്ങളിൽ ഭൂരിപക്ഷ വിഭാഗത്തിനനുകൂലമായി തീരുമാനങ്ങളെടുത്തുകൊണ്ട്- അവരെ പ്രീതിപ്പെടുത്തിയാൽ ഭരണം മുന്നോട്ടുകൊണ്ടുപോകാമെന്നുള്ള ബീരേൻ സിങ്ങിന്റെ കണക്കുകൂട്ടലും തെറ്റി: അദ്ദേഹം ഉൾപ്പെടുന്ന മെയ്തി വംശജരടക്കം ഇപ്പോൾ അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും സമാധാന ശ്രമങ്ങൾ നടത്തണം എന്നാവശ്യപ്പടുകയും ചെയ്യുന്ന അവസ്ഥയാണ്.
ഫലത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയോ സംസ്‌ഥാന സർക്കാരിന്റെയോ സുരക്ഷാ സൈന്യങ്ങളുടെയോ കൈകളിലാണ് സംസ്‌ഥാനത്തിന്റെ നിയന്ത്രണം എന്ന അവസ്‌ഥയല്ല മണിപ്പൂരിലേത്. പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിച്ചശേഷം അതുപയോഗിച്ച്- ഗോത്രവിഭാഗക്കാരെ ആക്രമിക്കുന്ന മെയ്തി വിഭാഗക്കാർ, അവർക്കു പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയും പൊലീസും, അവർക്കെതിരെ സായുധസമരങ്ങൾ സംഘടിപ്പിക്കുന്നു കുക്കികൾ, അവർ പരസ്പരം നടത്തുന്ന അക്രമങ്ങൾ, ഫലപ്രദമായി പ്രവർത്തിക്കാനാവാത്ത സുരക്ഷാ സൈന്യം എന്നിങ്ങനെ അത്യന്തം അപകടകരമായ അവസ്‌ഥയിലൂടെയാണ് ആ വടക്കുകിഴക്കൻ അതിർത്തി സംസ്‌ഥാനം ഇപ്പോൾ കടന്നുപോകുന്നത്.
സംസ്‌ഥാനത്തെ മുഴുവൻ വിഭാഗം ജനങ്ങളുടെയും അതൃപ്തിക്കു പാത്രമായ മുഖ്യമന്ത്രി ഇപ്പോഴും പദവിയിൽ തുടരുന്നത് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും പിന്തുണകൊണ്ടു മാത്രമാണ് എന്നതാണ് വസ്തുത. മുഖ്യമന്ത്രിമാരെ മാറ്റാൻ വലിയ മടിയൊന്നുമില്ലാത്ത പാർട്ടിയാണ് ബി ജെ പി. എന്നാൽ സുപ്രീം കോടതിയുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും മണിപ്പൂർ സന്ദർശിച്ച അനേകം വസ്തുതാന്വേഷക സംഘങ്ങളുടെയും നിശിതമായ വിമർശനത്തിനു പാത്രമായിട്ടും ഇന്നും ബീരേൻ സിങ് അധികാരത്തിൽ തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷിതത്വവും ഇല്ലാതായിട്ടും, അവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും ഫലമില്ലാതെ വന്നിരിക്കുന്നു.
*** *** *** ***
പലതരം മനുഷ്യർ ജീവിക്കുന്ന ഏതു സമൂഹത്തിലും ഭിന്നതകൾ ഉയർന്നു വരാറുണ്ട്; അവ പലപ്പോഴും എല്ലാവരുടെയും നാശത്തിലേക്കു നയിക്കാറുമുണ്ട്. അതുകൊണ്ടാണ് സംസ്കാരത്തിന്റെ ഭാഗമായി നിയമവാഴ്ച എന്ന ആശയത്തിലേക്ക് മനുഷ്യർ എത്തിച്ചേർന്നത്. അഭിപ്രായവ്യത്യാസങ്ങളും അനീതികളും പരിഹരിക്കാൻ നിയതമായ സംവിധാനങ്ങളുണ്ടാക്കി അവയൊന്നും കൈവിട്ടുപോകാതെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം എന്ന് മനുഷ്യർ മനസ്സിലാക്കിയത് തങ്ങളുടെതന്നെ അനുഭവത്തിൽനിന്നാണ്. മനുഷ്യ സമൂഹങ്ങൾക്കിടയിലെ ഭ്രംശരേഖകൾ ഒരു യാഥാർഥ്യമാണ്; എന്നാൽ അവ തങ്ങളുടെ മുന്നോട്ടുളള യാത്രകളെ ബാധിക്കാതിരിക്കാനുള്ള ബുദ്ധി ഉത്തരവാദിത്വബോധമുള്ള എല്ലാ സമൂഹങ്ങളും കാണിക്കാറുണ്ട്. ജനാധിപത്യ സമ്പ്രദായവും നിയമവാഴ്ചയുമൊക്കെ അത്തരം ബോധ്യങ്ങളുടെ ഉത്പന്നങ്ങളാണ്.
മറ്റു സംസ്‌ഥാനങ്ങളിൽ വിഘടനവാദം ഉയർന്നുവരാൻ പല കാരണങ്ങളുമുണ്ടായിരുന്നു; എന്നാൽ മണിപ്പൂരിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം പരിഹരിക്കാതെ അവിടത്തെ വിവിധ ജനവിഭാഗങ്ങളെ അക്രമത്തിലേക്കും അസമാധാനത്തിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിവിടുകയാണ് കേന്ദ്ര-–സംസ്‌ഥാന സർക്കാരുകൾ ചെയ്യുന്നത്. ഏകപക്ഷീയവും അനീതിപരവുമായ നിലപാടെടുക്കുന്ന സംസ്‌ഥാന സർക്കാരും അവയുണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരും ചേർന്ന് ഇതിനകം തന്നെ അവിടത്തെ അവസ്‌ഥ പരമാവധി വഷളാക്കിയിട്ടുണ്ട്. എൻ ഡി എ സഖ്യകക്ഷിയും മേഘാലയയിലെ ഭരണകക്ഷിയുമായ എൻ പി പി യുടെ നിലപാട് ഒരു സൂചനയായി എടുക്കുകയും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലെ ഗോത്രജനതകളുടെ പാരസ്പര്യം മനസ്സിലാക്കുകയും ചെയ്താൽ മണിപ്പൂരിലെ പ്രശ്നം കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് പരിഹരിക്കാവുന്നതേയുള്ളൂ. സമയത്തു പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് മേഖലയെ ആകെ ബാധിക്കുന്ന വിഷയമായി മാറാൻ സാധ്യതയുണ്ട് എന്ന കാര്യം ആരും അംഗീകരിക്കും.
മണിപ്പൂരിൽ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും പുനഃസ്‌ഥാപനത്തിനായി രാജ്യത്തെ എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളും ഒന്നിച്ചു ശബ്ദമുയർത്തേണ്ടതുണ്ട്. അതുണ്ടായില്ലെങ്കിൽ സമീപ ഭാവിയിൽ രാജ്യത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നമായി മണിപ്പൂരിലെ ആഭ്യന്തര സംഘർഷം മാറിയേക്കാം. l