ഇന്നത്തെ ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടുവന്നത് ബ്രിട്ടീഷ-് വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത മതവിശ്വാസികളും വിവിധ ജനവിഭാഗങ്ങളുമെല്ലാം അണിനിരന്ന ഒരു മഹാ പ്രവാഹമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നമ്മുടെ രാജ്യം മതനിരപേക്ഷ രാഷ്ട്രമായി മാറുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന മതനിരപേക്ഷതയെ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ അതിനെ തകര്‍ക്കാന്‍ നിലകൊണ്ട ആര്‍.എസ്.എസ് അടക്കമുള്ള മതരാഷ്ട്രവാദികള്‍ക്ക് ഇത്തരമൊരു ആശയത്തെ സ്വീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ച് നിര്‍ത്തി രാഷ്ട്രീയ ലാഭം നേടുക എന്നതാണ് അവരുടെ സമീപനം. മണിപ്പൂരിലെ ഭൂരിപക്ഷം വരുന്ന ഗോത്ര വര്‍ഗത്തിന്റെ പട്ടികയില്‍പെടാത്ത മെയ്-ത്തി വിഭാഗത്തെക്കൂടി കുക്കി വിഭാഗം ഉൾപ്പെടുന്ന പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിന് അടിയന്തിര കാരണമായിത്തീര്‍ന്നത്. കുക്കി വിഭാഗത്തിന് തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഇതുമൂലം ഉണ്ടായി. ഈ പ്രശ്നത്തെ ശരിയായ അര്‍ത്ഥത്തില്‍ സമീപിക്കുന്നതിനുപകരം രാഷ്ട്രീയ ലാഭത്തിനും വർഗീയ ധ്രുവീകരണത്തിനും ഇടയാക്കുന്നവിധം ബിജെപി ഇടപ്പെട്ടതാണ് സ്ഥിതിഗതികളെ ഗുരുതരമായ അവസ്ഥയില്‍ എത്തിച്ചത്. സംഘപരിവാര്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി യതോടെയാണ് മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങിയത്.
മണിപ്പൂരിലെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കാനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. മണിപ്പൂരിലെ കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടും ബിജെപി അതിന്റെ ഗൗരവം മനസ്സിലാക്കി ഇടപെട്ടില്ല. ഇന്ന് മണിപ്പൂര്‍ മൂന്ന് മേഖലകളായി മാറിയിരിക്കുകയാണ്. കുക്കി മേഖല, മെയ്ത്തികളുടെ മേഖല, ഇവയ്ക്ക് ഇടയില്‍ കേന്ദ്ര സേനകളുടെ മേഖല എന്നിങ്ങനെ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തില്‍പോലും വലിയ കലാപമാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളിലായി അത് വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു.
നവംബര്‍ മൂന്നാം വാരം 11 കുക്കികളെ കേന്ദ്രസേന വധിച്ചതിന് പ്രതികാരമായി ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുമാസവും രണ്ടരവയസ്സുമുള്ള കുട്ടികളടക്കം ആറ് മെയ്-ത്തികളെ വധിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു മെയ്-ത്തി യുവാവും പൊലീസ് വെടിവയ്-പ്പില്‍ കൊല്ലപ്പെട്ടു. ഒരു ഭാഗത്ത് കൊലപാതക പരമ്പര തുടരുമ്പോള്‍ മറുഭാഗത്ത് മന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വീടുകളും ഓഫീസുകളും അഗ്നിക്കിരയാക്കപ്പെടുകയാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ കുടുംബവസതി ആക്രമിക്കപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമനായ തോംഗാം ബിശ്വജിത്തിന്റെയും മൂന്നാമനായ ഗോവിന്ദാസിന്റെയും വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. ഒമ്പത് ബിജെപി എംഎല്‍എമാരുടെയും ഒരു കോണ്‍ഗ്രസ് എംഎല്‍എ യുടെയും അടക്കം 14 എംഎല്‍എമാരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇംഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെയും പരസ്യ പലകകളും ജനക്കൂട്ടം തകര്‍ത്തു. ജിരിബാമില്‍ സി.ആര്‍.പി.എഫ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 11 പേരുടെ ശവസംസ്കാരം നടത്താന്‍ കുക്കികള്‍ തയ്യാറായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മറവുചെയ്യൂ എന്നാണ് കുക്കി സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
ഒരുഭാഗത്ത് പരസ്പരം ആക്രമണവും വെടിവയ്പും നടക്കുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയും അതിവേഗം വഷളാകുകയാണ്. മെയ-്-ത്തി നേതാവിനെപ്പോലെ തീര്‍ത്തും പക്ഷപാതപരമായി പെരുമാറുന്ന മുഖ്യമന്ത്രി ബിരേന്‍ സിങ്ങില്‍ സഖ്യകക്ഷികള്‍ക്കും സ്വന്തം എംഎല്‍എമാര്‍ക്കും വിശ്വാസം നഷ്ടപ്പെടുകയാണ്. ബിജെപി കഴിഞ്ഞാല്‍ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നാരോപിച്ചാണ് ഏഴ് എംഎല്‍എമാരുള്ള എന്‍പിപി പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും ബിരേന്‍ സിങ് സര്‍ക്കാരിനുള്ള ജനപിന്തുണ നാള്‍ക്കുനാള്‍ കുറയുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. രണ്ട് എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്തുണ പിന്‍വലിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് മറ്റൊരു കക്ഷികൂടി പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ ആവശ്യപ്പെട്ടത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എങ്ങനെയാണ് മണിപ്പുര്‍ സംഭവം വീക്ഷിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ്. ഘടകകക്ഷികള്‍ മാത്രമല്ല, ജിരിബാം മണ്ഡലത്തിലെ ബിജെപി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അടക്കം എട്ടുപേര്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയില്‍നിന്ന് രാജിവെച്ചു. സ്പീക്കര്‍ സത്യബ്രതസിങ്ങും വിദ്യാഭ്യാസ മന്ത്രി ബിശ്വജിത്ത് സിങ്ങും ഉള്‍പ്പെടെ 19 ബിജെപി എംഎല്‍എമാര്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞമാസം കത്തെഴുതി. ഇംഫാലില്‍ എല്ലാം സാധാരണ നിലയിലാണെന്ന് വരുത്തിത്തീര്‍ക്കാനായി മുഖ്യമന്ത്രി ചൊവ്വാഴ്ച ഇംഫാലിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തില്‍നിന്ന് 11 പേര്‍ വിട്ടുനിന്നു. ഇതില്‍ ഏഴു പേര്‍ ബിജെപിക്കാരാണ്. ഇതെല്ലാം തെളിയിക്കുന്നത് കേന്ദ്രസര്‍ക്കാരും ബിജെപിയും സംരക്ഷിക്കുന്ന ബിരേന്‍ സിങ്ങിന് പിന്തുണ കുറഞ്ഞുവരികയാണെന്നാണ്.
മണിപ്പൂര്‍ കത്തിയെരിയുമ്പോഴും അതൊന്നും വിഷയമാക്കാതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ആഫ്രിക്ക, ലാറ്റിനമേരിക്ക സന്ദര്‍ശനത്തിലും. എന്നാല്‍, സ്ഥിതിഗതികള്‍ കൈവിടുമെന്നായതോടെ പ്രചാരണം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അമിത് ഷാ നിര്‍ബന്ധിതനായി. നവംബര്‍ 18, 19 തിയതികളില്‍ ഉന്നതതല യോഗം വിളിച്ച അമിത് ഷാ 50 കമ്പനി കേന്ദ്ര പൊലീസ് സേനയെ മണിപ്പൂരിലേക്ക് അയക്കാന്‍ തീരുമാനിച്ചു.
സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യംവേണ്ടത് വിവിധ ജനവിഭാഗങ്ങളുമായും രാഷ്ട്രീയ പ്രതിനിധികളുമായും ആശയവിനിമയം നടത്തുകയാണ്. അതിനായി സര്‍വകക്ഷിയോഗം ഉടന്‍ വിളിക്കണം. സൈനിക നടപടിയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇനിയെങ്കിലും മോദി സര്‍ക്കാര്‍ മനസ്സിലാക്കണം. സംഘര്‍ഷം തുടങ്ങി ഒന്നരവര്‍ഷമായിട്ടും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. വിവിധ ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള നടപടികള്‍ക്ക് അതിവേഗം തുടക്കമിടണം. കശ്മീര്‍, പഞ്ചാബ്, ബാബ്റി മസ്ജിദ് വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ ദേശീയോദ്ഗ്രഥന സമിതി വിളിച്ച് അതതുകാലത്തെ സര്‍ക്കാരുകള്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍, മോദിസര്‍ക്കാര്‍ അധികാരമേറിയതോടെ ദേശീയോദ്ഗ്രഥന സമിതി പഴങ്കഥയായി. 11 വര്‍ഷത്തിനിടെ വിഷയങ്ങള്‍ ഏറെയുണ്ടായെങ്കിലും ഒരു യോഗംപോലും വിളിച്ചില്ല.
ദേശീയോദ്ഗ്രഥനത്തെക്കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ചും ഐക്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും. എന്നാല്‍, അവര്‍ പിന്തുടരുന്നത് കൊളോണിയല്‍ മേധാവികള്‍ സ്വീകരിച്ച ‘ഭിന്നിപ്പിച്ച് ഭരിക്കല്‍’ തന്ത്രമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം നേടാനായി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുകയാണ്. അടുത്തിടെ ആദിത്യനാഥ് ഉയര്‍ത്തിയ മുദ്രാവാക്യവും ഇതുതന്നെയാണ്. രാജ്യത്ത് ഹിന്ദുക്കളെ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികൾക്കുമെതിരെയും ക്രിസ്ത്യാനികളെ മുസ്ലിങ്ങള്‍ക്കെതിരെയും അണിനിരത്തുന്നു. ഹിന്ദി സംസാരിക്കുന്നവരെ മറ്റു ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെ തിരിച്ചുവിടുന്നു. പച്ചക്കറി ഭക്ഷണം കഴിക്കുന്നവരെ മാംസാഹാരികള്‍ക്കെതിരെ തിരിക്കുന്നു. ജാട്ടുകളെ ജാട്ട് ഇതര ജാതിക്കാര്‍ക്കെതിരെയും (ഹരിയാന) യാദവരെ അതിപിന്നാക്ക ജാതിക്കാര്‍ക്കെതിരെയും (ബിഹാര്‍, യു.പി) അണിനിരത്തി അധികാരം നേടാന്‍ ശ്രമിക്കുന്നു. ഹിന്ദുത്വ രാഷ്ട്രവാദികളുടെ ഭരണഘടനയായ മനുസ്മൃതി തന്നെ മനുഷ്യരെ ജാതിയറകളില്‍ തളയ്ക്കുകയായിരുന്നല്ലോ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും മണിപ്പൂരിനെ അശാന്തമാക്കിയതും ബിജെപിയുടെ ഈ ഭിന്നിപ്പിക്കല്‍ നയമാണ്. സനമാഹിസം എന്ന പരമ്പരാഗത മതസമ്പ്രദായത്തില്‍ വിശ്വസിച്ച മെയ്-ത്തികളെ ആദ്യം വൈഷ്ണവരാക്കിയും പിന്നീട് ഹിന്ദുത്വ രാഷ്ട്രവാദികളാക്കിയും മാറ്റിയ സംഘപരിവാര്‍ ക്രമേണ അവരെ ക്രിസ്തുമതക്കാരായ കുക്കികള്‍ക്കെതിരെ അണിനിരത്തി. കുക്കികളോട് പൊരുതാന്‍ ആരംബായ് തെംങ്കോല്‍ എന്ന സായുധസംഘത്തിനും രൂപം നല്‍കി. ഭൂരിപക്ഷമായ മെയ്-ത്തികളുടെ പിന്തുണയോടെ എന്നും അധികാരത്തില്‍ തുടരാമെന്ന ചിന്തയില്‍നിന്നാണ് സംഘര്‍ഷം ആരംഭിച്ചത്. അതിന്ന് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മുറിവേല്‍പ്പിച്ചു. അതുകൊണ്ടാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൈകളില്‍ രാജ്യം സുരക്ഷിതമല്ലെന്ന് സിപിഐ എം നേരത്തേതന്നെ പറഞ്ഞത്. സ്വന്തം ജനങ്ങളില്‍ ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ‘ഐക്യാഹ്വാന’മാണ് സംഘപരിവാര്‍ നടത്തുന്നത്. അന്തിമമായി അത് വിഭജനത്തിലേക്കും അന്തമില്ലാത്ത സംഘര്‍ഷത്തിലേക്കുമാണ് നയിക്കുക. മണിപ്പൂര്‍ ഒരു തുടക്കം മാത്രമാണ്. മിസോറാമിലെ മെയ്-ത്തികള്‍ ഭയത്തിലാണ് കഴിയുന്നത്. മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതേനയമാണ് ബിജെപി സ്വീകരിക്കുന്നത്. മിസോറമിലും നാഗാലാന്‍ഡിലും ക്രിസ്ത്യാനികളെ കൂടെ നിര്‍ത്തി ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്കെതിരെ തിരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ബന്ധം മെച്ചപ്പെടുത്തിയെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍, യഥാർത്ഥത്തിൽ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ അകറ്റിയത് മോദി ഭരണമാണ്.
ജനങ്ങളെ സ്വത്വപരമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷിടിച്ചത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരെ കഞ്ചാവ് കൃഷിക്കാരായി മുദ്രകുത്തി. കുക്കി വിരുദ്ധത ആളിക്കത്തിച്ച് ഭൂരിപക്ഷം വരുന്ന മെയ്-ത്തി വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കുകയായിരുന്നു ലക്ഷ്യം. വലിയ സംഘര്‍ഷമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ ജനത എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് തെളിയിക്കുകയാണ് ബിജെപിയുടെ സഖ്യകക്ഷി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ഗത്യന്തരമില്ലാതെ സൈന്യത്തിനുള്ള പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ (AFSPA) പ്രഖ്യാപിച്ചിരിക്കുകയാണ്. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭവും വളര്‍ന്നുവന്നിരിക്കുന്നു. മണിപ്പൂരിലെ വംശീയ സംഘര്‍ഷംപോലെ രാജ്യത്താകെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നടപടികളിലേക്കും സംഘപരിവാര്‍ കടക്കുകയാണ്. അതിന് നീതിന്യായപീഠത്തെപ്പോലും ഉപയോഗപ്പെടുത്തുന്ന നില ഉണ്ടാവുകയാണ്. 1947 ആഗസ്ത് 15 ന് ഉള്ള നില, ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കണമെന്ന നിയമത്തെ പരിശോധിക്കുന്നതിനുള്ള നടപടികളിലേക്കാണ് സുപ്രീം കോടതി കടക്കുന്നത്. മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍പോലെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രത ഉയരേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെ തകര്‍ക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളെയാകെ അണിനിരത്തേണ്ടതിന്റെ പ്രാധാന്യം മണിപ്പൂര്‍ ഓര്‍മ്മപ്പെടുത്തുന്നു. l