Thursday, November 21, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ശ്രീലങ്കയിലെ 
കമ്യൂണിസ്റ്റ് പ്രസ്ഥാനം–2

ശ്രീലങ്കയിലെ 
കമ്യൂണിസ്റ്റ് പ്രസ്ഥാനം–2

എം എ ബേബി

ജെ വിപിയുടെ നേതൃത്വത്തിൽ നടന്ന, ഏപ്രിൽ കലാപം എന്ന പേരിൽ അറിയപ്പെടുന്ന സായുധ പോരാട്ടത്തെ എസ്എൽഎഫ്പി നേതാവ് സിരിമാവോ ബന്ദാരനായകെയുടെ ഗവൺമെന്റ് സർവശക്തിയും സമാഹരിച്ചാണ് അടിച്ചമർത്തിയത്. അവർക്കതിന് ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യാ ഗവൺമെന്റ് ജെവിപിയെയും അവർ നയിച്ച കലാപത്തെയും അടിച്ചമർത്തുന്നതിന് എയർഫോഴ്സിന്റെ പെെലറ്റ്മാരെ വിട്ടുകൊടുത്തു. ഇന്ത്യൻ വേ-്യാമസേനയുടെ അഭിമാനമായി കരുതിയിരുന്ന മിഗ് വിമാനങ്ങളും ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. അങ്ങനെ നോക്കുമ്പോൾ 1971 ഏപ്രിൽ മാസത്തിൽ ജെവിപി നേരിട്ടത് ഭീകരമായ ഒരു കടന്നാക്രമണത്തെയാണെന്ന് കാണാൻ കഴിയും; ഒപ്പം ആ പോരാട്ടത്തിന്റെ വെെപുല്യവും അതിനു ലഭിച്ച പിന്തുണയും വ്യക്തമാവും.

എന്നാൽ ഈ പ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള വഴിയെന്തെന്നാരാഞ്ഞ സിരിമാവൊ ബന്ദാരനായകെ ഗവൺമെന്റ് ജെവിപിയുടെ അനുഭാവികളെയടക്കം കൂട്ടത്തോടെ അറസ്റ്റു ചെയ്ത് തുറുങ്കിലടയ്ക്കാനുള്ള വഴി തേടി. നിലവിലുള്ള നിയമപ്രകാരം ആയുധങ്ങളോടുകൂടിയല്ലാതെ ആരെയും പിടികൂടി പ്രോസിക്യൂട്ട് ചെയ്യാനാവുമായിരുന്നില്ല. റോഹന്ന വിജെവീരെയെ അറസ്റ്റുചെയ്ത് ജയിലിലടച്ചത് യഥാർഥത്തിൽ ഏപ്രിൽ കലാപം ആരംഭിക്കുന്നതിനും മുൻപായിരുന്നു. ഈ സാഹചര്യത്തിൽ പുതിയൊരു നിയമനിർമാണത്തിന് നീക്കം തുടങ്ങി. മുൻകാലത്ത് എപ്പോഴെങ്കിലും എന്തെങ്കിലും കുറ്റകൃത്യത്തിലേർപ്പെട്ടിട്ടുള്ളതായി ആരോപിക്കപ്പെട്ടാൽ അവരെ പിന്നീട് ഏതൊരു ഘട്ടത്തിലും പിടികൂടാനും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഇയാൾ ഭാവിയിൽ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രസ്താവിച്ച് ശിക്ഷിക്കാനും ഈ നിയമം സർക്കാരിന് അധികാരം നൽകുന്നു. ഈ നിയമം പാസാക്കാൻ ഭരണകക്ഷിയായ എസ്എൽഎഫ്പിയും പ്രതിപക്ഷമായ യുഎൻപിയും ഒന്നിച്ച് നിന്നു. 1975 ൽ വിജെവീരെയെ ജീവപര്യന്തം ജയിൽ ശിക്ഷക്കു വിധിച്ചത് ഈ നിയമത്തിലെ വ്യവസ്ഥകൾപോലും മറികടന്നാണ്. എന്നാൽ ആ ശിക്ഷ പിന്നീട് 20 വർഷത്തെ കഠിനതടവായി ‘ഇളവ്’ ചെയ്തു. ജെവിപിയെയും അതിന്റെ നേതൃത്വത്തെയും ശ്രീലങ്കൻ ഭരണവർഗം എത്രത്തോളം ഭയന്നിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ശ്രീലങ്കൻ ഭരണവർഗത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള മൂലധന ശക്തികളുടെയും പിന്തുണയുണ്ടായിരുന്നു.

എന്നാൽ ഒരു വർഷംപോലും പിന്നിടുംമുൻപ് വിജെവീരെ ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെയെല്ലാം ജയിലിൽനിന്ന് വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ച് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചു. അടിയന്തരാവസ്ഥാ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനായി തൊഴിലാളികളും വിദ്യാർഥികളും തെരുവിലിറങ്ങി. ഈ പ്രക്ഷോഭത്തിന്റെ ഫലമായി ജെവിപിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതമായി. 1971ലെ ഏപ്രിൽ കലാപവുമായി ബന്ധപ്പെട്ടുണ്ടായ പിശകുകൾ തിരിച്ചറിഞ്ഞ് തിരുത്താനും നിയമപരമായ പ്രവർത്തനങ്ങളിലേർപ്പെടാനും ജെവിപിയും തയ്യാറായി.

1977ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സിരിമാവോ ബന്ദാര നായകെയുടെ എസ്എൽഎഫ്പി പരാജയപ്പെടുകയും കടുത്ത അമേരിക്കൻ പക്ഷപാത നിലപാടുള്ള യുഎൻപി എന്ന വലതുപക്ഷ പാർട്ടി അധികാരത്തിലെത്തുകയും ചെയ്തു. രാഷ്ട്രീയ തടവുകാരെയാകെ മോചിപ്പിക്കണമെന്ന, തിരഞ്ഞെടുപ്പുകാലത്ത് ശക്തമായി ഉയർന്ന ആവശ്യത്തിൽ നേട്ടമുണ്ടാക്കിയത് പ്രതിപക്ഷത്തുനിന്നിരുന്ന യുഎൻപിയായിരുന്നു. ആ നിലയിൽ യുഎൻപിയുടെ വിജയത്തിന് ഈ പ്രക്ഷോഭം വഴിയൊരുക്കിയെന്നു നിസ്സംശയം പറയാനാകും. ആ പശ്ചാത്തലത്തിൽ അധികാരത്തിൽ വന്ന യുഎൻപി ഗവൺമെന്റ് റോഹന്ന വിജെവീരെ ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു.

ജെവിപി നേതൃത്വവും കാഡർമാരും ജയിൽമോചിതരായി പുറത്തുവന്നതോടെ വർധിതവീര്യത്തോടെ അവർ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ചിട്ടയായ സംഘടനാപ്രവർത്തനം ആരംഭിച്ചു. കൂട്ടത്തിൽ സാർവദേശീയ രംഗത്ത് ബന്ധങ്ങൾ സ്ഥാപിക്കാനും ശ്രദ്ധ ചെലുത്തി. അതിന്റെ ഭാഗമായി അവർ 1978ൽ ഹവാനയിൽ ചേർന്ന പതിനൊന്നാമത് അന്താരാഷ്ട്ര യുവജനോത്സവത്തിൽ പങ്കെടുക്കാൻ വിജെവീരെ ഉൾപ്പെടെ അഞ്ച് പ്രതിനിധികളെ അയച്ചു. ലോകത്തിലെ വിവിധ കമ്യൂണിസ്റ്റ്–തൊഴിലാളി പാർട്ടികളുമായി ബന്ധം സ്ഥാപിക്കാൻ ഇതുവഴി അവർക്ക് കഴിഞ്ഞു.

1978 ജൂലെെ മാസം ഹവാനയിൽവച്ച് റോഹന്ന വിജെവീരയും സഹപ്രവർത്തകരുമായി സഖാക്കൾ പ്രകാശ് കാരാട്ട്, ബിമൽ ബസു എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഭാഷണം ഈ ലേഖകന് ഓർമയുണ്ട്. ശ്രീലങ്കൻ തമിഴ് ന്യൂനപക്ഷത്തിന്റെ പ്രശ്നം അന്ന് ഗൗരവമായി ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു. ഫിദൽ കാസ്ട്രോയും ചെഗുവേരയും തങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രചോദനമാണെന്ന് അന്നത്തെ സംഭാഷണത്തിൽ അവർ സൂചിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

ശ്രീലങ്ക: നാടും ജനതയും
ന്ത്യയുടെ തെക്കേയറ്റത്ത് ഇന്ത്യാ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. പഴയ പേര് സിലോൺ. ഇപ്പോഴത്തെ ഔദ്യോഗിക നാമം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഒാഫ് ശ്രീലങ്ക. ഇന്ത്യയുടെ ചരിത്രവുമായും ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന രാജ്യം. മൂവായിരം വർഷത്തോളം ചരിത്രമുള്ള നാടുമാണിത്.ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശ്രീലങ്കയെ ഇന്ത്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നത് മാന്നാർ ഉൾക്കടലും പാക് കടലിടുക്കുമാണ്. മാലദ്വീപുമായും ഇന്ത്യയുമായും സമുദ്രാതിർത്തി പങ്കിടുന്നു.

തലസ്ഥാനം: കൊളംബൊ
ഔദ്യോഗിക ഭാഷകൾ: സിംഹളം, തമിഴ്
അംഗീകൃത ഭാഷ: ഇംഗ്ലീഷ്
വംശീയ വിഭാഗങ്ങൾ: സിംഹളർ (74.9%), ശ്രീലങ്കൻ തമിഴർ (11.2%), ശ്രീലങ്കൻ മൂറുകൾ (9.2%), ഇന്ത്യൻ തമിഴർ (4.2%), ഇതരർ (0.5%).
മതം: ബുദ്ധമതം, ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം.
ജനസംഖ്യ: 2,20,37,000
നാണയം: ശ്രീലങ്കൻ രൂപ
വിസ‍്തീർണം: 65,610 ചതുരശ്ര കി.മീ

1978ൽ ജെവിപി ഒന്നാം കോൺഗ്രസ് ചേർന്നു. 1979–1980 കാലത്തായി വിവിധ ബഹുജന സംഘടനകളുടെ ആദ്യത്തെ ദേശീയ സമ്മേളനങ്ങളും ചേർന്നു. ആ നിലയിൽ രാജ്യത്ത് നിയമവിധേയമായി പ്രവർത്തിക്കുന്ന ജനകീയാടിത്തറയുള്ള വിപ്ലവപാർട്ടിയായി മാറാൻ ജെവിപി നീക്കം ആരംഭിച്ചു. 1979ലെ തദ്ദേശ ഭരണതിരഞ്ഞെടുപ്പിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജെവിപി ആദ്യമായി മത്സരരംഗത്തിറങ്ങി. ആ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ലഭിച്ചില്ലെങ്കിലും കൊളംബോയിലെ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ജെവിപി ഉയർന്നുവന്നു; അങ്ങനെ ഏറ്റവുമധികം ജനപിന്തുണയുള്ള ഇടതുപക്ഷ പാർട്ടിയുമായി. 1981 ൽ ദേശീയാടിസ്ഥാനത്തിൽ നടന്ന ജില്ലാ വികസന സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെവിപിക്ക് 13 സീറ്റ് ലഭിച്ചു. 1982ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി റോഹന്ന വീജെവീര മത്സരിച്ചു. ആ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുൻപുമാത്രമാണ് ഒരു രാഷ്ട്രീയ പാർട്ടിയായി ജെവിപി ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്. ആ തിരഞ്ഞെടുപ്പ് ഫലം ശ്രീലങ്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ജെവിപി എന്ന് തെളിയിച്ചു. 4 ശതമാനം വോട്ടാണ് റോഹന്ന വിജെവീരക്ക് ലഭിച്ചത്.

ജെവിപിയുടെ ഈ മുന്നേറ്റത്തെ ആശങ്കയോടെയും ഭയത്തോടെയുമാണ് യുഎൻപി ഗവൺമെന്റ് കണ്ടത്. ഈ മുന്നേറ്റം തടയാനുള്ള നടപടികളിലേക്ക് ഗവൺമെന്റ് നീങ്ങി. ഇതിന്റെ ഭാഗമായി 1983ൽ നടക്കേണ്ട പാർലമെന്റ് തിരഞ്ഞെടുപ്പ് 6 വർഷത്തേക്ക് നീട്ടിവയ്ക്കാൻവേണ്ടി ഹിതപരിശോധന നടത്താൻ യുഎൻപി തീരുമാനിച്ചു. ഈ കാലത്തു തന്നെ തമിഴ് ന്യൂനപക്ഷ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശരിയായ നിലപാടിലേക്ക് കടക്കാത്തത് ജനങ്ങളിൽ അസംതൃപ്തി വളർത്തി. 11 വർഷമായി ശ്രീലങ്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നടന്നുകൊണ്ടിരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും ഗവൺമെന്റിനു കഴിഞ്ഞില്ല. 1983 ജൂലെെയിൽ സെെന്യത്തിന്റെ ട്രക്ക് സ്ഫോടനത്തിൽ 13 സെെനികർ കൊല്ലപ്പെട്ടു. തമിഴ് തീവ്രവാദികളുടെ ആസൂത്രണമാണ് ഇതിനു പിന്നിലെന്നാരോപിച്ച് സിംഹള തീവ്രവാദികൾ കൊളംബോയിലും മറ്റു നഗരങ്ങളിലുമുള്ള നിരപരാധികളായ തമിഴർക്കെതിരെ തിരിയാനുള്ള അവസരമാക്കി ഇതിനെ മുതലെടുത്തു. സിംഹള തീവ്രവാദികളുടെ അർധ സെെനിക സംഘങ്ങളും കൊള്ളക്കാരും അഴിഞ്ഞാടിയ കാലമായിരുന്നു അത്.

പ്രസിഡന്റ് ജയവർധനെ ജെവിപിയെയും കമ്യൂണിസ്റ്റു പാർട്ടിയെയും ഉൾപ്പെടെ അടിച്ചമർത്താനുള്ള അവസരമായി ഈ വംശീയാക്രമണങ്ങളെ ഉപയോഗിച്ചു. തമിഴ് വിരുദ്ധ കലാപങ്ങൾക്കുപിന്നിൽ ജെവിപിയും കമ്യൂണിസ്റ്റു പാർട്ടിയും എൽഎസ്എസ്-പിയുമാണെന്ന പച്ചക്കള്ളം സർക്കാർ മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. സോവിയറ്റ് യൂണിയനെയും ഇതുമായി ബന്ധപ്പെട്ട് ജയവർധനെ ഗവൺമെന്റ് കുറ്റപ്പെടുത്തി. അതേസമയംതന്നെ ജയവർധനെ സർക്കാരിന്റെ നിലപാടുകളിൽ അമർഷമുണ്ടായിരുന്ന ഇന്ത്യാ ഗവൺമെന്റ് തമിഴ‍് വിഘടനവാദി സംഘടനകൾക്ക് പിന്തുണ നൽകി. ഇന്ത്യൻ രഹസ്യാനേ-്വഷണ ഏജൻസിയായ റോ (RAW– – -Research and Analysis Wing) ശ്രീലങ്കയിലെ തമിഴ് ഇൗഴം പ്രസ്ഥാനത്തിന് പിന്തുണ നൽകുന്നുമുണ്ടായിരുന്നു. രാജ്യത്തിന്റെ ദീർഘകാല താൽപ്പര്യങ്ങൾപോലും കണക്കിലെടുക്കാതെയാണ് ഇന്ത്യാ ഗവൺമെന്റ് അന്ന് പ്രവർത്തിച്ചത്. അക്കാലത്തെ (1983 മുതൽ) ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തെ തുടർന്ന് ഒരു ലക്ഷത്തിലേറെ തമിഴ് അഭയാർഥികളാണ് ഇന്ത്യയിലേക്ക് ഒഴുകിയത്.

ഈ ഘട്ടത്തിൽ സ്വാഭാവികമായും ദേശീയപ്രശ്നം സജീവമായി ചർച്ച ചെയ്യേണ്ടതായി വന്നു. ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇന്ത്യയുടെ ഇടപെടലാണ് ജെവിപിയെ തമിഴ് വിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ സിംഹള ദേശീയത ഉയർത്തിപ്പിടിക്കുന്ന നിലപാടിൽ എത്തിച്ചത്. 1983ലെ തമിഴ് വിരുദ്ധ കലാപത്തിന് ജെവിപി ആഹ്വാനം ചെയ്തിരുന്നില്ലെങ്കിലും അതിലെ പ്രവർത്തകർ പലരും അതിൽ പങ്കെടുത്തിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല.

ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ഇന്ത്യാ ഗവൺമെന്റിന്റെ നിലപാടിനെതിരെ ജെവിപി നിരന്തരം കാംപെയ്ൻ നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ജെവിപി ഇന്ത്യാ ഗവൺമെന്റിനെയും അമേരിക്കൻ പക്ഷത്തുനിൽക്കുന്ന ശ്രീലങ്കയിലെ യുഎൻപി സർക്കാരിനെയും തമിഴ് വിഘടനവാദികളെയും എതിർക്കാനും അവരുമായി ഏറ്റുമുട്ടാനും തീരുമാനിച്ചത്. ഇതിനിടയിൽ 1987 ജൂലെെ മാസത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനെയും ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ചേർന്ന് ഇന്ത്യ–ശ്രീലങ്ക കരാറുണ്ടാക്കുകയും അതു പ്രകാരം ഇന്ത്യൻ സേനയെ ശ്രീലങ്കയിൽ വിന്യസിക്കുകയും ചെയ‍്തു.

ഈ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ പരമാധികാരം സംരക്ഷിക്കാനും ചൂഷണവ്യവസ്ഥയ്ക്ക് വിരാമമിടാനുമായി ജെവിപി സായുധ പോരാട്ടത്തിലേക്ക് തിരിഞ്ഞു. ജയവർധനെ സർക്കാരും സർക്കാർ അനുകൂല വലതുപക്ഷ സായുധ സംഘങ്ങളുമായുമുള്ള പോരാട്ടത്തിന്റെ (1987–1989) ഒടുവിൽ ജെവിപി പരാജയപ്പെടുത്തപ്പെട്ടു. 60,000ത്തിലധികം ആളുകളാണ് ഈ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ജെവിപിയുടെ കേന്ദ്ര കമ്മിറ്റിയിലെ മിക്കവാറും എല്ലാ അംഗങ്ങളും, ഒരാളൊഴികെ മുഴുവൻ പൊളിറ്റ് ബ്യൂറോ അംഗങ്ങളും, അറസ്റ്റു ചെയ്യപ്പെടുകയും തടവറയിൽ വച്ച് കൊലപ്പെടുത്തപ്പെടുകയും ചെയ്തു. 1987–89ലെ സായുധകലാപം അങ്ങനെ ജെവിപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി. ഭരണകൂടത്തിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ട ഏക പൊളിറ്റ് ബ്യൂറോ അംഗമായ സോമവംശ അമരസിംഗെ രഹസ്യമായി വിദേശത്തേക്കു കടക്കുകയും അവിടെനിന്ന് പാർട്ടി പുനഃസംഘടിപ്പിക്കാനുള്ള പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. ജനങ്ങൾക്കിടയിലും കാടുകളിലുമായി ഒളിവിലും ജയിലിലും വിദേശത്തുമായി കഴിഞ്ഞിരുന്ന ജെവിപി അംഗങ്ങൾ ആ പ്രതികൂലാവസ്ഥയിലും തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ചു.

1990കളായപ്പോൾ, പ്രത്യേകിച്ചും 1993 നുശേഷം യുഎൻപിയുടെ ജനപിന്തുണ വൻതോതിൽ ഇടിയാൻ തുടങ്ങി. 1993ൽ തെക്കൻ പ്രവിശ്യകളിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ യുഎൻപി പരാജയപ്പെട്ടു. അടിയന്തരാവസ്ഥാ നിയമങ്ങളെ ഫലത്തിൽ അപ്രസക്തമാക്കി ജനങ്ങൾ പരസ്യമായ രാഷ്ട്രീയ പ്രവർത്തനത്തലേർപ്പെടാനാരംഭിച്ചു. 1994ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജെവിപി മത്സരിച്ചു. ശ്രീലങ്ക പ്രോഗ്രസീവ് ഫ്രണ്ടുമായി ചേർന്ന് ദേശീയ വിമോചന മുന്നണിക്ക് രൂപം നൽകിയാണ് ജെവിപി മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ മൊത്തം 225 പാർലമെന്റ് സീറ്റുള്ളതിൽ ഒരു സീറ്റാണ് ജെവിപി മുന്നണിക്ക് ലഭിച്ചത്. 1994 നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ജെവിപി സ്ഥാനാർഥിയായി ഗളപതി നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും ചന്ദ്രിക ബന്ദാരനായകെ കുമാരതുംഗയ്ക്കായി പിന്മാറുകയുണ്ടായി. യുഎൻപി ഭരണകാലത്തുകൊണ്ടുവന്ന എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവി താൻ അധികാരത്തിൽ വന്നാൽ റദ്ദു ചെയ്യുമെന്നായിരുന്നു ചന്ദ്രിക ജെവിപിക്കും ജനങ്ങൾക്കും നൽകിയ ഉറപ്പ്. എന്നാൽ അധികാരത്തിൽ വന്നശേഷം അവർ വാക്കുപാലിച്ചില്ല. നാളിതുവരെ മാറിമാറിവന്ന ഭരണാധികാരികളൊന്നുംതന്നെ അത് നടപ്പാക്കിയിട്ടില്ല. ഇപ്പോൾ ദിസനായകെയുടെ മുഖ്യവാഗ്ദാനങ്ങളിലൊന്ന് അതാണ്.

1995 മെയ് മാസത്തിൽ ജെവിപി അസാധാരണ പാർട്ടി കോൺഗ്രസ് ചേർന്ന് പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി. എസ്എൽഎഫ്പിയുടെ നേതൃത്വത്തിലുള്ള ജനകീയസഖ്യത്തിന്റെ സർക്കാരിനെ അട്ടിമറിക്കാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഎൻപി നീക്കം തുടങ്ങിയപ്പോൾ അതിനെതിരായ ജനകീയ സഖ്യത്തിന് ജെവിപി പിന്തുണ നൽകി. രാജ്യത്തെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയെന്ന ഉറപ്പാണ് ഇതിനു പകരമായി സർക്കാരിനോട് ജെവിപി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരും ജെവിപിയും തമ്മിൽ ധാരണയുണ്ടാക്കി ഒരു വർഷത്തിനകം മന്ത്രിമാരുൾപ്പെടെ സഖ്യത്തിലെ ഒരു വിഭാഗം അംഗങ്ങൾ കൂറുമാറി യുഎൻപിക്കൊപ്പം ചേർന്നു. 2001 ഡിസംബറിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് ജനകീയ സഖ്യം ഗവൺമെന്റ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. സഖ്യം ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

2002ൽ കൊളംബോയിൽ ജെവിപിയുടെ മൂന്നാം കോൺഗ്രസ് ചേർന്നു. 2002 നകം നടന്ന പ്രവർത്തനങ്ങളെതുടർന്ന് ജെവിപി ആയിരക്കണക്കിന് തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും സ്വന്തം പക്ഷത്തേക്ക് അണിചേർക്കുകയുണ്ടായി. അങ്ങനെ അംഗസംഖ്യയിൽ വലിയ വർധനയുണ്ടായി. അതേസമയം തന്നെ എസ്-എൽഎഫ്പിയുമായി സഖ്യമുണ്ടാക്കാൻ ജെവിപി ചർച്ച തുടങ്ങുകയും ചെയ്തു. ഈ ചർച്ചയെ തുടർന്നാണ് ജനകീയ സഖ്യത്തിന്റെ സ്ഥാനത്ത് യുണെെറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യുപിഎഫ്എ) രൂപീകരിക്കാൻ ധാരണയായത്. 2004 ഏപ്രിൽ രണ്ടിന് നടന്ന തിരഞ്ഞെടുപ്പിൽ ഈ സഖ്യം പാർലമെന്റിൽ ഭൂരിപക്ഷം നേടി. ആ മന്ത്രിസഭയിൽ ജെവിപി പ്രതിനിധികളായി അംഗങ്ങളായ നാലുപേരിൽ ഒരാൾ അനുര കുമാര ദിസനായകെ ആയിരുന്നു.

യുപിഎഫ്എയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒരിനം ശ്രീലങ്കയെ വംശീയാടിസ്ഥാനത്തിൽ വിഭജിക്കുന്നതിനെ എതിർക്കുമെന്ന പ്രസ്താവനയാണ്. എന്നാൽ അധികാരത്തിൽ വന്നശേഷം ചന്ദ്രിക കുമാരതുംഗെയും എസ്എൽഎഫ്പിയും ഇതുൾപ്പെടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ അവഗണിച്ച് മുന്നോട്ടുപോകാൻ തുടങ്ങി. യുപിഎഫ്എ ഗവൺമെന്റ് തുടർച്ചയായി ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയത് ജെവിപിയെ ബുദ്ധിമുട്ടിലാക്കി. 2004 അവസാനം ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യവൽക്കരിക്കാനുള്ള നിർദേശവുമായി എസ്എൽഎഫ്പി മുന്നോട്ടുവന്നു. ഈ നിർദേശം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജെവിപി ശക്തമായ പ്രതിഷേധമുയർത്തി; ഒടുവിൽ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ നിരന്തരം ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ജെവിപി മന്ത്രിമാർ രാജി പ്രഖ്യാപനം നടത്തിയപ്പോഴാണ് എസ്എൽഎഫ്പി ആ നീക്കം ഉപേക്ഷിച്ചത്. 2005 ആരംഭത്തിൽ എൽടിടിഇയുമായി ധാരണയുണ്ടാക്കാൻ നീക്കമാരംഭിച്ചപ്പോൾ ജെവിപി അതിനോട് വിയോജിച്ചു. എന്നാൽ ചന്ദ്രിക കുമാരതുംഗെ രഹസ്യമായി എൽടിടിഇയുമായി കരാറുണ്ടാക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ടുപോയതിനെ തുടർന്ന് യുപിഎഫ്എയിൽ നിന്ന് ജെവിപി പിൻവാങ്ങി. 2005 ജൂൺ 16ന് മന്ത്രിസഭയിൽനിന്നും ജെവിപി രാജിവച്ചു; ജൂൺ 24ന് ചന്ദ്രിക കുമാരതുംഗെ എൽടിടിഇയുമായി കരാറുണ്ടാക്കുകയും ചെയ്തു. എന്നാൽ ആ കരാറുകൊണ്ടൊന്നും ആഭ്യന്തരയുദ്ധം ഒഴിവാക്കാനായില്ലായെന്നത് ചരിത്രം.

അധികാരത്തിൽനിന്ന് പുറത്തുവന്ന് ജെവിപി ജനങ്ങൾക്കിടയിൽ പ്രവർത്തനം ശക്തമാക്കി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനൊപ്പം ജനകീയപ്രശ്നങ്ങളുയർത്തി സജീവമായ സമരരംഗങ്ങളിലും അണിനിരന്നാണ് 2024ലെ തകർപ്പൻ വിജയത്തിൽ എത്തിയത്.

1953ലെ മൊൺകാഡാ ആയുധപ്പുര ആക്രമണത്തിനുശേഷം അറസ്റ്റു ചെയ്യപ്പെട്ട ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ നടത്തിയ സുപ്രസിദ്ധമായ കോടതി പ്രസംഗത്തെ അനുകരിക്കുന്ന വിധത്തിലായിരുന്നു റോഹന്ന വി ജെവീരെയുടെ ഒരു പ്രഭാഷണം. നിങ്ങൾക്കു ഞങ്ങളെ കൊന്നുകളയാൻ കഴിയും; പക്ഷേ ഞങ്ങളുടെ ശബ്ദം ഒരിക്കലും മരിക്കില്ല’’. ഇൗ ശെെലി പിന്തുടരുന്ന പുതിയ തലമുറ നേതാവായ അനുര കുമാര ദിസനായകെ എന്ന എ കെ ഡി പുതുതലമുറയെ ആകർഷിക്കുന്ന പ്രവർത്തന – പ്രസംഗ ശെെലികളാണ് പിന്തുടരുന്നത്. 2019ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 3 ശതമാനം മാത്രം വോട്ടു നേടിയ എ കെ ഡി, അഞ്ചു വർഷം കൊണ്ട് ജനപിന്തുണയിൽ വൻ കുതിച്ചുചാട്ടം നടത്തിയത് ജനങ്ങൾക്കും ചെറുപ്പക്കാർക്കും സ്ത്രീകൾക്കുമിടയിൽ വിശേഷിച്ചും നടത്തിയ ശ്രദ്ധാപൂർവമായ ഇടപെടലുകൾ വഴിയാണ്.

2022ലെ ‘ജനകീയ സമര’മെന്ന സ്വാഭാവിക ജനസഞ്ചയ മുന്നേറ്റം (ജനത അരഗാലയ) രാഷ്ട്രീയപ്പാർട്ടികളെ പൊതുവെ അകറ്റിനിർത്തുകയാണുണ്ടായത്. എന്നാൽ അതിന്റെ ഭാഗമാകാൻ ജനതാ വിമുക്തി പെരമാനയെ മാത്രമാണ് അനുവദിച്ചത് എന്ന കാര്യം കൗതുകകരമാണ്. വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികളെ അകറ്റിനിർത്തിയപ്പോഴും തങ്ങൾക്ക് പരിഗണിക്കാവുന്നവരാണ് ജെവിപി എന്ന പ്രതിച്ഛായ ജനങ്ങളിൽ നിലനിർത്താൻ അതിന് കഴിഞ്ഞു്. തമിഴ് ന്യൂനപക്ഷ പ്രശ്നം എങ്ങനെ കെെകാര്യം ചെയ്യുമെന്നും, ഐഎംഎഫ് ലോൺ എപ്രകാരം വീണ്ടും പുനർചർച്ചക്കു വിധേയമാക്കുമെന്നും ഉള്ള ചോദ്യങ്ങൾ ജെവിപിയുടെ നേതൃത്വത്തിലുള്ള സഖ്യ ഗവൺമെന്റിന്റെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളാണ്. എന്തായാലും മാർക്സിസം – ലെനിനിസത്തെ ആധാരമാക്കുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇന്ത്യയ്ക്കു തൊട്ടയൽ രാജ്യത്ത് തിരഞ്ഞെടുപ്പു വിജയം കെെവരിച്ചത് വളരെ ശ്രദ്ധേയമായ സംഭവവികാസമാണ‍്. പഠനാർഹവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + six =

Most Popular