പരിഷ്കൃതസമൂഹമെന്ന് അവകാശപ്പെടുമ്പോഴും കോര്‍പ്പറേറ്റ് ചൂഷണത്തിന് വിധേയപ്പെടുക എന്നത് സ്വാഭാവിക പ്രക്രിയയെന്നുള്ള മനോനില സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു എന്നത് ഗൗരവത്തോടെ വിലയിരുത്തേണ്ട ഒരു പ്രശ്നമാണ്. തൊഴിലാളികളെ വെറും യന്ത്രങ്ങളായി പരിഗണിക്കുന്ന ഹൃദയശൂന്യമായ മുതലാളിത്തം മിച്ചമൂല്യം കുന്നുകൂട്ടുകയാണ്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളിവര്‍ഗത്തിന്റെ മുദ്രാവാക്യം ഐ ടി മേഖലയില്‍ പരിഗണിക്കപ്പെടുന്നില്ല. നവ ഉദാരവല്‍ക്കരണ–-സ്വകാര്യവല്‍ക്കരണ കാലത്തെ തൊഴിലന്തരീക്ഷം ചൂഷണത്തെ സാമാന്യവല്‍ക്കരിക്കുകയും സ്വാഭാവിക പ്രക്രിയയായി അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഐ ടി മേഖലയിലെ തൊഴിലാളികളടക്കമുള്ളവര്‍ ഉയര്‍ന്ന ശമ്പളമെന്ന പളപളപ്പില്‍ ചൂഷണത്തെ നിസംഗതയോടെ ചേര്‍ത്ത് നിര്‍ത്തുന്നു. അത്തരമൊരു സാമൂഹ്യാവസ്ഥയുടെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യൻ.
ബഹുരാഷ്‌ട്ര അക്കൗണ്ടിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇ വൈ)യിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായി മലയാളിയായ അന്ന സെബാസ്റ്റ്യൻ ജോലി ചെയ്തിരുന്നത്. 2024 മാർച്ചിൽ ജോലിയിൽ പ്രവേശിച്ച അന്ന നാലുമാസം കഴിഞ്ഞ് ജൂലൈ 20നാണ് അമിത ജോലിസമ്മർദത്തെ തുടർന്ന് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് ആ ചെറുപ്പക്കാരിയുടെ മരണത്തിന് കാരണമായത്. അന്ന സെബാസ്റ്റ്യന്റെ അമ്മ അനിത അഗസ്റ്റിന്‍, ഇ വൈ കമ്പനിയുടെ അധ്യക്ഷന്‍ രാജീവ് മേമനിക്ക് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് പുറംലോകം ഈ സംഭവം അറിയുന്നതും വ്യാപകമായി ചര്‍ച്ചയാവുന്നതും അമിത ജോലിഭാരം കാരണമാണ് മകളുടെ ജീവന്‍ നഷ്ടമായത് എന്നാണ് അമ്മ വ്യക്തമാക്കുന്നത്. ഈ ദാരുണസംഭവം സാമൂഹ്യ, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടും വ്യാപകമായി ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടും ബഹുരാഷ്ട്ര കമ്പനികളുടെ തൊഴിലാളി ചൂഷണത്തില്‍ തെല്ലുപോലും കുറവുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഐ ടി തൊഴിലാളികളടക്കമുള്ള വിവിധ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന തൊഴില്‍ചൂഷണങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്താനും അവകാശങ്ങള്‍ നേടിയെടുക്കാനായി സംഘടിക്കാനും കൂട്ടായി സമ്മർദ്ദം ചെലുത്താനും അവര്‍ തയ്യാറാവുന്നില്ല. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഉയരുന്ന ചുരുക്കം ചില പ്രക്ഷോഭങ്ങളാണ് അതിന് അപവാദങ്ങളായി ഉള്ളത്. ഇത്രയൊന്നും പരിഷ്കൃതമല്ലായിരുന്ന സമൂഹത്തില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതിഷേധിച്ച, സംഘടിച്ച, പ്രക്ഷോഭ പരമ്പരകള്‍ സൃഷ്ടിച്ച, സമരവഴികളില്‍ രക്തസാക്ഷിത്വം വരിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്.
കേരളത്തിലെ കര്‍ഷകത്തൊഴിലാളികളെ ഉദാഹരണമായി എടുക്കാം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ സമാനതകളില്ലാത്ത നിലയിലുള്ള തൊഴില്‍ ചൂഷണങ്ങളാണ് നടന്നിരുന്നത്. അയിത്തമടക്കമുള്ള ജാത്യാചാരങ്ങള്‍ അന്നത്തെ സമൂഹത്തില്‍ സാര്‍വ്വത്രികമായിരുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചിരുന്നില്ല. മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സ്ത്രീകള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വിവരണാതീതമായിരുന്നു. നാടുവാഴികള്‍ക്കും ജന്‍മിമാര്‍ക്കും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്കും വേണ്ടി അടിമകളെപ്പോലെ ജോലിചെയ്തിരുന്നവര്‍ അക്കാലത്ത് സംഘടിതരായിരുന്നില്ല. തങ്ങള്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍ എന്തുകൊണ്ടാണെന്ന് തിരിച്ചറിയാനുള്ള അവബോധം അവര്‍ക്കുണ്ടായിരുന്നില്ല. ആ ജീവിതാവസ്ഥ ദൈവികമാണെന്നും മാടുകളെപ്പോലെ ജോലി ചെയ്യുന്നതും അടിമകളെപ്പോലെ ജീവിക്കുന്നതും തങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അവര്‍ കരുതി. തങ്ങളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ചൂഷണങ്ങളെ തിരിച്ചറിയാതെ ജീവിച്ച അന്നത്തെ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെ സംഘടിപ്പിച്ചതും അവരുടെ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരിച്ചതും അവരെ മനുഷ്യരാക്കി നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തരാക്കിയതും കര്‍ഷക – കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളായിരുന്നു. പ്രാകൃതമായ ചിന്തകളില്‍ കുടുങ്ങിക്കിടന്ന മനുഷ്യരെ ആധുനികതയിലേക്ക് നയിച്ച സാമൂഹ്യപരിഷ്കരണത്തിന്റെ കാലഘട്ടം കൂടിയായിരുന്നു അത്.
അന്ന് പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ സൂര്യനുദിക്കും മുമ്പ് പണിക്കിറങ്ങണം. ഇടയ്ക്ക് വിശ്രമമൊന്നുമില്ല. സൂര്യന്‍ അസ്തമിച്ചാലും നാട്ടുവെളിച്ചത്തില്‍ ജോലി ചെയ്യണം. നിലാവുള്ള ദിവസങ്ങളില്‍ രാത്രിയിലും പാടത്ത് പണിയെടുക്കണം. നെല്ലാണ് കൂലി. കൂലിയാനെന്ന് അറിയപ്പെട്ടിരുന്ന കള്ള അളവുപാത്രത്തില്‍ നെല്ലളന്ന് തൊഴിലാളികളെ പറ്റിച്ചു. സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്തു. തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനം നിഷേധിച്ചു. ഇന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ചൂഷണങ്ങളാണ് അക്കാലത്ത് അരങ്ങേറിയിരുന്നത്.
അത്തരമൊരു സാമൂഹ്യാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കര്‍ഷക – കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഏറെ യത്നിക്കേണ്ടി വന്നു. ജന്‍മിക്കും ഭൂപ്രഭുക്കള്‍ക്കുമെതിരെ നിവര്‍ന്നുനില്‍ക്കാന്‍ പോലും തയ്യാറാവാത്ത തൊഴിലാളികളില്‍ അവകാശബോധവും ആത്മാഭിമാനവും സാമൂഹ്യാവബോധവും വളര്‍ത്തിയെടുത്താണ് അവരെ സമര സജ്ജരാക്കിയത്. തൊഴില്‍ സമയം നിജപ്പെടുത്തുമ്പോള്‍ കായല്‍നിലത്ത് ഏഴു മണിക്കൂറും കരപ്പാടങ്ങളില്‍ എട്ട് മണിക്കൂറും ജോലിസമയമാക്കി നിശ്ചക്കാന്‍, ഉച്ചയ്ക്ക് അരമണിക്കൂര്‍ വിശ്രമത്തിനായി, സ്ത്രീ തൊഴിലാളികള്‍ക്ക് നിലമൊരുക്ക്, പറിച്ചുനടീല്‍ തുടങ്ങിയ ജോലിക്ക് മൂന്നിടങ്ങഴി നെല്ല് കൂലിയായി ലഭിക്കാന്‍, മുറ്റത്ത് കുഴികുത്തി തടമിട്ട് കഞ്ഞികൊടുക്കുന്ന രീതി അവസാനിപ്പിക്കാന്‍, ചെമ്മീന്‍ കെട്ടിലെ തൊഴിലാളികള്‍ക്ക് രണ്ടണകൂലിക്കൂടുതലിനായി, തൊഴിലാളി സ്ത്രീകള്‍ക്ക് അവരുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാൽകൊടുക്കാനുള്ള അനുവാദം നേടിയെടുക്കാന്‍, പാടത്ത് പണിയെടുക്കുമ്പോള്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനായി, ജാതി തിരിച്ച് കൂട്ടിയും കുറച്ചും നെല്ലളന്ന് കൂലികൊടുക്കുന്ന ജാതിക്കൂലി സമ്പ്രദായം ഇല്ലാതാക്കാന്‍, ചെക്കന്‍ വിളി അവസാനിപ്പിക്കാന്‍, തെങ്ങ് കയറ്റ തൊഴിലാളികളുടെ കൂലിക്കൂടുതലിനായി, കുടികിടപ്പ് അവകാശങ്ങള്‍ക്കായി തുടങ്ങി നിരവധി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ മുന്നോട്ടുവന്നു. സമരമുഖങ്ങളിലേക്ക് ഇരമ്പിയെത്താന്‍ വെമ്പുന്ന തൊഴിലാളി വര്‍ഗബോധം കര്‍ഷകത്തൊഴിലാളികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ കര്‍ഷക – കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു.
ഇന്ന് ഐ ടി മേഖലയിലെ മിക്കവാറും തൊഴിലാളികള്‍ അവകാശ സമരങ്ങളോട് പുലര്‍ത്തുന്ന അവജ്ഞാമനോഭാവവും പിന്തിരിപ്പന്‍ മനസ്സുമാണ് ആദ്യകാലത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും ഉണ്ടായിരുന്നത്. സമരം ചെയ്താല്‍ ഭൂപ്രഭുക്കന്‍മാര്‍ പണിക്ക് വിളിക്കില്ലെന്നും വീട് പട്ടിണിയിലാവുമെന്നും ഗുണ്ടകളുടെയും പൊലീസിന്റേയും മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുമെന്നും അവര്‍ക്കറിയാമായിരുന്നു. അത് സത്യവുമായിരുന്നു. നിരവധി കര്‍ഷകത്തൊഴിലാളികള്‍ വിവിധ സമരമുഖങ്ങളില്‍ രക്തസാക്ഷികളായി. എന്നിട്ടും തോക്കിനും ലാത്തിക്കും ഗുണ്ടാമര്‍ദ്ദനങ്ങള്‍ക്കും മുന്നില്‍ പതറാതെ അവര്‍ പോരാട്ടവഴികളില്‍ ഇറങ്ങി നടന്നു. അങ്ങനെയാണ് സാമൂഹ്യനവോത്ഥാനത്തിന്റെ തൊഴിലാളി പര്‍വ്വം സൃഷ്ടിച്ചത്. കര്‍ഷക തൊഴിലാളികളും ദരിദ്ര കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളും അവകാശ പോരാട്ടങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയതുപോലെ കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ തയ്യാറാവേണ്ടതുണ്ട്.
കോര്‍പ്പറേറ്റുകള്‍ മുന്നോട്ടുവെക്കുന്ന വിജ്ഞാന മുതലാളിത്തത്തിന്റെയും ഡിജിറ്റല്‍ മുതലാളിത്തത്തിന്റെയും കാലത്ത് അരാഷ്ട്രീയതയില്‍ അഭിരമിക്കുന്ന ഒരു തൊഴില്‍സേനയെ നിലനിര്‍ത്തിക്കൊണ്ട് ലാഭം കുന്നുകൂട്ടുന്നതില്‍ മുതലാളിത്തം വിജയിക്കുന്നു. പരമ്പരാഗത ഉല്‍പ്പാദന വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ഡിജിറ്റല്‍, ക്രിയാത്മക വ്യവസായങ്ങളിലേക്ക് മാറുമ്പോള്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളിലൂടെ മൂല്യം സൃഷ്ടിക്കുന്നത് അധ്വാനത്തിന്റേയും മിച്ചമൂല്യത്തിന്റേയും അടിസ്ഥാനത്തില്‍ തന്നെയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ജീവനക്കാരുടേയും മറ്റ് ഉള്ളടക്ക നിര്‍മാതാക്കളുടേയും ക്രിയാത്മകവും ബൗദ്ധികവും സര്‍ഗാത്മകവുമായ അധ്വാനത്തില്‍ നിന്ന് അവര്‍ക്ക് കൂലിയായി നല്‍കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് മൂല്യം മിച്ചമായുണ്ടാക്കുന്നു. അതിന് തൊഴിലാളികളെ നിരന്തരം ചൂഷണം ചെയ്യുന്നു.
അന്ന സെബാസ്റ്റ്യന്റെ കാര്യം നോക്കൂ. അന്ന ഇ വൈ കമ്പനിയില്‍ ജോലിക്ക് ചേർന്നത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. അതിനുശേഷം രണ്ടു പ്രാവശ്യമാണ് അന്ന സെബാസ്റ്റ്യന്‍ നാട്ടിലെത്തിയത്. ആ ദിവസങ്ങള്‍ അവധിയായിരുന്നിട്ടുപോലും വീട്ടിലിരുന്ന് കമ്പനി ആവശ്യപ്പെട്ട രീതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരുടെയെല്ലാം അവസ്ഥ ഇതാണ്. ശനിയും ഞായറും ഇത്തരം ഓഫീസുകള്‍ അവധിയായിരിക്കും. ജീവനക്കാര്‍ക്ക് ഓഫീസില്‍ പോകേണ്ടതില്ല. എന്നാല്‍, അവധി ദിവസങ്ങളില്‍ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവും. പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയാലും വിശ്രമമില്ല. കമ്പനിയിലെ മേധാവികൾ കല്‍പ്പിക്കുന്ന അസൈൻമെന്റുകൾ പാതിരാവായാലും ചെയ്ത് തീര്‍ക്കണം. ജോലിസമ്മര്‍ദ്ദമൊഴിഞ്ഞ നേരം അവരുടെ ജീവിതത്തിലുണ്ടാവില്ല.
പണ്ട് കര്‍ഷകത്തൊഴിലാളികളെ തൊഴില്‍ ചൂഷണത്തിന് ഇരയാക്കിയിരുന്ന ഭൂപ്രഭുക്കന്‍മാരുടെ കങ്കാണികളെപ്പോലെയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികളിലെ മാനേജർമാർ. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അധിക ജോലി ഏൽപ്പിക്കുകയും സമയക്ലിപ്തതയില്ലാതെ തൊഴില്‍ ചൂഷണത്തിന് ഇരയാക്കുകയും ചെയ്യും. ജോലിഭാരം എത്രയായാലും ഏറ്റെടുക്കേണ്ട പരിതാപകരമായ നിലയിലാണ് ജീവനക്കാരുണ്ടാവുക. മാസത്തില്‍ ലഭിക്കുന്ന ശമ്പളം ഓര്‍ത്തുകൊണ്ട് എല്ലാം നിശ്ശബ്ദമായി അവർ സഹിക്കുകയാണ്. ആ മാനസികാവസ്ഥ മുതലെടുത്താണ് അധികമധികം ജോലികള്‍ കെട്ടിയേൽപ്പിക്കുന്നത്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്കും സർവീസ് കുറഞ്ഞവര്‍ക്കും കൂടുതല്‍ തൊഴില്‍ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. പ്രകടനം മികച്ചതായില്ലെങ്കില്‍ അവര്‍ക്ക് തുടര്‍നാളുകളില്‍ തൊഴില്‍ പ്രശ്നങ്ങളുണ്ടാവും. തൊഴില്‍ സുരക്ഷിതത്വം ഭീഷണിയിലാവും. ബുദ്ധിമുട്ടുകളും അവധിയില്ലായ്‌മയും പരാതിയായി പറഞ്ഞാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. മാനേജർമാർ തൊഴില്‍ചൂഷണങ്ങൾ വര്‍ധിപ്പിക്കും. ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ അടിമകളായി ഈ ജീവനക്കാർ മാറുന്നത് ഈ സാഹചര്യത്തിലാണ്.
ഈ ദുരവസ്ഥ മറികടക്കണമെങ്കില്‍ ജീവനക്കാര്‍ സംഘടിതരാകേണ്ടതുണ്ട്. പക്ഷേ, ബഹുരാഷ്ട്ര കുത്തക കമ്പനികളിലെ ജീവനക്കാര്‍ക്ക് സംഘടിക്കാനോ, യൂണിയനുണ്ടാക്കാനോ, പ്രക്ഷോഭത്തിലേക്കിറങ്ങാനോ അവകാശമില്ല. കേരളത്തിലെ കര്‍ഷക തൊഴിലാളികളടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിച്ചത് ഭൂപ്രഭുക്കളും ജന്‍മിമാരും നാട്ടുരാജാക്കന്‍മാരുമൊക്കെ ഏര്‍പ്പെടുത്തിയ വിലക്കുകളെ വെല്ലുവിളിച്ചായിരുന്നു. അത്തരം വെല്ലുവിളികളും തിരിച്ചറിവുകളും പുതിയ കാലത്തെ തൊഴിലാളികള്‍ കൈവരിക്കാതിരിക്കാന്‍ മുതലാളിത്തം സമൂഹത്തില്‍ അരാഷ്ട്രീയത വളര്‍ത്തുവാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയാണ്. രാഷ്ട്രീയത്തിന് വിലക്കേര്‍പ്പെടുത്തുന്ന രീതിയാണ് ഡിജിറ്റല്‍ മുതലാളിത്തം മുന്നോട്ടുവെക്കുന്നത്. തൊഴിലാളികള്‍ സംഘടിക്കാതിരിക്കാനും ബാങ്ക് ബാലന്‍സുകള്‍ക്ക് മുകളില്‍ അടയിരിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കാനും ഡിജിറ്റല്‍ മുതലാളിത്തം തങ്ങളുടെ കീഴിലുള്ള ജീവനക്കാരെ പാകപ്പെടുത്തുന്നു.
ഏതെങ്കിലും ഒരു രാജ്യത്തെ, ഭരണകൂടത്തിന് നിയോ ലിബറല്‍ ചട്ടക്കൂടിനുള്ളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഇതിലൂടെയും കോര്‍പ്പറേറ്റുകള്‍ നേട്ടമുണ്ടാക്കുകയാണ്. ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ എന്നിവ പോലുള്ള ടെക് ഭീമന്‍മാര്‍ നികുതിഭാരം ഒഴിവാക്കാന്‍ ഭരണകൂടങ്ങളെ നിരാകരിക്കുന്ന അത്യാധുനിക നികുതി ഒഴിവാക്കല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ഉദാഹരണമാണ്. അത്തരമൊരു സാഹചര്യത്തില്‍ രാജ്യങ്ങളുടേയും ദേശങ്ങളുടേയും അതിരുകള്‍ അപ്രസക്തമാക്കിക്കൊണ്ട് ലോകമാകെ പടര്‍ന്നിരുന്ന് തൊഴിലെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ സംഘടിക്കേണ്ടതുണ്ട്. അതിര്‍ത്തികള്‍ക്കും പൗരത്വത്തിനും ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കുമപ്പുറം കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ചൂഷണത്തിന്റെ ലക്ഷ്യം മിച്ചമൂല്യം വര്‍ധിപ്പിക്കുകയാണ് എന്നത് മനസിലാക്കി മുതലാളിത്തത്തിനെതിരെ സംഘടിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുമ്പോള്‍ മാത്രമേ തൊഴില്‍ചൂഷണങ്ങള്‍ക്ക് അറുതിയാവുകയുള്ളു. കോര്‍പ്പറേറ്റ് കമ്പനികള്‍ സൃഷ്ടിക്കുന്ന രക്തസാക്ഷിത്വം ആവര്‍ത്തിക്കാതിരിക്കൂ. l